കൊച്ചി: കല്ലട സുരേഷ് ട്രാവല്‍സ് ജീവനക്കാര്‍ യാത്രക്കാരായ യുവാക്കളെ മര്‍ദ്ദിച്ചതിന്റെ പശ്ചാത്തലത്തില്‍ അന്തര്‍സംസ്ഥാന ബസുകളില്‍ നിരീക്ഷണം ശക്തമാക്കി വാഹന വകുപ്പും പോലീസും. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അന്തര്‍ സംസ്ഥാന ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധനകള്‍ നടക്കുകയാണ്. ഇന്ന് രാവിലെ കൊച്ചി ഇടപ്പള്ളിയില്‍ നടന്ന പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ ചെക്ക് പോസ്റ്റുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് പരിശോധനകള്‍ നടക്കുന്നത്.
പരിശോധനയില്‍ നിരവധി ബസുകള്‍ പെര്‍മിറ്റ് ചട്ടം ലംഘിച്ചാണ് സര്‍വീസ് നടത്തുന്നതെന്ന് കണ്ടെത്തിയെന്ന് എറണാകുളം ആര്‍ ടി ഒ ജോസി പി ജോസ് പറഞ്ഞു. ക്രമക്കേടുകള്‍ കണ്ടെത്തിയ ബസുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാവും ആര്‍.ടി.ഒ തീരുമാനിക്കുക. നേരത്തെ കല്ലട സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കൃത്യമായ രേഖകളില്ലാതെ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിരുന്നു.
അന്തര്‍സംസ്ഥാന ബസുകള്‍ കേന്ദ്രീകരിച്ച് അനധികൃത ചരക്ക് നീക്കം നടക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പാര്‍സല്‍ ഇനത്തില്‍ നികുതി വെട്ടിച്ച് മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ അതിര്‍ത്തി കടത്താന്‍ ഇത്തരം ബസുകള്‍ സഹായിക്കുന്നതായിട്ടാണ് സൂചന ലഭിച്ചിരിക്കുന്നത് ഇക്കാര്യത്തില്‍ അന്വേഷണമുണ്ടായേക്കും. അതേസമയം ബംഗളൂരു ബസിനുള്ളില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സുരേഷ് കല്ലടയ്ക്ക് കഴിഞ്ഞ പോലീസിന്റെ അന്ത്യശാസനം ലഭിച്ചിരുന്നു. ഇനിയും ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.
കാലവര്‍ഷം എത്തുന്നതിന് മുന്നേ ആലപ്പുഴയിലെ തീരദേശ മേഖലകളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളില്‍ ശക്തമായ കടലേറ്റം. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് കടല്‍ കരയിലേക്ക് കയറാന്‍ തുടങ്ങിയത്. പലയിടങ്ങളിലും തീരദേശ പാതയില്‍ കൂടി വെള്ളം കിഴക്കോട്ടേക്ക് ഒഴുകി. ഇതുമൂലം ആറാട്ടുപുഴ തെക്ക് പലയിടങ്ങളിലും ഗതാഗത തടസം ഉണ്ടായി.
ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഏപ്രിൽ 2019 നോട് കൂടി ഒരു ന്യൂനമർദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാവും പിന്നീടുള്ള ദിവസങ്ങളില്‍ വേഗത കൂടി ഞായറാഴ്ചയോടെ കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 80 മുതൽ 90കിലോമീറ്റർ വരെയായി ഉയരുമെന്നും തമിഴ്നാട് തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിക്കുന്നു.
ഈ സാഹചര്യത്തില്‍ 27-ാം തീയതി മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുത്. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴകടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഏപ്രില്‍ 27-ന് അതിരാവിലെ 12 മണിയോടെതന്നെ ഏറ്റവും അടുത്തുള്ള തീരത്തെത്തി ചേരണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അഭ്യര്‍ത്ഥിച്ചു.
25-04-2019 രാത്രി 11.30 വരെ കേരള തീരത്ത് 1.5മീറ്റർ മുതൽ 2.2 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നും ആയതിനാൽ പ്രസ്തുത പ്രദേശങ്ങളിൽ ഈ കാലയളവിൽ കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കിഴക്ക് കൂടിയുള്ള റോഡിലൂടെയാണ് പല വാഹനങ്ങളും പോയത്. ആറാട്ടുപുഴ, കള്ളിക്കാട്, പെരുമ്പള്ളി, രാമഞ്ചേരി എന്നിവിടങ്ങളിലാണ് കടലേറ്റം ഉണ്ടായത്. റോഡിന് പടിഞ്ഞാറു ഭാഗത്തുള്ള പല വീടുകളിലും വെള്ളം കയറി. തൃക്കുന്നപ്പുഴ പ്രണവം നഗറില്‍ കടല്‍ റോഡ് കവിഞ്ഞൊഴുകി. ചേലക്കാട് മതുക്കല്‍ റോഡില്‍ പലഭാഗത്തും കടലേറ്റം ഉണ്ടായിരുന്നു.
കടല്‍ വെള്ളത്തോടൊപ്പം മണ്ണും കരയിലേക്ക് അടിച്ചു കയറുന്നുണ്ട്. ദുര്‍ബലമായ കടല്‍ഭിത്തി പലഭാഗങ്ങളിലും മണ്ണിനടിയില്‍ ആവുകയാണ്.ആറു മണിയോടെ കടല്‍ പൊതുവെ ശാന്തമായി. എന്നാല്‍ പതിവായി കടലാക്രമണം ഉണ്ടാകുന്ന നല്ലാണിക്കല്‍ പ്രദേശത്ത് നാട്ടുകാര്‍ ഒരാഴ്ച്ച മുന്‍പ് ജെ സി ബി ഉപയോഗിച്ച് മണ്ണ് കൂട്ടി കടല്‍ വെള്ളം തടയാന്‍ ഭിത്തി നിര്‍മ്മിച്ചിരുന്നു. ഈ പ്രദേശത്ത് പ്രശ്ങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല
നാടിനെ നടുക്കിയ കെവിന്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചു. കേസിലെ പ്രധാന സാക്ഷി അനീഷ് സെബാസ്റ്റ്യന്‍റെ വിസ്താരത്തോടെയാണ് വിചാരണ ആരംഭിച്ചത്. കേസിലെ ഒന്നാംപ്രതി സാനു ചാക്കോ ഉള്‍പ്പെടെ ഏഴ് പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു, മൂന്ന് സാക്ഷികളെ തിരിച്ചറിയാനായില്ല.
കൊലപാതകം നടന്ന് പതിനൊന്നാം മാസമാണ് കെവിന്‍ കേസില്‍ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ പി. ജോസഫ് തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും ദുരഭിമാനവും മൂലം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ പിതാവ് ചാക്കോ ഉള്‍പ്പെടെ പതിനാല് പേരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച് 14 പ്രതികൾക്കുമേല്‍ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
വിചാരണയുടെ ആദ്യ ദിനം തന്നെ കോടതിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ഒരേ ബ്രാന്‍ഡിലുള്ള വെള്ളഷര്‍ട്ടും മുണ്ടും അണിഞ്ഞാണ് കേസിലെ പതിനാല് പ്രതികളും വിചാരണയ്ക്കെത്തിയത്. പതിനൊന്ന് മണിയോടെ കോടതി നടപടികള്‍ ആരംഭിച്ചു. കേസിലെ പ്രധാന സാക്ഷി അനീഷ് സെബാസ്റ്റ്യനെയാണ് ആദ്യ ദിനം വിസ്തരിച്ചത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ അനീഷ് കോടതിയില്‍ ആവര്‍ത്തിച്ചു. നീനുവിന്റെ സഹോദരൻ ഷാനു ചോക്കോ ഉൾപ്പടെ 11 പ്രതികളാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്ന് അനീഷ് മൊഴി നല്‍കി.
കാറിൽ വച്ച് നീനുവിന്റെ സഹോദരൻ ഷാനു, സഹോദരി നീനുവിനെ വിട്ടുകിട്ടാൻ വേണ്ടി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുമായി വിലപേശിയെന്ന മൊഴിയും ആവർത്തിച്ചു. കാറിൽ വച്ച് ഇവർ തന്നെ മർദ്ദിക്കുകയും കഴുത്തിൽ വാൾ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അനീഷ് പറഞ്ഞു. എന്നാൽ കഴുത്തിൽ വാൾ വച്ച പ്രതിയെ തിരിച്ചറിയാൻ അനീഷിന് കഴിഞ്ഞില്ല. പ്രതികളെ തിരിച്ചറിയുന്ന സമയം നാടകീയ രംഗങ്ങൾക്കും സാക്ഷ്യം വഹിച്ചു. സാക്ഷിക്കൂട്ടിൽ നിന്ന് പ്രതികളെ തിരിച്ചറിയാൻ കഴിയാതിരുന്നതോടെ കോടതിയുടെ നിർദേശ പ്രകാരം അനീഷ് പ്രതിക്കൂടിനു മുന്നിൽ എത്തി ഒരോരുത്തരെയും തിരിച്ചറിയാൻ ശ്രമിച്ചു.
ആദ്യം ചാക്കോയെ തിരിച്ചറിയാനെത്തിയത്. എന്നാൽ മൂന്ന് അവസരം നൽകിയിട്ടും ചാക്കോയെ കൃത്യമായി തിരിച്ചറിയാൻ അനീഷിനായില്ല. സാക്ഷിക്കൊപ്പം പ്രതികളുടെ അടുത്ത് സ്പെഷ്യൽ പ്രോസിക്യൂട്ടർ എത്തിയപ്പോൾ പ്രതിഭാഗം അഭിഭാഷകർ പ്രതിഷേധവുമായെത്തി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ ചൂണ്ടികാട്ടിയതായും പ്രതിഭാഗം ആരോപിച്ചു. ഒടുവില്‍ പ്രോസിക്യൂട്ടറെയും പൊലീസ് ഉദ്യോഗസ്ഥരെയും മാറ്റി നിര്‍ത്തി കോടതി ജീവനക്കാരുടെ സാന്നിധ്യത്തിൽ നടപടികള്‍ തുടര്‍ന്നു. ഒരേ തരത്തിൽ വസ്ത്രം ധരിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതുമൂലമാണ് 3 പ്രതികളെ തിരിച്ചറിയാൻ കഴിയാതിരുന്നതെന്ന് പ്രോസിക്യുഷൻ വാദിച്ചു.
പ്രോസിക്യൂഷൻ മൊഴി രേഖപ്പെടുത്തലിനു ശേഷം പ്രതിഭാഗം ക്രോസ് വിസ്താരം തുടങ്ങി. അനീഷ് പൊലീസിന് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യങ്ങളാണ് പ്രതിഭാഗം ചൂണ്ടികാട്ടിയത്. ഇതോടെ കോടതി സമയം കഴിഞ്ഞും വിചാരണ നീണ്ടു. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച കോടതി നടപടികള്‍ വൈകിട്ട് ആറിനാണ് അവസാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും ഒന്നാം പ്രതി ഷാനു ചാക്കോയും തമ്മിൽ നടത്തിയ ഫോൺ സന്ദേശവും കോടതിയിൽ കേൾപ്പിച്ചു. കെവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നതും എഎസ്ഐ ടി.എം. ബിജു വേണ്ടത് ചെയ്യാമെന്ന് മറുപടി നൽകുന്നതുമായ രണ്ട് ഫോൺ സന്ദേശങ്ങളാണ് പ്രത്യേക പ്രോജക്ടർ സ്ഥാപിച്ച് കോടതി മുറിയിൽ കേൾപിച്ചത്. ഈ ശബ്ദ സന്ദേശങ്ങൾ സാക്ഷിയായ അനീഷ് തിരിച്ചറിഞ്ഞു. വേനലവധി ഒഴിവാക്കി ജൂണ്‍ ആറ് വരെ വിചാരണ തുടര്‍ച്ചയായി നടത്താനാണ് കോടതി തീരുമാനം. കേസില്‍ 186 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്.
അങ്കമാലി കറുകുറ്റിയില്‍ പതിനൊന്നുകാരി അമ്മവീട്ടില്‍ വച്ച് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് മരണം സംബന്ധിച്ചുള്ള ചുരുളഴിഞ്ഞത്. മാനക്കേട് ഭയന്ന് വീട്ടുകാര്‍ സംഭവം മറച്ചുവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ടാണ് തൃശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുളിമുറിയില്‍ തെന്നിവീണ് മരണം സംഭവിച്ചതാണെന്നാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ മൃതദേഹം പരിശോധിക്കുന്നതിനിടെ കഴുത്തിന് പിന്നില്‍ കയര്‍ മുറുകിയ പാട് കണ്ട ഡോക്ടര്‍മാര്‍ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തി. മാതാപിതാക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തെങ്കിലും മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കുട്ടിയുടെ മരണം കഴുത്തില്‍ കയര്‍ മുറുകിയാണെന്ന് വ്യക്തമായി.
ഇതോടെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യുകയും കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. കുട്ടി കുറച്ചുദിവസമായി ചില മാനസിക പ്രശ്നങ്ങള്‍ കാണിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മാനക്കേട് ഭയന്നാണ് ആത്മഹത്യയാണെന്ന വിവരം മറച്ചുവച്ചതെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത നീക്കം
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകൻ രോഹിത് ശേഖര്‍ തിവാരിയെ കൊലപാതകത്തിൽ അദ്ദേഹത്തിന്റെ ഭാര്യ അപൂർവ അറസ്റ്റിലായി. വലിയ വിവാദമായ കേസിലെ പ്രതി ഭാര്യയാണെന്ന കണ്ടെത്തൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് തെക്കന്‍ ഡല്‍ഹിയിലെ വീട്ടില്‍നിന്നാണ് രോഹിതിന്റെ ഭാര്യ അപൂര്‍വയെ അറസ്റ്റ് ചെയ്തത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
വിവാഹബന്ധത്തിലെ പൊരുത്തക്കേടുകളെത്തുടര്‍ന്ന് താന്‍ തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് അപൂര്‍വ സമ്മതിച്ചതായും പൊലീസ് പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഡല്‍ഹിയെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത്. രാത്രി മുറിയില്‍ കടന്നുചെന്ന അപൂര്‍വ സ്വന്തം കൈ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൃത്യം നടത്തിയതത്രേ. മദ്യലഹരിയിലായിരുന്നതിനാല്‍ രോഹിതിന് ഭാര്യയുടെ ആക്രമണം ചെറുക്കാനായില്ല. ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്കു ശേഷം ശാരീരികമായി രോഹിത് ദുര്‍ബലനുമായിരുന്നു. ഒന്നരമണിക്കൂറിനുള്ളിലാണ് സംഭവങ്ങളെല്ലാം നടന്നത്.
കൊലപാതക വിവരം പുറത്തറിഞ്ഞതിനുശേഷം ക്രൈംബ്രാഞ്ച് അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കങ്ങളും അപൂര്‍വ നടത്തിയിരുന്നു.
അപൂര്‍വയും രണ്ടു വീട്ടുജോലിക്കാരും പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇവരെ നിരന്തരമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകം നടക്കുമ്പോൾ അപൂര്‍വയ്ക്കു പുറമെ രോഹിതിന്റെ ഇരട്ടസഹോദരന്‍ സിദ്ധാര്‍ഥും മുന്നു വീട്ടുജോലിക്കാരും വീട്ടിലുണ്ടായിരുന്നു. പുറത്തുനിന്ന് ഒരാള്‍ വന്ന് കൃത്യം നടത്താനുള്ള സാധ്യത തുടക്കത്തില്‍ത്തന്നെ പൊലീസ് തള്ളിക്കളഞ്ഞിരുന്നു. വീട്ടിലുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചതും.
അഭിഭാഷകനായ രോഹിത് 2015 മുതല്‍ രണ്ടുവര്‍ഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഉപദേശകനായി ജോലി ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ തിവാരി മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു താമസവും. രോഹിത് തന്റെ മകനാണെന്ന് തിവാരി തുടക്കത്തില്‍ സമ്മതിച്ചിരുന്നില്ല. രോഹിത് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് പിതൃത്വം തെളിയിച്ചത്. ഉജ്ജ്വലയാണ് രോഹിതിന്റെ അമ്മ. പിതൃത്വക്കേസ് തെളിഞ്ഞതിനുശേഷം 2012 ലാണ് തിവാരി ഉജ്ജ്വലയെ വിവാഹം ചെയ്തത്.
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. മൂന്നു തവണ ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അവസാന മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മുന്നറിയിപ്പില്‍ നടപടി സ്വീകരിക്കാതിരുന്നതുമൂലമാണ് ആക്രമണം തടയാന്‍ സാധിക്കാതെവന്നതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്.
കൊളംബോയില്‍ ആദ്യ സ്ഫോടനം നടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കിയത്. ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. ഏപ്രില്‍ നാല്, ഏപ്രില്‍ 20 എന്നീ ദിവസങ്ങളിലും ശ്രീലങ്കയ്ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ചാവേറിന്റേ പേരടക്കമാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്. ഒരു ഐസിസ് ഭീകരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്. ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്ത് വേണ്ട സമയത്ത് നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു.
തൃശൂര്‍ മുണ്ടൂരില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേരെ വെട്ടിക്കൊന്നു. തൃശൂര്‍ വരടിയം സ്വദേശികളായ ശ്യാം, ക്രിസ്റ്റി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ബൈക്കില്‍ ടിപ്പര്‍ ഇടിപ്പിച്ച് വീഴ്ത്തിയശേഷമായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാസംഘമെന്ന് നിഗമനം. കഞ്ചാവ് വില്‍പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് സീരിയല്‍ താരങ്ങള്‍ മരിച്ചത്. തെലുങ്ക് സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണു മരിച്ചത്. തെലങ്കാനയിലെ വികാരാബാദിലുണ്ടായ വാഹനാപകടത്തില്‍ ഡ്രൈവര്‍ക്കും സഹയാത്രികനും പരുക്കേറ്റിരുന്നു.
കഴിഞ്ഞ ബുധനാഴ്‍ച നടന്ന അപകടം ഇപ്പോള്‍ വീണ്ടും വാഹന ലോകത്ത് ചര്‍ച്ചയാകുകയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചായിരുന്നു അപകടം. എതിരെ വന്ന ട്രക്കിൽ കാര്‍ ഇടിക്കുന്നത് ഒഴിവാക്കാനായി ഡ്രൈവര്‍ വാഹനം വെട്ടിച്ചപ്പോള്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഭാര്‍ഗവി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ വച്ചായിരുന്നു അനുഷയുടെ മരണം.
ഇരുവരും പിൻസീറ്റിലായിരുന്നു ഇരുന്നത് എന്നാണ് കരുതുന്നത്. എന്നാല്‍ വാഹനത്തിന്‍റെ മുൻഭാഗം മരത്തിലിടിച്ചു പൂര്‍ണമായി തകര്‍ന്നിട്ടും ഡ്രൈവറും സഹായിയും രക്ഷപ്പെടുകയും നടിമാർ മരിക്കുകയും ചെയ്‍തതാണ് ഇപ്പോള്‍ ചര്‍ച്ച. ഇരുവരും സീറ്റ്ബെൽറ്റ് ധരിക്കാത്തതാണ് മരണകാരണമെന്നാണ് കരുതുന്നത്.
സീറ്റുബെൽറ്റ് ധരിയ്ക്കുന്നതിലൂടെ അപകടങ്ങളിലെ മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ 45 മുതല്‍ 50 ശതമാനം വരെയും ഗുരുതര പരിക്കുകള്‍ 45 ശതമാനവും വരെയും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല പിന്‍സീറ്റ് യാത്രക്കാരുടെ ഗുരുതരമായ പരിക്കുകള്‍ 25 ശതമാനം വരെ കുറയ്ക്കാനും സീറ്റു ബെല്‍റ്റുകളിലൂടെ സാധിക്കുമെന്നും വിദഗ്ദര്‍ പറയുന്നു.
എറണാകുളത്തെ പോളിംഗ് ശതമാനം ഉയർന്നത് ആർക്കനുകൂലമാകുമെന്ന ആശങ്കയിലാണ് മുന്നണികൾ. പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് ഉയർന്നത് യുഡിഎഫിന് ആശ്വാസമാണ്. എന്നാൽ താരതമ്യേന പോളിംഗ് ശതമാനം കുറഞ്ഞ കൊച്ചി നഗരത്തിലും തീരദേശമേഖലകളിലുമാണ് ഇടതുമുന്നണി പ്രതീക്ഷ വയ്ക്കുന്നത്.
തങ്ങളുടെ കോട്ടയെന്ന് യുഡിഎഫ് അവകാശപ്പെടുന്ന എറണാകുളത്ത് പോളിംഗ് ശതമാനം ഉയർന്നതാണ് മുന്നണികൾ ഉദ്യോഗത്തോടെ നോക്കുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 73.58 ശതമാനം ആയിരുന്നു പോളിംഗ് നില. അന്ന് യുഡി എഫ് സ്ഥാനാർഥി കെ വി തോമസ് 87000 വോട്ടിന് ജയിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴു നിയമസഭാ മണ്‍ലങ്ങളിലേയും മൊത്തം ശരാശരി 77.15 ശതമാനം ആയിരുന്നു.
ഏഴു നിയമസഭാ മണ്ഡലങ്ങളിലേയും മൊത്തം വോട്ടുശരാശരിയിൽ യുഡിഎഫിന് തന്നെയായിരുന്നു മേൽക്കൈ. സമാന നിലയിൽ തന്നെയാണ് ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പിലും എറണാകുളത്തിന്‍റെ അവസ്ഥ യുഡിഎഫിന്‍റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലൊക്കെ പഴയ പോളിങ് നില അതേപടിയോ അതിനുമുകളിലേക്കോ എത്തി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ മേൽക്കൈ നേടിക്കൊടുത്ത വടക്കൻ പറവൂർ, കളമശേരി, തൃക്കാക്കര മേഖലകളിൽ പോളിംഗ് ശതമാനം എൺപതിലെത്തി. ഇത് തങ്ങളെ തുണയ്ക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.
എന്നാൽ പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ പി രാജീവ് ഒപ്പത്തിനൊപ്പമെത്തി എന്നാണ് എൽഡിഎഫിന്‍റെ വിലയിരുത്തൽ. സിറ്റിങ് എം എൽ എ കൂടിയായ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്‍റെ സ്വന്തം തട്ടകമായ എറണാകുളം നിയമസഭാ മണ്ഡലത്തിൽ പോളിംഗ് താരതമ്യേന ഉയരാതിരുന്നതും ഇതിന്‍റെ ലക്ഷണമാണെന്ന് ഇടതുമുന്നണി വിലയിരുത്തുന്നത്. എൽഡിഎഫിന് സ്വാധീനമുളള വൈപ്പിൻ, കൊച്ചി മേഖലകളിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് സമാനമായ വോട്ടിങ് ആവർത്തിച്ചു.
പരമ്പരാഗത ഇടതുവോട്ടുകൾ തങ്ങൾക്കുകിട്ടെയന്നാണ് എൽ ഡി എഫ് കണക്കുകൂട്ടൽ. എന്നാൽ യുഡിഎഫ് ശക്തികേന്ദ്രങ്ങളിലടക്കം ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിലെ പോളിങ് ശരാശരി ഉയരാൻ ഇടയാക്കിയത്. എന്നാൽ ബിജെ പി സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം എത്രവോട്ടുകൾ നേടും എന്നതും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി നേടിയ അരലക്ഷം വോട്ടുകൾ ഇത്തവണ ആരെയൊക്കെ തുണയ്ക്കും എന്നതുമാണ് മുന്നണികളുടെ കണക്കെടുപ്പിനെ വഴിമുട്ടിക്കുന്നത്.
നിറ പുഞ്ചിരിയുമായി ആകാശത്തേക്ക് കൈകളുയർത്തി അവർ. ഈസ്റ്റർ ദിനത്തിലെ കുർബാനയ്ക്കായുള്ള തയാറെടുപ്പിലായിരുന്നു അവർ. ഈ ചിത്രം ബട്ടിക്കലോവയിലെ സയൻ ചർച്ചിലെ സൺഡേ സ്‌കൂൾ സെഷനിൽ നിന്നുള്ളതാണ്. ആ ഈസ്റ്റർ മാസിലേക്ക് കടന്നുവന്ന ഒരു അക്രമി ട്രിഗർ ചെയ്ത ബോംബ് അവരെയെല്ലാം നൂറുകഷ്ണങ്ങളായി ചിതറിത്തെറിപ്പിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ ചിത്രം പകർത്തിയത്.
സൺഡേ സ്‌കൂൾ വിട്ട്, പള്ളിമുറ്റത്ത് ഓടിക്കളിച്ചുകൊണ്ടിരിക്കെയായിരുന്നു നാടിനെ ഞെട്ടിച്ച ആ സ്ഫോടനം. സ്‌ഫോടനത്തിൽ ഈ പള്ളിയില്‍ മാത്രം 28 പേർ മരിച്ചു. നിരവധിപേർക്ക് ഗുരുതരമായ പരുക്കുകൾ പറ്റി. മരിച്ചതിൽ പാതിയും ഈ ഫോട്ടോയിൽ ചിരിച്ചു കൊണ്ട് നിന്ന കുട്ടികൾ തന്നെ. രാവിലെ ഒമ്പതുമണിയോടെ കുർബാന തുടങ്ങി. അൾത്താരയ്ക്കു നേരെ തിരിഞ്ഞു നിന്ന് കുർബാന നടത്തുകയായിരുന്ന ഫാദർ തിരു കുമരൻ. എന്തോ പൊട്ടിത്തെറിക്കുന്ന ഒരു ഉഗ്രശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ ഇടവകാംഗങ്ങളെയാണ്.
പള്ളിക്കുപുറത്ത് സംശയാസ്പദമായ രീതിയിൽ കണ്ട ഒരാൾ ഈസ്റ്റർ കുർബാന എപ്പോൾ തുടങ്ങുമെന്ന് ചോദിച്ചിരുന്നതായി രക്ഷപ്പെട്ടവരിൽ ചിലർ ഓർത്തെടുത്തു. സയൻ ചർച്ചിന്റെ പാസ്റ്റർ തിരു കുമരൻ തന്റെ ഉയിർപ്പുതിരുനാൾ കുർബാനയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. ഇടയ്ക്കെപ്പോഴോ അൾത്താരവിട്ട് പുറത്തുവന്നപ്പോൾ പള്ളിക്കു വെളിയിൽ നിൽക്കുന്ന ഒരാളെ കണ്ടിരുന്നത്രെ. അടുത്തുള്ള ഒഡ്ഡംവാടി പട്ടണത്തിലാണ് വീടെന്നും പള്ളി സന്ദർശിക്കാൻ വന്നതാണെന്നുമാണ് ആ അപരിചിതൻ ഫാദറിനോട് പറഞ്ഞത്. ഈസ്റ്റർ മാസ് എപ്പോഴാണ് തുടങ്ങുന്നത് എന്നായിരുന്നു അയാൾക്ക് അറിയേണ്ടിയിരുന്നത്. തുടർന്ന് ഫാദർ തന്നെയാണ് അയാളെ പള്ളിയ്ക്കുള്ളിലേക്ക് ക്ഷണിച്ചത്.
രാവിലെ ഒമ്പതുമണിയോടെ കുർബാന തുടങ്ങി. അൾത്താരയ്ക്കു നേരെ തിരിഞ്ഞു നിന്ന് കുർബാന നടത്തുകയായിരുന്ന ഫാദർ തിരു കുമരൻ. എന്തോ പൊട്ടിത്തെറിക്കുന്ന ഒരു ഉഗ്രശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ ഇടവകാംഗങ്ങളെയാണ്.
ഞങ്ങളുടെ പള്ളിയിൽ പല വിശ്വാസക്കാരും വരാറുണ്ട്. കുർബാന കൂടാറുണ്ട്. ഞങ്ങൾ അങ്ങനെ വേർതിരിച്ചു കാണാറില്ല. ആര് വന്നാലും ഞങ്ങൾ സന്തോഷത്തോടെ കൂടെക്കൂട്ടാറാണ് പതിവ്. അയാളെക്കണ്ടപ്പോഴും എനിക്ക് പന്തികേടൊന്നും തോന്നിയില്ല. അതാണ് ഞാൻ അകത്തേക്ക് വരാൻ ക്ഷണിച്ചത്. പക്ഷേ, അയാൾ അപ്പോൾ എന്റെ കൂടെ വന്നില്ല. അയാളുടെ ഒരു സ്നേഹിതൻ വരാനുണ്ടെന്നും അയാളെ കണ്ടാലുടൻ പോകുമെന്നുമായിരുന്നു അയാൾ പറഞ്ഞത്.
അയാളുടെ തോളിൽ ഒരു വലിയ ബാഗുണ്ടായിരുന്നു. കയ്യില്‍ മറ്റൊരു ബാഗുണ്ടായിരുന്നു. അയാൾ അകത്തേക്ക് വരാൻ വിസമ്മതിച്ചു.. പിന്നെ ഞാൻ നിർബന്ധിക്കാൻ നിന്നില്ല. ഡെയ്‍ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അയാൾ അകത്തേക്ക് വരാൻ വിസമ്മതിച്ചു കൊണ്ട് അവിടെത്തന്നെ നിന്നപ്പോൾ ചിലർക്ക് സംശയം തോന്നി. അവർ അയാളോട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങുന്നത് കണ്ടുകൊണ്ടാണ് ഫാദർ കുർബാനയ്ക്കായി അകത്തേക്ക് ചെല്ലുന്നത്.
എന്തായാലും അകത്തു ചെന്ന് പത്തുമിനിറ്റിനകം സ്ഫോടനം നടന്നു കഴിഞ്ഞിരുന്നു. സ്ഫോടനത്തിലൂടെ പരമാവധി ആളുകളുടെ ജീവൻ അപഹരിക്കാൻ വേണ്ടിയാണ് അയാൾ കുർബാന തുടങ്ങാൻ കാത്തു നിന്നത്. എല്ലാ ഇടവകാംഗങ്ങളും ഹാളിനുള്ളിൽ കയറിയ ശേഷം അകത്തുവന്ന് ബോംബ് പൊട്ടിക്കാനായിരുന്നു അയാളുടെ ഉദ്ദേശ്യം. എന്നാൽ പുറത്തുവച്ചു തന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ പിന്നെ ഒന്നും നോക്കാതെ അവിടെ വെച്ച് തന്നെ ബോംബ് പൊട്ടിക്കുകയായിരുന്നു. ബോംബ് അകത്തുവെച്ച് പൊട്ടുന്നതിനു പകരം പ്രെയർ ഹാളിലേക്കുള്ള പ്രവേശനകവാടത്തിന് അടുത്ത് വെച്ച് പൊട്ടിയതുകൊണ്ടാണ് മരിച്ചവരുടെ എണ്ണം ഇത്രയും കുറഞ്ഞത്. ഇല്ലെങ്കിൽ ഇതിന്റെ അഞ്ചിരട്ടിയെങ്കിലും ആളുകൾ മരണപ്പെട്ടേനെ.