India

ലോകത്തെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നാസ. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ സ്ഫോടനം ഭൂമിയുടെ അന്തരീക്ഷത്തിന് മുകളിൽ സംഭവിച്ചതായിട്ടാണ് പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ ഡിസംബറിലാണ് ഇൗ വലിയ പൊട്ടിത്തെറി നടന്നത്. ബഹിരാകാശത്ത് നിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയ കൂറ്റൻ പാറയാണ് പൊട്ടിത്തെറിച്ചത്. ഈ പൊട്ടിത്തെറി ഹിരോഷിമയില്‍ ഇട്ട അണുബോംബിനെക്കാള്‍ 10 മടങ്ങ് വലുതായിരുന്നെന്നും ശാസ്ത്രഞ്ജർ പറയുന്നു.ഇതിന്‍റെ അവശിഷ്ടങ്ങള്‍ റഷ്യയ്ക്ക് സമീപം കടലില്‍ പതിച്ചെന്നാണ് നിഗമനം.

32കിലോ മീറ്റര്‍/സെക്കന്‍റ് എന്ന വേഗതയിലാണ് പാറകഷ്ണം അന്തരീക്ഷത്തില്‍ കടന്നത്. അന്തരീക്ഷത്തില്‍ എത്തി പൊട്ടിത്തെറിച്ച് കത്തിതീരും മുന്‍പ് ഈ പാറയുടെ ഭാഗങ്ങള്‍ ഭൂമിയുടെ സമുദ്രനിരപ്പില്‍ നിന്നും 25.6 കിലോമീറ്റര്‍ വരെ എത്തിയിരുന്നുവെന്നും പറയുന്നു. ഈ പാറയുടെ ആകെ ആഘാത ഭാരം 173 കിലോ ടണ്‍ ഉണ്ടായിരുന്നു. ഇതിന്‍റെ 40 ശതമാനത്തോളമാണ് കടലിന് മുകളില്‍ എത്തിയത്. ചില ഭാഗങ്ങള്‍ കടലില്‍ പതിച്ചിട്ടുണ്ടാകാം എന്നാണ് നാസ വൃത്തങ്ങള്‍ പറയുന്നത്. ഇത് കടലില്‍ അയതിനാല്‍ വലിയ ആഘാതങ്ങൾ ഉണ്ടായില്ലെന്നാണ് ശാസാത്രഞ്ജരുടെ അഭിപ്രായം

 

കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ സ്ഥാർഥി ചിത്രം ഏകദേശം തെളിഞ്ഞുകഴിഞ്ഞു. ഈ അവസരത്തിൽ എൽഡിഎഫിലും യുഡിഎഫിലുമായി നാലുവനിതകളാണ് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഗോദയിൽ മൽസരിക്കുന്നത്. എണ്ണത്തില്‍ കുറവെങ്കിലും മികവില്‍ മുന്‍പിലാണ് ഈ നാലു സ്ത്രീകളും.

വീണാ ജോർജ്

സാധ്യതകളുണ്ടെങ്കിലും എന്നും പ്രവചനാതീതമായ മണ്ഡലമാണ് പത്തനംതിട്ട. പത്തനംതിട്ടയിൽ വീണാ ജോർജിനെ മൽസരിപ്പിക്കുന്നതിലൂടെ ആറന്മുളയിലെ വിജയചരിത്രം ആവർത്തിക്കാനാണ് എൽഡിഎഫിന്റെ ശ്രമം.

ആറന്മുളയിൽ നിയമസഭാ മണ്ഡലത്തിൽ വീണാ ജോർജിനെ ഇറക്കി വിജയിച്ച അതേ തന്ത്രം തന്നെയാണ് സിപിഎം പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലും ലക്ഷ്യമിടുന്നത്. പരമ്പരാഗതമായുള്ള യുഡിഎഫ് വോട്ട് സങ്കേതങ്ങളിലേക്ക് കടന്നുചെല്ലുകയാണ് തന്ത്രം. മണ്ഡലത്തിലെ ഭൂരിപക്ഷ വോട്ടുകേന്ദ്രങ്ങളായ ന്യൂനപക്ഷ വോട്ടുകളിലാണ് ഇടതുമുന്നണി കണ്ണുവയ്ക്കുന്നതെന്ന് ചുരുക്കം.

ശബരിമല ഉൾപ്പടെയുള്ള എതിർ ഘടകങ്ങളിൽ തൊടാതെ വികസനത്തിൽ ഊന്നിയുള്ള പ്രചാരണമാണ് വീണാ ജോർജ് നടത്തുന്നത്.

പുതിയ കാലത്തെ വോട്ടർമാർക്ക് വികസനത്തെക്കുറിച്ചാണ് ചർച്ച വേണ്ടതെന്നും ആ ചർച്ചയിൽ യുഡിഎഫിന്റെ വോട്ട് ഇളക്കാമെന്നും ഇടതുമുന്നണി പത്തനംതിട്ടയിൽ പയറ്റുന്ന തന്ത്രം.

പതിറ്റാണ്ടുകളായി വികസനമെത്താതെ കിടന്ന ആറൻമുളയിൽ താൻ എത്തിയതിന് ശേഷം വന്ന വികസനത്തെ അക്കമിട്ട് നിരത്താനും വീണാ ജോർജ് മടിക്കുന്നില്ല. സാധാരണ ഒരു നിയമസഭാ മണ്ഡലത്തിൽ 5 വർഷം കൊണ്ട് 30 കോടിയുടെ റോഡ് വികസനമാണ് ഉണ്ടാകുന്നതെങ്കിൽ 2 വർഷം കൊണ്ട് 350 കോടിയാണ് റോഡ് വികസനത്തിന് എത്തിച്ചതെന്ന് വീണ പറയുന്നു.

അധ്യാപിക, മാധ്യമപ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തും രാഷ്ട്രീയഗോദയിലേക്ക് എത്തിയ വീണയ്ക്ക് മുതൽക്കൂട്ടാണ്. ആറന്മുളയിൽ മൽസരത്തിനിറങ്ങുമ്പോൾ രാഷ്ട്രീയ അടവുകൾ അത്രയൊന്നും പരിശീലിച്ചിട്ടില്ലാത്ത വീണ ഇത്തവണ ഇറങ്ങുന്നത് എംഎൽഎയുടെ അനുഭവസമ്പത്തും കൊണ്ടാണ്.

പി.കെ ശ്രീമതി

സ്ഥാനാർഥിത്വം മുൻപേ ഉറപ്പിച്ച ശ്രീമതി 5 വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിക്കുന്ന ബോർഡുകളുമായി പ്രചാരണത്തിനു തുടക്കമിട്ടു കഴിഞ്ഞു. 2009ൽ 43,151 വോട്ടിനു യുഡിഎഫ് ജയിച്ച കണ്ണൂരിൽ 2014ൽ നേടിയ അട്ടിമറി വിജയം തന്നെയാണു ശ്രീമതിയുടെ അനുകൂലഘടകം. ചരിത്രത്തിലാദ്യമായി കണ്ണൂർ നഗരസഭയിൽ യുഡിഎഫിനു ഭരണം നഷ്ടപ്പെട്ടതും 35 വർഷത്തിനു ശേഷം കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് ജയിച്ചതുമെല്ലാം ആ അട്ടിമറിക്കു ശേഷമായിരുന്നു. കണ്ണൂർ നഗരം കേന്ദ്രീകരിച്ചുള്ള ശ്രീമതിയുടെ പ്രവർത്തനങ്ങളും ഈ വിജയങ്ങൾക്കു പിന്നിലുണ്ടെന്നാണു പാർട്ടി വിലയിരുത്തൽ.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ 7 നിയമസഭാ മണ്ഡലങ്ങളിൽ 2016ലെ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ, ധർമടം, തളിപ്പറമ്പ്, കണ്ണൂർ മണ്ഡലങ്ങളിൽ എൽഡിഎഫാണ് വിജയിച്ചത്. പക്ഷേ ഇതിൽ കണ്ണൂർ ഒഴികെയുള്ള 3 മണ്ഡലങ്ങളിൽ മാത്രമേ സിപിഎമ്മിനു നിർണായക സ്വാധീനമുള്ളു. അതിനാൽ രാഷ്ട്രീയേതര വോട്ടുകൾ കൂടി സമാഹരിച്ചാലേ വിജയിക്കാനാകൂവെന്നു പാർട്ടി കണക്കുകൂട്ടുന്നു. ഇതും ശ്രീമതിക്ക് അനുകൂലമായി. പരമ്പരാഗതമായി യുഡിഎഫിനെ പി‍ന്തുണച്ചിരുന്ന ചില വിഭാഗങ്ങളുടെ പിന്തുണ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം ഉറപ്പാക്കിയതു ശ്രീമതി വഴിയായിരുന്നു.

ശ്രീമതിയുടെ എതിരാളി കോണ്‍ഗ്രസിന്റെ കെ സുധാകാരനാണ്. ജില്ലയിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവിനെ പരാജയപ്പെടുത്താന്‍ ശ്രീമതിക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയില്‍ വിജയം നില നിര്‍ത്തുകയെന്ന ദൗത്യമാണ് ശ്രീമതിക്കുള്ളത്.

ഷാനി മോൾ ഉസ്മാൻ

ആലപ്പുഴയിൽ എൽഡിഎഫിന്റെ സ്ഥാനാർഥി എം.എ ആരിഫിനെതിരെയാണ് ഷാനിമോൾ മൽസരിക്കുന്നത്. ആദ്യമായി സ്വന്തം മണ്ഡലത്തിൽ നിന്ന് തന്നെ ഷാനി മോൾ മൽസരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. അഭിഭാഷകയെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഷാനിമോൾ ആലപ്പുഴയക്ക് സുപരിചിതയാണ്.

ആലപ്പുഴ എസ്‌ഡി കോളജ് വിദ്യാർഥിനിയായിരിക്കേ 1983ലാണ് ഷാനിമോൾ കെഎസ്‌യുവിലൂടെ രാഷ്‌ട്രീയരംഗത്തെത്തിയത്. പിന്നീട് ഒരു വ്യാഴവട്ടക്കാലത്തോളം കെഎസ്യു സംസ്‌ഥാന ഭാരവാഹിയായി. തുടർന്ന് കേരള സർവകലാശാലാ സെനറ്റ് അംഗമായ ഷാനിമോൾ എൽഎൽബി വിദ്യാർഥിനിയായിരിക്കേ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് വി.എസ്. അച്യുതാനന്ദന്റെ നാടായ പുന്നപ്രയിൽ സിപിഎം സ്‌ഥാനാർഥിയെ അട്ടിമറിച്ച് ജില്ലാ പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2000ൽ ആലപ്പുഴ നഗരസഭാധ്യക്ഷ ആകുമ്പോൾ ജില്ലയിൽ ഈ സ്‌ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ഷാനിമോൾ.

2002 മുതൽ മഹിളാ കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷയായിരുന്ന ഷാനിമോൾ അടുത്തിടെയാണ് ഈ സ്‌ഥാനമൊഴിഞ്ഞത്. നിലവിൽ എഐസിസി അംഗവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമാണ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ മത്സരിച്ചിരുന്നു. 2009ൽ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി നിർദേശിച്ചെങ്കിലും നിരസിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ എഐസിസി സെക്രട്ടറി കൂടിയാണ് ഷാനിമോൾ ഉസ്‌മാൻ.

രമ്യ ഹരിദാസ്

അപ്രതീക്ഷിതമായാണ് രമ്യ ഹരിദാസ് എന്ന പേര് ലോക്സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് നടന്നു കയറിയത്. ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രമ്യ ഉറപ്പിക്കുമ്പോള്‍ അത് കഴിവിനുള്ള അംഗീകാരം കൂടിയാകുന്നു. ഇപ്പോള്‍ കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ. 29 മത്തെ വയസ്സിൽ ഈ പദവിയില്‍. രാഹുല്‍ കണ്ടെടുത്ത നേതാവ് എന്ന തലക്കെട്ടിലാകും രമ്യ വരുംനാളുകളില്‍ കോണ്‍ഗ്രസില്‍ ഇടമുറപ്പിക്കുക.

∙ ജവഹർ ബാലജനവേദിയിലൂടെ കടന്നു വന്ന് കെ എസ് യു വിലൂടെ വളർന്ന യൗവ്വനം

∙ യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് പാർലമെന്റ് സെക്രട്ടറി ആയി

∙ ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോർഡിനേറ്റർ

∙ കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയുടെ 2007 ലെ പൊതു പ്രവർത്തക അവാർഡ്.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 6 വർഷം മുന്‍പ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ട് വഴി പാര്‍ട്ടിയുടെ ശ്രദ്ധ നേടി. 4 ദിവസമായി നടന്ന പരിപാടിയിൽ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ രാഹുലിന്റെ അടക്കം ശ്രദ്ധ പിടിച്ചു പറ്റി. അങ്ങനെ രാഹുലിന്റെ പ്രത്യേക ടീമിൽ ഇടം. ഗാന്ധിയൻ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയായി. ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളിൽ സജീവമായി പങ്കെടുത്തു. 2012ൽ ജപ്പാനിൽ നടന്ന ലോകയുവജന സമ്മേളനത്തിൽ പങ്കെടുത്തു.

∙ ബി എ മ്യൂസിക് ബിരുധദാരി

∙ ജില്ലാ സംസ്ഥാന സ്കൂൾ കലോൽത്സവ നൃത്ത സംഗീത വേദികളിൽ നിറഞ്ഞു നിന്ന കലാകാരി

∙ കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ പിപി ഹരിദാസിന്റെയും രാധയുടെയും മകൾ ആണ് രമ്യ ഹരിദാസ്.

കര്‍ണാടകയിലെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ മത്സരിക്കുന്നു. ബിജെപി പിന്തുണയോടെയാണ് സുമലത സ്വതന്ത്രയായി മത്സരിക്കുന്നത്. സുമലത മത്സരിക്കുന്ന മാണ്ഡ്യയിലേക്ക് സംസ്ഥാന ബിജെപി നേതൃത്വം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടില്ല.

കേന്ദ്ര നേതൃത്വത്തിന് നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാണ്ഡ്യ ഒഴിച്ചിട്ടു. ഇതാണ് സുമലതയെ ബിജെപി പിന്തുണയ്ക്കുമെന്ന് കരുതാനുള്ള കാരണം. താരത്തെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തള്ളിയിരുന്നു. ജെഡിഎസിന്റെ സീറ്റ് ഏറ്റെടുക്കുന്നതിന് കോണ്‍ഗ്രസ് താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ റിബലായിട്ടാണ് സുമലതയുടെ രംഗപ്രവേശം.

ജെഡിഎസ് ഈ സീറ്റില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും മൂന്നു സിനിമകളില്‍ അഭിനയിച്ച 28 കാരനായ നിഖില്‍ ഗൗഡയെയാണ് രംഗത്ത് ഇറക്കുന്നത്. നേരത്തെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍ മാണ്ഡ്യയില്‍ നിന്ന് മാത്രമായിരിക്കും ജനവിധി തേടുകയെന്ന് സുമലത വ്യക്തമാക്കിയിരുന്നു.

കന്നഡ സിനിമകളിലെ നിറസാന്നിധ്യവും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എച്ച്. അംബരീഷ് കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്. 2006ലെ യുപിഎ സര്‍ക്കാരില്‍ വാര്‍ത്താവിനിമയ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നീട് കാവേരി തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ വിധി വന്നതിനെ തുടര്‍ന്ന് പ്രതിഷേധസൂചകമായി മന്ത്രിപദം രാജിവെച്ചു. മൂന്നു തവണ ലോക്സഭാംഗയില്‍ മാണ്ഡ്യയെ പ്രതിനിധീകരിച്ച അംബരീഷ് സിദ്ധരാമയ്യ മന്ത്രിസഭയിലും മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. പാര്‍പ്പിട മന്ത്രിയായിട്ടാണ് സംസ്ഥാന മന്ത്രിസഭയില്‍ അംബരീഷ് സേവനം അനുഷ്ഠിച്ചത്.

ആറ്റിങ്ങൽ: പശ്ചിമബംഗാൾ സ്വദേശിയായ തൊഴിലാളി ഹോളോബ്രിക്‌സ് കമ്പനിയുടെ താമസസ്ഥലത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ ചിത്രം പോലീസിന് ലഭിച്ചു. പശ്ചിമബംഗാൾ ജൽപായ്ഗുരി ജില്ല സ്വദേശിയായ ബിമൽ(33)ആണ് ഞായറാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന ജൽപായ്ഗുരി സ്വദേശി അമലിനെ(25) സംഭവത്തിനു ശേഷം കാണാതായിട്ടുണ്ട്. ഇയാളാണ് പ്രതിയെന്ന നിഗമനത്തിലാണ് പോലീസ്. ഇയാളുടെ ചിത്രമാണ് ചൊവ്വാഴ്ച രാത്രി പോലീസ് പുറത്തുവിട്ടത്.

ആറ്റിങ്ങൽ പൂവമ്പാറ-മേലാറ്റിങ്ങൽ റോഡിന് സമീപം പ്രവർത്തിക്കുന്ന എ.എം.ഹോളോബ്രിക്‌സിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ബിമൽ. മൂന്നാഴ്ച മുമ്പാണ് ഇയാൾ ഇവിടെ ജോലിക്ക് ചേർന്നത്. പശ്ചിമബംഗാളിൽ നിന്നെത്തി ചെറുവള്ളിമുക്കിൽ സ്ഥിരതാമസമാക്കിയിട്ടുള്ള രാഹുൽ എന്നയാളാണ് ബിമലിനെ ഹോളോബ്രിക്‌സ് കമ്പനിയിലെത്തിച്ചത്. ബിമലാണ് രണ്ടാഴ്ച മുമ്പ് അമലിനെ ഇവിടെ ജോലിക്ക് കൊണ്ടുവരുന്നത്.

സ്ഥാപനം നടത്തുന്ന മോഹൻകുമാർ ഇവരുടെ ഒരു വിവരങ്ങളും സൂക്ഷിച്ചിരുന്നില്ല. കാണാതായയാളുടെ ഫോൺനമ്പർപോലും ഉടമയുടെ കൈയിലുണ്ടായിരുന്നില്ല. ഇത് പോലീസിനെ ഏറെ വലച്ചു.

തിങ്കളാഴ്ച രാവിലെയാണ് കൊലപാതകവിവരം നാടറിയുന്നത്. ബർമുഡയും ടീഷർട്ടും ധരിച്ച് കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു ബിമലിന്റെ മൃതദേഹം. കഴുത്തിന്റെ വലതുവശത്ത് വൃത്താകൃതിയിൽ തുളഞ്ഞുകയറിയ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മുഖം തോർത്തുകൊണ്ട് മറച്ച നിലയിലായിരുന്നു.

മുറിയിൽനിന്ന്‌ മദ്യം വാങ്ങിയ ബില്ല് മാത്രമാണ് തിങ്കളാഴ്ച പോലീസിന് ലഭിച്ചത്. വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞായറാഴ്ച സ്ഥാപന ഉടമ ഇവരുടെ കൂലി കണക്കാക്കി മൂവായിരം രൂപ നല്കിയിരുന്നു. ഈ പണവും ബിമലിന്റെ മൊബൈൽഫോണുമുൾപ്പെടെ സകലതും കാണാതായിട്ടുണ്ട്.

ബിമലിന്റെ മൊബൈൽ കഴക്കൂട്ടത്ത് വച്ച് സ്വിച്ച്‌ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ മൊബൈലിലേക്ക്‌ വന്നതും പോയതുമായ വിളികളുടെ വിവരങ്ങൾ ശേഖരിച്ച് പരിശോധിച്ച് അമലിന്റേതെന്ന് കരുതുന്ന ഒരു നമ്പർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പർ പ്രവർത്തനരഹിതമാണ്. മറ്റൊരാളിന്റെ തിരിച്ചറിയൽ രേഖകളുപയോഗിച്ച് എടുത്തിട്ടുള്ളതാണ് ഈ നമ്പർ.

പൂവമ്പാറയിലെ ഹോളോബ്രിക്‌സ് കമ്പനിയിൽ ജോലിക്കെത്തും മുമ്പ് ബിമലും അമലും കരമനയിലെ ഹോളോബ്രിക്‌സ് കമ്പനിയിൽ ജോലിക്ക് നിന്നതായി കണ്ടെത്തിയ പോലീസ് അവിടെ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് അമലിന്റെ ചിത്രം ലഭിച്ചത്. ഈ കമ്പനിയിലും ജോലിക്കുനിന്നവരെക്കുറിച്ച് ഒരു രേഖയും സൂക്ഷിച്ചിരുന്നില്ല.

ഇരുവരും രണ്ടാഴ്ചമാത്രമാണ് കരമനയിൽ ജോലിക്ക് നിന്നത്. അവിടെ ഒപ്പം ജോലിചെയ്തിരുന്നവരുടെയും ഇരുവരുടെയും ഫോണിലേക്ക്‌ വിളിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചിത്രം ലഭ്യമായത്. അമലിനെ കരമനയിൽ ജോലിക്ക് ചേർത്ത ബംഗാൾ സ്വദേശി നാട്ടിലേക്ക്‌ മടങ്ങിപ്പോയി. അയാളുടെ ഫോണും പ്രവർത്തനരഹിതമാണ്.

ബിമലിനെ കമ്പനിയിൽ ജോലിക്ക് ചേർത്ത രാഹുലിനെ പോലീസ് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്. ബിമലിന്റെ ബന്ധുക്കളെ വിവരമറിയിച്ചതായി എസ്.ഐ. എം.ജി.ശ്യാം പറഞ്ഞു. ഇവർ ശനിയാഴ്ച എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ബിമലിന്റെ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായും പോലീസ് അറിയിച്ചു.

പത്തനംതിട്ട: പത്തനംതിട്ട സീറ്റിനായി ബി.ജെ.പിയിലി ഗ്രൂപ്പ് പോര് ശക്തമാകുന്നു. മുരളീധരപക്ഷവും കെ. സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ട സീറ്റിനായി പിടിവലി നടത്തുകയാണ്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. കണ്ണന്താനത്തിനെയാണ് ദേശീയ നേതൃത്വത്തിനും താല്‍പ്പര്യം. എന്നാല്‍ തിരുവനന്തപുരം സീറ്റിലേക്ക് കുമ്മനം രാജശേഖരന്‍ എത്തിയതോടെ പിന്തള്ളപ്പെട്ട സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ നിര്‍ത്തണമെന്നാണ് ചില നേതാക്കളുടെ ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഇന്നറിയാം.

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പിഎസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്. എന്നാല്‍ പത്തനംതിട്ടക്ക് വേണ്ടി കെ സുരേന്ദ്രന്‍ സമ്മര്‍ദം തുടരുകയാണ്. നിലവില്‍ തൃശൂര്‍ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് തീരുമാനം വന്നതോടെ പത്തനംതിട്ട സീറ്റ് കൈവിടാതിരിക്കാനുള്ള അവസാന ശ്രമങ്ങള്‍ നടത്തുകയാണ് കെ. സുരേന്ദ്രന്‍. സുരേന്ദ്രനെയാണ് ആര്‍.എസ്.എസിനും താല്‍പ്പര്യം. എന്നാല്‍ ശ്രീധരന്‍ പിള്ളയെ മാറ്റിനിര്‍ത്തുക എളുപ്പത്തില്‍ സാധ്യമാകാതെ വന്നതോടെയാണ് ബി.ജെ.പി പ്രതിസന്ധിയിലായിരിക്കുകയാണ്.

പത്തനംതിട്ട അല്ലാതെ മറ്റൊരു സീറ്റിലും തന്നെ പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് കണ്ണന്താനം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക് കത്ത് നല്‍കിയിട്ടുണ്ട്. തന്റെ മണ്ഡലമാണ് പത്തനംതിട്ടയെന്നും മറ്റൊരിടത്തും മത്സരിക്കില്ലെന്ന നിലപാടിലാണ് കണ്ണന്താനം. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും താല്‍പ്പര്യമുള്ള മണ്ഡലങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

ദില്ലി:വയനാട് സീറ്റിൽത്തട്ടി കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ത്രിശങ്കുവിലായിട്ട് ദിവസം നാലായി. ബാക്കിയെല്ലാ സീറ്റുകളിലും ഏകദേശ ധാരണ ആയിട്ടും വയനാട് സീറ്റിനെച്ചൊല്ലി രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് കോൺഗ്രസിൽ തുടരുന്നത്. വയനാട്ടിൽ ടി സിദ്ദിഖിനെ തന്നെ മത്സരിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് ഉമ്മൻചാണ്ടി. എന്നാലത് ഐ ഗ്രൂപ്പിന്‍റെ സിറ്റിംഗ് സീറ്റാണെന്ന നിലപാടിലാണ് ചെന്നിത്തല അടക്കമുള്ളവര്‍. സംസ്ഥാന നേതാക്കൾക്കിടയിലും സ്ക്രീനിംഗ് കമ്മിറ്റിയിലും തെരഞ്ഞെടുപ്പ് സമിതിയിലും അതിന് ശേഷം എഐസിസി പ്രതിനിധികളുടെ മധ്യസ്ഥതയിലും പലവട്ടം ചർച്ച നടന്നിട്ടും വയനാട് അഴിക്കുംതോറും മുറുകുകയാണ്.

സീറ്റ് തർക്കം പരിഹരിക്കാനുള്ള ചർച്ചയിൽ പല ഫോർമുലകൾ വന്നു, പല പേരുകളുയർന്നു. ഇടയ്ക്ക് ഉമ്മൻചാണ്ടി പരിഭവിച്ച് മടങ്ങി. പിന്നെയും തിരികെയെത്തി. ചർച്ചകൾ വഴിമുട്ടി നിൽക്കുന്നതിനിടെ ഒരു സൗഹൃദ സംഭാഷണത്തിനിടെയാണ് പകുതി കാര്യവും പകുതി തമാശയുമായി രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയോട് ‘രാഹുൽജിക്ക് വയനാട് മത്സരിച്ചുകൂടേ?’ എന്ന് ചോദിച്ചത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഈ നേരത്ത് ചെന്നിത്തലക്ക് ഒപ്പമുണ്ടായിരുന്നു.

വയനാട്ടിൽ നിന്ന് രാഹുൽ മത്സരിച്ചാൽ കേരളത്തിൽ മാത്രമല്ല, കർണ്ണാടകയിലും അതിന്‍റെ ആവേശതരംഗം പ്രതിഫലിക്കുമെന്നും നേതാക്കൾ തമാശരൂപേണ പറഞ്ഞു. കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു കർണ്ണാടകയിൽ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന് കത്തയച്ചിരുന്നു. രാഹുൽ കർണ്ണാടകയിൽ നിന്ന് ജനവിധി തേടിയാൽ കോൺഗ്രസ് സംവിധാനം പ്രതിസന്ധികളിൽ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്‍റെ നിർദ്ദേശം. ഇതുകൂടി മനസിൽ വച്ചായിരുന്നു കേരള നേതാക്കൾ തമാശ രൂപത്തിലാണെങ്കിലും രാഹുലിന്‍റെ മനസറിയാൻ ഒന്നു ശ്രമിച്ചത്.

തമാശയാണെന്ന് മനസിലായെങ്കിലും രാഹുലിന്‍റെ മറുപടി ഗൗരവത്തിൽ തന്നെയായിരുന്നു. വയനാടിനെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും കേരളത്തിലെ കോൺഗ്രസിന്‍റെ ഒന്നാം നമ്പർ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും രാഹുൽ പറഞ്ഞു. പക്ഷേ ഉത്തർപ്രദേശിൽ മത്സരിക്കുന്നതിലാണ് തന്‍റെ ശ്രദ്ധ മുഴുവനെന്നും അമേഠിയിൽ നിന്നുതന്നെ മത്സരിക്കാനാണ് തീരുമാനമെന്നും രാഹുൽ പറഞ്ഞു. രാഹുലിന്‍റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചുപിരിഞ്ഞു. അതിന്മേൽ കൂടുതൽ ചർച്ചകൾ ഉണ്ടായതുമില്ല.

ജയിൽശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സ്വീഡിഷ് കമ്പനിയായ എറിക്സണ് 462 കോടി രൂപ തിങ്കളാഴ്ചയാണ് അനിൽ അംബാനി കെട്ടിവച്ചത്. എറിക്സൺ കമ്പനിക്കുള്ള കുടിശ്ശിക കൊടുത്തു തീർക്കാൻ റിലയൻസിന് സുപ്രീം കോടതി നല്കിയ സമയപരിധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരക്കിട്ട് ഇത്രയും തുക അനില്‍ അംബാനി നല്‍കിയത്.

എന്നാല്‍ തന്‍റെ കയ്യില്‍ തുകയില്ലെന്ന് പറഞ്ഞ അംബാനി എവിടുന്ന് ഇത്രയും തുക തയ്യാറാക്കി എന്നതിന്‍റെ ഉത്തരമാണ് അനില്‍ അംബാനിയുടെ പത്രകുറിപ്പ്. അനില്‍ അംബാനിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ കമ്പനി വക്താവ് ആണ് ഈ വാര്‍ത്ത കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. സമയോചിതമായ പിന്തുണയ്ക്ക് നന്ദി എന്നാണ് വാര്‍ത്തകുറിപ്പില്‍ പ്രധാനമായും പറയുന്നത്. ഇതിലൂടെ തന്നെ അനില്‍ അംബാനിയെ പണം കൊടുത്ത് സഹായിച്ചത് സഹോദരനും ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയന്‍സ് ഇന്‍ട്രസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയാണെന്ന് വ്യക്തം.

എന്‍റെ ആത്മാര്‍ത്ഥവും, ഹൃദയം നിറഞ്ഞതുമായ നന്ദി എന്‍റെ സഹോദരന്‍ മുകേഷ് നിത എന്നിവരെ അറിയിക്കുന്നു, അവര്‍ ഈ മോശം അവസ്ഥയില്‍ എന്നോടൊപ്പം നിന്നു. മാത്രവുമല്ല എങ്ങനെയാണ് ഞങ്ങളുടെ ദൃഢമായ കുടുംബ മൂല്യങ്ങള്‍ സമയോചിതമായ പിന്തുണയിലൂടെ പ്രകടിപ്പിക്കേണ്ടത് എന്നും കാണിച്ചുതന്നു. ഞാനും എന്‍റെ കുടുംബവും എന്നും ഇതിന് കടപ്പാട് ഉള്ളവരായിരിക്കും ഭാവിയിലും. നിങ്ങള്‍ നിങ്ങളുടെ ഈ നീക്കത്തിലൂടെ ഞങ്ങളുടെ മനസില്‍ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു – അനിലിന്‍റെ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

നേരത്തെ എറിക്സന്‍റെ കുടിശ്ശിക നല്കണമെന്ന ഉത്തരവ് ലംഘിച്ചതിന് അനിൽ അംബാനിയെ കോടതിയലക്ഷ്യത്തിന് ജയിലിൽ അടയ്ക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിൻറെ നടത്തിപ്പിന് എറിക്സണുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള പണം നല്‍കാത്തതാണ് നിയമ യുദ്ധത്തിലേക്ക് നയിച്ചത്.

46000 കോടി രൂപയാണ് അനിൽ അംബാനിയുടെ കമ്പനിയുടെ ആകെ ബാധ്യത. റഫാൽ ഇടപാടിൽ അഴിമതി ആരോപിച്ച കോൺഗ്രസ് അനിൽ അംബാനിക്കെതിരായ ഈ കേസും ആയുധമാക്കിയിരുന്നു.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പ്രമോദ് സാമന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റു. മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ ബിജെപി നേതൃത്വം പരിഗണിച്ചത്. അമിത്ഷായുടെ നേതൃത്വത്തിലുള്ള നീക്കത്തില്‍ ഇടഞ്ഞു നിന്ന സഖ്യകക്ഷികളെ അനുനയിപ്പിച്ചായിരുന്നു പ്രമോദിന്റെ സത്യപ്രതിജ്ഞ. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയെ കൂടാതെ ബിജെപിയുടെ കൂടെ കഴിഞ്ഞ ദിവസം ചേര്‍ന്ന മഹാരാഷ്ടവാദി ഗോമന്തക് പാര്‍ട്ടിക്കും ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കി.

ഗോവ സര്‍ക്കാരിനെ സംബന്ധിച്ച 4 കാര്യങ്ങള്‍

1. പ്രമോദ് സാവന്ത് തന്റെ 12 അംഗ മന്ത്രിസഭയില്‍ മന്ത്രിമാരോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ ഗോവ നിയമസഭയുടെ സ്പീക്കറായിരുന്നു പ്രമോദ്.

2. ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കാണുന്നതിനായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് നിതിന്‍ ഗഡ്കരിക്കൊപ്പം പോകുന്നതിനിടയില്‍ പ്രമോദ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ‘ വളരെ വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി എനിക്ക് നല്‍കിയിരിക്കുന്നത്. സാധിക്കുന്നതിന്റെ പരമാവധി അത് പൂര്‍ത്തിയാക്കാന്‍ ഞാന്‍ പരിശ്രമിക്കും. ഇന്ന് ഞാന്‍ എന്താണെന്നതിനുള്ള കാരണം മനോഹര്‍ പരീക്കറാണ്.

3. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വിജയ് സര്‍ദേശായിയും മഹാരാഷ്ടവാദി ഗോമന്തക് പാര്‍ട്ടിയുടെ (എംജിപി) സുധിന്‍ ധ്വാളിക്കറും പുതിയ ഡപ്യൂട്ടി ചീഫ് മിനിസ്റ്ററായി ചുമതലയേറ്റു. മുഖ്യമന്ത്രി സ്ഥാനത്തിനായി ഇരുവരും അവകാശവാദം ഉന്നയിച്ചിരുന്നു.

4. രണ്ട് എംജിപി മെമ്പര്‍മാരെ എത്തിക്കാന്‍ സാധിച്ചത്തോടെ അസംബ്ലിയില്‍ ബിജെപിയ്ക്ക് 20 അംഗങ്ങളായി. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം പൊളിഞ്ഞു.

പരീഖറുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാന്‍ ബിജെപി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങളാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചും ബിജെപി സര്‍ക്കാരിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ സമീപിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കം.

കഴിഞ്ഞ ഒരു വര്‍ഷമായി പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ഇന്ത്യയിലേയും വിദേശത്തേയും ആശുപത്രികളില്‍ ചികിത്സയിലായിരുന്നു മനോഹര്‍ പരീഖര്‍. പരീഖര്‍ക്ക് ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടായിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാത്തത് വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. പരീഖര്‍ക്ക് പകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നമില്ല. രോഗം മൂര്‍ച്ഛിതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടാണ് മനോഹര്‍ പരീക്കര്‍ മരണമടഞ്ഞത്.

കോഴിക്കോട് കൊടിയത്തൂരില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ തുമ്പുണ്ടാക്കാനാവാതെ പൊലിസ് . യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു മുങ്ങിയവരെ മരണം നടന്നു നാലു ദിവസമായിട്ടും കണ്ടെത്താനായില്ല. അതിനിടെ പ്രദേശത്തെ ലഹരിമരുന്ന് മാഫിയയാണ് മരണത്തിന് പിന്നിലെന്നാരോപിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

കൊടിയത്തൂര്‍ ഉള്ളാട്ടില്‍ വി.കെ. ഡാനിഷ് വെള്ളിയാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചു മരിച്ചത്. മരണവിവരം പുറത്തായതോടെ ഡാനിഷിനെ ആശുപത്രിയിലെത്തിച്ച രണ്ടു യുവാക്കള്‍ മുങ്ങി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ഡാനിഷിന്റെ പിതാവ് മുക്കം പൊലിസില്‍ പരാതി നല്‍കി. എന്നാല്‍ ഇതുവരെ ഡാനിഷിനിനെ ആശുപത്രിയിലെത്തിച്ചവരെ പിടികൂടിയിട്ടില്ല.

മരണത്തിന്പ്രദേശത്തെ ലഹരിമരുന്ന് മാഫിയക്ക് മരണവുമായി ബന്ധമുണ്ടെന്നാണ് ആരോപണം. നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് ലഹരിമരുന്ന് മാഫിയയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

അതേ സമയം ഡാനിഷിനെ ആശുപത്രിയിലെത്തിച്ചവരെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന റിപ്പോര്‍ട്ടും കിട്ടിയതിനു ശേഷമെ വിശദമായ അന്വേഷണത്തിലേക്ക് കടക്കാന്‍ കഴിയൂവെന്നുമാണ് മുക്കം പൊലീസ് പറയുന്നത്.

കെ.സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുറവിളി. പാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷായുടെ പേജിൽ പരാതിപ്രളയമാണ്. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ വരെ പരാതികൾ നിറയുകയാണ്. ഈ സമയത്തു പറയുന്നത് ശരിയാണോ എന്നറിയില്ല, കെ സുരേന്ദ്രന് പത്തനംതിട്ട സീറ്റ് കൊടുക്കണം, പത്തനംതിട്ടയിലെ ഏറ്റവും അനുയോജ്യനായ ബിജെപി സ്ഥാനാർത്ഥി സുരേന്ദ്രനാണ്, ഗ്രൂപ്പ ്തർക്കമാണ് കേരളത്തിലെ ബിജെപി ഘടകത്തിന്‍റെ ഏറ്റവും വലിയ പ്രശ്നം, ഇങ്ങനെ പോകുന്നു പരാതികൾ.

പത്തനംതിട്ട സീറ്റിനായി ബിജെപിയിൽ പോര് മുറുകുന്നു. കെ.സുരേന്ദ്രനും കണ്ണന്താനത്തിനും പത്തനംതിട്ട നല്‍കാനിടയില്ല. കെ.സുരേന്ദ്രന്‍ ആറ്റിങ്ങലിലും കണ്ണന്താനം കൊല്ലത്തും പരിഗണനയിലാണ്. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരന്‍പിള്ള പിടിമുറുക്കിയിരിക്കുകയാണ്. ടോം വടക്കന്‍ എറണാകുളത്ത് മത്സരിക്കാനാണ് സാധ്യത. എന്‍.ഡി.എ. പട്ടിക നാളെ പുറത്തു വിടും. പുതുക്കിയ സ്ഥാനാർഥി പട്ടിക സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കൈമാറി. പത്തനംതിട്ടയോ, തൃശൂരോ അല്ലെങ്കിൽ മൽസരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് കെ.സുരേന്ദ്രൻ.

തുഷാർ വെള്ളാപ്പള്ളി – അമിത് ഷാ ചർച്ച നിർണായകമാകും. പത്തനംതിട്ടയിലല്ലെങ്കിൽ മൽസരത്തിനില്ലെന്ന് കണ്ണന്താനം പറയുന്നു. പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എം.ടി രമേശ് എന്നിവർ മൽസര രംഗത്തുണ്ടായേക്കില്ല. കാര്യങ്ങൾ പൊട്ടിത്തെറിയുടെ വക്കിലെത്തിയ സാഹചര്യത്തിൽ പന്ത് കേന്ദ്ര നേതൃത്വത്തിന്റെ കോർട്ടിലാണ്. തൃശൂരിനു പുറമേ മാവേലിക്കര, ഇടുക്കി, ആലത്തൂർ, വയനാട് എന്നീ സീറ്റുകളാണ് ബി ഡി ജെ എസിനായി നീക്കിവെയ്ക്കാൻ ആലോചിക്കുന്നത്.

RECENT POSTS
Copyright © . All rights reserved