India

ചരിത്രത്തിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. അക്കൂട്ടത്തിൽ പുതുചരിത്രം എഴുതി മാറ്റത്തിനൊപ്പം നിൽക്കുകയാണ് കോൺഗ്രസ്. ഇത്തവണ ആദ്യമായൊരു ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ഥിയെ മൽസരരംഗത്തിറക്കുകയാണ് കോൺഗ്രസ്. മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ അപ്സരാ റെഡ്ഢി തമിഴ്നാട്ടിലെ പാര്‍ട്ടി ഓഫീസിലെത്തി മത്സരിക്കാനുള്ള അപേക്ഷ സമർപ്പിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് രാഹുല്‍ഗാന്ധി മുന്‍കൈ എടുത്ത് അപ്‍സര റെഡ്ഡിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. കോൺഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായായിരുന്നു ട്രാൻസ്ജെൻഡർ വിഭാഗത്തിൽനിന്നൊരാൾ ഇൗ പദവിയിലെത്തുന്നത്. ഇതിന് പിന്നാലെ മൽസരിക്കാനുള്ള ടിക്കറ്റും നൽകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അണ്ണാ ഡിഎംകെ പ്രവർത്തകയായിരുന്ന അപ്സര പാർട്ടിയിലെ പുതിയ നിലപാടുകളോട് കലഹിച്ചാണ് രാജി വച്ച് കോൺഗ്രസിൽ ചേർന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 13 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാലിടത്ത് തീരുമാനമായില്ല. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലാണ് പ്രഖ്യാപനം വൈകുന്നത്.

എറണാകുളത്ത് കെ.വി. തോമസിനെ ഒഴിവാക്കി ഹൈബി ഈഡന്‍ എം.എല്‍.എയെ ലോക്സഭയിലേക്ക് മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

ഡീന്‍ കുര്യാക്കോസ് (ഇടുക്കി), ബെന്നി ബെഹനാന്‍ (ചാലക്കുടി), ആന്റോ ആന്റണി (പത്തനംതിട്ട), ടി.എന്‍.പ്രതാപന്‍ (തൃശൂര്‍), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ശശി തരൂര്‍ (തിരുവനന്തപുരം), എം.കെ രാഘവന്‍ (കോഴിക്കോട്), വി.കെ ശ്രീകണ്ഠന്‍ (പാലക്കാട്), രമ്യ ഹരിദാസ്(ആലത്തൂര്‍), രാജ്മോഹൻ ഉണ്ണിത്താൻ (കോസർകോട്) ,രമ്യ ഹരിദാസ്(ആലത്തൂര്‍) എന്നിങ്ങനെയാണ് 13 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ.

നാലിടത്തു തീരുമാനമായില്ല. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചില്ലെന്ന് മുല്ലപ്പളളി പറഞ്ഞു. ഇവിടങ്ങളിൽ പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകും. തര്‍ക്കം മൂലമല്ല മൂന്നിടത്ത് വൈകുന്നത്. കൂടുതല്‍ ചര്‍ച്ച ആവശ്യമായതിനാലാണ്. ഉമ്മന്‍ ചാണ്ടിയുമായി അഭിപ്രായവ്യത്യാസമില്ലെന്നും ചെന്നിത്തല ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. വയനാട്ടില്‍ അഞ്ച് പേരുകള്‍ പരിഗണനയിലുണ്ട്. ആലപ്പുഴയിലും ആറ്റിങ്ങലിലും മൂന്നുവീതം പേരുകളും പരിഗണനയിലുണ്ട്

ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് തനിക്കു സീറ്റ് നിഷേധിച്ചതിൽ ദുഃഖമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.വി തോമസ്. തന്നെ ഒഴിവാക്കിയത് ഞെട്ടലുണ്ടാക്കി.

ഒഴിവാക്കുമെന്ന സൂചനകളൊന്നും നല്‍കിയില്ല. പറയാത്തതിലാണ് ഏറെ ദുഃഖം. എന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി പറയണം. താന്‍ ഒരുഗ്രൂപ്പിന്റെയും ഭാഗമല്ല. പ്രായമായത് തന്റെ തെറ്റല്ല. ആകാശത്തുനിന്ന് പൊട്ടിവീണ ആളല്ല താന്‍. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ സാമൂഹികസേവനവുമായി മുന്നോട്ടുപോകും. ഹൈബിയെ പിന്തുണയ്ക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.

സുഹൃത്തുക്കളുമായി ആലോചിച്ച് തുടര്‍തീരുമാനമെടുക്കുമെന്നും കെ.വി. തോമസ് മാധ്യമങ്ങളോടു പറഞ്ഞു. എറണാകുളത്തു തനിക്കു പകരം ഹൈബി ഈഡനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു കെ.വി. തോമസ്. ഇതിനിടെ കെ.വി. തോമസിനെ അനുനയിപ്പിക്കാന്‍ നീക്കങ്ങൾ തുടങ്ങി. കെ.വി.തോമസ് ഞായറാഴ്ച സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. മന്‍മോഹന്‍ സിങ്ങും മുകുള്‍വാസ്നികും കെ.വി.തോമസുമായി ഫോണില്‍ സംസാരിച്ചു.

പാര്‍ട്ടി ഏല്‍പിച്ച ദൗത്യം ആത്മാര്‍ഥതയോടെ നിറവേറ്റുമെന്ന് എറണാകുളം സ്ഥാനാർഥി ഹൈബി ഈഡന്‍. കെ.വി. തോമസ് പക്വതയുളള നേതാവാണ്. അദേഹം പിന്തുണയ്ക്കും.

കെവി തോമസിന്റെ ഗൈഡന്‍സിന് കീഴിലാകും താന്‍ മല്‍സരിക്കുക. ഹൈക്കമാന്‍ഡ് അദേഹത്തിന് വലിയ ചുമതല നല്‍കുമെന്നും ഹൈബി പറഞ്ഞു. കെ.വി. തോമസിനെ ഒഴിവാക്കിയതല്ലെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. കെ.വി.തോമസിന് പാര്‍ട്ടി വലിയ സ്ഥാനം നല്‍കുമെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേർത്തു.

കാസര്‍കോട് യു.ഡി.എഫിന് ബാലികേറാമലയല്ലെന്ന് കോൺഗ്രസ് സ്ഥാനാർഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. തികഞ്ഞ വിജയപ്രതീക്ഷയാണ് കാസർകോടുള്ളത്. അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തായിരിക്കും മണ്ഡലത്തിൽ. കാസർകോടിനു തന്നെ നന്നായറിയാം. മലബാറിന്റെ സ്നേഹം ആവോളം അനുഭവിച്ച വ്യക്തിയാണ് താൻ. വിജയിച്ച് എംപിയായി താൻ പാർലമെന്റിൽ പോയിരിക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശനം കാസർകോടിനെ ഇളക്കി മറിച്ചിരിക്കുകയാണ്. 50 വർഷത്തെ തന്റെ രാഷ്ട്രീയപ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണിതെന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോടു പറഞ്ഞു.

ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ പ്ലാസ പ്രീമിയം ലോഞ്ചിനെതിരെ പൊലീസ് കേസെടുത്തു. ഇവിടെ ചായ ഉണ്ടാക്കാന്‍ ഉപയോഗിച്ച ചായപ്പൊടി പാക്കറ്റുകള്‍ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ ചായപ്പൊടി ഉപയോഗിച്ചായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ചായ ഉണ്ടാക്കി നല്‍കിയത്.

അനാരോഗ്യകരമായ രീതിയില്‍ ചായ ഉണ്ടാക്കി നല്‍കിയതിന് ഐപിസി 273 പ്രകാരം ആണ് കേസെടുത്തത്. മാര്‍ച്ച് 9ന് ഹൈദരാബാദിലെ ശംഷാദ്ബാദില്‍ റാലിയില്‍ പങ്കെടുക്കാനായാണ് രാഹുല്‍ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. പുറത്തേക്ക് പോവും മുമ്പ് ഇവിടെ വച്ച് ചായ കുടിക്കാനാണ് രാഹുല്‍ തീരുമാനിച്ചത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന തെലങ്കാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി അധികൃതര്‍ പരിശോധന നടത്തുകയായിരുന്നു.

ചായ ഇട്ടു നല്‍കിയെങ്കിലും ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ചായ കുടിച്ചില്ല. ഉടന്‍ തന്നെ ഫൊറന്‍സിക് അധികൃതര്‍ വിമാനത്താവളത്തിലെ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 2018നാണ് കാലാവധി അവസാനിച്ചതെന്നാണ് വിവരം. സംഭവത്തില്‍ കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് 6 മാസം തടവും 1000 രൂപ പിഴയും ഈടാക്കും.

അമേരിക്കയിലെ പ്രശസ്ത റിയാലിറ്റി ഷോയായ ‘ദി വേൾഡ് ബെസ്റ്റി’ൽ ചെന്നൈ സ്വദേശിയായ 13 കാരൻ വിജയിയായി. പിയാനോയിൽ വിസ്മയം തീർത്താണ് ലിഡിയൻ നാദസ്വരം എന്ന കൊച്ചു മിടുക്കൻ ഒരു മില്യൻ യുഎസ് ഡോളർ ( ഏകദേശം 7 കോടി രൂപ) ഒന്നാം സമ്മാനമായി നേടിയത്. കണ്ണുകൾ മൂടിക്കെട്ടിയശേഷം രണ്ടു പിയാനോകൾ ഒരേ സമയം വായിച്ചാണ് ലിഡിയൻ വിധികർത്താക്കളെയും കാണികളെയും ഞെട്ടിച്ചത്.

”കഴിഞ്ഞ നാലു വർഷമായി പിയാനോ പഠിക്കുന്നുണ്ട്. എന്റെ സഹോദരിയിൽനിന്നും അച്ഛനിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പിയാനോ പഠിക്കാൻ തുടങ്ങിയത്. വീട്ടിൽനിന്നും സ്കൂളിൽനിന്നും പ്രോത്സാഹനം ലഭിക്കുന്നത് കൂടുതൽ ശ്രദ്ധയോടെ പിയാനോ പഠിക്കാൻ സഹായകമായി. ലോകത്തിലെ ഏറ്റവും മികച്ച കമ്പോസർ ആകണമെന്നാണ് എന്റെ ആഗ്രഹം,” ലിഡിയൻ പറഞ്ഞു.

ചെന്നൈ ആസ്ഥാനമായ എ.ആര്‍.റഹ്മാന്‍ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎം മ്യൂസിക് കണ്‍സര്‍വേറ്ററിയിലെ വിദ്യാര്‍ഥിയാണ് ലിഡിയൻ.

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും കെ.സി.വേണുഗോപാലും മുല്ലപ്പളളി രാമചന്ദ്രനും മത്സരിക്കില്ല. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും, മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് മുന്നോട്ട് വയ്ക്കാൻ സാധിക്കാത്ത അത്രയും മികച്ച പട്ടികയാണ് കേരളത്തിൽ വരുന്നതെന്നും മുല്ലപ്പളളി പറഞ്ഞു.

കെ.സി.വേണുഗോപാലിന് കേന്ദ്ര നേതൃത്വത്തിൽ തിരക്കുകളുണ്ടെന്നും ഉമ്മൻ ചാണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കേരള രാഷ്ട്രീയത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിൽ ഫാസിസ്റ്റ് ഭരണത്തിനും, സംസ്ഥാനത്ത് ആയിരം ദിവസം പൂർത്തിയാക്കിയ പിണറായി സർക്കാരിന്റെ ദുർഭരണത്തിനും എതിരായാണ് ജനം വോട്ട് ചെയ്യുകയെന്ന് മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു.

വൈകുന്നേരം 6.30 ന് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഉമ്മൻ ചാണ്ടിയെ സ്ഥാനാർത്ഥിയാക്കാൻ അവസാനവട്ട ശ്രമം നടത്തിയെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. സ്ക്രീനിങ് കമ്മിറ്റി ചാണ്ടിയെ ഡൽഹിക്ക് വിളിപ്പിച്ചെങ്കിലും അദ്ദേഹം പോയില്ല. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടി സ്ഥാനാർത്ഥിയാകില്ലെന്ന് ചെന്നിത്തലയും മുല്ലപ്പളളിയും വ്യക്തമാക്കിയത്.

വയനാട് സീറ്റിൽ ടി.സിദ്ദിഖോ, ഷാനിമോൾ ഉസ്മാനോ എന്ന തർക്കം നിലനിൽക്കുകയാണ്. ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ മത്സരിക്കില്ല. ഇടുക്കിയിൽ ജോസഫ് വാഴക്കനോ അല്ലെങ്കിൽ ഡീൻ കുര്യാക്കോസോ സ്ഥാനാർത്ഥിയാകും. എറണാകുളത്ത് കെ.വി.തോമസോ, ഹൈബി ഈഡനോ എന്ന കാര്യത്തിലും തീരുമാനമായില്ല.

പത്തനംതിട്ടയിൽ ആന്റോ ആന്റണി തന്നെയാകും സ്ഥാനാർത്ഥി. ടി.എൻ.പ്രതാപൻ തൃശ്ശൂരിലും ബെന്നി ബെഹനാൻ ചാലക്കുടിയിലും മത്സരിച്ചേക്കും. കണ്ണൂരിൽ കെ.സുധാകരൻ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. വേണുഗോപാലിന്റെ ഒഴിവിൽ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെ പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങലിൽ അടൂര്‍ പ്രകാശാവും സ്ഥാനാർത്ഥി. പാലക്കാട്ട് വി.കെ.ശ്രീകണ്ഠനും ആറ്റിങ്ങലിൽ രമ്യ ഹരിദാസിനുമാണ് സാധ്യത.

കേരളത്തിൽ പ്രായ പൂർത്തിയാവാത്ത അമ്മമാരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ നിലവാരം ഉൾപ്പെടെ ഉയർന്ന് നിൽക്കുന്ന കേരളത്തിൽ 19 വയസ്സിന് താഴെയുള്ള 22,552 അമ്മമാര്‍ ഉണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്ത് വിട്ട സ്റ്റേറ്റ് ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് റിപ്പോർട്ട് 2019 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2017 ലെ വിവരങ്ങൾ പ്രകാരമാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

ഇതുപ്രകാരം 2017ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത പ്രസവങ്ങളില്‍ 4.48 ശതമാനം 15 നും 19 നും ഇടയിലുള്ള പെണ്‍കുട്ടികളാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. നഗര പ്രദേശങ്ങളിൽ 16,639 പ്രസവങ്ങളും, ഗ്രാമങ്ങളിൽ 5,913 പ്രസവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഗ്രാമ പ്രദേശങ്ങളിലെ കണക്കുകള്‍ പ്രകാരം രണ്ടാം പ്രസവത്തിനെത്തിയ 137 പേര്‍‌ 19 വയസിൽ താഴെയുള്ളവരാണ്. ഇതിന് പുറമെ 48 പേർ മൂന്നാം പ്രസവത്തിനും, 37 പേർ നാലാമത്തെ പ്രസവത്തിനുമാണ് എത്തിയതെന്നും കണക്കുകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ തയ്യാറാക്കി റിപ്പോർട്ട് പറയുന്നു.

നഗര പ്രദേങ്ങളിലും ഈ കണക്കുകളിൽ വലിയ മാറ്റമില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 16,639 പേരിൽ 298 പേരാണ് 19 വയസിനിടെ രണ്ടാം പ്രസവത്തിന് എത്തിയിട്ടുള്ളത്. 21 പേർ മുന്നാമത്തെ കുഞ്ഞിന് ജൻമം നൽകിയെന്നും റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് ചെയ്തിട്ടുള്ള 22,552 പേരിൽ 11 അമ്മമാർ 15 വയസിൽ താഴെയുള്ളവരാണെന്നുമാണ് വിവരം.

അതേസമയം, മതപരമായ കണക്കുകൾ പ്രകാരം മുസ്ലീം വിഭാഗങ്ങളിലാണ് 15-19നും പ്രായത്തിനിടയിലുള്ള അമ്മമാർ കുടുതലുള്ളതെന്നും പറയുന്നു. 17,082 പേരാണ് ഈ പ്രായ പരിധിയിൽ പെടുന്നവരുള്ളത്. ഹിന്ദു വിഭാഗത്തിൽ ഇത് 4734 എണ്ണവും ക്രിസ്ത്യൻ വിഭാഗത്തിൽ 702 ഉം പേർ ഉൾപ്പെടുന്നു.

ഇത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ അമ്മമാരായവരിൽ 17,202 പേർ പത്താം ക്ലാസിനും ബിരുദത്തിനും ഇടയിൽ വിദ്യാഭ്യാസം നേടിയവരാണ്. എന്നാൽ 86 പേർ നിരക്ഷരരും, 91 പേർ പ്രാഥമിക വിദ്യാഭ്യാസത്തിൽ ചുവടെയുള്ളവരുമാണെന്നും വ്യക്തമാക്കുമ്പോൾ 3,420 പേർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ തയ്യാറായില്ലെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് സ്ക്രീനിങ് കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. പട്ടിക സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് മുകുള്‍ വാസ്നിക് പറഞ്ഞു. പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍ സമര്‍പിക്കും. ഉമ്മന്‍ചാണ്ടി മല്‍സരിക്കുമോ എന്നതിന് മുകുള്‍ വാസ്നിക് മറുപടി പറഞ്ഞില്ല.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമാക്കി ഉമ്മന്‍ചാണ്ടി ഇന്നത്തെ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നിരുന്നു. വയനാട്ടില്‍ ടി.സിദ്ദിഖിന് സീറ്റ് നല്‍കുന്നതിനെ ഐ ഗ്രൂപ്പ് എതിര്‍ത്തതാണ് പ്രധാനമായും അദ്ദേഹത്തെ ചൊടിപ്പിച്ചത്.

പതിനാറുസീറ്റില്‍ ഏഴിലും അനിശ്ചിതത്വം തന്നെ നിലനില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ആലപ്പുഴ, കാസര്‍കോട്, വയനാട്, വടകര സീറ്റുകളില്‍ ആണ് ആശയക്കുഴപ്പം വന്നത്. എറണാകുളത്തെ സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും.

സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും എന്ന് തന്നെയാണ് സൂചന. വയനാട് സീറ്റിൽ ഷാനി മോൾ ഉസ്മാൻ മൽസരിക്കുമോ എന്നതാണ് ഡൽഹിയിൽ ഉയരുന്ന പ്രധാനചോദ്യം. ഐ ഗ്രൂപ്പ് ഷാനിമോൾക്കു വേണ്ടി ഉറച്ചു നിൽക്കുമ്പോൾ ടി.സിദിഖാണ് എ യുടെ നോമിനി. ചാലക്കുടി ബെന്നി ബഹനാന് നൽകുന്നതിനാൽ വയനാട് കിട്ടിയേ മതിയാകൂ എന്ന് ഐ ഗ്രൂപ്പ്.

ആറ്റിങ്ങലിൽ അടൂർ പ്രകാശും തൃശൂരിൽ ടി.എൻ പ്രതാപനും ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് വി.കെ ശ്രീകണ്ഠനും സീറ്റുറപ്പിച്ചു. വടകരയിൽ മുല്ലപ്പള്ളി ഇല്ലെങ്കിൽ വിദ്യാ ബാലകൃഷ്ണന്റെ പേരിനാണ് മുൻതൂക്കം.

കാസർകോടും ആലപ്പുഴയിലും പത്തനംതിട്ടയിലും ചിത്രം തെളിഞ്ഞിട്ടില്ല. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് തന്നെയാണ് പ്രഥമ പരിഗണന. എറണാകുളത്ത് ഗ്രൂപ്പിനതീതമായി ഹൈബി ഈഡന്റ പേര് നിർദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡിന്‍റേതാകും.

പത്തനംതിട്ട ലോക്സഭാ സീറ്റിനായി ബിജെപിയിൽ പിടിവലി. കേരളം ഉൾപ്പെടെ ആദ്യ മൂന്ന് ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ബിജെപി സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വൈകീട്ട് നാലിന് ഡൽഹിയിൽ ചേരും.
പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകാന്‍ ബിജെപിയില്‍ നേതാക്കളുടെ പോരാട്ടം
കെ.സുരേന്ദ്രന്‍, പി.എസ്.ശ്രീധരന്‍ പിള്ള, എം.ടി.രമേശ് എന്നിവര്‍ രംഗത്ത്

*താല്‍പര്യം അറിയിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചു കഴിഞ്ഞതാണ്. പത്തനംതിട്ടയിൽ കെ സുരേന്ദ്രനാണ് ഏറ്റവുമധികം സാധ്യത. അൽഫോൺസ് കണ്ണന്താനം, എം.ടി രമേശ്, പി എസ് ശ്രീധരൻപിള്ള വരും പത്തനംതിട്ടയ്ക്കായി കച്ചമുറുക്കി നിൽക്കുന്നു.
ശ്രീധരൻ പിള്ള മിക്കവാറും പുറത്തായേക്കും. തുഷാർ വെള്ളാപ്പള്ളി മൽസരിക്കില്ലെങ്കിൽ തൃശൂരിൽ ടോം വടക്കന് സാധ്യത തെളിയും. വടക്കന്റ പേര് സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിലില്ല. നിർബന്ധിച്ചാൽ മൽസരിക്കാമെന്ന നിലപാടിലാണ് സുരേഷ് ഗോപി. പാലക്കാട് ശോഭ സുരേന്ദ്രൻ, സി കൃഷ്ണകുമാർ, ആറ്റിങ്ങൽ പി കെ കൃഷ്ണദാസ്, ആലപ്പുഴയിൽ കെ എസ് രാധാകൃഷ്ണനോ, ബി ഗോപാലകൃഷ്ണനോ മൽസരിച്ചേക്കും.

 

മലപ്പുറം: പൊന്നാനിയില്‍ പിതാവ് പൊള്ളലേറ്റു മരിച്ച കേസില്‍ അറസ്റ്റിലായ മകനെ കോടതി റിമാന്‍ഡ് ചെയ്തു. പൊന്നാനി ഈശ്വരമംഗലം കോട്ടത്തറ സ്വദേശി മാമ്പ്ര നാരായണന്‍(65) പൊള്ളലേറ്റ് മരിച്ച കേസില്‍ മകന്‍ വിനോദി (27)നെയാണ് പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.ഒരാഴ്ച മുമ്പാണ് മരണത്തിനാസ്പദമായ സംഭവം.

മദ്യപിച്ച് വീട്ടിലെത്തിയ മകന്‍ പിതാവ് കിടക്കുന്നതിനടുത്തുള്ള വസ്ത്രങ്ങളും പുതപ്പും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. വര്‍ഷങ്ങളായി കിടപ്പിലായ നാരായണന്റെ ദേഹത്തേക്കും തീ പടര്‍ന്നു. കിടപ്പിലായതിനാല്‍ ഇയാള്‍ക്ക് രക്ഷപ്പെടാനും കഴിഞ്ഞില്ല. ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച നാരായണനെ പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് നാരായണന്‍ മരണത്തിന് കീഴടങ്ങിയത്.

ന്യൂഡല്‍ഹി: ബി.ജെ.പി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. ഇരുപാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് കമ്മറ്റി യോഗങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയാണ് കൈകൊള്ളുക. ഹൈക്കമാന്റ് സമ്മര്‍ദ്ദമില്ലെങ്കില്‍ കേരളത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതുള്ളുവെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളുടെ നിലപാട്.

വടകര, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്താന്‍ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. വടകര,വയനാട്, എറണാകുളം, ഇടുക്കി ,പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധരണയിലെത്താന്‍ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. നേരത്തെ പത്തനംതിട്ടയില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഉമ്മന്‍ ചാണ്ടി മത്സരിച്ചില്ലെങ്കില്‍ പകരം ആന്റോ ആന്റണി സ്ഥാനാര്‍ത്ഥിയാകും. ആലപ്പുഴയില്‍ കെ.സി വേണുഗോപാലിന് പകരം ഷാനി മോള്‍ ഉസ്മാനെയോ അടൂര്‍ പ്രകാശിനെയോ പാര്‍ട്ടി പരിഗണിക്കാനാവും സാധ്യത. വയനാട്ടില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കണമെന്ന് നേതൃത്വത്തിന്റെ ആവശ്യം. വേണുഗോപാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വടകരയില്‍ മുല്ലപ്പള്ളി മത്സരിക്കില്ലെങ്കില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായേക്കും. പി. ജയരാജനെതിരെ ശക്തമായ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് കെ.കെ രമയെ കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. എറണാകുളത്ത് സിറ്റിംഗ് എം.പി കെ.വി തോമസിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. പി. രാജീവിനെതിരെ ഹൈബി ഈഡനെ ഇറക്കണമെന്ന് ജില്ലാ കമ്മറ്റിയിലെ ചിലര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇടുക്കിയില്‍ പിജെ ജോസഫിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തിലും കൃത്യമായി തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കാനെത്തിയതോടെ പത്തനംതിട്ട സീറ്റിന് വേണ്ടി ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ പത്തനംതിട്ട സീറ്റിനായി പാര്‍ട്ടിക്കുള്ളില്‍ മത്സരം നടത്തുകയാണെന്ന് അഭ്യൂഹങ്ങളുണ്ട്. ശോഭാ സുരേന്ദ്രനെയോ സി. കൃഷ്ണകുമാറിനെയോ മത്സരിപ്പിക്കാനാവും കേന്ദ്ര നേതൃത്വം ശ്രമം നടത്തുക. അതേസമയം തൃശൂരില്‍ ടോം വടക്കന്‍ മത്സരിക്കാനും സാധ്യതയുണ്ട്.

Copyright © . All rights reserved