India

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി. പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നതായും പരാതിക്കാരി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചതെന്ന കാര്യങ്ങളടക്കം കള്ളമാണെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി.

”ഭര്‍ത്താവ് രാഹുലിനെതിരെ മാധ്യമങ്ങളിലൂടെ മോശമായ കാര്യങ്ങള്‍ പറയേണ്ടി വന്നതില്‍ കുറ്റബോധം തോന്നുന്നു. എനിക്ക് നുണ പറയാന്‍ താല്പര്യമില്ലെന്ന് ബന്ധുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നു. പക്ഷേ, വീട്ടുകാര്‍ എന്നോട് ഈ രീതിയില്‍ പറയണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയേണ്ടി വന്നത്. സ്ത്രീധനത്തിന്റെ കാര്യവും സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചത് എന്നും ബെല്‍റ്റവച്ച് അടിച്ചതും ചാര്‍ജറിന്റെ കേബിള്‍ വച്ച് കഴുത്ത് മുറുക്കിയെന്നതും കള്ളമാണ്. ഈ രീതിയില്‍ പറഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ എന്നോട് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. ആ സമയത്ത് ഭയന്ന് മനസ്സില്ലാ മനസ്സോടെയാണ് ഈ കാര്യങ്ങളെല്ലാം പറയേണ്ടി വന്നത്.

ഞാന്‍ പറഞ്ഞതെല്ലാം നുണകളാണ്. അതില്‍ കുറ്റബോധം തോന്നുന്നു. രാഹുല്‍ നേരത്തെ വിവാഹിതനാണെന്ന കാര്യവും എനിക്ക് അറിയാമായിരുന്നു. രാഹുലുമായുള്ള വിവാഹം മുടങ്ങിപ്പോകുമോ എന്ന് കരുതി ഈ കാര്യം താനാണ് വീട്ടില്‍ അറിയിക്കാതിരുന്നത്”- യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.

വിവാഹമോചനം ലഭിക്കാത്തതിനാല്‍ വിവാഹം നടത്തേണ്ട എന്ന് രാഹുല്‍ പറഞ്ഞിരുന്നു. താനാണ് നിശ്ചയിച്ച തീയതിക്ക് വിവാഹം നടത്താന്‍ നിര്‍ബന്ധിച്ചത്. 150 പവനും കാറും ചോദിച്ചെന്ന ആരോപണം തെറ്റാണ്. വിവാഹമോതിരവും വസ്ത്രങ്ങളും വിവാഹത്തിന്റെ ഏറെക്കുറെ ചെലവും വഹിച്ചത് രാഹുല്‍ തന്നെയാണ്. രാഹുല്‍ തന്നെ മര്‍ദ്ദിച്ചു എന്നത് ശരിയാണ്. അതൊരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ്. രണ്ടുപ്രാവശ്യമാണ് തല്ലിയത്. തുടര്‍ന്ന് താന്‍ കരഞ്ഞ് ബാത്ത്‌റൂമില്‍ പോയപ്പോള്‍ അവിടെ വീണു. അങ്ങനെയാണ് പരിക്ക് പറ്റിയതെന്നും യുവതി വെളിപ്പെടുത്തി.

ഇക്കാര്യം ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടറോട് പറയുകയും ചികിത്സയ്ക്ക് ശേഷമാണ് തിരികെ വീട്ടിലേക്ക് വരികയും ചെയ്തത്. തന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ് സംസാരിച്ചു രണ്ടുപേരും കോംപ്രമൈസ് ചെയ്തു. മാട്രിമോണി അക്കൗണ്ടില്‍ പരിചയപ്പെട്ട ഒരാളുടെ ഫോണ്‍ കോളുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. ഇത് കണ്ട തെറ്റിദ്ധാരണയിലാണ് രാഹുലുമായി തര്‍ക്കം ഉണ്ടായത.് കേസിന് ബലം കിട്ടാന്‍ വേണ്ടിയാണ് വക്കീല്‍ പറഞ്ഞത് അനുസരിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്.

രാഹുലിന്റെ വീട്ടില്‍നിന്ന് പോകാന്‍ താല്പര്യമുണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷനിലും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍, രാഹുലിന്റെ കൂടെ പോയാല്‍ രക്ഷിതാക്കള്‍ പിന്നെ ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് സ്വന്തം വീട്ടിലേക്ക് പോയതെന്നും യുവതി വിശദീകരിച്ചു.

അടുത്ത നിയമസഭാ ഇലക്ഷനിൽ 20 ലധികം സീറ്റുകൾ നേടുക. കേരളത്തിൽനിന്ന് സുരേഷ് ഗോപിയേയും ജോർജ് കുര്യനെയും മന്ത്രിമാരാക്കുന്നതിലൂടെ ബിജെപി നേതൃത്വം ഇതാണ് ലക്ഷ്യം വെക്കുന്നത്. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഗ്യാരന്റി. എന്നാല്‍ ജോര്‍ജ് കുര്യന്റെ നിയോഗം ഏവരെയും അമ്പരപ്പിച്ചു. ബി.ജെ.പി രാഷ്ട്രീയത്തിലെ നിശബ്ദ സാന്നിധ്യമായിരുന്ന ജോര്‍ജ് കുര്യനും താരത്തിളക്കത്തില്‍ സുരേഷ് ഗോപിയും ചേരുമ്പോള്‍ വ്യത്യസ്ത കൂട്ടുകെട്ടിലൂടെ പുതിയ വോട്ടുബാങ്കുകളിലേക്ക് കടന്നുചെല്ലാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി കേന്ദ്രനേതൃത്വം.

ബി.ജെ.പിയുടെ കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ് ജോര്‍ജ് കുര്യന്‍. 40 വര്‍ഷമായി പാര്‍ട്ടിക്കൊപ്പം ഉയര്‍ച്ച താഴ്ചകളില്‍ നിഴലുപോലെ വിവാദങ്ങളില്‍ നിന്നകന്ന് അദ്ദേഹമുണ്ട്. കേരളത്തിലെ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളവര്‍ ബി.ജെ.പിയോട് അകലംപാലിച്ചിരുന്ന കാലത്ത് ഒപ്പംചേര്‍ന്ന ജോര്‍ജ് കുര്യനെ മന്ത്രിയാക്കിയതിലൂടെ വ്യക്തമായ സന്ദേശം അണികള്‍ക്കും നേതാക്കള്‍ക്കും നല്കാന്‍ നേതൃത്വത്തിന് സാധിച്ചു, ആത്മാര്‍ത്ഥയോടെ ഒപ്പംനിന്നാല്‍ പാര്‍ട്ടി അതിനു പ്രതിഫലം നല്കുമെന്ന്.

ജോര്‍ജിന്റെ മന്ത്രിസ്ഥാനത്തിലൂടെ ഒന്നിലേറെ കാര്യങ്ങളാണ് ബി.ജെ.പി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. അതിലേറ്റവും പ്രധാനം അവരുടെ ദീര്‍ഘകാല രാഷ്ട്രീയ ലക്ഷ്യത്തിലേക്കുള്ള വിത്തുപാകുകയെന്നതാണ്. തൃശൂരില്‍ സുരേഷ് ഗോപിയുടെ ജയത്തില്‍ ക്രൈസ്തവ വോട്ടുകളുടെ വലിയ ഒഴുക്കുണ്ടായെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. ഹിന്ദു+ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിച്ചാല്‍ ഭാവിയില്‍ വലിയ ലക്ഷ്യങ്ങളിലേക്ക് എത്താമെന്ന് അവര്‍ കരുതുന്നു.

ക്രൈസ്തവര്‍ ഏറെയുള്ള ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടി അധികാരത്തിലുണ്ട്. ഈ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിക്കാണ് കിട്ടുന്നതും. ഇതേ തന്ത്രം കേരളത്തിലും വിജയത്തിലെത്തിയാല്‍ പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്ക് വളരാമെന്ന് അമിത് ഷായും മോദിയും കണക്കുകൂട്ടുന്നു.

കേരളത്തിലെ സഭാനേതൃത്വവുമായി ജോര്‍ജ് കുര്യന് അടുത്ത ബന്ധമുണ്ട്. മാറിയ കാലഘട്ടത്തില്‍ ജോര്‍ജിന്റെ വരവ് ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ഇടയാക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതീക്ഷ.

സിനിമ തിരക്കുകള്‍ മൂലം മന്ത്രിസ്ഥാനത്തിനായി കുറച്ചുകൂടി സമയം നല്‍കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. മോദിയോ അമിത്ഷായോ അത് ചെവിക്കൊണ്ടില്ല. കേന്ദ്രമന്ത്രിയാക്കാമെന്ന ഉറപ്പില്‍ തൃശൂരുകാര്‍ നല്‍കിയ ജനവിധിയെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നതാണ് ഇതിനു കാരണം. സുരേഷ് ഗോപിയുടെ ശ്രമഫലമായി കേന്ദ്ര പദ്ധതികളും ഫണ്ടുകളും കേരളത്തിന് കൂടുതല്‍ കിട്ടുന്നുവെന്ന പ്രതീതി ഉണ്ടാക്കിയെടുക്കാന്‍ ബി.ജെ.പി ശ്രമിക്കും.

ഗുജറാത്ത് മോഡലിനെ അവതരിപ്പിച്ച് രാജ്യംപിടിച്ച മോദിയുടെ ശൈലി തൃശൂരിലേക്ക് പകര്‍ത്താനാകും അവര്‍ ശ്രമിക്കുക. കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലേക്കും ഈ പ്രചരണം വ്യാപകമായി എത്തിക്കാന്‍ സാധിച്ചാല്‍ ബി.ജെ.പിക്കത് വരും തിരഞ്ഞെടുപ്പുകളില്‍ വലിയ നേട്ടം സമ്മാനിക്കും.

കേന്ദ്രമന്ത്രിയെന്ന നിലയില്‍ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും കൂടുതല്‍ പദ്ധതികള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. റെയില്‍വേ, റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയിലെല്ലാം കൃത്യമായ ഇടപെടലുകള്‍ക്ക് കഴിയുന്ന നേതാക്കളാണ് ഇരുവരും. കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം രണ്ടുപേര്‍ക്കും ഉണ്ടെന്നതും വിസ്മരിച്ചുകൂടാ

കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമം മാറുന്നു. ഈ മാസം 10 മുതലാണ് മംഗളൂരു റെയില്‍വേ റീജനു കീഴിലുള്ള വിവിധ ട്രെയിനുകളുടെ സമയം മാറുന്നത്. കൊങ്കണ്‍ വഴി വിവിധ സ്റ്റേഷനുകളില്‍ എത്തുന്നതും പുറപ്പെടുന്നതുമായ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ട്. ഒക്ടോബര്‍ 31 വരെയാണ് പുതിയ സമയ ക്രമം.

മണ്‍സൂണ്‍ സമയക്രമം നിലവില്‍ വരും മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ പുതിയ സമയക്രം നോക്കണമെന്ന് റെയില്‍വേ അറിയിച്ചു.

പ്രധാന ട്രെയിനുകളുടെ സമയമാറ്റം ഇങ്ങനെ

എറണാകുളം ജംഗ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617) രാവിലെ 10.30ന് പുറപ്പെട്ട് മംഗളൂരു ജംഗ്ഷനില്‍ വൈകിട്ട് 6.55ന് എത്തിച്ചേരും. രാവിലെ 10.40നുള്ള എറണാകുളം-മഡ്‌ഗോവ സൂപ്പര്‍ഫാസ്റ്റ് (10216) ഉച്ചയ്ക്ക് 1.25നാകും യാത്ര തുടങ്ങുക.

രാവിലെ 5.15ന് പുറപ്പെടുന്ന എറണാകുളം ജംഗ്ഷന്‍-പൂണെ ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് (22149), എറണാകുളം ജംഗ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (22655) എന്നീ ട്രെയിനുകള്‍ പുലര്‍ച്ചെ 2.15നാകും സര്‍വീസ് ആരംഭിക്കുക.

കൊച്ചുവേളി വഴിയുള്ളവ

കൊച്ചുവേളി-യോഗ് നഗരി ഋഷികേശ് സൂപ്പര്‍ഫാസ്റ്റ് (22659), കൊച്ചുവേളി-ചണ്ഡിഗഡ് കേരള സമ്പര്‍ക്ക്ക്രാന്ത്രി (12217), കൊച്ചുവേളി-അമൃത്സർ സൂപ്പര്‍ ഫാസ്റ്റ് (12483) എന്നിവ രാവിലെ 9.10ന് പകരം പുലര്‍ച്ചെ 4.50ന് പുറപ്പെടും.

കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്‌സ്പ്രസ് (12202) 9.10ന് പകരം 7.45ന് പുറപ്പെടും.

എട്ട് മണിയ്ക്ക് പുറപ്പെട്ടിരുന്ന തിരുനല്‍വേലി ഹാപ്പ എക്‌സ്പ്രസ്(19577), തിരുനെല്‍വേലി ഗാന്ധിധാം ഹസഫര്‍ എക്‌സ്പ്രസ് (20923) എന്നിവ 5.15നായിരിക്കും പുറപ്പെടുക.

രാവില 11.15ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-ഇന്‍ഡോര്‍ (20931), കൊച്ചുവേളി-പോര്‍ബന്ദര്‍ (20909) എന്നിവ 9.10നും ഉച്ചയ്ക്ക് 1.25നുള്ള എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617) രാവിലെ 10.30നും പുറപ്പെടും.

രാവിലെ 10.40നുള്ള എറണാകുളം-മഡ്‌ഗോവ സൂപ്പര്‍ഫാസ്റ്റ് (10216) ഉച്ചയ്ക്ക് 1.25നാകും സര്‍വീസ് തുടങ്ങുക.

തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് (12431) വൈകിട്ട് 7.15ന് പകരം ഉച്ചയക്ക് 2.40ന് പുറപ്പെടും. രാത്രി 8.25നുള്ള എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ് (12977) വൈകിട്ട് 6.50നും വൈകിട്ട് 7.30ന് ആരംഭിക്കുന്ന മഡ്‌ഗോവ-എറണാകുളം എക്‌സ്പ്രസ് (10215) സര്‍വീസ് രാത്രി ഒമ്പതുമണിക്കുമാകും ആരംഭിക്കുക. പുലര്‍ച്ചെ 12.50ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍- ഹസ്രത്ത് നിസാമുദ്ദീന്‍ (22653) സൂപ്പര്‍ഫാസ്റ്റ് രാത്രി 10 മണിക്ക് സര്‍വീസ് ആരംഭിക്കും.

മുംബൈ എല്‍.ടി.ടി നേത്രാവതി എക്‌സ്പ്രസ് മംഗളൂരു ജംഗ്ഷനില്‍ 9.30ന് എത്തും. മുംബൈ എല്‍.ടി.ടി-തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്‌സ്പ്രസ് മംഗളൂരു ജംഗ്ഷനില്‍ പുലര്‍ച്ചെ 5.50ന് എത്തിച്ചേരും.

മംഗളൂരു സെന്‍ട്രല്‍-മുംബൈ എല്‍.ടി.ടി മത്സ്യഗന്ധ എക്‌സ്പ്രസ് (1260) മംഗളൂരു സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 12.45നായിരിക്കും ജൂണ്‍ 10 മുതല്‍ പുറപ്പെടുക. നിലവില്‍ ഉച്ചയ്ക്ക് 2.20നാണ് ട്രെയിന്‍ പുറപ്പെടുന്നത്. രാവിലെ 7.40ന് മംഗളൂരു സെന്‍ട്രലില്‍ എത്തിയിരുന്ന ട്രെയിന്‍ ഇനി രാവിലെ 10.10നായിരിക്കും എത്തുകയെന്നും ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള പാലക്കാട് ഡിവിഷന്‍ അറിയിച്ചു.

മുംബൈ സി.എസ്.ടി (12134) മംഗളൂരു ജംഗ്ഷനില്‍ നിന്ന് വൈകിട്ട് 4.35നാണ് സര്‍വീസ് തുടങ്ങുക. നിലവില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സര്‍വീസ്.

മംഗളൂരു സെന്‍ട്രല്‍-മഡ്‌ഗോവ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. മഡ്‌ഗോവയില്‍ ഒരു മണിക്കൂര്‍ മുന്‍പായി 2.25ന് എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 06601 മഡ്‌ഗോവയില്‍ നിന്ന് ഉച്ചയ്ക്ക് 50 മിനിറ്റ് വൈകി മൂന്ന് മണിക്കാകും പുറപ്പെടുക. മാംഗളൂരു സെന്‍ട്രലില്‍ 11.55ന് എത്തിച്ചേരും.

മഡ്‌ഗോവയില്‍ നിന്ന് 4 മണിക്ക് സര്‍വീസ് നടത്തിയിരുന്ന മഡ്‌ഗോവ-മംഗളൂരു സെന്‍ട്രല്‍ മെമു(10107) വെളുപ്പിന് 4.40നായിരിക്കും. മംഗളൂരു സെന്‍ട്രലില്‍ 12.30ന് എത്തും. ട്രെയിന്‍ നമ്പര്‍- 10108 മംഗളൂരു സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 3.30ന് പുറപ്പെട്ട് 11 മണിക്ക് മഡ്‌ഗോവയിലെത്തും.

മറ്റു ട്രെയിനുകളുടെ പുതിയ സമയക്രമം അറിയാന്‍ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം (NTES) പരിശോധിക്കുക.

കേരളത്തിൻറെ ഇന്നോളമുള്ള ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിജെപി എംപി ജയിക്കുന്നത്. അത് ബിജെപി എന്ന പാർട്ടിയെക്കാളും സുരേഷ് ഗോപി എന്ന വ്യക്തിയുടെ വിജയം കൂടിയായിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെ പലപ്രാവശ്യം വന്ന് കാടിളക്കി പ്രചാരണം നടത്തിയപ്പോൾ പറഞ്ഞ പ്രധാന വാഗ്ദാനം ജയിച്ചാൽ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിസ്ഥാനം എന്നതായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളും തകിടം മറിച്ച് കേരള ബിജെപിയ്ക്കും സുരേഷ് ഗോപിയ്ക്കും കേരളജനതയ്ക്കും സഹമന്ത്രി സ്ഥാനം കൊണ്ട് തൃപ്തരാകേണ്ടി വന്നത് വരും ദിവസങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെക്കും എന്നാണ് കരുതപ്പെടുന്നത്.

ഇതിനിടെ പ്രതീക്ഷിച്ച മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിനാൽ മുൻമന്ത്രിയും തിരുവനന്തപുരത്തു നിന്ന് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ കടുത്ത അസംതൃപ്തിയിലാണെന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു. പൊതുജീവിതം അവസാനിപ്പിക്കുന്നതായി കാണിച്ച് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത് പിൻവലിച്ച മെസ്സേജ് ആണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരെഞ്ഞെടുപ്പിൽ മൂന്നാം വിജയം കൈവരിച്ചപ്പോൾ വിജയപ്രസം​ഗത്തിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നതിനെ പറ്റി പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. സുരേഷ് ​ഗോപിയുടെ പേര് പറയാതെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതോടെ ക്യാബിനെറ്റ് പദവിയോടെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷകൾ ആയിരുന്നു അണികൾക്ക്.

പുറമേ പ്രകടിപ്പിക്കാൻ ഇല്ലെങ്കിലും കേന്ദ്രമന്ത്രിസഭയില്‍ അർഹമായ പരിഗണന ലഭിക്കാതെ പോയതില്‍ സുരേഷ് ഗോപിയും അതൃപ്തനാണ്. തൃശ്ശൂരില്‍ മിന്നും വിജയം നേടി ബിജെപി കേരളത്തില്‍ ലോക്‌സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തിയുള്ളത്. മോദിയോട് അടുത്ത ബന്ധം പുലർത്തുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു.

എന്നാല്‍ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്. ഒപ്പം സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയായി ജോർജ് കുര്യനും സഹ മന്ത്രിസ്ഥാനം ലഭിച്ചു. തൃശ്ശൂരില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും തറപറ്റിച്ച്‌ നേടിയ വിജയത്തിന്റെ മാധുര്യത്തില്‍ കല്ലുകടിയാകുകയാണ് സുരേഷ് ഗോപിയുടെ അതൃപ്തി.

അതേസമയം സുരേഷ് ഗോപി സാംസ്‌കാരിക മന്ത്രാലയത്തിലേക്കെന്ന് സൂചന. ജോർജ് കുര്യന് വിദേശകാര്യമോ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി സ്ഥാനമോ കിട്ടിയേക്കും. സിനിമയില്‍ അഭിനയിക്കാൻ ഉള്ള സൗകര്യം കണക്കില്‍ എടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നല്‍കിയതെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം.

നേരത്തെ തന്നെ സിനിമയുടെ തിരക്കുകള്‍ താരം കേന്ദ്രനേതൃത്വത്തെ ബോധിപ്പിച്ചിരുന്നു. ഇന്നലെയാണ് രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സുരേഷ് ഗോപിയും, ജോർജ്ജ് കുര്യനും സത്യവാചകം ചൊല്ലി അധികാരമേറ്റത്.

തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്ര മോദി. രാഷ്ട്രപതിഭവനില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിലാണ് രാത്രി 7.22ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.ബിജെപിയില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നുമായി 72 പേരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ മന്ത്രിസഭയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിധിന്‍ ഗഡ്കരി, ജെ.പി നദ്ദ, ശിവരാജ് സിംഗ് ചൗഹാന്‍, നിര്‍മ്മലാ സീതാരാമന്‍, എസ് ജയശങ്കര്‍, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നീ പ്രധാനപ്പെട്ട നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്തു. ഘടകകക്ഷികളില്‍ നിന്ന് ജെഡിഎസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയും സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്ന് തൃശൂര്‍ എം.പി സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരാണ് മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

അതേസമയം ഘടകകക്ഷികളില്‍ അജിത് പവാറിന്റെ എന്‍സിപി മന്ത്രിസഭയിലേക്കുള്ള ക്ഷണം നിരസിച്ച് പ്രതിഷേധസൂചകമായി വിട്ട് നില്‍ക്കുകയാണ്. കേന്ദ്ര മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് അജിത് പവാര്‍ വിഭാഗത്തിന്റെ നടപടി. പ്രഫുല്‍ പട്ടേല്‍ സഹമന്ത്രിയാകുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയുന്നതോ അംഗീകരിക്കാന്‍ കഴിയുന്ന കാര്യമോ അല്ലെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അജിത് പവാര്‍ പ്രതികരിച്ചു.കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരെല്ലാം തന്നെ മൂന്നാം മന്ത്രിസഭയിലും ഉള്‍പ്പെടുന്നുണ്ട്.

അതേസമയം ആരൊക്കെ ഏതൊക്കെ വകുപ്പുകള്‍ കൈകാര്യം ചെയ്യും എന്ന കാര്യത്തില്‍ ഒരു സൂചനയും പുറത്ത് വന്നിട്ടില്ല. ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം, ധനകാര്യം എന്നീ പ്രധാനപ്പെട്ട വകുപ്പുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് ബിജെപിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേന്ദ്ര പ്രത്യേക കര്‍മ്മപദ്ധതിയുമായി മുന്നോട്ട് പോകുന്ന റെയില്‍വേ വകുപ്പിലും അശ്വിനി വൈഷ്ണവ് തന്നെ എത്താനാണ് സാദ്ധ്യത.

ആലപ്പുഴ മാന്നാറില്‍ ഭർത്താവിനോടുള്ള വിരോധത്താല്‍ ഒരു വയസ്സുകാരനെ ക്രൂരമായി മർദിച്ച അമ്മ കസ്റ്റഡിയില്‍.കുട്ടംപേരൂർ സ്വദേശിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മർദിച്ചത്. തന്നെയും കുഞ്ഞിനെയും ഭർത്താവ് നോക്കുന്നില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ മർദിച്ചതെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി. വിദേശത്തുള്ള ഭർത്താവിന് കുഞ്ഞിനെ മർദിക്കുന്ന വിഡിയോ അയച്ച്‌ നല്‍കിയിരുന്നു.

ഇയാളുടെ നാലാമത്തെ ഭാര്യയാണ് യുവതി. മറ്റൊരാളെക്കൂടി വിവാഹം ചെയ്തതിന് ശേഷമാണ് ഇയാള്‍ വിദേശത്തേക്ക് പോയതെന്നാണ് വിവരം. ഇതിന്റെ വൈരാഗ്യത്താലാണ് കുഞ്ഞിനെ മർദ്ദിച്ചതെന്നാണ് വിവരം. കുഞ്ഞിനെ മർദിച്ച സംഭവത്തില്‍ യുവതിയെ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് മനസാക്ഷിയെ നടുക്കുന്ന ദാരുണസംഭവം നടന്നത്. മാന്നാർ സ്വദേശിനിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചതിന് ശേഷം ദൃശ്യങ്ങള്‍ കുഞ്ഞിന്റെ അച്ഛന് അയച്ചുകൊടുത്തത്. തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും അതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു.

മർദന ദൃശ്യങ്ങള്‍ അമ്മ തന്നെ മൊബൈല്‍ ഫോണില്‍ പകർത്തി കുഞ്ഞിന്റെ അച്ഛന് അയച്ചുനല്‍കുകയായിരുന്നു. കുട്ടംപേരൂർ സ്വദേശിനിയായ യുവതിയാണ് ഒരുവയസ്സുള്ള മകനെ നിരന്തരം മർദിച്ചത്. ‘ദേണ്ടേ കാണ്, കണ്ട് രസിക്ക്’ എന്നുപറഞ്ഞ് യുവതി കുഞ്ഞിനെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അടിയേറ്റ് നിർത്താതെ കരയുന്ന കുഞ്ഞിനെ ഇവർ വീണ്ടും വീണ്ടും മർദിക്കുന്നതും ദൃശ്യങ്ങിലുണ്ട്.

”നിന്റെ നക്കാപ്പിച്ചയ്ക്കും നീ എന്നോട് കാണിക്കുന്ന നന്ദിക്കും നിന്റെ മോനെ ഇങ്ങനയെ നോക്കാൻ പറ്റത്തുള്ളൂവടാ. നീ കൊണ്ട് കേസ് കൊടുക്ക്, നീ കേസ് കൊടുക്കണം, നീ ആയിട്ട് കേസിന് പോണം. എനിക്ക് അതാണ് ആവശ്യം” ഇങ്ങനെ പറഞ്ഞാണ് യുവതിയുടെ മർദനം.

സംഭവം പുറത്തറിഞ്ഞതോടെ യുവതിയെ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ട്. അതേസമയം, ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ കുഞ്ഞ് ബന്ധുക്കളുടെ സംരക്ഷണയിലാണെന്നുമാണ് വിവരം.

തിരുവനന്തപുരം സ്വദേശിയായ യുവാവാണ് പ്രതിയായ യുവതിയുടെ ഭർത്താവ്. ഇരുവരുടെയും പുനർവിവാഹമായിരുന്നു. ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് യുവതി പൊതിരെത്തല്ലിയത്. ഇതിനിടെ യുവാവ് അടുത്തിടെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നതായാണ് വിവരം. ഇതിന്റെ പകയിലാണ് യുവതി കുഞ്ഞിനെ മർദിച്ചതെന്നും പൊലീസ് പറയുന്നു.

അങ്കമാലിയിൽ നാലം​ഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വില്ലനായത് എസിയെന്ന് നി​ഗമനം. എസിയിൽ നിന്നുള്ള ​ഗ്യാസ് ലീക്കാണ് തീപിടുത്തത്തിനുള്ള കാരണം എന്നാണ് കരുതുന്നത്. കൂടാതെ മുറിയിലെ വയറിങ്ങിലും ചി പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട് നൽകും.

എസിയിൽ നിന്നുള്ള വിഷപുക ശ്വസിച്ച് ബോധം പോയതിനാലാണ് രക്ഷപെടാൻ സാധിക്കാതിരുന്നതെന്നാണ് വിലയിരുത്തൽ. മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ശരീരത്തിൽ കെമിക്കലുകളുടെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കാൻ സ്കിൻ സാമ്പിൾ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

വ്യവസായിയായ ബിനീഷ് കുര്യന്‍, ഭാര്യ അനു, മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു ദമ്പതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. ഈ മുറിയില്‍ മാത്രമാണ് തീപിടിത്തം ഉണ്ടായത്. ആധുനിക സൗകര്യങ്ങളോട് കൂടിയ വീടായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത കുറവാണ്. മുറിയില്‍ എസി പ്രവര്‍ത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനത്തിലെത്തിയത്.

ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര, അയ്മനം, വെച്ചൂർ ഗ്രാമപഞ്ചായത്തുകളിൽ താറാവ്, കോഴി, കാട, വളർത്തു പക്ഷികൾ എന്നിവയുടെ വിൽപനയ്ക്ക് വിലക്ക്.

പക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിപണനവും നീക്കവും ജൂൺ 12 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിറക്കി. മുൻകരുതലുകൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. പോലീസ്, ആർ.ടി.ഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനകളും നടത്തും.

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ നരേന്ദ്രമോദിയെ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു പിന്നാലെയാണിത്. മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് മോദിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് രാഷ്ട്രപതി ക്ഷണിച്ചത്. ജൂൺ 09 ന് വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.

ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ തുടങ്ങിയവരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും മോദി രാഷ്ട്രപതിക്ക് കൈമാറി. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ എന്‍ഡിഎയിലെ മറ്റു ഘടകകക്ഷികളുടെ പിന്തുണയോടെ മാത്രമേ ബിജെപിക്ക് സര്‍ക്കാര്‍ രൂപവത്കരണം സാധ്യമാകൂ. മോദിയെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തെ ചന്ദ്ര ബാബു നായിഡുവും നിതീഷ് കുമാറും പിന്തുണച്ചു.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദിയെ നേതാവായി തിരഞ്ഞെടുത്തത്. ഐകകണ്‌ഠ്യേന നേതാവായി തിരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ ഏറെ ഭാഗ്യവാനാണെന്ന് മോദി പറഞ്ഞു. രാജ്യം ഭരിക്കാന്‍ സമവായം ആവശ്യമാണെന്നും യോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.

എന്‍ഡിഎ എന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സഖ്യമാണെന്നും പത്തുവര്‍ഷക്കാലം മികച്ച ഭരണം എങ്ങിനെയെന്ന് രാജ്യം കണ്ടെന്നും ഇന്ത്യയെ ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യമെന്നും നരേന്ദ്രമോദി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷം മന്ത്രിസഭയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ക്കായി വിളിച്ചു ചേര്‍ത്ത എന്‍ഡിഎ യോഗത്തില്‍ നയം വ്യക്തമാക്കി.

കേരളത്തിൽ വീണ്ടും മഴ അതിശക്തമാവുകയാണ്.വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

അതെസമയം നാളെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 09-06-2024ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിളും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനൽ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകൾ അപകടകാരികളാണെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്

RECENT POSTS
Copyright © . All rights reserved