അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വിമ്മിങ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളിലാണ് അസുഖം കൂടുതലായി ബാധിച്ച് കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശങ്ങള്‍. സ്വിമ്മിങ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടി ഡോ. വേണു വി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍ തുങ്ങിയവര്‍ പങ്കെടുത്തു.
തൃശൂര്‍ മടക്കത്തറയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ 310 പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലാ കളക്ടറിന്റെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്.
തുടര്‍ന്ന് പ്രാഥമിക അണുനശീകരണ നടപടികളും സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നിമാംസം വിതരണം ചെയ്യല്‍, ഇത്തരം കടകളുടെ പ്രവര്‍ത്തനം, പന്നികള്‍, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതിനും വിലക്കുണ്ട്. രോഗം സ്ഥിരീകരിച്ച പന്നിഫാമില്‍ നിന്നും മറ്റു ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടുമാസത്തില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. തൃശൂരിലേക്കോ ജില്ലയില്‍ നിന്ന് പുറത്തേക്കോ പന്നിമാംസവും പന്നികളെയും അനധികൃതമായി കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചെക്ക് പോസ്റ്റുകളിലും ജില്ലയിലെ മറ്റു പ്രവേശന മാര്‍ഗങ്ങളിലും പൊലീസ്, ആര്‍ടിഒ എന്നിവരുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കര്‍ശന പരിശോധന നടത്തും.
ആഫ്രിക്കന്‍ പന്നിപ്പനി എച്ച് വണ്‍ എന്‍ വണ്‍ പനിയുടെ പ്രതിരോധത്തില്‍ നിന്നും വ്യത്യസ്തമാണ്. പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമായതിനാല്‍ ആഫ്രിക്കന്‍ പന്നിപ്പനി മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതര്‍ അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നേതാക്കള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സി.പി.എം കേന്ദ്രകമ്മിറ്റി. നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണെന്നും ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പെരുമാറ്റം മോശമാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ സിസി ചൂണ്ടിക്കാട്ടി.
ബി.ജെ.പിയും കോണ്‍ഗ്രസും സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗിച്ചപ്പോള്‍ സി.പി.എം നിലവാരം പുലര്‍ത്തിയില്ല. സോഷ്യല്‍ മീഡിയ ഇടപെടല്‍ രീതി പുനപരിശോധിക്കണമെന്നും സി.സി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും അഴിമതി തിരിച്ചടിച്ചെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.
ജനമനസ് മനസിലാക്കുന്നതില്‍ സി.പി.എമ്മിന് വീഴ്ച പറ്റിയെന്നും വോട്ടര്‍മാരുടെ മനോഭാവത്തിലെ മാറ്റങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് മുന്‍മന്ത്രിയും പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.ടി.എം. തോമസ് ഐസകും കുറ്റപ്പെടുത്തിയിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോവളം വണ്ടിത്തടത്ത് ഗൃഹനാഥനെയും ഭാര്യാമാതാവിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകത്തിന് പിന്നാലെയുള്ള ആത്മഹത്യയെന്ന് നിഗമനം. 76-കാരിയായ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥനായ സാബുലാല്‍ ജീവനൊടുക്കിയെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. സാബുലാലിന്റെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം ഇരുനില കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സാബുലാല്‍(50) ഭാര്യാമാതാവ് സി.ശ്യാമള(76) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്യാമളയെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം സാബുലാല്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.
അര്‍ബുദബാധിതയായി ചികിത്സയിലായിരുന്ന സാബുലാലിന്റെ ഭാര്യ റീന ജൂണ്‍ മൂന്നാം തീയതിയാണ് അന്തരിച്ചത്. ബുധനാഴ്ച ഭാര്യയുടെ വേര്‍പാടിന് ഒരുമാസം പൂര്‍ത്തിയാവുന്നദിവസമായിരുന്നു.
ഭാര്യയുടെ മരണം സാബുലാലിനെ മാനസികമായി തളര്‍ത്തിയിരുന്നതായും ഇദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തിന് മുന്‍പ് പുലര്‍ച്ചെ നാലുമണിയോടെ സാബുലാല്‍ ഭാര്യയുടെ ബന്ധുവായ വഞ്ചിയൂര്‍ സ്വദേശി ബിന്ദുവിന് എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പില്‍ അയച്ചിരുന്നു. ഭാര്യയുടെ വേര്‍പാട് തന്നെ തളര്‍ത്തി. ഇനി പിടിച്ച് നില്‍ക്കാനാവില്ല, അതിനാല്‍ അമ്മയെയും കൂടെ കൂട്ടുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. അടുത്ത സുഹ്യത്തായ ശ്രീകാന്തിനും ഇത് അയച്ചുകൊടുക്കണമെന്നും കുറിപ്പിലുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ബിന്ദു സാബുലാലിന്റെ വാട്‌സാപ്പ് സന്ദേശം കണ്ടത്. ഉടന്‍തന്നെ മൊബൈല്‍ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. പിന്നാലെ വീട്ടുജോലിക്കാരിയായ ബീനയെ വിളിച്ച് പെട്ടെന്ന് വീട്ടില്‍പോയി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ബീന സാബുലാലിന്റെ വീട്ടിലെത്തിയപ്പോള്‍ വാതിലുകള്‍ കുറ്റിയിടാതെ ചാരിവെച്ചനിലയിലായിരുന്നു. അകത്ത് കയറിയപ്പോഴാണ് താഴെത്ത കിടപ്പുമുറിയില്‍ ശ്യാമളയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ കയര്‍ മുറുക്കിയനിലയിലായിരുന്നു മൃതദേഹം. മുകള്‍നിലയിലെ കിടപ്പുമുറിയില്‍ സാബുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഉടന്‍തന്നെ ഇവര്‍ വീടിന് പുറത്തിറങ്ങി നാട്ടുകാരെ വിളിച്ചുകൂട്ടി. തുടര്‍ന്ന് കോവളം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
കോവളം എസ്.എച്ച്. ഒ. സജീവ് ചെറിയാന്‍, എസ്.ഐ.മാരായ സുരഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കോവളം പോലീസ് കേസെടുത്തിട്ടുണ്ട്.
സാബുലാല്‍-റീന ദമ്പതിമാര്‍ക്ക് കുട്ടികളില്ലായിരുന്നു. ഇന്റീരിയര്‍ ഡിസൈനറായിരുന്ന സാബുലാല്‍ ചിത്രകലാരംഗത്തും നാടകസംഘത്തിലും പ്രവര്‍ത്തിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്നും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്.എഫ്.ഐയുടേതെന്നും അദ്ദേഹം വിമർശിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാകൃതമായ സംസ്കാരം എസ്.എഫ്.ഐയ്ക്ക് നിരക്കുന്നതല്ല. എസ്.എഫ്.ഐ. ശൈലി തിരുത്തിയേ തീരൂ. സംഘടനയിലുള്ളവർ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കിൽ എസ്.എഫ്.ഐ. ഇടതുപക്ഷത്തിനു ബാധ്യതയായിമാറും. നേരായവഴിക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണം. അവരുടെ വഴി ഇതല്ലെന്ന് ബോധ്യമാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം വലിയ വിവാദമാകുകയും സംഘടനയുടെ പ്രവർത്തനരീതിക്കെതിരേ വലിയ വിമർശനം ഉയരുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്‍റെ വിമർശനം.
ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ്ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റംചെയ്തെന്നും മര്‍ദിച്ചെന്നുമാണ് പരാതി. അതേസമയം, പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റായ അഭിനവിനെ മര്‍ദിച്ചെന്നാണ് എസ്.എഫ്.ഐക്കാരുടെ ആരോപണം.
വീട്ടമ്മയ്ക്ക് വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ഇവരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത വാഴൂർ സ്വദേശിയായ ജോൺസൺ എം.ചാക്കോ (30) കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം മുട്ടമ്പലം സ്വദേശിയായ യുവാവിൽ നിന്നും യുവാവിന്റെ ഭാര്യക്ക് ന്യൂസിലൻഡിൽ നഴ്സിംഗ് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി ഇയാളുടെ കയ്യിൽ നിന്നും ഏഴു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ന്യൂസിലൻഡിൽ എത്തിയ യുവതിക്ക് പറഞ്ഞ ജോലി കൊടുക്കാതെ പേപ്പർ കമ്പനിയിൽ ജോലി നൽകുകയായിരുന്നു. ഇവർ നൽകിയ വിസ പ്രകാരം യുവതിക്ക് മറ്റൊരു ജോലിയിൽ പ്രവേശിക്കുന്നതിനും സാധ്യമല്ലായിരുന്നു.
തുടർന്ന് യുവതി തിരികെ നാട്ടിൽ എത്തുകയും യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ നെൽസൺ സി.എസ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജേഷ്, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നീറ്റ്-യു.ജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ സി.ബി.ഐ പിടിയില്‍. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നാണ് അമന്‍ സിങ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ ഏഴാമത്തെ അറസ്റ്റാണിത്.
ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയില്‍ നിന്ന് ഒരു സ്വകാര്യ സ്‌കൂള്‍ ഉടമയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ജയ് ജലറാം സ്‌കൂളുടമ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. പരീക്ഷയില്‍ കൃത്രിമം നടത്താന്‍ 27 വിദ്യാര്‍ഥികളില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് ഇയാള്‍ക്കെതിരായ കണ്ടെത്തല്‍.
നേരത്തെ അറസ്റ്റിലായവരില്‍ ജയ് ജലറാം സ്‌കൂള്‍ പ്രിസന്‍സിപ്പലും ഫിസിക്സ് അധ്യാപകനും ഉള്‍പ്പെട്ടിരുന്നു. ഹിന്ദി മാധ്യമ സ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരന്‍, മറ്റൊരു സ്വകാര്യ സ്‌കൂള്‍ പ്രസിന്‍സിപ്പല്‍, വൈസ് പ്രസിന്‍സിപ്പല്‍ എന്നിവരും ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായിരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ജൂണ്‍ 23 ന് കേസെടുത്ത സി.ബി.ഐ 27 നാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാണ, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്.
നീറ്റ് യു.ജി ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്. വഞ്ചന (ഐ.പി.സി. 420), ക്രിമിനല്‍ ഗൂഢാലോചന (ഐ.പി.സി. 120-ബി) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അജ്ഞാതരുടെ പേരില്‍ കേസെടുത്തത്. പരീക്ഷാ നടത്തിപ്പും ഗൂഢാലോചനയുമായി ബന്ധപ്പെട്ട പൊതുപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ചന്വേഷിക്കാനും സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ് അഞ്ചിന് നടത്തിയ പരീക്ഷയില്‍ വ്യാപക ക്രമക്കേടുണ്ടായെന്ന ആരോപണം ഉയര്‍ന്നതോടെയാണ് അന്വേഷണത്തിന് നിര്‍ബന്ധിതമായത്. ഇതിന്റെ തുടര്‍ച്ചയായി നീറ്റ് പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ എന്‍.ടി.എ നടത്തുന്ന മറ്റ് പരീക്ഷകളും മാറ്റിവെക്കേണ്ടിവന്നിരുന്നു.
ഉത്തർപ്രദേശിലെ ഹാഥ്‌റസ് ജില്ലയിൽ മതപരമായ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 116 പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഫുലരി ഗ്രാമത്തിൽ ചൊവ്വാഴ്ച ഭോലെ ബാബ എന്ന മതപ്രഭാഷകൻ നടത്തിയ സത്സംഗത്തിനിടെയാണ് അപകടം.
പരിപാടിക്കുശേഷം ഭോലെ ബാബയെ കാണാൻ ആളുകൾ തിരക്കുകൂട്ടിയതും ബാബയുടെ കാൽപ്പാദത്തിനരികിൽനിന്ന് മണ്ണ് ശേഖരിക്കാൻ ശ്രമിച്ചതുമാണ് തിക്കും തിരക്കുമുണ്ടാവാൻ കാരണമായതെന്ന് പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആശുപത്രിയിൽനിന്നുള്ള വിവരം. മരിച്ചവരെയും അബോധാവസ്ഥയിലായവരെയും ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലാണ് ആശുപത്രിയിലെത്തിച്ചത്.
‘സകാർ വിശ്വ ഹരി ഭോലെ ബാബ’ എന്ന ബാനറിൽ നടത്തിയ സത്സംഗത്തിൽ പങ്കെടുക്കാൻ 15,000-ത്തോളം പേരെത്തിയിരുന്നു. സത്സംഗം നടത്താൻ താത്കാലികാനുമതി നൽകിയിരുന്നതായി അലിഗഢ് ഐ.ജി. ശലഭ് മതുർ പറഞ്ഞു. ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടുക്കം രേഖപ്പെടുത്തി.
ദുരന്തകാരണം അന്വേഷിക്കാൻ ആഗ്രാ മേഖലാ അഡീഷണൽ ഡയറക്ടർ ജനറൽ, പോലീസ് കമ്മിഷണർ എന്നിവരുൾപ്പെടുന്ന സംഘത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചു. സംഘാടകർക്കെതിരേ കേസ്സെടുക്കുമെന്ന് സർക്കാർ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയും സംസ്ഥാനസർക്കാരും സഹായധനം പ്രഖ്യാപിച്ചു.
ന്യൂഡൽഹി: യു.പി.യിലെ ഹാഥ്‌റസിൽ ചൊവ്വാഴ്ച തിക്കിലും തിരക്കിലുംപെട്ട് 97 പേർ മരിക്കാനിടയായ സത്സംഗം നടത്തിയത് സ്വയംപ്രഖ്യാപിത ആൾദൈവം. ഭോലെ ബാബ എന്ന നാരായൺ സാകറിന്റെ പ്രഭാഷണം കേൾക്കാനാണ് പതിനായിരങ്ങൾ ഫുലരി ഗ്രാമത്തിലേക്കെത്തിയത്.
ഇയാൾ ഇന്റലിജൻസ് ബ്യൂറോയിൽ ഉദ്യോഗസ്ഥനായിരുന്നെന്നാണ് അവകാശപ്പെടുന്നത്. 1990-ൽ ജോലിയുപേക്ഷിച്ച് ആത്മീയവഴി തിരഞ്ഞെടുക്കുകയായിരുന്നെന്നാണ് ഇദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞിരുന്നത്. പടിഞ്ഞാറൻ യു.പി., ഉത്തരാഖണ്ഡ്, ഹരിയാണ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ ഇയാൾക്ക് അനുയായികളുണ്ടെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് കാലത്തിനു ശേഷമാണ് ഭോലെ ബാബ കൂടുതൽ പ്രസിദ്ധനായത്.
മാന്നാറിൽ 15 വർഷം മുൻപ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതാണെന്ന സംശയത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന ചില വസ്തുക്കൾ കണ്ടെത്തി. മാന്നാറിലെ അനിലിന്റെ വീട്ടുവളപ്പിലാണ് പോലീസ് സംഘം സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന തുടരുന്നത്. അനിലിന്റെ ഭാര്യ കലയെയാണ് വീട്ടുവളപ്പിലെ ശൗചാലയത്തോട് ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതായി പോലീസിന് വിവരം ലഭിച്ചത്.
സെപ്റ്റിക് ടാങ്കിൽനിന്ന് മാലിന്യങ്ങൾ പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ ലഭിച്ച ചില അവശിഷ്ടങ്ങൾ പ്രത്യേകം കുപ്പികളിലാക്കി മാറ്റിവെച്ചിട്ടുണ്ട്. ഇത് മൃതദേഹാവശിഷ്ടങ്ങൾ ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പോലീസിന്റെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ആദ്യം പരിശോധിച്ച സെപ്റ്റിക് ടാങ്കിനോട് ചേർന്നുള്ള മറ്റൊരു സെപ്റ്റിക് ടാങ്കിലും ഇപ്പോൾ തിരച്ചിൽ നടക്കുന്നുണ്ട്. ഈ ടാങ്കിനുള്ളിൽനിന്ന് തലമുടിക്ക് സമാനമായ വസ്തു കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച എല്ലാ വസ്തുക്കളും ഫോറൻസിക് സംഘം പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.
15 വർഷം മുൻപാണ് കലയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവർ അനിലിന്റെ സുഹൃത്തുക്കളാണെന്നാണ് സൂചന. ഭാര്യയെ കാണാനില്ലെന്ന് അന്ന് അനിൽ പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ വിവരങ്ങളൊന്നും ലഭിച്ചില്ല. കലയുടെ മാതാപിതാക്കൾ നേരത്തെ മരിച്ചതാണ്. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടുസഹോദരന്മാരാണുള്ളത്. സാധാരണക്കാരായ ഇവരാരും പിന്നീട് പരാതിയുമായി പോയില്ല. ഇതിനിടെ അനിൽ വീണ്ടും വിവാഹിതനായി. കലയുമായുള്ള ബന്ധത്തിൽ അനിലിന് ഒരു മകനുണ്ട്. രണ്ടാമത്തെ വിവാഹത്തിൽ രണ്ടു മക്കളും. നാട്ടിൽ കെട്ടിട നിർമാണ കരാറുകാരനായിരുന്ന ഇയാൾ രണ്ടുമാസം മുമ്പാണ് ഇസ്രയേലിലേക്ക് ജോലിക്കായി പോയതെന്നാണ് വിവരം.
അടുത്തിടെ അമ്പലപ്പുഴ പോലീസിന് ലഭിച്ച ഒരു ഊമക്കത്തും അതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് കലയുടെ തിരോധാനത്തിൽ വഴിത്തിരിവായതെന്നാണ് സൂചന. കൃത്യത്തിൽ ഉൾപ്പെട്ട ഒരാൾ ഇയാളുടെ ഭാര്യയുമായി തർക്കമുണ്ടായപ്പോൾ കലയെ കൊലപ്പെടുത്തിയെന്നതിന്റെ സൂചന നൽകിയിരുന്നതായാണ് വിവരം.
‘അവളെപ്പോലെ നിന്നെയും കൊല്ലും’ എന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ. തുടർന്നാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച് പോലീസിന് ഊമക്കത്ത് ലഭിച്ചതെന്ന് കരുതുന്നു. പിന്നാലെ പോലീസ് അന്വേഷണം നടത്തുകയും നാലുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതിനുശേഷമാണ് മൃതദേഹം കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന തുടങ്ങിയത്.
വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹ സൽക്കാരത്തിൽ നിന്ന്. വിവാഹത്തില്‍ വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ വ്യക്തമാക്കിയത്. വള്ളിക്കുന്ന 238 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു.
മെയ് 13ന് മൂന്നിയൂര്‍ പഞ്ചായത്തിലെ സ്മാര്‍ട്ട് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഇവിടെ നിന്ന് വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ പറയുന്നത്.
ജില്ലയിലെ വള്ളിക്കുന്ന്, അത്താണിക്കല്‍, മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതര്‍ അറിയിച്ചു.
ചേലേമ്പ്രയില്‍ 15 വയസുകാരി ഇന്നലെ രോഗം ബാധിച്ച് മരിച്ചിരുന്നു. ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് പിന്‍വശം സെന്‍ട്രിങ് കരാറുകാരന്‍ പുളിക്കല്‍ അബ്ദുല്‍ സലീം – ഖൈറുന്നീസ ദമ്പതിമാരുടെ മകള്‍ ദില്‍ഷ ഷെറിന്‍ (15) ആണ് മരിച്ചത്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സ്‌കൂളുകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണവും ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.