India

തളിപ്പറമ്പ്: കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ എട്ട് പേര്‍ കൂടി പോലീസ് പിടിയിലായി. മാട്ടൂലിലെ വീട്ടില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തതിന് വടക്കാഞ്ചേരിയിലെ യു.ഇ.വൈശാഖ്(25), മാട്ടൂല്‍ നോര്‍ത്തിലെ ടി.ജിതിന്‍(36) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കുടിയാന്‍മല റിസോര്‍ട്ടില്‍ നടന്ന പീഡനത്തില്‍ പഴയങ്ങാടിയിലെ അബ്ദുല്‍സമദിനെയും(21) പെണ്‍കുട്ടിയുടെ വാടകവീട്ടില്‍ നടന്ന പീഡനത്തില്‍ തളിയില്‍ ഉറുമി ഹൗസില്‍ നിഖില്‍(20), മീത്തല്‍ ഹൗസില്‍ മൃദുല്‍(24) എന്നിവരെയും അറസ്റ്റുചെയ്തു.തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ചെയ്ത മറ്റു രണ്ടു പോക്സോ കേസുകളിലായി തളിയില്‍ സ്വദേശികളായ ശ്യാംമോഹന്‍(25), കെ.സജിന്‍(26) എന്നിവരെയും അറസ്റ്റുചെയ്തു.

നേരത്തെ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ബലാല്‍സംഗം ചെയ്ത മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്‍, അയൂബ്, ബലാല്‍സംഗത്തിന് ഒത്താശ ചെയ്ത ലോഡ്ജ് മാനേജര്‍ പവിത്രന്‍ എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. ഇതോടെ അഞ്ചു കേസുകളിലായി 13 പേരാണ് അറസ്റ്റിലായത്.

നവംബര്‍ 13നും 19നും പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ഫെയിസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീ പെണ്‍കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടു പോകുകയും പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പ്രതികള്‍ക്ക് കാഴ്ചവെക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു.

മൂന്ന് ദിവസം മുന്‍പ് പെണ്‍കുട്ടിയും അമ്മയും കണ്ണൂര്‍ വനിതാ സെല്ലിലെത്തി പരാതി നല്‍കുകയായിരുന്നു. വിവിധയിടങ്ങളില്‍ വെച്ച് ഇരുപതിലേറെപ്പേര്‍ തന്നെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പെണ്‍കുട്ടി പറയുന്നത്. പറശ്ശിനിക്കടവിലെ സംഭവത്തിനു പുറമേയും പെണ്‍കുട്ടി പീഡനത്തിന് വിധേയയായിട്ടുണ്ടെന്നാണ് സൂചന. പിതാവുള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ലഖ്‌നൗ: ബുലന്ദ്ഷഹറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പശുവിനെ അറുത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ സുബോധിന്റെ മകന്‍ അഭിഷേക് സിങ്. പശുവിനെ ആര് കൊന്നു എന്ന് അന്വേഷിച്ച് അവരെ ശിക്ഷിക്കുന്നതാണോ അതോ ഒരു മനുഷ്യ ജീവന്‍ ഇല്ലാതാക്കിയത് ആരാണ് എന്ന് കണ്ടുപിടിക്കുന്നതാണോ പ്രധാനം എന്നായിരുന്നു അഭിഷേകിന്റെ ചോദ്യം.

” പശുവിനെ ആര് കൊലപ്പെടുത്തി എന്നതിനേക്കാള്‍ പ്രധാനം മനുഷ്യനെ ആര് കൊന്നു എന്നതിനാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ അതിനാണ് ഉത്തരം തരേണ്ടത്. അതിന് ശേഷം മാത്രം ഇതിന് പിന്നിലുള്ള ഗൂഢാലോചനകള്‍ അന്വേഷിച്ചാല്‍ പോരേ, ഇപ്പോള്‍ ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം. ”- അഭിഷേക് സിങ് പറയുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിന്ദു മുസ്‌ലീം രാഷ്ട്രീയം കളിക്കുകയാണോ എന്ന ചോദ്യത്തിന് ഇത് ഒരു മുഖ്യമന്ത്രിയുടെ മാത്രം കാര്യമല്ല എന്നായിരുന്നു അഭിഷേകിന്റെ മറുപടി. ” ഇത് ഞാന്‍ മുഖ്യമന്ത്രിയോട് മാത്രം പറയുന്ന കാര്യമല്ല. ഞാന്‍ ഈ രാജ്യത്തോടാണ് അപേക്ഷിക്കുന്നത്. ഹിന്ദു മുസ്‌ലീം കലാപങ്ങള്‍ ദയവ് ചെയ്ത് അവസാനിപ്പിക്കണം. വളരെ ചെറിയ കാര്യത്തിന്റെ പേരില്‍ ജനങ്ങള്‍ പ്രകോപിതരാകുകയാണ്. ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കണം.

ഇന്ന് എനിക്ക് എന്റെ അച്ഛനെ നഷ്ടമായി. നാളെ മറ്റേതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്‍ ഇതുപോലെ കൊല്ലപ്പെടും. അല്ലെങ്കില്‍ ഏതെങ്കിലുമൊരു മന്ത്രി. ആള്‍ക്കൂട്ട കൊലപാതക സംസ്‌ക്കാരം ഇങ്ങനെയാണ്. അതിന് അനുവദിച്ചുകൂടാ. വളര്‍ന്ന് ഏത് നിലയില്‍ എത്തിയാലും നല്ലൊരു മനുഷ്യനായി ജീവിക്കണമെന്നാണ് അച്ഛന്‍ എന്നെ പഠിപ്പിച്ചത്. ഈ രാജ്യം നമ്മുടേതാണെന്നും എല്ലാവരേയും സ്‌നേഹിച്ചും സഹായിച്ചും മുന്നോട്ടുപോകണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. നിങ്ങളും അത് മനസിലാക്കണം. ഞാന്‍ അപേക്ഷിക്കുകയാണ്. ഈ ആള്‍ക്കൂട്ട സംസ്‌ക്കാരം നമുക്ക് ഒന്നും തരില്ല. നഷ്ടങ്ങളല്ലാതെ..- അഭിഷേക് പറഞ്ഞു.

സുബോധ് കുമാര്‍ കൊല്ലപ്പെട്ട കലാപത്തിന് പിന്നാലെ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ ഗോഹത്യ നടത്തിയവര്‍ക്കെതിരെ ആദ്യം നടപടിയെടുക്കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു 45 പേർക്ക് പരിക്ക്. ഇടിച്ച ബസ്സിനു പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. കൊച്ചി- ധനുഷ് കോടി ദേശീയപാതയിലെ മാതിരപ്പിള്ളി പള്ളിപടിയിൽ വൈകിട്ട്‌ നാലരയോടെയാണ് അപകടം. പിറവത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ലോഫ്ലോർ ബസും മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും നേർക്കുനേരെ ഇടിച്ചാണ് അപകടം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു.പരിക്കേറ്റവരെ കോതമംഗലം ബസേലിയസ് ആശുപത്രി, കോലഞ്ചേരി രാജഗിരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ബസ‌് ഡ്രൈവറുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇടിയുടെ ആഘാതത്തിൽ ഇരു ബസിന്റെയും മുൻഭാഗങ്ങൾ തകർന്നു. രണ്ട് ബസുകളുടെയും ഡ്രൈവർമാരെ വളരെ ശ്രമകരമായാണ് പുറത്തെടുത്തത്. പിന്നിലുണ്ടായിരുന്ന ബൈക്ക് ലോഫ്ലോർ ബസിലേക്ക് ഇടിച്ചുകയറിയാണ‌് ബൈക്ക് യാത്രികന‌് പരിക്കേറ്റത‌്. ഫയർഫോഴ്സും പൊലിസും നാട്ടുകാരും ചേർന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസുകൾ മാറ്റി ഗതാഗതം പുനരാരംഭിച്ചത്.

ഗുരുതരമായി പരിക്കേറ്റ സുപ്പർഫാസ്റ്റിന്റെ ഡ്രൈവർ മൂന്നാർ കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ അളകാറി (49)നെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലം കോട്ടക്കൽ ആശുപത്രിയിലെ ഡോ. വി ആർ മണി, ചേലാട് ടെക്നിക്കൽ ഡയറക്ടറേറ്റ് ജീവനക്കാരി പിറവം സ്വദേശി അനുപമ, താലൂക്ക് ആശുപത്രി എൻആർഎച്ച്എം നേഴ്സ് മൂവാറ്റുപുഴ വെള്ളൂർക്കുന്നം മാർക്കറ്റ് റോഡ് നാരയണീയം വീട്ടിൽ സതി എന്നിവരെ ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലോഫ്ലോർ ബസിന്റെ ഡ്രൈവർ തിരുമാറാടി മുള്ളംകുഴിയിൽ സിനോജ്,

ബൈക്കിൽ സഞ്ചരിച്ചിരുന്ന അലുവ സ്വദേശി വടക്കേപ്പറമ്പിൽ സാദിത്ത്, അടിമാലി ആനച്ചാൽ അറക്കൽ സുകുമാരൻ, ഭാര്യ ഓമന, ചെങ്കുളം പുല്ലാട്ട് അജിത്കുമാർ, മൂവാറ്റുപുഴ ശ്രീനിലയം രജനി സുധീഷ്, കുഞ്ചിത്തണ്ണി വാണിയപുരയ‌്ക്കൽ ജിത്തുമോൾ ബാബു, ജെറിൻ ബാബു, നെടുമങ്ങാട് വെള്ളനാട് അരമൻ ടി അജി, പാമ്പാക്കുട കൊല്ലംകുന്നത്ത് സതികുമാർ, പടിക്കപ്പ് കുളത്തോട്ടി കെ എം അലിയാർ, കോഴിക്കോട് പുഞ്ചക്കുഴി ആൽബിൻ ജോയ‌്, കറുകടം തെക്ക ചാലിയിൽ പുത്തൻപുര ടി എസ് ഷൈല, ആനവിരട്ടി പൂച്ചിക്കരയിൽ ഉഷ മോഹനൻ, ശ്രീജിത് മോഹനൻ, മോനിഷ ശ്രീജിത്ത്, ദേവനന്ദ ശ്രീജിത്, കൊട്ടാരക്കര ചാരുവിളയിൽ റെജി, അടൂർ തോട്ടുമുക്ക് അബി ഭവനിൽ അബി, കടവന്ത്ര കുടിയാട്ട് ലിസ ജോസ്, കോതമംഗലം കൊല്ലേരിയിൽ കെ ഐ വർഗീസ്, മാലിപ്പാറ കുറ്റിമാക്കൽ ബെറ്റ്സി, ചേർത്തല കിഴക്കുന്നേടത്ത് ശശീധരൻ,

തിരുവഞ്ചൂർ മൂലക്കുന്നേൽ അബിജിത് രമേഷ്, പാലക്കുഴ തടത്തിൽ സുമ, നാമക്കുഴി തുരുത്തിക്കാട്ടിൽ സുനിമോൾ, വെളിയേൽമാൽ മുണ്ടക്കൽ സാറാമ്മ ജോർജ‌്, മൂവാറ്റുപുഴ ശ്രീനികേതൻ രജനി സുധീഷ്, കടുത്തുരുത്തി ഉള്ളുവേലി ക്കുടി മനോജ്, മേലാവൂർ ആനകല്ലുങ്കൽ മഞ്ജു അനിൽകുമാർ, തൊടുപുഴ കൂട്ടിനാൽ സച്ചിൻ, മൂന്നാർ നല്ലു വീട്ടിൽ കിഴക്കേതിൽ നിഖിൽ ബാബു, കീരമ്പാറ നമ്പിച്ചൻകുടി മേരി ഏലിയാസ്, വൈക്കം മറ്റത്തിൽ ശ്രീലക്ഷ‌്മി, പിറവും തോട്ടുപുറത്ത് എലിസബത്ത് ഏബിൾ, തട്ടെക്കണ്ണികുന്നത്ത് ഷോബിൻ, കോട്ടയം മൂഴിക്കുളങ്ങര കറുത്തേടത്ത് മന ഡോ. ജയദേവൻ, വടാട്ടുപാറ പന്തപ്പിള്ളിൽ മേരി പൗലോസ്, വൈക്കം സ്വദേശി സൂസൻ, ജിജ എന്നിവരെ കോതമംഗലം ബസേലിയസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ സിബിഐ ഇന്ന് വിശദമായി ചോദ്യം ചെയ്തെക്കും. നിർണ്ണായക രേഖകൾ ഉൾപ്പെടെ മിഷേലിന്റെ കൈവശമുണ്ടെന്ന് സിബിഐ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. 5 ദിവസത്തെ കസ്റ്റഡി കാലവധിക്കുള്ളിൽ കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കാനാകും സിബിഐയുടെ ശ്രമം.. ഡയറക്ടറുടെ താത്കാലിക ചുമതലയുള്ള നാഗേശ്വരറവുവിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ തുടരുന്നത്. രാവിലെയും വൈകീട്ടും ക്രിസ്റ്റ്യൻ മിഷേലിനെ കാണാൻ അഭിഭാഷകന് കോടതി അമതി നൽകിയിട്ടുണ്ട്

റഫാല്‍ ആരോപണങ്ങളുമായി ആക്രമണം തുടരുന്ന കോണ്‍ഗ്രസിനെ നേരിടാന്‍ നരേന്ദ്ര മോദിയുടെ ആയുധമാണ് അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് ഇടപാടിലെ മുഖ്യഇടനിലക്കാരാന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍. അ‍ഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ മിഷേലിലൂടെ പുറത്തു വരുന്ന വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാകും.

റഫാല്‍ യുദ്ധ വിമാനക്കരാറില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഒരുക്കത്തിലായിരുന്നു കോണ്‍ഗ്രസ് ഇതുവരെ. ഒരു പരിധിവരെ ലക്ഷ്യം കണ്ടുവെന്നുതന്നെയാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. ഇതിനിടയിലാണ് ക്രിസ്റ്റ്യന്‍ മിഷേലിലൂടെ തിരിച്ചടി നല്‍കാന്‍ മോദിയും ബിജെപിയും ശ്രമിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിലെ പ്രതിയായ ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ രാജ്യത്തെത്തിച്ചതിലൂടെ കോണ്‍ഗ്രസിനെ വരി‍‍ഞ്ഞുമുറുക്കാനാണ് നീക്കം.

കോണ്‍ഗ്രസിലെ ഒന്നാംനമ്പര്‍ കുടുംബത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിനെ ഇനി എങ്ങനെ നേരിടണമെന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി. ക്രിസ്റ്റ്യന്‍ മിഷേലില്‍ നിന്നു പുറത്തു വരുന്ന വിവരങ്ങള്‍ കോണ്‍ഗ്രസിനെ പിടിച്ചുലക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 3600 കോടി രൂപയുടെ ഇടപാടില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വന്‍തുക കൈക്കൂലി നല്‍കിയിരുന്നതായി മിഷേലിന്‍റെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതേസമയം റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന് സ്ഥാപിച്ചെടുക്കാന്‍ കഴിയുന്ന പ്രത്യക്ഷ തെളിവുകള്‍ ഒന്നുമില്ലാത്തത് ബിജെപിക്ക് സഹായകമാണ്.

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയ്ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി പറയവെ ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളാണെന്ന ശശികലയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നിയമനടപടിക്കൊരുങ്ങുന്നത്.

ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്യുന്ന 60 ശതമാനം പേര്‍ ക്രിസ്ത്യാനികളാണ് കേരളത്തിലെ ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോളാണ് ഇത്തരമൊരു അവസ്ഥയെന്നായിരുന്നു ശശികലയുടെ വര്‍ഗീയത കലര്‍ന്ന പ്രസ്താവന. ഇത്തരത്തില്‍ ഭ്രാന്തുപിടിച്ച വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.

മെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ ശബരിമല സംബന്ധിച്ച ചോദ്യോത്തര വേളയ്ക്കിടെയാണ് കോടതിയെ സമീപിക്കുന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്. തനിക്കെതിരെ ശശികല ഒരു കോടി രൂപവേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ മാനനഷ്ടകേസ് സമര്‍പ്പിച്ചിട്ടുണ്ട്. താന്‍ ശശികലയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ സഭയെ അറിയിച്ചു.

ശബരിമല തന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി കടകംപള്ളി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ചട്ടക്കൂടുകള്‍ക്ക് വിധേയമാണ് തന്ത്രിയെന്നും. അദ്ദേഹം ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ നടയടക്കല്‍ ഭീഷണി നടത്തിയ തന്ത്രിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശബരിമല വിഷയത്തിന്റെ മറവില്‍ പച്ചക്കള്ളം പ്രചരിപ്പിച്ചു വിഭാഗീയത പരത്താനുള്ള കെ.പി. ശശികലയുടെ ശ്രമം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ വിവാദമായ വ്യാജപ്രസ്താവനകള്‍. ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം ജോലിക്കാരും ക്രിസ്ത്യാനികളാണെന്നാണ് ശശികല പ്രസംഗിച്ചത്.

സദസിന്റെ നിറഞ്ഞ കൈയടികള്‍ക്കിടെയാണ് ഇത്തരത്തില്‍ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യം ഇവര്‍ വിളിച്ചുപറഞ്ഞത്. ശശികലയുടെ പ്രസംഗം മറയാക്കി ചിലര്‍ സോഷ്യല്‍ മീഡിയവഴി പ്രചാരണവും തുടങ്ങി. ഇതിനെ പൊളിച്ചടുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ദേവസ്വം മന്ത്രിയുടെ പ്രസംഗവും വന്നത്.

ശശികല പറഞ്ഞതിങ്ങനെ- ദേവസ്വത്തിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളെന്ന സത്യം എത്ര പേര്‍ക്കറിയാം. ഹിന്ദു ഒരു ഗതിയും പരഗതിയും ഇല്ലാതെ തെണ്ടുമ്പോള്‍ അവന്റെ അമ്പലത്തില്‍ ഹിന്ദുവിന്റെ ചില്ലാനംകൊണ്ട് ശമ്പളം വാങ്ങുന്നത് 60 ശതമാനം ക്രിസ്ത്യാനികളാണെന്നത് കണ്ണുതുറപ്പിക്കട്ടേ… ഇങ്ങനെ പോകുന്നു ശശികലയുടെ പ്രസംഗം. സംഘപരിവാര്‍ സംഘടനകളിലെ പ്രമുഖര്‍ അണിനിരന്ന സദസില്‍ വച്ചാണ് ശശികല ഈ പച്ചക്കള്ളം മൈക്ക് വച്ചുകെട്ടി പ്രസംഗിച്ചത്.

സത്യത്തില്‍ ശശികല പറഞ്ഞതില്‍ ഒരു തരിമ്പും സത്യമില്ലെന്നതാണ് യാഥാര്‍ഥ്യം. അഹിന്ദുവായ ഒരാള്‍ക്കു പോലും ദേവസ്വം ബോര്‍ഡില്‍ നിയമനം ലഭിക്കില്ല. ദേവസ്വം ബോര്‍ഡില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരില്‍ മുഴുവന്‍ പേരും ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. സത്യം ഇങ്ങനെയാണെന്നിരിക്കെ പച്ചക്കള്ളം പറഞ്ഞു മതവിദ്വേഷം ആളിക്കത്തിക്കുകയാണു ശശികല ചെയ്തതെന്നാണ് ആരോപണം.

ശശികലയുടെ കള്ളത്തരം പൊളിച്ചടുക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പ്രസംഗവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സുരേന്ദ്രന്‍ ഈ വ്യാജപ്രചാരണത്തെക്കുറിച്ചു പറയുന്നതിങ്ങനെ- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം പേരും ക്രിസ്ത്യാനികളാണെന്ന്. അതു കേട്ടുകൊണ്ടു കുറെയെണ്ണം മുന്നിലിരിപ്പുണ്ട്. അവര്‍ ആരും തന്നെ ചോദിക്കുന്നു പോലുമില്ല. ഇങ്ങനെയൊക്കെ പറയാമോ? പക്ഷേ എല്ലാറ്റിനും ഒരു പരിധിയില്ലേ.

വ്യാജപ്രചാരണമൊക്കെ നിങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെങ്കിലും നടത്തുന്നതില്‍ ഒരു പരിധിയില്ലേ. അഹിന്ദുവായ ഒരു ജീവനക്കാരനെങ്കിലും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടോ? അങ്ങനെ നിയമനം നടത്താനാകുമോ? അതിനുള്ള നിയമം പോലും ഇല്ല. ഇത്ര വൃത്തികെട്ട്, വിഷലിപ്തമായിട്ട്, അപമാനകരമായിട്ട്് നമ്മുടെ നാടിനു ചേരാത്തതായിട്ടുള്ള പ്രചാരണമാണ് നടത്തുന്നത്. ഇത്തരത്തില്‍ സത്യത്തിനു വിരുദ്ധമായ കാര്യങ്ങള്‍ എന്തിനു പ്രചരിപ്പിക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ ഒരൊറ്റ പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. ഈ സര്‍ക്കാര്‍ പോകട്ടെ, ഇതുവരെ ഏതെങ്കിലും സര്‍ക്കാര്‍ ഭണ്ഡാരത്തില്‍ വീഴുന്ന നയാപ്പൈസ എടുത്തിട്ടുണ്ടോ?

അതേസമയം, ഹിന്ദുവും കൃസ്ത്യാനിയും മുസല്‍മാനും അടക്കമുള്ള ആളുകള്‍ നല്‍കുന്നതായിട്ടുള്ള നികുതിപ്പണത്തില്‍നിന്നു ക്ഷേത്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മിതിക്കും ക്ഷേത്ര ആവശ്യങ്ങള്‍ക്കും വേണ്ടി കോടാനുകോടി രൂപയാണ് എടുക്കുന്നത്. ഹിന്ദുവിന്റെ മാത്രം പൈസയല്ല. എല്ലാ മതസ്ഥരും അടങ്ങുന്ന മലയാളികള്‍ നല്‍കുന്ന നികുതിപ്പണമാണ് ക്ഷേത്രാവശ്യങ്ങള്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ യാഥാര്‍ഥ്യം തിരിച്ചറിയണം.

വ്യാജപ്രചാരണത്തിലൂടെ ക്ഷേത്രജീവനക്കാരുടെ ചോറില്‍ മണ്ണുവാരിയിടുകയാണ് ഇക്കൂട്ടര്‍- മന്ത്രി കടകംപള്ളി തുറന്നടിച്ചു. കടകംപള്ളിയുടെ പ്രസംഗം വൈറലായതോടെ ശശികലയുടെ വ്യാജപ്രസ്താവനയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

കണ്ണൂര്‍: പത്താം ക്ലാസ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. കണ്ണൂര്‍ പറശ്ശിനിക്കടവിലാണ് സംഭവം. തളിപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലുപേര്‍ ചേര്‍ന്ന് രണ്ടുദിവസമായി പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ മൊഴി. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

പോസ്‌കോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന സംഘത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നതായിട്ടാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. രണ്ട് ദിവസത്തോളം പീഡനം തുടര്‍ന്നതായും പരാതിയില്‍ പറയുന്നു.

കണ്ണൂര്‍ വനിതാസെല്‍ സി.ഐ.ക്കാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ ശേഷം കേസ് തളിപ്പറമ്പ് പോലീസിന് കൈമാറുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഒരു വ്യക്തിയാണ് പെണ്‍കുട്ടിയെ ലോഡ്ജ്മുറിയിലെത്തിച്ചതെന്നാണ് സൂചന. ഇയാളുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ വർഷം അക്ഷര കിഷോർ അഭിനയിച്ച അയ്യപ്പഭക്തി ഗാന ആൽബത്തിൽ നിന്നുള്ള ചിത്രമാണിത്. ഇൗ ചിത്രം അക്ഷര ഫെയ്സ്ബുക്കിലും പങ്കുവച്ചിരുന്നു. ഇതാണ് ദേശീയതലത്തിൽ വ്യാപകമായി പ്രചരിപ്പിച്ചത്. ‘കേരളസര്‍ക്കാരിന്റെ ഹൈന്ദവ നായാട്ട്’ എന്നൊക്കെ തലക്കെട്ട് നല്‍കി സംഭവം സൈബര്‍ ലോകത്ത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്. ഇതേ കുട്ടി ദാരുണമായി കൊല്ലപ്പെട്ടെന്ന് വരെ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മലയാളി സൈബർ പോരാളികൾ സത്യം പുറത്തുകൊണ്ടുവന്നു.

‘ഒന്ന് കാണുവാന്‍’ എന്ന അയ്യപ്പഭക്തി ഗാനത്തിന്റെ വിഡിയോ പങ്കുവച്ചാണ് ഇൗ പെരും നുണ പൊളിച്ചടിക്കിയത്. എങ്കിലും ഇൗ ചിത്രം സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച ബിജെപി എംപി കോൺഗ്രസ് കൗണ്‍സിർക്ക് മുന്നിൽ മാപ്പ് പറഞ്ഞ് തലയൂരി. രാജസ്ഥാനിലെ ബൻസാരയിലാണ് പൊതുപരിപാടിക്കിടെയാണ് സംഭവം. ബി.ജെ.പി എം.പി ദേവാജി ഭായിയാണ് രാഹുലിനെ പപ്പുവെന്ന് വിളിച്ചത്. ഉടൻ സദസിലിരുന്ന കോണ്‍ഗ്രസിന്റെ ബന്‍സ്വാര കൗണ്‍സിലറായ സീതാ ദാമോർ ശക്തമായ എതിർപ്പുമായി രംഗത്തെതി. ഇരുവരും തമ്മിൽ രൂക്ഷമായ വാക്‌പോര് നടന്നു. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാവ് എന്ന നിലയ്ക്ക് താങ്കള്‍ പ്രയോഗിച്ച ആ വാക്ക് ശരിയായില്ലെന്നും അത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആവശ്യപ്പെടു.

‘നിങ്ങള്‍ നിങ്ങളുടെ പപ്പുവിനെ വിളിക്ക്, ഇവിടെയുള്ള കുഴികളൊക്കെ അദ്ദേഹം അടച്ചുതരും..’ എന്നായിരുന്നു ബി.ജെ.പി എം.പി. പറഞ്ഞത്. എന്നാല്‍ അത് തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ അവര്‍ മാപ്പുപറഞ്ഞുവെന്ന് കൗണ്‍സിലര്‍ സീതാദാമോര്‍ പറഞ്ഞു.

രാഹുലിനെ പപ്പുവെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പരിഹസിച്ച് വിളിച്ചിരുന്നത്. ഈയിടെയാണ് ആ വിളി കുറഞ്ഞത്. കഴിഞ്ഞ ജൂലൈയില്‍ പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ ‘നിങ്ങള്‍ക്ക് എന്നെ പപ്പുവെന്ന് വിളിച്ച് പരിഹസിക്കാമെന്നും എന്നാലും എനിക്ക് നിങ്ങളോട് ദേഷ്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമീപത്തേക്ക് നടന്നെത്തിയ രാഹുല്‍ അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു.

 

കോട്ടയം വൈക്കം കരിയാറില്‍ മല്‍സ്യവളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനത്തിനിടെ താല്‍ക്കാലിക ചങ്ങാടം മറിഞ്ഞ് അപകടം. ചങ്ങാടത്തിനടിയില്‍ കുടുങ്ങിയ കുടുംബശ്രീ ചെയര്‍പഴ്സണെ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പരാതി ഉയര്‍ന്നു.

കൊച്ചി സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള മല്‍സ്യവളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ കരിയാറില്‍ നാലുമീറ്ററിലധികം ആഴമുള്ള ഭാഗത്തായിരുന്നു അപകടം. നാല് പ്ലാസ്റ്റിക് വീപ്പകള്‍ക്കുമുകളിലാണ് താല്‍ക്കാലിക ചങ്ങാടമൊരുക്കിയിരുന്നത്. ടി.വി.പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണിയും കുടുംബശ്രീ ചെയര്‍പഴ്സണ്‍ ചന്ദ്രലേഖയും ചങ്ങാടംമറിഞ്ഞ് താഴെവീഴുകയായിരുന്നു.

ചന്ദ്രലേഖയെ ഏറെ പണിപ്പെട്ടാണ് കരയ്ക്കെത്തിച്ചത്.സെബാസ്റ്റ്യന്‍ മീന്‍ പിടിക്കുന്ന കൂടയില്‍ പിടിച്ചാണ് രക്ഷപ്പെട്ടത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ആഴമേറിയ കരിയാറിൽ ചടങ്ങ് സംഘടിപ്പിച്ചതെന്ന് പരാതി ഉയർന്നിട്ടുണ്ട്.

Copyright © . All rights reserved