ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. ശസ്ത്രക്രിയയ്ക്കിടെ നൽകിയ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ഭർത്താവ് ആരോപിച്ചു. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ ഭാര്യ അഖില (28) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്.
ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതിനെ തുടർന്ന് ഒരു വർഷവും മൂന്ന് മാസവും അബോധാവസ്ഥയിലായിരുന്ന യുവതിയാണ് മരിച്ചത്. ഹെർണിയ ശസ്ത്രക്രിയയ്ക്കായി കൽപറ്റ ലിയോ ആശുപത്രിയിൽ 2023 മാർച്ച് 18നാണ് അഖിലയെ പ്രവേശിപ്പിച്ചത്. സർജറി നടക്കുന്നതിനിടെ രോഗിക്ക് ബോധം വന്നതോടെ വീണ്ടും അനസ്തേഷ്യ നൽകുകയും ഓപ്പറേഷൻ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ യുവതി അബോധാവസ്ഥയിൽ തുടരുകയായിരുന്നു.
നിരന്തരം വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് തുടർചികിത്സക്കായി കൊണ്ടുപോയെങ്കിലും മാറ്റമുണ്ടായില്ല. തുടർന്ന് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർചികിത്സയ്ക്ക് വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 20 ലക്ഷത്തിലധികം രൂപ ചെലവായി. ചികിത്സപ്പിഴവ് വരുത്തിയ സ്വകാര്യ ആശുപത്രിയിൽ അഡ്മിഷൻ ഫീസായ 250 രൂപ മാത്രമേ വാങ്ങിയുള്ളു. മറ്റ് യാതൊരു ഫീസും വാങ്ങിയില്ല.
ചികിത്സപ്പിഴവ് സംബന്ധിച്ച് വയനാട് ഡിഎംഒ, ജില്ലാ ലീഗൽ അതോറിറ്റി, മനുഷ്യാവകാശ കമ്മിഷൻ, കേണിച്ചിറ പൊലിസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിരുന്നെങ്കിലും യാതൊരു അന്വേഷണവും നടന്നില്ലെന്നും ജെറിൽ പറഞ്ഞു. കദളിക്കാട്ടിൽ ബീന -വിൻസന്റ് ദമ്പതികളുടെ മകളായ അഖില സ്വകാര്യ സ്കൂൾ ടീച്ചറായിരുന്നു. ജെറിൽ ജോസ് സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് മാനാണ്. മക്കൾ: ജെറോം (5), ജെറോൺ (3).
വിഷജലമൊഴുക്കിയതിനെ തുടർന്ന് പെരിയാറും പരിസര ജലാശയങ്ങളും മത്സ്യങ്ങളുടെ ശവപ്പറമ്പായി. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. പെരിയാറിന്റെ കൈവഴികളിലേക്കും വിഷജലം ഒഴുകിയെത്തിയതോടെ സമീപ പ്രദേശങ്ങളിലെല്ലാം വ്യാപക മത്സ്യനാശം സംഭവിച്ചു. പുഴകളിൽ സ്ഥാപിച്ചിട്ടുള്ള മത്സ്യക്കൂടുകളിലേക്ക് വിഷജലം കയറിയതോടെ ഇതിലെ മത്സ്യങ്ങളും ചത്തു. ഇരുനൂറിലധികം മത്സ്യക്കൂടുകളാണ് പെരിയാറിലും സമീപത്തുള്ള കൈവഴികളിലുമുള്ളത്. മീൻ വളർത്തുന്ന ഫാമുകളിലേക്കും പാടങ്ങളിലേക്കും വിഷജലമെത്തി. ഇവിടെയും ലക്ഷക്കണക്കിനു രൂപയുടെ മത്സ്യസമ്പത്ത് നശിച്ചു.
അഞ്ചുലക്ഷം രൂപ മുതൽ ഇരുപതു ലക്ഷം രൂപ വരെ മുതൽമുടക്കിയാണ് കർഷകർ മത്സ്യക്കൂടുകൾ ഒരുക്കിയിരിക്കുന്നത്. കരിമീൻ, കാളാഞ്ചി, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് കൂടുകളിൽ ചത്തുപൊങ്ങിയത്. വിളവെടുപ്പിനു തയ്യാറെടുക്കുന്ന സമയത്തുണ്ടായ മത്സ്യനാശം കർഷകരെ വൻ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്.
മത്സ്യക്കുരുതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി. ഇതോടൊപ്പം വിശദമായ അന്വേഷണം നടത്താൻ സബ് കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ഉദ്യോഗസ്ഥതല സമിതിയെയും ചുമതലപ്പെടുത്തി. മത്സ്യസമ്പത്തിന്റെ നഷ്ടം കണക്കാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ചു.
പെരിയാറിൽ തിങ്കളാഴ്ച വൈകീട്ട് ഏലൂർ ഭാഗത്താണ് വെള്ളത്തിന് നിറവ്യത്യാസം ആദ്യം കണ്ടത്. ചേരാനല്ലൂർ, കടമക്കുടി, വരാപ്പുഴ, മുളവുകാട് പ്രദേശങ്ങളിലേക്ക് ഇതു വ്യാപിച്ചു. പുഴയിൽനിന്നുമുള്ള രൂക്ഷമായ ഗന്ധം സഹിക്കാനാവാതെ സമീപവാസികൾ നോക്കിയപ്പോഴാണ് പുഴയുടെ അടിത്തട്ടിൽനിന്ന് നൂറുകണക്കിനു മത്സ്യങ്ങൾ ശ്വാസം കിട്ടാതെ മേൽത്തട്ടിലേക്ക് പൊങ്ങിവരുന്നത് കണ്ടത്.
പരിസരവാസികളും മത്സ്യതൊഴിലാളികളും വലയുമായിട്ടെത്തി മത്സ്യം കോരിയെടുത്തെങ്കിലും വൈകാതെ അവയെല്ലാം ചത്തു. ഈ മത്സ്യങ്ങൾ വിൽക്കുന്നത് നാട്ടുകാരും ജനപ്രതിനിധികളും തടഞ്ഞിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചു.
പ്രകോപിതരായ മത്സ്യകർഷകർ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓഫീസിലും വരാപ്പുഴ പഞ്ചായത്ത് ഓഫീസിലും ചത്ത മത്സ്യവുമായിട്ടെത്തി പ്രതിഷേധിച്ചു. പെരിയാറിന്റെ സമീപത്തെ വ്യവസായശാലകളിൽനിന്ന് രാസമാലിന്യം ഒഴുക്കിവിടുന്നതാണ് വൻതോതിൽ മത്സ്യം ചത്തുപൊങ്ങാൻ കാരണം. മലിനജലം ഒഴുക്കിവിടുന്നതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
വെള്ളത്തിൽ സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ്, കാർബൺ ഡയോക്സൈഡ് എന്നിവയുടെ സാന്നിധ്യം കൂടുന്നതോടെ പി.എച്ച്. മൂല്യത്തിൽ പെട്ടെന്നുണ്ടാകുന്ന കുറവ് മീനുകളുടെ നിലനില്പിന് ഭീഷണിയാണെന്ന് കുഫോസ് രജിസ്ട്രാറും ഡീനുമായ ഡോ. ദിനേശ് കൈപ്പിള്ളി ചൂണ്ടിക്കാട്ടി. വെള്ളത്തിന്റെ അമ്ലത്വം പെട്ടെന്ന് കുറയുന്നതോടെയാണ് പി.എച്ച്. മൂല്യം കുറയുന്നത്. ഇതോടെ ഓക്സിജൻ ലഭ്യത കുറയും.
ഇതോടൊപ്പം പെട്ടെന്നുള്ള മഴയിൽ അന്തരീക്ഷ താപനിലയ്ക്കൊപ്പം വെള്ളത്തിലെ താപനിലയിലും മൂന്നു ഡിഗ്രി വരെ കുറവുണ്ടാകും. പി.എച്ച്. മൂല്യത്തിലും താപനിലയിലും പെട്ടെന്നുണ്ടാകുന്ന വ്യതിയാനം മീനുകളുടെ ആവാസവ്യവസ്ഥയെ ബാധിക്കും. ഈ മാറ്റം സാവധാനമാണെങ്കിൽ മീനുകളെ അത്ര ബാധിക്കില്ല. കൂട്ടത്തോടെ മത്സ്യം ചത്തുപൊങ്ങിയ സംഭവത്തെക്കുറിച്ച് പഠിക്കാൻ കുഫോസ് പ്രത്യേക സംഘത്തെ നിയോഗിക്കും.
പാലക്കാട് തോലന്നൂരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതിയും കൊല്ലപ്പെട്ട ദമ്പതികളുടെ മകന്റെ ഭാര്യയുമായ ഷീജയ്ക്ക് ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചത്.
പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 സെപ്റ്റംബറിലാണ് വിമുക്തഭടനായ പുളിക്കപ്പറമ്പ് അംബ്ദേകര്‍ കോളനിയിലെ താമസക്കാരായ സ്വാമിനാഥനും ഭാര്യ പ്രേമകുമാരിയും കൊല്ലപ്പെടുന്നത്. പ്രതികള്‍ തമ്മിലുള്ള ബന്ധം സ്വാമിനാഥന്‍ അറിഞ്ഞതോടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകള്‍ ഷീജയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സുഹൃത്തായ സദാനന്ദനെ ഉപയോഗിച്ച് ദമ്പതികളെ വകവരുത്തുകയായിരുന്നു. സദാനന്ദനും ഷീജയും തമ്മിലുള്ള ബന്ധം സൈനികനായ മകനെ അറിയിക്കുമെന്ന് സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കിയതാണ് കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചത്.
ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കുടക് മടിച്ചേരി സ്വദേശിയായ പി.എ സലീമിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് വിവരം. കർണാടക- കേരള അതിർത്തി പ്രദേശങ്ങളിൽ കേരള പോലീസിന്റെ ശക്തമായ അന്വേഷണമാണ് നടക്കുന്നത്. സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതിയെ തിരിച്ചറിയാൻപോലും കഴിയാഞ്ഞത് പോലീസിനെ ഏറെ കുഴക്കിയിരുന്നു
വിവാഹം കഴിച്ചശേഷം ഭാര്യയും മക്കളോടുമൊപ്പം പെൺകുട്ടിയുടെ വീടിന് അടുത്ത് വർഷങ്ങളായി ഇയാൾ താമസിച്ചുവരികയായിരുന്നു. കുറച്ചു നാളുകൾക്ക് മുൻപ് കാസർകോട് മേൽപ്പറമ്പ് പോലീസ് റജിസ്റ്റർ ചെയ്ത സമാനരീതിയിലുള്ള മറ്റൊരു പോക്സോ കേസിലും സലീം പ്രതിയാണ് എന്ന നിർണായക വിവരവും പുറത്തുവന്നിട്ടുണ്ട്.
കാസർകോട് പോലീസ് മേധാവി പി. ബിജോയിയുടെ നേതൃത്വത്തിൽ മൂന്ന് ഡിവൈ.എസ്.പി.മാരാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം കുടക് ഉൾപ്പടെയുള്ള അതിർത്തി പ്രദേശങ്ങളിലേക്ക് പോയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടാനാകുമെന്നാണ് കരുതുന്നത്.
കേസില്‍ ദ്രുതഗതിയിലുള്ള അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ, സംഭവം നടന്ന പ്രദേശത്തേക്ക് ഉത്തരമേഖല ഡി.ഐ.ജി. നേരിട്ടെത്തുകയും എസ്.പിയുമായി കൂടിച്ചേര്‍ന്ന് യോഗം നടത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. വി. രതീഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.
ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ എടുത്ത് അരക്കിലോമീറ്റർ അകലെയുള്ള വയലിലെത്തിച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ സ്വർണക്കമ്മൽ ഊരിയെടുത്തശേഷമാണ് പ്രതി കടന്നുകളഞ്ഞത്.
കോട്ടയം, പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ ഈ മാസം 22 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളില്‍ നിന്ന് വടക്കന്‍ കര്‍ണാടക വരെ ന്യുനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.
വടക്കന്‍ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി/മിന്നല്‍/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യത.
ഒറ്റപെട്ട സ്ഥലങ്ങളില്‍ 22 വരെ അതിതീവ്രമായ മഴക്കും, 24 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ/അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ ബലാത്സാഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിചാരണ കോടതി വിധിച്ച വധശിക്ഷ ശരിവെച്ചത്. ശിക്ഷയില്‍ ഇളവ് തേടി പ്രതി സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി.
പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹര്‍ജിയിലും വധശിക്ഷ റദ്ദാക്കാനായി പ്രതി സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് ജസ്റ്റിസ് വി ബി സുരേഷ്‌കുമാര്‍, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്.
കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപൂര്‍വങ്ങളില്‍ അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
2016 ഏപ്രില്‍ 28-നായിരുന്നു നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ 16-നാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സാക്ഷികളില്ലാത്ത കേസില്‍ ഡി എന്‍ എ പരിശോധനയടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കനാല്‍ പുറമ്പോക്കിലെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് അമീറുള്‍ ഇസ്ലാമിന് കൊച്ചിയിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചു ഈ വിധിക്കെതിരെയാണ് അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. താന്‍ നിരപരാധിയാണെന്നും തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും യുവതിയെ മുന്‍പരിചയമില്ലെന്നുമായിരുന്നു അമീറിന്റെ വാദം.
നിലവിലെ നിയമം അനുസരിച്ച് വിചാരണക്കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ വധശിക്ഷയ്ക്ക് അനുമതി തേടി ഹൈക്കോടതിയില്‍ അപേക്ഷനല്‍കിയത്.
സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നു. അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ. ഡെങ്കിപ്പനി പിടിപെട്ട് 48 പേർക്ക് ജീവൻ നഷ്ടമായി. ഈമാസം ഇതുവരെ എലിപ്പനി ബാധിച്ച് എട്ടുപേരും ഡെങ്കിപ്പനി ബാധിച്ച് അഞ്ചുപേരും മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണങ്ങളിലും വർധനയെന്ന് കണക്കുകൾ.
വേനൽമഴ സജീവമായതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണതിലും വലിയ വർദ്ധനയാണ്. എലിപ്പനിയും ഡെങ്കിപ്പനിയുമാണ് ജീവനെടുക്കുന്നത്. അഞ്ചു മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 പേർ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 48 പേർ. ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചതും രോഗം സംശയിക്കപ്പെടുന്നവരുടെയും കണക്കുകൾ ആണിത്. മേയ് മാസത്തിൽ മാത്രം എലിപ്പനി ബാധിച്ച് 8 പേരും ഡെങ്കി ബാധിച്ച് 5 പേരും മരിച്ചു. മഞ്ഞപ്പിത്ത മരണങ്ങളിലും വർദ്ധനയുണ്ട്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഈ വർഷം മരിച്ചത് 15 പേരാണ്. മൂന്നുപേർ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചും മരിച്ചു. പകർച്ചപ്പനിക്കെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. പ്രായമായവരിലും കുട്ടികളിലും രോഗം തീവ്രമാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം.
നഴ്സിങില്‍ ബിരുദമാണ് യോഗ്യത. ജർമ്മൻ ഭാഷ ബി1 അല്ലെങ്കില്‍ ബി2 പാസായിരിക്കണം. ഓസ്ട്രിയയില്‍ എത്തിയതിന് ശേഷമാണ് ബി2 പാസാകേണ്ടത്. ഇതിനായി ഓസ്ട്രിയയില്‍ പരിശീലനം നല്‍കും. ഓസ്ട്രിയയില്‍ നഴ്സിംഗ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാനും സഹായവും ലഭിക്കും.
ആദ്യം നിയമനം ലഭിക്കുന്ന 10 മുതല്‍ 15 ഉദ്യോഗാർത്ഥികള്‍ക്ക് സല്‍സ്ബെർഗിലായിരിക്കും നിയമനം. 1850 -2200 യൂറോയാണ് ശമ്പളം. 38.5 മണിക്കൂർ വരെ ആഴ്ചകളില്‍ ദോലി ചെയ്യേണ്ടി വരും. മെഡിക്കല്‍ ഇൻഷുറൻസ്, പെൻഷൻ ഇൻഷുറൻസ്, കുട്ടികളുടെ ആനുകൂല്യങ്ങള്‍, ആവശ്യമെങ്കില്‍ സർവീസ് അപ്പാർട്ട്മെൻ്റ്,വർഷം മുഴുവനും പൊതുഗതാഗത ടിക്കറ്റ്, പണമടച്ചുള്ള അവധികള്‍, സൗജന്യ വിസ, പരമാവധി 800 യൂറോയുടെ സൗജന്യ എയർടിക്കറ്റുകള്‍ എന്നിവ ലഭിക്കും. 40 വയസാണ് ഉയർന്ന പ്രായപരിധി. [email protected] എന്ന വിലാസത്തിലാണ് അപേക്ഷ നല്‍കേണ്ടത്.
കാലാവസ്ഥാ വകുപ്പ് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ക്കായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കി. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പ്, ഡി.ടി.പി.സി എന്നിവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
മഴമുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോരമേഖലകളില്‍ മഴ അവസാനിക്കുന്നതുവരെ നിയന്ത്രണങ്ങള്‍ ഉണ്ടാകും.
ഇതര സംസ്ഥാനങ്ങളില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കാന്‍ ടൂറിസം വകുപ്പിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ മാറി ചെയ്തതായി പരാതി. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയ മാറി ചെയ്തെന്ന് പരാതി ഉയർന്നിരിക്കുന്നത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിന്റെ് കൈയ്ക്ക് പൊട്ടലുണ്ടായിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് ഇട്ട കമ്പിയാണ് മാറിപ്പോയത്.
24 വയസുകാരനായ അജിത്തിനെ വാഹനാപകടത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കു വേണ്ടി ഒരാഴ്ചയോളമാണ് ആശുപത്രിയില്‍ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയായ അജിത്തിന് വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നു.
മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ തന്റെ കയ്യിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്‌തേഷ്യ നല്‍കി. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തങ്ങള്‍ വാങ്ങി നല്‍കിയെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു.