India

തിരുവനന്തപുരം: ബിജെപി നേതാവ് സി.കെ.പദ്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ ആത്മഹത്യാശ്രമം. മുട്ടട സ്വദേശി വേണുഗോപാല്‍ എന്നയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്.

സമരപ്പന്തലില്‍ സി.കെ പത്മനാഭനോടൊപ്പം 70 ഓളം പ്രവര്‍ത്തകരും ഉണ്ടായിരുന്നു. സമരപ്പന്തലിന് എതിര്‍വശത്തുള്ള ക്യാപ്പിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീകൊളുത്തിയ വേണുഗോപാല്‍ സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വേണുഗോപാല്‍ ദേഹത്ത് പെട്രോള്‍ ഒഴിക്കുന്നത് കണ്ട് സമരപ്പന്തലിലുള്ളവര്‍ പോലീസിനെ വിളിക്കുന്നതിനിടെ തീ കൊളുത്തി ഇയാള്‍ സമരപ്പന്തലിലേക്ക് ഓടുകയായിരുന്നു. പാലീസും പന്തലിലുണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

‘എന്റെ മോളെ ഇന്നലെ മുതൽ നാട്ടിൽ കാണാനില്ല. പൊലീസിലൊക്കെ പരാതിപ്പെട്ടിട്ടുണ്ട്. ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഞാൻ ഇവിടെ ഒമാനിലെ കസബിലെ പുറംകടലിൽ നങ്കൂരമിട്ട കപ്പലിലാണുള്ളത്. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ മോളെ എത്രയും വേഗം കണ്ടെത്തിത്തരണമെന്ന് എല്ലാവരോടും ഞാനപേക്ഷിക്കുകയാണ്– ഒരു പിതാവിന്റെ കരളലിയിക്കുന്ന ഇൗ അഭ്യർഥന കരയിൽ നിന്നല്ല, കടലിൽ നിന്നാണ്. മൂവാറ്റുപുഴ ചെറുവട്ടൂരിലുള്ള സലീമിന്‍റേതാണ് സങ്കടക്കടലിൽ നിന്നുള്ള ഇൗ വാക്കുകൾ. ഇദ്ദേഹത്തിന്റെ മകളെ തിങ്കളാഴ്ച മുതൽ നാട്ടിൽ കാണാതാവുകയായിരുന്നു.

തൊടുപുഴ അൽ അസ്ഹർ കോളജിൽ എൻജിനീയറിങിന് പഠിക്കുന്ന പെൺകുട്ടിയേയാണ് കാണാതായത്. കോളജിലേക്കു പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചുവരാത്തതിനെ തുടർന്ന് മാതാവും സഹോദരനും കോതമംഗലം പൊലീസിൽ പരാതി നൽകി. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണവും ആരംഭിച്ചു. എന്നാൽ ഇതുവരെ പെൺകുട്ടിയെക്കുറിച്ചുള്ള സൂചന പോലും ലഭിച്ചിട്ടില്ല.

സലീം നേരത്തെ ദുബായിൽ ചെയ്തിരുന്നു. പിന്നീട് കപ്പൽ ജീവനക്കാരനാവുകയായിരുന്നു. രണ്ടു മാസം കഴിഞ്ഞല്ലാതെ കപ്പൽ തീരത്തടുക്കില്ലെന്നാണ് സലീം പറയുന്നത്. എന്തു ചെയ്യണമെന്നറിയാതെ ആകെ പ്രയാസത്തിലാണ് ഇൗ പിതാവ്.

നേരത്തെ പെൺകുട്ടിക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നു. ഇതിനെ സലീം ശക്തമായി എതിർക്കുകയും മകൾ ആ ബന്ധത്തിൽ നിന്ന് പിന്തിരിയുകയുമുണ്ടായി. മറ്റു വിവാഹാലോചനകൾ നടന്നുവരികയായിരുന്നു. സൗദിയിൽ ജോലി ചെയ്യുന്ന ഒരു യുവാവുമായുള്ള വിവാഹം മകൾക്ക് ഇഷ്ടമായിരുന്നുവെന്നും ഇതുറപ്പിക്കാനായി ഇയാൾ ഇന്ന്(ബുധൻ) നാട്ടിലെത്താനിരിക്കെയാണ് കാണാതായതെന്നും സലീം പറയുന്നു.

എന്നാൽ, മകളുടെ തിരോധാനത്തെക്കുറിച്ച് വീട്ടുകാർ കൃത്യമായി ഒന്നും പറയുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു. മകളെ കൂടാതെ, ഒരു മകൻ കൂടിയാണ് സലീമിനുള്ളത്. മകൾ വല്ല അപകടത്തിലും പെട്ടുപോകുമോ എന്നാണ് ഇൗ പിതാവിന്റെ ഏറ്റവും വലിയ ആശങ്ക.

മോള്‍ക്ക് ഇഷ്ടമുള്ളയാൾക്ക് അവളെ വിവാഹം ചെയ്തുകൊടുക്കാൻ നൂറുവട്ടം സമ്മതമാണ്. അവളെവിടെയാണെങ്കിലും സുരക്ഷിതമായി ഉണ്ടെന്ന് അറിഞ്ഞാൽ മതി. പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ തിരച്ചിൽ ആവശ്യമാണ്. ഇതിനായി ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ശ്രമിക്കണമെന്നാണ് വിനീതമായ അപേക്ഷ. ബന്ധപ്പെടേണ്ട നമ്പർ: 0091 9947112144.

ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു . ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആന്റണി നല്‍കിയ പുനഃപരിശോധാനാ ഹര്‍ജിയില്‍ നേരത്തെ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു.ദയാഹര്‍ജി രാഷ്ട്രപതിയും തളളിയതോടെയാണ് ആന്‍റണി സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.

2001 ജനുവരിയില്‍ ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ ആന്‍റണി ഒറ്റയ്ക്ക് കൊലപ്പെടുത്തിയെന്നാണ് കേസ്. കുടുംബനാഥനായ അഗസ്്റ്റിന്‍റെ കുടുംബസുഹൃത്തായിരുന്നു ആന്‍റണി. കൂട്ടക്കൊലപാതകത്തിന് കൃത്യമായ തെളിവില്ലെന്നും, സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് തൂക്കുകയര്‍ വിധിച്ചതെന്നും സുപ്രീംകോടതിയില്‍ ആന്‍റണി വാദിച്ചു.ആലുവ നഗരമധ്യത്തിൽ സെന്റ് മേരീസ് ഹൈസ്‌കൂളിനു സമീപം മാഞ്ഞൂരാൻ വീട്ടിൽ അഗസ്‌റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്‌മോൻ (12), അഗസ്‌റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു സിബിഐ കേസ്.

2001 ജനുവരി ആറിന് അർധരാത്രിയായിരുന്നു സംഭവം. പ്രതിയായ ആന്റണിക്കു സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിനാണു വധശിക്ഷ വിധിച്ചത്. 2006 സെപ്‌റ്റംബർ 18ന് ഈ ഉത്തരവു ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ആന്റണി നൽകിയ ഹർജിയിൽ 2006 നവംബർ 13നു ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. 2009ൽ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.റെയിൽവേ സ്‌റ്റേഷൻ റോഡിൽ പ്രവർത്തിച്ചിരുന്ന മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്‌സ് ഉടമയായിരുന്നു മരിച്ച അഗസ്‌റ്റിൻ. അഗസ്‌റ്റിന്റെ അകന്ന ബന്ധുവും കുടുംബസുഹൃത്തുമായിരുന്നു ആന്റണി. വിദേശത്തു ജോലിക്കു പോകാൻ പണം നൽകാതിരുന്നതിലുള്ള വിരോധം മൂലം രാത്രി സെക്കൻഡ് ഷോ കഴിഞ്ഞെത്തിയ കുടുംബാംഗങ്ങളെ ആന്റണി വീട്ടിൽ പതിയിരുന്ന് ഒറ്റയ്‌ക്കു വകവരുത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.ഒട്ടേറെ ഊഹാപോഹങ്ങൾക്കും കെട്ടുകഥകൾക്കും വഴിയൊരുക്കിയ കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ചു.

ഒടുവിൽ ഹൈക്കോടതി നിർദേശപ്രകാരം സിബിഐയും അന്വേഷണം നടത്തി. എല്ലാ അന്വേഷണങ്ങളും അവസാനിച്ചത് ആന്റണിയെന്ന ഒരേയൊരു പ്രതിയിലാണ്. കൂട്ടക്കൊല നടന്ന വീട് കേസ് തീർന്നശേഷം പൊലീസ് പൊളിച്ചുനീക്കി. ഇവിടെ സാമൂഹിക വിരുദ്ധർ തമ്പടിച്ചപ്പോൾ സമീപവാസികളുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് ഇടപെടൽ.

 

ബംഗാള്‍ ഉള്‍ക്കടലിലാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ ഡിസംബര്‍ 16 വരെ ആരും കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ തെക്കന്‍ ബംഗാളില്‍ന്‌റെ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും ഭൂമധ്യരേഖയോട് ചേര്‍ന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലും 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചേക്കും. ഈ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകുകയോ കൂടുതല്‍ പ്രക്ഷുബ്ധമാകുകയോ ചെയ്യാം.

അതുകൊണ്ട് കടലില്‍ പോയിരിക്കുന്നവര്‍ ബുധനാഴ്ച വൈകിട്ടോടെ തിരിച്ചെത്തണം.
ചില അവസരങ്ങളില്‍ കാറ്റിന്റെ വേഗം 75 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാം. ശനിയാഴ്ച തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മധ്യപടിഞ്ഞാറ് ഭാഗത്തും കാറ്റിന്റെ വേഗം 50-60 കിലോമീറ്റര്‍ വരെയും പരമാവധി 65 കിലോമീറ്റര്‍ വരെയും ആയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

അഞ്ചു സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി, സഖ്യകക്ഷി ചർച്ചകൾ സജീവം. മധ്യപ്രദേശിൽ കേവലഭൂരിപക്ഷം നേടാത്ത കോൺഗ്രസ്, ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെ അധികാരത്തിലെത്തുന്നതിനുള്ള ശ്രമത്തിലാണ്. ഗവർണർ ആനന്ദിബെൻ പട്ടേലിനെ കാണാൻ അവർ ഇന്നലെ തന്നെ അനുമതി തേടിയിരുന്നു.

എന്നാൽ മുഴുവൻ ഫലങ്ങളും പുറത്തുവന്നതിനുശേഷം അതാകാമെന്നായിരുന്നു ഗവർണറുടെ നിലപാട്. 230 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷമായ 116ലെത്താന്‍ കോണ്‍ഗ്രസിന് രണ്ടു സീറ്റിന്‍റെ കുറവുണ്ട്. രണ്ടു സീറ്റ് നേടിയ ബിഎസ്പിയുടെയും ഒരു സീറ്റുനേടിയ എസ്.പിയുടെയും പിന്തുണ കോണ്‍ഗ്രസ് ഉറപ്പിച്ചുകഴിഞ്ഞു. ജയിച്ച നാലു സ്വതന്ത്രരില്‍ രണ്ടുപേര്‍ കോണ്‍ഗ്രസ് വിമതരാണ്. ഇവരെയും ഒപ്പം നിര്‍ത്താനുള്ള ശ്രമം തുടങ്ങി.

അതോടൊപ്പം മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ബി.എസ്.പിയുടെ പിന്തുണ. ബിജെപി ഭരണത്തില്‍ ജനം പൊറുതിമുട്ടിയെന്നും ബിജെപിയെ ഭരണത്തില്‍നിന്ന് അകറ്റുകയാണ് ലക്ഷ്യമെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. അവശ്യമെങ്കില്‍ രാജസ്ഥാനിലും ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും അവര്‍ പറഞ്ഞു.

ഇന്ന് ഭോപ്പാലിലെത്തുന്ന എ.കെ ആന്റണി കോൺഗ്രസ് നിയമസഭകക്ഷി യോഗത്തില്‍ പങ്കെടുക്കും. വിമതരും സ്വതന്ത്രരും ഒപ്പം നില്‍ക്കുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് ശോഭ ഓജ. നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും ഓജ പറഞ്ഞു.

ബിജെപിയും ഇവിടെ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചിട്ടുണ്ട്. 109 സീറ്റുള്ള ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിച്ച് ഗവര്‍ണറെ കാണും. ശിവ്‌രാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിെജപി നേതാക്കള്‍ യോഗം ചേർ‍ന്നു.

രാജസ്ഥാനിൽ രാഷ്ട്രീയ ലോക്ദളിന്റെ പിന്തുണയോടെ കോൺഗ്രസ് അധികാരത്തിലെത്തും. എന്നാൽ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾ ഇനിയും നടക്കാനിരിക്കുന്നേയുള്ളു. സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും വിജയിച്ചതിനാൽ മുഖ്യമന്ത്രി ചർച്ചകൾക്ക് ചൂടുപിടിക്കും.

ഛത്തീസ്ഗഡിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനാൽ മുഖ്യമന്ത്രിയെ കണ്ടെത്തുക മാത്രമാണു കോൺഗ്രസിനുള്ള വെല്ലുവിളി.

അതേസമയം, മിസോറമിൽ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മിസോ നാഷനൽ ഫ്രണ്ട് അംഗങ്ങൾ ഗവർണർ കുമ്മനം രാജശേഖരനെ കണ്ടു. എംഎൻഎഫ് പ്രസി‍ഡന്റ്, നിയമസഭാകക്ഷി നേതാവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ സന്ദർശിച്ചത്.

തെലങ്കാനയിൽ കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ നാളെ അധികാരത്തിലെത്തുമെന്നാണു സൂചന. സത്യപ്രതിജ്‍ഞ നാളെത്തന്നെയുണ്ടാകുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിച്ചു.

തെലങ്കാന തൂത്തുവാരിക്കൊണ്ടാണ് ചന്ദ്രശേഖര റാവുവിന്റെ അധികാര തുടർച്ച. സംസ്ഥാനത്തു തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്നും തുടങ്ങിവച്ച ജലസേചന പദ്ധതികളടക്കം ഉടൻ പൂർത്തിയാക്കുമെന്നും തെരഞ്ഞെടുപ്പു വിജയശേഷം കെസിആർ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് – ബിജെപി ഇതര മൂന്നാം മുന്നണിക്കായി പ്രയത്നം തുടരും. തെലങ്കാനയിലെ വികസന – സാമ്പത്തിക-കാർഷിക നയങ്ങൾ രാജ്യം മാതൃകയാക്കണമെന്നും കെ.സി.ആർ പറഞ്ഞു.

അതേ സമയം തോൽവി ചർച്ച ചെയ്യാൻ മഹാകൂട്ടമി നേതാക്കൾ ഇന്ന് യോഗം ചേർന്നേക്കും. വിവി പാറ്റ് രസീതുകൾ എണ്ണണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതാൻ മഹാകൂട്ടമി നേതൃത്വം സ്ഥാനാർഥികളായിരുന്നവരോട് ആവശ്യപെട്ടിട്ടുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലേറ്റ തിരിച്ചടിക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഒടുവില്‍ മൗനം വെടിഞ്ഞു. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിജയം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നു. വിജയവും പരാജയവും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയ ചത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ജനങ്ങള്‍ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം വിശ്രമമില്ലാതെ ബിജെപി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാവിയില്‍ ഞങ്ങള്‍ക്ക് തിരുത്താനും ഇതിലും ശക്തമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പരിശ്രമിക്കാനുമുള്ള ഊര്‍ജമാണ് ഇന്നത്തെ ഫലമെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ അറിയിച്ചു. മൂന്ന് ട്വീറ്റുകളിലായാണ് മോദിയുടെ പ്രതികരണം.

എന്നാൽ തങ്ങളുടെ വിജയം കര്‍ഷകരുടെയും യുവാക്കളുടെയും വിജയമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങളോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും രാഹുല്‍ഗാന്ധി നന്ദി പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയെ പരാജയപ്പെടുത്തിയെന്ന് രാഹുല്‍ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വിവിധ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായി.

ന്യൂഡല്‍ഹി: ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നവരുടെയും പേരുവിവരങ്ങള്‍ പുറത്തു വിടരുതെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളുടെ എഫ്‌ഐആര്‍ പോലീസ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഇരയെക്കുറിച്ച് വിദൂര സൂചനകള്‍ നല്‍കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലോ സോഷ്യല്‍ മീഡിയയിലോ നല്‍കാന്‍ പാടില്ലെന്നും ജസ്റ്റിസ് മദന്‍ ബി. ലോകുര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനം, ബലാല്‍സംഗം, ലൈംഗികപീഡനം തുടങ്ങിയവ സംബന്ധിച്ച കേസുകളുടെ എഫ്‌ഐആര്‍ പേരുകള്‍ മറച്ചു വെച്ചുപോലും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കരുത്. ഇരകള്‍ക്ക് ബുദ്ധിസ്ഥിരത ഇല്ലാതാകുകയോ അവര്‍ മരിക്കുകയോ ചെയ്താല്‍ പോലും പേര് പുറത്തു വിടാന്‍ പാടില്ല. ഇരകളുടെ അവകാശങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനുമിടയിലെ അതിര്‍വരമ്പ് നിര്‍ണ്ണയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ബലാല്‍സംഗക്കേസിലെ ഇരകളെ തൊട്ടുകൂടാത്തവരായി കാണുന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഇരകളെ ക്രോസ് വിസ്താരം ചെയ്യുമ്പോള്‍ മോശക്കാരായി ചിത്രീകരിക്കുന്നത് ജഡ്ജിമാര്‍ കണ്ടുനില്‍ക്കുന്ന പ്രവണതയുണ്ട്. പ്രതിഷേധങ്ങളുടെ പ്രതീകമായി ഇരകളുടെ പേരുപയോഗിക്കുന്നത് അവരുടെ താല്‍പര്യം സംരക്ഷിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ജയ്പൂരില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തില്‍ അടിയന്ത സാഹചര്യം. 136 യാത്രക്കാരുമായി പറന്ന വിമാനത്തില്‍ നിന്നുമാണ് പുക ഉയര്‍ന്നത്. വിമാനകമ്പനിയുടെ 6ഇ-237 എന്ന പുതിയ ജെറ്റ്‌ലൈനറാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് കനത്ത പുക ഉയര്‍ന്നത്. വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍ നിന്നും രക്ഷാ ച്യൂട്ട് വഴിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

കൊല്‍ക്കത്തയില്‍ നിന്നും 45 മൈല്‍ അകലെ എത്തിയപ്പോഴാണ് പൈലറ്റുമാര്‍ ‘മേയ്‌ഡേ’ അറിയിക്കുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിമാനവും, യാത്രക്കാരും അപകടത്തിലാണെന്ന് അറിയിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. കോക്പിറ്റ്, ക്യാബിന്‍, ലാവറ്ററി എന്നിവിടങ്ങളിലാണ് പുക പടര്‍ന്നത്. അടിയന്തര ലാന്‍ഡിംഗ് നടത്തിയതായി ഇന്‍ഡിഗോ സ്ഥിരീകരിച്ചു.

Image result for smoke-inside-indigo-plane

വിമാനത്തിനുള്ളില്‍ പുക പരക്കുന്നത് ഏറ്റവും അപകടകരമായ സാഹചര്യമാണെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു. വിമാനത്തില്‍ സജ്ജീകരിച്ചിട്ടുള്ള ഓക്‌സിജന്‍ മാസ്‌കുകള്‍ പുകയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയല്ല. കോക്പിറ്റില്‍ പൈലറ്റുമാര്‍ക്ക് മാത്രമാണ് മുഖം മറയ്ക്കുന്ന തരത്തിലുള്ള മാസ്‌കുകള്‍ ഉള്ളത്. കൊല്‍ക്കത്തയിലുള്ള വിമാനം ഇപ്പോള്‍ മെയിന്റനന്‍സ് ജീവനക്കാര്‍ പരിശോധിച്ച് വരികയാണ്.

1998 സെപ്റ്റംബറില്‍ 229 യാത്രക്കാരാണ് കാനഡയില്‍ സമാനമായ രീതിയില്‍ ക്യാബിനില്‍ പുക നിറഞ്ഞ് അപകടത്തില്‍ പെട്ടത്. എന്തായാലും ഇന്‍ഡിഗോ വിമാനം കൂടുതല്‍ അപകടം കൂടാതെ നിലത്തിറക്കാന്‍ പൈലറ്റുമാരുടെ നിശ്ചയദാര്‍ഢ്യമാണ് വഴിയൊരുക്കിയത്.

കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു. കര്‍ണാടക വനംവകുപ്പിന്റെ വെടിയേറ്റാണ് മലയാളി മരിച്ചതെന്നാണ് സംശയം. കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനത്തില്‍ ഇവര്‍
നായാട്ടിന് പോയതെന്നാണ് പ്രാഥമിക നിഗമനം. വാഗമണ്‍തട്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

 

ബിജെപി സർക്കാരിന് കീഴിൽ രാജസ്ഥാനിൽ അച്ഛേ ദിൻ വരില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതായി മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്​ലോട്ട്. വിജയം പങ്കുവയ്ക്കാൻ അദ്ദേഹം ചായ വിതരണം ചെയ്തതും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. ജയ്പൂരിലെ തന്റെ വസതിക്കു മുമ്പില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും‌ാണ് അദ്ദേഹം തന്നെ നേരിട്ട് ചായ വിതരണം നടത്തിയത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സമാന ചിന്താഗതിക്കാരായ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. അദ്ദേഹത്തിന്‍റെ വസതിക്കു പുറത്ത് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ വിജയം പാർട്ടി അധ്യക്ഷപദം ഏറ്റെടുത്ത് ഒരു വർഷം തികയ്ക്കുന്ന രാഹുൽ ഗാന്ധിക്കുള്ളതാണെന്നാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

‘ഞങ്ങള്‍ കേവലഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. അന്തിമഫലമെത്തുമ്പോൾ വ്യക്തമായും കേവലഭൂരിപക്ഷം നേടാനാവുമെന്ന് ഉറപ്പാണ്. സമാന ചിന്താഗതിക്കാരായ, ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ ഞങ്ങളെ പിന്തുണയ്ക്കാനായി സ്വാഗതം ചെയ്യുന്നു. അവരുമായി ചർച്ചകൾ നടത്തിവരികയാണ്”, സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. ആദ്യഘട്ട ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ അദ്ദേഹം എട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകളില്‍ മിന്നിത്തിളങ്ങുകയാണ് കോണ്‍ഗ്രസ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ലീഡ് നിലയില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം കടന്നു. ഛത്തീസ്ഗഢില്‍ ലീഡില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചാണ് മുന്നേറ്റം. വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നില ഓരോനിമിഷവും മാറിമറിഞ്ഞു. രാജസ്ഥാനില്‍ മിക്കസമയങ്ങളിലും കോണ്‍ഗ്രസാണ് മുന്നിട്ടുനിന്നത്. കഴിഞ്ഞ അരമണിക്കൂറിലേറെയായി അവരുടെ ലീഡ് നില കേവലഭൂരിപക്ഷത്തിനാവശ്യമായ 100 സീറ്റിനുമുകളിലാണ്. മധ്യപ്രദേശിലെ ലീഡ് നിലയും ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്.

ബിജെപിയും പലതവണ കേവലഭൂരിപക്ഷത്തിനുവേണ്ട 116 സീറ്റില്‍ ലീഡ് എത്തിച്ചിരുന്നു. അറുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകള്‍ ഇതിനകം എണ്ണിക്കഴിഞ്ഞു. ഒട്ടേറെ മണ്ഡലങ്ങളില്‍ ഇപ്പോഴും ആയിരം വോട്ടില്‍ താഴെയാണ് സ്ഥാനാര്‍ഥികളുടെ ലീഡ്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ ബിഎസ്പിയുടെ നിലപാട് നിര്‍ണായകമാകും. തെലങ്കാനയില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടിയാണ് ടിആര്‍എസ് കോണ്‍ഗ്രസും ടിഡിപിയും ഉള്‍പ്പെട്ട മഹാകൂട്ടമിയെ തറപറ്റിച്ചത്. മിസോറമില്‍ തുടര്‍ച്ചയായി മൂന്നാംവട്ടം അധികാരം ലക്ഷ്യമിട്ട കോണ്‍ഗ്രസ് മിസോ നാഷണല്‍ ഫ്രണ്ടിന്റെ മുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞു. ഇതോടെ വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ അധികാരനഷ്ടം പൂര്‍ണമായി.

RECENT POSTS
Copyright © . All rights reserved