ഉത്തർപ്രദേശിലെ പിലിബിത്തിൽ നൂഡിൽസ് കഴിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടി മരിച്ചു. കുടുംബത്തിലെ അഞ്ച് പേര് ഇതേ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി നൂഡിൽസും അരി ആഹാരവും കഴിച്ചതിന് പിന്നാലെയാണ് മൂന്ന് കുട്ടികളടക്കം കുടുംബത്തിലെ ആറ് അംഗങ്ങൾക്ക് അവശതയുണ്ടായത്. പിലിബിത്തിലെ പുരാൻപുര പ്രദേശത്താണ് സംഭവം.
അന്ന് രാത്രി തന്നെ ആറ് പേരും വൈദ്യ സഹായം തേടി. അടുത്ത ദിവസം അവർ വീടുകളിലേക്ക് മടങ്ങി. എന്നാൽ അന്ന് രാത്രി കൂടുതൽ അവശത നേരിട്ടതോടെ വീണ്ടും ആശുപത്രിയിലെത്തി. അവിടെ വച്ചാണ് സ്ഥിതി വഷളായ 12 വയസുകാരൻ റോഹൻ മരിച്ചത്.
മറ്റൊരു ആൺകുട്ടി വിവേകിൻ്റെ നില അതീവ ഗുരുതരമാണെന്നും ഭക്ഷ്യ വിഷബാധയേറ്റതാണ് മരണകാരണമെന്നും പിലിബിത്തിലെ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർ റാഷിദ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തിൽ കുടുംബാംഗങ്ങളാരും പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.
കുസാറ്റ് ക്യാമ്പസില്‍ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പോലീസുകാരനെ അറസ്റ്റ് ചെയ്ത്ജാമ്യത്തില്‍ വിട്ടു.കളമശ്ശേരി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അനന്തൻ ഉണ്ണിക്കെതിരെയാണ് കേസെടുത്തത്.
രാവിലെ ഒന്‍പതരയോടെ കാമ്പസിലെ റോഡരികില്‍ നില്‍ക്കുകയായിരുന്ന പൊലീസുകാരന് വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി പൊലീസുകാരനാണെന്ന് കണ്ടെത്തിയത്.
അതേസമയം, പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടിക്ക് മേല്‍ സമ്മര്‍ദമുണ്ടായതായും പറയുന്നു. എന്നാല്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പെണ്‍കുട്ടി അറിയിച്ചതോടെയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിൽ മൂന്നംഗസംഘം പിടിയില്‍. ചക്കരപ്പറമ്ബില്‍ ഡ്രീമർ പാഷനേറ്റ്, ഫ്ളൈയിങ് ഫ്യൂച്ചർ എന്നീ സ്ഥാപനങ്ങള്‍ നടത്തിയിരുന്ന കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ദിവിക്ഷിത് (31), ഭാര്യ കോതമംഗലം കോട്ടപ്പടി സ്വദേശിനി ഡെന്ന (26), കണ്ണൂർ മമ്പറം സ്വദേശി റിജുൻ (28) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റുചെയ്തത്.
പോളണ്ട്, ന്യൂസീലൻഡ്, പോർച്ചുഗല്‍, അർമേനിയ എന്നിവിടങ്ങളില്‍ വർക്ക് വിസയും ഉയർന്ന ശമ്ബളത്തിലുള്ള ജോലിയും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. വിസ നല്‍കാതെ കബളിപ്പിക്കുന്നതിനൊപ്പം ചിലർക്ക് വിസിറ്റിങ് വിസ നല്‍കിയും ഇവർ പണം തട്ടിയതായി പോലീസ് പറയുന്നു. വിദേശത്തെത്തുമ്ബോള്‍ വിസിറ്റിങ് വിസ വർക്ക് വിസയാക്കി മാറ്റിത്തരാമെന്ന ഉറപ്പിന്മേല് പണം നല്കിയവർ കബളിപ്പിക്കപ്പെട്ടു.
ന്യൂസീലൻഡിലേക്ക് ഈ രീതിയില്‍ വിസിറ്റിങ് വിസ നല്കി തിരുവനന്തപുരം സ്വദേശികളില്‍നിന്ന് 14 ലക്ഷം രൂപയും അർമേനിയയിലേക്കെന്ന പേരില്‍ കൊച്ചി സ്വദേശിയില്‍നിന്ന് അഞ്ചുലക്ഷം രൂപയും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുകൂടാതെ ഏഴു കേസുകളും ഇവർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലായിരുന്ന പ്രതികളെ സൈബർ സെല്ലിന്റെ സഹായത്തോടെ പാടിവട്ടത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
സാമൂഹിക മാധ്യമങ്ങളില്‍ സിനിമാതാരങ്ങളെ ഉപയോഗിച്ച് പരസ്യം ചെയ്തായിരുന്നു ഇവർ തട്ടിപ്പ് നടത്തിയതെന്നും പോലീസ് പറയുന്നു. നൂറോളം പേർക്ക് പണം നഷ്ടമായതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
നഗരത്തില്‍ തിങ്കളാഴ്ച വൈകീട്ട് പെയ്ത മഴയ്ക്കും പൊടിക്കാറ്റിനുമിടെ ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളിലേക്ക് മറിഞ്ഞുവീണ് എട്ട് മരണം. 59 പേര്‍ക്ക് പരിക്കേറ്റു. നിരവധിപേര്‍ പരസ്യബോര്‍ഡിനടിയില്‍ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. ഈസ്റ്റേണ്‍ എക്സ്പ്രസ് വേയിലെ പോലീസ് ഗ്രൗണ്ട് പട്രോള്‍ പമ്പിലേക്കാണ് കൂറ്റന്‍ പരസ്യബോര്‍ഡ് മറിഞ്ഞുവീണത്. പരസ്യ ബോര്‍ഡിന്റെ ഇരുമ്പ് കാലുകള്‍ പെട്രോള്‍ പമ്പില്‍ ഉണ്ടായിരുന്ന കാറുകള്‍ അടക്കമുള്ളവയിലേക്ക് തുളച്ചുകയറി. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് എക്സിലൂടെ അറിയിച്ചു.
വാഹനങ്ങളടക്കം ബോര്‍ഡിനടിയില്‍ കുടുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വൈകീട്ട് 4.30ഓടെ പെയ്ത മഴയ്ക്കും പൊടിക്കാറ്റിനും ഇടയിലാണ് അപകടം. 50 മുതല്‍ 60 വരെ ആളുകള്‍ കൂറ്റന്‍ ബോര്‍ഡിനടിയില്‍ കുടുങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. അഗ്നിരക്ഷാസേനയും മഹാനഗര്‍ ഗ്യാസ് ലിമിറ്റഡിന്റെ സംഘവുമടക്കം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു.
പൊടിക്കാറ്റും മഴയുംമൂലം മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂറോളം തടസപ്പെട്ടിരുന്നു. 15-ഓളം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മെട്രോ ട്രെയിന്‍ സര്‍വീസും സബര്‍ബന്‍ തീവണ്ടി സര്‍വീസുമടക്കം തടസപ്പെട്ടു. പലസ്ഥലത്തും വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞ് ഏഴു ദിവസത്തിന് ഉള്ളില്‍ തന്നെ നവവധു നേരിടേണ്ടി വന്നത് ക്രൂരമർദ്ദനം. പറവൂര്‍ സ്വദേശിയായ യുവതിയ്ക്കാണ് ഭർത്താവിന്റെ ക്രൂരമർദ്ദനം ഏല്‍ക്കേണ്ടി വന്നത് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് യുവതി പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
ഈ മാസം അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയും കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലും (29) തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച് നടന്നത്. തുടര്‍ന്ന് വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് വധുവിന്റെ വീട്ടുകാരടങ്ങുന്ന സംഘം രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ ക്രൂരമായി മര്‍ദിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ശാരീരികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ പേരില്‍ ഗാര്‍ഹികപീഡനത്തിന് പോലീസ് കേസെടുക്കുകയായിരുന്നു.
വരന്റെ വീട്ടില്‍ വിരുന്നിനെത്തിയ ബന്ധുക്കള്‍ കണ്ടത് വധുവിന്റെ ശരീരമാസകലം മർദ്ദനമേറ്റ പരിക്ക്: ഏഴാം ദിവസം വേർപിരിയല്‍
മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് രാഹുലിന്റെ വിവാഹാലോചന വന്നത്. ഒരിക്കല്‍ ആലോചന വന്ന് ചില കാരണങ്ങളാല്‍ മുടങ്ങി പോയിരുന്നു. പിന്നീട് രണ്ടാമത് രാഹുലിന്റെ താത്പര്യപ്രകാരം വീണ്ടും ആലോചനയുമായി എത്തുകയായിരുന്നു. തുടര്‍ന്നാണ് വിവാഹം നടന്നത്. വിവാഹത്തിന് മുമ്ബ് ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, വിവാഹത്തിന് ശേഷം ചെറിയ പിണക്കമുണ്ടായി. ഇതിന് പിന്നാലെ കൂടെ ജോലി ചെയ്യുന്നവരടക്കമുള്ള പുരുഷന്മാരുടെ ഫോണ്‍ നമ്ബരുകള്‍ ബ്ലോക്ക് ചെയ്തു. ഇതിനുശേഷം ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ മദ്യപിച്ചെത്തി ഈ കാരണം പറഞ്ഞ് ക്രൂരമായി മര്‍ദിക്കുകയാണുണ്ടായതെന്നും യുവതി പറഞ്ഞു.
“മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി. ചെകിടത്തും ദേഹത്തുമെല്ലാം അടിച്ചു. തല പിടിച്ച് ഇടിച്ചു. ഇപ്പോള്‍ ഒരു ഭാഗം വീങ്ങിയിരിപ്പുണ്ട്. മുഖത്ത് അടിച്ചപ്പോള്‍ ബോധം പോവുകയും മൂക്കില്‍നിന്നും ചോര വരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവും അന്നേരം വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവിന്റെ സുഹൃത്തും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. തിരികെയെത്തിയതിന് പിന്നാലെ കുറേ ക്ഷമയൊക്കെ പറഞ്ഞിരുന്നു” യുവതി പറഞ്ഞു.
സംഭവത്തിന് തൊട്ടടുത്ത ദിവസം അടുക്കളകാണലിനെത്തിയ ബന്ധുക്കള്‍ യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദിച്ചപാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ആദ്യം കുളിമുറിയില്‍ വീണതാണെന്നാണ് പറഞ്ഞതെങ്കിലും സംശയം തോന്നിയ വീട്ടുകാര്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം യുവതി വീട്ടുകാരോട് തുറന്നുപറഞ്ഞത്. ഉടന്‍ തന്നെ പന്തീരങ്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
രാഹുല്‍ ജര്‍മനിയില്‍ എയറോനോട്ടിക്കല്‍ എന്‍ജിനീയറാണ്. എം.ടെക്ക് ബിരുദധാരിയായ യുവതി ടെക്നോപാര്‍ക്കിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അതേസമയം, തന്റെ മകളെ ക്രൂരമായി മര്‍ദിച്ച രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. ഗാര്‍ഹികപീഡനത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിയെ ക്രൂരമായി മര്‍ദിച്ചതില്‍ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.
കോളേജിന്റെ പേരിൽ പ്രചരിക്കുന്ന പ്രണയരംഗം ഉൾപ്പെട്ട അഡ്മിഷൻ പരസ്യ വീഡിയോയെ തള്ളിപ്പറഞ്ഞ് മൂവാറ്റുപുഴ നിർമല കോളേജ്. എഴുപത് വർഷമായി കോളേജ് ഉയർത്തിപ്പിടിക്കുന്ന സാംസ്കാരികവും ധാർമികവുമായ മൂല്യങ്ങൾക്കെതിരാണ് ഈ വീഡിയോയെന്നാണ് പ്രിൻസിപ്പൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ പരസ്യം കൈകാര്യം ചെയ്തിരുന്ന ഏജൻസി പുറത്തുവിട്ടതാണ് വീഡിയോയെന്നും അത് കോളേജിന്റെ അറിവോടുകൂടിയല്ലെന്നും കുറിപ്പിൽ പറയുന്നു.
1990കളിലിറങ്ങിയ ‘നിറക്കൂട്ട്’ എന്ന സിനിമയിലെ “പൂമാനമേ..” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരമായിരുന്നു പുറത്ത് വന്ന വീഡിയോ. കോളേജ് ലൈബ്രറിയിൽ പ്രണയിക്കുന്ന ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും രംഗങ്ങളാണ് വീഡിയോയിലുള്ളത്.
ലൈബ്രറിയിൽ പുസ്തകം ആസ്വദിച്ചു വായിച്ചുകൊണ്ടിരിക്കുന്ന ആൺകുട്ടിയിൽനിന്നാണ് ഹ്രസ്വ വീഡിയോയുടെ തുടക്കം. വായനക്കിടെ ആൺകുട്ടിയുടെ ശ്രദ്ധ ലൈബ്രറിയിൽ പുസ്തകം പരതുന്ന പെൺകുട്ടിയിൽ പതിയുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്യുന്നു.
എന്നാൽ വീഡിയോ അവസാനിക്കുന്നത് ആൺകുട്ടി മുട്ടത്ത് വർക്കിയുടെ ‘ഇണപ്രാവുകൾ’ വായിച്ചുകൊണ്ടിരിക്കുന്ന രംഗത്തിലാണ്. ഇതാണ് വീഡിയോയിലെ സസ്പെൻസ്. വായന നിങ്ങളുടെ മനസിനെയും ഭാവനയെയും ഉണർത്തുമെന്ന് എഴുതിക്കാണിക്കുന്നതോടെയാണ് വീഡിയോയിലെ സസ്പെൻസ് മനസിലാവുക. വീഡിയോയിൽ നിന്നുള്ള രംഗം
തുടർന്ന് വായിക്കാനും ജീവിക്കാനും നിർമല കോളേജിലേക്ക് വരൂ എന്നും 2024ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നുവെന്നും എഴുതിക്കാണിക്കുന്നു.
കോളേജിൽ വളരെ അലസമായ ചുറ്റുപാടാണന്നു തോന്നിപ്പിക്കുന്ന വീഡിയോ മുന്നോട്ടുവെയ്ക്കുന്ന ആശയം വസ്തുതാപരമായി ശരിയല്ലെന്നും വീഡിയോയിൽ കാണിച്ചിട്ടുള്ള ലൈബ്രറി നിർമല കോളേജിൽ അല്ലെന്നും പ്രിൻസിപ്പൽ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.
വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നു പറയുന്ന കുറിപ്പ്, വീഡിയോ കാരണം മനോവിഷമം നേരിട്ട പൂർവവിദ്യാർഥികളോട് ക്ഷമ ചോദിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.
വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള്‍ പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞു. വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്.
വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് തിരക്കിയപ്പോഴാണ് മർദ്ദന വിവരം പുറത്തറിഞ്ഞത്.
തുടർന്ന് യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ വിവരം അറിയിച്ചു. വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നൽകി. ബന്ധം തുടരാൻ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിൽ അറിയിച്ചു. മേയ് 5ന് എറണാകുളത്തു വച്ചായിരുന്നു ഇവരുടെ വിവാഹം.
തിരുവല്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് കാരണം പക്ഷിപ്പനിയാണെന്ന സംശയത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാല്‍ വൈറോളജി ലാബിലേക്കാണ് സാംപിളുകള്‍ അയച്ചുകൊടുത്തത്. ഇവിടെ നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തില്‍ പ്രതിരോധ നടപടികള്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. നാളെ കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേർന്ന് കള്ളിംഗ് അടക്കമുള്ള തുടർനടപടി സ്വീകരിക്കും.
കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
മറ്റു് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ‘പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി പൊതുജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
നാളെ മുതല്‍ 15-ാം തീയതി വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. 13ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി. 14ന് പത്തനംതിട്ട. 15ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കനത്ത മഴയിൽ മൂവാറ്റുപുഴയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ എഴുമുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരുടെ നില ഗുരുതരമാണ്. മനാപ്പുറത്ത് കുമാരി, ഇവരുടെ മകൻ അനു, അനുവിന്റെ ഭാര്യ ലക്ഷ്മി പ്രിയ, ഇവരുടെ 9 വയസുള്ള മകൾ ദീക്ഷിത എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
വാഗമണ്ണിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെ തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ നിർമല കോളജ് കവല ഭാഗത്താണ് അപകടം.
വാഗമണ്ണിലേക്ക് പോകുകയായിരുന്ന സുഹൃത്തുക്കളായ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഈ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന കാറിലും പിന്നീട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.
എഴുമുട്ടം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച എതിർ ദിശയിൽ നിന്നു വന്ന കാറിലാണ് അപകടത്തിനിടയാക്കിയ കാർ ആദ്യം ഇടിച്ചത്. അതിനു ശേഷം നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. ഈ കാറിൽ കരുനാഗപ്പള്ളിയിലുള്ള ദമ്പതികളും ഇവരുടെ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞും അടങ്ങിയ കുടുംബമുണ്ടായിരുന്നു.