യമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുന്നു. സഹായം അഭ്യര്‍ഥിച്ച് നിമിഷ പ്രിയ അയച്ച കത്താണ് സര്‍ക്കാര്‍ ഇടപെടലിന് വഴിയൊരുക്കിയത്. നെന്മാറ എംഎല്‍എ കെ.ബാബുവിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ടു. എംബസി വഴി പ്രശ്‌നം പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ജോയ്‌സ് ജോര്‍ജ് എംപിയ്ക്ക് ഉറപ്പുനല്‍കി.
കൊലപാതകക്കുറ്റം സമ്മതിച്ച് തടവറയ്ക്കുളളില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ നടപടികളാണ് ഫലപ്രദമാകേണ്ടത്. സഹായം തേടിയുളള നിമിഷയുടെ കത്ത് പുറത്തുവിട്ടത് അടിസ്ഥാനമാക്കി ജനപ്രതിനിധികളും ഇടപെട്ടു. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് കത്ത് നല്‍കി. എംബസി മുഖേന കേസ് പരിശോധിക്കാമെന്നാണ് മന്ത്രാലയത്തില്‍ നിന്ന് എംപിക്ക് ലഭിച്ച മറുപടി. നെന്മാറ എംഎല്‍എ കെ.ബാബു മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പ്രകാരം നോര്‍ക്ക മുഖേന മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെടും.
ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ചെയ്തു പോയതെന്ന് നിമിഷപ്രിയ സര്‍ക്കാര്‍ സഹായം തേടി ജയിലില്‍ നിന്നെഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച് ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. തന്നെ ശാരീരികമായി ആക്രമിച്ചതായും പണവും ആഭരണങ്ങളും തട്ടിയെടുത്തുവെന്നും പിന്നീട് തടവിലാക്കിയെന്നും നിമിഷ പറയുന്നു. ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചെന്നും ജയിലില്‍ നിന്നുള്ള നിമിഷയുടെ കത്തില്‍ വ്യക്തമാക്കിയിരുന്നു.
യെമനില്‍ എത്തുന്നത് മുതല്‍ ജയിലിലായതുവരെയുള്ള കാര്യങ്ങള്‍ കത്തിലുണ്ട്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ലാണ് തലാല്‍ എന്ന യെമന്‍ പൗരന്റെ സഹായം തേടുന്നത്. താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ ആരോപിക്കുന്നു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ സ്വന്തമാക്കി. തന്റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റു.
യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസാണെങ്കിലും മോചനത്തിനായി പണം നല്‍കാന്‍ യമനിലെ മാരിബ് ആസ്ഥാനമായ എന്‍ജിഒയും ശ്രമിക്കുന്നുണ്ട്. തൊടുപുഴയില്‍ താമസിക്കുന്ന നിമിഷയുടെ ഭര്‍ത്താവ് ടോമിയും മകളും നിമിഷയുടെ മോചനത്തിനായി കാതോര്‍ക്കുകയാണ്.
യെമനി ഭര്‍ത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കില്‍പൊതിഞ്ഞ് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു നിമിഷയ്ക്ക് എതിരായ കേസ്.
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ സി.പി.എമ്മിന് നഗരസഭാ ഭരണം നഷ്ടമായി. സി.പി.എം പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സി.പി.എമ്മിലെ ഒരംഗം പിന്തുണച്ചു. അവിശ്വാസത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സി.പി.എം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഈ വിപ്പ് ലംഘിച്ചാണ് സി.പി.എമ്മിലെ വി.കെ കബീര്‍ ചെയര്‍മാന്‍ റഷീദിനെതിരെ വോട്ട് ചെയ്തത്.
28 അംഗ കൗണ്‍സിലില്‍ 15 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സി.പി.എമ്മിലെ മറ്റ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതേസമയം, തനിക്ക് വിപ്പ് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ വിപ്പ് ലംഘിച്ചിട്ടില്ലെന്നും വി.കെ കബീര്‍ പറഞ്ഞു.
ചെയര്‍മാന്‍ റഷീദിനെതിരെ ആറു മാസം മുന്‍പും യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. അന്ന് പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടിയിലെ ഒരംഗം പിന്തുണച്ചതിനാല്‍ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. അഴിമതിയും സ്വഭാവദൂഷ്യവും ഉള്ള റഷീദിനെ ആറു മാസം മുന്‍പേ പുറത്താക്കേണ്ടതായിരുന്നുവെന്നും അന്ന് ജനപക്ഷത്തെ ഒരംഗം കാശ് വാങ്ങി അവിശ്വാസം പരാജയപ്പെടുത്തുകയായിരുന്നുവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ ആരോപിച്ചു.
ജനപക്ഷത്തെ വൈസ് ചെയര്‍മാനെതിരെ ഉച്ചകഴിഞ്ഞ് അവിശ്വാസം പരിഗണിക്കുന്നുണ്ട്. ചെയര്‍മാനെ പോലെ പുറത്തുപോകേണ്ടയാളാണ് വൈസ് ചെയര്‍മാനെന്നും പി.സി ജോര്‍ജ് പറഞ്ഞു. അവിശ്വാസം വോട്ടിനു വരുമ്പോള്‍ എന്തു സംഭവിക്കുമെന്ന അറിയില്ലെന്നും ജോര്‍ജ് പറഞ്ഞു. വൈസ് ചെയര്‍മാന് എതിരായ അവിശ്വാസത്തില്‍ എന്തു നിലപാട് എടുക്കുമെന്ന് അറിയില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഈരാറ്റുപേട്ട നഗരസഭയില്‍ സി.പി.എം അംഗം തന്നെ ചെയര്‍മാനാകും. അവിടെ യു.ഡി.എഫിനോ മുസ്ലീം ലീഗിനോ ജനപക്ഷത്തിനോ ചെയര്‍മാന്‍ സ്ഥാനം ലഭിക്കില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.
മുസഫര്‍പുര്‍: ഡല്‍ഹിയിലേക്ക് പോയ ബസ് ബിഹാറിലെ മോത്തിഹാരിയില്‍ അപകടത്തില്‍ പെട്ട് കത്തി 24ലേറെ പേര്‍ മരിച്ചുവെന്ന ‘ഞെട്ടിപ്പിക്കുന്ന’ വാര്‍ത്ത കേട്ടയുടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിക്കുകയും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അധികം വൈകാതെ മരണ സംഖ്യ കുറഞ്ഞു, പിന്നെ ആരും മരിച്ചില്ലെന്ന് സ്ഥിരീകരണം വന്നു. ദേശീയ തലത്തില്‍ തമാശയായി മാറിയ ആ വാര്‍ത്ത പിറന്നതും തളര്‍ന്നതും ഇങ്ങനെയാണ്.
വ്യാഴാഴ്ച വൈകുന്നേരം 4.15നാണ് ബിഹാറിലെ മുസഫര്‍പുരില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ ബസ് മറിഞ്ഞ് തീപിടിച്ചത്. ഈസ്റ്റ് ചമ്പാരണിലെ കോട്‌വാനില്‍ മോത്തിഹാരിയിലാണ് അപകടമുണ്ടായത്. 42 യാത്രക്കാരുണ്ടായിരുന്ന ബസ് കത്തിപ്പോയെന്നും എട്ടുപേരില്‍ കൂടുതല്‍ പേര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. അപ്പോള്‍ മരണ സംഖ്യ 30ല്‍ കുറയില്ല. അതിനിടെ മന്ത്രി ദിനേശ് ചന്ദ്ര യാദവ് 24 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തു.
അതേ സമയമാണ് പട്‌നയില്‍ ട്രാഫിക് വാരാചരണത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവം അറിഞ്ഞതും അനുശോചന സന്ദേശത്തോടൊപ്പം മരിച്ചവര്‍ക്ക് ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതും. അടിയന്തിര നടപടികള്‍ക്ക് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊട്ടുപിന്നാലെ അനുശോചന സന്ദേശവും മരിച്ചവര്‍ക്കുള്ള പ്രാര്‍ഥനകളും വാര്‍ത്താ ഏജന്‍സിയോട് പങ്കുവെച്ചു. എന്നാല്‍ 7.30 ഓടെ വെറും 13 യാത്രക്കാരും നാല് ജീവനക്കാരും മാത്രമേ ബസിലുണ്ടായിരുന്നുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി. ബാക്കി 27 പേര്‍ കയറേണ്ട ഗോപാല്‍ഗഞ്ജ് എത്തുന്നതിന് മുമ്പാണ് ബസ് മറിഞ്ഞത്. ഇതില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. അവരെ നാട്ടുകാര്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്ഷാപ്രവര്‍ത്തകര്‍ എത്തി തീയണച്ച ശേഷം ഗ്യാസ് കട്ടറുപയോഗിച്ച് ബസ് പൊളിച്ചു മാറ്റി. ഒരു മൃതദേഹം പോലും കണ്ടുകിട്ടിയില്ല. ആരും മരിച്ചിട്ടില്ലെന്നു കേട്ടതോടെ പ്രദേശം ശാന്തമായി. രക്ഷപ്പെട്ട് ആശുപത്രിയില്‍ എത്തിയവര്‍ ബസിലുണ്ടായവരുടെ എണ്ണം തെറ്റായി പറഞ്ഞതാണ് വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്. ഇത് സ്ഥിരീകരിക്കാന്‍ വാര്‍ത്താ വിനിമയ ശൃംഖലയും വേണ്ടത്ര കാര്യക്ഷമമല്ലായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
കല്‍പ്പറ്റ: വയനാട്ടില്‍ വിഷക്കള്ള് കുടിച്ച് ഒരാള്‍ മരിച്ചു. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40)യാണു മരിച്ചത്. അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഷാപ്പില്‍ നിന്ന് കള്ളു കുടിച്ചിറങ്ങിയ ശേഷം പലയിടങ്ങളിലായി വീണു കിടക്കുകയായിരുന്ന ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കോട്ടാന്തറ മണിയന്‍കോട് കോളനി മുക്ക് കള്ളുഷാപ്പില്‍ നിന്നാണ് ആറുപേരും മദ്യപിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഇന്നലെ ഉച്ചയ്ക്ക് ശേഷം കള്ളു ഷാപ്പില്‍ പോയി തിരിച്ചുന്ന ഗോപിയെ അവശനിലയില്‍ വീടിനടുത്തായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഷാപ്പ് നടത്തിപ്പുകാരായ രണ്ട് പേരെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷക്കള്ള് ഷാപ്പിലെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
വായില്‍ നിന്ന് നുരയും പതയുമായി വഴിയില്‍ വീണു കിടക്കുകയായിരുന്ന ഗോപിയുടെ സമീപത്ത് നിന്ന് പോലീസിന് കള്ളുകുപ്പി ലഭിച്ചിരുന്നു. ഷാപ്പിലെത്തിയ എക്‌സൈസ് കള്ളിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
മൂന്നാര്‍: മൂന്ന് വയസുള്ള കുട്ടിയുടെ അലറി വിളിച്ചുള്ള കരച്ചിലിനു മുമ്പില്‍ അലിവു തോന്നിയ കാട്ടാന കുട്ടിയുടെ അച്ഛന്റെ ജീവന്‍ തിരികെ കൊടുത്തു. ഇടുക്കി ജില്ലയിലെ ലോക പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിനടുത്തുള്ള മറയൂരിലാണ് സംഭവം. പുത്തൂര്‍ സ്വദേശിയായ ഗണേശന്‍ മൂന്ന് വയസുള്ള മണിയോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെയാണ് റോഡരികില്‍ പതുങ്ങി നിന്ന കാട്ടാനയുടെ മുമ്പില്‍ ചെന്നുപെട്ടത്. ബൈക്ക് തിരികെ ഓടിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ആനയെ കണ്ട പരിഭ്രമത്തില്‍ ഗണേശനും മണിയും കൂടി ഇരുചക്രവുമായി വിഴുകയായിരുന്നു.
ഈ അവസരത്തില്‍ കാട്ടാന പാഞ്ഞുവന്ന് ഗണേശനെ നിലത്തടിക്കാനായി പിടിച്ചുയര്‍ത്തിയെങ്കിലും മൂന്ന് വയസുള്ള മകന്‍ മണിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് അല്‍പസമയം നിഷ്‌ക്രിയനായി നിന്നതിനുശേഷം ഗണേശനെ സാവധാനം നിലത്തുവച്ച് പിന്‍വാങ്ങുകയായിരുന്നു. വാഹനത്തില്‍ നിന്ന് വീണതിന്റെ ചെറിയ പരിക്കല്ലാതെ ഗണേശന് മറ്റ് കുഴപ്പങ്ങളൊന്നുമില്ല. കോവില്‍ കടവില്‍ നിന്ന് കാണല്ലൂരിന് മടങ്ങവെ വെട്ടുകാട് ഭാഗത്തുവെച്ചാണ് ഗണേശനെയും മണിയേയും കാട്ടാന ആക്രമിച്ചത്.
ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ പീഡനക്കേസിലെ പ്രതികള്‍ തങ്ങളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. വധശിക്ഷയെ നീതിയുടെ പേരിലുള്ള കൊലപാതകമാണെന്നാണ് പ്രതികള്‍ കോടതിയില്‍ വിശേഷിപ്പിച്ചത്. വധശിക്ഷയ്‌ക്കെതിരെ പ്രതികള്‍ ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുന്നത് കോടതി മാറ്റിവെച്ചു. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദങ്ങള്‍ അടുത്ത വ്യാഴാഴ്ചക്കകം എഴുതി സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസ് അഭിഭാഷകനോടും പ്രതികളുടെ അഭിഭാഷകനോടും കോടതി ആവശ്യപ്പെട്ടു. തങ്ങള്‍ ചെറുപ്പക്കാരും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരുമാണെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം പബ്ലിക് പ്രോസിക്യൂട്ടര്‍ ഖണ്ഡിച്ചു. പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്നും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരല്ലെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എ.പി. സിങ് കോടതിയില്‍ വാദിച്ചു. അതിനാല്‍ തന്നെ പ്രതികള്‍ക്ക് മാനസാന്തരത്തിന് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മിക്ക രാജ്യങ്ങളും വധശിക്ഷകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. വധശിക്ഷ കൊണ്ട് കുറ്റവാളികള്‍ കൊല്ലപ്പെടുമെങ്കിലും കുറ്റകൃത്യം ഇല്ലാതാകില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ രാജ്യത്ത് വധശിക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഇതിന് മറുപടിയായി പറഞ്ഞു. അതേസമയം അറസ്റ്റിലായ സമയത്ത് പ്രതികള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദവും എ.പി. സിങ് ഉയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല നിര്‍ഭയ പെണ്‍കുട്ടിയുടെ മരണമൊഴിയില്‍ തങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കുന്നില്ലെന്നും പ്രതികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതിയില്‍ ഉന്നയിക്കപ്പെട്ടിരുന്നതാണെന്നും ഇതെല്ലാം പരിഗണിച്ചതിന് ശേഷമാണ് 2017 മെയില്‍ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി. 2012 ഡിസംബര്‍ 16 നാണ് രാജ്യത്തെ നടുക്കിയ ബലാത്സംഗം ഡല്‍ഹിയില്‍ നടന്നത്. ഇതേതുടര്‍ന്ന് രാജ്യം വലിയ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
സംസ്ഥാനത്ത് പൊടിക്കാറ്റിനും കനത്ത കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമേ പശ്ചിമബംഗാള്‍, അസം,മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്.
ആസാം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി ഉത്തരേന്ത്യയില്‍ ശക്തമായ പൊടിക്കാറ്റാണുള്ളത്. ഇത് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
ഉത്തരേന്ത്യയില്‍ പൊടിക്കാറ്റിലും കനത്ത മഴയിലും നൂറിലധികം പേരാണ് മരിച്ചത്. 200 ലധികം ആള്‍ക്കാര്‍ക്കാണ് പരുക്കേറ്റത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ പൊടിക്കാറ്റ് ദുരന്തം വിതച്ചത്.
ന്യൂഡല്‍ഹി: രാജ്യത്ത് ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 124 ആയി. കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ മേയ് 5 മുതല്‍ ഏ7 വരെ അതിശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയില്‍ അതിശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. സ്ഥിതിഗതികളുടെ തീവ്രത മുന്‍കൂട്ടി അറിയിക്കുന്നതില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പരാജയപ്പെട്ടെന്ന് ഉത്തര്‍പ്രദേശില്‍ നിന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശില്‍ 73 പേര്‍ മരിക്കുകയും 91 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനില്‍35 പേര്‍ മരിക്കുകയും 209 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഹൈദരാബാദില്‍ 6 പേര്‍ മരിച്ചു. തെലങ്കാനയില്‍ 2 മരണം രേഖപ്പെടുത്തി. കേരളം , പശ്ചിമബംഗാള്‍, അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് രണ്ട് ദിവസത്തേക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്.
നഴ്സുമാരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. വിജ്ഞാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജികളാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത് മാനേജ്മെൻറുകളുടെ ഹർജികൾ ഫയലിൽ സ്വീകരിച്ച കോടതി നഴ്സസ് അസോസിയേഷന്റെ ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി. കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കും. ഈ കാലയളവിൽ മാനേജ്മെന്റുകൾക്കും നഴ്സസ് അസോസിയേനും സർക്കാരുമായി ചർച്ച നടത്തുന്നതിന് തടസ്സമില്ലന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് ചികിത്സാ മേഖലയിൽ 75 ശതമാനവും നിർവഹിക്കന്നത് സ്വകാര്യ മേഖലയാണന്നും സർക്കാർ വിജ്ഞാപനം മുലം വൻ സാമ്പത്തിക ബാധ്യത നേരിടുകയാണെന്നും ആശുപത്രികൾ പൂട്ടേണ്ടി വരുമെന്നും മാനേജ് മെന്റുകൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി നിർദേശിച്ച കമ്മിറ്റി ശുപാർശ ചെയ്ത വേതനം നഴ്സുമാർക്ക് ലഭിക്കുന്നില്ലന്ന് പ്രാഥമിക വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി . രോഗികളിൽ നിന്നു വൻ തുക ഈടാക്കുന്ന മാനേജ് മെന്റുകൾ നഴ്സുമാർക്ക് മതിയായ വേതനം നൽകുന്നില്ലന്നും കോടതി വാക്കാൽ പരാമർശിച്ചു .
കേരള പ്രൈവറ്റ് മാനേജ്മെൻറ് അസോസിയേഷൻ അടക്കമുള്ളവരാണ് വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്
മുസ്ലിം വിശ്വാസപ്രകാരം പരമപ്രധാനമുള്ള വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്‌ക്കാരം നിര്‍ത്തിവെപ്പിച്ച് ഹരിയാനയില്‍ സംഘപരിവാര്‍ ഭീകരത. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള പത്തോളം സ്ഥലങ്ങളില്‍ കൂട്ടമായി ചെന്നാണ് ഹിന്ദുത്വ ഭീകരര്‍ ജുമുഅ നിര്‍ത്തിവെപ്പിച്ചത്. സെക്ടര്‍ 53ല്‍ രണ്ടാഴ്ച മുമ്പ് 700 ഓളം വിശ്വാസികള്‍ പങ്കെടുത്ത ജുമുഅ നമസ്‌ക്കാരം ഇവര്‍ തടഞ്ഞിരുന്നു.
എല്ലാ വെള്ളിയാഴ്ചയും നമസ്‌ക്കരിച്ച് സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനാണ് മുസ്ലിംങ്ങളുടെ ശ്രമമെന്ന് പറഞ്ഞാണ് ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്, ശിവസേന, ഹിന്ദു ജാഗണര്‍ മഞ്ച്, അഖില ഭാരതീയ ഹിന്ദുക്രാന്തി ദള്‍ എന്നീ ഹൈന്ദവ സംഘടനകള്‍ ചേര്‍ന്നാണ് ഭീകരത സൃഷ്ടിച്ച് നമസ്‌ക്കാരം നിര്‍ത്തിവെപ്പിച്ചത്.
അതുല്‍ കതാറിയ ഛൗക്ക്, സികന്ദര്‍പൂര്‍, സൈബര്‍പാര്‍ക്ക് സെക്ടര്‍ 40, വാസിറാബാദ്, മെഹ്‌റൗളി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ജുമുഅയാണ് നിര്‍ത്തിയത്. പൊതു സ്ഥലങ്ങളില്‍ മുസ്ലിംങ്ങള്‍ക്ക് നമസ്‌ക്കരിക്കണമെങ്കില്‍ അധികാരികളില്‍ നിന്നും അനുമതി വേണമെന്നാണ് ഇക്കാര്യത്തില്‍ ഹിന്ദു സംഘടനകളുടെ വാദം. ഇത്തരം നമസ്‌ക്കാരങ്ങള്‍ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. ബന്ധപ്പെട്ടവരില്‍ നിന്നും അനുമതി വാങ്ങിക്കുന്നത് വരെ നമസ്‌ക്കരിക്കാന്‍ സമ്മതിക്കില്ലെന്നാണ് ഇവരുടെ ശാഠ്യം.
കഴിഞ്ഞ കുറച്ച് ദിവസമായി മുസ്ലിംങ്ങളുടെ നമസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ട്. ഏപ്രില്‍ 20ന് ജുമുഅ തടഞ്ഞതിനെ തുടര്‍ന്ന് അഞ്ചോളം പോരെ പൊസീല് അറസ്റ്റ് ചെയ്തിരുന്നു.