India

തിരുവനന്തപുരം∙ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ (95.98 ശതമാനം) കൂടുതലാണ് ഇത്തവണത്തെ വിജയം. പരീക്ഷ എഴുതിയ 4,41,103 പേരിൽ 4,31,162 പേർ വിജയിച്ചു. 34,313 പേർ മുഴുവൻ എ പ്ലസ് നേടി; മുൻ വർഷം 20,967. പ്രൈവറ്റായി പരീക്ഷ എഴുതിയ 2784 പേരിൽ 2085 വിദ്യാർഥികൾ വിജയിച്ചു; 75.67%.

വിദ്യാഭ്യാസ ജില്ലകളിൽ എറണാകുളമാണു മുന്നിൽ– 99.12 ശതമാനം. പിന്നിൽ വയനാട്– 93.87 ശതമാനം. മലപ്പുറത്താണു കൂടുതൽ എപ്ലസുകാർ– 2435. ഗൾഫ് മേഖലകളിൽ പരീക്ഷ എഴുതിയ 544 പേരിൽ 538 വിദ്യാർഥികൾ വിജയിച്ചു. 517 സർക്കാർ സ്കൂളുകളും 659 എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം നേടി. ടിഎച്ച്എസ്എൽസിയിൽ 3279 പേർ പരീക്ഷ എഴുതിയപ്പോൾ 3234 വിദ്യാർഥികൾ വിജയം കരസ്ഥമാക്കി– 98.6%.

റീവാലുവേഷനു മേയ് 10 വരെ അപേക്ഷിക്കാം. സേ പരീക്ഷ 21 മുതൽ 25 വരെ നടക്കും. പ്ലസ് വൺ പ്രവേശനം 9 മുതൽ തുടങ്ങും. ഇത്തവണ മാർക്ക് ദാനമോ മോഡറേഷനോ നൽകിയിട്ടില്ലെന്നു മന്ത്രി അറിയിച്ചു.

പരീക്ഷാഫലം അറിയാം:

http://keralapareekshabhavan.in,
http://results.kerala.nic.in,
keralaresults.nic.in,
www.kerala.gov.in,
www.prd.kerala.gov.in,
http://results.itschool.gov.in
PRD Live
എന്നീ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പിആർഡി ലൈവ് ആപ് ഡൗൺലോഡ് ചെയ്യാം. എസ്എസ്എൽസി ഒഴികെയുള്ള പരീക്ഷകളുടെ ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (http://keralapareekshabhavan.in) മാത്രമേ ലഭ്യമാകുകയുള്ളൂ.

തൃശൂര്‍: കുറ്റിപ്പുറം ദേശീയപാതയില്‍ കാലടിത്തറയ്ക്ക് സമീപം വാഹനാപകടത്തില്‍ നടന്‍ അനീഷ് ജി. മേനോന് പരിക്കേറ്റു. ദൃശ്യം, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് അനീഷ്. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ കാലടിത്തറയ്ക്കും കാളച്ചാലിനും ഇടയിലാണ് അപകടം. വളാഞ്ചേരി കുണ്ടൂര്‍ പള്ളിയാലില്‍ വീട്ടില്‍നിന്ന് എറണാകുളത്ത് നടക്കുന്ന പരിപാടി ഉദ്ഘാടനംചെയ്യാന്‍ പോകുമ്പോഴാണ് അപകടം. അനീഷ് ജി. മേനോന്‍ സഞ്ചരിച്ചിരുന്ന കാറും കാളച്ചാലില്‍നിന്ന് എടപ്പാള്‍ ഭാഗത്തേക്കുവന്ന പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു.

കൈകള്‍ക്കും കാലിനും പരിക്കേറ്റ അനീഷ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി .ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സീറ്റ് ബെല്‍റ്റും എയര്‍ബാഗും ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ് താനിന്നും ജീവിച്ചിരിക്കുന്നതെന്ന് അപകട വിവരം പങ്കുവച്ച് കൊണ്ട് അനീഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. ദൃശ്യം, അഡാര്‍ ലൗ, സുഡാനി ഫ്രം നൈജീരിയ, ക്യൂന്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിന്റെ ഓടിയന്‍ സിനിമയില്‍ അഭിനയിക്കുകയാണ് അനീഷ്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇന്നലെ രാവിലെ എടപ്പാള്‍ ചങ്ങരംകുളം ഹൈവേയില്‍ വെച്ച് എന്റെ കാര്‍ ഒരു ‘ആക്‌സിഡന്റ്’ല്‍ പെട്ടു! വളവ് കഴിഞ്ഞ് മുന്നോട്ട് വരുമ്പോള്‍ ഇടതു സൈഡില്‍ നിന്നും ഒരു പിക്കപ്പ് പെട്ടെന്ന് ‘u turn’ ചെയ്ത് റോഡിന്റെ നടുക്ക് വിലങ്ങു വന്നു. അത്യാവശ്യം സ്പീഡ് ഉണ്ടായിരുന്നത്‌കൊണ്ട് മാക്‌സിമം ചവിട്ടി നോക്കിയിട്ടും കിട്ടിയില്ല..ഇടിച്ചു ‘കാര്‍ ടോട്ടല്‍ ലോസ്’ ആയി. ‘സീറ്റ് ബെല്‍റ്റും എയര്‍ബാഗും’ ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ് ഞാനിന്നും ജീവിക്കുന്നത്. ആ ‘പിക്കപ്പ്’ ന് പകരം ഒരു ‘ബൈക്ക്/ഓട്ടോ’ ആയിരുന്നു ആ വളവില്‍ അപകടപരമായ രീതിയില്‍ ‘u turn’ ചെയ്തിരുന്നത് എങ്കില്‍… ഓര്‍ക്കാന്‍ കൂടെ പറ്റുന്നില്ല!
പലപ്പോഴും നമ്മളെല്ലാവരും രക്ഷപെടുന്നത് വീട്ടില്‍ ഇരിക്കുന്നവരുടെ പ്രാത്ഥനകൊണ്ടു മാത്രമാണ് പ്രത്യേകിച്ചു ‘സൂപ്പര്‍ ബൈക്ക്’ യാത്രികര്‍. നമ്മുടെ അനുഭവങ്ങള്‍ ആണ് ഓരോന്നും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
*വേഗത കുറക്കുക.
*ഹെല്‍മെറ്റ് /സീറ്റ്‌ബെല്‍റ്റ് ശീലമാക്കുക.
*ശ്രദ്ധയോടെ ഡ്രൈവ് ചെയുക.
ഓരോ ജീവനും വലുതാണ്.
ഇതോടൊപ്പം ചില ‘ചങ്ങരംകുളം സ്വദേശികളുടെ പേരുകള്‍ കൂടെ പറയാം..
എടപ്പാള്‍ചങ്ങരംകുളം റൂട്ടില്‍ സഞ്ചരിക്കുന്നവര്‍ ഈ പേരുകള്‍ ഓര്‍ത്ത് വെക്കുക.. ഉപകാരപ്പെടും. ആന്‍സര്‍, സാലി, പ്രസാദ്, ഉവൈസ് .. കൂടെ വളാഞ്ചേരി സൈഫു പാടത്ത്.
സുഹൃത്തുക്കളെ നിങ്ങളെ പോലുള്ള മനുഷ്യ സ്‌നേഹികളായ യുവാക്കള്‍ എല്ലായിടത്തും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ‘ഓരോ ജീവനും വലുതാണ്’ അനീഷ് ജി മേനോന്‍.

 

കോട്ടയം: സീറോ മലബാര്‍ സഭയില്‍ വിശ്വാസികള്‍ക്കിടയില്‍ നടത്താന്‍ തയ്യാറാക്കിയ സര്‍വേ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയതിനു പിന്നാലെ സഭയ്ക്കുള്ളില്‍ നിന്നുതന്നെ തിരുത്തലുമായി ഒരു വൈദികന്‍. പഞ്ചാബ് ബണാലയിലെ ‘മിഷനറീസ് സൊസൈറ്റി ഓഫ് സെന്റ് തോമസ് ദ അപ്പസ്‌തോലേറ്റ്’ സമൂഹാംഗമായ ഫാ. ജോസ് വള്ളിക്കാട്ടില്‍ ആണ് സഭാ നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ബദല്‍ സര്‍വേയുമായി എത്തിയത്. സഭ എത്തിനോക്കേണ്ടത് വിശ്വാസികളുടെ സ്വകാര്യതയിലേക്കല്ല, അവരുടെ ജീവിതത്തിലേക്കാണെന്നും മാന്യമായി ജീവിക്കാനുള്ള സാഹചര്യം അവര്‍ക്കുണ്ടോ എന്നുമാണെന്ന് പറയാതെ പറഞ്ഞുകൊണ്ടാണ് ഫാ. ജോസ് സര്‍വേ തയ്യാറാക്കി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സഭയില്‍ ഇപ്പോള്‍ ‘സര്‍വേക്കാലം’ ആണല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് തുടങ്ങുന്നത്. സഭാ മക്കളില്‍ എത്രപേര്‍ വയറുനിറച്ച് ഉണ്ണുന്നുണ്ട്? അവര്‍ എത്രനേരംഉണ്ണുന്നു? സഭ കരുതി വയ്‌ക്കേണ്ട സഭാ മക്കള്‍ അല്ലാത്ത സഹജരുടെ ഊണ് വിവരങ്ങള്‍, സഭാ മക്കള്‍ക്ക് വീടുണ്ടോ? വീട്ടിലെ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണനയുണ്ടോ? ഉടുതുണിക്ക് മറുതുണി ഉള്ളവരുടെ എണ്ണം എത്ര? സ്വന്തമായി ഭൂമി ഉള്ളവര്‍ എത്ര? അവശ (ദളിത്) ക്രൈസ്തവര്‍ സഭയുടെ മുന്‍നിരയില്‍ കഴിയുന്നതെങ്ങനെ? അവരുടെ കൂദാശ സ്വീകരണം എങ്ങനെ?

സഭയുടെ സ്ഥാപനങ്ങളില്‍ നിന്ന് സൗഭാഗ്യം സ്വീകരിച്ചവരുടെ എണ്ണം? അവരില്‍ ധനവാന്മാര്‍ , ദരിദ്രര്‍, നമ്പൂതിരി കുടുംബത്തില്‍ പിറന്നവര്‍, അല്ലാത്തവര്‍ എന്നീ വിവരം വേറെ വേറെ. സഭയ്ക്ക് പണം സംഭാവന ചെയ്തവരുടെ പേരും തുകയും…. തുടങ്ങി 19 ഓളം വിവരങ്ങളില്‍ ഊന്നിയുള്ള ചോദ്യാവലിയാണ് ഈ വൈദികന്‍ ഉന്നയിച്ചിരിക്കുന്നത്.

സീറോ മലബാര്‍ കുടുംബപ്രേഷിത കേന്ദ്രം ഹ്യുമനേ വിത്തേ (മനുഷ്യജീവന്‍ )യുടെ സൂവര്‍ണ ജൂബിലി വര്‍ഷ കുടുംബ പഠന സര്‍വേ എന്ന പേരില്‍ ദമ്പതികളുടെ സ്വകാര്യതയിലേക്കും ലൈംഗികതയിലേക്കും വരെ ചൂഴ്ന്നുനോക്കുന്ന സര്‍വേ തയ്യാറാക്കിയത്. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ ‘ഹ്യുമാനേ വിത്തേ’ എന്ന ചാക്രിക ലേഖനം നിലവില്‍ വന്നതിന്റെ അമ്പതാം വര്‍ഷിക വേളയിലാണ് സഭ ഇത്തരമൊരു സര്‍വേയ്ക്ക് മുന്നോട്ടുവന്നത്. കുടുംബപ്രേഷിത കേന്ദ്രം സെക്രട്ടറി ഫാ.ജോസഫ് കൊല്ലക്കൊമ്പിലിന്റെ പേരിലാണ് സര്‍വേ ഇറങ്ങിയത്. സര്‍വേയ്‌ക്കെതിരെ ഒരു വിഭാഗം വൈദികര്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ചോദ്യാവലി വിശ്വാസികള്‍ക്കിടയിലേക്ക് ഇതുവരെ എത്തിയിട്ടില്ല.

ഫാ. ജോസ് വള്ളിക്കാട്ടിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സഭയിൽ ഇപ്പോൾ “സർവേക്കാലം” ആണല്ലോ.
“ഒരു ചോദ്യാവലി കിട്ടിയിരുന്നെങ്കിൽ…” എന്ന് ഞാൻ ആശിക്കുന്നു.
പക്ഷെ താഴെ പറയുന്ന ചോദ്യങ്ങൾ അതിൽ ഉണ്ടാവണം.
ചോദ്യാവലി ഇഷ്ടപെട്ടാൽ നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതണെ…

1. സഭാമക്കളിൽ എത്രപേർ വയറു നിറച്ചു ഉണ്ണുന്നുണ്ട്?
2. അവർ എത്ര നേരം ഉണ്ണുന്നു? ഒരുനേരം, രണ്ടുനേരം, മൂന്നു, നാല്, അഞ്ചു, ഒരിക്കലും ഇല്ല.
3. വാർക്കുന്ന ചോറിന്റെ അളവ് എത്ര? ഉരി, നാഴി, പറ, ഒഴിനാഴി.
4. പാല്, പ്രോടീൻ, അന്നജം, കാൽസിയം എന്നിവയുടെ വെവ്വേറെ ഉള്ള അളവ് എത്ര?
5. സഭ കരുതൽ വെക്കേണ്ട, സഭാ മക്കൾ അല്ലാത്ത സഹജരുടെ ഊണ് വിവരങ്ങൾ, ആവർത്തി, അളവ്.
6. സഭാ മക്കൾക്ക് വീടുണ്ടോ? വീടിനു മേൽക്കൂര ഉണ്ടോ? അത് വാർക്ക, ഓട്, ഓല, ആകാശം?
7. വീടിന്റെ മുറികളുടെ എണ്ണം? ഒന്ന്, രണ്ടു, മൂന്നു, നാല്, അഞ്ചു, തറ മാത്രം.
8. വീട്ടിലെ സ്ത്രീകൾക് അർഹമായ പരിഗണന ഉണ്ടോ?
9. തീരുമാനങ്ങളിൽ സ്ത്രീകൾ പങ്കാളിയാണോ?
10. സഹനത്തെ കുറിച്ച് നിങ്ങളുടെ കാഴ്ചപാട് എന്ത്?
11. സഹനം സ്ത്രീകൾക്കും, അബലർക്കും മാത്രം മതി.
12. ഉടുതുണിക്ക് മറുതുണി ഉള്ളവരുടെ എണ്ണം. സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ വേറെ വേറെ,
13. സ്വന്തമായി ഭൂമി ഉള്ളവർ എത്ര?
14. ഭൂമി ഇല്ലാത്തവർ നമ്പൂരി ക്രൈസ്തവരുടെ അടിയാളർ ആയി കഴിയുന്നുണ്ടോ?
15. അവശ (ദളിത്) ക്രൈസ്തവർ സഭയുടെ മുൻനിരയിൽ കഴിയുന്നതെങ്ങനെ?
16. അവശ (ദളിത്) ക്രൈസ്തവർ മുഖ്യധാരയിൽ നിന്ന് കൂദാശകൾ സ്വീകരിക്കുന്നതെങ്ങനെ?
17. സഭയുടെ സ്ഥാപനങ്ങളിൽ നിന്ന് സൗഭാഗ്യം സ്വീകരിച്ചവരുടെ എണ്ണം. ധനവാന്മാർ, ദരിദ്രർ, നമ്പൂരികുടുംബത്തിൽ പിറന്നവർ, അല്ലാത്തവർ എന്നീ വിവരം വേറെ വേറെ.
18. സഭക്ക് പണം സംഭാവന ചെയ്തവരുടെ പേരും തുകയും.
19 അധികാരി അടുപ്പിൽ കാര്യം സാധിക്കുന്നതിൽ കുഴപ്പം ഉണ്ടോ?
ചോദ്യാവലി സമ്പൂർണമല്ല… ആവശ്യാനുസരണം ചോദ്യങ്ങൾ കൂട്ടാവുന്നതാണ്.

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍: ജോജി തോമസ്

മണ്‍സൂണിന് തൊട്ടുമുമ്പുള്ള മാസങ്ങള്‍ കേരളത്തില്‍ കുട കച്ചവടത്തിന്റെ കാലഘട്ടമാണ്. മലയാളിയുടെ ജീവിതത്തിന് കുടയുമായി അഭേദ്യ ബന്ധമാണ്. ‘അര്‍ദ്ധരാത്രി കുട പിടിക്കുക’ തുടങ്ങിയ പഴമൊഴികള്‍ ഇതിന് ഉദാഹരണമാണ്. മലയാളിയെ ആധുനിക കച്ചവടത്തിന്റെ പല സങ്കേതങ്ങളും പരിചയപ്പെടുത്തിയത് തന്നെ കുട കമ്പനികളാണ്. ഒരു കാലത്ത് ആകാശവാണി റേഡിയോ ഓണ്‍ ചെയ്താല്‍ മണ്‍സൂണിനോടനുബന്ധിച്ച കാലഘട്ടങ്ങളില്‍ കുട നിര്‍മാണത്തില്‍ അക്കാലത്ത് മേല്‍കോയ്മ ഉണ്ടായിരുന്ന സെന്റ് ജോര്‍ജ് കുടകളുടെ ഇമ്പമാര്‍ന്ന പരസ്യങ്ങളായിരുന്നു എപ്പോഴും. ആ പരസ്യങ്ങളാണ് മലയാളിയെ ആധുനിക മാര്‍ക്കറ്റിങ്ങിന്റെ രീതികള്‍ കാണിച്ചു കൊടുത്തത്. പ്രമുഖ സാമൂഹ്യ നവോത്ഥാന നായകനും, സാഹിത്യകാരനുമായ വി ടി ഭട്ടതിരിപ്പാട് തന്റെ ആത്മകഥയായ ‘കണ്ണീരിലും കിനാവിലും’ താന്‍ ആദ്യമായി കൂട്ടി വായിച്ച അക്ഷരങ്ങള്‍ ശര്‍ക്കര പൊതിഞ്ഞുകൊണ്ടുവന്ന ന്യൂസ് പേപ്പറില്‍ ഉണ്ടായിരുന്ന മാന്‍മാര്‍ക്ക് കുടയുടെ പരസ്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും കേരളത്തിലെ കുടവ്യവസായം പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലേയ്ക്ക് കടക്കുകയാണ്.

ഓരോ മണ്‍സൂണ്‍ സീസണിലും ഒത്തിരി പുതുമകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ കൊണ്ടുവരാന്‍ കമ്പനികള്‍ മത്സരിക്കുന്നുണ്ടെങ്കിലും ഇത്തവണ ഒരു പ്രമുഖ കമ്പനി നടത്തിയിരിക്കുന്നത് തികച്ചും നൂതനമായ പരീക്ഷണമാണ്. ഹൈടെക് കുടകളാണ് കമ്പനി ഇത്തവണ വിപണിയിലിറക്കിയിരിക്കുന്നത്. ബ്ലൂ ടൂത്ത് ഘടിപ്പിച്ച കുടകളില്‍ മൊബൈല്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കാന്‍ സാധിക്കും. വലിയ തോതില്‍ മഴ പെയ്യുമ്പോള്‍ മൊബബൈല്‍ ഫോണുകള്‍ നനയാതെ സംരക്ഷിക്കാമെന്ന മെച്ചമുണ്ട് ഇതിന്. മാത്രമല്ല ഫോണുകള്‍ പോക്കറ്റില്‍ നിന്ന് എടുക്കാനും ബദ്ധപ്പെടേണ്ടതില്ല. കുടകളുടെ പിടിയിലാണ് ഇതിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പക്ഷേ ഫോണ്‍ സംസാരത്തിന്റെ സ്വകാര്യത കുറയുമെന്ന പോരായ്മ ഇതിനുണ്ട്. കാറുകളിലെ ബ്ലൂടൂത്ത് സംവിധാനം വഴിയുള്ള ഹാന്‍ഡ് ഫ്രീ ഫോണുകള്‍ പോലെയാണ്, ഇത് പ്രവര്‍ത്തിക്കുന്നത്. മറുതലയ്ക്കല്‍ സംസാരിക്കുന്ന ആളുടെ സംസാരം ചുറ്റുപാടു നില്‍ക്കുന്നവര്‍ക്ക് ശ്രവിക്കാന്‍ സാധിക്കും. കമ്പനി നിര്‍മിച്ച ഹൈടെക് കുടകളെല്ലാം ഇതിനോടകം വിറ്റുപോയി. വര്‍ധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് കൂടുതല്‍ കുടകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍.

അമേരിക്കന്‍ മാധ്യമ ഭീമനായ സിഎന്‍എന്‍ പോലുള്ള മാധ്യമങ്ങളില്‍ കേരളത്തിലെ കുട മാര്‍ക്കറ്റിലെ ഈ ഹൈടെക് വിപ്ലവം വന്‍ വാര്‍ത്തയായി. ഇനിയും എന്തൊക്കെ പുതുമകളാണ് കുടമാര്‍ക്കറ്റില്‍ വരുന്നതെന്ന ആകാംഷയിലാണ് ഉപഭോക്താക്കള്‍.

ന്യൂഡല്‍ഹി: ലോകം 4ജിയില്‍ നിന്ന് 5ജിയിലേക്ക് കുതിക്കുമ്പോള്‍ ടെക്‌നോളജിയിലെ അനന്തസാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ടെലികോം മേഖലയെ രക്ഷിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ കരട് ടെലികോം നയത്തിനു കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. 2022ല്‍ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, 5ജി സേവനം, ഇന്റര്‍നെറ്റിന് 50 എംബിപിഎസ് വേഗം തുടങ്ങിയവയാണു പ്രധാന നിര്‍ദേശങ്ങള്‍.

‘ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018’ എന്ന പേരിലാണു ടെലികോം നയം അവതരിപ്പിച്ചത്. നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ക്ലൗഡ് കംപ്യൂട്ടിങ്, മെഷീന്‍ ടു മെഷീന്‍ (എംടുഎം) തുടങ്ങിയ ആശയങ്ങള്‍ക്കും കരടുനയത്തില്‍ പ്രാധാന്യം നല്‍കുന്നു.

ടെലികോം രംഗത്തെ അഞ്ചാം തലമുറയുടെ വരവോടെ ഡിജിറ്റല്‍ ആശയവിനിമയ മേഖലയില്‍ 100 ബില്യന്‍ ഡോളര്‍ വരുമാനമാണു ലക്ഷ്യമിടുന്നത്. ലൈസന്‍സ് ഫീസ്, സ്പെക്ട്രം ഉപയോഗ ചാര്‍ജ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നു നയത്തില്‍ പറയുന്നു.

എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്നതിലൂടെയാണു 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നു കണക്കാക്കുന്നത്. ഇതിലൂടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) എട്ട് ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു.

രാജ്യത്തെ 50 ശതമാനം വീടുകളിലും ബ്രോഡ്ബാന്‍ഡ് സംവിധാനവും പോര്‍ട്ടബലിറ്റി ലാന്‍ഡ് ലൈന്‍ സേവനവും നല്‍കും. 2020ല്‍ എല്ലാ പൗരന്മാര്‍ക്കും 50 എംബിപിഎസ് വേഗത്തിലും എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരു ജിഗാബിറ്റ് വേഗത്തിലും ഇന്റര്‍നെറ്റ് ലഭ്യമാക്കും.

2022ല്‍ ഇത് 10 ജിഗാബിറ്റായി ഉയര്‍ത്തും. 7.8 ലക്ഷം കോടിയോളം രൂപയുടെ നഷ്ടം നേരിടുന്ന ടെലികോം മേഖലയുടെ പ്രധാനപ്രശ്‌നം ഉയര്‍ന്ന സ്പെക്ട്രം വിലയും അനുബന്ധ ചെലവുകളുമാണ്. ഇതു പരിഹരിക്കാന്‍ ‘ഒപ്ടിമല്‍ പ്രൈസിങ് ഓഫ് സ്‌പെക്ട്രം’ നടപ്പാക്കുമെന്നും നയത്തില്‍ വിശദമാക്കുന്നു. ടെലികോം മേഖലയില്‍ വരാന്‍ പോകുന്ന വിപ്ലവത്തെ മുന്‍കൂട്ടിക്കണ്ടുള്ള ഈ തീരുമാനം സര്‍ക്കാരിന് മികച്ച സാമ്പത്തിക ലാഭം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രധാനമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഗുജറാത്ത് വഡ്ഗാം എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി. ബിജെപി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് സംവാദം നടത്താനാണ് നരേന്ദ്രമോദിയെ മേവാനി വെല്ലുവിളിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മോദി കഴിഞ്ഞദിവസം നടത്തിയ പ്രസംഗം പൂര്‍ണ പരാജയമായിരുന്നെന്നും അദ്ദേഹം ഹിമാലയത്തില്‍ പോയി താമസമാക്കുന്നതാണ് നല്ലതെന്നും മേവാനി പരിഹസിച്ചു. നാലു വര്‍ഷത്തെ ഭരണനേട്ടങ്ങളെകുറിച്ച് കേവലം നാലുമിനിട്ട് സംവാദം നടത്താന്‍ തയ്യാറുണ്ടോയെന്നും മേവാനി ചോദിച്ചു. മൈസൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രധാനമന്ത്രി എന്ന നിലയല്‍ മോദി സംസാരിക്കേണ്ട വിഷയങ്ങള്‍ മേവാനി അക്കമിട്ടുനിരത്തി. തൊഴിലില്ലായ്മ, കര്‍ഷക പ്രതിസന്ധി, ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിക്കേണ്ടിയിരുന്നത്.

ഡോ. ബിആര്‍ അംബേദ്കറുടെ പ്രാധാന്യത്തെക്കുറിച്ച് വാചാലനാകുന്ന മോദിയുടെ നിലപാടുകളെയും അദ്ദേഹം ചോദ്യം ചെയ്തു. മോദി സത്യസന്ധമായി അംബേദ്കറെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ എസ്.സി, എസ്.ടി നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ സമരം നടത്തുന്ന പട്ടികവര്‍ഗ, പട്ടിക ജാതിക്കാരില്‍ വിശ്വാസം പുനഃസ്ഥാപിക്കാന്‍ രംഗത്തുവരുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും മേവാനി ആവശ്യപ്പെട്ടു.

അച്ഛന്റെ അമിത മദ്യപാന ശീലത്തില്‍ മനംനൊന്ത് പ്ലസ്ടൂ വിദ്യാര്‍ത്ഥി ജീവനൊടുക്കി. തിരുനെല്‍വേലിയിലാണു സഗഭവം. വിദ്യാര്‍ത്ഥിയായ ദിനേശാണു പിതാവിന്റെ മദ്യപാനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ദിനേശ് വണ്ണര്‍പെട്ടിയിലെ പാലത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.

നീറ്റ് പരിശീലനത്തിനു പോയിരുന്നു കുട്ടി പിതാവിന്റെ അമിത മദ്യപാനം മൂലം മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നു പറയുന്നു. പിതാവിന്റെ മദ്യപാനം മൂലം വീട്ടില്‍ കലഹം പതിവായിരുന്നു. ദിദേശിന്റെ ആത്മഹത്യ കുറിപ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയോട് മദ്യ നിരോധനമേര്‍പ്പെടുത്തണമെന്നും ആവശ്യപെട്ടിട്ടുണ്ട്. തന്റെ ആത്മഹ്യ കുറിപ്പില്‍ പിതാവിനോടു ദിനേശ് പറഞ്ഞിരിക്കുന്നത് ഇങ്ങനെ.

അപ്പാ ഇത് ഞാന്‍ എഴുതുന്നതാണ്. എന്റെ മരണശേഷം അപ്പ മദ്യപിക്കരുത്. അപ്പ നിരന്തരം മദ്യപിക്കുന്നതിനാല്‍ എന്റെ ചിതയ്ക്കു തീ കൊളുത്താന്‍ മുതിരരുത്. അപ്പ അതിനായി തലമുണ്ഡനം ചെയ്യുകയും വേണ്ട. എന്റെ അന്ത്യകര്‍മ്മങ്ങള്‍ ഒന്നും അപ്പ ചെയ്യണം എന്നില്ല. അതാണ് എന്റെ ആഗ്രഹം. എങ്കില്‍ മാത്രമെ എന്റെ ആത്മവിനു ശാന്തി ലഭിക്കു.

ഇനി എങ്കിലും കുടിക്കാതിരിക്കുക അപ്പ. എന്റെ ആഗ്രഹം ഇത്തരത്തില്‍ സഫലമായാല്‍ മാത്രമേ എനിക്ക് സമാധാനമായിരിക്കാന്‍ കഴിയു- ദിനേശ്. ഇപ്പോഴെങ്കിലും സംസ്ഥാനത്തെ മദ്യവിതരണശാലകള്‍ മുഖ്യമന്ത്രി പൂട്ടുമോ എന്നു നോക്കട്ടെ, അദ്ദേഹം അതിന് മുതിര്‍ന്നില്ലെങ്കില്‍ എന്റെ ആത്മാവ് അതു ചെയ്തും എന്നും ദിനേശ് കുറിപ്പില്‍ പറയുന്നു.

 

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയ്മിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ച കൊളീജിയം യോഗം അവസാനിച്ചു. നിയമനം സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായില്ല. അവധിയിലായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ അടക്കം എല്ലാ ജഡ്ജിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ചീഫ് ജസ്റ്റിസ് അടക്കം അഞ്ചംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ജസ്റ്റിസ് ചെലമേശ്വറിന്റെ കോടതി ഇന്ന് സിറ്റിങ് നടത്തിയിരുന്നില്ല. ഇന്നത്തെ കൊളീജിയത്തില്‍ പങ്കെടുക്കാന്‍ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ക്കും ചീഫ് ജസ്റ്റിസ് നോട്ടീസ് നല്‍കിയിരുന്നു. കെ.എം ജോസഫിന്റെ നിയമനത്തെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായി കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുകയാണ്.

കെ.എം ജോസഫിന്റെ നിയമന ശിപാര്‍ശ തിരിച്ചയച്ച കേന്ദ്ര നടപടിയില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് കൊളജീയം ശിപാര്‍ശ വീണ്ടും പരിഗണിക്കാന്‍ യോഗം ചേര്‍ന്നത്. 2016-ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കിയത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.എം ജോസഫായിരുന്നു. ഈ നടപടിയാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.

എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം പേരും. സുപ്രീംകോടതിയുടെ നിലനില്‍പ്പിന്റെയും അധികാരത്തിന്റെയും വിഷയമാണെന്നാണ് ജഡ്ജിമാര്‍ക്കിടെയിലെ പൊതുവികാരം. അതിനാല്‍ ശുപാര്‍ശ വീണ്ടും അയക്കുമെന്നു തന്നെയാണ് സൂചനകള്‍. എന്തുകൊണ്ട് ജോസഫിനെ നിയമിക്കണമെന്നത് വസ്തുതകളും കീഴ്വഴക്കവും ചൂണ്ടിക്കാട്ടി കൊളീജിയം കേന്ദ്രത്തെ അറിയിക്കും.

രാജ്യത്തെ മികച്ച ജഡ്ജിമാരിലൊരാളായ കെ.എം.ജോസഫിനെ തന്നെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ജോസഫിന്റെ നിയമനം അംഗീകരിക്കുന്നതുവരെ പുതിയ നിയമന ശുപാര്‍ശകള്‍ അയക്കേണ്ടതില്ലെന്നും തീരുമാനിച്ചേക്കും.

 

മലയാളി പ്രവാസി കുടുംബം തീപിടുത്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഞാറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അബുദാബിയിലെ നേവി ഗേറ്റിന് സമീപമുള്ള റസിഡൻഷ്യൽ കോംപ്ലക്സിൽ തീ പിടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ ആളുകളെയെല്ലാം സിവിൽ ഡിഫെൻസിലെ അധികൃതർ ഫ്ളാറ്റിൾ നിന്നും രക്ഷപ്പെടുത്തി.

ഇതേ ഫ്ലാറ്റിൽ കഴിഞ്ഞ കുറേ വർഷങ്ങളായി താമസിച്ചു വരികയായിരുന്നു മലയാളിയായ സാജു ജോണും കുടുംബവും. ജോണിനെ അച്ഛൻ വർഷങ്ങളായി ശരീരം തളർന്ന അവസ്ഥയിലായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. തീ പടർന്നത് അറിഞ്ഞ് കുട്ടികളെയും ഭാര്യയെയും താഴത്തെ നിലയിലേക്ക് ചാടിച്ച് രക്ഷപ്പെടുത്തിയെങ്കിലും പ്രായമായ അച്ഛനെയും അമ്മയെയും താഴെ എത്തിക്കാന്‍ ഒരു വഴിയും കണ്ടെത്താനായില്ല. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ജോർജിന്റെ അച്ഛനും പരിക്കേറ്റിരുന്നു. കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങാനാകാതെ ജോർജ് നിലവിളിച്ചു. കൃത്യ സമയത്ത് തന്നെ സിവിൽ ഓഫീസേഴ്‌സ് ജോർജിനെയും കുടുംബത്തെയും കണ്ടെത്തി. മൂന്നു പേരെയും സുരക്ഷിതമായി താഴെ എത്തിച്ചു. അപകടത്തിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്ന് കുടുംബത്തിന് ഇന്നും വിശ്വസിക്കാനായിട്ടില്ല.

എന്നാൽ അപകടത്തിനിടയിൽ  മറ്റൊരത്ഭുതം നടന്നു. സാജുവിന്റെ എണ്‍പതു കഴിഞ്ഞ പിതാവ് കഴിഞ്ഞ കുറച്ചു വര്‍ഷമായി തളര്‍ന്നു കിടക്കുകയായിരുന്നു. തീപിടുത്തത്തിനിടെ ഇദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ വീല്‍ചെയര്‍ കൈതെന്നി താഴേക്ക് പോയി. വര്‍ഷങ്ങളായി സംസാരിക്കാതിരുന്ന പിതാവ് ഈ സമയത്ത് വീണ്ടും സംസാരിക്കുകയും ഉണ്ടായി.

സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തിയപ്പോള്‍ കുടുംബം സഹായത്തിനായി ഉറക്കെ നിലവിളിച്ചു. സിവില്‍ ഡിഫന്‍സ് ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. അഞ്ചു നിലയുള്ള ഫ് ളാറ്റിനാണ് തീപിടിച്ചത്. ഇതില്‍ രണ്ടാം നിലയില്‍ ആയിരുന്നു സാജുവും കുടുംബവും. ഒരോ നിലയില്‍ നിന്നും താഴേക്ക് വന്ന് രക്ഷപ്പെടാന്‍ ആണ് ശ്രമിച്ചത്. പെട്ടെന്ന് പിതാവ് ഇരുന്ന വീല്‍ചെയറില്‍ നിന്നും കൈവിട്ടുപോവുകയായിരുന്നുവെന്ന് സാജു പറയുന്നു.

ഭാഗ്യത്തിന് ആരോ പ്രധാന വാതില്‍ തുറന്നിട്ടിരുന്നു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷയ്ക്കായുള്ള ഞങ്ങളുടെ നിലവിളി കേള്‍ക്കുകയും ചെയ്തു. കുറച്ച്‌ ഉദ്യോഗസ്ഥര്‍ ഓടിവന്ന് പിതാവിനെ രക്ഷിക്കുകയും മാതാവിനെയും ഞങ്ങളെയും സുരക്ഷിതമാക്കുകയും ചെയ്തു എന്നും സാജു പറഞ്ഞു.

വീല്‍ചെയറില്‍ നിന്നും താഴേക്ക് വീഴുമ്ബോള്‍ ആണ് സാജുവിന്റെ പിതാവ് ജോര്‍ജ് കുട്ടി സംസാരിച്ചത്. 2013ന് ശേഷം ആദ്യമായാണ് അദ്ദേഹം സംസാരിക്കുന്നത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത മുഹൂര്‍ത്തമായിരുന്നു അതെന്ന് സാജു പറയുന്നു. 2013ന് ശേഷം ആദ്യമായാണ് പിതാവിന്റെ ശബ്ദം കേള്‍ക്കുന്നത്. താഴേക്ക്  വീഴുമ്പോൾ അദ്ദേഹം ഉറക്കെ നിലവിളിച്ചുവെന്നും സാജു പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് നേവി ഗെയ്റ്റിന് സമീപത്തുള്ള താമസ സ്ഥലത്ത് തീപിടിച്ചത്. സാജു, ഭാര്യ കൊച്ചു മോള്‍ മാത്യു, ഇവരുടെ നാലു മക്കള്‍, പ്രായമായ മാതാപിതാക്കള്‍ എന്നിവര്‍ കഴിഞ്ഞ നിരവധി വര്‍ഷമായി ഇവിടെയാണ് താമസിച്ചിരുന്നതെന്ന് ഖലീജ് ടൈംസിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കോട്ടയം ചങ്ങനാശേരി കറുകച്ചാൽ മേഘയിൽ ജനങ്ങളുടെ സ്വര്യജീവിത നശിപ്പിച്ച് വണ്ടുകൾ പെരുകുന്നു. പകൽ സമയങ്ങളിൽ കല്ലുകളുടെയും കരിയിലകളുടെയും ഇടയിൽ ഒതുങ്ങികൂടുന്ന ഇവ രാത്രികാലങ്ങളിൽ കൂട്ടത്തൊടെയാണ് വീടുകളിലെയ്ക്ക് എത്തിച്ചേരുന്നത്. രാത്രി കാലങ്ങളിൽ വെളിച്ചം തെളിയിക്കുവാനോ ഭക്ഷണം പാകം ചെയ്യാനോ സാധിക്കാത്ത അവസ്ഥയിലാണ്. മാത്രമല്ല ഇവയുടെ ശരീരത്തിൽ രൂപപ്പെടുന്ന ആസിഡ് പോലെയുള്ള ഒരു ദ്രാവകം ആളുകളുടെ ശരീരത്തിൽ വലിയ തോതിൽ പൊള്ളൽ ഉണ്ടാക്കുന്നുണ്ട്.

കൊച്ചു കുട്ടികൾ ഉള്ള വീടുകളിൽ രാത്രിയിൽ അന്തിയുറങ്ങാൻ കഴിയാത്ത സാഹചര്യമാണ്, കൊച്ചു കുട്ടികൾ അടക്കമുള്ള ആളുകളുടെ, ചെവിയിലും മൂക്കിലും വണ്ടുകൾ കയറി പൊള്ളലുകൾ ഉണ്ടാക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഒരാളുടെ ചെവിയിൽ അകപ്പെട്ട വണ്ടിനെ വിദഗ്ദ പരിശോദനക്കു ശേഷമാണ് ഡോക്ടർമാർ വെളിയിൽ എടുത്തത്. കൂടുതലും മാർച്ച്, ഏപ്രിൽ, മെയ് സമയങ്ങളിലാണ് ഈ ജീവിയുടെ സാന്നിധ്യം കൂടുതലായി രൂക്ഷമാകുന്നത്.

റബ്ബറർ തോട്ടങ്ങൾ കൂടുതലായി കാണുന്ന മേഘലയിലാണ് ഇവ കൂടുതലായി വിഹാരം നടത്തുന്നത്, റബ്ബറിന്റെ ഇലകൾ പൊഴിയാതിരിക്കാൻ ഉപയോഗിക്കുന്ന ഗന്ധകം പോലുള്ള മരുന്നുകൾ തോട്ടങ്ങളിൽ ഉപയോഗിക്കുന്നതിനാലാണ് ഇവ രൂപപ്പെടുന്നതെന്നാണ് ആളുകൾ പറയുന്നത്. കുടിക്കാനുള്ള ജലത്തിലും മറ്റും ഇവ ചത്ത് വീഴുന്നതിനാൽ ജലം പോലും ഉപയോഗിക്കാൽ കഴിയാത്ത സാഹചര്യമാണ്. കുറച്ചുനാൾ മുമ്പുവരെ ഹൈറേഞ്ച് മേഘലയിൽ ഇതിന്റെ ശല്യം രൂക്ഷമായിരുന്നു.

ഇവയുടെ ശല്യം രൂക്ഷമായതിനാൽ ഇതിന്റെ നശീകരണത്തിന് നാട്ടുകാർ പല വഴികളും നോക്കിയിരുന്നു. എന്നാൽ അവയൊന്നും ഫലം കണ്ടില്ല, ഇവയെ നശിപ്പിക്കുവാൻ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന കീടനാശിനികൾ സ്പ്ര ചെയ്യുകയാണ് ഇപ്പോൾ നാട്ടുകാർ. ഈ പ്രശ്നത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടും എന്നറിയാതെ നിൽക്കുകയാണ് പ്രദേശവാസികൾ

RECENT POSTS
Copyright © . All rights reserved