ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും പാപ്പുവിന്റെ അക്കൗണ്ടിലെ നാലു ലക്ഷത്തിനായി നടത്തുന്ന പിടിവലി പോലീസ് സ്‌റ്റേഷനില്‍ എത്തിയ പരാതിക്ക് പിന്നാലെ വീണ്ടും രാജേശ്വരിയുടെ പൂര താണ്ഡവം പോലീസ് സ്റ്റേഷനിൽ. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയാണ് പൊലീസ് സ്‌റ്റേഷനെ വിറപ്പിച്ച പരാതിക്കാരി. മകള്‍ ദീപയുടെ കൈവശമുള്ള ഭര്‍ത്താവ് പാപ്പുവിന്റെ മരണണ സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു.
ഇതിന്റെ പേരില്‍ നടപടിയെടുത്തില്ല എന്നാരോപിച്ചാണ് കോടനാട് എസ് ഐയെ ജിഷയുടെ ‘അമ്മ രാജേശ്വരി നിര്‍ത്തിപ്പൊരിച്ചത്. പരാതി സ്റ്റേഷനില്‍ പരിഹരിക്കാവുന്നതല്ലന്നും മറ്റ് മാര്‍ഗ്ഗങ്ങളില്‍ പരിഹാരം തോടമെന്നും എസ് ഐ അറിയച്ചതോടെ ഇവർ അക്രമാസക്തയാവുകയായിരുന്നു.
പിന്നീട് ഇവര്‍ ഉച്ചത്തില്‍ എസ്.ഐയെ പ്രതിക്കൂട്ടിലാക്കി സംസാരിച്ചതോടെ എസ് ഐ യ്ക്കും നിയന്ത്രണം വിട്ടു. ഇതോടെ ഇവരെ തന്റെ ഓഫീസില്‍ നിന്നും പിടിച്ചിറക്കാന്‍ വനിത പൊലീസിനോട് എസ് ഐ നിര്‍ദ്ദേശിക്കുകയായിരുന്നു. പരാതിയിക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയാത്ത സാറ് ഈ യൂണിഫോം ഇട്ടിരിക്കുന്നത് എന്തിനാണെന്നും ഞാനല്ല,സാറാണ് ഇറങ്ങിപ്പോവേണ്ടതെന്നും ഈ അവസരത്തില്‍ ഇവര്‍ വ്യക്തമാക്കിയപ്പോള്‍ എസ് ഐ മേശയിലടിച്ച് കലിപ്പ് തീര്‍ക്കുകയായിരുന്നെന്നാണ് അറിവായത്. ഒച്ചപ്പാടുകേട്ട് ഓടിയെത്തിയ മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് ഇവരെ അനുനയിപ്പിച്ചാണ് എസ് ഐ യുടെ മുറിയില്‍ നിന്നും പുറത്തിറക്കിയത്.
എസ് ഐ നിര്‍ദ്ദേശിച്ചതനുസരിച്ച് വനിതപൊലീസുകാരി തഹസീല്‍ദാര്‍ക്ക് എഴുതിനല്‍കിയ പരാതിയുമായിട്ടാണ് ഇവര്‍ ഇവിടെ നിന്നും ഇറങ്ങിയത്. പരേതനായ പാപ്പുവിന്റ മരണ സര്‍ട്ടിഫിക്കറ്റ് മകള്‍ ദീപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ഭാര്യ രാജേശ്വരി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ദീപയെ പൊലീസ് വിളിച്ചുവരുത്തിയത്.
മരണ സര്‍ട്ടിഫിക്കറ്റ് താനറിയാതെ വാങ്ങിയത് ശരിയായില്ലെന്നും അത് തനിക്ക് വേണമന്നുമായിരുന്നു രാജേശ്വരിയുടെ പ്രധാന ആവശ്യം. എന്നാല്‍ അത് താന്‍ ജോലിയും കളഞ്ഞ് 5 ദിവസം ബുദ്ധിമുട്ടി നടന്ന് വാങ്ങിയതാണെന്നും വേണമെങ്കില്‍ കോപ്പി നല്‍കാമെന്നുമായിരുന്നു ദീപയുടെ നിലപാട്. ഇത് കേട്ടതോടെ രാജേശ്വരി കോപാകൂലയായി. ഈ വിഷയം ഇവിടെ തീരില്ലന്നും കോടതിയി മുഖേന പരിഹാരം കാണുകയേ നിവര്‍ത്തിയുള്ളു എന്നും ബോദ്ധ്യപ്പെടുത്തി പൊലീസ് ഇരുവരെയും ഒരു വിധത്തില്‍ പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു രാജേശ്വരി വീണ്ടും സ്‌റ്റേഷനിലെത്തി എസ് ഐ യെ പ്രതിക്കൂട്ടിലാക്കിയത്.
പാപ്പുവിന്റെ പേരില്‍ ബാങ്കിലുള്ള 4 ലക്ഷത്തില്‍പ്പരം രൂപയുടെ അവകാശത്തെച്ചൊല്ലിയാണ് ഇപ്പോള്‍ ഇരുവരും തമ്മില്‍ തര്‍ക്കം മൂര്‍ച്ഛിച്ചിട്ടുള്ളത്. ഓടയ്ക്കാലി എസ് ബി ഐ ബാങ്കില്‍ അന്തരിച്ച പാപ്പുവിന്റെ പേരില്‍ 4,32000 രൂപയുടെ നിക്ഷേപമുണ്ടെന്ന് കുറുപ്പംപടി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.2017 നവംബറിൽ പാപ്പു മരണമടഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.
തുക തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സഹോദരി ദീപ നേരത്തെ ബാങ്കില്‍ കത്ത് നല്‍കിയിരുന്നു. പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റും ഇവര്‍ ബാങ്കില്‍ ഹാജരാക്കിയിരുന്നു.എന്നാല്‍ ബാങ്ക് അധികൃതര്‍ തുക നല്‍കിയില്ല. മകളുടെ ഈ നീക്കത്തിനെതിരെ രാജേശ്വരി കഴിഞ്ഞ ദിവസം പെരുമ്പാവൂർ പൊലീസിലെത്തി പരാതി നല്‍കി. ദീപ കരസ്ഥമാക്കിയ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് തനിക്ക് ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. പെരുമ്പാവൂർ ഡി വൈ എസ് പി യെ സന്ദര്‍ശിച്ചാണ് രാജേശ്വരി പരാതി ബോധിപ്പിച്ചത്.
സുപ്രീം കോടതിയുടെ ഇന്നത്തെ അവസ്ഥ വിനാശകരമാണെന്ന് മുന്‍ ചീഫ് ജസ്റ്റീസ് ആര്‍. എം ലോധ. ജുഡീഷ്യറിയുടെ പരമാധികാരം ഉറപ്പുവരുത്താനിയില്ലെങ്കില്‍ ജുഡീഷ്യല്‍ സമ്പ്രദായം ആകെ താറുമാറാകുന്ന ദിവസം വരാന്‍ അധികം കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മുന്‍ കേന്ദ്രമന്ത്രിയും മാധ്യമപ്രവര്‍ത്തകനും സാമ്പത്തിക വിദഗ്ദനുമായ അരുണ്‍ ഷൂരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുകളുടെ നിര്‍ണയം നീതിയുക്തമാകണം. സുപ്രീംകോടതി വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കേണ്ട സ്ഥലമല്ല. ചീഫ് ജസ്റ്റിസ് നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളണം. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ജുഡീഷ്യറി സ്വതന്ത്രമായി നിലകൊള്ളുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ലോധ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എല്ലാ ജഡ്ജിമാരെയും ഒരുമിച്ചു നിര്‍ത്തണമെന്നും രാജ്യത്തിന്റെ നീതി കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേസുകൾ വിവിധ ജഡ്ജിമാർക്ക് നൽകുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റീസിനാണ്. എന്നാൽ ഇത് ഏകപക്ഷീയമായി, തന്നിഷ്ട പ്രകാരം തീരുമാനിക്കുന്നത് ശരിയല്ല. ജഡ്ജിമാരെ നയിക്കുന്നതിനും നിയമ വാഴ്ച സുസ്ഥിരമാക്കുന്നതിന്റെയും ഉത്തരവാദിത്വം ചീഫ് ജസ്റ്റിസിനുണ്ട്.
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്ന വിഷയത്തിലും ജസ്റ്റീസ് ലോയയുടെ മരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനുള്ള ബെഞ്ചിന്റെ കാര്യത്തിലും കൊളീജിയം അംഗങ്ങളായ സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരും ചീഫ് ജസ്റ്റീസും തമ്മിലുള്ള ഭിന്നത പരസ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ പ്രസ്താവന. ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് സുപ്രീംകോടതി കൊളീജിയം വീണ്ടും പരിഗണിക്കുന്നതിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും ആര്‍ എം ലോധ പറഞ്ഞു.
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം അനുവദിച്ചു. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തില്‍ സിഐക്ക് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഒരുലക്ഷം രൂപയുടെയും ഒരാള്‍ജാമ്യത്തിന്റെയും ഈടിലാണ് ക്രിസ്പിന് ജാമ്യം അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലോ മറ്റേതെങ്കിലും കൃത്യത്തിലോ ക്രിസ്പിന്‍ സാമിന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സിഐയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണ സഘം ബോധിപ്പിച്ചിരുന്നു.
അന്യായമായി തടങ്കലില്‍ വയ്ക്കുക,തെറ്റായ രേഖകള്‍ ചമയ്ക്കുക എന്നീ വകുപ്പുകള്‍ മാത്രമാണ് സിഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവ രണ്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.
അതേസമയം,ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കുകയും ചെയ്തു. സാക്ഷികളെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകള്‍ നടത്താനും കഴിയുന്ന വ്യക്തിയായതിനാല്‍ ജാമ്യം നല്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
ചെങ്ങാലൂര്‍ കുണ്ടുകടവില്‍ പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പുതുക്കാട് പോലീസിന്റെ പിടിയിലായതായി സൂചന. സംഭവത്തിനുശേഷം ഒളിവില്‍പോയ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവാണ് അറസ്റ്റിലായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാളെ പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും സൂചന ലഭിച്ചിട്ടുണ്ട്.
കൃത്യം നടത്തിയശേഷം മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതി പാലക്കാട് എത്തി ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.
പുതുക്കാട് സിഐ എസ്.പി.സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം സംഭവം നടക്കുന്‌പോള്‍ നാട്ടുകാരും പഞ്ചായത്ത് അംഗവും നോക്കിനിന്നുവെന്ന വാദം പോലീസ് തള്ളി. അവര്‍ ഇക്കാര്യത്തില്‍ തെറ്റുകാരല്ലെന്നാണ് പോലീസ് നിലപാട്.
ഗാസിപ്പൂര്‍: ദല്‍ഹിയിലെ ഗാസിപൂരില്‍ നിന്നും പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി മദ്രസയില്‍ വെച്ച് ബലാത്സംഗം ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്.
തന്നെ ഭീഷണിപ്പെടുത്തിയാണ് അവര്‍ മദ്രസയിലെത്തിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. കുടുംബത്തേയും വീട്ടുകാരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവര്‍ ഇത് ചെയ്തത്. “അയാള്‍ എന്നെ നിര്‍ബന്ധിച്ച് മദ്രസിയിലെത്തിക്കുകയായിരുന്നു. എന്റെ വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ കയ്യിലുണ്ടായിരുന്ന ഫോണ്‍ തട്ടിയെടുത്തു. മദ്രസാ നടത്തിപ്പുകാരനും എന്നെ ഭീഷണിപ്പെടുത്തി”- പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.
അവിടെ വെച്ച് അവര്‍ എനിക്ക് ഒരു വെള്ളം തന്നു. അത് കുടിച്ചപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയി. പിറ്റേ ദിവസമാണെന്ന് തോന്നുന്നു പിന്നെ ഞാന്‍ ഉണര്‍ന്നത്. എന്റെ വസ്ത്രമൊക്കെ അപ്പോള്‍ നനഞ്ഞു കിടക്കുകയായിരുന്നു. ”- പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.
ഗാസിപൂരില്‍ പത്ത് വയസ്സുകാരിയെ മദ്രസയ്ക്ക് അകത്ത് വച്ച് ബലാത്സംഗം ചെയ്ത കേസില്‍ മദ്രസാ നടത്തിപ്പുകാരനെയും സുഹൃത്തായ മദ്രസയിലെ തന്നെ വിദ്യാര്‍ത്ഥിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏപ്രില്‍ 21 നാണ് ഗാസിപൂരിലെ വീട്ടില്‍ നിന്ന് മാര്‍ക്കറ്റില്‍ പോയ വിദ്യാര്‍ത്ഥിniയെ തട്ടികൊണ്ട് പോയി സമീപത്തെ മദ്രസയ്ക്കുള്ളില്‍ ബലാത്സംഗം ചെയ്തത്.
ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
മദ്രസാ നടത്തിപ്പുകാരനായ ഗുലാം ഷാഹിദ് എന്നയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയും പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് അയക്കുകയും ചെയ്തിരുന്നു.
കൊച്ചി: കേരളത്തിലെ വോട്ടര്‍മാര്‍ പ്രബുദ്ധരാണ് എന്നൊരു പറച്ചിലുണ്ടെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളത്തിലേതുപോലെ മണ്ടന്‍മാരായ വോട്ടര്‍മാര്‍ ലോകത്ത് മറ്റൊരിടത്തും കാണില്ലെന്നും നടന്‍ ശ്രീനിവാസന്‍.
ആദ്യ തെരഞ്ഞെടുപ്പുമുതല്‍ അത് പ്രകടമാണ്. ഇവിടത്തെ ഇടത് വലത് മുന്നണികള്‍ പത്ത് വര്‍ഷത്തെ കാര്യങ്ങളാണ് പ്ലാന്‍ ചെയ്യുന്നത്. അഞ്ചു വര്‍ഷം ഭരണം. അപ്പോള്‍ ആവശ്യമുള്ളത് കട്ടെടുത്ത് സമ്പാദിച്ചു വെക്കും. പിന്നെ അഞ്ചുവര്‍ഷം വിശ്രമജീവിതം. ആ സമയത്ത് അല്ലറ ചില്ലറ സമരങ്ങളും ചില ജനകീയ യാത്രകളും. ഇനി ഒന്നും ചെയ്തില്ലെങ്കിലും അടുത്ത തവണ അധികാരത്തിലെത്തുമെന്ന് അവര്‍ക്കറിയാം. അങ്ങനെ രണ്ട് മുന്നണികളും വോട്ടര്‍മാരെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീനിവാസന്‍ പറയുന്നു- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.
ജനാധിപത്യം കുറച്ചുനാള്‍ കഴിയുമ്പോള്‍ സ്വേച്ഛാധിപത്യമാകുമെന്ന് ബുദ്ധിയുള്ള ആരോ പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ആ തലമൊക്കെ കടന്ന് ഏകാധിപത്യത്തിലേക്കാണ് പോകുന്നത്. കേരളത്തില്‍ പോലും രാഷ്ട്രീയപാര്‍ട്ടികള്‍ മാഫിയ സംഘങ്ങള്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. പണപ്പിരിവ്, ഹര്‍ത്താല്‍, അക്രമം, കൊലപാതകം..പണ്ട് ചമ്പല്‍ക്കൊള്ളക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ തന്നെയാണ് ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യുന്നത്. – ശ്രീനിവാസന്‍ പറയുന്നു.
സിനിമയ്ക്ക് സമൂഹത്തെ തിരുത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് വലിയ ബുദ്ധിമുട്ടാണ് എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ഗാന്ധിജി പറഞ്ഞതു കേള്‍ക്കാത്തവരാണ് നമ്മള്‍. അങ്ങനെയുള്ള ജനങ്ങള്‍ ഒരു സിനിമ കണ്ടാലുടന്‍ നല്ലവരാകും എന്നൊന്നും നമുക്ക് പറയാന്‍ പറ്റില്ല. പിന്നെ ചിലരുടെ ചില തീരുമാനങ്ങളെ സ്വാധീനിക്കാം. അത്രമാത്രം. -എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്നവരാണ് രാഷ്ട്രീയക്കാര്‍. എനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.
സിനിമക്കാരുടെ മക്കള്‍ സിനിമയിലേക്ക് വരുന്നതുകൊണ്ട് സിനിമയ്ക്ക് എന്താണ് ഗുണമെന്ന ചോദ്യത്തിന് പ്രത്യേകിച്ച് ആര്‍ക്കും ഒരു ഗുണവും ഉണ്ടെന്നു തോന്നുന്നില്ലെന്നുമായിരുന്നു ശ്രീനിവാസന്റെ മറുപടി. സിനിമക്കാരുടെ മക്കള്‍ക്ക് സിനിമയില്‍ വരാന്‍ എളുപ്പമായിരിക്കും. പക്ഷേ സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ കഠിനാധ്വാനവും ഭാഗ്യവും കഴിവും വേണം. നിലനിന്നുപോകുക എന്നതാണ് പ്രധാനം, അല്ലാതെ സിനിമയില്‍ വരുക എന്നതല്ലെന്നും ശ്രീനിവാസന്‍ പറയുന്നു.
തിരുവനന്തപുരം: കേരള സര്‍ക്കിളില്‍ തപാല്‍ വകുപ്പിന്റെ അഞ്ച് ഡിവിഷനുകളിലെ ഡാക് സേവക് നിയമനം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തടഞ്ഞു. തിരുവനന്തപുരം നോര്‍ത്ത്, സൗത്ത്, കോഴിക്കോട്, തിരുവല്ല, കൊല്ലം ഡിവിഷനുകളിലെ നിയമനമാണ് നിര്‍ത്തിവെച്ചത്. നടപടികള്‍ സുതാര്യമല്ലെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ ഉദ്യോഗാര്‍ഥി നല്‍കിയ പരാതിയിലാണ് ഉത്തരവുണ്ടായത്.
എസ്.എസ്.എല്‍.സി. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഡാക് സേവക് നിയമനപ്പട്ടിക തപാല്‍ വകുപ്പ് തയ്യാറാക്കിയത്. അപേക്ഷിക്കുന്നവരുടെ ഗ്രേഡ് അനുസരിച്ച് മാര്‍ക്ക് കണക്കാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്. മറ്റ് പരീക്ഷകളൊന്നുമില്ല. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട 1185 പേരില്‍ ഭൂരിഭാഗത്തിനും 95 ശതമാനത്തിലേറെ മാര്‍ക്കുണ്ടെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. ഇത് അസ്വാഭാവികമാണെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
കൊല്ലത്ത് നിന്നുള്ള അപേക്ഷകയ്ക്ക് 95 ശതമാനത്തിലേറെ മാര്‍ക്കുണ്ടായിട്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി. അഞ്ച് ഡിവിഷനുകളിലേക്കാണ് ഈ ഉദ്യോഗാര്‍ഥി അപേക്ഷ നല്‍കിയത്. അവയിലെ നിയമനങ്ങളാണ് ട്രൈബ്യൂണല്‍ നിര്‍ത്തിവെച്ചത്. ഹര്‍ജിക്കൊപ്പം മാര്‍ക്ക് പട്ടികയും ഉദ്യോഗാര്‍ഥി ഹാജരാക്കിയിരുന്നു. റാങ്കിനുള്ള മാര്‍ക്ക് കണക്കാക്കുന്നതിലെ അശാസ്ത്രീയതയും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് തപാല്‍ വകുപ്പ് നിയമനവിഭാഗം അറിയിച്ചു.
ഹൈദരാബാദിലെ സെന്റര്‍ ഓഫ് എക്‌സലന്റ് പോസ്റ്റല്‍ ടെക്‌നോളജി എന്ന സി.ഇ.പി.ടിയാണ് നിയമന നടപടികള്‍ നിയന്ത്രിക്കുന്നത്. അവര്‍ തയ്യാറാക്കിയ സോഫ്‌റ്റ്വേറിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് നിശ്ചയിക്കുന്നത്. ദേശീയതല തിരഞ്ഞെടുപ്പായതിനാല്‍ ഏകീകൃതശൈലിയിലാണ് മാര്‍ക്ക് കണ്ടെത്തുന്നത്. ഇതിലെ ഏറ്റക്കുറച്ചിലുകളാണ് പരാതിക്ക് അടിസ്ഥാനമെന്നാണ് തപാല്‍ വകുപ്പ് വിശദീകരിക്കുന്നത്.
പ്രാദേശിക പരിഗണനകളില്ലാതെ നാല് ലക്ഷത്തിലേറെ അപേക്ഷകളാണ് ഈ തസ്തികയ്ക്ക് ലഭിച്ചത്. പത്താം ക്ലാസ് മാര്‍ക്ക് മാത്രം അടിസ്ഥാന യോഗ്യതയായി സ്വീകരിച്ചതുകൊണ്ടാണ് മറ്റ് സംസ്ഥാനക്കാരും നിയമനപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും ബിരുദാനന്തരബിരുദം, ബി.ടെക്., എം.ടെക്. തുടങ്ങിയ ഉയര്‍ന്ന ബിരുദങ്ങളുള്ളവരാണ്. 10,000 രൂപയില്‍ താഴെയാണ് ഇവര്‍ക്കുള്ള ശമ്പളം. എന്നിട്ടും അന്യനാടുകളില്‍നിന്ന് ഇത്രയേറെപ്പേര്‍ നിയമനം നേടുന്നത് ദുരൂഹമായിരിക്കുകയാണ്.
ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിലെ കസോലിയിൽ സ്വകാര്യ ഹോട്ടൽ കെട്ടിടം പൊളിക്കുന്നതിനു മേൽനോട്ടം വഹിക്കാനെത്തിയ ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന സംഭവത്തിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി. അതീവ ഗൗരവമുള്ള പ്രശ്നമാണിതെന്നു സുപ്രീംകോടതി വിലയിരുത്തി. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
‘ജനങ്ങളെ കൊല്ലാനാണു പദ്ധതിയെങ്കിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതു നിർത്താം. നിരവധി പേരാണു തങ്ങളുടെ ഉത്തരവുകൾ ലംഘിക്കുന്നത്. പൊലീസ് എന്തുകൊണ്ടാണു നടപടിയെടുക്കാത്തത്? ഏകദേശം 160 പൊലീസുകാർ നിയമനടപടിക്കു പോയ സംഘത്തോടൊപ്പം ഉണ്ടായിരുന്നെന്നാണു വിവരം. അക്രമം നടക്കുമ്പോൾ ഇവർ എന്തു ചെയ്യുകയായിരുന്നു’– സുപ്രീംകോടതി ചോദിച്ചു.
ഹിമാചൽ പ്രദേശ് തലസ്ഥാനമായ ഷിംലയിൽ നിന്ന് 60 കിലോമീറ്റർ അകലെ കസോലിയിൽ 13 ഹോട്ടലുകളുടെ നിയമവിരുദ്ധ നിർമാണങ്ങൾ നീക്കുന്നതിനായിരുന്നു ശൈൽ ബാല എന്ന അസിസ്റ്റന്റ് ടൗൺ ആൻഡ് കൺട്രി പ്ലാനർ എത്തിയത്. നാരായണി ഗെസ്റ്റ് ഹൗസിന്റെ സമീപം ഉദ്യോഗസ്ഥരെത്തിയപ്പോൾ ഉടമയായ വിജയ് സിങ് വെടിവയ്ക്കുകയായിരുന്നു.
സുപ്രീംകോടതി ഉത്തരവുപ്രകാരം കെട്ടിടം പൊളിക്കാനെത്തിയവർക്കു നേരെയായിരുന്നു അതിക്രമം. വെടിയേറ്റ ശൈൽ ബാല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തൊഴിലാളി ഗുലാബ് സിങ്ങിനും വെടിയേറ്റിരുന്നു. രക്ഷപെട്ട അക്രമിയെ കണ്ടെത്തുന്നതിനു പൊലീസ് ശ്രമം തുടരുകയാണ്. പ്രതിയെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. നിരവധി വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണു കസോലി.
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ഒടുവില്‍ സര്‍ക്കാര്‍ കനിയുന്നു. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായവും നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടും പ്രതികളായ പോലീസുകാര്‍ അറസ്റ്റിലായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായമൊന്നും പ്രഖ്യാപിക്കാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കുടുംബത്തിന് സഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
അതിനിടെ, കേസില്‍ ഇന്നലെ അറസ്റ്റിലായ വടക്കന്‍ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാമിനെ അന്വേഷണ സംഘം ഇന്ന് പറവൂര്‍ കോടതിയില്‍ ഹാജരാക്കും. സി.ഐയ്‌ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തെളിവുനശിപ്പിക്കല്‍, കോടതിയില്‍ കൃത്രിമ രേഖ ഹാജരാക്കി, അന്യായമായി തടവില്‍ വച്ചു തുടങ്ങിയ കുറ്റങ്ങളാണ് സി.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ ആറിന് രാത്രി അറസ്റ്റിലായ ശ്രീജിത്ത് ഏഴിനാണ് അറസ്റ്റിലായത് എന്നാണ് സി.ഐ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ എഴുതിയിരുന്നത്. എന്നാല്‍ സി.ഐ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനാല്‍ കൊലക്കുറ്റം ചുമത്തിയിട്ടില്ല.
മുതിര്‍ന്ന ഉദ്യോഗസ്ഥനായതിനാല്‍ പകല്‍ സമയത്ത് കോടതിയില്‍ എത്തിച്ചേക്കില്ലെന്നാണ് സൂചന. വൈകിട്ട് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങാനും സാധ്യതയില്ല. ജാമ്യാപേക്ഷ വന്നാല്‍ അന്വേഷണ സംഘം എതിര്‍ക്കുമോ എന്ന് വ്യക്തമല്ല. ജാമ്യം ലഭിച്ചില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. സി.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. എസ്.പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്നു പോലീസുകാരാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയതും ആര്‍.ടി.എഫിനെ സഹായിക്കാന്‍ ഗണേഷന്‍ ഉള്‍പ്പെടെയുള്ളവരെ സമീപിക്കാന്‍ നിര്‍ദേശിച്ചതും എസ്.പിയാണെന്നും സി.ഐ നല്‍കിയ മൊഴിയിലുണ്ടെന്നാണ് സൂചന.
ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിനു ശേഷമുള്ള എസ്.പിയുടെ ഫോണ്‍ രേഖകളും പരിശോധിക്കും. ചോദ്യം ചെയ്യല്‍ ഇന്നുണ്ടാവില്ല. വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യല്‍ നടക്കുമെന്നാണ് സൂചന. കസ്റ്റഡി മരണത്തിനു പിന്നാലെ സി.ഐ അടക്കമുള്ളവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയപ്പോള്‍ എസ്.പിയെ പോലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റിയതിനെയും മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും ജോലിയും അര്‍ഹതപ്പെട്ടതാണെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പ്രതികരിച്ചു. സങ്കടത്തോടെയാണെങ്കിലും സഹായം സ്വീകരിക്കും. പോലീസ് അന്വേഷണം ഇപ്പോള്‍ ശരിയായ നിലയിലാണ്. കോടതിയിലേക്ക് എത്തുമ്പോള്‍ വമ്പന്‍മാര്‍ രക്ഷപ്പെടുമോ എന്ന് ഭയമുണ്ടെന്നും അവര്‍ പറഞ്ഞു. സഹായത്തില്‍ ആശ്വാസമുണ്ടെന്നും ഗൂഢാലോചനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കൂടി പിടികൂടണമെന്നും ശ്രീജിത്തിന്റെ അമ്മയും പറഞ്ഞു.
സിംല: ഹോട്ടലിലെ അനധികൃത നിര്‍മാണം പൊളിച്ചുമാറ്റാനെത്തിയ ഉദ്യോഗസ്ഥയെ ഹോട്ടല്‍ ഉടമ വെടിവച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവമുണ്ടായത്. അസിസ്റ്റന്റ് ടൗണ്‍ ആന്‍ഡ് കണ്‍ട്രീ പ്ലാനിങ് ഓഫീസര്‍ ഷൈല്‍ ബാലയാണ് വെടിയേറ്റ് മരിച്ചത്. നാരായണി ഗസ്റ്റ് ഹൗസ് എന്ന ഹോട്ടലിന്റെ അനധികൃത നിര്‍മാണം ഒഴിപ്പിക്കാനെത്തിയതായിരുന്നു ഇവര്‍. ഹോട്ടല്‍ ഉടമ വിജയ് കുമാറാണ് ഷൈല്‍ബാലയെ വെടിവെച്ചു വീഴ്ത്തിയത്.
മറ്റൊരു ഉദ്യോഗസ്ഥനും സംഭവത്തില്‍ പരിക്കേറ്റു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം നടപടിയെടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥ സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. സോളന്‍ ജില്ലയിലെ 13 ഹോട്ടലുകള്‍ അനധികൃതമായി നിര്‍മിച്ചവയാണെന്ന് കണ്ടെത്തിയ കോടതി അവ പൊളിച്ചു നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി നാല് സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ഇതില്‍ ഒരു സംഘത്തിന്റെ മേധാവി ആയിരുന്നു ഷൈല്‍ബാല.
സംഘം ഗേറ്റിന് സമീപം എത്തിയപ്പോള്‍ത്തന്നെ വിജയ് കുമാര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തനായിരുന്നു വിജയ് കുമാര്‍ ഇങ്ങനെ ചെയ്തത്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥരും വിജയ് കുമാറും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും വിജയ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയേറ്റ ഷൈല്‍ബാല സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.