India

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരെ വിമര്‍ശനം കടുപ്പിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ഗവര്‍ണറുടെ അടുത്തിരിക്കുന്നതുപോലും പാപമാണെന്നും അതിനാല്‍ താന്‍ രാജ്ഭവനില്‍പോകില്ലെന്നും മമത പറഞ്ഞു. വേണമെങ്കില്‍ അദ്ദേഹത്തെ തെരുവില്‍വെച്ച് കാണാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്ഭവന്‍ കരാര്‍ജീവനക്കാരിയുടെ മാനഭംഗപരാതിയുമായി ബന്ധപ്പെട്ട് പോലീസ് ആവശ്യപ്പെട്ട സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണെന്ന് മമത ആരോപിച്ചു. സംഭവം നടന്ന ദിവസത്തെ മുഴുവന്‍ ദൃശ്യങ്ങളും തന്റെ കൈയിലുണ്ടെന്നും കൂടുതല്‍ വീഡിയോയുള്ള ഒരു പെന്‍ഡ്രൈവും തന്റെ കൈയിലുണ്ടെന്നും മമത അവകാശപ്പെട്ടു. ഗവര്‍ണര്‍ സ്ഥാനമൊഴിയണമെന്ന് മമത ആവശ്യപ്പെട്ടു. സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ നിങ്ങളാരാണെന്ന് ഗവര്‍ണറോട് ചോദിച്ച മമത, കൂടുതല്‍ സംഭവങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും ആരോപിച്ചു.

ദൃശ്യങ്ങള്‍ കൈമാറാന്‍ രാജ്ഭവന്‍ വിസമ്മതിക്കുന്നുവെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊതുജനങ്ങളെ കാണിക്കാന്‍ ഗവര്‍ണര്‍ ആനന്ദബോസ് തീരുമാനിച്ചത്. മേയ് രണ്ടിന് വൈകീട്ട് 5.30 മുതലുള്ള ഒരു മണിക്കൂര്‍നീണ്ട ദൃശ്യങ്ങളാണ് രാജ്ഭവന്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചത്.

തോട്ടി ഉപയോഗിച്ച് പറിക്കുന്നതിനിടെ ചക്ക ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു. സേനാപതി കാന്തിപാറ മംഗലത്ത് സജീഷ് (45) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിലെ പ്ലാവിൽ നിന്ന് ചക്ക പറക്കുന്നതിനിടെയാണ് അപകടം.

രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉടുമ്പൻചോല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു . സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് രാജാക്കാട് ക്രിസ്തുരാജ ഫെറോന പള്ളിയിൽ. ഭാര്യ സിനി (ജോസി). മകൻ ഗോഡ് വിൻ .

യുഎസിലെ ഡാലസിൽ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെ കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം 20ന് നാട്ടിലെത്തിക്കും.

തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവൻഷൻ സെന്ററിൽ അന്ന് പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതിക ശരീരം 21ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ കബറടക്കും. സമയക്രമം പിന്നീട് അറിയിക്കുമെന്നു സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.

യുഎസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി 8 മുതൽ 10 വരെ ദിവസങ്ങൾക്കുള്ളിൽ സംസ്കാര ശുശ്രൂഷകൾ നടക്കുമെന്നു സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ നേരത്തെ അറിയിച്ചിരുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു ചർച്ചകൾ നടക്കുകയാണെന്നും സഭാ അധികൃതർ പറഞ്ഞു.

പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നതുവരെ സഭാ ചുമതലകൾ ബിഷപ്പുമാരുടെ ഒൻപതംഗ സമിതിക്കായിരിക്കും. ചെന്നൈ അതിഭദ്രാസനത്തിന്റെ ചുമതലയുള്ള ഡോ. സാമുവൽ മാർ തെയോഫിലോസിന്റെ അധ്യക്ഷതയിലുള്ള സമിതി സംസ്കാര ശുശ്രൂഷകൾക്കും നേതൃത്വം നൽകും. ബിഷപ്പുമാരായ ഡോ. സാമുവൽ മാർ തെയോഫിലോസ്, ജോൺ മാർ ഐറേനിയോസ്, ജോഷ്വ മാർ ബർന്നബാസ്, മാർട്ടിൻ മാർ അപ്രേം, മാത്യൂസ് മാർ സിൽവാനിയോസ്, ഫാ. സിജോ പന്തപ്പള്ളിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പ്രതീക്ഷയോടെ കാത്തിരുന്ന ജീവിതസൗഭാഗ്യങ്ങൾ ഗോപികയെ തേടിയെത്തിയതിനു തൊട്ടുപിന്നാലെയാണ് വെള്ളിടിപോലെ ദുരന്തമെത്തിയത്. പതിനൊന്നുദിവസംമുൻപ്‌ ജന്മംകൊടുത്ത പെൺകുഞ്ഞിനെക്കണ്ടു കൊതിതീരാതെയും ജീവിതാഭിലാഷമായ സർക്കാർ ജോലിയിൽ പ്രവേശിച്ച് ഒരുദിവസത്തിലേറെ ജോലിചെയ്യാനാകാതെയും വാഹനാപകടത്തിന്റെ രൂപത്തിൽ മരണമെത്തുകയായിരുന്നു.

പത്തനംതിട്ട ഏനാത്തിനു സമീപം എം.സി.റോഡിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന കാറപകടത്തിൽ പൊലിഞ്ഞത് ഒരു സാധാരണകുടുംബത്തിന്റെ പ്രതീക്ഷയാണ്. കൊല്ലം കുന്നിക്കോട് ശ്രീശൈലത്തിൽ (ഇരുപ്പക്കൽവീട്) മോഹനൻ പിള്ളയുടെയും രാധാമണിയമ്മയുടെയും മകളായ എം.ആർ.ഗോപിക (27) രണ്ടുദിവസംമുൻപാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്. പ്രസവത്തിനു തൊട്ടുപിന്നാലെയാണ് സർക്കാർ ജോലിയുടെ നിയമന ഉത്തരവ് ലഭിച്ചത്. കൃഷി അസിസ്റ്റന്റ് തസ്തികയിൽ കണ്ണൂരിലായിരുന്നു നിയമനം. കുഞ്ഞിനെ വീട്ടിലാക്കി കണ്ണൂരിലെത്തി ജോലിയിൽ പ്രവേശിച്ചശേഷം അവധിയെടുത്ത് പ്രസവാനന്തര ശുശ്രൂഷകൾ തുടരാനായി നാട്ടിലെത്തുകയായിരുന്നു.

വ്യാഴാഴ്ച വീട്ടിലെത്തി ഏറെക്കഴിയുംമുൻപേ കുഞ്ഞിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഗോപികയും അമ്മയും ഭർത്താവ് രഞ്ജിത്തും ഭർത്തൃപിതാവുംകൂടിയാണ് കുഞ്ഞിനെ രാത്രിയിൽ അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡോക്ടറെ കാണിച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പുലർച്ചെ മൂന്നുമണിയോടെ രഞ്ജിത്ത് ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ എട്ടുമണിയോടെ ഗോപിക മരിച്ചു. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റുള്ളവരെല്ലാം സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.

മോഹനൻ പിള്ളയും രാധാമണിയമ്മയും ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് രണ്ടുമക്കളെ വളർത്തിയത്. പലചരക്കുകടയിലെ ജോലിയും കന്നുകാലിവളർത്തലുമായിരുന്നു ഉപജീവനമാർഗം. പഠിക്കാൻ സമർത്ഥരായിരുന്നു ഗോപികയും സഹോദരൻ രാജ്‌മോഹനും. ബി.എസ്‌സി. അഗ്രികൾച്ചറിനു പഠിച്ചശേഷം സർക്കാർ ജോലി ലക്ഷ്യമിട്ട് പി.എസ്.സി. പരീക്ഷയെഴുതുകയായിരുന്നു ഗോപിക. സഹോദരന് നേരത്തേ പോലീസിൽ ജോലി ലഭിച്ചിരുന്നു. കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മാറിവരുന്നതിനിടെയാണ് ദുരന്തമെത്തിയത്.

ചിരിച്ച മുഖത്തോടെമാത്രം സംസാരിക്കുന്ന ഗോപിക നാട്ടുകാർക്കെല്ലാം പ്രിയങ്കരിയായിരുന്നു. ഒരുവർഷംമുൻപാണ് തലവൂർ പാണ്ടിത്തിട്ട സ്വദേശിയായ രഞ്ജിത്തുമായി ഗോപികയുടെ വിവാഹം നടന്നത്. താമരക്കുടിയിൽ സ്റ്റുഡിയോ നടത്തുകയാണ് രഞ്ജിത്ത്. ചെങ്ങന്നൂരിൽ നടത്തിയ മൃതദേഹപരിശോധനയ്ക്കുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഗോപികയുടെ മൃതദേഹം ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.

തഴക്കരയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാർ പെരുവേലിൽ ചാൽ പുഞ്ചയിൽ തീറ്റക്കായി കൊണ്ടുവന്ന താറാവ് കൂട്ടത്തിനാണ് രോഗം. 70 ദിവസം പ്രായമുള്ള 10000 താറാവുകൾ ആണ് ഇവിടെ ഉള്ളത്. ഇതിൽ 3000 എണ്ണം ചത്തു.

തിരുവല്ല മഞ്ഞാടി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ അറിഞ്ഞത്. ഭോപ്പാലിലെ കേന്ദ്ര ലാബിലെ റിസൾട്ട്‌ കിട്ടിയാൽ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ആവുകയുള്ളൂ. വെട്ടിയാർ ആശുപത്രിയിലെ ഡോ. രേണു കെ രാജ് സ്ഥലത്തെത്തി. റിപ്പോർട്ട്‌ കിട്ടിയാലുടൻ പക്ഷികളെ നശിപ്പിക്കാൻ വേണ്ട നടപടികൾ ക്രമീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ സതീഷ് പറഞ്ഞു.

മേയര്‍ ആര്യാ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തിനുശേഷം ബസിലെ ക്യാമറുയുടെ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെ ചോദ്യംചെയ്തു വിട്ടയച്ചു. വൈകീട്ടോടെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത യദുവിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെത്തിച്ചാണ് ചോദ്യംചെയ്തത്. തമ്പാനൂര്‍ പോലീസ് അന്വേഷിക്കുന്ന കേസില്‍ വെള്ളിയാഴ്ച രാവിലെ സ്‌റ്റേഷന്‍ മാസ്റ്ററേയും ബസിലെ കണ്ടക്ടറേയും ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.

മൊഴിയില്‍ വൈരുധ്യമുണ്ടെന്നും വീണ്ടുംവിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിനെ പോലീസിന് സംശയമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തത്.

തര്‍ക്കം നടന്നതിന്റെ പിറ്റേദിവസം എ.ടി.ഒയ്ക്ക് മൊഴി നല്‍കാന്‍ യദു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഈ സമയത്ത് ബസ് അവിടെയുണ്ടായിരുന്നു. ഇവിടെ സി.സി.ടി.വി. ക്യാമറകളില്ല. എന്നാല്‍, ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതുസംബന്ധിച്ച് ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ബസില്‍ കയറി യദു മെമ്മറി കാര്‍ഡ് മോഷ്ടിച്ചിട്ടുണ്ടോയെന്ന സംശയം പോലീസിനുണ്ട്. ഇത് ദൂരീകരിക്കാനാണ് ചോദ്യംചെയ്തത്.

കെ.എസ്.ആര്‍.ടി.സിയുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസാണ് കേസെടുത്തത്. പോലീസിന്റെ ബസ് പരിശോധനയില്‍ ക്യാമറയുടെ ഡി.വി.ആര്‍. ലഭിച്ചു. എന്നാല്‍, ഡി.വി.ആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല.

ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ബസിലെ ക്യാമറകള്‍ പരിശോധിക്കാത്തതില്‍ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉപരിപഠനത്തിനായി ഒട്ടേറെ മലയാളി വിദ്യാർത്ഥികളാണ് യുകെയിലെത്തുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യുക മാത്രമല്ല ഇവരുടെ ലക്ഷ്യം. പഠനശേഷം ലഭിക്കുന്ന പാർട്ട് സ്റ്റഡി വിസയുടെ ഭാഗമായി യുകെയിൽ തുടർന്ന് ജോലി ചെയ്യുകയും അതോടൊപ്പം പെർമനന്റ് വിസ ലഭിക്കുന്നതിന് ഉതകുന്ന ജോലി സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ലക്ഷ്യം . രണ്ടുവർഷം യുകെയിൽ പഠനത്തിനായി 35 മുതൽ 50 ലക്ഷം വരെയാണ് ഓരോ വിദ്യാർത്ഥിയും ചിലവഴിക്കേണ്ടതായി വരുന്നത്.


എന്നാൽ യുകെയിൽ പോകാൻ ലക്ഷങ്ങൾ ലോൺ എടുത്ത മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു തീരുമാനം ഈ മാസം 14-ാം തീയതി ഉണ്ടായേക്കാം എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന മൈഗ്രേഷൻ അഡ്വൈസിംഗ് കമ്മിറ്റി മീറ്റിങ്ങിൽ പാർട്ട് സ്റ്റഡി വർക്ക് വിസകൾ നിർത്തലാക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. പാർട്ട് സ്റ്റഡി വർക്ക് വിസ റദ്ദാക്കിയാൽ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് യുകെയിൽ പഠിക്കാൻ എത്തിയവർക്ക് വൻ തിരിച്ചടിയാവും.

മൈഗ്രേഷൻ അഡ്വൈസിങ് കമ്മിറ്റിയുടെ റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതിയാണ് മെയ് 14. നിലവിലെ കണക്കുകൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ 32 ശതമാനം പേർ മാത്രമാണ് വിസ ലഭിക്കാനുള്ള പരുധിക്ക് മുകളിൽ കഴിഞ്ഞ വർഷം ശമ്പളം നേടിയത് . 2023 മുതൽ 1.20 ലക്ഷം വിദ്യാർഥികളാണ് സ്റ്റുഡൻസ് വിസയിൽ യുകെയിൽ എത്തിയത്. യുകെയിലേയ്ക്ക് ഉള്ള കുടിയേറ്റം കുറയ്ക്കുന്നതിനായാണ് പാർട്ട് സ്റ്റഡി വിസ റദ്ദാക്കാനുള്ള നിർദ്ദേശം എടുക്കുന്നത്. നേരത്തെ വിദ്യാർത്ഥികളുടെയും കെയർ വർക്കർമാരുടെയും ആശ്രിത വിസ നിർത്തലാക്കിയിരുന്നു.

ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി.ജെസ്നയുടെ പിതാവ്‍ ജെയിംസ് സമർപ്പിച്ച ഹർജിയിലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ഉത്തരവ്.

പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി സിബിഐയ്ക്ക് നിർദേശം നൽകി. മുദ്രവെച്ച കവറിൽ നൽകിയ തെളിവുകൾ അന്വേഷണ ചുമതലയുള്ള എസ്.പിക്ക് കോടതി കൈമാറി.

തുടരന്വേഷണത്തിൽ തെളിവുകൾ ​ഗുണകരമാകുമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ജസ്നയുടെ പിതാവ്‍ ജെയിംസ് പറ‍ഞ്ഞു. ജസ്ന തിരോധാനത്തിന് പിന്നാലെ നടത്തിയ സമാന്തര അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. കേസുമായി ബന്ധപ്പെട്ട ചില ഫോട്ടോകളും സൂചനകളും നൽകിയിട്ടുണ്ടെന്നും പിതാവ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

ജസ്‌ന തിരോധാനക്കേസ് അവസാനിപ്പിച്ചുകൊണ്ട് സിബിഐ നൽകിയ റിപ്പോർട്ടിനെതിരെയായിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ജെയിംസ് ജോസഫ് ഹർജി സമർപ്പിച്ചത്. ജസ്‌ന അജ്ഞാതസുഹൃത്തിനാൽ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സി.ബി.ഐ. അന്വേഷണം എത്തിയില്ലെന്നും മകളുടെ തിരോധാനത്തിനു പിന്നിലെ അജ്ഞാതസുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

കേസിൽ പുനരന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ. കോടതിയെ അറിയിക്കുകയും കേസിൽ വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെകൂടി മോചിപ്പിച്ചു. ഇറാനിലെ ഇന്ത്യൻ എംബസി മോചനം സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ ഇവർ ഇറാനിൽനിന്നും പുറപ്പെട്ടെന്നാണ് വിവരം. എന്നാൽ അഞ്ചുപേരുടെ പേരുവിവരം ഇറാനോ ഇന്ത്യൻ എംബസിയോ പുറത്തുവിട്ടിട്ടില്ല.

എം.എസ്.സി. ഏരീസ് എന്ന കപ്പിലിൽ ഉണ്ടായിരുന്ന 25 ജീവനക്കാരിൽ 17 പേർ ഇന്ത്യക്കാർ ആയിരുന്നു. ഇതിൽ നാലുപേർ മലയാളികളാണ്. കപ്പലിലെ ഏക വനിതാ ജീവനക്കാരിയായ തൃശ്ശൂർ സ്വദേശി ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫിനെ നേരത്തേ വിട്ടയച്ചിരുന്നു. മറ്റുളളവരെ വിട്ടയക്കുന്നതിൽ ഇറാന് എതിർപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ എം.എസ്.സി. ഏരീസുമായിട്ടുള്ള കരാർ സംബന്ധമായ കാര്യങ്ങൾ പരി​ഗണിച്ചാവും ഇവർക്കുള്ള മോചനം എന്ന് ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുപേരെ ഇപ്പോൾ മോചിപ്പിച്ചത്.

ബാക്കിയുള്ളവരെ വരും ദിവസങ്ങളിൽ മോചിപ്പിക്കും എന്നാണ് അറിയുന്നത്. അതിനായുള്ള ചർച്ചകൾ നയതന്ത്രതലത്തിൽ തുടരുകയാണ്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി പി.വി. ധനേഷ് എന്നിവരാണ് കപ്പലിലെ മറ്റു മലയാളികള്‍.

ഏപ്രില്‍ 13-ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഒമാൻ ഉൾക്കടലിന് സമീപം ഹോർമൂസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇസ്രയേൽ ശതകോടീശ്വരനായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സൊഡിയാക് മാരിടൈം കമ്പനിയുടെതേണ് കപ്പൽ. ഇറ്റാലിയൻ-സ്വീസ് കമ്പനിയായ എം.എസ്.സി.യാണ് കപ്പലിന്റെ നടത്തിപ്പ്.

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. അബ്ദുൾ റോഷൻ എന്നയാളാണ് പിടിയിലായത്. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മലപ്പുറം എസ്‌പി എസ്.ശശിധരൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. മടിക്കേരിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ വിതരണക്കാരനാണ് പ്രതി.

ഇയാളുടെ പക്കൽ നിന്നും 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് റോഷൻ തട്ടിയെടുത്തതെന്നാണ് വിവരം. സംഘത്തിലെ മറ്റു പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘത്തിന് സിം കാര്‍ഡ് നൽകുകയാണ് പ്രതി ചെയ്തതെന്ന് പൊലീസ് പറയുന്നു. മടിക്കേരി പൊലീസും ഇയാൾക്കെതിരെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പൊലീസ് പിടിച്ചെടുത്തതിൽ നിലവിൽ ആക്‌റ്റീവായ 1500 സിം കാർഡുകളുണ്ട്. ഇതിന് പുറമെ ആക്ടീവാക്കാനുള്ള 2000 സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സിമ്മിന് 50 രൂപ വീതം വാങ്ങിയാണ് റോഷൻ സിം കാര്‍ഡ് നിക്ഷേപ തട്ടിപ്പ് സംഘത്തിന് നൽകിയതെന്നാണ് വിവരം. ഈ സിം കാര്‍ഡുകൾ ഇട്ടാൽ ഐഎംഇ നമ്പർ മാറ്റാൻ കഴിയുന്ന ചൈനീസ് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഓൺലൈൻ വ്യാജ ഷെയർ മാർക്കറ്റ് സൈറ്റിൽ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ച് നൽകുന്ന മുഖ്യസൂത്രധാരനായ പെരിയപ്പട്ടണ താലൂക്കിലെ ഹരാഹനഹള്ളി സ്വദേശി അബ്ദുൾ റോഷൻ (46)യാണ് അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ യുവാവ് ഫേസ്ബുക്ക് പേജ് ബ്രൗസ് ചെയ്ത സമയത്ത് ഷെയർമാർക്കറ്റ് സൈറ്റിന്റെ ലിങ്ക് ക്ലിക്ക് ചെയ്ത സമയത്ത്, ഈ സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന വാട്സാപ്പിൽ ഒരു സ്ത്രീയുടെ പ്രൊഫൈൽ പിക്ചർ വെച്ച് ട്രേഡിംഗ് വിശദാംശങ്ങൾ നൽകിയിരുന്നു. അതിനായി വമ്പൻ ഓഫറുകൾ നൽകി പരാതിക്കാരനെ കൊണ്ട് നിർബന്ധിച്ച് ഒരു കോടി എട്ട് ലക്ഷം രൂപ വിവിധ ബാങ്ക് അക്കൌണ്ടുകളിൽ ഡെപ്പോസിറ്റ് ചെയ്യിപ്പിച്ചു.

ലാഭവിഹിതം നൽകാതെ പരാതിക്കാരാനെ കബളിപ്പച്ച് പണം തട്ടിയതാണ് കേസ്. നൂതന സൈബർ ടെക്നോളജി ഉപയോഗിച്ച് സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സിംകാർഡുകൾ സംഘടിപ്പിച്ച് നൽകുന്ന പ്രതിയെ പറ്റി സംഘത്തിന് സൂചന ലഭിച്ചത്. സൂചനയുടെ അടിസ്ഥാനത്തിൽ സംഘം കർണ്ണാടക സംസ്ഥാനത്തിലെ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തി. കൊടക് ജില്ലയിലെ മടിക്കേരിയിലെ ഒരു വാടക വീട്ടിൽ പ്രതി താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി കർണ്ണാടക പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്ററഡിയിലെടുക്കുകയായിരുന്നു. പരിശോധന നടത്തിയ സമയം വിവിധ മൊബൈൽ കമ്പനികളുടെ നാപ്പതിനായിരത്തോളം സിംകാർഡുകളും 180 തിൽപരം മൊബൈൽ ഫോണുകളും പ്രതിയിൽ നിന്നും കണ്ടെടുത്തു.

പ്രതി കൃത്യത്തിന് ഉപയോഗിച്ച സിം കാർഡ് കസ്റ്റമറായ യുവതിയുടേതാണ്. തന്റെ പേരിൽ ഇത്തരത്തിലുള്ള ഒരു മൊബൈൽ നമ്പർ ആക്ടീവായ കാര്യം യുവതിക്ക് അറിയില്ല.. യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രതി ഈ സിം കാർഡ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. ഇത്തരത്തിൽ കസ്റ്റമർ അറിയാതെ ആക്ടീവാക്കിയ 40000ത്തിൽ പരം സിംകാർഡുകൾ പ്രതി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കാം എന്നാണ് നിഗമനം. വൻ തോതിൽ സിം ആക്ടീവായ കാര്യത്തെ സംബന്ധിച്ച് പ്രതിയെ ചോദ്യം ചെയ്തു. ഏതെങ്കിലും കസ്റ്റമർ സിം കാർഡ് എടുക്കുന്നതിന് വേണ്ടി റീട്ടെയിൽ ഷോപ്പിൽ എത്തുന്ന സമയം കസ്റ്റമർ അറിയാതെ ഫിംഗർ പ്രിന്റ് രണ്ടോ മൂന്നോ പ്രാവശ്യം ബയോ മെട്രിക് പ്രസ്സ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ആക്ടീവ് ആകുന്ന സിം കാർഡുകൾ പ്രതിയുടെ സുഹൃത്തുക്കളായ ഷോപ്പിലെ സ്റ്റാഫ് വഴി ഒരു സിംകാർഡിന് 50 രൂപ കൊടുത്തു വിൽക്കും. ഇതിനായി പ്രതി കള്ളപ്പേരിൽ വിവിധ മൊബൈൽ കമ്പനികളുടെ പി ഒ എസ് ആപ്ളിക്കേഷനുകൾ വിവിധ ആളുകളുടെ പേരിൽ കരസ്ഥമാക്കി. കൂടാതെ വിവിധ റീട്ടെയിൽ ഷോപ്പുകളിൽ നിന്നും കൊറിയർ മുഖാന്തിരവും പ്രതി സിംകാർഡ് കരസ്ഥമാക്കുന്നുണ്ട്, സിം കാർഡുകൾ ആക്ടൂിവായതിന് ശേഷം പ്രതി തട്ടിപ്പുകാർക് ആവശ്യാനുസരണം സിം കാർഡ് ഒന്നിന് 50 രൂപ നിരക്കിൽ സിം കാർഡ് കൈമാറ്റം ചെയ്യുന്നു. കൂടാതെ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്കും ഫ്ലിപ്കാർട്ട്, ഐ ആർ സി ടി സി, ആമസോൺ എന്നീ വാണ്യജ്യ പ്ലാറ്റ് ഫോമുകളിലും വ്യാജ അക്കൌണ്ടുകൾ തുറക്കുന്നതിന് ഒ ടി പികൾ തട്ടിപ്പുകാർക്ക് ഷെയർ ചെയ്ത് കൊടുക്കുന്നതാണ് പ്രതി അവലംബിക്കുന്ന രീതി.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം സൈബർ നോഡൽ ഓഫിസറായ ഡിസിആർബി ഡിവൈഎസ് പി ഷാജു. വി എസ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജൻ.ഐ.സി, പ്രത്യേക ജില്ലാ സൈബർ സ്ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്പെകടർ നജുമുദ്ദീൻ മണ്ണിശ്ശേരി പോലീസുകാരായ പി.എം ഷൈജൽ പടിപ്പുര, ഇ.ജി. പ്രദീപ്, കെ.എം ഷാഫി പന്ത്രാല, രാജരത്നം മടിക്കേരി പോലീസിലെ മുനീർ പി.യു എന്നിവരും സൈബർ പോലീസ് സ്റ്റേഷനിലെ സൈബർ വിദഗ്ദരും ചേർന്നാണ് പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു, പ്രതി മറ്റേതെങ്കിലും കുറ്റകൃത്യങ്ങൾക്ക് ഇത്തരം സിംകാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും മറ്റും അറിയുന്നതിനായി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങിക്കുമെന്ന് സൈബർ ഇൻസ്പെക്ടർ അറിയിച്ചു.

Copyright © . All rights reserved