പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങുക. പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി 3806 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മൂന്ന് റെയില്‍വേ ഇടനാഴികള്‍ക്കും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആകെ 28,602 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്.
പാലക്കാട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ 1710 ഏക്കര്‍ ഭൂമിയിലാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുക. 8729 കോടിയുടെ നിക്ഷേപവും 51,000 പേര്‍ക്ക് തൊഴിലുമാണ് പ്രതീക്ഷിക്കുന്നത്. റബ്ബര്‍, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍, ഔഷധനിര്‍മ്മാണത്തിനായുള്ള രാസവസ്തുക്കള്‍, സസ്യോത്പന്നങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഹൈടെക് വ്യവസായം എന്നീ മേഖലകള്‍ക്കാണ് പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രാധാന്യം നല്‍കുക.
ഔഷധനിര്‍മ്മാണത്തിനുള്ള രാസവസ്തുക്കള്‍ക്കും സസ്യോത്പന്നങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഏക വ്യവസായ സ്മാര്‍ട്ട് സിറ്റിയാണ് പാലക്കാട് വരിക. ഇക്കോ ടൂറിസത്തിനുള്ള സാധ്യതയും ഇവിടെയുണ്ട്. റോഡ്, റെയില്‍, വ്യോമ ഗതാഗതമാര്‍ഗങ്ങളും കൊച്ചി തുറമുഖവും അധികം അകലെയല്ലാതെയുള്ളതും പാലക്കാടിന് അനുകൂല ഘടകമാണ്.
പാലക്കാട് ഉള്‍പ്പെടെ 12 പുതിയ വ്യവസായ സ്മാര്‍ട്ട് സിറ്റികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് വാര്‍ത്താ സമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിച്ചത്. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിയുടെ (എന്‍.ഐ.ഡി.സി.പി) ഭാഗമായാണ് ഗ്രീന്‍ഫീല്‍ഡ് വ്യവസായ സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കുക.
ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രാജ്പുര-പാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, ഉത്തര്‍പ്രദേശിലെ ആഗ്ര, പ്രയാഗ് രാജ്, ബീഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രാപ്രദേശിയിലെ ഒര്‍വാക്കല്‍, കൊപ്പാര്‍ത്തി, രാജസ്ഥാനിലെ ജോഥ്പൂര്‍-പാലി എന്നിവയാണ് പാലക്കാടിന് പുറമെ പ്രഖ്യാപിച്ച മറ്റ് ഗ്രീന്‍ഫീല്‍ഡ് വ്യവസായ സ്മാര്‍ട് സിറ്റികള്‍. ഇവിടങ്ങളിലെല്ലാമായി ഒന്നരലക്ഷം കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പ്രത്യക്ഷമായി പത്ത് ലക്ഷം പേര്‍ക്കും പരോക്ഷമായി 30 ലക്ഷം പേര്‍ക്കുമാണ് തൊഴിലവസരം.
രാജ്യത്തെ 234 നഗരങ്ങളില്‍ സ്വകാര്യ എഫ്.എം. സ്റ്റേഷനുകള്‍ ആരംഭിക്കാനും കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. പാലക്കാടും കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാടും ഉള്‍പ്പെടെയുള്ള 234 നഗരങ്ങളിലായി 730 ചാനലുകള്‍ക്ക് ഇ-ലേലം വഴി അനുമതി നല്‍കും.
കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റിലായി. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിൽ വെച്ചാണ് സംഭവം.
ബസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കുനേരെയാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. തമിഴ്നാട് ചെങ്കോട്ട സ്വദേശി ശിവനയ്യ ആണ് പിടിയിലായത്. കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിക്കു നേരെ സമീപത്തെ സീറ്റിലിരുന്ന യുവാവാണ് നഗ്നതാപ്രദർശനം നടത്തിയത്.
താമരശ്ശേരി ചുരം ഇറങ്ങുന്ന സമയത്തായിരുന്നു സംഭവം. തുടര്‍ന്ന് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ പൊലീസിന് കൈമാറി. ഇതിനുശേഷമാണ് ബസ് കോഴിക്കോടേക്ക് യാത്ര തുടര്‍ന്നത്.
കോട്ടയം അകലകുന്നത്ത് യുവാവ് മര്‍ദനമേറ്റ് മരിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. ഗുഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്
യുവതിയുടെ ഭര്‍ത്താവ് രതീഷിനെ മരക്കമ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീജിത്ത് എന്നയാളെ പൊലിസ് പിടികൂടിയിരുന്നു.
മഞ്ജുവും ശ്രീജിത്തുമായുള്ള ബന്ധം ഭര്‍ത്താവായ രതീഷ് ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഗൂഢാലോചന നടത്തി രതീഷിനെ ഇരുവരും കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
വിദേശത്തു നിന്നും ഭര്‍ത്താവിന്റെ സംസ്‌കാരത്തിന് എത്തിയപ്പോഴാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് സ്റ്റേഷന്‍ എസ്.എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. ചേപ്പാട് സ്വദേശി പ്രവീണ(20) ആണ് മരിച്ചത്.
ഡല്‍ഹിയിലെ വി.എം.സി.സി. നഴ്‌സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്നു (ചൊവ്വാ ) പുലര്‍ച്ചെയായിരുന്നു മരണം.
ജൂണ്‍ ആദ്യം ഹോസ്റ്റലില്‍നിന്നാണ് പ്രവീണയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത്. നാല്‍പ്പതോളം കുട്ടികള്‍ ചികിത്സയിലായിരുന്നു. ആദ്യം ഹരിയാണയിലെ ജിന്തര്‍ ആശുപത്രിയില്‍
ചികിത്സയിലായിരുന്ന പ്രവീണയെ പിന്നീട് ഹരിപ്പാട്ടെയും പരുമലയിലേയും ആശുപത്രികളിലേക്കും മാറ്റിയിരുന്നു.
പിന്നീട്, ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ചേപ്പാട് കുന്നേല്‍ സ്വദേശി പ്രദീപിന്റേയും ഷൈലജയുടേയും മകളാണ് പ്രവീണ. ഇവരുടെ കുടുംബം വര്‍ഷങ്ങളായി ഹരിയാണയിലെ ഇസാറില്‍ സ്ഥിരതാമസമാണ്.
ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ കേസെടുത്ത് കൊച്ചി നോർത്ത് പോലീസ്. പ്രത്യേക പോലീസ് സംഘത്തിന് കേസ് കൈമാറുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദർ അറിയിച്ചു. ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പ്രത്യേക അന്വേഷണസംഘം കൈമാറുന്ന ഗൈഡ്ലൈൻ അനുസരിച്ചാകും മൊഴിയെടുക്കലും കേസുമായി ബന്ധപ്പെട്ട തുടർനടപടികളും. തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് നടി സിറ്റി പോലീസ് പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009-ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
രഞ്ജിത്ത് സംവിധാനംചെയ്ത ‘പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുകയുണ്ടായി. തുടർന്ന് ചർച്ചയുടെ ഭാഗമായി കൊച്ചി കലൂർ കടവന്ത്രയിൽ രഞ്ജിത്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് വിളിച്ചു. ചർച്ചയ്ക്കിടെ, കൈയിൽ മുറുകെ പിടിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഫ്ലാറ്റിൽനിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയെന്നും നടി പരാതിയിൽ പറയുന്നു.
സംഭവം നടന്നതിന് അടുത്ത ദിവസം തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് പറഞ്ഞിരുന്നതായും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാൻ സഹായിച്ചത് അദ്ദേഹമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവം നടന്ന സ്റ്റേഷൻ പരിധിയിലാണ് പരാതി നൽകിയിരിക്കുന്നത്.
മകനുമായുണ്ടായ തർക്കത്തിൽ തലയ്ക്ക് അടിയേറ്റ അച്ഛൻ മരിച്ചു. പൊൻകുന്നം ചേപ്പുംപാറ പടലുങ്കൽ പി.ആർ. ഷാജി (55) ആണ് മരിച്ചത്. മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ഇരുവരും തമ്മിൽ സംഘട്ടനമുണ്ടായത്.
രാഹുലിന്റെ മൊബൈൽ ഫോൺ ഷാജി മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി അച്ഛനും മകനും തമ്മിൽ തർക്കം നിലനിന്നിരുന്നു. വാക്കേറ്റത്തിനിടെ ഷാജിയെടുത്ത അലവാങ്ക് പിടിച്ചു വാങ്ങി മകൻ രാഹുൽ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജി തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് മരിച്ചത്. സംഘട്ടനത്തിൽ രാഹുലിന്റെ തലയ്ക്കും പരിക്കുണ്ട്.
ചൊവ്വാഴ്ച നടത്താനിരുന്ന ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി. അമ്മ പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിൽ ആയതിനാൽ എക്സിക്യൂട്ടീവ് യോഗം വൈകാനാണ് സാധ്യതയെന്നാണ് വിവരം. അതേസമയം പുതിയ അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്.
ഡബ്ല്യൂ സി സി അംഗങ്ങളുമായി ചർച്ചനടത്താനും നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ ജനറൽ ബോഡി യോഗം ഉടൻ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അമ്മ സംഘടനയിൽ നിന്നും ജഗദീഷാണ് ശക്തമായ നിലപാട് വെളിപ്പെടുത്തിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിർത്തുന്നത് ശരിയല്ലെന്നും ഏത് മേഖലയിലാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണം. വേട്ടക്കാരുടെ പേരുകൾ പുറത്തുവരികയും അവർക്ക് തക്കതായ ശിക്ഷ നൽകുകയും വേണമെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ പുതിയ അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്.
അതേസമയം മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിൻെറ യോഗം നാളെ ചേരാൻ സാധ്യത. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് ആരോപണങ്ങളുമായി മുന്നോട്ട് വരുന്നത്. മുകേഷ് എം എൽ എ അടക്കമുള്ള പ്രമുഖ നടന്മാരുടെ പേരുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള സർക്കാർ നീക്കത്തിൽ പൂർണ്ണമായി പിന്തുണക്കാതെ വിമൻ ഇൻ സിനിമ കളക്റ്റീവ്. പുതിയ സംഘത്തിൽ പ്രതീക്ഷയുണ്ടെന്നും പക്ഷെ വീണ്ടും മൊഴി നൽകാൻ പോകേണ്ട സ്ഥിതിയിൽ ആശങ്കയുണ്ടെന്നും ഡബ്ലിയുസിസി വ്യക്തമാക്കി. പുതിയ സംഘം നടപടി നീട്ടി കൊണ്ട് പോകാനാണോ എന്ന സംശയവും ഡബ്ല്യുസിസി പങ്കുവെച്ചു. വേറെ വഴിയില്ലാത്തത് കൊണ്ട് പ്രതീക്ഷ വെക്കുന്നു എന്ന് ദീദി ദാമോദരൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആക്ഷേപം ഉന്നയിച്ചവരിൽ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും.
പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ഉപദേശം നൽകിയത്. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നീക്കം. സമൂഹത്തിൽ നിരവധി മേഖലകളിൽ നിന്നുയർന്ന കടുത്ത വിമർശനത്തെ തുടർന്ന് സർക്കാർ പ്രതിരോധത്തിലായിരുന്നു. അതേസമയം, സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കും. പരാതി ഉള്ളവർക്ക് സംഘത്തെ സമീപിക്കാം. അതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും.
ഏറെ ആശങ്ക നല്‍കിയെങ്കിലും ഒടുവില്‍ സന്തോഷവതിയായി അവള്‍ മടങ്ങിയെത്തി. കഴക്കൂട്ടത്തു നിന്നു കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ പതിമൂന്നുകാരി തിരുവനന്തപുരത്ത് എത്തി. കേരള എക്‌സ്പ്രസിലാണ് കുട്ടിയെ കൂട്ടുകൊണ്ടുവരാന്‍ പോയ പൊലീസ് സംഘം എത്തിയത്. പെണ്‍കുട്ടിയെ സിഡബ്ല്യുസിയുടെ പൂജപ്പുരയിലെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി.
തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയെ കഴക്കൂട്ടം സ്റ്റേഷനില്‍ എത്തിക്കും. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരായ ശേഷം മാതാപിതാക്കള്‍ക്ക് കൈമാറും.
പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്.
ഇവരില്‍ നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു മൂനീര്‍ ആരോപിച്ചു. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്ന് മിനു ആരോപിച്ചു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നുമാണ് മിനു പറയുന്നത്.
മണിയന്‍ പിള്ളരാജു മോശമായി പെരുമാറിയെന്നാണ് മിനു പറഞ്ഞത്. ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേ ദിവസം ലൊക്കേഷനില്‍ വച്ച് ദേഷ്യപ്പെട്ടുവെന്നുംമിനു ആരോപിച്ചു.
അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലാത്തതിനാല്‍ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാന്‍ താന്‍ നിര്‍ബന്ധിതയായി- മിനു പറയുന്നു.