തൽക്കാലം സർക്കാർ രൂപവത്ക്കരിക്കാതെ പ്രതിപക്ഷത്തിരിക്കാൻ ഇന്ത്യ മുന്നണിയിൽ തീരുമാനമായെമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഡൽഹിയിൽ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിനുശേഷം മാധ്യമങ്ങളോടു പ്രതികരിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. മോദി നേതൃത്വം നൽകുന്ന ബിജെപിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ അതിശക്തമായ പ്രതിപക്ഷമായി ഇന്ത്യ സഖ്യം മുന്നോട്ടുപോകുമെന്ന് ഖാര്‍ഗെ പറഞ്ഞു.
‘ഭരണഘടന സംരക്ഷിക്കാനുള്ള ജനവിധിയാണ് ജനങ്ങൾ നൽകിയത്. ഇത് ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനും എതിരായ വിധിയെഴുത്താണ്. ബിജെപി ഭരണം തുടരരുത് എന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്ക്കരിക്കാൻ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കും’, അദ്ദേഹം കൂട്ടിച്ചേർത്തു. കാത്തിരുന്ന് കാണാം എന്നായിരുന്നു മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിഞ്ഞെന്നാണ് യോഗത്തിലെ പൊതു വികാരം. വിവിധ കക്ഷികൾ വലിയ ആഹ്ലാദമാണ് യോഗത്തിൽ പ്രകടിപ്പിച്ചത്. ഖാര്‍ഗെയ്ക്കുപുറമേ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ കോണ്‍ഗ്രസില്‍നിന്ന് യോഗത്തില്‍ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഡി.എം.കെ. നേതാവ് ടി.ആര്‍. ബാലു, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറന്‍, കല്‍പന സോറന്‍, എന്‍.സി.പി. നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, അഖിലേഷ് യാദവ്, രാം ഗോപാല്‍ യാദവ്, അഭിഷേക് ബാനര്‍ജി, തേജസ്വി യാദവ്, സഞ്ജയ് റാവുത്ത്, അരവിന്ദ് സാവന്ത്, ഒമര്‍ അബ്ദുള്ള, സീതാറാം യെച്ചൂരി, ഡി. രാജ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍, ജി. ദേവരാജന്‍, ജോസ് കെ. മാണി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
അതിനിടെ, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിൽ എൻഡിഎ സഖ്യകക്ഷികളും യോഗം ചേർന്നിരുന്നു. എൻഡിഎ സഖ്യകക്ഷി നേതാവായി നരേന്ദ്ര മോദിയെ യോഗം തിരഞ്ഞെടുത്തു. ഏഴാം തീയതി എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാമെന്നാണ് യോഗത്തിലെ തീരുമാനം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 292 സീറ്റുകൾ നേടിയതിനു പിന്നാലെ ബുധനാഴ്ച വൈകീട്ടോടെയാണ് യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ജെഡിയു നേതാക്കളായ ലല്ലൻ സിങ്, സഞ്ജയ് ഝാ തുടങ്ങിയവർ പങ്കെടുത്തു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തന് അവകാശവാദം ഉന്നയിച്ച് എൻഡിഎ സഖ്യകക്ഷികൾ ബുധനാഴ്ചതന്നെ രാഷ്ട്രപതി ദ്രൗപതി മുർവിനെ കാണുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ, ഏഴാംതീയതി കണ്ടാൽ മതിയെന്ന് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. സഖ്യസർക്കാരിലെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. അമിത് ഷാ, രാജ്നാഥ് സിങ്, ജെപി നഡ്ഡ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. രാഷ്ട്രപതിഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും ഇന്‍ഡ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നരേന്ദ്രമോദി, രാജ്നാഥ് സിങ് , അമിത് ഷാ എന്നിവർ രാഷ്ട്രപതിഭവനിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. സർക്കാർ രൂപീകരിക്കാൻ ഘടകകക്ഷികളുടെ പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറും.
ഈ മാസം ഒൻപതു വരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയ്‌ക്കൊപ്പമുള്ള ജെഡിയുവിനെയും ടിഡിപിയെയും മുന്നണിയിലേക്ക് എത്തിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഒരുദിവസം മുൻപ് സത്യപ്രതിജ്ഞ നടത്തുന്നതെന്നാണ് സൂചന.
ഇന്ന് വൈകിട്ട് ചേരുന്ന എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് അംഗീകരിക്കും. തുടര്‍ന്ന് പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ കത്തു സഹിതം രാഷ്ട്രപതിക്ക് നല്‍കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി ജെഡിയു, ടിഡിപി എന്നിവരില്‍ നിന്നും പിന്തുണക്കത്ത് ലഭിക്കാന്‍ ബിജെപി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎക്കൊപ്പമാണെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.
ഇടുക്കി പൈനാവിൽ രണ്ടുവയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പരിക്കേറ്റിട്ടുണ്ട്. പൈനാവ് സ്വദേശികളായ അന്നക്കുട്ടി (57) കൊച്ചുമകളായ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. കഞ്ഞിക്കുഴി സ്വദേശിയായ സന്തോഷാണ് ആക്രമണത്തിന് പിന്നിൽ.
വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. സന്തോഷിന്റെ ഭാര്യാമാതാവ്, ഭാര്യയുടെ സഹോദരന്റെ മകൾ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. പെട്രോൾ ഒഴിച്ച് തീകൊളുത്താനായിരുന്നു ശ്രമം.
ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിന് 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഭാര്യാമാതാവ് അന്നക്കുട്ടിയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. രണ്ടുപേരേയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ കോട്ടയത്തെ താരമണ്ഡലമാക്കിയ ഘടകം കേരളാ കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു. ആദ്യം ചിഹ്നത്തിന് വേണ്ടിയായിരുന്നു പോരാട്ടം. അന്ന് വിജയം ജോസ് കെ മാണിയ്ക്ക് ഒപ്പം നിന്നു. ലേക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ചിഹ്നത്തിനായി അവസാനം വരെ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ അംഗീകാരം കിട്ടിയ ഓട്ടോ ചിഹ്നത്തില്‍ ഡല്‍ഹിയ്ക്ക് ഫ്രാന്‍സിസ് ജോര്‍ജ് ടിക്കറ്റ് എടുക്കുമ്പോള്‍ ആ വിജയം പി.ജെ ജോസഫിന് അവകാശപ്പെട്ടതാണ്.
2020 ല്‍ ആണ് ജോസ് പക്ഷം യുഡിഎഫിനെ വിട്ട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത്. പിന്നീട് 2021 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മാണി സി കാപ്പനോട് ജോസ് കെ മാണി പരാജയപ്പെട്ടു. എല്‍ഡിഎഫ് തരംഗത്തിലും സ്വന്തം തട്ടകത്തില്‍ ജോസ് കെ മാണി രുചിച്ച പരാജയം ജോസഫ് ജോസ് പോരാട്ടത്തിലെ നാഴികകല്ലാണ്. പിന്നീട് ജോസ് കെ മാണി ഇടതുമുന്നണിയുടെ രാജ്യസഭാംഗമായി.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എ ആയ തോമസ് ചാഴികാടനെയാണ് ജോസ് പക്ഷം ഇടതുമുന്നണിയ്ക്കായി രംഗത്തിറക്കിയത്. വോട്ട് ചോദിച്ചത് അത്രയും രണ്ടിലയുടെ പാരമ്പര്യം പറഞ്ഞും, തുടര്‍ച്ചയായി ഒരേ ചിഹ്നത്തില്‍ മത്സരിക്കുന്ന പാര്‍ട്ടിയെന്ന പേരിലുമാണ്. ഈ തിരഞ്ഞെടുപ്പ് യഥാര്‍ത്ഥ കേരളാകോണ്‍ഗ്രസിനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പാണെന്ന ഒറ്റ പ്രസ്താവന കൊണ്ടാണ് ഫ്രാന്‍സിസ് ജോര്‍ജും പാര്‍ട്ടിയും ഈ പ്രചാരണത്തെ പ്രതിരോധിച്ചത്.
ജോസ് പക്ഷത്തിന് ഒരു എം.പിയെ ആത്യാവശമായിരുന്നു. ഒരു പാര്‍ട്ടിയായി അംഗീകരിക്കപ്പെടാനും ഒപ്പം സ്വന്തമായി ഒരു ചിഹ്നം ലഭിക്കാനും. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ജോസഫ് ഗ്രൂപ്പിന് ജീവന്‍മരണ പോരാട്ടമായിരുന്നു. ആ പോരാട്ടത്തില്‍ പി.ജെ ജോസഫ് വിജയിച്ചിരിക്കുന്നു.
ഈ വിജയം ജോസഫ് ഗ്രൂപ്പിന്റെ ഭാവി ശോഭനമാക്കിയെങ്കിലും ജോസ് പക്ഷത്തിന്റെ ഭാവി ചോദ്യചിഹ്നമാണ്. രാജ്യസഭാ അംഗത്വം നീട്ടിത്തരണമെന്ന് ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് എല്‍ഡിഎഫ് അംഗീകരിച്ചില്ലെങ്കില്‍ ജോസ് പക്ഷത്തേക്ക് ഒരു ലയനമോ യുഡിഎഫിലേക്ക് ഒരു തിരിച്ചുവരവോ മാത്രമായിരിക്കും ഏക പോംവഴി.
കാല്‍ലക്ഷത്തിന്റെ ലീഡുമായി തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ പടയോട്ടം. ബി.ജെ.പി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. 2019-ലും സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തേ അദ്ദേഹം എത്തിയിരുന്നുള്ളൂ.
ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ രാജ്യത്ത് എൻ.ഡി.എ. മുന്നേറ്റം. വോട്ടെണ്ണലിന്‍റെ ആദ്യത്തെ അരമണിക്കൂറിൽ എൻ.ഡി.എ. സഖ്യം 288 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. 159 സീറ്റുകളുിൽ ഇന്ത്യ സഖ്യമാണ് മുന്നിൽ. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്.
ഇന്ത്യ സഖ്യവും എൻ.ഡി.എയും ഒപ്പത്തിനൊപ്പം. എൻ.ഡി.എ. സഖ്യം 270 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ഇന്ത്യ സഖ്യം 250 സീറ്റുകളിൽ മുന്നേറുന്നു.
അമേഠിയിൽ സ്മൃതി ഇറാനി പിന്നിൽ
എൻ.ഡി.എ മുന്നണിയും ഇന്ത്യ സഖ്യവും ഒപ്പത്തിനൊപ്പം. എൻ.ഡി.എ. സഖ്യവും ഇന്ത്യ മുന്നണിയും 244 സീറ്റുകളിൽ മുന്നേറുന്നു.
ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ എൻ.ഡി.എ. സഖ്യം 179 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ഇന്ത്യ സഖ്യം 84 സീറ്റുകളിൽ മുന്നിൽ.
158 സീറ്റുകളിൽ എൻ.ഡി.എ. മുന്നിൽ
62 സീറ്റുകളിൽ ഇന്ത്യ സഖ്യം മുന്നിൽ
543 ലോക്സഭാ സീറ്റുകളിൽ 542 സീറ്റുകളിലേക്കുള്ള വിധിയാണ് ചൊവ്വാഴ്ച തീരുമാനിക്കുന്നത്. സൂറത്തിൽ നേരത്തെ ബിജെപി എതിരില്ലാതെ വിജയിച്ചിരുന്നു.
തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ രാജ്യത്ത് എന്‍ഡിഎ മുന്നേറ്റം. ലീഡ് നിലയില്‍ എന്‍ഡിഎ 250 കടന്നപ്പോള്‍ ഇന്ത്യ മുന്നണി 120 കടന്നു. കേരളത്തില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് ഇപ്പോള്‍ 12 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് എട്ട്.
ബിജെപിക്ക് മികച്ച ജയമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. എക്സിറ്റ് പോളുകളെ തള്ളി ജനവിധി അനുകൂലമാകുമെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷ. 295 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ അവകാശവാദം.
ഭരണം നിലനിര്‍ത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എന്‍ഡിഎ. 400 സീറ്റുകളെന്ന ലക്ഷ്യത്തിലേക്ക് എത്താനായില്ലെങ്കിലും 350 കടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും സഖ്യകക്ഷികളും. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ ഫലസൂചനകള്‍ 11 മണിയോടെ പ്രതീക്ഷിക്കാം.
കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ആകെ 194 സ്ഥാനാര്‍ഥികളാണു മത്സരിച്ചത്. 72.07% ആയിരുന്നു പോളിങ്.ഒഡീഷ, ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്നാണ്.
ആദ്യം തപാല്‍ ബാലറ്റുകളാണ് എണ്ണുക. തുടര്‍ന്ന് അര മണിക്കൂറിനകം യന്ത്രങ്ങളിലെ വോട്ടെണ്ണും. പിന്നീട് നിശ്ചിത വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും.തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും വോട്ടര്‍ ആപ്പിലും അപ്പപ്പോള്‍ വിവരങ്ങള്‍ കിട്ടും.
രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനവിധിയുടെ ഫലമറിയാന്‍ ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. 2024 ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് ആരംഭിക്കും.
ആദ്യം തപാല്‍ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളുമാണ് എണ്ണുക. രാവിലെ ഒമ്പതോടെ മിക്ക മണ്ഡലങ്ങളിലെയും ആദ്യ ഫല സൂചനകള്‍ ലഭ്യമാകും. ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങള്‍ ആര് ഭരിക്കും എന്നും നാളെ അറിയാം.
എക്സിറ്റ് പോളുകള്‍ തുടര്‍ഭരണം പ്രവചിച്ചതിന്റെ പൂര്‍ണ ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി. എന്നാല്‍ പ്രവചനങ്ങള്‍ക്ക് അതീതമായി രാജ്യത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണി.
കേരളത്തില്‍ യുഡിഎഫ് തരംഗമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. കേരളത്തില്‍ ഇതുവരെ അക്കൗണ്ട് തുറക്കാനാകത്ത ബിജെപിക്ക് മൂന്ന് സീറ്റുകള്‍വരെ ചില എക്‌സിറ്റ്‌പോള്‍ സര്‍വേ ഏജന്‍സികള്‍ പ്രവചിച്ചതിന്റെ ആവേശത്തിലാണ് സംസ്ഥാനത്തെ എന്‍ഡിഎ നേതൃത്വം.
തൃശൂര്‍, വടകര, തിരുവനന്തപുരം മണ്ഡലങ്ങളിലെ ഫലങ്ങളാണ് രാഷ്ട്രീയ കേരളം പ്രധാനമായും ഉറ്റു നോക്കുന്നത്. വോട്ടെണ്ണലിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. നിരോധനാജ്ഞ നിലവിലുള്ള വടകരയില്‍ രാത്രി ഏഴിന് ശേഷം ഒരു ആഘോഷ പരിപാടികളും അനുവദിക്കില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും തത്സമയം ഫലം അറിയാനാവും.
ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍ സോഫ്റ്റ് വെയറില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴി തത്സമയം ലഭ്യമാകും. ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് എആര്‍ഒമാര്‍ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്‌സൈറ്റില്‍ അതത് സമയം ലഭിക്കുക. ആദ്യമായാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ രാജ്യത്തെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ ഏകീകൃത സംവിധാനം വഴി ലഭ്യമാക്കുന്നത്.
ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷന്‍ റിസള്‍ട്ട്‌സ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ട്രെന്‍ഡ്‌സ് ആന്റ് റിസള്‍ട്ട്‌സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
സംസ്ഥാനത്തെ എല്ലാ കൗണ്ടിങ് സെന്ററുകളിലും മീഡിയ സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡിലും ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള തിരഞ്ഞെടുപ്പ് ഫലം ലഭ്യമാകും. വോട്ടെണ്ണല്‍ ഫലങ്ങള്‍ തത്സമയം കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ലഭ്യമാക്കി കേന്ദ്രീകൃത ഫലപ്രഖ്യാപനം നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന എന്‍കോര്‍ സോഫ്റ്റ് വെയറിന്റെ ട്രയല്‍ വെള്ളിയാഴ്ചയോടെ വിജയകരമായി പൂര്‍ത്തിയാക്കി.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്.
കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ ഹാളിലേക്ക് പ്രവേശനമുള്ളത്.
കൗണ്ടിങ് ഏജന്റുമാര്‍ക്ക് സ്ഥാനാര്‍ത്ഥിയുടെ പേരും നിര്‍ദിഷ്ട ടേബിള്‍ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിങ് ഓഫീസര്‍ നല്‍കും. വോട്ടെണ്ണല്‍ മുറിയ്ക്കുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അധികാരമില്ല.
ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണാന്‍ ഒരോ ഹാള്‍ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍ ഉണ്ടാവും. ഇത് ഗസറ്റഡ് റാങ്കുള്ള ഓഫീസറായിരിക്കും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും വോട്ടെണ്ണല്‍ മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പു വരുത്തുകയാണ് മൈക്രോ ഒബ്‌സര്‍വറുടെ ഡ്യൂട്ടി.
വോട്ടെണ്ണല്‍ തുടങ്ങുന്ന സമയമാകുമ്പോള്‍ സ്‌ട്രോങ് റൂമുകള്‍ തുറക്കപ്പെടും. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോങ്ങ് റൂം തുറക്കുക. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.
ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫീസറുടെ മേശപ്പുറത്താവും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.
വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കണ്‍ട്രോള്‍ യൂണിറ്റുമാണ് വോട്ടെണ്ണല്‍ മേശപ്പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളില്‍ കണ്‍ട്രോള്‍ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീല്‍ പൊട്ടിക്കും.
തുടര്‍ന്ന് ഏജന്റുമാരുടെ നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് ഡിസ്‌പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും. ഓരോ റൗണ്ടിലും എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീര്‍ന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ അതില്‍ നിന്നും ഏതെങ്കിലും രണ്ട് മെഷീന്‍ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും.
അത് കഴിഞ്ഞാല്‍ ആ റൗണ്ടിന്റെ ടാബുലേഷന്‍ നടത്തി ആ റൗണ്ടിന്റെ റിസള്‍ട്ട് റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിങ് ഓഫീസര്‍ എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകള്‍ എടുത്തുമാറ്റി അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകള്‍ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കും.
എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന്‍ നടത്തുകയുള്ളൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാന്‍ഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ച് പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുമെന്നാണ് കണക്ക്.
ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണിത്തീരാന്‍ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിന് ശേഷമാവും അന്തിമ വിധി പ്രഖ്യാപനം. വോട്ടെണ്ണല്‍ ദിനം ഡ്രൈ ഡേ ആയിരിക്കും. മദ്യമോ മറ്റ് ലഹരി പദാര്‍ഥങ്ങളോ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ല.