India

കോട്ടയം: ഗണേഷിന്റെ പാർട്ടി എൻ സി പി യിൽ ചേർന്ന് മന്ത്രിയാകാൻ ശ്രമിക്കുകയാണ് എന്ന വാർത്ത വന്നതിന് പുറകെ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് ഗണേഷ് കുമാര്‍ എം.എല്‍.എയുമായി കൂടിക്കാഴ്ച നടത്തി. പത്തനാപുരത്തെ ഗണേഷിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. അതേസമയം, സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് എം.എല്‍.എയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയായി ഇതിനെ കണ്ടാല്‍ മതിയെന്നും എം.എല്‍.എയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ദിലീപിനെ ഇടതുപക്ഷ എം.എല്‍.എയായ ഗണേഷ് കുമാര്‍ സന്ദര്‍ശിക്കുകയും താരത്തിന് അനുകൂല നിലപാട് എടുത്തതും നേരത്തെ ഏറെ വിമര്‍ശനത്തിന് വഴി വച്ചിരുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗണേഷ് അടക്കമുള്ള സിനിമാക്കാരുടെ ജയിലിലേക്കുള്ള പ്രവാഹമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമുള്ള ദിലീപിന്റെ സന്ദര്‍ശനം ഏറെ ആകാംക്ഷകള്‍ക്കാണ് വഴി വച്ചിരിക്കുന്നത്. ഇരുവരും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read more… നടി പാര്‍വതിയെ അപമാനിച്ച കേസില്‍ അറസ്‌റ്റിലായ പ്രതിക്ക് യുകെയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ജോബി ജോര്‍ജ്

എന്‍സിപിയുടെ മന്ത്രിസ്ഥാനം നോട്ടമിട്ട് ഇടതുമുന്നണിയിലെ മൂന്ന് എം.എല്‍. എമാര്‍ കരുനീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. കെ.ബി.ഗണേഷ്കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍ വിജയന്‍പിള്ള എന്നിവരാണ് എന്‍സിപിയുമായി ലയിച്ച് മന്ത്രിസ്ഥാനത്തിനായി ചരടുവലി നടത്തുന്നത്. മന്തിസ്ഥാനം നല്‍കിയാല്‍ കേരളകോണ്‍ഗ്രസ് ബി പിളര്‍ത്തി ലയിക്കാമെന്നാണ് ഗണേഷ്കുമാറിന്റെ നിലപാട്.

ആർ.ബാലകൃഷ്ണപിള്ള ചെയർമാനായ കേരള കോണ്‍ഗ്രസ്-ബി എൻസിപിയിൽ ലയിക്കാനുള്ള സാധ്യതകളെ കുറിച്ച് വാർത്തകൾ പുറത്തു വന്നുവെങ്കിലും ചെയർമാൻ ആർ ബാലകൃഷ്ണപിളള അത്തരം ചർച്ചകൾക്ക് താത്പര്യം കാണിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാർട്ടി പിളർത്തി കൊണ്ടു തന്നെ മന്ത്രിസ്ഥാനത്തിനായി ഗണേഷ് കുമാറിന്റെ നീക്കം.

ദേശീയ പാർട്ടിയായിട്ടും ഒരിടത്തും മന്ത്രി ഇല്ലെന്ന ക്ഷീണം മാറ്റാനാണ് എൻ‌സിപി ശ്രമിക്കുന്നത്. കേരളത്തിലെ രണ്ട് എംഎൽഎമാരും മന്ത്രിമാരാവുകയും ആരോപണങ്ങളെത്തുടർന്ന് രാജിവച്ചൊഴിയുകയും ചെയ്തു. പാർട്ടി എംഎൽഎമാരായ തോമസ് ചാണ്ടി, എ.കെ.ശശീന്ദ്രൻ എന്നിവരുടെ മന്ത്രിസഭാ പുനഃപ്രവേശം നീണ്ടുപോകുന്നതാണ് മറ്റുവഴികൾ ആലോചിക്കാൻ എൻസിപിയെ പ്രേരിപ്പിച്ചത്. സിപിഎം നേതൃത്വവുമായും ഇക്കാര്യങ്ങൾ എൻസിപി സംസാരിച്ചിട്ടുണ്ട്.

മന്തിസ്ഥാനം നല്‍കിയാല്‍ കേരളകോണ്‍ഗ്രസ് ബി പിളര്‍ത്തി ലയിക്കാമെന്ന് ഗണേഷ്കുമാര്‍ വ്യക്തമാക്കിയിരുന്നു. എം.എല്‍.എമാര്‍ക്ക് എന്‍ സി പി മറുപടി നല്‍കിയിട്ടില്ല. ഗണേഷിന് മന്ത്രിയായാല്‍ ബാലകൃഷ്ണപിള്ളയുടെ കാബിനറ്റ് പദവി പോവും. ഇക്കാരണത്താല്‍ ഗണേഷിനെ മന്ത്രിയാക്കാന്‍ പിള്ളയ്ക്ക് താല്‍പര്യമില്ല.

എന്നാൽ നിലപാട് കടുപ്പിച്ചു പിള്ളയും രംഗത്തെത്തി കേരള കോണ്‍ഗ്രസി(ബി) യെ പിളര്‍ത്താവാന്‍ ആര്‍ക്കുമാവില്ല. അങ്ങനെ പിളര്‍ത്തുന്നവര്‍ രണ്ടാഴ്ചയ്ക്കകം എംഎല്‍എ അല്ലാതാവും. അത്തരം നീക്കമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും പിള്ള പറഞ്ഞു

ഭൂമി വില്‍പന വിവാദത്തില്‍ അങ്കമാലി അതിരൂപയില്‍ പൊട്ടിത്തെറി. വിവാദത്തില്‍ വൈദികര്‍ രണ്ട് തട്ടിലായിരിക്കുകയാണ്. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം പുകയുന്നത് പ്രകടമായിത്തുടങ്ങിയെങ്കിലും ഇന്നത് സര്‍ക്കുലര്‍ പുറത്തിറങ്ങുന്നതിനോളം എത്തി. സ്വന്തം അതിരൂപതയിലെ മെത്രാപ്പോലീത്തയ്‌ക്കെതിരെയാണ് സഹായ മെത്രാന്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

ഭൂമി വില്‍പന വിവാദത്തില്‍ കര്‍ദ്ദിനാളിന്റെ വാദങ്ങളെ തള്ളുകയാണ് സര്‍ക്കുലര്‍. അതിരൂപതയുടെ ഭൂമി വിറ്റത് കാനോനിക സമിതികള്‍ അറിയാതെയാണ്. സഭയുടെ സ്വന്തമായ ഭൂമികള്‍ വില്‍ക്കുന്നതില്‍ സുതാര്യത ഉണ്ടായിരുന്നില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഭൂമി വില്‍പനയ്ക്ക് ശേഷം അതിരൂപതയുടെ കടം ഗണ്യമായി വര്‍ദ്ധിച്ചു. സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്താണ് കര്‍ദ്ദിനാളിനെതിരെ സര്‍ക്കുലര്‍ ഇറക്കിയത്.

ജോര്‍ജ്ജ് ആലഞ്ചേരി തല്‍സ്ഥാനം രാജിവച്ചില്ലെങ്കില്‍ തങ്ങള്‍ രാജിവയ്ക്കുമെന്ന് സഹായ മെത്രന്മാര്‍ ഭീഷണി മുഴക്കിക്കഴിഞ്ഞു. ഇതോടെ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. രണ്ട് സഹായ മെത്രാന്മാര്‍ രാജി സന്നദ്ധത അറിയിച്ചതോടെ ഇന്നു നടക്കുന്ന വൈദിക സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. എന്നാല്‍ വൈദിക സമ്മേളനത്തില്‍ ഇവര്‍ രാജി പ്രഖ്യാപിക്കുമെന്നാണ്  അറിയുന്നത്.

തിരുവനന്തപുരം: കേന്ദ്ര ഭരണത്തിന്റെ ‘പവര്‍’ കാട്ടി തിരിച്ചടിച്ച് ബി.ജെ.പി.ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പയ്യോളി മനോജ് വധകേസില്‍ സി.പി.എം നേതാക്കളെ സി.ബി.ഐ കസ്റ്റഡിയിലെടുത്ത നടപടി സി.പി.എം സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷം 15 ഓളം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.

ഈ കേസുകള്‍ സി.ബി.ഐക്ക് വിടണമെന്ന ആവശ്യം സംഘപരിവാര്‍ അനുകൂലികള്‍ ഹൈക്കോടതിയില്‍ തന്നെ ആവശ്യപ്പെട്ടിരിക്കെയാണ് സി.ബി.ഐ ആക്ഷന്‍ തുടങ്ങിയിരിക്കുന്നത്. പ്രതികളെ പിടികൂടാന്‍ സംസ്ഥാന പൊലീസ് സഹകരിച്ചില്ലങ്കില്‍ കേന്ദ്ര സേനയെ വിട്ടു നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു തുറന്ന പോരിലേക്ക് കേന്ദ്രവും സംസ്ഥാന സര്‍ക്കാറും പോകുന്നതിലേക്ക് കാര്യങ്ങള്‍ എത്തുമോയെന്ന് കണ്ടറിയേണ്ട സാഹചര്യമാണ് നിലവില്‍ .

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പയ്യോളി മനോജ് വധക്കേസില്‍ സിപിഐഎം നേതാവ് അടക്കം 9 പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങിയവരടക്കം 9 പേരെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. വടകര ക്യാംപ് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇവരെ കൊച്ചിയിലേക്ക് കൊണ്ട് പോയി.

ഒന്നര വര്‍ഷം മുന്‍പാണ് കേസ് സിബിഐക്ക് കൈമാറിയത്. സി.ടി. മനോജിനെ വധിച്ചകേസില്‍ ലോക്കല്‍ പൊലീസ് സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് ഏറ്റെടുത്ത സി.ബി.ഐ., സമഗ്രാന്വേഷണം നടത്തി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

മനോജിന്റെ സുഹൃത്ത് സജാദ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. കേസ് സി.ബി.ഐ.യ്ക്ക് വിട്ടശേഷവും അന്വേഷണത്തില്‍ പൊലീസ് ഇടപെടുന്നുവെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. മുമ്പ് കേസ് അന്വേഷിച്ച സി.ഐ. ആദ്യത്തെ മൊഴിയില്‍ ഉറച്ചുനില്‍ക്കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

2012 ഫെബ്രുവരി 12നാണ് പയ്യോളി മനോജിനെ ഒരുസംഘം വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്. ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ്, സി.പി.എം. ലോക്കല്‍ സെക്രട്ടറിയടക്കം 15 പേരെ പ്രതിചേര്‍ത്ത് കോഴിക്കോട് കോടതിയില്‍ കുറ്റപത്രം നല്‍കി. എന്നാല്‍, വിചാരണ തുടങ്ങാനിരിക്കേ തങ്ങളല്ല യഥാര്‍ഥപ്രതികളെന്നും പാര്‍ട്ടിയും പോലീസും ചേര്‍ന്ന് കുടുക്കിയതാണെന്നും ഇവര്‍ മൊഴിനല്‍കി. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും പറഞ്ഞു. തുടര്‍ന്നാണ് സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയില്‍ ഹര്‍ജി വന്നതും കോടതി അനുകൂല ഉത്തരവിട്ടതും.

സോണിയാ ഗാന്ധി അവധിക്കാലം ചെലവഴിക്കാൻ ഗോവയിൽ. ഗുജറാത്ത്​, ഹിമാചൽ തെരഞ്ഞെടുപ്പ്​ ഫലങ്ങൾ അവലോകനം ചെയ്യാൻ പുതിയ കോൺഗ്രസ്​ അധ്യക്ഷ​ നേതൃത്വത്തിൽ യോഗം ചേരു​മ്പോള്‍ സ്​ഥാനമൊഴിഞ്ഞ അധ്യക്ഷ ദക്ഷിണ ഗോവയിലെ ലീല ഹോട്ടലിലാണ്​ സമയം ചെലവഴിക്കുന്നത്​. തീർത്തും ആശ്വാസകരമായ മാനസികാവസ്​ഥയിലുള്ള സോണിയ വിനോദ സഞ്ചാരികളോട്​ സംസാരിക്കുകയും റിസോർട്ടിൽ സൈക്കിൾ ചവിട്ടുകയും ചെയ്യുന്നു. അതിഥികൾക്കൊപ്പം സെൽഫിക്കും അവർ സമയം കണ്ടെത്തുന്നു. പ്രഭാതഭക്ഷണമായ മസാലദോശക്കായി അവർ ടേബിളിൽ കാത്തിരിക്കുന്നതും കാണാമായിരുന്നു.

Sonia Gandhi was seen in a relaxed mood in Goa.

കോൺഗ്രസ്​ അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം സോണിയ അവരുടെ അവധിക്കാല യാത്രകൾ ഉ​പേക്ഷിക്കുകയായിരുന്നു. എന്നാൽ രാഹുൽ വാർഷിക അവധിക്കാലത്തിനായി വിദേശത്ത്​ പോവുകയും ചെയ്യുമായിരുന്നു. സൗത്​ ​ഗോവയി​ൽ സോണിയ എത്തിയ ഹോട്ടൽ അവർക്ക്​ ആവശ്യാനുസരണം സ്വകാര്യത നൽകുന്ന അപൂർവ ഇടങ്ങളിൽ ഒന്നാണ്​. ദീർഘകാലമായി തുടരുന്ന അധ്യക്ഷ പദവിയിൽ നിന്ന്​ ഇറങ്ങു​മ്പോള്‍ അവധിക്കാലം നല്ലതാണ്​ എന്ന നിലയിൽ കൂടിയാണ്​ സോണിയ ഗോവയിൽ എത്തിയത്​.

ഇൗ മാസം ആദ്യത്തിലാണ്​ സന്തോഷവതിയും ചിരിതൂകിയും കൊണ്ട്​ രാഹുലിന്​ സോണിയ പാർട്ടി അധ്യക്ഷ പദവി കൈമാറിയത്​. അതേ ദിവസം, രാഹുൽ രാജ്യത്തി​ന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും അഭിനന്ദങ്ങൾ സ്വീകരിക്കു​മ്പോള്‍ സോണിയയും മകൾ പ്രിയങ്കയും ദില്ലി ഖാൻ മാർക്കറ്റിൽ ഷോപ്പിങിനുമെത്തി.

ഗോവയിലെ ലീല ഹോട്ടലിൽ സോണിയയുടെ ആദ്യ സന്ദർശനമല്ല ഇപ്പോഴത്തേത്​. ഏതാനും ആഴ്​ചകൾക്ക്​ മുമ്പ്​ ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായപ്പോഴും ആസ്​തമയുള്ള സോണിയ ഡോക്​ടർമാരുടെ ഉപദേശ പ്രകാരം ഡൽഹി വിട്ട്​ ഗോവയിലെത്തിയിരുന്നു. തെരഞ്ഞെടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ്​ സോണിയ അവധിക്കാലം ചെലവഴിക്കുന്നത്​. യോഗ ചെയ്യാനും പുസ്​തക വായനക്കും അവർ സമയം ചെലവഴിക്കുന്നു.

ആദ്യ രാത്രിയില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഇതോടെ ദമ്പതികളുടെ ആദ്യ രാത്രി പോലീസ് സ്‌റ്റേഷനിലായി. ആര്യനാട് പറണ്ടോട് സ്വദേശിനിയായ യുവതിയും അരുവിക്കര സ്വദേശിയായ പ്രവാസി യുവാവും തമ്മിലുള്ള ആദ്യ രാത്രിയായിരുന്നു പോലീസ് സ്‌റ്റേഷനില്‍ അവസാനിച്ചത്. തന്നെക്കാള്‍ അഞ്ച് വയസ് ഇളയ കാമുനൊപ്പം പോകണം എന്ന യുവതിയുടെ ആവശ്യമാണു വീട്ടുകാരെ വെട്ടിലാക്കിയത്.

വിവാഹവും വരന്‍റെ വീട്ടിലെ സല്‍ക്കാരവും കഴിഞ്ഞു മുറിയില്‍ കയറി കതകടച്ചതോടെ യുവതിയുടെ സ്വഭാവം മാറുകയായിരുന്നു. തന്നെ തൊട്ടാല്‍ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ ശേഷം യുവതി നിലവിളിക്കാന്‍ തുടങ്ങുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ രംഗത്ത് എത്തി. തുടര്‍ന്നു തന്നെക്കാള്‍ അഞ്ചു വയസ് കുറഞ്ഞ യുവാവുമായുള്ള പ്രണയം യുവതി വെളിപ്പെടുത്തുകയായിരുന്നു.

വിവാഹം കഴിച്ച യുവാവിനൊപ്പം ജീവിക്കാനില്ല എന്നും പറവൂര്‍ സ്വദേശിയായ കാമുകനൊപ്പം പോകണം എന്നും യുവതി നിര്‍ബന്ധം പിടിച്ചു. ഇടയ്ക്കിടയ്ക്കു ബ്ലെയിഡ് ഉപയോഗിച്ചു കൈമുറിക്കാനും ശ്രമിച്ചു. ഇതോടെ നവവരനും ബന്ധുക്കളും പോലീസിനെ വിളിച്ചു. രണ്ടു കൂട്ടരേയും പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ചു.

തുടര്‍ന്നു വധുവിന്റെ ബന്ധുക്കള്‍ സ്ഥലത്ത് എത്തി. നവവരനു നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പിന്‍ മേല്‍ പ്രശ്‌നം അവസാനിപ്പിച്ചു. ഇതിനിടയില്‍ വിവാഹം കഴിക്കണം എന്ന കാമുകിയുടെ അഭ്യര്‍ത്ഥന 17 കാരന്‍ കാമുകന്‍ തള്ളുകയായിരുന്നു.

ഇതോടെ കുട്ടി കാമുകന്‍ പീഡിപ്പിച്ചതിനുള്ള തെളിവുകള്‍ സഹിതം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പ്രായപൂര്‍ത്തിയായതിനു ശേഷം വിവാഹം നടത്തമെന്ന ധാരണയില്‍ പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചു.

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ വിദേശ പൗരത്വം സ്വീകരിച്ചത് 4.52 ലക്ഷം ഇന്ത്യക്കാരെന്ന് കണക്കുകള്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്ന്ത്. 117 രാജ്യങ്ങളിലുള്ള 4,52,109 (4.52 ലക്ഷം) ഇന്ത്യക്കാരാണ് 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശപൗരത്വം സ്വീകരിച്ചത്.

2016ല്‍ അമേരിക്കന്‍ പൗരത്വം നേടാന്‍ വേണ്ടി മാത്രം 46,000ത്തോളം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. 2015ല്‍ 42,213 പേരാണ് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത്. അമേരിക്കന്‍ പൗരത്വം നേടുന്നതില്‍ ഇപ്പോള്‍ മെക്‌സിക്കോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.

ന്യൂയോര്‍ക്കില്‍ നിന്ന് 2954 പേരും ന്യൂജേഴ്സിയില്‍ നിന്ന് 5312 പേരും കാലിഫോര്‍ണിയയില്‍ നിന്ന് 10298 പേരും ടെക്സാസില്‍ കഴിയുന്ന 4670 ഇന്ത്യക്കാരുമാണ് കഴിഞ്ഞ വര്‍ഷം യുഎസ് പൗരത്വം സ്വീകരിച്ചത്. തൃപുരയില്‍ നിന്നുള്ള സി.പി.ഐ.എം എം.പി ജിതേന്ദ്രചൗധരി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിദേശ കാര്യ സഹമന്ത്രി വി.കെ. സിങ്ങാണ് ഈ മറുപടി നല്‍കിയത്.

ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി. ഫോബ്‌സ് മാഗസിന്റെ കണക്കു പ്രകാരം 38 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആകെ സമ്പത്ത്. എന്നാല്‍ അംബാനി കുടുബത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത പല കാര്യങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

കുടുംബം
ഭാര്യ നിത, മക്കളായ ആകാശ്, ഇഷ, അനന്ദ് എന്നിവര്‍ അടങ്ങുന്നതാണ് മുകേഷ് അംബാനിയുടെ കുടുംബം. ഇവരുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളും മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.


ലോകത്തിലെ ഏറ്റവും ചെലവേറിയ വീട്
അംബാനിയുടെ പുതിയ വീട് ആന്റിലിയ എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ വീടാണിത്. ഒരു ബില്ല്യണ്‍ ഡോളറിനും മുകളിലാണ് വീടിന്റെ ചെലവ്. മുംബൈ നഗരത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്.


കുടുംബ ബന്ധം
കുടുംബ ബന്ധങ്ങള്‍ക്ക് വളരെയേറെ വില കൊടുക്കുന്നയാളാണ് മുകേഷ് അംബാനി. എത്രമാത്രം തിരക്കുണ്ടെങ്കിലും ഞായറാഴ്ച ദിവസം അമ്മയോടും ഭാര്യയോടും കുട്ടികളോടുമൊപ്പമാകും മുകേഷ് അംബാനി ചെലവഴിക്കുക.


നിതാ അംബാനി
നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ചാരിറ്റി പദ്ധതികളിലും ഏര്‍പ്പെടുന്ന വ്യക്തിയാണ് നിതാ അംബാനി. ദുരിതാശ്വാസം, വിദ്യാഭ്യാസം, മാനവ വിഭവശേഷി മാനേജ്‌മെന്റ് എന്നീ മേഖലകളിലാണ് നിതാ അംബാനി സജീവമായിട്ടുള്ളത്. ധീരുഭാരി അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ചെയര്‍പേഴ്‌സണാണ് ഇപ്പോള്‍ നിതാ അംബാനി.

പിറന്നാള്‍ സമ്മാനം
സ്വന്തം പിറന്നാള്‍ ആഘോഷിക്കാന്‍ താത്പര്യമില്ലാത്ത വ്യക്തിയാണ് മുകേഷ് അംബാനി. എന്നാല്‍ മറ്റ് കുടുംബാംഗങ്ങളുടെ പിറന്നാള്‍ ആര്‍ഭാട പൂര്‍വ്വം ആഘോഷിക്കുകയും ചെയ്യും. ഒരിക്കല്‍ ഭാര്യയുടെ പിറന്നാളിന് 62 മില്യണ്‍ ഡോളര്‍ വില മതിക്കുന്ന വിമാനമാണ് മുകേഷ് അംബാനി സമ്മാനമായി നല്‍കിയത്.


അനില്‍ അംബാനി
ഇന്ത്യയിലെ ഏറ്റവും ധനികനായ മറ്റൊരു വ്യക്തിയായിരുന്നു അനില്‍ അംബാനി. എന്നാല്‍ അനില്‍ അംബാനിയുടെ ബിസിനസില്‍ ചില നഷ്ട്ടങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പിതാവിന്റെ മരണത്തിനു മുമ്പ് രണ്ടു സഹോദരന്മാരും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞ് സ്വന്തം ബിസിനസുകള്‍ ചെയ്യാന്‍ തുടങ്ങി.


ആകാശ് അംബാനി
മുകേഷ് അംബാനിയുടെ മൂത്ത മകനും ഇഷ അംബാനിയുടെ ഇരട്ട സഹോദരനുമാണ് ആകാശ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിരവധി കരാറുകളില്‍ ആകാശും ഒപ്പിട്ടിട്ടുണ്ട്. അച്ഛന് പിന്നാലെ കുടുംബ ബിസിനസിലേയ്ക്ക് ഇറങ്ങാന്‍ ആകാശും തയ്യാറാണ്.


ഇഷ അംബാനി
മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഏക മകളാണ് ഇഷ അംബാനി. സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് ആന്റ് സൈക്കോളജിയായിരുന്നു ഇഷ അംബാനിയുടെ പഠന വിഷയം. ചെറു പ്രായത്തില്‍ തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 80 മില്യണ്‍ ഡോളറിന്റെ ഓഹരി ഉടമയാണ് ഇഷ.


ആനന്ദ് അംബാനി
മുകേഷ് അംബാനിയുടെ ഇളയ മകനാണ് ആനന്ദ് അംബാനി. ബാലാജി അമ്പലത്തിലെ സ്ഥിരം സന്ദര്‍ശകനാണ് ആനന്ദ് അംബാനി. തന്റെ ഭക്തി തെളിയിക്കാനായി അമ്പലത്തിലേയ്ക്ക് വെളുത്ത ആനകളുടെ വലിയ പ്രതിമകളാണ് ആനന്ദ് സംഭാവന ചെയ്തത്.

അവാര്‍ഡുകള്‍
നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള വ്യക്തിയാണ് മുകേഷ് അംബാനി. ഫോബ്‌സ് മാ?ഗസിന്റെ തന്നെ നിരവധി പുരസ്‌കാരങ്ങള്‍ മുകേഷ് അംബാനി സ്വന്തമാക്കിയിട്ടുണ്ട്. 2017 ലെ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനും മുകേഷ് അംബാനി തന്നെയാണ്.

മലപ്പുറം ചങ്ങരംകുളത്തിനടുത്ത് പൊന്നാനി നരണിപ്പുഴയിലാണ് നാടിനെആകമാനം ദുഖത്തിലാഴ്ത്തിയ അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. തോണി മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമടക്കം ആറുപേരാണ് മരണമടഞ്ഞത്. പ്രസീന്ന (12), ആദിനാഥ് (14), വൈഷ്ണ (15), അഭിദേവ്, പൂജ (13), ജെനീഷ (8)‌. എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ആദിനാഥ് ഒഴികെ ബാക്കിയെല്ലാവരും ബന്ധുക്കളാണ്.

നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തിൽ എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിൽനിന്നും അവരെ രക്ഷിക്കാനായില്ല. എന്നാൽ കൂടെയുണ്ടായിരുന്ന ശിവജി, ഫാത്തിമ എന്നിവരെ രക്ഷപെടുത്തി. തോണിക്കാരനായ വേലായുധൻ നീന്തി രക്ഷപെട്ടു. അദേഹം ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയില്‍ ചികിത്സയിലാണ്. ബണ്ട് പൊട്ടിയുണ്ടായ ജലപ്രവാഹം കാണാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. നരണിപ്പുഴയിലൂടെ കടുക്കുഴിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.

അപകടം നടന്ന സ്ഥലത്ത് ജനവാസം കുറവായിരുന്നു. വിജനമായ സ്ഥലത്ത് നടന്ന അപകടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായതാണ് മരണ നിരക്ക് കൂട്ടിയത്. മരിച്ച കുട്ടികളുടെ മൃദദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്താതെതന്നെ ബന്ധുക്കൾക്ക് കൈമാറാൻ മുഖ്യമന്ത്രി നിർദേശിച്ചു.

ആലപ്പുഴ: ഇത്തവണത്തെ ആലപ്പുഴ രൂപത പ്രസിദ്ധീകരിക്കുന്ന മാസിക ‘മുഖരേഖ’ യുടെ ക്രിസ്മസ് പതിപ്പ് കണ്ട് വിശ്വാസികള്‍ ഞെട്ടി. ലൈംഗികതയും ജീവിതവും പ്രത്യേകമായി പ്രതിപാദിക്കുന്ന കാമസൂത്രത്തെക്കുറിച്ച് ഒരു ലേഖനം. ലൈഗികതയെ ശരീരത്തിന്റെയും മനസ്സിന്‍റെയും ആഘോഷമായി ചിത്രീകരിക്കുന്ന ലേഖനം വായിച്ച് യാഥാസ്ഥിതികരില്‍ ഞെട്ടല്‍. എന്നാല്‍ ജീവിതത്തില്‍ ലൈംഗികത ഒഴിവാക്കാന്‍ കഴിയാത്തതും നല്ല ജീവിതത്തിലേക്ക് നയിക്കാന്‍ അഭികാമ്യവും ആയതിനാല്‍ ലേഖനം പള്ളി മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ അപാകതയില്ലെന്ന് പുരോഗമന വാദികള്‍.

”ശരീരത്തിന്റെയും മനസ്സിന്റെയും ആഘോഷമാണ് ലൈംഗികത. ശാരീരിക ബന്ധം ഇല്ലാത്ത പ്രണയം വെടിക്കെട്ട് ഇല്ലാത്ത പൂരം പോലെയാണ്. രണ്ടു ശരീരങ്ങളുടെ ശരിയായുള്ള ഒത്തുചേരലിന് അവരുടെ മനസ്സുകളും ഒന്നു ചേരേണ്ടതുണ്ട്.” മാസികയുടെ സ്ഥിരം എഴുത്തുകാരനായ ഡോ: സന്തോഷ് തോമസിന്റെ ലേഖനത്തിലെ പ്രധാന ഭാഗമാണിത്. ഡിസംബര്‍ ലക്കത്തില്‍ ‘രതിയും ആയുര്‍വേദവും’ എന്ന പേരിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദമ്പതികള്‍ക്കിടയിലെ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് പ്രസിദ്ധീകരിച്ചതെന്നാണ് വിമര്‍ശകര്‍ക്കുള്ള പ്രസാധകരുടെ മറുപടി. മാസികയിലെ പതിവ് എഴുത്തുക്കാരന്റെ ഇത്തരമൊരു ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത് ആരോഗ്യജീവിതമാണെന്നും പ്രസാധകര്‍ പറയുന്നു.

വാഗ്ഭടന്റെ ക്ലാസ്സിക് ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗ ഹൃദയത്തില്‍ സ്ത്രീകളെ കുറിച്ച് പറയുന്ന ശ്‌ളോകങ്ങളും വിവരണങ്ങളുമെല്ലാം ലേഖനത്തില്‍ വിലയിരുത്തുന്നു. ലൈംഗികതയുമായി ബന്ധപ്പെടുത്തി സ്ത്രീകളെ രൂപവും സ്വഭാവവും അനുസരിച്ച് ‘പത്മിനി’, ‘ചിത്രിണി’, ‘സാംഗിനി’, ‘ഹസ്തിനി’ എന്നിങ്ങനെ തിരിച്ചിരിക്കുന്നെന്നും അവരുടെ ശരീരത്തിന്റെ ഘടന, മാറിടങ്ങളുടെ വലിപ്പം എന്നിവയിലൂടെ അവരെ തിരിച്ചറിയാമെന്നും പറയുന്നു. കാമസൂത്രയുമായി ബന്ധപ്പെട്ട് ആയുര്‍വേദത്തില്‍ ഈ നാലു തരം സ്ത്രീകളില്‍ ശരീരപ്രകൃതി അനുസരിച്ച് എങ്ങിനെ ഒരു പുരുഷന് ആരോഗ്യകരമായ ലൈംഗികതയില്‍ ഏര്‍പ്പെടാമെന്ന് ആയുര്‍വേദം കാണിച്ചു തരുന്നതായും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ഭക്ഷണം, നിദ്ര, വ്യായാമം, ലൈംഗികത എന്നിവയാണ് സന്തോഷകരമായ ജീവിതത്തിന്റെ ആധാരശിലകളെന്നും അഷ്ടാംഗഹൃദയത്തില്‍ എല്ലാത്തരം ലൈംഗികതകളും ഋതുഭേദങ്ങള്‍, ഇടം, കരുത്ത്, ശക്തി എന്നിവയ്ക്ക് അനുസരിച്ചും വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങള്‍ക്കും അനുസൃതമായി വേണം പിന്തുടരാനെന്നും ലേഖനത്തില്‍ എഴുത്തുകാരന്‍ പറയുന്നു. അതേസമയം പുരുഷകേന്ദ്രീകൃതമായ കാഴ്ചപ്പാടില്‍ പറയുന്ന ലേഖനം ഫെമിനിസ്റ്റുകളുടെ വിമര്‍ശനത്തിന് പാത്രമായേക്കാമെന്ന ആശങ്കയിലാണ്. എന്നിരുന്നാലും ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുന്നതില്‍ നിന്നും അകന്നു നില്‍ക്കുന്ന പതിവ് പള്ളിപ്രഭാഷണങ്ങളില്‍ നിന്നുള്ള ഈ മാറ്റത്തിന് ഇടവകക്കാര്‍ക്ക് ഇടയില്‍ നല്ല സ്വീകരണമാണ് കിട്ടുന്നത്.

RECENT POSTS
Copyright © . All rights reserved