സംസ്ഥാനത്ത് മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. മരണകാരണം സൂര്യാഘാതമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വൈക്കം തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍ (35), പാലക്കാട് മണ്ണാര്‍ക്കാട് എതിര്‍പ്പണം ശബരി നിവാസില്‍ പി. രമണിയുടെയും അംബുജത്തിന്റെയും മകന്‍ ആര്‍. ശബരീഷ് (27), തെങ്കര സ്വദേശിനി സരോജിനി (56) എന്നിവരാണ് മരണപ്പെട്ടത്.
ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് രാവിലെ മുതല്‍ വൈക്കം ബീച്ചില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഷമീര്‍ കളിക്കാനെത്തിയത്. ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
പാലക്കാട് മണ്ണാര്‍ക്കാട് എതിര്‍പ്പണം സ്വദേശി ശബരീഷിന് ഇന്ന് രാവിലെ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് പാലക്കാട് തെങ്കര സ്വദേശിനി സരോജിനി കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുഴഞ്ഞ് വീഴുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവര്‍ തൊട്ടടുത്ത ക്ലിനിക്കിലും പിന്നീട് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം കണ്ണൂരിലും തൃശൂരിലും വയലുകളില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഏക്കറുകണക്കിന് ഭൂമിയണ് കത്തി നശിച്ചത്. രണ്ടിടത്തും ഉച്ചയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. പുല്ല് വളര്‍ന്നുനില്‍ക്കുന്ന വയലുകളിലാണ് തീപിടിച്ചത്. വൈകിയും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. കണ്ണൂര്‍ കല്യാശേരി വയക്കര വയലിലാണ് തീപ്പിടുത്തമുണ്ടായത്. നാല്‍പത് ഏക്കറിലധികം ഭൂമിയിലാണ് തീ പടര്‍ന്നുപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തളിപ്പറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നും ഓരോ യൂണിറ്റ് വീതം ഫയര്‍ഫോഴ്‌സെത്തിയെങ്കിലും വെള്ളത്തിന്റെ ദൗര്‍ലഭ്യം തീ അണയ്ക്കുന്നതിന് തടസമാകുകയായിരുന്നു. ഇപ്പോഴും പ്രദേശത്താകെ ചുടും പുക പടര്‍ന്ന അവസ്ഥയാണ്.
തൃശൂരിലും സമാന അവസ്ഥ ആയിരുന്നു. പറവട്ടാനിയില്‍ കുന്നത്തുംകര പാടത്താണ് തീ പടര്‍ന്നത്. ഇവിടെയും ഉണങ്ങിയ പുല്ലായിരുന്നു മുഴുവന്‍. പ്രദേശത്താകെ പുക നിറഞ്ഞതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് മാത്രമാണ് ഇവിടേക്ക് എത്തിയിരുന്നത്. കനത്ത ചൂടാണ് വയലുകളില്‍ തീപ്പിടുത്തമുണ്ടാകാന്‍ കാരണമായതെന്നാണ് നിഗമനം.
പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് രേഖപ്പെടുത്തിയത് സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയാണെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. പാലക്കാട് ഉയര്‍ന്ന താപനില സാധാരണയെക്കാള്‍ 3.7 ഡിഗ്രി സെല്‍ഷ്യസ് കൂടുതലും കോഴിക്കോട് ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 3.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലും രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ദിവസങ്ങളില്‍ ഈ ജില്ലകളിലും സമീപ ജില്ലകളിലും പ്രത്യേക ശ്രദ്ധ തുടരണം. മറ്റു ജില്ലകളിലും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെ അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് കനത്ത ചൂട് തുടരും. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വേനൽ മഴയ്ക്കും സാധ്യത ഉണ്ട്. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഇന്ന് കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. വയനാട്, ഇടുക്കി ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അതേസമയം ഇന്നലെ ചൂടിന് നേരിയ ശമനമുണ്ടായി. ഒരു ജില്ലയിലും ഇന്നലെ ഉഷ്‌ണതരംഗം സ്ഥിരീകരിച്ചില്ല. പാലക്കാട് 40.4°cഉം കോഴിക്കോട് 37.8°cഉം തൃശൂരിൽ 37.3°cഉം ആലപ്പുഴയിൽ 37.1°c താപനിലയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ വേനൽമഴ ലഭിച്ചതും ചൂട് കുറയാൻ കാരണമായിട്ടുണ്ട്.
ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ പുറം ജോലികൾക്ക് ഏർപ്പെടുത്തിയ സമയ നിയന്ത്രണം മെയ് 15 വരെ നീട്ടിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് മണി വരെ പുറം ജോലികൾ ചെയ്യുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അവധിക്കാല ക്ലാസുകൾ രാവിലെ പത്ത് മണിക്ക് മുൻപ് അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.
മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിലെ നിര്‍ണായക തെളിവായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്ന ബസിലെ സി.സി.ടി.വി.യുടെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതിൽ പ്രതികരിച്ച് ഡ്രൈവർ എച്ച്.എൽ യദു. മെമ്മറി കാർഡ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നെന്ന് യദു പറഞ്ഞു. ഇനി ബസ് തന്നെ കാണാതാകുമെന്നും അദ്ദേഹം ആരോപിച്ചു.
മേയറുമായുള്ള പ്രശ്നത്തിന് ശേഷം കെ.എസ്.ആർ.ടി.സി.യുടെ കസ്റ്റഡിയിലായിരുന്നു ബസ്. ഡിപ്പോയില്‍ ഒതുക്കിയിട്ടിരുന്ന ബസ് താൻ കണ്ടിരുന്നു. ഇപ്പോഴാണ് പോലീസ് ബസ് പരിശോധിക്കുന്നത്. താന്‍ ഒരു താത്ക്കാലിക ജീവനക്കാരനാണ്. മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിക്കാൻ താന്‍ ആളല്ല. ഒരു ഉദ്യോഗസ്ഥയെ പറഞ്ഞതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല.
ഇങ്ങനെയൊരു ക്യാമറയുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഇത് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. ഇനി ബസ് തന്നെ കാണാതാകുന്ന അവസ്ഥ വരും. ക്യാമറകൾ റിക്കോഡിങ്ങാണെന്നും താന്‍ ശ്രദ്ധിച്ചിരുന്നു.
കമ്മിഷണർ ഓഫീസിൽ ബുധനാഴ്ച പരാതിയുമായി പോയിരുന്നു. നീ മറ്റ് പല കേസുകളിലും പ്രതിയല്ലേ എന്ന ചോദ്യമാണ് പോലീസിൽ നിന്നുമുണ്ടായത്. മേയറെ താൻ അശ്ലീലം കാണിച്ചുവെന്ന രീതിയിലാണ് അവര്‍ പെരുമാറുന്നത്.
മാധ്യമങ്ങളും ഡ്രൈവർ സംഘടനകളിൽപ്പെട്ടവരുമല്ലാതെ ആരും തന്നെ വിളിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനും വിഷയത്തിൽ താനുമായി സംസാരിച്ചിട്ടില്ല. അവർ ഇടപെട്ട് കഴിഞ്ഞാൽ അവരുടെ ജോലി പോകുന്ന അവസ്ഥയാണെന്നും യദു കൂട്ടിച്ചേർത്തു.
ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ബസിലെ ക്യാമറകള്‍ പരിശോധിക്കാത്തതില്‍ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. മേയര്‍ക്കെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.
ക്യാമറകള്‍ പരിശോധിക്കാന്‍ ആദ്യം വിമുഖത കാണിച്ചിരുന്ന പോലീസ് ബുധനാഴ്ച രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്. പരിശോധനയില്‍ ക്യാമറയുടെ ഡിവിആര്‍ ലഭിച്ചു. എന്നാല്‍, ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല. മെമ്മറി കാർഡ് നേരത്തെ ഉണ്ടായിരുന്നോയെന്നും ആരെങ്കിലും മാറ്റിയതാണോ എന്നും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
കരുവന്നൂർ കള്ളപ്പണക്കേസിൽ പ്രതിച്ഛായ മോശമായ സി.പി.എം. തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് ഇപ്പോൾ ആദായ നികുതിവകുപ്പിന്റെ പ്രഹരവും. തിരഞ്ഞെടുപ്പു കാലത്ത് ചട്ടവിരുദ്ധമായി പിൻവലിച്ച ഒരുേകാടിയുടെ നോട്ടുകൾ തിരികെ നിക്ഷേപിക്കാനെത്തിയപ്പോൾ വീണ്ടും പിടിയിലായത് കനത്ത തിരിച്ചടിയായി.
മരവിപ്പിച്ച പാർട്ടി അക്കൗണ്ടിലേക്ക് അനുമതിയില്ലാതെ പണമിടാൻ സ്വകാര്യകാറിലാണ് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയത്. ആദായനികുതിവകുപ്പറിയാതെ പണം നിക്ഷേപിക്കാനായിരുന്നു പദ്ധതി. നിയമോപദേശം കിട്ടിയശേഷമാണ് പണം നിക്ഷേപിക്കാനെത്തിയതെന്ന് പാർട്ടിനേതാക്കൾ പറയുന്നു.
ജില്ലാ കമ്മിറ്റിയുടെ ഒാഫീസിന് സമീപം എം.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽനിന്ന് ഏപ്രിൽ രണ്ടിന് ഒരുകോടി പിൻവലിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പെരുമാറ്റച്ചട്ടം നിലനിൽക്കേ ഇത്രയും വലിയ തുക പണമായി പിൻവലിച്ചത് ആദായനികുതി വകുപ്പ് കണ്ടെത്തി. അതോടെ സി.പി.എമ്മിന്റെ അക്കൗണ്ടുകളിലേക്ക് അന്വേഷണമെത്തി. ബാങ്കിലെ സി.പി.എമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു.
ജില്ലാ കമ്മിറ്റി നൽകിയ ആദായനികുതി റിട്ടേണുകളിലൊന്നും ഈ അക്കൗണ്ട് വിവരങ്ങളില്ലെന്നും കെ.വൈ.സി. രേഖകളും പൂർണമല്ലെന്നും ആദായനികുതി വകുപ്പ് അന്ന് വ്യക്തമാക്കി. ഏപ്രിൽ രണ്ടിന് പിൻവലിച്ച പണം ചെലവഴിക്കരുതെന്ന് ആദായനികുതിവകുപ്പ് നിർദേശം നൽകിയിരുന്നു. 1998-ൽ തുടങ്ങിയ ഒരു അക്കൗണ്ടിൽ അഞ്ചുകോടി പത്തുലക്ഷം രൂപയാണുണ്ടായിരുന്നത്. ഇതിൽ ഒരുകോടി രൂപ സ്ഥിരനിക്ഷേപമാണ്. മറ്റൊരു അക്കൗണ്ടിൽ പത്തു കോടിയുടെയും നിക്ഷേപമുണ്ടെന്ന് ആദായനികുതി വകുപ്പ് പറയുന്നു.
മുൻപ് പിൻവലിച്ച ഒരുകോടി രൂപയിൽപ്പെട്ട അതേ നോട്ടുകളാണ് സി.പി.എം. നേതാക്കൾ ചൊവ്വാഴ്ച തിരികെ നിക്ഷേപിക്കാൻ കൊണ്ടുവന്നത്. അതേനോട്ടുകളാണെന്ന് ഉറപ്പാക്കി ജില്ലാസെക്രട്ടറി എം.എം. വർഗീസിനോട് ആദായനികുതി വകുപ്പ് അധികൃതർ ഒപ്പിട്ടുവാങ്ങി.
ഇടപാടു സംബന്ധിച്ച് ആദായനികുതിവകുപ്പ് സ്റ്റേറ്റ്മെന്റ് എഴുതിവാങ്ങിയെന്നും അല്ലാതെ മറ്റൊന്നുമില്ലെന്നും എം.എം. വർഗീസ് പ്രതികരിച്ചു. ബാങ്കിൽ നിന്നിറങ്ങവേ മാധ്യമപ്രവർത്തകരോടായിരുന്നു പ്രതികരണം. ഇ.ഡി. ചോദ്യംചെയ്തതിന്റെ തുടർച്ചയാണിത്. അല്ലാതെ യാതൊന്നുമില്ല. പണംതിരിച്ചടയ്ക്കാൻ സമ്മതിച്ചോയെന്ന ചോദ്യത്തിന് പൈസ അടച്ചോ അടച്ചില്ലയോ എന്നതല്ല പ്രശ്നമെന്നായിരുന്നു മറുപടി.
ഇന്ത്യയില്‍ ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് നിര്‍മ്മാണ കമ്പനിയായ അസ്ട്രസെനക(AstraZeneca). യുകെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാണ കമ്പനിയായ അസ്ട്രസെനക ഇക്കാര്യം വെളിപ്പെടുത്തിയത്.
കോവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനക. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തത്. ഇത് രണ്ടും ആഗോള തലത്തില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.
കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി യുകെയിലെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഇത് വിതരണം ചെയ്തത് പൂനെവാല സെറം ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു.
വരാനിരിക്കുന്ന വലിയ നിയമ പോരാട്ടങ്ങളുടെ തുടക്കമാവും ഈ കുറ്റസമ്മതം എന്നാണ് സൂചന. ദി ടെലിഗ്രാഫ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഷീല്‍ഡ് വാക്സിന്‍ നിരവധി കേസുകളില്‍ ഗുരുതരമായ രോഗങ്ങളോ മാരകമായ അവസ്ഥകളോ ഉണ്ടാക്കിയതായി ആരോപിച്ച് അസ്ട്രസെനക പലയിടത്തും നിയമ നടപടികള്‍ നേരിടുന്നുണ്ട്.
ആകെ 51 കേസുകളിലായി ഇരകള്‍ 10 കോടി പൗണ്ട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നു. കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്ന് ചൂണ്ടിക്കാട്ടി 2021 ല്‍ ജെയ്മി സ്‌കോട്ട് എന്നയാളാണ് ഈ കേസിന് തുടക്കമിട്ടതെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇത് അംഗീകരിക്കാന്‍ കമ്പനി തയ്യാറായിരുന്നില്ല. ഇത്തരം തകരാറുകള്‍ വാക്സിന്‍ മൂലമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്നായിരുന്നു കമ്പനിയുടെ അഭിഭാഷകര്‍ ഉള്‍പ്പെടെ കോടതിയെ അറിയിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം അവര്‍ ഇപ്പോള്‍ ഇത് അംഗീകരിച്ചതോടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളാണ് ആശങ്കയില്‍ ആയരിക്കുന്നത്.
വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ വാക്സിന്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും കാരണമാകും എന്നായിരുന്നു കമ്പനി സമ്മതിച്ചത്. അതേസമയം അസ്ട്രസെനക നിര്‍മിച്ച വാക്സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്നാണ് ആരോഗ്യ വൃത്തങ്ങള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയും മറ്റു സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളും ‘കോവിഷീല്‍ഡ്’ എന്ന പേരിലാണ് ഈ വാക്സിന്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തത്.
കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്ക്‌പോരില്‍ മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന പോലീസ് നിലപാടില്‍ നിയമപോരാട്ടത്തിനൊരുങ്ങി ഡ്രൈവര്‍എല്‍.എച്ച് യദു. പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് യദു പ്രതികരിച്ചു.
തന്നെ അപമാനിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. എം.എല്‍.എ തന്റെ പിതാവിനെ വിളിക്കുകയും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 15 ഓളം യാത്രക്കാരെ വഴിയിലിറക്കിവിട്ടു. ഒരു സാധരണക്കാരനായിരുന്നു ബസ് തടഞ്ഞതെങ്കില്‍ കേസ് എന്താകുമായിരുന്നുവെന്നും യദു ചോദിച്ചു. അധികാര ദുര്‍വിനിയോഗമാണ് അവര്‍ നടത്തിയതെന്നും യദു വിമര്‍ശിച്ചു.
മേയറുടെ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട തന്റെ സുഹൃത്തുക്കള്‍ വിളിച്ച് സൂക്ഷിക്കണമെന്ന് പറഞ്ഞു. തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല. ഏതെങ്കിലും തരത്തിലുള്ള തെറ്റ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ പോലീസിനെ വിളിച്ചറിയിക്കുകയല്ലേ ചെയ്യേണ്ടതെന്നും എന്നാല്‍ ഇവിടെ ഗുണ്ടായിസമാണുണ്ടായതെന്നും യദു പറഞ്ഞു.
തൃശ്ശൂർ: ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ് ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ നാഷണൽ ആർബിറ്റർ കമ്മീഷൻ അംഗം ശുഭ രാകേഷ് ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചെസ്സ് അസോസിയേഷൻ കേരള ജില്ലാ പ്രസിഡന്റ് വി. ശശീധരൻ, സംഘാടക സമിതി രക്ഷാധികാരി കെ. എം. രവീന്ദ്രൻ, വൈസ് ചെയർമാൻ ഇ.എം. വിദുരർ, ചീഫ് കോർഡിനേറ്റർ ഗോകുലൻ കളപ്പുരയ്ക്കൽ, കൺവീനർ സാജു പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.
സതീഷ് കളത്തിൽ 7012490551
ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം.
ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയും സ്ത്രീകളും കുട്ടികളുമടക്കം കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികരാണ് മരിച്ച അഞ്ച് പേരും.
ഒരു കുട്ടിയും ഒരു സ്ത്രീയും മൂന്നു പുരുഷന്മാരും ആയിരുന്നു കാറിലുണ്ടായിരുന്നത്. എല്ലാവരും തൽക്ഷണം മരിച്ചു.
കാർ വെട്ടി പൊളിച്ച് ഇവരെ പുറത്തെടുക്കുന്നതും വൈകി. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് മരിച്ച അഞ്ചു പേരും കാസർകോട് സ്വദേശികളാണ്.
മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ മേയറെ പ്രതിരോധത്തിലാക്കി സിസിടിവി ദൃശ്യങ്ങള്‍. ഡ്രൈവറുടെ ഭാഗത്തുനിന്ന് തെറ്റായ പ്രവൃത്തിയുണ്ടായെങ്കില്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളില്‍കൂടി ഉചിതമായ നടപടി എടുക്കാമെന്നിരിക്കെ നടുറോഡില്‍ വാഹനം തടഞ്ഞുനിര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ വിമര്‍ശനം ഉയരുകയാണ്. മേയറുടെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യുടെയും ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍ അനുചിതമാണെന്നാണ് വിലയിരുത്തല്‍.
കാര്‍ പാളയത്തുവെച്ച് ബസിന് കുറുകെ ഇട്ട് വാഹനം തടഞ്ഞുവെന്ന് സിസിടിവിയില്‍ വ്യക്തമാണ്. ബസിന്റെ ഇടതുവശത്തു കൂടി ഓവര്‍ ടേക്ക് ചെയ്ത് സീബ്ര ക്രോസിങ്ങില്‍ കൂടി ബസിന് കുറുകെ നിര്‍ത്തുകയായിരുന്നു. ഇത് പരസ്യമായ ഗതാഗത നിയമലംഘനമാണ്. സംഭവം നടക്കുമ്പോള്‍ റെഡ് സിഗ്‌നലാണെന്ന വാദത്തിനും ബലമില്ല. കാരണം വാഹനം തടഞ്ഞിട്ട സമയത്ത് മറ്റ് വാഹനങ്ങള്‍ കടന്നുപോകുന്നതും സിസിടിവിയില്‍ വ്യക്തമാണ്.
മേയറും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന കാറോടിച്ചയാള്‍ ഗതാഗത നിയമം ലംഘിച്ചുവെന്ന് വ്യക്തമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഡ്രൈവര്‍ക്കെതിരായ ആരോപണങ്ങള്‍ മേയര്‍ കടുപ്പിച്ചത്. മേയറും എംഎല്‍എ കൂടിയായ ഭര്‍ത്താവും സഞ്ചരിച്ച കാര്‍ നടുറോഡില്‍ പൊതുഗതാഗതം തടസ്സപ്പെടുത്തിയെന്ന വിഷയമായി മാറിയതോടെ ആര്യ ആരോപണം കടുപ്പിക്കുകയായിരുന്നു. ഡ്രൈവറുടെ പ്രവൃത്തി ഗതാഗത നിയമലംഘനത്തിലുപരി സ്ത്രീയ്‌ക്കെതിരായ വിഷയമായി ആര്യാ രാജേന്ദ്രന്‍ പുതിയ മാനം നല്‍കി. ഇതിനൊപ്പം ഡ്രൈവര്‍ ലഹരി ഉപയോഗിച്ചുവെന്നും ഇയാള്‍ക്കെതിരെ മുമ്പും മോശം ഡ്രൈവിങ്ങിന്റെ പേരില്‍ കേസുകളുണ്ടെന്നും മേയര്‍ പറഞ്ഞിരുന്നു. എന്നാല്‍, മെഡിക്കല്‍ പരിശോധനയില്‍ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണം തള്ളിപ്പോയി. മറ്റ് കേസുകള്‍ ഉണ്ടെങ്കിലും മേയറും സംഘവും കാണിച്ച നിയമലംഘനങ്ങള്‍ക്ക് സാധൂകരണമില്ല.
വിഷയത്തില്‍ ഡ്രൈവര്‍ എച്ച്.എല്‍. യദുവിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുമില്ല. അതിനിടെ, ഇയാളെ ഇന്ന് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുമുണ്ട്. സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയമായിരുന്നില്ല തര്‍ക്കത്തിനു കാരണമെന്ന് മേയര്‍ ആവര്‍ത്തിക്കുന്നു. പ്ലാമ്മൂട് വച്ച് ബസ് ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്ത സമയത്ത് പിന്‍ സീറ്റില്‍ ഇരുന്ന സഹോദരഭാര്യയെ നോക്കി ലൈംഗിക ചേഷ്ട കാണിച്ചു. ഇതു ചോദിക്കാന്‍ വേണ്ടിയാണു കാര്‍ പിറകേ വിട്ടത്. സ്ത്രീകള്‍ക്കെതിരെ പൊതുസ്ഥലത്ത് ഇത്തരത്തില്‍ അപമര്യാദ പാടില്ലെന്നതിനാല്‍ ഡ്രൈവര്‍ക്കെതിരെ നിയമ നടപടി തുടരുമെന്നും മേയര്‍ വ്യക്തമാക്കുന്നു.
അതേസമയം, വിഷയത്തില്‍ ബസിലെ യാത്രക്കാരുടെ മൊഴി കെ.എസ്.ആര്‍.ടി.സി എടുത്തിട്ടുണ്ട്. ഡ്രൈവറിന് അനുകൂലമായാണ് യാത്രക്കാരുടെ മൊഴിയെന്നാണ് സൂചന. ബസില്‍നിന്ന് എംഎല്‍എ യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം യാത്രക്കാരും ശരിവെച്ചിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരായ ആര്യാ രാജേന്ദ്രന്റെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും മേയ് രണ്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര ഉത്തരവിട്ടു. സ്വകാര്യ ട്യൂഷൻ സെൻഡറുകൾ, സ്കൂളുകളിലെ അഡീഷണൽ ക്ലാസുകൾ, സമ്മർ ക്യാമ്പുകൾ എന്നിവയ്ക്കെല്ലാം വിലക്കുണ്ട്. മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികൾക്ക് ഉത്തരവ് ബാധകമല്ല.
ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മേയ് മൂന്നുവരെ പാലക്കാട് ജില്ലയിൽ താപനില 41°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കൊല്ലം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ താപനില 40°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 – 5°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയ ക്രമീകരണം മേയ് 15 വരെ നീട്ടിയതായി തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദേശം നൽകി. ജില്ലാ ലേബർ ഓഫീസർമാരുടെ അടിയന്തര യോഗംചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി പരിശോധനകൾ ഊർജ്ജിതമാക്കും.
ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ ദൈനംദിന പരിശോധന നടത്തും. സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഏപ്രിൽ 30 വരെ രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. അത് മേയ് 15 വരെ നീട്ടും. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും.
ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകളിൽ കർശന പരിശോധന ഉറപ്പാക്കും. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള, സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൽനിന്ന് ഒഴിവാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.