ഇന്നലെ ഉച്ചയോടയാണ് മുംബൈ നഗരത്തിലെ ഘാട്കോപ്പര്‍ മേഖലയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ വനിതാ പൈലറ്റിന്റെ കൃത്യമായ തീരുമാനമാണ് വന്‍ അപകടത്തില്‍ നിന്നും മുംബൈയെ രക്ഷിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ടിട്ടും വിമാനം കെട്ടിടങ്ങളിൽ ഇടിക്കാതെ കാത്ത വനിതാ പൈലറ്റ് രക്ഷിച്ചത് ഒട്ടേറെ പേരുടെ ജീവനാണ്. ഇവരുൾപ്പെടെ രണ്ടു പൈലറ്റുമാരും രണ്ട് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർമാരും തകർന്ന വിമാനത്തിന് അടിയിൽപ്പെട്ട വഴിയാത്രക്കാരനുമാണ് അപകടത്തില്‍ മരിച്ചത്. ഒട്ടേറെ ഫ്ലാറ്റ് സമുച്ചയങ്ങളുള്ള മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്.
പന്ത്രണ്ട് സീറ്റുളള ചെറു വിമാനം പരിശോധനപ്പറക്കൽ നടത്തുന്നതിനിടെ ഉച്ചയ്ക്ക് 1.10നാണ് തകര്‍ന്നുവീഴുന്നത്. ഘാട്കോപ്പറിൽ ഒട്ടേറെ ഫ്ലാറ്റ് സമുച്ചയങ്ങളുള്ള മേഖലയ്ക്കു മുകളിൽ വച്ച് നിയന്ത്രണം നഷ്ടമായ ഉടൻ വനിതാ പൈലറ്റ് മറിയ സുബേരി പുതിയ കെട്ടിടത്തിനായി നിലമൊരുക്കൽ ജോലി നടക്കുന്ന സ്ഥലത്തേക്കാണ് വിമാനം ഇടിച്ചിറക്കിയത്. വൻ ശബ്ദത്തോടെ പൊട്ടിത്തകർന്ന വിമാനത്തിന് ഉടന്‍ തീപിടിച്ചു. ഗുഡ്ക കമ്പനി ഉടമ ദീപക് കോത്താരിയുടെ യുവൈ ഗ്രൂപ്പിന്റേതാണു കിങ് എയർ സി 90 വിമാനം. യുപി സർക്കാരിന്റെ ഉടമസ്ഥയിലായിരുന്ന ഇത് 2014ൽ മുംബൈ ആസ്ഥാനമായ യുവൈ വാങ്ങുകയായിരുന്നു. അറ്റകുറ്റപ്പണിക്കു ശേഷം ജുഹു എയ്റോഡ്രോമിൽ നിന്നു പരിശോധനാ പറക്കൽ നടത്തി മുംബൈ വിമാനത്താവളത്തിലെ ബേസിലേക്കു മടങ്ങവെയാണ് ദുരന്തം. വിമാനം തകര്‍ന്നുവീഴുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
തകർന്നു വീണ കെട്ടിടത്തിനു സമീപത്തെ വീട്ടിലെ സിസിടിവിയിലാണ് തീഗോളമായി വിമാനം വന്നുപതിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. വിമാനത്തിലെ വനിതാ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലാണു സംഭവം വൻ ദുരന്തത്തില്‍ കലാശിക്കാതിരിക്കുന്നതിനു സഹായിച്ചതെന്ന് മുൻ വ്യോമയാന മന്ത്രി പ്രഫുൽ പട്ടേൽ പറഞ്ഞു. സ്വന്തം ജീവൻ ത്യജിച്ചാണ് പൈലറ്റ് വിമാനം താരതമ്യേന തിരക്കു കുറഞ്ഞയിടത്ത് ഇടിച്ചിറക്കിയതെന്നും പട്ടേൽ ട്വീറ്റ് ചെയ്തു. വനിതാപൈലറ്റിന് അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചു.
ക്യാപ്റ്റൻ പ്രദീപ് രജ്പുത്, ക്യാപ്റ്റൻ മരിയ, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ സുരഭി ഗുപ്ത, ജൂനിയർ ടെക്നിഷ്യൻ മനീഷ് പാണ്ഡെ എന്നിവർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സുരഭി രണ്ടുമാസം ഗർഭിണിയായിരുന്നു. ഒരു വഴിയാത്രക്കാരനും അപകടത്തിൽ മരിച്ചു. വിമാനാപകടത്തിനു പിന്നിൽ ഉടമകളായ കമ്പനിയുടെ കെടുകാര്യസ്ഥതയാണെന്നു മരിയയുടെ ഭർത്താവ് കുറ്റപ്പെടുത്തി. മോശം കാലാവസ്ഥ കാരണം വിമാനം പറത്താനാകില്ലെന്നാണു തന്നോടു മരിയ പറഞ്ഞത്. പിന്നെയും വിമാനം പറന്നുയർന്നെങ്കില്‍ അതിനു പിന്നിൽ കമ്പനിയായിരിക്കുമെന്നും ഭർത്താവ് മാധ്യമങ്ങളോടു പറഞ്ഞു.
20 വർഷത്തെ പഴക്കമുള്ള വിമാനമാണ് അപകടത്തിന് ഇടയാക്കിയത്. എന്നാൽ കാലപ്പഴക്കം കാരണമാണോ വിമാനം തകർന്നതെന്നു വ്യക്തമല്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു.
അബദ്ധത്തിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ ബാലന് സമ്മാനങ്ങൾ നൽകി തിരിച്ചയച്ച് ഇന്ത്യൻ സൈന്യം. പാക് അധീന കശ്മീരില്‍ നിന്നെത്തിയ മുഹമ്മദ് അബ്ദുള്ള എന്ന പതിനൊന്ന് വയസ്സുകാരനെയാണ് സൈന്യം മടക്കിയയച്ചത്.
ജൂൺ 24ന് അതിർത്തി കടന്ന ബാലനെ പൂഞ്ച് ജില്ലയിലെ ദെഗ്‌വാർ മേഖലയിൽ സൈന്യം തടഞ്ഞുവെച്ചു. തുടർന്ന് ജമ്മു കശ്മീർ പൊലീസിന് കൈമാറി. പൊലീസ് തന്നെയാണ് ബാലനെ സ്വന്തം നാട്ടിലേക്ക് മടക്കിയയക്കാനുള്ള നടപടികൾ ഊർജിതമാക്കിയത്.
ഇന്ത്യ-പാക് ബന്ധം ഊഷ്മളമാക്കുന്നതിനും മാനുഷിക പരിഗണന കണക്കിലെടുത്തുമാണ് ബാലനെ തിരിച്ചയതെന്ന് പ്രതിരോധവകുപ്പ് വക്താവ് അറിയിച്ചു. നിരപരാധികളായ സാധാരണക്കാരുമായി ഇടപെടുമ്പോൾ സൈന്യം മാനുഷികശക്തിയായി നിലകൊള്ളുമെന്നും വക്താവ് പറഞ്ഞു.പുതിയ വസ്ത്രങ്ങളും മധുരപലഹാരങ്ങളും സൈന്യം ബാലന് സമ്മാനമായി നൽകി.
മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റിലെ പാമ്പന്‍മല ഡിവിഷനിലായിരുന്നു സംഭവം നടന്നത്.കാട്ടാനയുടെ മുന്നില്‍പ്പെട്ട പാമ്പന്‍മല സ്വദേശി മണിയെയാണ് ഭാഗ്യം തുണച്ചത്. എസ്റ്റേറ്റ് ലയത്തിന് സമീപത്തുള്ള തേയിലക്കാട്ടില്‍ വന്ന ഒറ്റയാനാണ് പ്രശ്നം സൃഷ്ടിച്ചത്. ആനയെ കണ്ട് പേടിച്ച മണിയുടെ വളര്‍ത്തുനായ ശബ്ദമുണ്ടാക്കി. ഇതു ശ്രദ്ധയില്‍പ്പെട്ട ആന വളര്‍ത്തുനായ്ക്ക് നേരെ പാഞ്ഞു. നായയും ആനയും നേര്‍ക്കുനേര്‍ വന്നതോടെ മണി ശബ്ദമുണ്ടാക്കി കാട്ടാനയുടെ ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചു.
ഇതില്‍ പ്രകോപിതിനായ ആന മണിയെ ആക്രമിക്കാന്‍ വന്നു. മണിയുടെ നേരെ ഓടിവരുന്ന വേളയിലാണ് ആന തെന്നിവീണത്. ഇതോടെ മണിയും വളര്‍ത്തുനായയും ഓടി രക്ഷപ്പെട്ടു.പാമ്പന്‍മല, ചട്ടമൂന്നാര്‍, കോഫി സ്റ്റോര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഒരുമാസത്തിലധികമായി ഒറ്റയാന്‍ കറക്കിനടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
ന്യൂഡല്‍ഹി: വിവാഹ മോചനം ഇക്കാലത്ത് അപൂര്‍വ്വം സംഗതിയൊന്നുമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയാ അഡിക്ഷന്‍ കാരണം വിവാഹമോചനം തേടാന്‍ ശ്രമിക്കുന്നത് ഇതാദ്യമായിരിക്കും. ഭാര്യയുടെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ കാരണം ഡല്‍ഹി സ്വദേശിയായ നരേന്ദ്ര സിങാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഭാര്യ മുഴുവന്‍ സമയവും സോഷ്യല്‍ മീഡിയയിലാണെന്നും കുടുംബ ജീവിതത്തില്‍ താന്‍ അസംതൃപ്തനാണെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.
ഭാര്യയെന്ന നിലയിലുള്ള കര്‍ത്തവ്യങ്ങളെക്കുറിച്ച് തന്റെ പങ്കാളി പൂര്‍ണമായും മറന്നു കഴിഞ്ഞു. കടുത്ത അസംതൃപ്തിയും മാനസിക സമ്മര്‍ദ്ദത്തിനും ഇത് കാരണമാകുന്നു. അതിനാല്‍ തനിക്ക് വിവാഹമോചനം നല്‍കണമെന്നാണ് നരേന്ദ്ര സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐ.ടി വിദഗ്ധനായ നരേന്ദ്ര സിംഗ് ഒരു വര്‍ഷം മുന്‍പാണ് വിവാഹിതനാവുന്നത്. വിവാഹത്തിന് ശേഷമുള്ള നാളുകള്‍ മുതല്‍ക്കെ ഭാര്യയുടെ അമിത സോഷ്യല്‍ മീഡിയ ഉപയോഗം അലോസരങ്ങള്‍ സൃഷ്ടിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു.
നരേന്ദ്ര സിംഗിന്റെ കുടുംബവും വിവാഹമോചനത്തെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഭാര്യയുടെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ സിംഗിന് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതായി ബന്ധുക്കളും ചൂണ്ടിക്കാണിച്ചു. അതേസമയം ബന്ധുക്കളുടെയും ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ഭാര്യ നിഷേധിച്ചു. ഇരുവര്‍ക്കും കൗണ്‍സിലിംഗിനായുള്ള സമയം അനുവദിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ കുടുംബ കോടതി. കൗണ്‍സിലിംഗിലൂടെയും കാര്യങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വിവാഹമോചനം അനുവദിക്കാനാണ് സാധ്യത.
സമൂഹമാധ്യമങ്ങളുടെ അതിപ്രസരം വിവാഹ ജീവിതത്തിന് വലിയ ഭീഷണിയാണുയര്‍ത്തുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ഹിമ കോഹ്ലി അഭിപ്രായപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം പലവിധ മാനസിക പ്രതിസന്ധികള്‍ക്കും കാരണമാകുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന് ചികിത്സ ലഭ്യമാണ്.
അമ്മയിലെ രാജിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ച് ദിലീപ്. തല്ക്കാലം അമ്മയില്‍ സജീവമാകാന്‍ ഉദേശിക്കുന്നില്ലെന്നതാണ് ദിലീപ് പ്രസിദ്ധീകരിച്ച കത്തിന്റെ ചുരുക്കം. കത്ത് വായിക്കാം,
സര്‍,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും,എന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്ലബിള്‍ എക്‌സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി. അതില്‍ അമ്മ ഭാരവാഹികള്‍ക്കും,സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്നാല്‍ ഞാന്‍ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കുന്നതു വരെ ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുമ്പു ഇത് ഞാന്‍ സൂചിപ്പിച്ചിരുന്നതാണ്. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു
അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട്
ദിലീപ്
28/06/18
ആലുവ
കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയുടെ വീട്ടില്‍ റെയ്ഡ്. ഇടനിലക്കാരനായ ജോസ് കുര്യന്റെ വീട്ടിലാണ് രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്. കോട്ടപ്പടിയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് ആദായ നികുതി റെയ്ഡ് നടക്കുന്നത്.
13 സ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഇടപാടില്‍ സഭക്ക് പകരം ഭൂമി നല്‍കിയ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിലെ ഇലഞ്ഞിക്കല്‍ ജോസ്, കാക്കനാട് വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ് റെയ്ഡ് നടക്കുന്നത്. ഭൂമിയിപാടിന്റെ് കൃത്യമായ കണക്കുകളും ഇടപാട് വഴി ലഭിച്ച പണം എവിടെ പോയെന്ന വിവരവും തേടിയാണ് ആദായ നികുതിയുടെ റെയ്ഡ്.
അങ്കമാലി-എറണാകുളം അതിരൂപതയുടെ ഭൂമി 13 കോടി രൂപക്ക് വില്‍ക്കാനാണ് സാജു വര്‍ഗീസിനെ ഏല്‍പിക്കുന്നത്. എന്നാല്‍, 27 കോടി രൂപക്ക് ഭൂമി വില്‍പന നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, 67 കോടി രൂപക്ക് ഭൂമിയിടപാട് നടന്നുവെന്നാണ് ആരോപണം.
കൊച്ചി: കോടതിവിധി വരുന്നതിന് മുമ്പായി ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ പിളര്‍പ്പ് ശക്തിപ്രാപിക്കുന്നു. ദിലീപിനെ തിരിച്ചെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും ജനറല്‍ ബോഡി വിളിക്കണം എന്നാവശ്യപ്പെട്ട് സംഘടനയിലെ പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ സംഘടനയുടെ സെക്രട്ടറി ഇടവേളബാബുവിന് കത്തു നല്‍കി.
പ്രധാനമായും നാലു കാര്യങ്ങളാണ് കത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ദിലീപിനെ തിരിച്ചെടുത്തത് വീണ്ടും ചര്‍ച്ച ചെയ്യണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഇതുവരെ അമ്മ എന്തു നടപടി സ്വീകരിച്ചു. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി അമ്മ ഇതുവരെ എന്തു ചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നതിന് പുറമേ ജൂലൈ 13 നോ 16 നോ ജനറല്‍ബോഡി വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ഇവര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
ഡബ്‌ള്യൂസിസിയില്‍ പിളര്‍പ്പില്ലെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് കത്ത്. അംഗത്വം രാജിവെച്ച് നാലു നടിമാര്‍ പുറത്ത് പോയപ്പോള്‍ അമ്മയില്‍ തുടര്‍ന്ന് കൊണ്ട് മറ്റ് ഡബ്‌ള്യൂസിസി അംഗങ്ങള്‍ പോരാട്ടം തുടരുമെന്ന സൂചനയും കത്ത് നല്‍കുന്നു. അമ്മ സംഘടനയില്‍ തുടരുന്ന ഡബ്‌ള്യൂസിസി അംഗങ്ങളായ നടിമാര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് സൂചിപ്പിക്കുന്നതാണ് കത്ത്. കോടതി വിധി വരും മുമ്പ് തന്നെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു പേരാണ് കഴിഞ്ഞ ദിവസം പുറത്തു പോയത്.
ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലെ അമര്‍ഷം വരും ദിവസങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും എന്ന സൂചനയാണ് കത്ത് നല്‍കുന്നത്. നിലപാട് തിരുത്തിയില്ലെങ്കില്‍ ഒരുപക്ഷേ കൂടുതല്‍ പേര്‍ പുറത്തു പോകാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം രാജിവെച്ചവര്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ അമ്മ നേതൃത്വവും അങ്കലാപ്പിലാണ്.
ഡബ്‌ള്യൂസിസിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി നേരത്തേ ഒപ്പമുണ്ടായിരുന്ന യുവനടന്മാരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. പൃഥ്വിരാജും ആസിഫ് അലിയുമെല്ലാം ശക്തമായി നേരത്തേ പ്രതികരിച്ചവരാണ്. എന്നാല്‍ പുതിയ വിവാദം പുറത്തു വന്ന ശേഷം ഇവരാരും പരസ്യപ്രതികരണം നടത്തിയിട്ടില്ല. സിനിമയ്ക്ക് പുറത്തുള്ളവര്‍ പോലും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണെങ്കിലും അമ്മ ഭാരവാഹികളും ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
തിരുവനന്തപുരം: ദിലീപിനെ അമ്മയില്‍ തിരികെയെടുത്ത നടപടിക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. സംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനം ഏറ്റതിന് ശേഷമാണ് ദിലീപിനെ തിരിച്ചെടുത്തത്. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് ജോസഫൈന്‍ പറഞ്ഞു.
അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് നടിമാരായ ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ സംഘടനയില്‍ നിന്ന് രാജിവച്ചു പുറത്തു പോയ സാഹചര്യത്തിലായിരുന്നു ജോസഫൈന്റെ പ്രതികരണം. ഇടത് എം.എല്‍.എ മാരായ ഗണേഷ് കുമാറിന്റെയും മുകേഷിന്റെയും നിലപാട് സര്‍ക്കാര്‍ ഗൗരവകരമായി എടുക്കണമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ നടി മഞ്ജു വാര്യര്‍ മൗനം വെടിയണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിക്കാന്‍ അമ്മ നടത്തിയ യോഗത്തിലായിരുന്നു മഞ്ജു ഈ പ്രസ്താവന നടത്തിയത്.
മുംബൈ: മുംബൈയിലെ ജനവാസ മേഖലയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. ഘാട്കോപ്പറിലെ സര്‍വോദയ് നഗറില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. ബീച്ച്‌ക്രാഫ്റ്റ് കിങ് എയര്‍ സി 90 എന്ന വിമാനമാണ് തകര്‍ന്ന് വീണത്.
യു.പി സര്‍ക്കാരിന്റെ വിമാനമാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ഇത് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു.
ഇതേ വിമാനം അലഹബാദില്‍ മറ്റൊരു അപകടത്തില്‍ പെട്ടിരുന്നു. ശേഷം സംസ്ഥാന സര്‍ക്കാര്‍ 2014-ല്‍ വിമാനം മുംബൈ യു.വൈ ഏവിയേഷന് കൈമാറിയാതാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
പണി നടന്ന് കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന് മുകളിലാണ് വിമാനം തകര്‍ന്ന് വീണത്. ആ സമയം അവിടെ തൊഴിലാളികള്‍ ഉണ്ടായിരുന്നു. കെട്ടിടത്തിന് ചുറ്റിലായി നിരവധി വീടുകളും ഫ്ളാറ്റുകളും ഉണ്ട്. വിമാനം വീണതിനെ തുടര്‍ന്ന് അവര്‍ക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. അപകടം നടന്ന പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചാണ് ഫയര്‍ഫോഴ്സ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.
ന്യൂസ് ഡെസ്ക്
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സുരക്ഷാ കവചം ഒരുക്കി ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രി എക്കാലത്തേയും വലിയ ഭീഷണി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച രീതിയില്‍ റോഡ് ഷോയ്ക്കിടെ മോദിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്ന രേഖകള്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ പക്കല്‍നിന്നു ലഭിച്ചതായി മഹാരാഷ്ട്ര പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. കേന്ദ്ര മന്ത്രിമാര്‍ക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ പോലും എസ്പിജി ക്ലിയറന്‍സില്ലാതെ മോദിയുടെ അടുത്തേക്ക് എത്താന്‍ അനുമതിയുണ്ടാകില്ല. മോദിക്കു ചുറ്റും സദാ സുരക്ഷ ഒരുക്കുന്ന ക്ലോസ് പ്രൊട്ടക്‌ഷന്‍ ടീമിന് ഇതു സംബന്ധിച്ചു കര്‍ശന നിര്‍ദേശങ്ങളാണു നല്‍കിയിരിക്കുന്നത്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതല്‍ സുരക്ഷാ ഭീഷണിയുണ്ടെങ്കിലും ഇത്രയും വലിയ ഭീഷണി നേരിടുന്നത് ആദ്യമാണ്. 2019 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം മോദിയാണെന്നത് ഭീഷണി വര്‍ധിപ്പിക്കുന്നുന്നെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിവിധ ഏജന്‍സികളെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്ന മോദിയുടെ പൊതുപരിപാടികളും റോഡ് ഷോകളും പരമാവധി ഒഴിവാക്കാനുള്ള നിര്‍ദേശവും നല്‍കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടുള്ള തീവ്ര സംഘടനകളുടെ പ്രവര്‍ത്തനവും നിരീക്ഷണത്തിലാണ്. പ്രധാനമന്ത്രിക്ക് അജ്ഞാത കേന്ദ്രങ്ങളില്‍നിന്നു ഭീഷണിയുണ്ടെന്നു കാട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്തരമന്ത്രാലയം കത്തയച്ചു. മോദിയുടെ സന്ദര്‍ശനവേളയില്‍ കര്‍ശനമായി പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോള്‍ സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്.