India

തമിഴ്‌നാട്ടില്‍ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. സേലത്തെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഹോട്ടലിന്റെ നാലാം നിലയില്‍ നിന്നും ചാടിയത്. സേലം അരസിപാളയത്തെ സെന്റ് മേരീസ് മെട്രിക്കുലേഷന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്. അഗ്രഹാര സെക്കന്റ് സ്ട്രീറ്റിലെ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ ചാടിയത്. ഒരു പെണ്‍കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരു പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളെ കാണാനില്ലെന്ന് പറഞ്ഞ് കുട്ടികളുടെ രക്ഷിതാക്കള്‍ പള്ളപ്പട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തില്‍ നിന്ന് ചാടിയ പെണ്‍കുട്ടികളെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്.

മി റ്റൂ (MeToo) ക്യാംപെയ്ന്‍ ലോകത്തില്‍ സൃഷ്ടിച്ച മാറ്റം ചെറുതല്ല. ടൈം മാസിക പോലും ഈ വര്‍ഷത്തെ വ്യക്തിയായി തിരഞ്ഞെടുത്തത് ‘മി ടൂ ക്യാംപെയ്‌നെ’യാണ്. ചലച്ചിത്രമാധ്യമബിസിനസ് ലോകത്ത് തങ്ങള്‍ക്കേറ്റ പീഡനങ്ങളെപ്പറ്റി ഒരു കൂട്ടം വനിതകള്‍ തുറന്നെഴുതിയതില്‍ നിന്നാണ് ക്യാംപെയ്‌ന്റെ തുടക്കം തന്നെ. കേരളത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ തുറന്നുപറച്ചിലുകള്‍ക്ക് ഇടം നല്‍കി ഇത്. എന്നാല്‍ തുറന്നു പറച്ചിലുകള്‍ നടത്തിയ പലരും തങ്ങളെ ലൈംഗികമായോ അല്ലാതെയോ ആക്രമിച്ചവരുടെ പേരു പുറത്തു പറയാന്‍ മിക്കപ്പോഴും മടിച്ചു.
അതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളുമുയര്‍ന്നു. മാധ്യമങ്ങളോട് എല്ലാം പറയാം, പിന്നെന്താ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു പറഞ്ഞാലെന്നായിരുന്നു പലരുടെയും ചോദ്യം.

എന്നാല്‍ ഇതിനുള്ള മറുപടിയുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത് പ്രശസ്ത ബോളിവുഡ് നടി റിച്ച ഛദ്ദയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഫുക്‌റേ റിട്ടേണ്‍സി’ന്റെ പ്രമോഷന്റെ ഭാഗമായി വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് പല കാര്യങ്ങളും റിച്ച തുറന്നു പറഞ്ഞത്. സ്ത്രീകളുടെ അവസ്ഥകളെ കൈകാര്യം ചെയ്യുന്ന ബോളിവുഡിന്റെ ഇന്നത്തെ രീതി മാറണമെന്നുള്‍പ്പെടെ റിച്ച അഭിപ്രായപ്പെട്ടു.
‘ഫുക് റേ’ കൂടാതെ ഗാങ്‌സ് ഓഫ് വസേപുരിലൂടെയും രാംലീലയിലൂടെയുമെല്ലാം പ്രേക്ഷകനു പരിചിതയാണ് റിച്ച. എന്നാല്‍ ബോളിവുഡിലെ പീഡനങ്ങളെക്കുറിച്ച് പലരും തുറന്നു പറഞ്ഞതിനെ പ്രശംസിക്കുന്ന റിച്ചയ്ക്ക് തന്നെ പീഡിപ്പിച്ചവരുടെ പേരു പറയാതിരിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ട്. പേരു പറഞ്ഞാല്‍ അതോടെ ബോളിവുഡ് ജീവിതം അവസാനിപ്പിക്കേണ്ടി വരും എന്നതു തന്നെ പ്രധാന കാരണം.
തനിക്കിഷ്ടമുള്ളിടത്തോളം കാലം ബോളിവുഡില്‍ തുടരാനാകുമെന്ന് ആരെങ്കിലും ഉറപ്പു തന്നാല്‍ പീഡിപ്പിച്ചവരുടെ വിവരങ്ങള്‍ പുറത്തു പറയാമെന്നും റിച്ചയുടെ വാക്കുകള്‍. ബോളിവുഡിലെ ലൈംഗിക പീഡനത്തെപ്പറ്റി നേരത്തേ ഒരു ബ്ലോഗ്‌പോസ്റ്റ് എഴുതിയിരുന്നു റിച്ച. എന്നാല്‍ അതില്‍ ആരുടെയും പേരു പരാമര്‍ശിക്കാത്തതിന്റെ പേരില്‍ സ്ത്രീപക്ഷവാദികളെന്നു താന്‍ വിശ്വസിച്ചിരുന്നവര്‍ ഉള്‍പ്പെടെ വിമര്‍ശിച്ചതായും റിച്ച പറയുന്നു.

വിമര്‍ശകര്‍ക്കുള്ള റിച്ചയുടെ മറുപടി ഇങ്ങനെ ”ജോലി പോയാലും ജീവിക്കാനുള്ള പെന്‍ഷന്‍ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ തന്നാല്‍, എനിക്കും എന്റെ വീട്ടുകാര്‍ക്കും എന്നും സുരക്ഷ ഉറപ്പാക്കിയാല്‍, സിനിമയിലോ ടിവിയിലോ എനിക്കിഷ്ടമുള്ളയിടത്ത് അഭിനയം തുടരാന്‍ കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്ന് ഉറപ്പാക്കിയാല്‍, ഇപ്പോഴുള്ളതു പോലെത്തന്നെ അഭിനയജീവിതം മുന്നോട്ടു കൊണ്ടുപോകാനാകുമെന്നു ഉറപ്പു നല്‍കിയാല്‍ തീര്‍ച്ചയായും ആ പേരുകള്‍ ഞാന്‍ പറയാം…ഞാന്‍ മാത്രമല്ല ലക്ഷക്കണക്കിനു പേര്‍ മുന്നോട്ടു വരും. പക്ഷേ ആരാണ് ഞങ്ങള്‍ക്കീ ഉറപ്പു നല്‍കുക?” റിച്ച ചോദിക്കുന്നു.

പീഡനങ്ങള്‍ക്കിരകളാകുന്നവര്‍ക്ക് സംരക്ഷിതവലയം ഉറപ്പാക്കുന്ന ഒരു സംവിധാനം നിലവില്‍ ചലച്ചിത്രലോകത്തില്ലെന്നും റിച്ച. ”എപ്പോഴെങ്കിലും ആരെങ്കിലും പീഡനത്തെപ്പറ്റി തുറന്നു പറഞ്ഞാല്‍ തിരിച്ചടി ഉറപ്പാണ്. ഇതു മാറിയേ പറ്റൂ. അതിനുള്ള സംരക്ഷണം സിനിമാലോകം നല്‍കണം. അഭിനേതാക്കളുടെ പ്രതിഫലത്തെപ്പറ്റി പോലും നിയമപ്രകാരമുള്ള ഒരുറപ്പുമില്ല. ഈ ഘട്ടത്തില്‍ ഒരു സാഹസത്തിന് ആരാണു മുതിരുക? നീതിബോധമുള്ള വ്യക്തിയാണു ഞാന്‍. ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന കാര്യങ്ങളെപ്പറ്റിയാണു ഞാനെപ്പോഴും സംസാരിക്കുക.

എന്നാല്‍ ചില നേരങ്ങളില്‍ ഞാന്‍ കാര്യങ്ങളെ വൈകാരികമായി നേരിടും. ലോകത്തില്‍ നടക്കുന്ന പല കാര്യങ്ങളും എന്നെയും ബാധിക്കാറുണ്ട്. നിരാശ തോന്നുന്ന നിമിഷങ്ങളില്‍ വാര്‍ത്തകളില്‍ നിന്നു പോലും ഒഴിഞ്ഞു നില്‍ക്കാനാണ് ഞാനാഗ്രഹിക്കുക. അത്തരം ഘട്ടങ്ങളില്‍ സിനിമയാണ് ആശ്വാസം. ‘ഫുക്‌റേ’യിലെ എന്റെ കഥാപാത്രവും അത്തരത്തിലൊന്നാണ്. ആ കഥാപാത്രം ആരുടെയും വരുതിയില്‍ നില്‍ക്കുന്ന ആളല്ല, തോന്നുന്നതെന്തും ചെയ്യും. സ്ത്രീയാണെന്നു പറഞ്ഞ് അവരെ വിലക്കാന്‍ ആരുമില്ല. എന്തും പറയാം, പ്രവര്‍ത്തിക്കാം” അത്തരം കഥാപാത്രങ്ങള്‍ തനിക്കേറെ പ്രിയപ്പെട്ടതാണെന്നും റിച്ചയുടെ വാക്കുകള്‍.

ന്യൂഡല്‍ഹി: നവജാത ശിശു മരിച്ച സംഭവത്തില്‍ ഡല്‍ഹി ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. ഡല്‍ഹി സര്‍ക്കാരാണ് ലൈസന്‍സ് റദ്ദാക്കിയത്. സംഭവത്തില്‍ അധികൃതര്‍ക്കു വീഴ്ചയുണ്ടായതായി വിദഗ്ധ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നു സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കിയിരുന്നു.

നവംബര്‍ 30നാണ് ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രിയില്‍ 21കാരിയായ വര്‍ഷയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. അതില്‍ പെണ്‍കുഞ്ഞു ജനിച്ചയുടന്‍ മരിച്ചു. ആണ്‍കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ഈ കുട്ടിയും മരിച്ചതായി പിന്നീടു ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരട്ടകളുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി മാതാപിതാക്കള്‍ക്കു കൈമാറുകയും ചെയ്തിരുന്നു.

സംസ്‌കാര ചടങ്ങിനു തയാറെടുക്കുമ്പോഴാണ് ഒരു കുഞ്ഞിന് അനക്കം കണ്ടത്. പിതംപുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ജീവനുണ്ടെന്നു വ്യക്തമായി. കുട്ടിയെ വീണ്ടും ചികില്‍സയ്ക്കു വിധേയമാക്കിയെങ്കിലും ബുധനാഴ്ച മരിച്ചു. പിന്നീട് സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടായതായി ആരോപണം ഉയരുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തിരുന്നു.

കൂടാതെ കുട്ടിയുടെ ചികില്‍സയ്ക്ക് 50 ലക്ഷം രൂപയുടെ ബില്‍ നല്‍കിയെന്നു കാട്ടി പിതാവ് ആശിഷ് കുമാര്‍ മറ്റൊരു പരാതിയും പൊലീസിനു നല്‍കി. സംഭവത്തെത്തുടര്‍ന്ന് എം.പി. മേത്ത, വിശാല്‍ ഗുപ്ത എന്നീ ഡോക്ടര്‍മാരെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടിരുന്നു.

കാസര്‍കോട് ഉദുമ സിപിഎം ഏരിയ സമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടന്ന റാലിക്കിടെയാണ് പാര്‍ട്ടിക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. റെഡ് വളണ്ടിയര്‍ മാര്‍ച്ച് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറിനെ ക്യാപ്റ്റന്‍ കാലുകൊണ്ട് തൊഴിച്ചു. സംഭവം വിവാദ മായപ്പോള്‍ പാര്‍ട്ടി ജാഥാ ക്യാപ്റ്റനെ പദവിയില്‍ നിന്നും ഒഴിവാക്കി.

ഉദുമയില്‍നിന്നും ബാന്റ് മേളത്തിന്റെ അകമ്പടിയോടെ മേല്‍പറമ്പിലേക്ക് നടന്ന പ്രകടനത്തിന്റെ മുന്നില്‍ അണിനിരന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ച് കളനാട് എത്തിയപ്പോഴാണ് കാസര്‍കോട്ടേക്ക് രോഗിയുമായി പോവുകയായിരുന്ന കാറിനെ ക്യാപ്റ്റന്‍ ചവിട്ടിയത്. കാര്‍ ജാഥയെ ഓവര്‍ടേക്ക് ചെയുന്നുവെന്ന് തോന്നിയപ്പോള്‍ ജാഥാ ക്യാപ്റ്റന്‍ കാറിനെ നേരെ തിരിഞ്ഞു ചവിട്ടുകയായിരുന്നു.

ഏരിയാ കമ്മറ്റി അംഗങ്ങള്‍ ഓടിയെത്തി ക്യപ്റ്റനെ സമാധാനിപ്പിച്ച് രോഗിയുമായി എത്തി കാറിനെ കടത്തിവിട്ടെങ്കിലും വണ്ടി കടത്തിവിട്ടതിലുള്ള അരിശം മറ്റ് നേതാക്കളോട് തീര്‍ത്ത ലോക്കല്‍ കമ്മറ്റി അംഗം കൂടിയായ റെഡ് വളണ്ടിയര്‍ ക്യാപ്റ്റനെ പദവിയില്‍ നിന്നും പാര്‍ട്ടി നേതൃത്വം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഒരുവിഭാഗം ജാഥാ ക്യാപ്റ്റന്‍ നടത്തിയ ചവിട്ടു നാടകത്തിന് പിന്തുണയുമായി എത്തിയത് പാര്‍ട്ടി നേതൃത്വത്തിന് തല വേദന സൃഷ്ടിച്ചിരിക്കുകയാണ്.

ഏത് പാര്‍ട്ടിയായാലും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സം നിന്നുകൊണ്ടുള്ള പരിപാടികള്‍ ഒഴിവാക്കിയേ മതിയാകൂ.. ഇതാണോ പാര്‍ട്ടിക്കാരേ ജനാധിപത്യം? റോഡുകള്‍ ജാഥ നടത്താന്‍ ഉണ്ടാക്കിയതോ അതോ വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാണോ? സ്വന്തം കുടുംബാംഗങ്ങള്‍ക്ക് ഇതുപോലൊരു അവസ്ഥ വരുമ്പോഴേ ഇവരൊക്കെ പഠിക്കൂ…

എറണാകുളം ജില്ലാ സ്‌കൂള്‍ കലോത്സവവേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. കുച്ചിപ്പുടി മത്സരത്തിന്റെ ഫലപ്രഖ്യാപനത്തേത്തുടര്‍ന്നാണ് സംഘര്‍ഷം അരങ്ങേറിയത്. വിധി നിര്‍ണയത്തില്‍ അപാകതയുണ്ടെന്നാരോപിച്ച് മകളെ സ്റ്റേജില്‍ നിന്ന് എറിഞ്ഞു കൊല്ലുമെന്ന ഭീഷണിയുമായി പിതാവ് രംഗത്തെത്തി.

ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് ആംഗ്‌ളോ ഇന്ത്യന്‍ സ്‌കൂളിലെ സഹല നര്‍ഗീസിന്റെ പിതാവ് മട്ടാഞ്ചേരി സ്വദേശി പുളിക്കല്‍ ഷെമീറാണ് ഇന്നലെ ഉച്ചയ്ക്ക് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. നാടോടിനൃത്തത്തില്‍ കഴിഞ്ഞവര്‍ഷം സഹല ഒന്നാം സ്ഥാനം നേടിയിരുന്നു. ഇക്കുറി രണ്ടാം സ്ഥാനമായി. വിധികര്‍ത്താക്കളില്‍ ഒരാള്‍ക്ക് യോഗ്യതയില്ലെന്നും കോഴ വാങ്ങി മത്സരം അട്ടിമറിച്ചെന്നും ഷെമീര്‍ വിളിച്ചുപറഞ്ഞു. കുട്ടിയെ എടുത്ത് ഉയര്‍ത്തി താഴേക്കിടാനും ശ്രമിച്ചു. സംഘാടകരും പൊലീസും ഏറെ പണിപ്പെട്ടാണ് ഷെമീറിനെയും ഒപ്പമുണ്ടായിരുന്നവരേയും അനുനയിപ്പിച്ചത്.

തുടര്‍ന്ന് മകളെ സ്റ്റേജില്‍ ഇരുത്തുകയും വിധിനിര്‍ണയം പുന:പരിശോധിക്കണമെന്നും ഷെമീര്‍ ആവശ്യപ്പെട്ടു. യു.പി വിഭാഗം മത്സരം ജില്ലാതലത്തില്‍ അവസാനിക്കുന്നതിനാല്‍ അപ്പിലീനുള്ള അവസരവും ഇല്ലെന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.യു.പി. വിഭാഗം ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയ എറണാകുളം സെന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി മീനാക്ഷി സംഗീതിനാണ് കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം ലഭിച്ചത്.

ഏറെ കഷ്ടത അനുഭവിച്ചാണു മകളെ ജില്ലാതല മത്സരവേദിവരെ എത്തിച്ചതെന്നും പണക്കാരായ മത്സരാര്‍ഥികള്‍ പണം നല്‍കി വിജയം തട്ടിയെടുക്കുകയാണെന്നും ചുമട്ടുതൊഴിലാളി കൂടിയായ ഷമീര്‍ പറഞ്ഞു.

എന്നാല്‍ നല്ല പ്രകടനം കാഴ്ച്ചവച്ച സഹലയും ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ഥിയും തമ്മില്‍ ഒരു മാര്‍ക്കിന്റെ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും വിധിനിര്‍ണയം സത്യസന്ധമാണെന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു. ആരോപണം നേരിട്ട തൃശൂര്‍ സ്വദേശിനിയായ വിധികര്‍ത്താവിനെ മാറ്റിയശേഷം 3.30നാണ് വേദിയില്‍ മറ്റ് മത്സരങ്ങള്‍ ആരംഭിച്ചത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ മണിശങ്കര്‍ അയ്യറെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. മോദിക്കെതിരായ പരാമര്‍ശത്തില്‍ കാരണം കാണിക്കല്‍ നോട്ടീസും അയ്യര്‍ക്കു നല്‍കിയിട്ടുണ്ട്

ഡല്‍ഹിയില്‍ ബി ആര്‍ അംബേദ്കറിന്റെ പേര് നല്‍കിയിട്ടുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മോദിയെ താഴ്ന്ന തരക്കാരനെന്ന് മണിശങ്കര്‍ അയ്യര്‍ വിശേഷിപ്പിച്ചത്. തുടര്‍ന്ന് പ്രസ്താവന വിവാദമായതോടെ താന്‍ ഉദ്ദേശിച്ച രീതിയിലല്ല പ്രസ്താവന വ്യാഖ്യാനം ചെയ്യപ്പെട്ടതെന്ന വാദവുമായി മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയിരുന്നു. ഇംഗ്ലീഷില്‍ ചിന്തിച്ച് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴുണ്ടായ പിഴവാണെന്നും ഹിന്ദി തന്റെ മാതൃഭാഷയല്ലെന്നും മണിശങ്കര്‍ വ്യക്തമാക്കി.

തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തിനു പിന്നാലെ മണിശങ്കര്‍ അയ്യര്‍ മാപ്പു പറയുകയും ചെയ്തു. ഇതിനും പിന്നാലെയാണ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.

താഴ്ന്ന തരക്കാരനെന്ന് തന്നെ വിശേഷിപ്പിച്ച മണി ശങ്കര്‍ അയ്യര്‍ക്ക് ഇന്ന് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ വച്ച് മോദി മറുപടി നല്‍കിയിരുന്നു. മണി ശങ്കര്‍ അയ്യറുടെ പരാമര്‍ശത്തിന് ഗുജറാത്ത് മറുപടി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ മോദി പറഞ്ഞു. ‘ശരിയാണ്, സമൂഹത്തിലെ പാവപ്പെട്ടവരുടെ ഇടയില്‍നിന്നുള്ള വ്യക്തിയാണ് ഞാന്‍. ജീവിതത്തിലെ ഓരോ നിമിഷവും ചിലവഴിക്കുന്നത് പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ഒ ബി സി വിഭാഗത്തിനും വേണ്ടി പ്രവര്‍ത്തിക്കാനാണ്. അവര്‍ എന്തു വേണമെങ്കിലും പറയട്ടെ. നമുക്ക് നമ്മുടെ ജോലി ചെയ്യാം’,മോദി പറഞ്ഞു.

മിമിക്രി കലാകാരന്‍ അബിയുടെ മരണം നാട്ടു ചികിത്സയെ തുടര്‍ന്നായിരുന്നു എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വലിയ പ്രചരണങ്ങള്‍ നടന്നിരുന്നു. അബിയുടെ മരണശേഷം സുഹൃത്ത് ഷെരീഫ് ചുങ്കത്ത് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിനെ കൂട്ടുപിടിച്ചായിരുന്നു പ്രചരണം. അബി മരിക്കുന്നതിന്റെ തലേദിവസം അബി തന്നെയും കൂട്ടി ചേര്‍ത്തല കായ്പുറത്തുള്ള ഒരു വൈദ്യനെ കാണാന്‍ പോയി എന്ന് ഷെരീഫ് കുറിപ്പില്‍ പങ്കുവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാരടക്കമുള്ളവര്‍ വൈദ്യന്റെ തെറ്റായ ചികിത്സ കാരണമായിരുന്നോ അബിയുടെ മരണം ഇത്ര നേരത്തെ സംഭവിച്ചത് എന്ന സംശയമുന്നയിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു. ആ സംശയം പിന്നീട് നാട്ടുവൈദ്യത്തില്‍ പ്രശസ്തനായ മോഹനന്‍ വൈദ്യരിലേയ്‌ക്കെത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സത്യാവസ്ഥ വെളിപ്പെടുത്തി മോഹനന്‍ വൈദ്യര്‍ ഫേസ്ബുക്കിലൂടെ തന്നെ രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേര് ആരും പ്രചരിപ്പിക്കരുത് എന്ന് പറഞ്ഞാണ് വൈദ്യരുടെ ലൈവ്

വൈദ്യരുടെ വാക്കുകള്‍ ഇങ്ങനെ…നമ്മുടെ മലയാളത്തില്‍ അറിയപ്പെടുന്ന മിമിക്രി കലാകാരനായ ശ്രീ അബിയുടെ വാര്‍ത്തകള്‍ക്ക് അടിയില്‍ എന്റെ പേര് കമന്റ് ചെയ്യുന്ന സുഹൃത്തുക്കള്‍ ദയവായി സത്യം മനസ്സിലാക്കണം. ചേര്‍ത്തല മോഹനന്‍ വൈദ്യര്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആണ് പല പോസ്റ്റുകളും. ദയവായി നിങ്ങള്‍ എന്റെ പേര് ആ വാര്‍ത്തയില്‍ കമന്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. അബിയുടെ കൂട്ടുകാരനായ സുഹൃത്തേ ദയവായി താങ്കള്‍ ആ തെറ്റിദ്ധാരണ മാറ്റണം എന്ന് അപേക്ഷിക്കുകയാണ്. പല പോസ്റ്റുകളിലും ആളുകള്‍ എന്റെ പേര് കമന്റ് ചെയ്യുന്നു. പലരും എന്നെ വിളിക്കുന്നു. എല്ലാവരിലും ഇത് ഒന്ന് ഷെയര്‍ ചെയ്ത് എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

തൃശൂര്‍ ജിമ്മീസ് കോളനി. റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ദിവാന്‍ജിമൂലയ്ക്കടുത്താണ് ഈ കോളനി. ഇതരസംസ്ഥാന തൊഴിലാളികളാണ് കോളനിയിലെ താമസക്കാരില്‍ കൂടുതലും. ഇന്നലെ ഉച്ചയ്ക്കാണ് കോളനിയില്‍ നിന്ന് ഒരു കുട്ടി അപ്രത്യക്ഷമായി. നാലു വയസുകാരിയായ കാജല്‍ . മാതാപിതാക്കള്‍ യു.പി.ക്കാരാണ്. ബന്ധുക്കളെ നോക്കാന്‍ ഏല്‍പിച്ച് യു.പിയിലേക്ക് പോയതായിരുന്നു. സാധാരണ രാവിലെ വീട്ടില്‍ നിന്ന് പുറത്തേയ്ക്കു പോയാല്‍ പരിസരത്തുള്ള കുട്ടികളുമായി കളിക്കും. ഉച്ചയ്ക്കുണ്ണാന്‍ കൃത്യമായി കുഞ്ഞ് വരാറുണ്ട്. വരാതെ വന്നപ്പോഴാണ് ബന്ധുക്കളും കോളനിക്കാരും നെട്ടോട്ടമോടിയത്. കുഞ്ഞിനെ കണ്ടെത്താനായില്ല. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഉടനെ വിവരമറിയിച്ചു. പൊലീസാകട്ടെ, എല്ലാ സ്റ്റേഷനുകളിലേക്കും വിവരമറിയിച്ചു. ബസ് സ്റ്റാന്‍ഡുകളും റയില്‍വേ സ്റ്റേഷനുകളും തിരഞ്ഞു. കുട്ടിയെ കിട്ടിയില്ല. നേരം ഇരുട്ടി. കുട്ടി എവിടെയാണെന്ന് ഒരു വിവരവുമില്ല.

സമയം സന്ധ്യയോടു അടുത്ത്  കുന്നംകുളം ബൈജു റോഡില്‍ ഒരാള്‍ മദ്യപിച്ച് ആടിയാടി നടക്കുന്നു. പെണ്‍കുട്ടി ഒപ്പം നിലവിളിച്ച് ഇയാള്‍ക്കൊപ്പമുണ്ട്. ഇതു കണ്ട നാട്ടുകാര്‍ക്ക് ഒരു സംശയം. ഇതു ഇയാളുടെ കൊച്ചുതന്നെയാണോ?.. ഇതിനിടെ, കുട്ടി അലറി നിലവിളിക്കുന്നുണ്ട്. കരച്ചില്‍ നിര്‍ത്താന്‍ പറഞ്ഞ് കുട്ടിയുടെ മുഖത്ത് ഇയാള്‍ അടിക്കുന്നുമുണ്ട്. സംശയം തോന്നിയ നാട്ടുകാര്‍ ഉടനെ കുന്നംകുളം എസ്.ഐ: യു.ഷാജഹാനെ വിവരമറിയിച്ചു. എസ്.ഐയും സംഘവും എത്തി രണ്ടു പേരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആദ്യം പറഞ്ഞു സ്വന്തം കുഞ്ഞാണെന്ന്. പിന്നീട് പൊലീസ് ഒന്നു വിരട്ടിയപ്പോള്‍ സത്യം പറഞ്ഞു.

കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നയാള്‍ കൊല്ലം സ്വദേശി വിജയനായിരുന്നു. കുണ്ടറയില്‍ ഒരു ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിതുറന്ന് പണമെടുത്തു. നാട്ടുകാര്‍ അറിഞ്ഞപ്പോള്‍ നാടുവിട്ടു. കുറേവര്‍ഷമായി ഗുരുവായൂരിലും കുന്നംകുളത്തും നടപ്പാതയിലാണ് താമസം. ചിലപ്പോള്‍ കൂലിപ്പണിക്കു പോകും. ചിലദിവസം യാചകനായി നടക്കും.

തൃശൂര്‍ ജമ്മീസ് കോളനിയില്‍ വിജയന്‍ എത്തിയത് ഉച്ചഭക്ഷണം ചോദിച്ചാണ്. പെണ്‍കുട്ടി താമസിച്ചിരുന്ന വീട്ടുകാര്‍തന്നെയാണ് ഭക്ഷണം നല്‍കിയത്. വയറുനിറയെ ഉണ്ട ശേഷം മടങ്ങാന്‍ തുടങ്ങുമ്പോഴാണ് പെണ്‍കുട്ടി വിളിച്ചു ‘‘മാമാ, മാമാ’’. ‘‘മോള് മാമന്റെ കൂടെ വരുന്നോ’’ വിജയന്റെ ചോദ്യംകേട്ട നാലു വയസുകാരി കാജല്‍ തലകുലുക്കി. അങ്ങനെ, കൂട്ടിയെ കൂടെക്കൂട്ടി നേരെ തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിലേക്ക് വന്നു. കുട്ടി വിജയനൊപ്പം പോകുന്നത് കോളനിക്കാര്‍ ആരും കണ്ടതുമില്ല. കാരണം, നട്ടുച്ചയായതിനാല്‍ പലരും പുറത്തില്ലായിരുന്നു. കുന്നംകുളത്ത് ബസിറങ്ങി. പിന്നെ കൈവശമുണ്ടയാരുന്ന മദ്യം അകത്താക്കി. കുഞ്ഞിനെ ആര്‍ക്കെങ്കിലും വിറ്റ് പണമുണ്ടാക്കാനായിരുന്നു മനസിലിരുപ്പ്. പക്ഷേ, നാട്ടുകാര്‍ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ കുട്ടിയെ തിരിച്ചു കിട്ടി.

വീട്ടില്‍ യാചകരോ അപരിചതരോ വരുമ്പോള്‍ ജാഗ്രത പാാലിക്കണമെന്ന് പൊലീസ്. ഇല്ലെങ്കില്‍ , തൃശൂര്‍ ജിമ്മീസ് കോളനിയില്‍ സംഭവിച്ചതു പോലെയുണ്ടാകും. മദ്യത്തിന്റേയോ കഞ്ചാവിന്റേയോ ലഹരിയിലാകും ഒരുപക്ഷേ യാചകരെത്തുക. അവര്‍ ഇങ്ങനെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയാല്‍ ഉപദ്രവിക്കും. യാചകസംഘത്തിന് വില്‍ക്കും.

ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന അതേ വഴിയിലൂടെയാണ് ദന മാജി ഇന്നും നടന്നത്. കാൽനടയായല്ല, പുത്തൻ പുതിയ ബൈക്കിൽ. ഭവാനിപട്ടണത്തിലെ മഹേഷ് ഹോണ്ട എന്ന കടയിൽ നിന്നാണ് ഇദ്ദേഹം സിബി ഷൈൻ 125 ബൈക്ക് സ്വന്തമാക്കിയത്.

മാജിയാണ് മാറിയിരിക്കുന്നത്. ഇന്നിപ്പോൾ പഴയ ദരിദ്രനാരായണനല്ല അയാൾ. ബാങ്കിൽ അഞ്ച് വർഷ കാലാവധിയിൽ വലിയ തുക സ്ഥിരനിക്ഷേപം ഉണ്ട്. പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന പദ്ധതിയിലൂടെ പുതിയ വീടിന്റെ പണി നടക്കുകയാണ്. പെൺമക്കൾ മൂന്ന് പേരും ഇപ്പോൾ ഭുവനേശ്വറിലെ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥികളാണ്.

പുനർ വിവാഹിതനായ മാജിയിപ്പോൾ വീണ്ടും അച്ഛനാകാൻ ഒരുങ്ങുകയാണ്. മൂന്നാം ഭാര്യ അലമാതി ദേയി ഗർഭിണിയാണ്. ജീവിതനിലവാരം പെട്ടെന്ന് മാറിയെങ്കിലും മാജിയിപ്പോഴും തന്റെ സ്ഥലത്ത് കൃഷി ചെയ്ത് തന്നെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

ക്ഷയരോഗം ബാധിച്ച് മരിച്ച ഭാര്യ അമംഗ് ദേയിയുടെ മൃതദേഹം മുറുക്കെ വരിഞ്ഞുചുറ്റി തോളിലേറ്റി നടന്നുപോകുന്ന ദന മാജിയുടെയും മകളുടെയും ചിത്രം ലോകത്താകമാനം ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞത്.

ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യയും ക്ഷയരോഗം ബാധിച്ച് മരിച്ചിരുന്നു. ആദ്യ ഭാര്യയിലെ മകൾ സനന്ദിയും ഇതേ രോഗത്തിന്റെ പിടിയിലായിരുന്നു.

ഭുവനേശ്വറിലെ കലഹണ്ടി ഗ്രാമ നിവാസിയായ മാജിക്ക് ബെഹ്റിൻ പ്രധാനമന്ത്രി ഖലിഫ ബിൻ സൽമാൻ അൽ ഖലിഫ 9 ലക്ഷം രൂപയാണ് മാജിക്ക് നൽകിയത്. ഇതിനോടൊപ്പം നിരവധി പേർ മാജിക്ക് പണം നൽകി.

പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജനയിലൂടെ 75000 രൂപയാണ് വീട് നിർമ്മിക്കാൻ ലഭിച്ചത്. നാഷണൽ ഫാമിലി ബെനഫിറ്റ് പദ്ധതി പ്രകാരം 20000 രൂപയും സംസ്ഥാന സർക്കാരിന്റെ റെഡ് ക്രോസ് പദ്ധതി പ്രകാരം 50000 രൂപയും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

സുലഭ് ഇന്റർനാഷണൽ തുറന്ന ബാങ്ക് അക്കൗണ്ടിലെ സ്ഥിരനിക്ഷേപത്തിൽ നിന്ന് പ്രതിമാസം 10000 രൂപയാണ് ഇദ്ദേഹത്തിന്റെ മകൾ ചാന്ദിനിക്ക് ലഭിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്ന് അജ്ഞാതനായ ഒരാൾ 80000 രൂപ ഇദ്ദേഹത്തിന്റെയും മക്കളുടെയും പേരിൽ നാല് തവണകളിലായി ലഭിക്കും വിധം ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്.

“ഞാനൊരു ഗ്രാമീണനാണ്. ഒരു ലക്ഷം എന്ന് എന്ന് പറഞ്ഞാൽ എത്രയാണെന്ന് പോലും എനിക്കറിയില്ല. ഞാനെന്റെ മരുമകനും പെങ്ങൾക്കുമൊപ്പം കൃഷി ചെയ്യും ഇനിയും. പക്ഷെ ഇപ്പോൾ എന്റെ അയൽക്കാരുടെ കുത്തുവാക്കുകളെ എനിക്ക് സഹിക്കാനാവുന്നില്ല. ഞാൻ ധനികനായെന്ന് അവരെല്ലാം പറയുന്നു”, മാജി മുൻപ് ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞതാണിത്.

അതേസമയം ആംബുലൻസിന് വേണ്ടി മാജി ആവശ്യപ്പെട്ടിരുന്നില്ലെന്ന വാദം ഒഡീഷ സർക്കാർ ഉയർത്തിയിരുന്നു. സംഭവം വിവാദമായ സാഹചര്യത്തിലാണ് പ്രതിപക്ഷത്തു നിന്നുള്ള ചോദ്യത്തിന് ഒഡീഷ നിയമസഭയിൽ ഈ ഉത്തരം സർക്കാർ നൽകിയത്.

രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ചു. ലൈവായി ചിത്രീകരിച്ച കൊലപാതക വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.
മുഹമ്മദ് ഭാട്ടാ ഷെയ്ഖ് എന്നയാളെയാണ് ലൗജിഹാദ് ആരോപിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. കൊല നടത്തിയ ശംഭുനാഥ് റൈഗറിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുന്ന റൈഗറിന്റെ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് കൃത്യത്തെ ന്യായീകരിച്ചുകൊണ്ട് ഇയാള്‍ പറയുന്നത്.

Image may contain: one or more people, tree, outdoor and nature

 

സംഭവത്തിന് ശേഷം പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ സന്നാഹത്തെ തന്നെ നിയോഗിച്ചതായി പൊലീസ് പറഞ്ഞു. രാജ്‌സമന്ത് ജില്ലയിലെ ദേവ് ഹെറിറ്റേജ് റോഡില്‍വെച്ചായിരുന്നു കൊലപാതകം നടത്തിയത്.
പകുതി നിലയില്‍ കത്തിക്കരിച്ച ഒരാളുടെ മൃതദേഹം റോഡില്‍ക്കിടക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്തെത്തിയതെന്ന് പൊലീസ് പറയുന്നു.
വാളിന് സമാനമായ ആയുധം ഉപയോഗിച്ചായിരുന്നു ഇയാള്‍ മുഹമ്മദ് ഭാട്ടാ ഷെയ്ഖിനെ വെട്ടിയത്. മുഹമ്മദ് തന്നെ കൊല്ലരുതെന്ന് കേണപേക്ഷിക്കുന്നതും യാതൊരു ദയയും കൂടാതെ ശംഭുനാഥ് റൈഗര്‍ ഇദ്ദേഹത്തെ നിരവധി തവണ വെട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

RECENT POSTS
Copyright © . All rights reserved