ക്രൈസ്തവ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നമ്മുടെയിടയില്‍ ഭിന്നതയുടേയും വര്‍ഗീയതയുടേയും വിത്തുകള്‍ വിതയ്ക്കാന്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണമെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ സമുദായത്തിനറിയാമെന്നും പാംപ്ലാനി പറഞ്ഞു. കണ്ണൂരിലെ ചെമ്പേരിയിൽ കെസിവൈഎം യുവജന സംഗമത്തിൽ സംസാരിക്കവേയാണ് പാംപ്ലാനിയുടെ പ്രതികരണം.
നമ്മുടെ ഇടയില്‍ ഭിന്നതയുടേയും വര്‍ഗീയതയുടേയും വിത്തുകള്‍ വിതയ്ക്കാന്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണം. യുവജനങ്ങള്‍ സങ്കുചിതരായി തീര്‍ന്നാല്‍ ഒരു നാട് മുഴുവനും സങ്കുചിതത്വത്തിന്റെ അന്ധകാരത്തില്‍ പെട്ടുപോകുമെന്നുള്ള സത്യം മനസില്‍ സൂക്ഷിക്കുക, പാംപ്ലാനി പറഞ്ഞു
ഇന്ന് നമ്മുടെ പെണ്‍കുട്ടികളുടെ രക്ഷകരായി പലരും രംഗപ്രവേശം ചെയ്യുന്നുണ്ട്. നിങ്ങള്‍ ആത്മാഭിമാനമുള്ള മക്കളാണ്. തലശ്ശേരിയിലെ ഒരൊറ്റ പെണ്‍കുട്ടിയെ പോലും ആര്‍ക്കും ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാവാത്ത വിധം നട്ടെല്ലുള്ള പെണ്‍കുഞ്ഞുങ്ങളാണ് തലശ്ശേരിക്കുള്ളതെന്ന് ചങ്കൂറ്റത്തോടെ പറയാന്‍ തക്കവിധത്തില്‍ ഇവിടത്തെ യുവജനങ്ങള്‍ പ്രബുദ്ധരാവേണ്ടതുണ്ട്, പാപ്ലാനി പറഞ്ഞു.
നമ്മുടെ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ല. മറിച്ച്, നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിനറിയാം. നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വിലപറയാന്‍ ഇനി ഒരാളെ പോലും നമ്മള്‍ അനുവദിക്കുകയുമില്ല, പാംപ്ലാനി പറഞ്ഞു.
താപനില ഉയര്‍ന്നതോടെ ഉഷ്ണതരംഗം അനുഭവപ്പെടുന്ന പാലക്കാട് സൂര്യാഘാതമേറ്റ് മരണം. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്.
ഇന്നലെ മരിച്ച വയോധികയുടെ മരണ കാരണം സൂര്യാഘാതമാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെയാണ് കനാലില്‍ മരിച്ചനിലയില്‍ ലക്ഷ്മിയെ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു.
ലക്ഷ്മിക്ക് സൂര്യാഘാതമേറ്റതാകാം മരണ കാരണം എന്ന സംശയം ഇന്നലെ തന്നെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്.
41 ഡിഗ്രി ചൂടാണ് പാലക്കാട് അനുഭവപ്പെടുന്നത്. ചൂട് കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പാലക്കാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാന്‍ കാലാവസ്ഥ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ഇ.പി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച യോഗത്തില്‍ ചര്‍ച്ചയായേക്കും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട.
അതേസമയം തിരഞ്ഞെടുപ്പ് ദിനത്തില്‍ ഇ.പി-ജാവദേക്കര്‍ വിവാദം കത്തിയതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു. കൂടിക്കാഴ്ച നടത്തിയതായി വെള്ളിയാഴ്ച ജയരാജന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ജാവദേക്കര്‍ അപ്രതീക്ഷിതമായി മകന്റെ ഫ്ളാറ്റിലേക്ക് വരികയായിരുന്നുവെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നുമായിരുന്നു ഇപിയുടെ വിശദീകരണം. അതേസമയം തിരഞ്ഞെടുപ്പു വേളയില്‍ കൂടിക്കാഴ്ച വിവാദമായതോടെ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്.
കൊടുംചൂടിനെ തോൽപ്പിച്ച പ്രചാരണത്തിൽ തിരയടിച്ച ആവേശം വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല. വെള്ളിയാഴ്ച നടന്ന ലോക്സഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിങ് ശതമാനം കുറഞ്ഞു. 71.16 ശതമാനമെന്നാണ് പ്രാഥമിക കണക്ക്. 2019-ൽ ഇത് 77.67 ശതമാനമായിരുന്നു. 6.19 ശതമാനമാണ് കുറവ്. പോളിങ് കുറഞ്ഞത് മൂന്ന് മുന്നണികളേയും ആശങ്കപ്പെടുത്തുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിങ് ശതമാനം മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-66.46
2. ആറ്റിങ്ങല്‍-69.40
3. കൊല്ലം-68.09
4. പത്തനംതിട്ട-63.35
5. മാവേലിക്കര-65.91
6. ആലപ്പുഴ-74.90
7. കോട്ടയം-65.60
8. ഇടുക്കി-66.53
9. എറണാകുളം-68.27
10. ചാലക്കുടി-71.84
11. തൃശൂര്‍-72.79
12. പാലക്കാട്-73.37
13. ആലത്തൂര്‍-73.20
14. പൊന്നാനി-69.21
15. മലപ്പുറം-72.90
16. കോഴിക്കോട്-75.42
17. വയനാട്-73.48
18. വടകര-78.08
19. കണ്ണൂര്‍-76.92
20. കാസര്‍ഗോഡ്-75.94
ആകെ വോട്ടര്‍മാര്‍- 2,77,49,159
ആകെ വോട്ട് ചെയ്തവര്‍- 1,97,48,764(71.16%)
ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍- 94,67,612(70.57%)
ആകെ വോട്ട് ചെയ്ത സ്ത്രീകള്‍- 1,02,81,005(71.72%)
ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍- 147(40.05%).
ഇന്നും നാളെയും (ഏപ്രിൽ 27, 28 തീയതികളിൽ ) കൊല്ലം,തൃശൂർ,പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണു അറിയിപ്പ്.
തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളില്‍ പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
12 ജില്ലകളിൽ മഞ്ഞ അലർട്ട് (ഉയർന്ന താപനില മുന്നറിയിപ്പ്) പ്രഖ്യാപിച്ചു. പാലക്കാട് (ഉയർന്ന താപനില 41°C വരെയും), കൊല്ലം (40°C), തൃശൂർ (40°C), കോഴിക്കോട് (38°C), കണ്ണൂർ (38°C),
ആലപ്പുഴ (37°C), കോട്ടയം (37°C), എറണാകുളം (37°C), മലപ്പുറം(37°C), കാസർകോട് (37°C), പത്തനംതിട്ട (37°C), തിരുവനന്തപുരം(36°C) ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സാധാരണയെക്കാൾ 3-5°C കൂടുതൽ താലപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഏപ്രിൽ 27 മുതൽ മെയ് 01 വരെയുള്ള മുന്നറിയിപ്പാണിത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിര. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കും. പലയിടത്തും പോളിങ് രാത്രി വൈകിവരെ തുടര്‍ന്നേക്കും.
08.15 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം കേരളത്തില്‍ 70.35 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 75.74%. പത്തനംതിട്ടയിലാണ് കുറവ്- 63.35%. 11 മണ്ഡലങ്ങളില്‍ പോളിങ് സംസ്ഥാന ശരാശരിക്കും മുകളിലാണ്.
ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനും കൂടിക്കാഴ്ച നടത്തിയതില്‍ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.പി. ജയരാജന്റെ ജാഗ്രതക്കുറവിനെക്കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള കൂട്ടുകെട്ട് സാധാരണഗതിയില്‍ ഉപേക്ഷിക്കേണ്ടതാണ്. സഖാവ് ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേ തന്നെ ഉള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തില്‍ ഏറ്റവുമധികം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാന്‍ കഴിഞ്ഞുവെന്നത് നാം കാണേണ്ടതുണ്ട്.’ -പിണറായി വിജയന്‍ പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങ്. രാവിലെ പത്ത് മണി വരെ സംസ്ഥാനത്ത് 16 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. മിക്ക ബൂത്തുകള്‍ക്ക് മുന്നിലും രാവിലെ ഏഴുമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണുള്ളത്.
സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാന്‍, എം.ബി.രാജേഷ്, കൃഷ്ണന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, ഫഹദ് ഫാസില്‍ തുടങ്ങിയവരും ആദ്യമണിക്കൂറുകളിൽ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള വലിപ്പത്തില്‍ അല്ല ബാലറ്റ് യൂണിറ്റില്‍ താമര ചിഹ്നം ഉള്ളത്.രാഷ്ട്രീയപാര്‍ട്ടികളുടെ സാന്നിധ്യത്തില്‍ ചിഹ്നം സെറ്റ് ചെയ്തപ്പോള്‍ ഇങ്ങനെയായിരുന്നില്ല. കേരളത്തിലെ പല മണ്ഡലങ്ങളില്‍ നിന്നും ഇത്തരം ആക്ഷേപം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എറണാകുളത്തുനിന്ന് ഹൈബി ഈഡന്‍ രാവിലെ വിളിച്ചിരുന്നു. അവിടെയും താമര ചിഹ്നത്തില്‍ വലിപ്പം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ ആണെന്ന് പറഞ്ഞിട്ടുണ്ട്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു
പോളിങ് ബൂത്തിന് സമീപത്തായി രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്ത്കേന്ദ്രങ്ങള്‍ ദുരംപാലിച്ചില്ലെന്ന കാരണത്താല്‍ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം.-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.
ആനമൂളി ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ഇവിടെയുള്ള 95,95 പോളിങ് ബൂത്തുകളില്‍ നിന്നും 200 മീറ്റര്‍ ദൂരംപാലിച്ചില്ലെന്ന കാരണത്താല്‍ ഇരുകൂട്ടരുടെയും പന്തലിട്ട ബൂത്തുകളിലെ അലങ്കാരങ്ങളുംമറ്റും വ്യാഴാഴ്ച രാത്രി പോലീസിന്റെ സഹായത്തോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കംചെയ്തിരുന്നു. പന്തലിന്റെ കാലുകളും മറ്റും രാവിലെ നീക്കംചെയ്യാനും ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം പൊളിച്ചുനീക്കുന്നതിനിടെ ഒരുവിഭാഗം ഇതിന്റെ ചിത്രം പകര്‍ത്തിയെന്നതാണ് സംഘര്‍ഷത്തിനുകാരണമായത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിച്ചു.
രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ ആരംഭിച്ചു. ഏഴോടെ വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണ് വിധിയെഴുതുന്നു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ്. വൈകിട്ട് ആറ് വരെ വോട്ടിങ് തുടരും. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്.
പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 -വോട്ടിങ് യന്ത്രങ്ങൾ, 30,238 – ബാലറ്റ് യൂണിറ്റുകൾ, 30,238 – കൺട്രോൾ യൂണിറ്റ്, 32,698 – വി.വി. പാറ്റുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. .
രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളം (20), കർണാടക (14), രാജസ്ഥാൻ (13), മഹാരാഷ്ട്ര (8), ഉത്തർപ്രദേശ് (8), മധ്യപ്രദേശ് (7), അസം (5), ബിഹാർ (5), ഛത്തീസ്ഗഢ് (3), പശ്ചിമ ബംഗാൾ (3), മണിപ്പുർ, ത്രിപുര, ജമ്മു ആൻഡ് കശ്മീർ(ഓരോ സീറ്റു വീതം) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ഏഴുഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഈമാസം 19-ന് കഴിഞ്ഞിരുന്നു. 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകൾ അന്ന് വിധിയെഴുതി. 65.5 ശതമാനമായിരുന്നു പോളിങ്. മേയ് ഏഴിനാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകൾ അന്ന് വിധിയെഴുതും.
ജനങ്ങളുടെ വിധിയെഴുത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കാനിരിക്കെ അതിന് സജ്ജമായിരിക്കുകയാണ് കേരളം. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പാച്ചിലിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
ഇതിനിടെ വോട്ടിങ് യന്ത്രങ്ങളും മറ്റു പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തി, വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെമുതല്‍ പ്രത്യേക സജ്ജമാക്കി വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ ശേഖരിച്ചത്. തുടര്‍ന്ന് ഇവരെ പ്രത്യേക വാഹനങ്ങളിലാണ് ബൂത്തുകളിലേക്ക് എത്തിച്ചത്.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോള്‍ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ എങ്ങനെയാണ് വോട്ടിങ് പ്രക്രിയ എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.
വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
1-സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു
2-വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു
3-ഫസ്റ്റ് പോളിങ് ഓഫീസര്‍ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുകയും സ്ലിപ് നല്‍കുകയും ഒപ്പിടുവിക്കുകയും ചെയ്യുന്നു.
4-പോളിങ് ഓഫീസര്‍ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യുന്നു.
5-വോട്ടര്‍ വോട്ടിങ് നടത്തുന്നതിനുള്ള കമ്പാര്‍ട്ടുമെന്റില്‍ എത്തുന്നു. അപ്പോള്‍ മൂന്നാം പോളിങ് ഓഫീസര്‍ ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിന് സജ്ജമാക്കുന്നു. അപ്പോള്‍ ബാലറ്റ് യൂണിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടര്‍ താല്‍പര്യമുള്ള സ്ഥാനാര്‍ഥിക്ക് നേരെയുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ നീല ബട്ടണ്‍ അമര്‍ത്തുന്നു. അപ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിന് നേരേയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു. ഉടന്‍ തന്നെ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കന്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുന്നു.
വിവിപാറ്റില്‍ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടുക. വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തില്‍ സുരക്ഷിതമായിരിക്കും.
വോട്ടിങിനായി ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍
വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്
ആധാര്‍ കാര്‍ഡ്
MNREGA തൊഴില്‍കാര്‍ഡ്
ഇന്ത്യന്‍ പാസ്‌പോര്‍ട്ട്
എന്‍പിആറി്‌ന് കാഴില്‍ RGI നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്
ഡ്രൈവിങ് ലൈസന്‍സ്
പാന്‍ കാര്‍ഡ്
ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ
ഫോട്ടോ പതിച്ച ബാങ്ക്/പോസ്‌റ്റോഫീസ് പാസ്സ്ബുക്ക്
തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതിക്ക് കീഴിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവയുടെ ഫോട്ടോ പതിച്ച സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡുകള്‍
എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയം നല്‍കിയ ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്
(ഇവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡുമായി ചെന്നാല്‍ വോട്ട് ചെയ്യാന്‍ സാധിക്കും)
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. സംഭവം വിവാദമായതോടെ വിഷയത്തില്‍ പോലീസ് ഇടപെട്ടിട്ടുണ്ട്. ദൃശ്യങ്ങളിലുള്ളവരോട് സ്‌റ്റേഷനിലെത്താന്‍ ചേലക്കര പോലീസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് നിര്‍ദേശം.
അതേസമയം കാറില്‍നിന്ന് മാറ്റിയത് പണിയായുധങ്ങളാണ് എന്നാണ് ദൃശ്യങ്ങളിലുള്ളവര്‍ പറയുന്നത്. വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്ന് ഇടതുപ്രവര്‍ത്തകന്‍ സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. ഫ്‌ളക്‌സ് വയ്ക്കാന്‍ പോയ മറ്റ് ചില പ്രവര്‍ത്തകരുടെ ആയുധങ്ങളാണ് വണ്ടിയിലുണ്ടായിരുന്നത്. കൊട്ടിക്കലാശത്തിന് പോകാന്‍ വണ്ടിയില്‍ കയറിയപ്പോഴാണ് ഇത് കണ്ടത്. വഴിയില്‍ പരിശോധന ഉണ്ടാകുമ്പോള്‍ പ്രശ്‌നമാകേണ്ട എന്നുകരുതി ആയുധങ്ങള്‍ മാറ്റിവച്ചതാണെന്നും സുരേന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കനമുള്ള രണ്ട് വെട്ടുകത്തിയാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോപണം നിഷേധിച്ച് ഇടതുസ്ഥാനാര്‍ഥി കെ. രാധാകൃഷ്ണനും രംഗത്തെത്തി. പ്രചാരണവാഹനത്തില്‍ ആയുധം കൊണ്ടുനടക്കുന്ന പരിപാടി തങ്ങള്‍ക്കില്ലെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ദൃശ്യങ്ങളിലുള്ളത് ആരാണെന്നോ എന്താണ് സംഭവമെന്നോ അറിയില്ല. ബാലറ്റ് യുദ്ധമാണ് നടക്കുന്നത്, ആയുധ യുദ്ധമല്ല. ഇത് എന്താണ് സംഭവമെന്ന് അന്വേഷിച്ചോട്ടെ. എതിരാളികള്‍ക്ക് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇതുമായി വന്നത്. പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.