India

വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന 2013 ലെ നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.

കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മേരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുണ്ടായിരുന്ന കേസാണ് ജസ്റ്റിസ് പി.വികുഞ്ഞികൃഷ്ണന്‍ റദ്ദാക്കിയത്.

വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഏറെ തര്‍ക്കങ്ങളും നിയമ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സമയത്താണ് ഹൈക്കോടതിയില്‍ നിന്ന് ഇത്തരമൊരു വിധി വരുന്നത് എന്നതും ശ്രദ്ധേയമാണ്.

വഖഫ് ബോര്‍ഡിന്റെ പരാതിയനുസരിച്ചാണ് പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 1999 ലാണ് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. കാലാകാലങ്ങളില്‍ ഇതിന്റെ വാടക കരാര്‍ പുതുക്കുകയും ചെയ്തിരുന്നു.

പോസ്റ്റ് ഇരിക്കുന്ന സ്ഥലത്ത് ഷോപ്പിങ് കോംപ്ലെക്‌സ് നിര്‍മിക്കുന്നതിനാല്‍ തന്റെ തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റണമെന്നും കെട്ടിടം ഉടമസ്ഥന്‍ പോസ്റ്റ് ഓഫിസ് അധികൃതരോട് ആവശ്യപ്പെട്ട പ്രകാരം 2005 ജൂണില്‍ പോസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിലേക്കു മാറ്റി.

കെട്ടിടത്തിന് മതിയായ സുരക്ഷ ഉണ്ടാകണമെന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് കെട്ടിടത്തിന് പുതിയ ഗ്രില്‍ വച്ചു നല്‍കാമെന്ന് ഉടമസ്ഥന്‍ 2006 ഓഗസ്റ്റില്‍ അറിയിച്ചെങ്കിലും 2014 വരെ ഇതു നടപ്പാക്കിയില്ല. ഈ സമയം വരെ വാടകയും സ്വീകരിച്ചിരുന്നു.

പിന്നീട് കെട്ടിടം ഉടമ വാടക സ്വീകരിക്കാതായി. പിന്നാലെ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ഓഫിസിനു നോട്ടിസും അയച്ചു. ഇതിനൊപ്പം സ്ഥലം തിരിച്ചു പിടിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ട്രൈബ്യൂണലിലും സ്ഥലമുടമ പരാതി നല്‍കി. ട്രൈബ്യൂണല്‍ ഇതിനിടെ സ്ഥലമുടമയ്ക്ക് അനുകൂലമായി വിധി പറഞ്ഞെങ്കിലും പോസ്റ്റ് ഓഫിസിന്റെ അപ്പീലില്‍ ഈ വിധി റദ്ദാക്കി.

പിന്നീടാണ് പോസ്റ്റ് ഓഫിസ് ഭൂമി കയ്യേറിയെന്നു കാണിച്ച് വഖഫ് ബോര്‍ഡ് സിഇഒ നോട്ടിസ് ഇറക്കുന്നത്. കേസ് വീണ്ടും ട്രൈബ്യൂണല്‍ മുമ്പാകെയെത്തി. 45 ദിവസത്തിനകം സ്ഥലമൊഴിയണമെന്ന് ട്രൈബ്യൂണല്‍ പോസ്റ്റ് ഓഫിസിന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് സ്ഥലം തേടി പോസ്റ്റ് ഓഫിസ് പത്ര പരസ്യങ്ങള്‍ നല്‍കിയെങ്കിലും സ്ഥലം കിട്ടിയില്ല.

ഇതിനു പിന്നാലെയാണ് പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ക്കെതിരെ 2013 ലെ നിയമഭേദഗതി പ്രകാരമുള്ള വഖഫ് നിയമത്തിലെ വകുപ്പ് 52 എ അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ചത്. ഇതിനെതിരെ പോസ്റ്റ് ഓഫിസ് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പോസ്റ്റ് ഓഫിസ് 1999 മുതല്‍ പ്രവര്‍ത്തിക്കുകയാണെന്നും നിയമ ഭേദഗതി വന്നത് 2013 ലാണെന്നും ചൂണ്ടിക്കാട്ടിയ കോടതി ഈ വകുപ്പനുസരിച്ചുള്ള കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി കേസ് റദ്ദാക്കുകയായിരുന്നു.

വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്‌ണനും കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനും സസ്പെൻഷൻ. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ്‌ ഗോപാലകൃഷ്‌ണൻ നേരിടുന്നത്‌. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരേ നടപടി.

എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ച പ്രശാന്തിനെതിരേ നടപടിക്ക് ശുപാര്‍ശചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ കെ. ഗോപാലകൃഷ്ണനെതിരേ നടപടി ശുപാര്‍ശചെയ്തും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ഞായറാഴ്ചയും ജയതിലകിനെതിരേ പ്രശാന്ത് അധിക്ഷേപം തുടര്‍ന്നു. ഇതുകൂടി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സ്വമേധയായാണ് റിപ്പോര്‍ട്ട് നല്‍കിയത്.

പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ജയതിലകിനെതിരെ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ‘അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തി’യെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത് അദ്ദേഹത്തിനെതിരായ ഫയലുകള്‍ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി. കൂടാതെ ‘മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി’യാണ് ജയതിലക് എന്ന് കമന്റ് ബോക്‌സിലും കുറിച്ചു. വിവാദമായതോടെ ഈ കമന്റ് അദ്ദേഹം നീക്കം ചെയ്തു.

മുതിര്‍ന്ന ഉദ്യോഗസ്ഥനെ പരസ്യമായി അവഹേളിക്കുന്നതില്‍നിന്ന് പിന്മാറാന്‍ സഹപ്രവര്‍ത്തകരും പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്ക് പേടിയില്ലെന്നു പറഞ്ഞാണ് അധിക്ഷേപം ആവര്‍ത്തിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കരുതെന്നാണ് ചട്ടമെന്നും ജയതിലകിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ചട്ടത്തിലില്ലെന്നുമുള്ള വിചിത്രവാദമാണ് പ്രശാന്ത് ഉന്നയിച്ചത്.

ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ വിവാദം അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിച്ചേര്‍ന്ന് പ്രശാന്ത് ഉണ്ടാക്കിയതാണെന്നാരോപിച്ച് മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രംഗത്തുവന്നിരുന്നു. എന്നാല്‍, മേഴ്സിക്കുട്ടിയമ്മ ആരാണെന്നു ചോദിച്ച് അവഹേളിക്കുകയായിരുന്നു അവരുടെ വകുപ്പിലുണ്ടായിരുന്ന പ്രശാന്ത് ചെയ്തത്.

മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലുള്ള വാട്ട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കിയത് കെ.​ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്താണെന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിൽ ഫോണുകൾ ഫോർമാറ്റ് ചെയ്തെന്നും സിറ്റി പോലീസ് കമ്മീഷണർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ​വിവാദമായ ​ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതിനാൽ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്ന് മെറ്റ നേരത്തേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

ഗോപാലകൃഷ്ണന്റെ ഫോണിൽ പ്ലേ സ്റ്റോറിൽനിന്നല്ലാത്ത ആപ്ലിക്കേഷനുകൾ ഉപയോഗിച്ചിട്ടില്ലെന്ന് ഗൂഗിൾ പോലീസിനെ അറിയിച്ചിരുന്നു. ഫോൺ മറ്റിടങ്ങളിൽനിന്ന് നിയന്ത്രിക്കപ്പെട്ടിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാവും മറുപടി നൽകിയിട്ടുണ്ട്. ഇതോടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഫോൺ ഹാക്ക് ചെയ്താണെന്ന ഗോപാലകൃഷ്ണന്റെ വാദം പൊളിഞ്ഞു.

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്’ ആരംഭിച്ചതിനു പിന്നാലെയായിരുന്നു മല്ലു മുസ്‌ലിം ഓഫീസേഴ്‌സ് എന്ന ഗ്രൂപ്പ് തുടങ്ങിയത്. ആദ്യഗ്രൂപ്പിൽ അംഗങ്ങളായവരിൽ ചിലർ അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. തുടർന്നാണ് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും 11 വാട്‌സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചതായി മനസ്സിലാക്കിയെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് സന്ദേശമയച്ചത്. തുടർന്ന് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയുമുണ്ടായി.

ഇതിനുപിന്നാലെയാണ് ‘മല്ലു മുസ്‌ലിം ഓഫീസേഴ്‌സ്’ എന്ന ഗ്രൂപ്പുണ്ടായത്. അബദ്ധം മനസ്സിലാക്കിയശേഷം തന്റെ വാദം സാധൂകരിക്കാനായാണ് രണ്ടാമത്തെ ഗ്രൂപ്പ് തുടങ്ങിയതെന്നാണ് കരുതുന്നത്. ആദ്യഗ്രൂപ്പ് തുടങ്ങിയതിനുപിന്നാലെ ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് ഒരു കേന്ദ്ര ഉദ്യോഗസ്ഥന് അയച്ചെന്നും പോലീസിന് വിവരംലഭിച്ചിരുന്നു. സ്വകാര്യനേട്ടത്തിനുവേണ്ടിയായിരുന്നു ഇതെന്ന സംശയവുമുണ്ട്. സംഭവംനടന്ന് രണ്ടുദിവസത്തിനുശേഷംമാത്രമാണ് തന്റെ ഫോൺ ഹാക്ക് ചെയ്തെന്നുകാട്ടി കെ. ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയത്.

കൊച്ചിയിൽ ഒഡീഷ സ്വദേശിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ശിവപ്രസാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ശിവപ്രസാദ് 28 ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചി എസിപി ഓഫീസിൽ കീഴടങ്ങിയത്.

പിന്നാലെ നെഞ്ച് വേദനയുണ്ടെന്നും ആശുപത്രിയിൽ പോകണമെന്നും പ്രതി പറഞ്ഞതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർ പരിശോധനകൾക്ക് ശേഷം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് 75കാരനായ ശിവപ്രസാദിനെ ഡിസ്ചാർജ് ചെയ്തത്. 22 വയസ്സുള്ള, ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ശീതളപാനീയത്തിൽ മദ്യം നൽകിയാണ് ഇയാൾ കഴിഞ്ഞ മാസം 15 ആം തിയതി പീഡിപ്പിച്ചത്.

ഹോർട്ടികോർപ്പ്, ഫിഷറീസ്, പ്ലാന്റേഷൻ കോർ‍പ്പറേഷൻ എംഡി അടക്കം നിരവധി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ് ശിവപ്രസാദ്.ബലാത്സംഗത്തിന് ശേഷം ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി എറണാകുളം ജില്ല സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളിയിരുന്നു.

വീട്ടുജോലിക്കാരിയായ യുവതിയെ വൈറ്റിലയിലെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ശീതളപാനീയത്തിൽ മദ്യം നൽകിയായിരുന്നു ഇയാൾ ബലാത്സംഗം ചെയ്തത്. ഇക്കാര്യം യുവതി തന്റെ ബന്ധുവിനെ അറിയിച്ചതോടെയാണ് പൊലീസെത്തി ഇവരെ വീട്ടിൽ നിന്നും പുറത്തെത്തിച്ചത്. മുന്പും തന്നോട് ശിവപ്രസാദ് അപമര്യാദയായി പെരുമാറി എന്ന ഇരയുടെ മൊഴിയെ തുടർന്ന് മറ്റൊരു കേസ് കൂടി ശിവപ്രസാദിന് എതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുനമ്പം ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി പി.രാജീവ്. എറണാകുളം ഗസ്റ്റ് ഹൗസിൽ സമരസമിതി അംഗങ്ങളും മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അ‌ദ്ദേഹം.

‘ഒരാളും ഇറങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാകില്ലെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു. പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ ഒരു ഉന്നതതല യോഗം ചേരാൻ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റിവെക്കേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം 22ന് യോഗം ചേരും’ -മന്ത്രി രാജീവ് കൂട്ടിച്ചേർത്തു.

വിഷയത്തിൽ പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും സമാധാനപരാമായി നടത്തുന്ന ഉപവാസ സമരം തുടരുമെന്നും സമരസമിതി നേതാവ് ജോസഫ് ബെന്നി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് കരുത്തേകി കൊച്ചി ബോള്‍ഗാട്ടിയില്‍ നിന്ന് പറന്നുയര്‍ന്ന സീപ്ലെയിന്‍ മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡ് ചെയ്തു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ്, വി. ശിവന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിമാരും സീപ്ലെയിനില്‍ യാത്ര ചെയ്തു.

മൈസുരുവില്‍ നിന്ന് ഇന്നലെയാണ് ജല വിമാനം കൊച്ചിയിലെത്തിയത്. കനേഡിയന്‍ കമ്പനിയുടെ ജല വിമാനമാണിത്. സമീപ ഭാവിയില്‍ തന്നെ കൂടുതല്‍ സീ പ്ലെയിനുകള്‍ അവതരപ്പിക്കാന്‍ കഴിയുമോ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചിന്തിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസത്തിനു പുറമേ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീ പ്ലെയിന്‍ പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റര്‍മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സര്‍വീസ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.

റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ട ആംഫീബിയസ് എയര്‍ക്രാഫ്റ്റാണ് കേരളത്തിലെത്തിയത്.

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വലിയ ജനാലകള്‍ ഉള്ളതിനാല്‍ കാഴ്ചകള്‍ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമ ഘട്ടത്തിന്റെയും ആകാശ കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികര്‍ക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക.

എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജല വിമാനങ്ങളുടെ ആകര്‍ഷണീയതയാണ്. ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ ഡാമുകള്‍, ആലപ്പുഴയിലെ വേമ്പനാട്ട് കായല്‍, കൊല്ലം അഷ്ടമുടിക്കായല്‍, കാസര്‍കോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാന താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിന്‍ ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കൊല്ലം കല്ലുംതാഴത്ത് നാല് വയസുകാരനെ സ്പൂൺ ചൂടാക്കി പൊള്ളിച്ചെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടി പണം എടുത്തെന്ന് ആരോപിച്ച് അമ്മ സ്പൂൺ ചൂടാക്കി പൊള്ളിച്ചെന്ന് മനുഷ്യാവകാശ പ്രവർത്തകർ പൊലീസിനെ അറിയിച്ചിരുന്നു.

തുടർന്ന് അമ്മയെയും കുഞ്ഞിനെയും പൊലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കിളിക്കൊല്ലൂർ പൊലീസാണ് യുവതിക്കെതിരെ സ്വമേധയാ കേസെടുത്തത്. കുട്ടിയുടെ കാലിൽ ചായ വീണ് പൊള്ളിയതാണെന്നാണ് അമ്മ ആദ്യം പൊലീസിനോട് പറഞ്ഞത്.

പിന്നീട് നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. നാളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകണമെന്ന് യുവതിക്ക് പൊലീസ് നോട്ടീസ് നൽകി. തുടർന്ന് കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടയച്ചു.

വേളാങ്കണ്ണിയില്‍ നിന്ന് യാത്രക്കാരുമായി ചങ്ങനാശേരിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡീലക്‌സ് ബസും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു.

ഇവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 4.20 ന് തഞ്ചാവൂരിന് 29 കിലോമീറ്റര്‍ അകലെ പൂണ്ടി എന്ന സ്ഥലത്തായിരുന്നു അപകടം. ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു.

ബസ് ഡ്രൈവര്‍ ജിമോദ് ജോസഫിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ടക്ടര്‍ അഭിജിത്തിനും ചെറിയ പരിക്കുണ്ട്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അപകടത്തില്‍പെട്ട തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയുടെ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. കെഎസ്ആര്‍ടിസി ചങ്ങനാശേരി ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല.

മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഡോ.എ.ജയതിലകിനെതിരേ നടത്തിയ പരാമര്‍ശത്തില്‍ നടപടി വരാനിരിക്കെ തനിക്കെതിരെ ആരോപണം ഉന്നയിച്ച മുന്‍മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയെ പരിഹസിച്ച് കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത്. മേഴ്‌സിക്കുട്ടിയമ്മ ആരാണെന്നാണ് പ്രശാന്തിന്റെ ചോദ്യം. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ എന്നൊരാള്‍ കമന്റിട്ടിരുന്നു. ഇതിനു മറുപടിയായായണ് ‘ഹൂ ഈസ് ദാറ്റ്’ എന്ന് പ്രശാന്ത് ചോദിച്ചത്.

ഐഎഎസ് തലപ്പത്തെ തമ്മിലടി തുടരുന്നതിനിടെയാണ് എന്‍. പ്രശാന്തിനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയത്. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതില്‍ പ്രശാന്ത് വില്ലന്റെ റോളില്‍ പ്രവര്‍ത്തിച്ചുവെന്നായിരുന്നു ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രശാന്ത് യുഡിഎഫിനു വേണ്ടി ഗൂഢാലോചന നടത്തി. വഞ്ചനയുടെ പര്യായമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രശാന്ത്. ആഴക്കടല്‍ മത്സ്യബന്ധനം അതിന്റെ തെളിവാണെന്നും മേഴ്‌സിക്കുട്ടിയമ്മ കാര്യകാരണ സഹിതം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം, അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി എന്‍.പ്രശാന്ത് രംഗത്തെത്തിയിരുന്നു. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസില്‍ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങള്‍ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജയതിലകിനെയും ഗോപാലകൃഷ്ണനെയും വാര്‍ത്ത കൊടുത്തതിന് മാതൃഭൂമിയേയും വിമര്‍ശിച്ച് നേരത്തെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പരാമര്‍ശമുണ്ടായിരുന്നു. ഒരുപാട് പേരുടെ ജീവിതം ജയതിലക് തകര്‍ത്തെന്നാണ് പ്രശാന്തിന്റെ വിമര്‍ശനം. കൂടുതല്‍ വിവരങ്ങള്‍ പേജിലൂടെ പുറത്തുവിടുമെന്ന മുന്നറിയിപ്പുമുണ്ട്.

ഐ.എ.എസുകാരുടെ ചട്ടപ്രകാരം സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണെന്നും മാതൃഭൂമിയേയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ അല്ലെന്നും അഞ്ചുകൊല്ലം നിയമം പഠിച്ച തന്നെ പഠിപ്പിക്കാന്‍ വരണ്ടെന്നും പ്രശാന്ത് പോസ്റ്റില്‍ പറയുന്നു. ‘ഡോ. ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തില്‍ ചിലര്‍ ഉപദേശിക്കുന്നുണ്ട്. സ്വയം അപകടം വിളിച്ച് വരുത്താതിരിക്കാന്‍ അതാണത്രെ നല്ലത്. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാല്‍, എനിക്ക് ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവര്‍ക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക് തോന്നുന്നുള്ളൂ’, പ്രശാന്ത് പോസ്റ്റില്‍ പറയുന്നു.

‘പൊതുജനമധ്യത്തില്‍ സിവില്‍ സര്‍വ്വീസിന്റെ ‘വില’ കളയാതിരിക്കാന്‍ മൗനം പാലിക്കാനും ചിലര്‍ ഉപദേശിക്കുന്നു. വ്യാജ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കുകയും, ഫയലുകള്‍ അപ്രത്യക്ഷമാക്കുകയും, വട്സാപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവില്‍ സര്‍വ്വീസില്‍ ഉണ്ട് എന്നത് ലജ്ജാവഹമാണ്. എന്നാലത് ഒളിച്ച് വെക്കുകയാണോ വേണ്ടത്? പിന്തിരിപ്പന്‍ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെ വീടുകളില്‍ ‘പീഡോഫീലിയ’ പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ രഹസ്യമായി വെക്കാന്‍ ഉപദേശിക്കുന്ന അതേ ലോജിക്! വിവരങ്ങള്‍ പുറത്ത് വരുന്നതില്‍ എന്തിനാണ് ഭയം? ഇതേ പേജില്‍ എല്ലാ വിവരങ്ങളും വരും. നടപടിയെടുക്കാന്‍ ഒരുങ്ങുമ്പോഴും വെല്ലുവിളി തുടരുകയാണ് പ്രശാന്ത്.

മുമ്പില്ലാത്തവിധം അസാധാരണനിലയിലേക്കാണ് ഐഎഎസ് പോര് മാറുന്നത്. ജയതിലകിനെ മനോരോഗി എന്ന് വിശേഷിപ്പിച്ച എന്‍ പ്രശാന്തിനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടിക്കാണ് സര്‍ക്കാര്‍ നീക്കം. പക്ഷെ ജയതിലകിനെയും ഗോപാലകൃഷ്ണനെയും വിടാതെ പരസ്യവിമര്‍ശനം തുടരുകയാണ് പ്രശാന്ത്. ജയതിലക് കല്‍പ്പിക്കുന്ന രീതിയില്‍ ഫയലും നോട്ടുമെഴുതാത്ത സത്യസന്ധരായ നിരവധി ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് പുതിയ ആരോപണം. സര്‍ക്കാറിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണ് സര്‍വ്വീസ് ചട്ടം, ജയതിലകിനെയോ ഗോപാലകൃഷ്ണനയോ വിമര്‍ശിക്കരുതെന്നല്ലെന്ന് പറഞ്ഞാണ് പ്രശാന്തിന്റെ വെല്ലുവിളി. ഒരു ഒത്ത് തീര്‍പ്പിനുമില്ലാതെ വാശിയോടെ വെല്ലുവിളിയുമായി മുന്നോട്ട് പോകുമെന്നാണ് പ്രശാന്തിന്റെ ഭീഷണി. പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ ജയതിലകിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ വരെ പറഞ്ഞാണ് പ്രശാന്തിന്റെ വിമര്‍ശനം.

വീട്ടിൽ മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ യുവാവ് പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്ത് (31) നെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് ആയിരുന്നു സംഭവം.

വീടിന്‍റെ മതിൽ ചാടി കടന്നശേഷം തുറന്നിട്ടിരുന്ന ജനാല വഴിയാണ് പ്രതി യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന ദൃശ്യങ്ങള്‍ പകർത്തിയത്. മൊബൈലിന്‍റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു.

പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്ത്രീകൾക്കു മേലുള്ള അതിക്രമത്തിനും പുറമേ ഐടി ആക്ട് വകുപ്പ് പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ വിവിധ സ്റ്റേഷനുകളിലായി സ്ത്രീകളെ അതിക്രമിച്ചതിനും പിടിച്ചുപറിക്കും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തു.

മുനമ്പം സമരത്തിന് പൂർണ പിന്തുണയുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമരവേദിയിലെത്തി. സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സമരത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ലെന്നും മാർ റാഫേൽ തട്ടിൽ സമരക്കാരോട് പറഞ്ഞു.

‘സമരത്തിൽ ഏത് അറ്റം വരെ പോകേണ്ടിവന്നാലും കൂടെ ഞാനുണ്ടാകും. നിങ്ങളുടെ മരണം വരെ, അവസാനത്തെ പോരാളി മരിച്ചു വീഴുന്നത് വരെ ഞാനുണ്ടാകും കൂടെ. ഗാന്ധിജിയുടെ സത്യഗ്രഹ മാതൃകയിൽ പോരാട്ടം നടത്തും. അക്രമസക്തമായ രീതിയിൽ അല്ല’- മാർ റാഫേൽ തട്ടിൽ പറഞ്ഞു.

ക്രൈസ്തവ പുരോഹിതർ വർഗീയത പറയുന്നുവെന്ന വഖഫ് മന്ത്രി വി അബ്ദുറഹിമാന്റെ പരാമർശത്തിനും മാർ റാഫേൽ മറുപടി നൽകി. ‘മന്ത്രി പറയുന്നത് കേട്ട് എന്റെ ഈ ളോഹ ഊരി മാറ്റാൻ കഴിയുമോ? ഞാൻ നിൽക്കുന്ന ആശയങ്ങൾ മാറ്റുമെന്ന് കരുതുന്നുണ്ടോ? ഞങ്ങൾ സമരക്കാരുടെ ഇടയന്മാർ ആണ്. ജനങ്ങളുടെ കൂടേ നിൽക്കുന്നില്ല എങ്കിൽ ഒറ്റുകാരാകും. ളോഹ ഊരിമാറ്റി ഖദർ ഷർട്ട് ഇട്ട് സമര പന്തലിൽ വന്നു നിൽക്കാനാകില്ല’- മാർ റാഫേൽ തട്ടിൽ പറഞ്ഞു.
മാർ റാഫേൽ തട്ടിൽ സമരപ്പന്തലിൽ

മനുഷ്യത്വരഹിതമായ രീതിയിൽ സമരക്കാരുടെ ആവശ്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും മുനമ്പംകാർക്ക് മനുഷ്യത്വപരമായി നീതിയും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.

അതേസമയം മുനമ്പം വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് കത്തോലിക്കാ സഭ. മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച എല്ലാ പള്ളികളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ കത്തോലിക്കാ കോൺഗ്രസ് ആഹ്വാനം ചെയ്തു.

610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്നും വഖഫ് ബോർഡിന്റെ അവകാശവാദം ഉപക്ഷേിക്കണമെന്നുമാണ് കെസിബിസിയുടെയും കെആർഎൽസിസിയുടെയും ആവശ്യം. മുനമ്പത്തെ 610 കുടുംബങ്ങൾ നിയമാനുസൃതം സ്വന്തമാക്കിയിട്ടുള്ള സ്ഥലം വഖഫ് ഭൂമിയാണെന്ന അവകാശവാദമാണ് ഒരു ജനതയെ സമര മുനമ്പത്ത് എത്തിച്ചത്.

RECENT POSTS
Copyright © . All rights reserved