കൊല്‍ക്കത്ത: ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലോക്സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദയാഘാതവും ഇദ്ദേഹത്തിനുണ്ടായി. ഇന്ന് രാവിലെ 8.30ഓടെയാണ് അന്ത്യമുണ്ടായത്. ഇദ്ദേഹം മസ്തിഷ്കാഘാതത്തിനും ചികിത്സയിലായിരുന്നു.
2004-2009-ല്‍ ആദ്യ യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ് സി.പി.എം. നേതാവായിരുന്ന ചാറ്റര്‍ജി ലോക്സഭാ സ്പീക്കറായത്. പിന്നീട് ആണവക്കരാറുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ച സമയത്ത് ഇദ്ദേഹം സി.പി.എമ്മുമായി അകലുകയും പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ബംഗാളില്‍നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജി നാലു പതിറ്റാണ്ടോളം പാര്‍ലമെന്റ് അംഗമായിരുന്നു.
2008ല്‍ സിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. ആസാമിലെ തേജ്പുരില്‍ 1929ല്‍ ആണ് സോമനാഥ് ചാറ്റര്‍ജി ജനിച്ചത്. അഭിഭാഷകനും ബുദ്ധിജീവിയുമായിരുന്ന നിര്‍മല്‍ ചന്ദ്രചാറ്റര്ജിയും ബീണാപാണി ദേബിയുമായിരുന്നു മാതാപിതാക്കള്‍. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജ്, കല്‍ക്കത്ത യൂണിവേഴ്സിറ്റി, കേംബ്രജിലെ ജീസസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
മോമോ ഗെയിമിനെ സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും കേരള പോലീസ്. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വ്യാജപ്രചരണങ്ങളിലൂടെ മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഫേസ്ബുക്കിൽ കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർ സെല്ലിനേയോ, കേരള പോലീസ് സൈബർ ഡോമിനെയോ അറിയിക്കുക. എന്നാൽ വ്യാജനന്പരുകളിൽനിന്നു മോമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുള്ള മോമോ ചലഞ്ച് വാട്സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അജ്ഞാതനെ പരിചയപ്പെടാൻ ആവശ്യപ്പെടുന്ന മെസേജിൽനിന്നാണ് ചലഞ്ചിന്റെ തുടക്കം. തുടർന്ന് കുട്ടികളുടെ കോണ്ടാക്ട് നന്പർ സ്വന്തമാക്കിയശേഷം ഓരോ ടാസ്കുകൾ നൽകുന്നു. പേടിപ്പെടുത്തുന്ന മെസേജുകളും വീഡിയോകളും ഇതിനിടെ കുട്ടികൾക്ക് മോമോ അഡ്മിൻ അയച്ചുകൊടുക്കും. സ്വയം മുറിവേൽപ്പിക്കാനും ആത്മഹത്യ ചെയ്യാനുമൊക്കെ പ്രേരണ നൽകുന്നതാണ് മോമോ ചലഞ്ചിലെ ടാസ്കുകളെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക, മെക്സിക്കോ, ജർമനി, അർജന്റീന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മോമോ ചലഞ്ചിലേർപ്പെട്ടവരുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾ മോമോയ്ക്കെതിരേ ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കിൽ മോമോയ്ക്കെതിരേ ജാഗ്രത വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കേരളത്തിലെ അതിവർഷവും വെള്ളപ്പൊക്കവും നിമിത്തം ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി യൂണിമണിയുടെയും യുഎഇ എക്സ്ചേഞ്ചിന്റെയും ചെയർമാൻ ഡോ. ബി.ആർ.ഷെട്ടി. രണ്ട് കോടി രൂപയുടെ സഹായം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അദ്ദേഹം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കൂടാതെ കേരളത്തിലെ വിപുലമായ യൂണിമണി ശൃംഖലയിലെ നൂറുകണക്കിന് ജീവനക്കാരും സന്നദ്ധ സഹായ പ്രവർത്തനങ്ങളുമായി ദുരിതബാധിത പ്രദേശങ്ങളിൽ സേവനരംഗത്ത് ഇറങ്ങിയതായി ഡോ. ഷെട്ടി അറിയിച്ചു. ജനങ്ങളെ മാറ്റിപ്പാർപ്പിച്ച അടിയന്തര കേന്ദ്രങ്ങളിൽ ആഹാരസാധനങ്ങളും മരുന്നുകളും രക്ഷാ സാമഗ്രികളും മറ്റും എത്തിക്കുന്നതിൽ ഇവർ വ്യാപൃതരാണ്.
തന്റെ ജീവിതവൃത്തവുമായി ഏറ്റവുമടുത്ത കേരളീയ സമൂഹത്തിന്റെ ഈ അപ്രതീക്ഷിത ദുരന്തത്തിൽ അഗാധമായ ഖേദമുണ്ടെനും ഇരകളാക്കപ്പെട്ട സഹോദരങ്ങൾക്ക് തങ്ങളാലാവുന്ന പരമാവധി സഹായമെത്തിക്കുമെന്നും ഡോ. ബി.ആർ.ഷെട്ടി പറഞ്ഞു. ഇപ്പോഴത്തെ അടിയന്തര നടപടികളിലെന്ന പോലെ, ഭാവിയിൽ ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ നേരിടാൻ സർക്കാർ സ്വീകരിക്കുന്ന സുരക്ഷിതത്വ പദ്ധതികളിലും ‘യൂണിമണി’ ഉൾപ്പെടെ തങ്ങളുടെ സ്ഥാപനങ്ങൾ ഉചിതമായ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളീയ സമൂഹത്തിന്റെ ഈ ദുരവസ്ഥ പരിഹരിക്കുന്നതിനായി പ്രവാസി മലയാളികളുടെ കൂടി മനസ്സ് ഏറ്റെടുത്തുകൊണ്ടാണ് തങ്ങൾ ദുരന്ത നിവാരണ ശ്രമങ്ങളിൽ പങ്കാളികളാവുന്നതെന്ന് ഗ്രൂപ്പ് സി.ഇ.ഒ.യും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
സംസ്ഥാനത്തുണ്ടായ ഈ പ്രളയദുരന്തം മൂലം ജീവഹാനി വന്നവരുടെ കുടുംബങ്ങളെയും ഭൂമിയും വീടും കൃഷിയും നഷ്ടപ്പെട്ട ജനങ്ങളെയും ആശ്വസിപ്പിക്കാനും പുനരധിവസിപ്പിക്കാനും പൂർണ്ണ ജനപങ്കാളിത്തത്തോടെ സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കുമ്പോൾ ഡോ. ബി.ആർ.ഷെട്ടിയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും നല്കുന്ന അവസരോചിതമായ പിന്തുണക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി പറഞ്ഞു.
മണ്ണാര്‍ക്കാട്: വീട്ടില്‍നിന്ന് നിധിയെടുത്തുകൊടുക്കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് 82 ലക്ഷം രൂപ വെട്ടിച്ച സിദ്ധന് അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശിയായ അബ്ദുള്‍ അസീസാണ് പോലീസ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിശ്വാസവഞ്ചന, വണ്ടിച്ചെക്ക് നല്കി കബളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പയ്യനെടം തോട്ടാശ്ശേരി സ്വദേശിനിയായ ആയിഷയെന്ന യുവതിയില്‍ നിന്നാണ് ഇയാള്‍ രണ്ട് തവണയായി 82 ലക്ഷം രൂപ വെട്ടിച്ചത്.
ആയിഷയുടെ വീട്ടില്‍ നിധിയുണ്ടെന്നും ചില കര്‍മ്മങ്ങള്‍ നടത്തിയാല്‍ നിധിയിരിക്കുന്ന സ്ഥലം കാണിച്ചു തരാമെന്നും അബ്ദുള്‍ അസീസ് പറഞ്ഞു. ഇതിലേക്കായി വന്‍തുക ആവശ്യമാണെന്നും ഇയാള്‍ ആയിഷയെ ബോധ്യപ്പെടുത്തിയിരുന്നു. 2016 ഓഗസ്റ്റ് 7ന് വീടും കൃഷിസ്ഥലവുമെല്ലാം വിറ്റ 60 ലക്ഷം രൂപയും 2016 സെപ്റ്റംബര്‍ രണ്ടിന് സ്വര്‍ണം വിറ്റ വകയിലും മറ്റുമുള്ള 22 ലക്ഷവും ഇയാള്‍ക്ക് കൈമാറിയതായി ആയിഷ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് 4 കോടിയുടെ ഡയമണ്ടാണെന്ന് വ്യക്തമാക്കി ഒരു കല്ല് ആയിഷയ്ക്ക് ഇയാള്‍ നല്‍കുകയും ചെയ്തു.
പിന്നീട് ഈ കല്ല് വ്യാജമാണെന്ന് മനസിലാക്കിയ ആയിഷ സിദ്ധനോട് പണം തിരികെ ആവശ്യപ്പെട്ടിരുന്നു. 20 ലക്ഷത്തിന്റെ നാല് ചെക്കുകള്‍ ഇയാള്‍ ആയിഷയ്ക്ക് കൈമാറി. ഇത് മാറാനായി ബാങ്കിനെ സമീപിച്ചെങ്കിലും അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. ഇതോടെ പരാതി കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ചെറുതോണിയില്‍ അപ്രതീക്ഷിതമായിരുന്നു ആ കുത്തൊഴുക്ക്. ഇടുക്കി ചെറുതോണി ഡാമിന്റെ നാലാം ഷട്ടറും തുറന്നതിന് പിന്നാലെ അസാധാരണമായ കുത്തൊഴുക്ക്. ബസ് സ്റ്റോപ്പിന്റെ ഒരു ഭാഗം ഒഴുകിപ്പോയി. ഒപ്പം മരങ്ങളും കടപുഴകി ചെറുതോണി പാലത്തില്‍ ചെന്നുതട്ടിനിന്നു. അക്കരെയിക്കരെ പോകാന്‍ ആളുകള്‍ പേടിക്കുന്ന സാഹചര്യം. അപ്പോഴാണ് ഫയര്‍ഫോഴ്സിലെയും ദുരന്തനിവാരണ സേനയിലെയും ചിലര്‍ ഇളകിമറിയുന്ന ജലത്തിന് നടുവിലെ ആ പാലത്തിലൂടെ ഓടുന്നത് കണ്ണില്‍പ്പെട്ടത്.
മുന്നിലോടുന്ന പൊലീസുകാരന്റെ കയ്യില്‍ ഒരു കുട്ടിയും. ആ വ്യക്തമായി ആ കാഴ്ച . രോഗം മൂര്‍ച്ഛിച്ച ഒരു കുട്ടിയെ ആശുപത്രിയിലെത്തിക്കാനായിരുന്നു ആ ധീരതയെന്ന് ചെറുതോണിക്കാര്‍ പിന്നീട് പറഞ്ഞറിഞ്ഞു. ഏതായായായും പ്രളയഭൂമിയിലെ ആ ധീരതയ്ക്ക്, ഊഷ്മളക്കാഴ്ചയ്ക്ക് സല്യൂട്ട്. വിഡിയോ ദൃശ്യങ്ങള്‍ കാണാം.
കടപ്പാട്: ന്യൂസ് 18
കേരളത്തിൽ മഴയുടെ ശക്തി രൗദ്രഭാവം പൂണ്ട് 24 അണക്കെട്ടുകളും തുറക്കേണ്ടിവന്നപ്പോഴും മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തെ കാത്തുനിർത്തി. ഇന്നലെ വൈകുന്നേരം ജലനിരപ്പ് 135 അടിയാണ്. സാധാരണ ഗതിയിൽ ഏറ്റവുമാദ്യം നിറഞ്ഞുതുളുന്പാറുള്ള മുല്ലപ്പെരിയാർ ഡാമിൽ ജലവിതാനം താഴ്ന്നുനിൽക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ ജലനിരപ്പ് 136 അടിയിലെത്തിയ മുല്ലപ്പെരിയാർ അണക്കെട്ടിൽ കഴിഞ്ഞ മൂന്നുദിവസമായി മുകളി ലേക്കു പോയിട്ടില്ല. കഴിഞ്ഞ ആഴ്ചയിൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396 അടിയിലെത്തിയപ്പോഴും അണക്കെട്ട് തുറക്കാൻ വൈദ്യുതി ബോർഡും ഡാം സുരക്ഷാ അഥോററ്റിയും ആലോചിച്ചതിനുപിന്നിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിന്റെ ഉയർച്ചയായിരുന്നു.
തേക്കടി മേഖലയിലെ മഴ കുറയുകയും ഡാമിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി താഴുകയും ചെയ്തതോടെയാണ് ഇടുക്കി തുറക്കുന്നതിനു സാവകാശം നൽകാൻ അധികൃതർ തീരുമാനിച്ചത്. മൂന്നുദിവസമായി ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ ഏറെ ശക്തമായി. ഇടുക്കി അണക്കെട്ടിലേക്കു റിക്കാർഡ് അളവിൽ വെള്ളം ഒഴുകിയെത്തിയപ്പോൾ മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുനിൽക്കുകയാണ്. ഇവിടെ വൃഷ്ടി പ്രദേശത്തു മഴയും കുറവാണ്. തമിഴ്നാട്ടിലേക്കുള്ള വെള്ളമൊഴുക്കിൽ ഒട്ടും വർധന ഉണ്ടാക്കിയിട്ടില്ല.
കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ പ്രതിരോധത്തിലാക്കി വൈദികരുടെ മൊഴി. അന്വേഷണസംഘം നാലു വൈദികരുടെ മൊഴി എടുത്തു. കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വൈദികര്‍ അറിയിച്ചു. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും അവര്‍ അന്വേഷണ സംഘത്തിനു മൊഴി നല്കി. അന്വേഷണ സംഘം ഇന്ന് ഉച്ചക്ക് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തേക്കും. ക്രമസമാധാന നില പരിശോധിച്ച ശേഷമാകും ബിഷപ്പിനെ ചോദ്യം ചെയ്യുക.
.
വൈക്കം ഡിവൈ.എസ്.പി. കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ജലന്ധറില്‍ എത്തിയിരിക്കുന്നത്. ബിഷപ്പ് പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രി രംഗത്തെത്തി ഒന്നര മാസം പിന്നിട്ടപ്പോഴാണ് അന്വേഷണ സംഘം ജലന്ധറില്‍ എത്തിയിരിക്കുന്നത്.
ബിഷപ്പിന്റെ ആഹ്വാനത്തെ തുടര്‍ന്ന് ഇന്നലെ വിശ്വാസികള്‍ ജലന്ധറില്‍ എത്തി തങ്ങിയിരുന്നു. ഒരാഴ്ച മുന്‍പാണ് സൈബര്‍ വിദഗ്ധര്‍ അടങ്ങിയ സംഘം ജലന്ധറില്‍ എത്തിയത്. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി 55 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി ആണ് തയ്യാറാക്കിയിട്ടുള്ളത്.
ഇടുക്കി: ഇടുക്കി സംഭരണിയില്‍ ജലനിരപ്പ് താഴുന്നു. ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. ഇതിനൊപ്പം ഡാമിലേക്കുള്ള നീരൊഴുക്ക് കാര്യമായി കുറഞ്ഞതും ജലനിരപ്പ് താഴാന്‍ കാരണമായി. രാവിലെ 10 മണിക്ക് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 2400.92 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
നിലവില്‍ പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കില്ല. കൂടിയ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും കാലടി, ആലുവ തുടങ്ങിയ പ്രദേശങ്ങളില്‍ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. പെരിയാറില്‍ പലയിടത്തും രണ്ടടിയോളം ജലനിരപ്പ് ഉയര്‍ന്നിരുന്നെങ്കിലും ആലുവ ഭാഗത്ത് ഒരടി മാത്രമാണ് ഉയര്‍ന്നത്. ഇടുക്കിയില്‍ നിന്നുള്ള വെള്ളം എത്തിയത് വേലിയിറക്ക സമയമായതിനാലാണ് ജലനിരപ്പ് കാര്യമായി ഉയരാതിരുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിച്ചില്ല. പെരിയാറില്‍ കലങ്ങിയ വെള്ളമായതിനാല്‍ കൊച്ചിയിലേക്കുള്ള കുടിവെള്ള പമ്പിംഗ് കുറച്ചിട്ടുണ്ട്. ആലുവാ മണപ്പുറവും ക്ഷേത്രവും മുങ്ങിയതിനാല്‍ ഇന്ന് കര്‍ക്കടക വാവുബലി സമീപത്തുള്ള മറ്റു ക്ഷേത്രങ്ങളിലാണ് നടത്തുന്നത്.
പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കർക്കിടകവാവ് ബലിതർപ്പണത്തിന് മണപ്പുറം റോഡിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് താൽക്കിലക ബലിത്തറകൾ ഒരുക്കും. മണപ്പുറം റോഡിന്റെ ഇരുവശങ്ങളിലുമായി ഇതിനുവേണ്ടി അന്‍പതോളം ബലിത്തറകളാണ് ഒരുക്കുന്നത്. കർമ്മം നടത്തുന്നതിന് ദേവസ്വം ബോർഡ് നേരത്തെ ലേലം ചെയ്ത് അനുമതി നൽകിയ കർമ്മിമാരുടെ ലിസ്റ്റ് പോലീസിനു കൈമാറിയിട്ടുണ്ട്. മുകളിലെ ശിവക്ഷേത്രത്തിൽ പുലർച്ചെ മൂന്നരയോടെ മേൽശാന്തി മുല്ലപ്പള്ളി സുബ്രഹ്മണ്യൻ നന്പൂതിരിയുടെ കാർമികത്വത്തിൽ വാവുബലിയുടെ ചടങ്ങുകൾ ആരംഭിക്കും. ഐത്യഹ്യപെരുമയേറിയ ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിനായി ധാരാളം വിശ്വാസികളാണ് എത്താറുള്ളത്. ഇക്കൊല്ലം ജലനിരപ്പ് ഉയർന്നതിനാൽ മൂന്നു തവണയാണ് ക്ഷേത്രത്തിൽ ആറാട്ട് നടന്നത്. പെരിയാറിന്റെ മറുകരയിലുള്ള ശ്രീനാരായണ ഗുരുസ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതർപ്പണം നടക്കും.
ശക്തമായ നീരൊഴുക്കും മഴയും തുടരുന്നതിനാൽ ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണിയിലെ അഞ്ചാമത്തെ ഷട്ടറും ഉയർത്തി. ഇതോടെ ഇടുക്കി ഡാമിൽ നിന്നും പരമാവധി വെള്ളം ഒഴുക്കി കളയുന്ന നിലയിലേക്ക് നടപടികൾ മാറി. ഡാമിലേക്ക് ഒഴുകി വരുന്ന വെള്ളം വലിയതോതിൽ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും ഉയർത്താൻ അധികൃതർ തീരുമാനിച്ചത്. അഞ്ച് ഷട്ടറുകളും എത്ര നേരത്തേയ്ക്ക് ഉയർത്തി വയ്ക്കുമെന്ന് കെഎസ്ഇബി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കനത്ത മഴയോടൊപ്പം ചെറുതോണിയിൽ അഞ്ചാമത്തെ ഷട്ടറും ഉയർത്തിയതിനെ തുടർന്ന് ചെങ്കൽത്തോട്ടിൽ ജലനിരപ്പ് ഉയരുന്നതിനാൽ നെടുന്പാശേരി വിമാനത്താവളത്തിൽ ആശങ്ക ഒഴിയുന്നില്ല. പെരിയാറിൽ വെള്ളമുയർന്നപ്പോൾ കൈവഴിയായ ചെങ്കൽതോട്ടിൽനിന്നും ഓവുചാലുകൾ വഴി വിമാനത്താവളത്തിനു സമീപം വ്യാഴാഴ്ച വൈകിട്ട് വെള്ളം കയറിയിരുന്നു. ഇതുമൂലം രണ്ടു മണിക്കൂർ സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി.
അതിനിടെ, വിമാനത്താവളത്തിലുള്ള ഹജ് ക്യാന്പിലേക്കുള്ള സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ഹജ് വിമാനങ്ങൾ മുടങ്ങിയാൽ കൂടുതൽ യാത്രക്കാരെ ഇവിടെ താമസിപ്പിക്കേണ്ടിവരും. സന്ദർശകരുടെ സാന്നിധ്യം ഇതിനു തടസമാകും എന്ന വിലയിരുത്തലിലാണു നടപടി.
ചെറുതോണിയിൽ നിന്നും ഇന്ന് സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ ഉച്ചയോടുകൂടി വിമാനത്താവളത്തിൽ വീണ്ടും വെള്ളം കയറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വിമാനത്താവളത്തിലെ ക്രൈസിസ് മാനേജ്മെന്റ് ഇതുസംബന്ധിച്ച സാഹചര്യം വിലയിരുത്തികൊണ്ടിരിക്കുകയാണ്. ഓവുചാലുകൾ വഴി വരുന്ന വെള്ളം റണ്‍വേയിലേക്കു കയറാതെ തത്സമയം പുറത്തേയ്ക്കു കളയുന്നതിനു പന്പ് സെറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.
ചെറുതോണിയിൽ ഇന്ന് പുലർച്ചെ വരെ ഒരു ഷട്ടറിലൂടെ മാത്രമാണ് വെള്ളം ഒഴുക്കി കളഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ജലനിരപ്പ് കുറയാതെ വന്നതോടെ രണ്ടു ഷട്ടറുകൾ കൂടി പുലർച്ചെ ഉയർത്തേണ്ടി വന്നു. മൂന്ന് ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തി സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളം വരെ ഒഴുക്കി കളഞ്ഞിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയാതെ വന്നതോടെയാണ് നാലും അഞ്ചും ഷട്ടറുകൾ ഉയർത്താൻ അധികൃതർ നിർബന്ധിതരായത്.
സെക്കൻഡിൽ ആറ് ലക്ഷം ലിറ്ററിലധികം വെള്ളമാണ് ഇപ്പോൾ ഇടുക്കിയിൽ നിന്നും ഒഴുകിപ്പോകുന്നത്. വൻതോതിൽ വെള്ളം തുറന്നുവിട്ടതോടെ ചെറുതോണി പാലം വെള്ളത്തിൽ മുങ്ങി. പാലത്തിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ബസ് സ്റ്റാൻഡ് ചരിത്രമായി. ബസ് സ്റ്റാൻഡ് നിന്നിരുന്ന പ്രദേശം പൂർണമായും പുഴയെടുത്തു.
ഇതിനിടെ പരിസരത്ത് നിന്നിരുന്ന മരങ്ങളും കടപുഴകി വീണത് വെള്ളം സുഗമമായി ഒഴുകുന്നതിന് തടസമുണ്ടാക്കി. പാലത്തിന് സമീപം ചില മരങ്ങൾ തങ്ങി നിന്നത് രക്ഷാപ്രവർത്തകർ വെട്ടിമാറ്റിയ ശേഷമാണ് അഞ്ചാം ഷട്ടർ തുറന്നത്.
അഞ്ച് ഷട്ടറുകളും ഉയർത്തിയതോടെ ചെറുതോണിയിലും പെരിയാറിന്റെ തീരങ്ങളിലും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറുതോണി-കട്ടപ്പന റൂട്ടിൽ വാഹനഗതാഗതം നിലച്ച നിലയിലാണ്. ചെറുതോണിക്ക് താഴേയ്ക്ക് വെള്ളമൊഴുകുന്ന പ്രദേശത്തെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പുഴയുടെ നൂറു മീറ്റർ പരിധിയിലുള്ള വീടുകളിൽ നിന്നെല്ലാം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.