ജോജി തോമസ്
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയ സത്യസന്ധതയെ എതിരാളികള്‍ പോലും സംശയിക്കാന്‍ സാധ്യതയില്ല. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പേരില്‍ മാപ്പുപറയുന്ന തിരക്കിലാണ് അദ്ദേഹം. രാഷ്ട്രീയ എതിരാളികളുടെ മേല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് , അവരെ കരിവാരി തേക്കുന്ന വൈകൃതം നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് കെജ്‌രിവാള്‍ എന്ന് പ്രചരിപ്പിക്കുവാന്‍ ഈ അവസരം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും , മാധ്യമങ്ങളും നന്നായി ഉപയോഗിക്കുന്നുണ്ട് . രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ചിരിക്കുന്ന ഐ ടി സെല്ലുകളെ ഉപയോഗപ്പെടുത്തി സോഷ്യല്‍ മീഡിയ വഴിയുള്ള കെജരിവാള്‍ വിരുദ്ധ പ്രചാരണങ്ങളും ശക്തമായി നടക്കുന്നുണ്ട് .
എന്നാല്‍ അഴുക്കുചാലുകള്‍ നിറഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കറപുരളാതെ നില്‍ക്കുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളായ കെജ്‌രിവാളിനെ തകര്‍ക്കാന്‍ ഈ പ്രചാരണങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നാണ് , ജനങ്ങളുടെ ഇടയിലും സോഷ്യല്‍ മീഡിയയിലും കെജ്‌രിവാളിന് അനുകൂലമായി ഉണ്ടായ ചലനങ്ങള്‍ തുറന്ന് കാട്ടുന്നത്. വന്‍കിട മാധ്യമങ്ങളുടെ സഹായത്തോടെ വലിയ തോതിലുള്ള പ്രചാരണം കെജ്‌രിവാളിന്റെ മാപ്പുപറച്ചിലുമായി ബന്ധപ്പെട്ട് ഉണ്ടായെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇത് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. കാരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കറപുരളാത്ത വ്യക്തിത്വങ്ങളായ എ.കെ ആന്റണി , മനോഹര്‍ പരീക്കര്‍ , വി . എസ് അച്യുതാനന്ദന്‍ തുടങ്ങിയവരുടെ പിന്‍തലമുറക്കാരനായി ജനങ്ങള്‍ മനസില്‍ താലോലിക്കുന്ന കെജ്‌രിവാളിനെ തകര്‍ക്കാന്‍ ഇത്തരത്തിലുള്ള ആസൂത്രിതമായ നീക്കങ്ങള്‍ ഇതിനുമുമ്പും ധാരാളം ഉണ്ടായിട്ടുണ്ട്.
അഴിമതി ആരോപണങ്ങളില്‍ കെജ്‌രിവാളിനെ നിരായുധനാക്കിയതില്‍ അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡുകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല പ്രമുഖ ദേശീയ പാര്‍ട്ടികളുടെയും നേതാക്കള്‍ക്കെതിരെ കെജ്‌രിവാള്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ ദേശീയ ഏജന്‍സികളെ ഉപയോഗിച്ച് പിടിച്ചെടുത്തതായി കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും ആരോപണം ഉന്നയിച്ചിരുന്നു. മാത്രമല്ല ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വീടും ഓഫീസും റെയ്ഡ് ചെയ്യുക എന്ന വളരെ അസ്വാഭാവികമായ നീക്കത്തിന് തക്കതായ വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോ പ്രസ്തുത ഏജന്‍സികള്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല.
കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ , കേന്ദ്രമന്ത്രിയും മുന്‍ ബി.ജെ.പി ദേശീയ അധ്യക്ഷനായ നിതിന്‍ ഗഡ്കരി , അകാലിദള്‍ മന്ത്രിയായിരുന്ന ബിക്രം മജിതിയ തുടങ്ങിയവരോടാണ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം അപകീര്‍ത്തി കേസുകളില്‍ മാപ്പുപറഞ്ഞത് . അകാലിദള്‍ നേതാവ് മജിതിയോട് മാപ്പു പറഞ്ഞത് എ.എ.പിയുടെ പഞ്ചാബ് ഘടകത്തില്‍ ഭിന്നതയ്ക്കും സംസ്ഥാന അധ്യക്ഷന്റെ രാജിക്ക് കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ അഴിമതി ആരോപണങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ നഷ്ടപ്പെട്ട കെജ്‌രിവാളിന്റെ തന്ത്രപരമായ പിന്‍മാറ്റമാണ് മാപ്പുപറച്ചില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. അഴിമതിയുടെ പൂരപറമ്പായ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ സന്നാഹങ്ങളുമായി കെജ്‌രിവാള്‍ ശക്തമായി ആഞ്ഞടിക്കാനാണ് സാധ്യത . മാത്രമല്ല കേസുകളുടെ നൂലാമാലകളില്‍ നിന്ന് ഒഴിവായി ഡല്‍ഹി ഭരണത്തിലും , അതോടൊപ്പം അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ശക്തമായ രാഷ്ട്രീയ പ്രചാരണത്തിനുമാണ് കെജ്‌രിവാള്‍ ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് .
മദ്യത്തിനു പകരം കട്ടൻചായ വിൽപന നടത്തിയയാളെ പൊലീസ് മൊബൈൽ മോഷണ കേസിൽ പിടികൂടി. കുന്നമംഗലം കൂടത്തലുമ്മൽ അശോകൻ (49) ആണ് പിടിയിലായത്. ശ്രീകണ്ഠേശ്വരത്തിൽ തൊഴാനെത്തിയ ഭക്തന്റെ കയ്യിൽ നിന്ന് ഫോൺ വിളിക്കാനായി മൊബൈൽ ചോദിച്ചുവാങ്ങി, ഫോണുമായി കടന്നുകളയുകയായിരുന്നു. ഇയാളെ കസബ പൊലീസ് പിടികൂടി ചോദ്യം ചെയ്തതിൽ മദ്യത്തിനു പകരം കുപ്പിയിൽ കട്ടൻചായ നിറച്ച് മദ്യഷാപ്പുകളുടെ മുൻപിൽ വിൽപന നടത്തുകയാണ് പ്രധാന തൊഴിലെന്നു പറഞ്ഞു.
കുന്നമംഗലത്തെ ഒരു കടയിൽ വിൽപന നടത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. ഒട്ടേറെപ്പേർക്ക് മദ്യം വാങ്ങി തരാമെന്നു പറഞ്ഞ് പണം വാങ്ങി കട്ടൻചായ നിറച്ച കുപ്പികൾ നൽകും. ഇതുവരെ ആരും ഈ കാരണത്തിൽ പരാതി നൽകിയില്ലെന്നു കസബ എസ്ഐ വി. സിജിത് പറഞ്ഞു. എന്നാൽ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ ഇയാൾക്കെതിരെ പരാതിയുണ്ടെന്നും എസ്ഐ അറിയിച്ചു. ദിവസം അഞ്ച് കുപ്പിയിൽ അധികം ഇയാൾ വിൽപന നടത്തും. ഓരോരോ ദിവസം ഓരോരോ മദ്യഷാപ്പിനു മുൻപിലാണ് കച്ചവടം. മദ്യംവാങ്ങാൻ വരി നിൽക്കാൻ മടിക്കുന്നവർക്ക് ഒരു കുപ്പിക്ക് 50 രൂപ അധികം വിലയിട്ടാണ് കട്ടൻചായ മദ്യമെന്ന വ്യാജേന വിൽപന നടത്തുന്നത്.
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ രംഗത്ത്. നാളെ എ.ഐ.വൈ.എഫ് നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കും. സിപിഎമ്മിന്റെ നിലപാടുകള്‍ക്കെതിരെ പരസ്യ നിലപാടെടുത്താണ് ഘടകകക്ഷിയായ സിപിഐ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ വയല്‍കിളികള്‍ നടത്തുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. സമരത്തിന്റെ ആദ്യഘട്ടങ്ങള്‍ മുതല്‍ സിപിഐയുടെ പിന്തുണ വയല്‍കിളികള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നില്ല. ഇന്നു ചേര്‍ന്ന എ.ഐ.വൈ.എഫിന്റെ സംസ്ഥാന നേതൃയോഗമാണ് വയല്‍ക്കിളികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് എ.ഐ.വൈ.എഫ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സിപിഐ സമരത്തോടൊപ്പം ചേര്‍ന്നതോടെ സിപിഎമ്മിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. നേരത്തെ സമരസമിതി ഉയര്‍ത്തിയ പന്തല്‍ സിപിഎം അനുകൂലികള്‍ കത്തിച്ചിരുന്നു.
തിരുനെവല്‍വേലി: വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന രാമരാജ്യ രഥയാത്രക്കെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം. തിരുനെല്‍വേലിയില്‍ ഇന്നലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎച്ച്പിയുടെ യാത്ര. ഇന്ന് രഥയാത്ര തിരുനെല്‍വേലിയില്‍ എത്തിയപ്പോള്‍ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
സംസ്ഥാനത്തെ ക്രമസമാധാന നില രഥയാത്ര തകര്‍ക്കുമെന്നാരോപിച്ച് ഡി.എം.കെ ആക്ടിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിനും നാല് സ്വതന്ത്ര അംഗങ്ങളും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് റോഡില്‍ സമരം നടത്തിയ സ്റ്റാലിനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിടുതലൈ ചിരുത്തൈഗള്‍ കക്ഷിയും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
സാമൂഹിക സൗഹാര്‍ദ്ദത്തിനുള്ള ശബ്ദങ്ങളെയാണ് 144 കൊണ്ടും അറസ്റ്റ് കൊണ്ടും അടിച്ചമര്‍ത്തുന്നതെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. തമിഴ്നാട് സര്‍ക്കാര്‍ മറ്റാര്‍ക്കോ വേണ്ടി തുള്ളുകയാണ്. ജനങ്ങളുടെ അഭിപ്രായമോ ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യര്‍ത്ഥികളുടെ ബുദ്ധിമുട്ടോ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.
തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് കേന്ദ്രം 2014മുതല്‍ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2014-15 കാലയളവു മുതല്‍ 2017- 18 കാലയളവുവരെ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കു എത്ര തുക കേന്ദ്രഫണ്ടായി ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. രാജഗോപാലിന്റെ ചോദ്യവും കടകംപള്ളിയുടെ മറുപടിയും പുറത്ത് വന്നതോടെ ബിജെപി എംഎല്‍എയെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്ത് വന്നു
കേന്ദ്ര ഫണ്ടിനെക്കുറിച്ച് ധാരണയില്ലാതെയാണ് ബി.ജെ.പി എം.എല്‍.എ നിയമ സഭയിലിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചു. സഹകരണമേഖലയ്ക്ക് ലഭിച്ച കേന്ദ്രഫണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കണമെന്നും ഫണ്ട അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് ഏതുരീതിയിലാണ് ചെലവഴിച്ചതെന്നുമായിരുന്നു രാജഗോപാലിന്റെ ചോദ്യം. അഥവാ ഫണ്ട് ചെലവഴിച്ചില്ലെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് മന്ത്രി വ്യക്തമാക്കണമെന്നും ബിജെപി എം.എ.എല്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് സഹകരണ മേഖലയ്ക്ക് യാതൊരുവിധ ഫണ്ടും 2014ന് ശേഷം ലഭിച്ചിട്ടില്ലെന്ന് കടകംപള്ളി രേഖാമൂലം മറുപടി നല്‍കി. വാസ്തവത്തില്‍ മന്ത്രിയുടെ മറുപടിക്ക് ശേഷമാണ് കേന്ദ്രം ഫണ്ട് നല്‍കിയിട്ടില്ലെന്ന് ഒ. രാജഗോപാലിന് മനസ്സിലായതെന്ന് നവമാധ്യമങ്ങള്‍ പറയുന്നു.
ന്യൂഡല്‍ഹി: ഇറാഖില്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 2014ല്‍ മൊസൂളില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി. ബീഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ജോലി തേടി ഇറാഖിലെത്തിയവരാണ് കൊല്ലപ്പെട്ടത്.
കൂട്ടക്കൊല നടത്തിയതിനു ശേഷം മൃതദേഹങ്ങള്‍ തീവ്രവാദ കേന്ദ്രങ്ങളില്‍ തന്നെ കുഴിച്ചുമൂടിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുദ്ധകാലഘട്ടങ്ങളില്‍ ഇറാഖില്‍ നിന്നും കാണാതായ ഇന്ത്യക്കാരുടെ ഡിഎന്‍എ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചിരുന്നു. മൊസൂള്‍ തീവ്രവാദികളില്‍ നിന്നും മോചിപ്പിച്ച ശേഷം അവരുടെ ക്യാമ്പുകളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇന്ത്യക്കാരാണെന്ന് മനസ്സിലാവുന്നത്.
കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ പേരും പഞ്ചാബ് സ്വദേശികളാണ്. ഒരു ആശുപത്രി നിര്‍മ്മാണ സ്ഥലത്ത് നിന്ന് പിടികൂടിയ ഇന്ത്യക്കാരെ പല സ്ഥലങ്ങളിലായി തടവില്‍ പാര്‍പ്പിച്ച ശേഷമാണ് ഭീകരര്‍ വധിച്ചത്. കാണാതായ കൂടുതല്‍ ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര ഏജന്‍സികള്‍.
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും പെരിയാര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം. പുതുക്കോട്ടയില്‍ സ്ഥാപിച്ചിരുന്ന പ്രതിമയുടെ തല അജ്ഞാത സംഘം അറുത്ത് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് അനുകൂലികളാവാം ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
നേരത്തെ പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം നടന്നിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. സംഭവത്തിന് ശേഷം ബിജെപി ഓഫീസിന് നേരെ പെരിയാര്‍ അനുകൂലികള്‍ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു.
ത്രിപുരയില്‍ ബിജെപി സഖ്യം വിജയിച്ചതിന് ശേഷമാണ് രാജ്യത്തെ നവോത്ഥാന നായകരുടെ പ്രതിമകള്‍ ആക്രമിക്കപ്പെടുന്നത്. ത്രിപുരയിലെ കോളേജ് ക്യാംപസില്‍ സ്ഥാപിച്ച ലെനിന്‍ പ്രതിമ തകര്‍ത്ത ബിജെപിയുടെ നടപടി പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ജാതീയ വേര്‍തിരിവിനെതിരെയും ബ്രാഹ്മണ്യത്തിനെതിരെയും പോരാടിയ മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവാണ് ഇ.വി. രാമസ്വാമിയെന്ന പെരിയാര്‍.
തമിഴ് ജനതയുടെ ജാതീയ പോരാട്ടങ്ങള്‍ അടിത്തറ പാകിയ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ് അദ്ദേഹം. ആര്‍എസ്എസ് അനുകൂല സംഘ്പരിവാര്‍ സംഘടനകള്‍ പെരിയാറിനെ ശത്രു തുല്ല്യനായിട്ടാണ് കാണുന്നത്. പല അവസരങ്ങളിലും അദ്ദേഹത്തെ വിമര്‍ശിച്ച് ഇത്തരം സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
ന്യൂഡല്‍ഹി: മൂന്ന് സേനാവിഭാഗങ്ങളെയും ഒരു കമാന്‍ഡിന് കീഴിലാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് കേന്ദ്രപ്രതിരോധ മന്ത്രാലയം. സൈനിക കമാന്‍ഡ് നിയമത്തില്‍ ഭേദഗതി വരുത്തി മൂന്ന് കമാന്‍ഡിനേയും ഒന്നിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിലവില്‍ ഓരോ സൈനിക വിഭാഗത്തിനും വ്യത്യസ്ത ചട്ടങ്ങളാണ് ഉള്ളത്. ഈ ചട്ടങ്ങളാണ് സൈനിക വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. എന്നാല്‍ പുതിയ കമാന്‍ഡ് നിലവില്‍ വരുന്നതോടെ ഈ നിയമത്തില്‍ മാറ്റം വരും.
മുന്ന് സേനാംഗങ്ങള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാനും സൈനിക നടപടികളില്‍ പങ്കെടുക്കാനും സാധിക്കുന്ന തരത്തിലാവും പുതിയ ഭേദഗതി. ഇത്തരത്തില്‍ ഒരേ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത സൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെട്ട മൂന്ന് കമാന്‍ഡുകളാണ് വരാന്‍ പോകുന്നത്. ഇവ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡുകളെന്നാണ് അറിയപ്പെടുന്നത്. ഇത്തരം സൈനിക കമാന്‍ഡുകള്‍ നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ നിലവിലുണ്ട്. അയല്‍രാജ്യമായ ചൈനയ്ക്ക് അഞ്ച് ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡുകളാണ് ഉള്ളത്.
2001 മുതല്‍ ആന്‍ഡമാനില്‍ ഇത്തരമൊരു സൈനിക സംവിധാനം നിലനില്‍ക്കുന്നുണ്ടെങ്കിലും സൈനിക വിഭാഗങ്ങളുടെ വ്യത്യസ്ത നിയമങ്ങള്‍ കമാന്റിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. പുതിയ ഭേദഗതി ഈ പ്രശ്‌നം പരിഹരിക്കുമെന്നാണ് കരുതുന്നത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നാകും കമാന്‍ഡിന്റെ തലവന്‍ അറിയപ്പെടുക. ഇനി മുതല്‍ സൈനികരുടെ പരിശീലനം, സേനാ കേന്ദ്രങ്ങളുടെയും താവളങ്ങളുടെയും പൂര്‍ണ നിയന്ത്രണം, സൈനിക നടപടികളുടെ ആസൂത്രണം, അവയുടെ നടത്തിപ്പ് എന്നിവ തീയറ്റര്‍ കമാന്‍ഡിന് കീഴിലാകും.
മക്കയിലെ ആരാധനാലയവും താജ്മഹലുമുള്‍പ്പെടെയുള്ള പള്ളികളെയും സ്മാരകങ്ങളെയും ഹിന്ദുക്ഷേത്രങ്ങളാക്കി മാറ്റി ഹിന്ദു മഹാസഭയുടെ കലന്‍ഡര്‍. ഹിന്ദു മഹാസഭയുടെ അലിഗഡ് യൂണിറ്റ് പുറത്തിറക്കിയ കലന്‍ഡറിലാണ് രാജ്യത്തെ പ്രധാനപ്പെട്ട മുസ്ലീം ആരാധനാലയങ്ങള്‍ ഹിന്ദുക്ഷേത്രങ്ങളാക്കി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച്ചയാണ് കലണ്ടര്‍ പുറത്തിറക്കിയത്.
മക്കയിലെ ആരാധനാലയത്തിന് മക്കേശ്വര്‍ മഹാദേവ മന്ദിര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. താജ്മഹല്‍ തേജോമഹാലയ ശിവക്ഷേത്രവും മധ്യപ്രദേശിലെ കമല്‍ മൗലാ മസ്ജിദ് ഭോജ്ശാലയായും മാറിയിരിക്കുന്നു. കാശിയിലെ ഗ്യാന്‍വാപി പള്ളിയെ ‘വിശ്വനാഥ ക്ഷേത്രം’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മെഹ്റൗളിയിലെ കുത്തബ് മിനാര്‍ കലണ്ടറില്‍ ‘വിഷ്ണു സ്തംഭ’വും ജൗന്‍പൂരിലെ അട്ടലാ പള്ളി ‘അത്ല ദേവി ക്ഷേത്ര’വുമാണ്. അയോധ്യയിലെ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് ‘രാമജന്മഭൂമി’ എന്ന പേരിലാണ് കലന്‍ഡറില്‍ ചിത്രീകരിച്ചിരിക്കുന്നത്.
പണ്ട് ഭാരതത്തെ കൊള്ളയടിച്ച വിദേശശക്തികള്‍ ഹിന്ദു ആരാധനാലയങ്ങള്‍ തട്ടിയെടുക്കുകയും അവയുടെ പേരുകള്‍ മാറ്റി പള്ളികളാക്കുകയുമായിരുന്നു. കലന്‍ഡറില്‍ പറയുന്ന യഥാര്‍ത്ഥ പേരുകളിലേക്ക് അവയെ തിരികെ കൊണ്ടുവരണമെന്നും ഹിന്ദുക്കള്‍ക്ക് തിരിച്ചു നല്‍കണമെന്നും ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേ പറഞ്ഞു. ഈ രാഷ്ട്രത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ തങ്ങള്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കൊച്ചി: താന്‍ എഴുതിയ കവിതകള്‍ പഠിപ്പിക്കരുതെന്നും അവ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്ത്. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ചുള്ളിക്കാട് ഈ ആവശ്യം ഉന്നയിച്ചത്. ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ അറിവില്ലാത്തവര്‍ അധ്യാപകരാകുന്നതിനാലാണ് താന്‍ ഈ ആവശ്യമുന്നയിക്കുന്നതെന്നും ചുള്ളിക്കാട് പറഞ്ഞു.
സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും തന്റെ കവിതകള്‍ പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്‍നിന്നും തന്റെ രചനകള്‍ ഒഴിവാക്കണമെന്നാണ് ആവശ്യം. അക്കാഡമിക് ആവശ്യങ്ങള്‍ക്ക് തന്റെ കവിതകള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും തന്റ് കവിതകളില്‍ ഗവേഷണം അനുവദിക്കരുതെന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടു.
അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാര്‍ക്കു കൊടുത്ത് വിദ്യാര്‍ഥികളെ വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുകയാണ്. മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥനത്തില്‍ അധ്യാപകരായി നിയമിക്കുന്നു.
അബദ്ധപഞ്ചാംഗങ്ങളായ പ്രബന്ധങ്ങള്‍ക്കുപോലും ഡോക്ടറേറ്റ് നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇവയാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ചുള്ളിക്കാട് വ്യക്തമാക്കി.