ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് മുസ്‌ലിം പുരോഹിതരെ അജ്ഞാതര്‍ മര്‍ദിച്ച് അവശരാക്കിയ ശേഷം ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് എറിഞ്ഞു. ബാഗ്പത് ജില്ലയിലാണ് രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ മുസ്‌ലിം പുരോഹിതരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹിയിലെ മര്‍കാസി മസ്ജിദ് സന്ദര്‍ശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് ആക്രമണത്തിന് ഇരയായത്. ബാഗ്പതിലെ അഹീഡ സ്വദേശികളാണ് ഇവര്‍. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
അഹീഡ സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണം നടന്നതെന്ന് മുസ്‌ലിം പുരോഹിതര്‍ പറഞ്ഞു. ഇറങ്ങുന്നതിന് മുന്നോടിയായി തങ്ങള്‍ ഷൂ ധരിച്ച് തയാറാകുന്നതിനിടെ ഒരു സംഘം ട്രെയിന്‍ വാതിലടച്ച് മര്‍ദിക്കുകയായിരുന്നു.
ഇരുമ്പു വടിയും മറ്റ് ആയുധങ്ങളും അക്രമികളുടെ കൈവശമുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഏഴംഗ സംഘമാണ് ആക്രമിച്ചതെന്നാണ് ഇവരുടെ മൊഴി. മര്‍ദനത്തിന് ശേഷം സ്റ്റേഷനില്‍ നിര്‍ത്താന്‍ പോവുകയായിരുന്ന ട്രെയിനില്‍ നിന്നും തങ്ങളെ പുറത്തേയ്ക്ക് എറിഞ്ഞുവെന്നും പുരോഹിതര്‍ പൊലീസിന് മൊഴി നല്‍കി.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ 32 രോഗികള്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കു വിധേയരായവരില്‍ ഭൂരിഭാഗത്തിനും കണ്ണിനു ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്നതിനാല്‍ ഉള്ള കാഴ്ച പോയേക്കുമെന്ന ആശങ്കയുമുണ്ട്. സോഷ്യല്‍മീഡിയയിലൂടെ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസറെയും പിഎച്ച്‌സി സൂപ്രണ്ടിനെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ മജിസ്‌ട്രേട്ടിന്റെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
യുപിയിലെ ഉന്നാവ് ജില്ലയിലെ നവാബ്ഗഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തിങ്കളാഴ്ച രാത്രി ശസ്ത്രക്രിയ അരങ്ങേറിയത്. അഞ്ചു രോഗികളെ മാത്രം പ്രവേശിപ്പിക്കാന്‍ സൗകര്യമുള്ള കേന്ദ്രമാണിത്. നേത്ര ശസ്ത്രക്രിയയ്ക്കുവേണ്ട യാതൊരു സൗകര്യവുമില്ല. സംസ്ഥാനത്തു ഗ്രാമീണ മേഖലയില്‍ 12 മണിക്കൂര്‍ മാത്രമേ വൈദ്യുതി വിതരണമുള്ളൂ എന്നതിനാല്‍ രാത്രി ഏഴുമണിയോടെ വൈദ്യുതി നിലച്ചു. ജനറേറ്റര്‍ ഉണ്ടെങ്കിലും ചെലവുചുരുക്കലിന്റെ ഭാഗമായി ഡീസല്‍ വാങ്ങുന്ന പതിവില്ല. ഇതോടെ രണ്ടു ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്തി.
ജഗദംബാ സേവാ സമിതി എന്ന സന്നദ്ധ സംഘടനയാണു കാന്‍പുരില്‍ നിന്നു സൗജന്യ നേത്രശസ്ത്രക്രിയയ്ക്കായി രോഗികളെ കൊണ്ടുവന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം വെറും തറയിലാണ് ആറു മണിക്കൂറോളം രോഗികളെ കിടത്തിയത്. അസ്വസ്ഥതയെക്കുറിച്ചു പരാതിപ്പെട്ടതോടെ ഇന്നലെ രാവിലെതന്നെ രോഗികളെ വീട്ടിലേക്കു പറഞ്ഞുവിട്ടു. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ കടുത്ത നടപടികളുണ്ടാകുമെന്നു യുപി ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു.
സ്വന്തം ലേഖകന്‍
ഡെല്‍ഹി : ” എന്റെ ജീവന്‍ കാര്യമാക്കേണ്ട , ദൈവം എനിക്കു നൽകിയ എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം ” എന്ന വാക്കുകളോടെ ദൈവസന്നിധിയിലേക്ക് യാത്രയായി പില്‍ക്കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വിശുദ്ധ ജിയാന്ന ബെരെറ്റയുടെ ജീവിതത്തിന്റെ തനിയാവര്‍ത്തനമായി കേരളത്തില്‍ നിന്നും ഒരു അമ്മ. ഒരുപക്ഷേ ആ അമ്മയുടെ പേര് എല്ലാവരും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നിന്ന് അറിഞ്ഞു കാണും. സപ്ന ജോജു.
കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ മടി കാണിക്കുന്ന അമ്മമാരും ഉദരത്തില്‍ രൂപം കൊണ്ട കുഞ്ഞുങ്ങളെ നിഷ്‌കരുണം കൊലയ്‌ക്കു കൊടുക്കുന്ന എല്ലാ അമ്മമാരും തിരിച്ച് ചിന്തിക്കുന്നതിന് വലിയൊരു സന്ദേശം ലോകത്തിന് നല്‍കി വിടവാങ്ങിയ ഒരു അമ്മ. അതിലും ഉപരി അടുത്തറിയുന്നവരുടെ ഭാഷയില്‍ ‘ ഒരു വിശുദ്ധ ‘.
തൃശ്ശൂര്‍ സ്വദേശി ജോജുവിന്റെ ഭാര്യയായ സപ്ന ഡല്‍ഹി എയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായിരിന്നു. അതിലും ഉപരി ജീവന്റെ മഹത്വവും പ്രാധാന്യവും അടുത്തറിഞ്ഞു എട്ട് മക്കള്‍ക്ക് ജന്മം നല്‍കിയ ഒരു അമ്മയായിരിന്നു അവര്‍. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ദൈവം നല്‍കിയ മക്കളെ അവര്‍ ഏറ്റുവാങ്ങി. എട്ടാമത് കുഞ്ഞിനെ ഗര്‍ഭത്തില്‍ ധരിച്ചിരിക്കുന്ന സമയത്താണ് കാന്‍സര്‍ രോഗബാധിതയാണെന്ന് സപ്ന തിരിച്ചറിയുന്നത്.
ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിച്ച് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് ഡോക്ടര്‍മാരുടെ സംഘം ഒരു പോലെ വാഗ്ദാനം നല്‍കിയെങ്കിലും അതിനു വഴങ്ങാന്‍ സപ്ന തയാറായിരിന്നില്ല. ” തനിക്ക് ജീവിക്കാനുള്ള അവകാശം പോലെ തന്നെ തന്റെ കുഞ്ഞിനും ജീവിക്കാൻ അവകാശമുണ്ട് ” എന്നായിരുന്നു ജീവന്റെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കിയ അവളുടെ ആദര്‍ശവാക്യം. മാസം തികയാതെ സപ്‌ന എട്ടാമത് കുഞ്ഞിനെ പ്രസവിച്ചു. ഫിലോമിന എന്നായിരുന്നു അവള്‍ക്ക് പേരു നല്കിയത്.
ഇന്നലെ ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ തന്റെ 44- മത്തെ വയസ്സില്‍ സപ്ന നിത്യതയിലേക്ക് യാത്രയായി. അതേ, ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ സപ്ന വിടവാങ്ങി. തിരുപിറവിയുടെ ദിനത്തില്‍ തന്നെയുള്ള സപ്നയുടെ വിടവാങ്ങല്‍ അത്ഭുതത്തോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഓരോരുത്തരും സ്മരിക്കുന്നത്. ഇന്ന് വൈകുന്നേരം 4.30 ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലാണ് സപ്‌നയുടെ മൃതസംസ്‌കാരശുശ്രൂഷകള്‍ നടക്കുക.
സപ്നയുടെ ജീവത്യാഗം സോഷ്യല്‍ മീഡിയയില്‍ മൊത്തം ചര്‍ച്ചയാകുകയാണ്. പലരും പങ്കുവെക്കുന്നു ” സപ്ന കേരളത്തില്‍ നിന്നുമുള്ള മറ്റൊരു വിശുദ്ധയായി തീരും “. നമ്മുക്ക് പ്രാര്‍ത്ഥിക്കാം, സപ്നയുടെ ആത്മശാന്തിയ്ക്കായി , ജോജുവിനും മക്കള്‍ക്കും പ്രത്യാശ ലഭിക്കുന്നതിനായി, നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
പൊന്നാനി: മലപ്പുറത്ത് കടത്തുതോണിമറിഞ്ഞ് ഒരുകുടുംബത്തിലെ ആറുപേര്‍ മരിച്ചു. ചങ്ങരം കുളത്താണ് അപകടം നടന്നത്. നന്നംമുക്ക് നരണിപ്പുഴയിലാണ് കടത്തുതോണി മറിഞ്ഞത്. ഒമ്പത് പേരാണ് തോണിയിലുണ്ടായിരുന്നത്. മരിച്ചവരില്‍ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമുണ്ട്. പ്രസീന(12), വൈഷ്ണ(15), ജെനീഷ(11), പൂജ(15), ആദിനാഥ്(14), ആദിദേവ്(8) എന്നിവരാണ് മരിച്ചത്. മുന്നുപേരെ രക്ഷപ്പെടുത്തി. തോണി തുഴഞ്ഞ വേലായുധന്‍, ശവഖി, ഫാത്തിമ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
വേലായുധനെ തൃശൂര്‍ അമല മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റലില്‍ ആണുള്ളത്. വൈകിട്ട് 5.30 നായിരുന്നു അപകടം. അവധി ആഘോഷിക്കാനെത്തിയവര്‍ സമീപത്തുള്ള ബണ്ട് പൊട്ടിയുണ്ടായ ജലപ്രവാഹം കാണാന്‍ പോകും വഴിയാണ് അപകടം ഉണ്ടായതെന്ന് പറയപ്പെടുന്നു. തോണിയിലുണ്ടായിരുന്ന വിടവില്‍ കൂടി വെള്ളം കയറിയാണ് തോണി മുങ്ങിയതെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.
ദുരന്തം ഉണ്ടായപ്പോള്‍ തന്നെ കരയില്‍ നിന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എടപ്പാളിനടുത്തുള്ള അറഫ ആശുപത്രിയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
ഇളയമ്മയുടെ മക്കള്‍ രണ്ടാംക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കാലത്ത് തന്നെ ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടിയുടെ പരാതി. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിനിയായ 17 കാരിയാണ് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പുകളെ അവഗണിച്ച് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി മൊഴിനല്‍കിയത്.
പരാതിയെ തുടര്‍ന്ന് പോലീസ് ഐപിസി-376(എഫ്) പ്രകാരം ബലാല്‍സംഗത്തിന് കേസെടുത്തു. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി രണ്ടാംക്ലാസില്‍ പഠിക്കുന്ന കാലത്ത് വാടകവീട്ടിലും ബന്ധുവിന്റെ വീട്ടിലും കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. രണ്ടുവ്യത്യസ്ത കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
സംഭവം നടക്കുന്ന കാലത്ത് പോക്‌സോ നിയമം നിലവിലില്ലാത്തതിനാലാണ് മറ്റ് വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഗാന്ധിനഗര്‍: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയായി വിജയ്‌രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുു. പകല്‍ പതിനൊന്നരയോടെ ഗാന്ധിനഗറിലെ പ്രത്യേക വേദിയിലായിരുന്നു ചടങ്ങ് നടന്നത്. ഇത് രണ്ടാം തവണയാണ് രൂപാണി മുഖ്യമന്ത്രിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്ക് പുറമേ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, നിതീഷ്‌കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ അനേകം ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്ക് പുറമേ ബിജെപി ഭരിക്കുന്ന 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. 182 അംഗ നിയമസഭയില്‍ 99 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. 77 സീറ്റുകള്‍ നേടി ശക്തമായ തിരിച്ചുവരവ് കാട്ടിയ കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനത്താണ്.
1985 ന് ശേഷം ഈ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേടുന്ന വലിയ വിജയമാണ് ഇത്. 2012 ല്‍ 115 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി അധികാരത്തില്‍ എത്തിയത്. അന്ന് കോണ്‍ഗ്രസിന് 61 സീറ്റുകളായിരുന്നു കിട്ടിയിരുന്നത്. എന്നാല്‍ ഇത്തവണ അത് 77 ആയി ഉയര്‍ന്നതോടെ മറ്റു മൂന്ന് പേരെ കൂടെ കൂട്ടി പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് 80 സീറ്റുകളുണ്ട്. 1995 ന് ശേഷം ബിജെപിക്ക് ഇത്രയും സീറ്റുകള്‍ കുറയുന്നത് ഇതാദ്യമാണ്.
തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ആറ് മന്ത്രിമാരും സ്പീക്കര്‍ രമണ്‍ലാല്‍ വോറയെയും നഷ്ടമായതിനാല്‍ ഏറെ പുതുമുഖങ്ങളും ഇത്തവണ ഉണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് നേരിയ വ്യത്യാസം മാത്രമാണ് ഇത്തവണയെന്നതിനാല്‍ രൂപാണിയെ മാറ്റണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മന്‍സുഖ് മണ്ഡ്യാവ്യ, കര്‍ണാടക ഗവര്‍ണര്‍ വജു ഭായ് വാല എന്നിവരുടെ പേരുകളൊക്കെ പരിഗണിച്ച ശേഷമാണ് ഒടുവില്‍ രൂപാണി തന്നെ മതിയെന്ന അഭിപ്രായത്തിലേക്ക് എല്ലാവരും എത്തിയത്.
താമരശ്ശേരി രൂപതയുടെ കീഴിലുള്ള ചെമ്പുകടവ് സെന്‍റ്. ജോര്‍ജ്ജ് ദേവാലയത്തില്‍ ക്രിസ്തുമസ് പാതിരാകുര്‍ബാന മദ്ധ്യേ തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമം. അപരിചിതരായ രണ്ട് പേര്‍ വിശുദ്ധ കുർബാന സ്വീകരിക്കുന്ന രീതി കണ്ടപ്പോളാണ് വിശ്വാസികളില്‍ സംശയമുയര്‍ന്നത്. നാവിൽ സ്വീകരിച്ച പരിശുദ്ധ കുർബാന വിരൽകൊണ്ട് തട്ടി പോക്കറ്റിലേക്ക് മാറ്റുന്നത് കണ്ടപ്പോള്‍ വിശ്വാസികളുടെ സംശയം പൂര്‍ണ്ണമാകുകയായിരിന്നു. ഇതിനിടെ ഒരാളുടെ വായിൽ നിന്നും വീണ തിരുവോസ്തി പോക്കറ്റിൽ വീഴാതെ നിലത്തു പോയപ്പോള്‍ ചവിട്ടി പിടിക്കാനും പിന്നെ എടുത്ത് പോക്കറ്റിൽ ഇടാനും ശ്രമമുണ്ടായി.
ഇതോടെ ഇടവകക്കാര്‍ ഇവരെ പിടികൂടുകയായിരുന്നു. പേരുകൾ ചോദിച്ചപ്പോൾ ക്രിസ്ത്യൻ പേരുകൾ പറഞ്ഞെങ്കിലും തിരിച്ചറിയല്‍ കാർഡുകൾ പരിശോധിച്ചപ്പോൾ മറ്റു മതസ്ഥരാണെന്നു തെളിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇവരുടെ കൂടെ അഞ്ചു പേര്‍ കൂടിയുണ്ടെന്ന് പിന്നീട് മനസ്സിലായി.
പുലര്‍ച്ചെ രണ്ടുമണിയോടെ കോടഞ്ചേരി പോലീസ് ദേവാലയത്തിലെത്തി ഏഴു പേരെയും കസ്റ്റഡിയിൽ എടുത്തു. പിടിയിലായ എല്ലാവരും യുവജനങ്ങളാണ്. സാത്താന്‍ സേവയ്ക്കായി തിരുവോസ്തി കടത്താനായിരിന്നു ഇവരുടെ ശ്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്. യേശുക്രിസ്തുവിന്റെ നിറസാന്നിധ്യമുള്ള ഓരോ തിരുവോസ്തിയ്ക്കും ലക്ഷങ്ങളാണ് സാത്താന്‍ സേവകരുടെ സംഘം വിലയിടുന്നത്. ഗോവ, മുംബൈ, മിസ്സോറാം എന്നീ പ്രദേശങ്ങളിൽ നിലനിന്നിരുന്ന സാത്താൻ സേവ സംഘം കേരളത്തില്‍ വ്യാപകമാകുന്നുവെന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവരുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങള്‍ സാത്താന്‍ സേവകരുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.
മുംബൈ: ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ നിക്ഷേപമുള്ളവരുടെ പട്ടികയില്‍ കോടിപതിയായി അമിതാഭ് ബച്ചനും. അമിതാഭിനും മകന്‍ അഭിഷേകിനും കോടികളുടെ ബിറ്റ്‌കോയിന്‍ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍. ഇരുവരും ചേര്‍ന്ന് രണ്ടര വര്‍ഷം മുന്‍പ് 1.6 കോടി മൂല്യമുള്ള ബിറ്റ് കോയിന്‍ നിക്ഷേപമാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബിറ്റ് കോയിന്‍ മൂല്യം അസാധാരണമായി ഉയര്‍ന്നതോടെയാണ് ബച്ചന്റെ നിക്ഷേപം 112 കോടിയായി ഉയര്‍ന്നത്.
പുറത്തു വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2015ലാണ് അമിതാഭും അഭിഷേകും സിംഗപ്പൂര്‍ കമ്പനിയായ മെറിഡിയന്‍ ടെക്കില്‍ ബിറ്റ് കോയിന്‍ നിക്ഷേപം നടത്തിയത്. വെങ്കട ശ്രീനിവാസ് മീനവള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോം കമ്പനിയാണിത്. ഈ കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞയാഴ്ച ലോങ് ഫിന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരുന്നു. ഇതോടെ ലോജ് ഫിനിന്റെ ഓഹരികള്‍ 2500 ശതമാനം വര്‍ദ്ധിച്ചു.
ഏറ്റെടുക്കലോടെ ബച്ചന്‍ കുടുംബത്തിന് ലോങ് ഫിനില്‍ 25000 ഷെയറുകളാണ് ലഭിച്ചത്. തിങ്കളാഴ്ച മാത്രം ലോങ് ഫിനിന്റെ ഒരു ഷെയറിന് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ 70 ഡോളറാണ് മൂല്യമുണ്ടായിരുന്നത്. ഇത്തരത്തില്‍ രണ്ടര വര്‍ഷം കൊണ്ട് ബച്ചന്റെ നിക്ഷേപം ഉയരുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ബിറ്റ് കോയിന്റെ മൂല്യത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്. ഒരു ബിറ്റ് കോയിന് 65 ലക്ഷം രൂപ വരെ ആയാലും അത്ഭുതപ്പെടാനില്ലെന്ന് 2008ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ച ഹെഡ്ജ്ഫണ്ട് മാനേജര്‍ നാസിം നിക്കോളാസ് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.
ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് പ്രവേശിക്കുമോ എന്ന കാര്യം ഈ വര്‍ഷത്തിന്റെ അവസാന ദിവസം അറിയാം. കോടമ്പാക്കത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തില്‍ താന്‍ നിലപാട് അറിയിക്കുമെന്ന് രജനികാന്ത് അറിയിച്ചു. രാഷ്ട്രീയത്തില്‍ താന്‍ പുതിയ ആളല്ല. രാഷ്ട്രീയത്തില്‍ എത്താന്‍ വൈകുകയായിരുന്നു. രാഷ്ട്ട്രീയ പ്രവേശനമെന്നത് വിജയത്തിന് തുല്യമാണെന്നും തീരുമാനം 31ന് അറിയിക്കുമെന്നും രജനികാന്ത് വ്യക്തമാക്കി.
ഇന്ന് നടന്ന ആരാധക സംഗമത്തില്‍ നടത്തിയ പ്രസംഗത്തിലാണ് സ്റ്റൈല്‍ മന്നന്‍ ഇക്കാര്യം പറഞ്ഞത്. തീരുമാനം ഇന്ന് അറിയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. യുദ്ധത്തിനിറങ്ങിയാല്‍ ജയിക്കണം. അതിന് തന്ത്രങ്ങളും വേണം. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കാണ് താല്‍പര്യം കൂടുതലെന്നും രജനി പ്രസംഗത്തില്‍ പറഞ്ഞു.
കഴിഞ്ഞ മെയ് മാസത്തില്‍ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചന നല്‍കുമ്പോളും യുദ്ധം വരുമ്പോള്‍ നമുക്ക് അതിനെ ഒരുമിച്ച് നേരിടാമെന്നായിരുന്നു രജനി പറഞ്ഞത്. 18 ജില്ലകളില്‍ നിന്നുള്ള ആരാധകരുടെ സാന്നിധ്യത്തിലായിരുന്നു രജനിയുടെ പ്രസംഗം.
തിരുവനന്തപുരം. പുതുച്ചേരിയില്‍ നടന്‍ ഫഹദ് ഫാസില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടുള്ള കേസില്‍ വാഹനത്തിന്റെ ഡീലര്‍മാരെയും പ്രതി ചേര്‍ക്കും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ വ്യാജരേഖ ചമച്ചതില്‍ ഡീലര്‍മാര്‍ക്കുള്ള പങ്കിനെപ്പറ്റി ഫഹദ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലും ബെംഗളൂരുവിലുമുള്ള ഡീലര്‍മാരുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇവരെ വൈകാതെ ചോദ്യം ചെയ്യും.
നികുതി സംബന്ധമായ കാര്യങ്ങളൊന്നും അറിയില്ലായിരുന്നുവെന്നും ഡീലര്‍മാരാണ് കാറുകള്‍ റജിസ്റ്റര്‍ ചെയ്ത് ഇവിടെയെത്തിച്ചതെന്നും ഫഹദ് മൊഴി നല്‍കിയിരുന്നു. നികുതി നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.
നിയമം ലംഘിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. എത്ര പിഴ വേണമെങ്കിലും നല്‍കാന്‍ തയാറാണെന്നും ഫഹദ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. രണ്ടു പേരുടെ ആള്‍ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം.
25നു രാവിലെ പത്തരയോടെയാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഫഹദ് എത്തിയത്. ഒരുമണിയോടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. നേരത്തെ ഈ കേസില്‍ ഫഹദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാ!ഞ്ച് ആന്റി ടെസ്റ്റ് ടെംപിള്‍ സ്‌ക്വാഡ് എസ്പി സന്തോഷ് കുമാറിന്റെ മുന്നില്‍ ഹാജരാകണം എന്നതടക്കം ഉപാധിയോടെയായിരുന്നു ജാമ്യം.
പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു തട്ടിപ്പ് നടത്തിയെന്ന വ്യാജ പരാതി ഉണ്ടായപ്പോള്‍ത്തന്നെ റജിസ്‌ട്രേഷന്‍ ആലപ്പുഴയിലേക്കു മാറ്റുകയും 19 ലക്ഷം രൂപ നികുതിയടച്ചു സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തുകയും ചെയ്‌തെന്നു ഫഹദിന്റെ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചിരുന്നു. ഇതിനായി പുതുച്ചേരിയിലെ വാഹന വകുപ്പി!ല്‍നിന്നു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും വാങ്ങി.
അഭിനയത്തിന്റെ തിരക്കിനിടയില്‍ വാഹന റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്തിയതു നടന്റെ ഓഫിസായിരുന്നെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും ബോധ്യപ്പെടുത്തി.
കേരളത്തില്‍ മോട്ടോര്‍ വാഹന നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ചതിനു നടന്‍ ഫഹദ് ഫാസിലിനും നടി അമല പോളിനുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ആലപ്പുഴയിലെ വിലാസത്തില്‍ വായ്പ എടുത്തു വാഹനം വാങ്ങിയ ഫഹദ് പുതുച്ചേരിയില്‍ താമസിക്കുന്നെന്ന വ്യാജരേഖ ഉണ്ടാക്കിയെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.