കണ്ണൂര്: കണ്ണൂര് പേരാവൂരില് എബിവിപി പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. കക്കയങ്ങാട് ഗവ.ഐ.ടി.ഐ വിദ്യാര്ഥി ശ്യാമപ്രസാദാണ് മരിച്ചത്. ബൈക്കില് സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.
മുഖംമൂടി ധരിച്ച ഒരു സംഘമാണ് ആക്രമണം നടത്തിയത്. അക്രമികളില് നിന്ന് രക്ഷപ്പെടാനായി ശ്യാമപ്രസാദ് അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്ന്നെത്തിയ സംഘം ആക്രമണം തുടര്ന്നു. വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.
സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള് ബഹളം വെച്ചതോടെയാണ് അക്രമികള് പിന്തിരിഞ്ഞത്. കൂത്തുപറമ്പിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില് സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാനെത്തിയ രമേശ് ചെന്നിത്തലയോട് ചോദ്യങ്ങള് ചോദിച്ച ആന്ഡേഴ്സണ് എഡ്വേര്ഡിനെ മര്ദ്ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു. വാരിയെല്ല് തകര്ന്ന നിലയിലാണ് ആന്ഡേഴ്സണെ തിരുവനന്തപുരം മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചതെന്ന് കൈരളി ഓണ്ലൈന് റിപ്പോര്ട്ട് ചെയ്യുന്നു. ആന്ഡേഴ്സന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം കല്ലേറുണ്ടായിരുന്നു.
സമരത്തില് മുതലെടുപ്പിനെത്തിയ ചെന്നിത്തലക്ക് മുന് കെഎസ്യു പ്രവര്ത്തകന് കൂടിയായ ആന്ഡേഴ്സണ് ഉന്നയിച്ച ചോദ്യങ്ങള്ക്ക് മുന്നില് ഉത്തരം മുട്ടിയിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ചെന്നിത്തലയെ ശ്രീജിത്ത് സന്ദര്ശിച്ചിരുന്നതാണെന്നും സമരത്തേക്കുറിച്ച് സൂചിപ്പിച്ചപ്പോള് ചെന്നിത്തല പരിഹസിച്ചെന്നും ആന്ഡേഴ്സണ് പറഞ്ഞതിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലാലകുകയും ചെയ്തു. പിന്നീട് ആന്ഡേഴ്സണെതിരെ കെഎസ്യു നേതാവ് ശ്രീദേവ് സോമന് രംഗത്തെത്തിയിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസില് പ്രധാന പ്രതിയായ ഡ്രൈവര് മാര്ട്ടിന് കൊല്ലപ്പെട്ടേക്കാമെന്ന് സലിം ഇന്ത്യയുടെ വെളിപ്പെടുത്തല്. ആലുവ സബ്ജയിലില് വച്ചോ കോടതിയിലേക്കു കൊണ്ടു പോകുന്ന വഴിക്കു വച്ചോ കൊല്ലപ്പെടുമെന്ന് താന് ഭയപ്പെടുന്നതായി എഴുത്തുകാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യ പറഞ്ഞു.
കേസിന്റെ തുടക്കം മുതലെ ദിലീപ് നിരപരാധിയാണെന്ന് വാദിച്ചവരില് പ്രധാനിയാണ് സലിം ഇന്ത്യ. തുടക്കം മുതലുള്ള മാധ്യമ ചര്ച്ചകളിലും ഇദ്ദേഹം സജീവമായിരുന്നു. ദിലീപിനു വേണ്ടി മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിക്കും ഹര്ജി നല്കിയ ആളുമാണ് സലിം ഇന്ത്യ.
നടിയുടെ താത്ക്കാലിക ഡ്രൈവറായിരുന്ന മാര്ട്ടിന് കേസിലെ പ്രധാന പ്രതിയാണ്. ദിലീപിനെതിരെ കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നെന്നും നാടകത്തിനു പിന്നില് നടിയുടേയും പള്സര് സുനിയുടേയും ഒരു നിര്മാതാവിന്റേയും കുബുദ്ധിയാണ് ഉള്ളതെന്നും മാര്ട്ടിന് കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് മൊഴി നല്കിയിരുന്നു. കേസിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്ന രീതിയിലാണ് മാര്ട്ടിന്റെ പുതിയ മൊഴി. ഇക്കാര്യത്തില് പൊലീസ് കൂടുതല് അന്വേഷണം നടത്തിവരികയാണ്.
ന്യൂഡല്ഹി: ഇരട്ടപ്പദവി വിഷയത്തിൽ ഡൽഹി നിയമസഭയിലെ 20 ആംആദ്മി എംഎൽഎമാരെ അയോഗ്യരാക്കി. രാവിലെ ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗമാണ് ഇവരെ അയോഗ്യരാക്കിയത്. എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള ശുപാർശ കമ്മീഷൻ രാഷ്ട്രപതിക്ക് അയച്ചു. ആംആദ്മി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി കെജ്രിവാൾ നിയമിച്ചിരുന്നു.
പാർലമെന്ററി സെക്രട്ടറിമാർ പ്രതിഫലം പറ്റുന്ന പദവിയിലുള്ളവരായതിനാൽ ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് 2015ൽ പ്രതിപക്ഷമാണ് പരാതി നൽകിയത്. ഇതിനെതിരെ ഡൽഹി സർക്കാർ കോടതിയെ സമീപിച്ചു. പിന്നീട് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തിയത്.
കമ്മീഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്ട്ടി അറിയിച്ചു. 70 അംഗ നിയമസഭയില് 66 പേരുടെ ഭൂരിപക്ഷമുള്ളതിനാൽ എംഎൽഎമാരുടെ അയോഗ്യത സർക്കാരിന് ഭീഷണിയാകില്ല. 21 പേർക്കെതിരെയായിരുന്നു പരാതി നൽകിയിരുന്നതെങ്കിലും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില് മല്സരിക്കാനായി രാജിവെച്ചതോടെ ജര്ണൈല് സിങ് കേസിൽ നിന്ന് ഒഴിവായിരുന്നു.
ചണ്ഡീഗഡ്: ഹരിയാനയില് ഗായികയെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. ഗായിക മമത ശര്മ്മയെയാണ് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. മുഖ്യമന്ത്രി മനോഹര്ലാല് ഖട്ടറിന്റെ നാടായ റോഹ്ത്തക് ജില്ലയിലെ ബാലിയാനി ഗ്രാമത്തിലാണ് സംഭവം.
മമത ശര്മ്മയെ കഴിഞ്ഞ ജനുവരി 14 മുതല് കാണാനില്ലായിരുന്നു. ഗൊഹനയില് നടന്ന പരിപാടിക്ക് ശേഷം മമതയുമായി ബന്ധപ്പെടാന് കഴിഞ്ഞിരുന്നില്ലെന്ന് വീട്ടുകാര് പറയുന്നു. തുടര്ന്ന് വീട്ടുകാര് പൊലീസില് പരാതിപ്പെട്ടിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെടുത്തത്.
മൃതദേഹത്തില് പരിക്കുപറ്റിയ പാടുകളുണ്ട്. വായിലും ശരീരത്തിലുമാകെ മുറിവേറ്റിട്ടുണ്ട്. മമതയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്. കല്നോറയിലെ പ്രശസ്തയായ ഗായികയാണ് മമത ശര്മ്മ.
തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. പക്ഷേ അന്വേഷണം ആരംഭിക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് അറിയിച്ചു. സിബിഐ കേസ് ഏറ്റെടുക്കുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയിരുന്നു.
ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന വിജ്ഞാപനം എം.വി ജയരാജന് സമരപ്പന്തലിലെത്തി ശ്രീജിത്തിന് കൈമാറി. എന്നാല് അന്വേഷണം ആരംഭിക്കും വരെ നിരാഹാര സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. ശ്രീജിത്തിന്റെ അനിശ്ചിതകാല കാല സമരം 771 ദിവസം പിന്നിട്ടിരിക്കെ സാമൂഹിക മാധ്യമങ്ങളില് നിന്ന് വന് പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ അന്വേഷണം ഏറ്റെടുക്കണമെന്ന് സിബിഐയോട് സര്ക്കാര് ആവിശ്യപ്പെട്ടിരുന്നെങ്കിലും തള്ളുകയായിരുന്നു. ശ്രീജിത്തിന്റെ സമരം ശക്തിയായതോടെ സിബിഐക്കു മേല് സമ്മര്ദ്ദം വര്ദ്ധിക്കുകയായിരുന്നു.
കുറ്റാരോപിതരായ പോലീസുകാര്ക്കെതിരേ നടപടി സ്വീകരിക്കുന്നതില് ഏര്പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം സര്ക്കാര് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില് തീരുമാനം വരാനിരിക്കെയാണ് സിബിഐ കേസ് ഏറ്റെടുക്കാന് തീരുമാനിച്ചിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ശ്രീജിവെന്നാണ് പൊലീസ് ഭാഷ്യം എന്നാല് തന്റെ സഹോദരനെ പൊലീസ് മര്ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ശ്രീജിത്ത് പറയുന്നു.
ന്യൂസ് ഡെസ്ക്
ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയിൽതന്നെ പൂർണ്ണമായി വികസിപ്പിച്ചെടുത്ത 55 അടി നീളമുള്ള അഗ്നി 5 എന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. 5,000 കിലോമീറ്ററുകൾ ഇതിന് ആക്രമണ പരിധിയുണ്ട്. ചൈനയും ഏഷ്യ മുഴുവനും യൂറോപ്പിന്റെ ഭാഗങ്ങളും ആഫ്രിക്കയും മിസൈലിന്റെ പരിധിയിൽ വരും. ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത് ഒറീസയിലെ അബ്ദുൾ കലാം ഐലൻഡിൽ നിന്നാണ്. ഇന്നലെ രാവിലെ 9.53 നായിരുന്നു വിക്ഷേപണം നടന്നത്. 1500 കിലോഗ്രാം ഭാരം മിസൈലിന് വഹിക്കാനാകും.
പ്രകോപനമുണ്ടായാൽ ചൈനയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ ഉടൻ തന്നെ പ്രഹരിക്കാൻ ശേഷി ഉള്ള പോർമുനയാണ് ഇന്ത്യ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായിരിക്കുന്ന അവസരത്തിൽ നടന്ന പരീക്ഷണം ചൈന ഗൗരവമായാണ് കാണുന്നത്. പരീക്ഷണ വിക്ഷേപണം വിജയകരമായിരുന്നുവെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ മാധ്യമങ്ങളെ അറിയിച്ചു. ഇന്ത്യയുടെ സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിലേക്ക് ഈ വർഷം തന്നെ ഈ മിസൈൽ ചേർക്കാനുള്ള തയ്യാറെടുപ്പുകളാണ് നടന്നു വരുന്നത്. അതോടെ ഇന്റർ കോണ്ടിനെന്റെൽ ബാലിസ്റ്റിക് മിസൈലുകൾ ഉള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബിൽ ഇന്ത്യയും അംഗമാകും. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങൾ നിലവിൽ ഈ ക്ലബിൽ ഉണ്ട്.
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബിജെപിക്കുമെതിരേ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. താൻ ഹിന്ദു വിരുദ്ധനല്ല, മറിച്ച് മോദി വിരുദ്ധനും അമിത് ഷാ വിരുദ്ധനും ഹെഡ്ഗെ വിരുദ്ധനുമാണെന്ന് പ്രകാശ് രാജ് തുറന്നടിച്ചു. കൊലപാതകത്തെ അനുകൂലിക്കുന്നവരെ ഹിന്ദുക്കളെന്നു വിളിക്കാൻ കഴിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷിക്കപ്പെട്ടപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി മൗനം പാലിച്ചു. ഒരു ശരിയായ ഹിന്ദുവിന് അത്തരത്തിൽ മൗനം അവലംബിക്കാൻ കഴിയില്ല. താൻ ഹിന്ദു വിരുദ്ധനല്ല, മറിച്ച് മോദി വിരുദ്ധനും അമിത് ഷാ വിരുദ്ധനും ഹെഡ്ഗെ വിരുദ്ധനുമാണ്- ഇന്ത്യ ടുഡേ കോണ്ക്ലേവിൽ സംസാരിക്കവെ പ്രകാശ് രാജ് തുറന്നടിച്ചു. കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഡ്ഗെയുടെ ഭരണഘടന പൊളിച്ചെഴുതുമെന്ന പരാമർശത്തോടുള്ള മറുപടി കൂടിയായിരുന്നു നടന്റെ വാക്കുകൾ.
നിങ്ങൾ എന്നെ ഹിന്ദു വിരുദ്ധനെന്നു വിളിക്കുന്പോൾ നിങ്ങൾ ഹിന്ദുവല്ലെന്നു പറയാനുള്ള അവകാശം തനിക്കുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രകാശ് രാജിന്റെ പരാമർശത്തിനെതിരേ തെലങ്കാനയിൽനിന്നുള്ള ബിജെപി നേതാവ് കൃഷ്ണ സാഗർ റാവു കോണ്ക്ലേവിൽ പ്രതിഷേധവുമായി എത്തിയെങ്കിലും ഉചിതമായ മറുപടി നൽകാൻ നടനു കഴിഞ്ഞു.
കേന്ദ്രത്തിലെയും കർണാടകത്തിലെയും ബിജെപി നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനമുന്നയിക്കുന്നവരിൽ പ്രധാനിയാണ് നടൻ പ്രകാശ് രാജ്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നേക്കാൾ മികച്ച നടനെന്ന് പ്രകാശ് രാജ് പരിഹസിച്ചിരുന്നു.
ന്യൂഡല്ഹി: വ്യക്തികള് തങ്ങളുടെ വരുമാനത്തെക്കാള് കവിഞ്ഞുള്ള വാങ്ങല് നടപടികളെ നിയന്ത്രിക്കാന് കേന്ദ്ര സര്ക്കാര് പുതിയ സംവിധാനം കൊണ്ടുവരുന്നു. ആറുലക്ഷം രൂപയ്ക്ക് മുകളില് സ്വര്ണ്ണമോ ആഡംബര വസ്തുക്കളോ വാങ്ങിയാല് സാമ്പത്തിക ഇന്റലിജന്സ് യൂണിറ്റിന് നിങ്ങളുടെ വരുമാനം സംബന്ധിച്ച് രേഖകള് നല്കേണ്ടി വരും. ഇതിനായി കേന്ദ്ര സര്ക്കാര് പുതിയ ക്രമീകരണങ്ങള് വരുന്നതായിട്ടാണ് സൂചന.
നിലവില് രണ്ടുലക്ഷം രൂപയ്ക്ക് മുകളില് പണമിടപാട് നടത്തുന്നവര് കേന്ദ്ര ഏജന്സികളുടെ നിരീക്ഷണത്തിലാണ്.
കൂടാതെ നോട്ട് അസാധുവാക്കലിനു ശേഷം 50000 രൂപയ്ക്ക് മുകളില് നിക്ഷേപങ്ങള് നടത്തുന്നവരെയും നിരീക്ഷിക്കുന്നതായാണ് റിപ്പോര്ട്ടുകള് പറയുന്നത്. പല വിദേശ രാജ്യങ്ങളിലും ആഢംബര വസ്തുക്കള് വാങ്ങുന്നതിന് നിബന്ധനകളുണ്ട്. ഈ രീതി ഇന്ത്യയിലും പ്രാവര്ത്തികമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്ക്കാര്.
കൂടിയ വിലയ്ക്ക് സാധനങ്ങള് വാങ്ങുന്നവരെ നിരീക്ഷിക്കുന്നതു വഴി കള്ളപ്പണം വെളുപ്പിക്കുന്നവരെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് സര്ക്കാര്. നിയമത്തിന്റെ പഴുതുകള് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള് പരിഗണിച്ചാണ് സര്ക്കാര് പുതിയ പദ്ധതി കൊണ്ടു വരുന്നത് എന്നാണ് വാദം.
ഡല്ഹി നിയമസഭയിലെ ഇത്തവണത്തെ ശീതകാല സമ്മേളനത്തില് ചൂടന് ചര്ച്ചകള് കേള്ക്കാന് ഒരു കുഞ്ഞതിഥി കൂടിയുണ്ടാകും. എഎപി എംഎല്എ സരിത സിങ്ങിന്റെ രണ്ടുമാസം പ്രായമുള്ള ആണ്കുഞ്ഞ് അദ്വൈത് അഭിനവ് റായ്. തിരക്കേറിയ സമ്മേളന വേദികളിലും ചര്ച്ചാ സദസ്സുകളിലുമൊക്കെ അമ്മയ്ക്കൊപ്പം സ്ഥിര അഥിതിയായി അദ്വൈതും എത്താറുണ്ട്. അമ്മ തിരക്കിലാകുന്ന അവസരത്തില് മറ്റു എംഎല്എ മാരുടെ മടിയില് ശാന്തനായുറങ്ങാനും അദ്വൈതിന് യാതൊരു എതിര്പ്പുമില്ല.
ചുരുക്കത്തില് പറഞ്ഞാല് അദ്വൈതിന്റേത് ഒരു കുഞ്ഞു രാഷ്ട്രീയ ജീവിതമാണ്. രണ്ടുമണിക്കൂര് ഇടവിട്ട് കുഞ്ഞിന് മുലയൂട്ടേണ്ടതിനാലാണ് തനിക്കൊപ്പം എപ്പോഴും സരിത കുഞ്ഞിനെ കൂട്ടുന്നത്.
‘അസംബ്ലി സമാധാനം നിറഞ്ഞ ഒരിടമാണ്. ഒരിക്കല് അഴുക്കുചാല് നിറഞ്ഞുകവിഞ്ഞൊഴുകുന്നത് പരിശോധിക്കാന് പോയപ്പോഴും മകനെയും കൂട്ടിയാണ് ഞാന് പോയത്. കുഞ്ഞിന് കാറില് ഇരുന്ന് അന്ന് പാലുകൊടുത്തു.’ സരിത പറയുന്നു. ഒരു പൊതുജനസേവകന് പ്രസവാവധിയൊന്നുമില്ലെന്നാണ് സരിതയുടെ പക്ഷം. ‘ഞങ്ങള് ജനങ്ങളോട് ഉത്തരംപറയേണ്ടവരാണ്. ഞങ്ങള്ക്ക് ഉത്തരവാദിത്തങ്ങള് ചെയ്തുതീര്ക്കേണ്ടതുണ്ട്. ഞാന് എന്റെ ജീവിതത്തിലെ ഈ പ്രത്യേക കാലഘട്ടം ആസ്വദിക്കുന്നു.’ സരിത കൂട്ടിച്ചേര്ത്തു.
നിയമസഭയിലെ കുഞ്ഞിനെ നോക്കാന് നിരവധി എംഎല്എമാരും സരിതക്കൊപ്പമുണ്ട്. ആം ആദ്മി പാര്ട്ടിയുടെ ഭാവിയായാണ് അദ്വൈതിനെ അവരില് പലരും കാണുന്നത് തന്നെ. നിലവില് മുലയൂട്ടുന്ന വനിതാ സാമാജികര്ക്ക് പ്രസവാവധി അനുവദിക്കാനുള്ള വ്യവസ്ഥയൊന്നും ഡല്ഹി നിയമസഭയില് ഇല്ല. കുഞ്ഞിനെ നോക്കാന് സ്വന്തം കുടുംബ തയ്യാറെണെങ്കിലും കുഞ്ഞ് തന്റൊപ്പം തന്നെ വളരട്ടെയെന്നാണ് സരിതയുടെ നിലപാട്.