കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനായി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തും. മെട്രോയുടെ ഉദ്ഘാടനത്തിന് പുറമേ പി.എൻ.പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ദേശീയ വായനാ മാസാചരണത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും.
നാളെ രാവിലെ 10.15 നാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുക. നാവികസേനയുടെ പ്രത്യേക വിമാനത്തിൽ ദക്ഷിണ നാവികസേന വിമാനത്താവളമായ ഐഎൻഎസ് ഗരുഡയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക.
ഇവിടെ നിന്ന് റോഡ് മാർഗം പാലാരിവട്ടത്ത് എത്തുന്ന പ്രധാനമന്ത്രി 10.35ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പാലാരിവട്ടത്തെ മെട്രോ സ്റ്റേഷനിലാണ് ഈ ചടങ്ങ്. ഇവിടെ നിന്ന് മെട്രോ തീവണ്ടിയിൽ പത്തടിപ്പാലത്തേക്ക് ഇദ്ദേഹം യാത്ര തിരിക്കും.
ഇതേ ട്രയിനിൽ തിരിച്ച് പാലാരിവട്ടത്തേക്കും പ്രധാനമന്ത്രി വരും. തുടർന്ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ പൊതു സമ്മേളനം നടക്കും. ഇവിടെയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന സമ്മേളനം നടക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം വേദിയിൽ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊച്ചി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ എന്നിവരും ഉണ്ടാകും.
1.30വരെ വാഹനങ്ങളുമായി കൊച്ചി നഗരത്തിൽ ഇറങ്ങരുത്
പുലർച്ചെ അഞ്ച് മണി മുതലാണ് പ്രധാനമന്ത്രി സഞ്ചരിക്കുന്ന പാതയിൽ ഗതാഗത നിയന്ത്രണമുള്ളത്. രാവിലെ 10.15 ന് പുറപ്പെടുന്ന പ്രധാനമന്ത്രി തേവര, പള്ളിമുക്ക് വഴി ജോസ് ജംഗ്ഷനിലെത്തി ഇവിടെ നിന്ന് ബി.ടി.എച്ച് ജംഗ്ഷനിലേക്ക് തിരിക്കും. മേനക വഴി ഹൈക്കോടതി ജംഗ്ഷനിലെത്തിയ ശേഷം ബാനർജി റോഡ് വഴി കച്ചേരിപ്പടി, കലൂർ ജംഗ്ഷനുകൾ പിന്നിട്ട് പാലാരിവട്ടത്തേക്ക് എത്തും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് 9.45 മുതൽ ഇദ്ദേഹം സഞ്ചരിക്കുന്ന റോഡുകളിലേക്ക് മറ്റ് വാഹനങ്ങളുടെ പ്രവേശനം വിലക്കും. പിന്നീട് 1.30 വരെ നഗരത്തിൽ ഈ റൂട്ടിൽ പലയിടത്തും ഗതാഗതം പൂർണ്ണമായും ഭാഗികമായും തടസ്സപ്പെടും. കലൂരിൽ നിന്ന് കതൃക്കടവ് റോഡ് വഴിയും നോർത്ത് ഭാഗത്ത് നിന്ന് ചിറ്റൂർ റോഡ് വഴിയും, എം.ജി.. റോഡ് വഴിയുമാണ് ഈ സമയത്ത് ഗതാഗതം തിരിച്ചുവിടുക.
കനത്ത സുരക്ഷയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അതുകൊണ്ട് തന്നെ സ്വകാര്യവ്യക്തികൾ അടിയന്തിര ആവശ്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വാഹനം നിരത്തിലിറക്കാൻ പാടുള്ളൂ. അതല്ലെങ്കിൽ രാവിലെ 9.45 മുതൽ 1.30 വരെ ട്രാഫിക് കുരുക്കിൽ പെടും. ഇങ്ങിനെ വന്നാൽ പ്രധാനമന്ത്രി പോയിക്കഴിഞ്ഞാലും ഒന്നോ രണ്ടോ മണിക്കൂറെടുത്തേ ഗതാഗതം സാധാരണ നിലയിലേക്ക് തിരികെയെത്തൂവെന്ന് ട്രാഫിക് പൊലീസ് സിഐ എൻ.ആർ.ജയരാജ് പറഞ്ഞു.
സ്പെഷ്യല് പ്രൊട്ടക്ഷന് ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്ദേശപ്രകാപരമാണ് സുരക്ഷാ ക്രമീകരണങ്ങള് ഒരുക്കിയിരിക്കുന്നത്. എസ്.പി.ജി എഐജിമാരായ അനീഷ് സിരോഹി, രാജേഷ് കുമാര്, ടി.കെ.ഗൗതം എന്നിവർ പ്രധാനമന്ത്രി എത്തുന്ന സ്ഥലങ്ങളും യാത്രാപാതയും സന്ദര്ശിച്ച് കേരള പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. താരതമ്യേന വീതിയേറിയ പാത ആയതിനാലാണ് മേനക വഴി തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ഒദ്യോഗിക വിശദീകരണം.
ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം, അവർക്കും മുൻ കരുതലുകൾ
ഉദ്ഘാടന സമ്മേളനം നടക്കുന്ന കലൂർ സ്റ്റേഡിയത്തിൽ 3500 പേർക്കാണ് ഇരിപ്പിടമുള്ളത്. ക്ഷണിക്കപ്പെട്ട അതിഥികളാണ് ഇവരെല്ലാവരും.
ക്ഷണപത്രത്തിനൊപ്പം തിരിച്ചറിയൽ കാർഡും എല്ലാവരും ഹാജരാക്കണം. എന്നാൽ മാത്രമേ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കൂ. പ്രധാനമന്ത്രി എത്തുന്നതിനും ഒരു മണിക്കൂർ മുൻപ് തന്നെ ക്ഷണിക്കപ്പെട്ടവർ വേദിയിൽ സന്നിഹിതരാകണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട്. നഗരത്തിലെവിടെയും റോഡരികിൽ പാർക്കിംഗ് പൊലീസ് അനുവദിക്കില്ല. പാർക് ചെയ്യുന്ന വാഹനങ്ങൾ ഉടനടി പൊലീസ് കൊണ്ടുപോകും. ഭീമൻ പിഴയും ചുമത്തും.
ക്ഷണിക്കപ്പെട്ടവരുടെ വാഹനങ്ങൾ പാർക്കിംഗ് നിർദ്ദേശിച്ച സ്ഥലത്ത് തന്നെ വേണം പാർക് ചെയ്യാൻ. അതിന് പുറമേ, മൊബൈൽ ഫോണോ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ സമ്മേളന വേദിയിലേക്ക് കൊണ്ടുപോകാൻ പറ്റില്ല. ഇത് പരിശോധന സമയത്ത് പരിശോധകർ വാങ്ങിവയ്ക്കും. പിന്നീട് തിരിച്ച് ലഭിക്കുമെന്ന ചിന്ത വേണ്ട.
സ്വന്തം വാഹനം സുരക്ഷിത താവളത്തിൽ പാർക്ക് ചെയ്താലും ശ്രദ്ധിക്കേണ്ടതുണ്ട്. കാറിന്റെ താക്കോൽ റിമോട്ട് നിയന്ത്രണ സംവിധാനം ഉള്ളതാണെങ്കിൽ സമ്മേളന വേദിയിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ല. ഇത് പുറത്ത് വയ്ക്കണം.
ബാഗോ, വെള്ളക്കുപ്പികളോ സമ്മേളന വേദിയിലേക്ക് പ്രവേശിപ്പിക്കില്ലെന്നതാണ് മറ്റൊരു കാര്യം. അതിനാൽ തന്നെ ക്ഷണിക്കപ്പെട്ട അതിഥികൾ ക്ഷണപത്രവും തിരിച്ചറിയൽ കാർഡും അല്ലാതെ മറ്റൊന്നും ഹാളിനകത്തേക്ക് പ്രവേശിക്കുമ്പോൾ കൈവശം വയ്ക്കരുത്.