ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ”കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ജിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഫലവത്തായ കാലയളവ് ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു” ഇതായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
പ്രധാനമന്ത്രിയുടെ ട്വിറ്റിന് മണിക്കൂറുകള്‍ക്ക് ശേഷം നന്ദി അര്‍പ്പിച്ച് രാഹുലും രംഗത്ത് വന്നു. ”മോദിജി താങ്കളുടെ അഭിനന്ദനങ്ങള്‍ക്ക് നന്ദി’ എന്നായിരുന്നു നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടിയില്‍ പറഞ്ഞത്.
16ന് പതിനൊന്ന് മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് വച്ചാണ് രാഹുലിന്റെ സ്ഥാനാരോഹണം. സോണിയ ഗാന്ധി അധ്യക്ഷത വഹിക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷമാകും രാഹുല്‍ ചുമതലയേറ്റെടുക്കുക. 19 വര്‍ഷത്തിന് ശേഷം നടക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ തലമുറമാറ്റം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് പ്രവര്‍ത്തകരും നേതാക്കളും.
കോണ്‍ഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെയാണ് രാഹുല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. സ്ഥാനാരോഹണത്തിന്റെ ഭാഗമായി അടുത്ത മാസം എ.ഐ.സി.സി പ്ലീനറി സമ്മേളനവും നടക്കും. 133 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസിന്റെ സ്വതന്ത ഇന്ത്യയിലെ പതിനെട്ടാമത്തെ പ്രസിഡന്റാണ് രാഹുല്‍.
ന്യൂഡല്‍ഹി: ബിജെപിയുടെ റോഡ് ഷോയ്ക്കിടെ നേതാക്കള്‍ക്ക് നേരെ വധശ്രമമുണ്ടാകുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. പാക്ക് ഭീകരസംഘടനകളുടെ ആക്രമണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഒരു ഒറ്റയാന്‍ ആക്രമണമായിരിക്കുമെന്നാണ് സൂചന.
നേരത്തെ അറസ്റ്റിലായ രണ്ട് ഭീകരരെ ചോദ്യം ചെയ്തപ്പോഴാണ് ഈ സൂചനകള്‍ ലഭിച്ചത്. നിരവധിയാളുകള്‍ പങ്കെടുക്കുന്ന ജനപ്രീതിയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന റാലിയാകും ഭീകരര്‍ ഉന്നം വയ്ക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും രാഹുല്‍ ഗാന്ധിയുടേയും റോഡ് ഷോകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഭീകരവാദ ഭീഷണിയുള്ളതിനാലാണെന്ന് അഹമ്മദാബാദ് പോലീസ് പറഞ്ഞിരുന്നില്ല. എന്നാല്‍, വിലക്കേര്‍പ്പെടുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ഒരു സംഘടനയുടേയും പിന്തുണയുമില്ലാതെ ഒറ്റയ്ക്ക് ഭീകരാക്രമണം നടത്തുന്നവരെയാണ് ‘ലോണ്‍ വൂള്‍ഫ്’ എന്ന് പറയുന്നത്. നവബറില്‍ മധ്യപ്രദേശില്‍ നിന്നും അറസ്റ്റിലായ ഉറോസ് ഘാനാണ് ഇത്തരത്തില്‍ ആദ്യ റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരത്തിലുള്ള രണ്ട് ഐഎസ് ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ക്ക് ആയുദ്ധങ്ങളും സ്‌ഫോടകവസ്തുക്കളും കൈമാറിയതായി ഇയാള്‍ മൊഴി നല്‍കുകയായിരുന്നു.
മറ്റൊരു ഐഎസ് ഭീകരനെന്ന് സംശയിക്കുന്ന ഉബൈദ് മിശ്രയും സമാനമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇയാളാണ് ഗുജറാത്തിലെ റോഡ് ഷോ ലക്ഷ്യം വയ്ക്കുന്നതായി മൊഴി നല്‍കിയത്. ഇയാള്‍ ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലാണുള്ളത്.
ഗള്‍ഫിലുള്ള ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച് മരിക്കാന്‍ പോകുകയാണെന്ന് ആത്മഹത്യകുറിപ്പെഴുതിവെച്ച് മുങ്ങിയ യുവതിയെ കാമുകന്റെയൊപ്പം കയ്യോടെ പൊക്കി. ഒരു മാസം മുമ്പാണ് ഒഞ്ചിയത്തുനിന്ന് 32 വയസുള്ള പ്രവീണയെ കാണാതായത്. ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോപ്പുടമ വൈക്കിലശ്ശേരിയിലെ പുത്തന്‍പുരയില്‍ മുഹമ്മദ് അംജാദിനെയും ഇതേ കടയിലെ ജീവനക്കാരി ഒഞ്ചിയം മനയ്ക്കല്‍ പ്രവീണയെയും പൊലീസ് കുടുക്കിയത് സമര്‍ത്ഥമായ നീക്കത്തിനൊടുവിലാണ്.
മൊബൈല്‍ വിദഗ്ദനായ അംജാദ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കാമുകിയുമായി ഒളിവ് ജീവതം നടത്തിയത്. ഓണ്‍ലൈന്‍ ഇടപാടിലൂടെ പണവും ഉണ്ടാക്കി. അംജാദിനെ മൂന്നുമാസം മുമ്പും പ്രവീണയെ ഒരുമാസം മുമ്പുമാണ് കാണാതായത്. തുടര്‍ന്ന് ഇരുവരുടെയും കുടുംബങ്ങള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്.
കോഴിക്കോട് ജയില്‍ റോഡിലെ വാടകവീട്ടില്‍ താമസിച്ച് മൊബൈല്‍ അനുബന്ധ ഉപകരണങ്ങളുടെ ഓണ്‍ലൈണ്‍ ഇടപാട് നടത്തിവരുകയായിരുന്നു ഇവര്‍. പൊലീസ് എത്തിയതറിഞ്ഞ് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അംജാദിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. ഐഡിയ മൊബൈല്‍ ഡീലറായ അംജാദ് നേരേത്തയുണ്ടായിരുന്ന സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച് വ്യാജ ഐ.ഡിയിലുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതിനാല്‍ ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. പഴയ ഫോണ്‍ നമ്പറില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അംജാദ് നാട്ടിലെ ഒരാളെ വിളിച്ചിരുന്നു. ഇതാണ് പൊലീസിന് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്.
തുടര്‍ന്ന്, സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കിയാണ് താമസ സ്ഥലം കണ്ടെത്തിയത്. താമസകേന്ദ്രത്തില്‍ ആരെങ്കിലും എത്തിപ്പെടുന്നുണ്ടോ എന്നറിയാന്‍ സി.സി.ടി.വി സ്ഥാപിച്ച് കമ്പ്യൂട്ടറിലും മൊബൈലിലും ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്ന രീതിയിലുള്ള സംവിധാനവും ഒരുക്കിയിരുന്നു. വീട്ടിനുള്ളില്‍ കയറി ഇവരെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് മനസ്സിലാക്കിയ പൊലീസ് രഹസ്യനീക്കത്തിലൂടെ ഇരുവരെയും കീഴടക്കുകയായിരുന്നു.
സെപ്റ്റംബര്‍ 11 മുതലാണ് അംജാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. പിന്നീട് കടയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തിയത് ജീവനക്കാരിയായ പ്രവീണയായിരുന്നു. അന്ന്, പൊലീസ് പ്രവീണയെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍, നവംബര്‍ 13 മുതല്‍ പ്രവീണയെയും കാണാതായി. സ്‌കൂട്ടറില്‍ വടകര സാന്‍ഡ് ബാങ്ക്‌സിലെത്തിയ പ്രവീണ ബാഗില്‍ അത്മഹത്യക്കുറിപ്പെഴുതി വെച്ച് മുങ്ങുകയായിരുന്നു. ഇവര്‍ ഒരാളുടെ ബൈക്കില്‍ പോയതായി നാട്ടുകാര്‍ നേരേത്ത പൊലീസില്‍ മൊഴി നല്‍കിയിരുന്നു. പ്രണയം മൂത്തായിരുന്നു പ്രവീണ കാമുകനൊപ്പം പോയത്. ആരും തിരക്കി വരാതിരിക്കാനായിരുന്നു ആത്മഹത്യക്കുറിപ്പ്. വൈകീട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് പ്രവീണയെ കാണാതായത്. രാത്രി ഏറെ വൈകീട്ടും ഇവര്‍ വീട്ടില്‍തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇവരുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പ്രവീണയുടെ അച്ഛന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് ഇവരെ കണ്ടെത്താനായി തെരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അതിനിടയ്ക്കാണ് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ ഇവരുടെ സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തുന്നത്.
സ്ഥാപനത്തിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനായി കോഴിക്കോടേക്ക് പോയതായിരുന്നു വൈക്കിലശ്ശേരി പുത്തന്‍പുരയില്‍ മുഹമ്മദ് അംജാദ്. ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങി വടകരയിലെത്തി. തുടര്‍ന്ന് സാധനങ്ങള്‍ സ്വന്തം കാറില്‍ കയറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് അംജാദിനെ കാണാതായത്. രാത്രി വൈകീയും അംജാദ് വീട്ടിലെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ബന്ധുക്കള്‍ എടച്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതികൊടുക്കുകയായിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. എന്നാല്‍ അംജാദിന്റെ കാര്‍ വടകര ബസ് സ്റ്റാന്റിന് സമീപത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാറ് വിശദമായി പരിശോധിച്ചെങ്കിലും കാര്യമായൊന്നും കണ്ടെത്താനായില്ല. കാറിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും അതുകൊണ്ടും കാര്യമായ ഗുണമെന്നും ഉണ്ടായില്ല.
തലശേരി ചൊക്ലി സ്വദേശിനിയാണ് പ്രവീണ. ഓര്‍ക്കാട്ടേരിക്ക് സമീപമുള്ള ഒഞ്ചിയത്തേക്കാണ് ഇവരെ വിവാഹം കഴിച്ച് അയച്ചത്. ഭര്‍ത്താവ് ഷാജി കുവൈറ്റില്‍ ജോലിചെയ്തു വരികയാണ്. ഏഴു വയസുള്ള ഒരു മകളും ഉണ്ട്. മകളെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം ജീവിക്കാനായി പ്രവീണ ഒളിച്ചോടിയത്.
കേരളത്തിലെ ഏറ്റവും കൂടുതല്‍ വാഹനഗതാഗതമുള്ള വൈറ്റില ജംഗ്ഷനില്‍ ഫ്ളൈഓവര്‍ നിര്‍മ്മാണം ആരംഭിക്കുകയാണ്. അതിവേഗത്തില്‍ ഒരു അതിവിശാല മെട്രോപോളിറ്റന്‍ പ്രദേശമായി വളരുന്ന കൊച്ചിയുടെ ഭാവി വികസനത്തിന് ഉപകരിക്കും വിധമോ വൈറ്റില ജങ്ങ്ഷന്റെ തന്നെ ഭാവി വികസനത്തിന് പ്രയോജനപ്പെടുകയോ അവിടെ ഗതാഗതം സുഗമാമാക്കുകയോ ചെയ്യുന്ന രീതിയിലല്ല നിര്‍ദ്ദിഷ്ട ഫ്ളൈ ഓവറിന്റെ നിര്‍മ്മാണം എന്നു ജനങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നു കഴിഞ്ഞു. ഇടപ്പള്ളി ഫ്ളൈ ഓവറിന്റെ രൂപകല്പനയില്‍ വന്ന ഗുരുതരമായ പിഴവ് വൈറ്റിലയില്‍ ആവര്‍ത്തിക്കരുത് എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഇടപ്പള്ളിയില്‍ ഏറ്റവും കൂടുതല്‍ വാഹന സാന്ദ്രതയുള്ള റൂട്ടിനെ ഒഴിവാക്കി ചില സ്വകാര്യ സ്ഥാപനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ താരതമ്യേന വാഹന സാന്ദ്രത കുറഞ്ഞ ദിശയിലാണ് ഫ്ളൈ ഓവര്‍ പണിതതെങ്കില്‍, വൈറ്റിലയില്‍ ഭാവിയിലുണ്ടാകാവുന്ന വന്‍ തോതിലുള്ള വികസനവും ഗതാഗത വളര്‍ച്ചയും പരിഗണിക്കാതെയാണ് അലൈന്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്.
അടുത്ത അന്‍പതു വര്‍ഷത്തേക്കുള്ള കുമ്പളം-ഇടപ്പള്ളി, കടവന്ത്ര-തൃപ്പൂണിത്തുറ റൂട്ടുകളിലെ ഗതാഗത സാന്ദ്രതയുടെ പ്രൊജക്ഷന്‍ അടിസ്ഥാനപ്പെടുത്തി, എല്ലാ ദിശയിലെയും ഗതാഗതത്തെ സുഗമമായി കടത്തിവിടാന്‍ പറ്റിയ തരത്തില്‍ കൂടുതല്‍ വിപുലമായ ഒരു യഥാര്‍ത്ഥ ഫ്ളൈഓവര്‍ വൈറ്റിലയില്‍ രൂപകല്പ്പന ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ച് ആം ആദ്മി പാര്‍ട്ടി വൈറ്റിലയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
നാടോടികഥകളിലും ഹോളിവുഡ് സിനിമകളിലും മത്സ്യകന്യകകള്‍ എന്നും നിറംപിടിപ്പിച്ച കഥാപാത്രങ്ങളാണ്. മനുഷ്യന്റെ മുഖവും മത്സ്യത്തിന്റെ ഉടലുമുള്ള മത്സ്യകന്യകകളുടെ കഥകള്‍ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. ഒരു സാങ്കല്‍പിക ജലജീവിയാണെങ്കിലും മത്സ്യകന്യകള്‍ ഇന്നും കടലിന്റെ അടിത്തട്ടിലെ അജ്ഞാത കേന്ദ്രങ്ങളില്‍ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇടക്കിടെ മത്സ്യകന്യകയെ കണ്ടെത്തിയെന്നും അതിന് തെളിവായി മങ്ങിയ ചിത്രങ്ങളുമൊക്കെ പ്രചരിപ്പിക്കുന്നവരുമുണ്ട്.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനും മത്സ്യകന്യകയുടെ രൂപമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന്റെ അരയ്ക്കു മുകളിലേക്ക് മനുഷ്യ ശരീരം പോലെയും അരയ്ക്കു കീഴെ കാലുകള്‍ കൂടിച്ചേര്‍ന്ന് മത്സ്യത്തിന്റെ വാല് പോലെയുമാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്താന്‍ പോലും ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. മെര്‍മൈഡ് സിന്‍ഡ്രോം അല്ലെങ്കില്‍ സൈറോനോമീലിയ എന്ന അത്യപൂര്‍വ അവസ്ഥയോടു കൂടിയാണ് കുഞ്ഞിന്റെ ജനനമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഗര്‍ഭകാലത്ത് സ്കാനിങ് ഉള്‍പ്പെടെയുള്ളവ നടത്താന്‍ കുഞ്ഞിന്റെ അമ്മയുടെ സാമ്പത്തികാവസ്ഥ അനുവദിച്ചില്ല. അതുകൊണ്ടാണ് ഗര്‍ഭസ്ഥശിശുവിന് ഇത്തരത്തിലൊരു പ്രശ്നമുണ്ടെന്ന് മുന്‍പേ കണ്ടെത്താന്‍ കഴിയാതെ പോയതും. ജനിച്ച് നാലു ദിവസത്തില്‍ കൂടുതല്‍ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. ഒരു ലക്ഷം ജനനങ്ങളില്‍ ഒന്ന് എന്ന നിലയ്ക്കാണ് മെര്‍മൈഡ് സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗര്‍ഭകാലത്തെ പോഷകാഹാര കുറവും അമ്മയില്‍ നിന്നു കുഞ്ഞിലേക്കുള്ള രക്തചംക്രമണം ക്രമരഹിതമായതുമാണ് ഇത്തരമൊരു അവസ്ഥക്ക് കാരണമെന്ന് ഡോക്ടര്‍ സുദീപ് സാഹ പറഞ്ഞു. രാജ്യത്ത് തന്നെ ഇതു രണ്ടാമത്ത മാത്രം കേസാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്ത് പെട്രോള്‍ വില 22 രൂപയാകുമെന്നായിരുന്നു പ്രഖ്യാപനം. പെട്രോള്‍ ലിറ്ററിന് 22 രൂപക്ക് വില്‍ക്കാന്‍ സാധിക്കുമെന്ന പ്രഖ്യാപനം. മെഥനോള്‍ ചേര്‍ത്തുള്ള പെട്രോളാണ് ഈ വിലയില്‍ ലഭിക്കുക. മലിനീകരണം കുറയുന്നതിനൊപ്പം വിലയും കുറയുമെന്നതാണ് ഈ പെട്രോളിന്റെ ഗുണം. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
മലിനീകരണം കുറയ്ക്കുന്നതിന് പെട്രോളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ക്കാന്‍ പദ്ധതിയുണ്ടെന്നാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതു പ്രഖ്യാപിക്കുമെന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി. ഇതോടെ പെട്രോളിന് വിലകുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മെഥനോള്‍ ചേര്‍ത്തുള്ള പെട്രോള്‍ ഉപയോഗിക്കുന്ന ചൈനയില്‍, പെട്രോളിന് 17 രൂപ മാത്രമാണ് വിലയെന്നു പറഞ്ഞ മന്ത്രി, ഇന്ത്യയില്‍ വില 22 രൂപയാക്കാന്‍ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സ്വീഡിഷ് വാഹനനിര്‍മ്മാണക്കമ്പനിയായ വോള്‍വോ മെഥനോള്‍ ചേര്‍ത്തുള്ള പെട്രോള്‍ ഉപയോഗിക്കുന്ന പ്രത്യേക എന്‍ജിന്‍ അവതരിപ്പിച്ചതായും ഇതുപയോഗിച്ച് 25 ബസുകള്‍ ഓടിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘എഴുപതിനായിരം കോടി രൂപയോളം ചെലവുവരുന്ന പെട്രോള്‍ റിഫൈനറികള്‍ നിര്‍മ്മിക്കുന്നതിനുപകരം ഇക്കാര്യം ആലോചിക്കാന്‍ പെട്രോളിയം മന്ത്രാലയത്തോട് ശുപാര്‍ശചെയ്തിട്ടുണ്ട്. മെഥനോളിന് ആകെ വേണ്ട നിക്ഷേപം ഒന്നരലക്ഷം കോടി മാത്രമാണ്.
തമിഴ്‌നാട്ടില്‍ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. സേലത്തെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഹോട്ടലിന്റെ നാലാം നിലയില്‍ നിന്നും ചാടിയത്. സേലം അരസിപാളയത്തെ സെന്റ് മേരീസ് മെട്രിക്കുലേഷന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്. അഗ്രഹാര സെക്കന്റ് സ്ട്രീറ്റിലെ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ ചാടിയത്. ഒരു പെണ്‍കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരു പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളെ കാണാനില്ലെന്ന് പറഞ്ഞ് കുട്ടികളുടെ രക്ഷിതാക്കള്‍ പള്ളപ്പട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തില്‍ നിന്ന് ചാടിയ പെണ്‍കുട്ടികളെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്.
മി റ്റൂ (MeToo) ക്യാംപെയ്ന്‍ ലോകത്തില്‍ സൃഷ്ടിച്ച മാറ്റം ചെറുതല്ല. ടൈം മാസിക പോലും ഈ വര്‍ഷത്തെ വ്യക്തിയായി തിരഞ്ഞെടുത്തത് ‘മി ടൂ ക്യാംപെയ്‌നെ’യാണ്. ചലച്ചിത്രമാധ്യമബിസിനസ് ലോകത്ത് തങ്ങള്‍ക്കേറ്റ പീഡനങ്ങളെപ്പറ്റി ഒരു കൂട്ടം വനിതകള്‍ തുറന്നെഴുതിയതില്‍ നിന്നാണ് ക്യാംപെയ്‌ന്റെ തുടക്കം തന്നെ. കേരളത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ തുറന്നുപറച്ചിലുകള്‍ക്ക് ഇടം നല്‍കി ഇത്. എന്നാല്‍ തുറന്നു പറച്ചിലുകള്‍ നടത്തിയ പലരും തങ്ങളെ ലൈംഗികമായോ അല്ലാതെയോ ആക്രമിച്ചവരുടെ പേരു പുറത്തു പറയാന്‍ മിക്കപ്പോഴും മടിച്ചു.
അതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളുമുയര്‍ന്നു. മാധ്യമങ്ങളോട് എല്ലാം പറയാം, പിന്നെന്താ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു പറഞ്ഞാലെന്നായിരുന്നു പലരുടെയും ചോദ്യം.
എന്നാല്‍ ഇതിനുള്ള മറുപടിയുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത് പ്രശസ്ത ബോളിവുഡ് നടി റിച്ച ഛദ്ദയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഫുക്‌റേ റിട്ടേണ്‍സി’ന്റെ പ്രമോഷന്റെ ഭാഗമായി വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് പല കാര്യങ്ങളും റിച്ച തുറന്നു പറഞ്ഞത്. സ്ത്രീകളുടെ അവസ്ഥകളെ കൈകാര്യം ചെയ്യുന്ന ബോളിവുഡിന്റെ ഇന്നത്തെ രീതി മാറണമെന്നുള്‍പ്പെടെ റിച്ച അഭിപ്രായപ്പെട്ടു.
‘ഫുക് റേ’ കൂടാതെ ഗാങ്‌സ് ഓഫ് വസേപുരിലൂടെയും രാംലീലയിലൂടെയുമെല്ലാം പ്രേക്ഷകനു പരിചിതയാണ് റിച്ച. എന്നാല്‍ ബോളിവുഡിലെ പീഡനങ്ങളെക്കുറിച്ച് പലരും തുറന്നു പറഞ്ഞതിനെ പ്രശംസിക്കുന്ന റിച്ചയ്ക്ക് തന്നെ പീഡിപ്പിച്ചവരുടെ പേരു പറയാതിരിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ട്. പേരു പറഞ്ഞാല്‍ അതോടെ ബോളിവുഡ് ജീവിതം അവസാനിപ്പിക്കേണ്ടി വരും എന്നതു തന്നെ പ്രധാന കാരണം.
തനിക്കിഷ്ടമുള്ളിടത്തോളം കാലം ബോളിവുഡില്‍ തുടരാനാകുമെന്ന് ആരെങ്കിലും ഉറപ്പു തന്നാല്‍ പീഡിപ്പിച്ചവരുടെ വിവരങ്ങള്‍ പുറത്തു പറയാമെന്നും റിച്ചയുടെ വാക്കുകള്‍. ബോളിവുഡിലെ ലൈംഗിക പീഡനത്തെപ്പറ്റി നേരത്തേ ഒരു ബ്ലോഗ്‌പോസ്റ്റ് എഴുതിയിരുന്നു റിച്ച. എന്നാല്‍ അതില്‍ ആരുടെയും പേരു പരാമര്‍ശിക്കാത്തതിന്റെ പേരില്‍ സ്ത്രീപക്ഷവാദികളെന്നു താന്‍ വിശ്വസിച്ചിരുന്നവര്‍ ഉള്‍പ്പെടെ വിമര്‍ശിച്ചതായും റിച്ച പറയുന്നു.
വിമര്‍ശകര്‍ക്കുള്ള റിച്ചയുടെ മറുപടി ഇങ്ങനെ ”ജോലി പോയാലും ജീവിക്കാനുള്ള പെന്‍ഷന്‍ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ തന്നാല്‍, എനിക്കും എന്റെ വീട്ടുകാര്‍ക്കും എന്നും സുരക്ഷ ഉറപ്പാക്കിയാല്‍, സിനിമയിലോ ടിവിയിലോ എനിക്കിഷ്ടമുള്ളയിടത്ത് അഭിനയം തുടരാന്‍ കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്ന് ഉറപ്പാക്കിയാല്‍, ഇപ്പോഴുള്ളതു പോലെത്തന്നെ അഭിനയജീവിതം മുന്നോട്ടു കൊണ്ടുപോകാനാകുമെന്നു ഉറപ്പു നല്‍കിയാല്‍ തീര്‍ച്ചയായും ആ പേരുകള്‍ ഞാന്‍ പറയാം…ഞാന്‍ മാത്രമല്ല ലക്ഷക്കണക്കിനു പേര്‍ മുന്നോട്ടു വരും. പക്ഷേ ആരാണ് ഞങ്ങള്‍ക്കീ ഉറപ്പു നല്‍കുക?” റിച്ച ചോദിക്കുന്നു.
പീഡനങ്ങള്‍ക്കിരകളാകുന്നവര്‍ക്ക് സംരക്ഷിതവലയം ഉറപ്പാക്കുന്ന ഒരു സംവിധാനം നിലവില്‍ ചലച്ചിത്രലോകത്തില്ലെന്നും റിച്ച. ”എപ്പോഴെങ്കിലും ആരെങ്കിലും പീഡനത്തെപ്പറ്റി തുറന്നു പറഞ്ഞാല്‍ തിരിച്ചടി ഉറപ്പാണ്. ഇതു മാറിയേ പറ്റൂ. അതിനുള്ള സംരക്ഷണം സിനിമാലോകം നല്‍കണം. അഭിനേതാക്കളുടെ പ്രതിഫലത്തെപ്പറ്റി പോലും നിയമപ്രകാരമുള്ള ഒരുറപ്പുമില്ല. ഈ ഘട്ടത്തില്‍ ഒരു സാഹസത്തിന് ആരാണു മുതിരുക? നീതിബോധമുള്ള വ്യക്തിയാണു ഞാന്‍. ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന കാര്യങ്ങളെപ്പറ്റിയാണു ഞാനെപ്പോഴും സംസാരിക്കുക.
എന്നാല്‍ ചില നേരങ്ങളില്‍ ഞാന്‍ കാര്യങ്ങളെ വൈകാരികമായി നേരിടും. ലോകത്തില്‍ നടക്കുന്ന പല കാര്യങ്ങളും എന്നെയും ബാധിക്കാറുണ്ട്. നിരാശ തോന്നുന്ന നിമിഷങ്ങളില്‍ വാര്‍ത്തകളില്‍ നിന്നു പോലും ഒഴിഞ്ഞു നില്‍ക്കാനാണ് ഞാനാഗ്രഹിക്കുക. അത്തരം ഘട്ടങ്ങളില്‍ സിനിമയാണ് ആശ്വാസം. ‘ഫുക്‌റേ’യിലെ എന്റെ കഥാപാത്രവും അത്തരത്തിലൊന്നാണ്. ആ കഥാപാത്രം ആരുടെയും വരുതിയില്‍ നില്‍ക്കുന്ന ആളല്ല, തോന്നുന്നതെന്തും ചെയ്യും. സ്ത്രീയാണെന്നു പറഞ്ഞ് അവരെ വിലക്കാന്‍ ആരുമില്ല. എന്തും പറയാം, പ്രവര്‍ത്തിക്കാം” അത്തരം കഥാപാത്രങ്ങള്‍ തനിക്കേറെ പ്രിയപ്പെട്ടതാണെന്നും റിച്ചയുടെ വാക്കുകള്‍.
ന്യൂഡല്‍ഹി: നവജാത ശിശു മരിച്ച സംഭവത്തില്‍ ഡല്‍ഹി ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. ഡല്‍ഹി സര്‍ക്കാരാണ് ലൈസന്‍സ് റദ്ദാക്കിയത്. സംഭവത്തില്‍ അധികൃതര്‍ക്കു വീഴ്ചയുണ്ടായതായി വിദഗ്ധ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നു സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കിയിരുന്നു.
നവംബര്‍ 30നാണ് ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രിയില്‍ 21കാരിയായ വര്‍ഷയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. അതില്‍ പെണ്‍കുഞ്ഞു ജനിച്ചയുടന്‍ മരിച്ചു. ആണ്‍കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ഈ കുട്ടിയും മരിച്ചതായി പിന്നീടു ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരട്ടകളുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി മാതാപിതാക്കള്‍ക്കു കൈമാറുകയും ചെയ്തിരുന്നു.
സംസ്‌കാര ചടങ്ങിനു തയാറെടുക്കുമ്പോഴാണ് ഒരു കുഞ്ഞിന് അനക്കം കണ്ടത്. പിതംപുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ജീവനുണ്ടെന്നു വ്യക്തമായി. കുട്ടിയെ വീണ്ടും ചികില്‍സയ്ക്കു വിധേയമാക്കിയെങ്കിലും ബുധനാഴ്ച മരിച്ചു. പിന്നീട് സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടായതായി ആരോപണം ഉയരുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തിരുന്നു.
കൂടാതെ കുട്ടിയുടെ ചികില്‍സയ്ക്ക് 50 ലക്ഷം രൂപയുടെ ബില്‍ നല്‍കിയെന്നു കാട്ടി പിതാവ് ആശിഷ് കുമാര്‍ മറ്റൊരു പരാതിയും പൊലീസിനു നല്‍കി. സംഭവത്തെത്തുടര്‍ന്ന് എം.പി. മേത്ത, വിശാല്‍ ഗുപ്ത എന്നീ ഡോക്ടര്‍മാരെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടിരുന്നു.
കാസര്‍കോട് ഉദുമ സിപിഎം ഏരിയ സമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടന്ന റാലിക്കിടെയാണ് പാര്‍ട്ടിക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. റെഡ് വളണ്ടിയര്‍ മാര്‍ച്ച് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറിനെ ക്യാപ്റ്റന്‍ കാലുകൊണ്ട് തൊഴിച്ചു. സംഭവം വിവാദ മായപ്പോള്‍ പാര്‍ട്ടി ജാഥാ ക്യാപ്റ്റനെ പദവിയില്‍ നിന്നും ഒഴിവാക്കി.
ഉദുമയില്‍നിന്നും ബാന്റ് മേളത്തിന്റെ അകമ്പടിയോടെ മേല്‍പറമ്പിലേക്ക് നടന്ന പ്രകടനത്തിന്റെ മുന്നില്‍ അണിനിരന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ച് കളനാട് എത്തിയപ്പോഴാണ് കാസര്‍കോട്ടേക്ക് രോഗിയുമായി പോവുകയായിരുന്ന കാറിനെ ക്യാപ്റ്റന്‍ ചവിട്ടിയത്. കാര്‍ ജാഥയെ ഓവര്‍ടേക്ക് ചെയുന്നുവെന്ന് തോന്നിയപ്പോള്‍ ജാഥാ ക്യാപ്റ്റന്‍ കാറിനെ നേരെ തിരിഞ്ഞു ചവിട്ടുകയായിരുന്നു.
ഏരിയാ കമ്മറ്റി അംഗങ്ങള്‍ ഓടിയെത്തി ക്യപ്റ്റനെ സമാധാനിപ്പിച്ച് രോഗിയുമായി എത്തി കാറിനെ കടത്തിവിട്ടെങ്കിലും വണ്ടി കടത്തിവിട്ടതിലുള്ള അരിശം മറ്റ് നേതാക്കളോട് തീര്‍ത്ത ലോക്കല്‍ കമ്മറ്റി അംഗം കൂടിയായ റെഡ് വളണ്ടിയര്‍ ക്യാപ്റ്റനെ പദവിയില്‍ നിന്നും പാര്‍ട്ടി നേതൃത്വം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഒരുവിഭാഗം ജാഥാ ക്യാപ്റ്റന്‍ നടത്തിയ ചവിട്ടു നാടകത്തിന് പിന്തുണയുമായി എത്തിയത് പാര്‍ട്ടി നേതൃത്വത്തിന് തല വേദന സൃഷ്ടിച്ചിരിക്കുകയാണ്.
ഏത് പാര്‍ട്ടിയായാലും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സം നിന്നുകൊണ്ടുള്ള പരിപാടികള്‍ ഒഴിവാക്കിയേ മതിയാകൂ.. ഇതാണോ പാര്‍ട്ടിക്കാരേ ജനാധിപത്യം? റോഡുകള്‍ ജാഥ നടത്താന്‍ ഉണ്ടാക്കിയതോ അതോ വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാണോ? സ്വന്തം കുടുംബാംഗങ്ങള്‍ക്ക് ഇതുപോലൊരു അവസ്ഥ വരുമ്പോഴേ ഇവരൊക്കെ പഠിക്കൂ…