ന്യൂഡല്ഹി: കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 12നാണ് തെരഞ്ഞെടുപ്പ്. 15ന് വോട്ടെണ്ണല് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വോട്ടിംഗ് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വിവിപാറ്റ് യന്ത്രങ്ങളാവും ഉപയോഗിക്കുക. ഇതുവഴി താന് വോട്ട് രേഖപ്പെടുത്തിയ ആള്ക്ക് തന്നെയാണ് വോട്ട് വീണിരിക്കുന്നതെന്ന് ഉറപ്പു വരുത്താന് വോട്ടര്മാര്ക്ക് കഴിയും. വോട്ടിംഗ് മെഷീനുകളില് കൃത്രിമം കാണിക്കുന്നതിന് തടയിടാന് ഇതു വഴി സാധിക്കുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് തോരണങ്ങളും ഫ്ളക്സുകളും ഉപയോഗിക്കുന്നതില് നിന്ന് രാഷ്ട്രീയ പാര്ട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്ന ഹരിതചട്ടം പ്രചാരണ കാലയളവില് നിലനില്ക്കും. ഒരു സ്ഥാനാര്ത്ഥിക്ക് പ്രചാരണത്തിനായി ഉപയോഗിക്കാവുന്ന പരമാവധി തുക 28 ലക്ഷം രൂപയാണ്.
224 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില് കോണ്ഗ്രസ് ബിജെപി സഖ്യങ്ങള് തമ്മിലാണ് പ്രധാന മത്സരം നടക്കുക. 2019ല് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില് കണ്ടായിരിക്കും ഇരു കക്ഷികളും പ്രചാരണത്തിനിറങ്ങുക. അതേസമയം കര്ണാടകയില് കോണ്ഗ്രസ് വന് മുന്നേറ്റം നടത്തുമെന്നാണ് സര്വ്വേ റിപ്പോര്ട്ടുകള് പറയുന്നത്.
തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസില് ജീവപര്യന്തം തടവ് അനുഭവിക്കുന്ന ബിജു രാധാകൃഷ്ണനെ ജയില് രേഖകളില് ഗുരുതര രോഗിയാക്കാന് ശ്രമം. സോളാര് തട്ടിപ്പുകേസില് പ്രതിയായ ബിജുവിന്റെ പേര് ജയില് രേഖകളില് ഗുരുതര രോഗികളുടെ പട്ടികയില് ഉള്പ്പെടുത്താന് ശ്രമം നടക്കുന്നുവെന്നാണ് റിപ്പോര്ട്ട്. ഈ പട്ടിക തയ്യാറാക്കുന്ന മെഡിക്കല് ബോര്ഡിന് നല്കിയ പട്ടികയില് ബിജു രാധാകൃഷ്ണന്റെ പേരും ഉള്പ്പെടുത്തിയിട്ടുണ്ട്.
പൂജപ്പുര സെന്ട്രല് ജയിലില് നിന്നാണ് ബിജു രാധാകൃഷ്ണന് ഉള്പ്പെടെയുളള തടവുകാരുടെ പട്ടിക മെഡിക്കല് ബോര്ഡിനു നല്കിയത്. ഇതിന്റെ അടിസ്ഥാനത്തില് തിരുവനന്തപുരം മെഡിക്കല് കോളജില് വിദഗ്ദ്ധ ഡോക്ടര്മാരുടെ സംഘം ബിജുവിനെ പരിശോധനയ്ക്കു വിധേയനാക്കി സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ശിക്ഷായിളവോ, പരോള് ഉള്പ്പെടെയുള്ള ജയില് ആനുകൂല്യങ്ങള്ക്ക് പരിഗണിക്കരുതെന്ന നിയമം നിലനില്ക്കെയാണ് ഭാര്യയെ കൊലപ്പെടുത്തിയതിന് ജയിലില് കഴിയുന്ന ബിജുവിനെ ഗുരുതര രോഗിയായി ചിത്രീകരിക്കാന് ശ്രമം നടക്കുന്നത്.
ഗുരുതര രോഗമുള്ളവര്, അടിയന്തര ചികില്സ വേണ്ടവര് എന്നീ തടവുകാരെ പരിശോധിക്കാനാണ് മെഡിക്കല് ബോര്ഡിന്റെ സേവനം ആവശ്യപ്പെടുന്നത്. സെന്ട്രല് ജയിലുകളില്, തൊട്ടടുത്തുള്ള സര്ക്കാര് മെഡിക്കല് കോളജിലെ വിദഗ്ധ ഡോക്ടര്മാര് ഉള്പ്പെടുന്ന സംഘമാണു മെഡിക്കല് ബോര്ഡായി പ്രവര്ത്തിക്കുക.
ചെന്നൈ: അമേരിക്കന് പൗരത്വം നേടാന് അപേക്ഷ നല്കിയിരിക്കുന്ന ഇന്ത്യക്കാര് കൂടുതല് സമയം കാത്തിരിക്കേണ്ടി വരും. പൗരത്വം നല്കുന്ന നിയമങ്ങളില് യുഎസ് സര്ക്കാര് കൂടുതല് പരിഷ്കാരങ്ങള് കൊണ്ടു വന്നതോടെയാണ് ഇന്ത്യക്കാരുടെ അമേരിക്കന് സ്വപ്നത്തിന് കൂച്ചുവിലങ്ങ് വീണിരിക്കുന്നത്. നിയമങ്ങളില് വലിയ മാറ്റങ്ങളാണ് അമേരിക്ക വരുത്തിയിരിക്കുന്നത്. കഴിഞ്ഞ 30 വര്ഷത്തിനിടയില് പൗരത്വം അനുവദിക്കുന്നതില് അമേരിക്ക ഏറ്റവും ലിബറല് മനോഭാവം കാണിച്ചത് 2008ലാണ്. അന്ന് ഏതാണ്ട് 65,971 അപേക്ഷകര്ക്കാണ് പൗരത്വം അനുവദിച്ചിരുന്നത്. അമേരിക്കയില് ജോലി തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതലാണ്. 1995-2000 കാലഘട്ടത്തിലെ ഒരോ വര്ഷവും 120,000 ഇന്ത്യന് തൊഴിലാളികളാണ് അമേരിക്കയിലേക്ക് കുടിയേറിയിരിക്കുന്നത്.

2014ലാണ് ഏറ്റവും കുറവ് അപേക്ഷകരെ അമേരിക്കന് സര്ക്കാര് പരിഗണിച്ചിരിക്കുന്നത്. അന്ന് വെറും 37,854 പേര്ക്ക് മാത്രമെ പൗരത്വം ലഭിച്ചുള്ളു. എന്നാല് ഈ കണക്കുകള് താരതമ്യപ്പെടുത്തുമ്പോള് കഴിഞ്ഞ വര്ഷം അപേക്ഷകരെ പരിഗണിക്കുന്ന നിരക്കില് കാര്യമായ വര്ദ്ധനവുണ്ട്. 49,601 പേരെയാണ് 2017ല് പരിഗണിച്ചത്. കുടിയേറ്റത്തിലും ഗണ്യമായ കുറവ് വന്നതായി കാണാന് പറ്റും. 1.72 മില്യണില് നിന്ന് 1.51 മില്യണിലേക്ക് കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന നയങ്ങളുടെ അടിസ്ഥാനത്തില് വളരെ കരുതലോടു കൂടിയ നടപടികളാണ് യുഎസ് കമ്പനികള് സ്വീകരിക്കുന്നത്. മുന് വര്ഷങ്ങളെപ്പോലെ ഇപ്പോള് യുഎസ് കമ്പനികള്ക്ക് ഇന്ത്യക്കാരായ ടെക്നീഷ്യന്മാരെ ആവശ്യമായി വരുന്നില്ലെന്ന് റിക്രൂട്ട്മെന്റ് ഏജന്സിയായ റാന്സ്റ്റാഡ് ഇന്ത്യയുടെ സിഇഒ സാക്ഷ്യപ്പെടുത്തുന്നു.

1990 മുതലുള്ള കണക്കുകള് പരിശോധിക്കുകയാണെങ്കില് അമേരിക്കയിലേക്ക് കുടിയേറി പാര്ക്കുന്ന ജനവിഭാഗങ്ങളുടെ എണ്ണത്തില് ഏറ്റവും കൂടുതല് പേര് വരുന്നത് ചൈന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില് നിന്നാണ്. പട്ടികയിലെ മൂന്നാം സ്ഥാനക്കാര് ഇന്ത്യയാണ്. ഇന്ത്യന് എഞ്ചിനീയര്, ഡോക്ടര്, എംബിഎ പ്രോഫഷണല്സ് എന്നിവരുടെ സ്ഥാനത്തേക്ക് അമേരിക്കന് കോര്പ്പറേറ്റ് കമ്പനികള് കൂടുതല് പ്രാദേശികരെ നിയമിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രീന് കാര്ഡ് അനുവദിക്കാന് സാധാരണഗതിയില് എടുക്കുന്ന സമയം രണ്ട് വര്ഷമാണ്. എന്നാല് ഇപ്പോള് ഇത് 7 മുതല് 8 വര്ഷം വരെ നീളുകയാണ്. മറ്റേതു രാജ്യങ്ങളെക്കാളും കൂടുതല് ഗ്രീന് കാര്ഡ് അപേക്ഷകര് ഇന്ത്യയില് നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ അപേക്ഷ പരിഗണിക്കുന്നതിനായി കൂടുതല് സമയം കാത്തിരിക്കേണ്ടി വരുമെന്ന് ഇമിഗ്രഷന് അഭിഭാഷകനായ മാര്ക്ക് ഡേവീസ് വ്യക്തമാക്കുന്നു.
തിരുവനന്തപുരം: ഫാറൂഖ് കോളജ് അധ്യാപകന്റെ സ്ത്രീ വിരുദ്ധ പ്രസംഗത്തെക്കുറിച്ചു വകുപ്പുതലത്തില് അന്വേഷിക്കുമെന്നു സര്ക്കാര് നിയമസഭയില് അറിയിച്ചു. കെ.എം. ഷാജിയുടെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ നടത്തുന്ന സംബന്ധിച്ച നിര്ദേശം കോളജ് വിദ്യാഭ്യാസ ഡയറക്ടര്ക്ക് നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദ പരാമര്ശം നടത്തിയ ഫറൂഖ് കോളേജ് അധ്യാപകന് ജൗഹറിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഫാറൂഖ് കോളജ് വിദ്യാര്ത്ഥിനി അമൃത മേത്തര് നല്കിയ പരാതിയിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില് പ്രസംഗം നടത്തിയതിനാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
പെണ്കുട്ടികളെയും അവരുടെ വസ്ത്രധാരണ രീതിയെയും അപമാനിച്ച അധ്യാപകനെതിരെ സോഷ്യല് മീഡിയയില് വന് പ്രതിഷേധം ഉയര്ന്നിരുന്നു. വിവാദ പ്രസംഗം പുറത്ത് വന്നതോടെ അധ്യാപകന് കോളേജില് നിന്നും അവധിയില് പ്രവേശിച്ചിരിക്കുകയാണ്.
ന്യൂഡല്ഹി: ഹൈക്കോടതി തനിക്കെതിരായി സ്വീകരിച്ച കോടതിയലക്ഷ്യ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജി ഉടന് വാദം കേള്ക്കണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഹര്ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നടപടി ക്രമങ്ങള് പാലിക്കാതെ ഹൈക്കോടതിക്കു ജേക്കബ് തോമസിനെ ജയിലിലേക്ക് അയക്കാന് കഴിയില്ലല്ലോയെന്ന് ചോദിച്ച കോടതി അടിയന്തര സാഹചര്യമുണ്ടെന്ന ജേക്കബ് തോമസിന്റെ അഭിഭാഷകന്റ വാദം തള്ളി. ഹൈക്കോടതി കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതും തിങ്കളാഴ്ചയാണ്.
ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്ക്കെതിരെ അപകീര്ത്തികരമായ പരാമര്ശമുന്നയിച്ച് കേന്ദ്ര വിജിലന്സ് കമ്മീഷന് പരാതി നല്കിയ സംഭവത്തിലാണ് ജേക്കബ് തോമസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ഏപ്രില് 2ന് നേരിട്ട് ഹാജരായി വിശദീകരണം നല്കണമെന്ന് സ്പീഡ് പോസ്റ്റില് അയച്ച നോട്ടീസില് കോടതി അറിയിച്ചു.
രണ്ടു ജഡ്ജിമാര് തനിക്കെതിരെ നിരന്തരം വിമര്ശനം നടത്തുകയാണെന്നും കഴിഞ്ഞ ഒരു വര്ഷത്തിനിടെ അഴിമതിക്കേസുകള് വിജിലന്സ് എഴുതിത്തള്ളിയെന്നും ആരോപിച്ച ജേക്കബ് തോമസ് ഇതിനു പിന്നിലെഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്കിയത്. അഴിമതിക്കെതിരെ ശക്തമായി നിലകൊണ്ട തന്നെ പീഡിപ്പിക്കാനും നിശബ്ദനാക്കാനും ശ്രമം നടന്നുവെന്ന് ജേക്കബ് തോമസ് പരാതിയില് പറഞ്ഞിരുന്നു.
ന്യൂഡല്ഹി: മുസ്ലീം സമുദായത്തില് നിലവിലുള്ള ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി. മുത്തലാഖ് വിധിക്കു ശേഷം സമര്പ്പിക്കപ്പെട്ട ഹര്ജികള് പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ പരാമര്ശം. ഇക്കാര്യത്തില് കേന്ദ്രസര്ക്കാരിനും മറ്റു കക്ഷികള്ക്കും കോടതി നോട്ടീസ് അയച്ചു.
മുസ്ലീം സമുദായത്തിലെ ഈ രീതികള് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്ജികളാണ് കോടതി പരിഗണിച്ചത്. ഒരു ഭാര്യയുണ്ടായിരിക്കുമ്പോള് മുസ്ലീം പുരുഷന്മാര് വീണ്ടും വിവാഹം കഴിക്കുന്നത്. അനുവദിക്കരുതെന്നും ഹര്ജികള് ആവശ്യപ്പെടുന്നു. സ്ത്രീകള്ക്ക് ഇത്തരം അവകാശങ്ങളൊന്നും ലഭിക്കുന്നില്ലെന്നും ഇവ സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നവയാണെന്നും ഹര്ജികള് പറയുന്നു.
വിവാഹബന്ധം വേര്പെടുത്തിയ ശേഷം അതേ സ്ത്രീയെ വീണ്ടും വിവാഹം കഴിക്കണമെങ്കില് സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് ബന്ധം വേര്പെടുത്തേണ്ടതുണ്ട്. ഇതിനെയാണ് നിക്കാഹ് ഹലാല എന്ന് പറയുന്നത്. ഈ ആചാരവും ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്ജികള് വാദിക്കുന്നത്.
മലപ്പുറം തിരൂരങ്ങാടി വെന്നിയൂര് ദേശീയപാതയില് വന് കഞ്ചാവു വേട്ട. അറുപത് കിലോ കഞ്ചാവുമായി സ്ത്രീ അടക്കം മൂന്നുപേര് പിടിയിലായി. ഇടുക്കി സ്വദേശി അഖില് ആന്ധ്രക്കാരായ ശ്രീനിവാസ്, നാഗദേവി എന്നിവരാണ് പിടിയിലായത്. മലപ്പുറം എസ്പിക്ക് രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.
രണ്ടുമുതൽ രണ്ടേകാൽ കിലോ വരെയുള്ള 27 പാക്കറ്റുകളിലായാണ് കാറിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയിൽ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവെത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലയിൽ അടുത്തിടെ നടന്ന വലിയകഞ്ചാവ് വേട്ടയാണിത്.
മുംബൈ: മിനിമം ബാലന്സ് ഇല്ലാത്ത എസ്ബിഐ അക്കൗണ്ടുകള് വഴി ഡിജിറ്റല് പണമിടപാടുകള്ക്ക് നടത്തിയാല് 17 മുതല് 25 രൂപ വരെ പിഴ ഈടാക്കുമെന്ന് എസ്ബിഐ. രാജ്യത്തെ ഡിജിറ്റല് ഇടപാടുകളെ പ്രോത്സാഹിപ്പിക്കണമെന്ന് സര്ക്കാര് നിര്ദേശം നിലനില്ക്കെയാണ് ബാങ്കിന്റെ പുതിയ നടപടി.
മിനിമം ബാലന്സ് ഇല്ലാത്ത അക്കൗണ്ടിലെ എടിഎം ഉപയോഗിച്ച് ഏതെങ്കിലും എടിഎമ്മിലോ സൂപ്പര്മാര്ക്കറ്റിലോ പണമിടപാട് നടത്തിയാല് ബാങ്ക് പിഴ ഈടാക്കും. പിഴ തുകയ്ക്കൊപ്പം ജിഎസ്ടിയും ഉപഭോക്താക്കള് നല്കേണ്ടി വരും. മിനിമം ബാലന്സ് വര്ധിപ്പിച്ച ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധമുയര്ന്നതോടെ മിനിമം ബാലന്സ് പരിധി 5000 രൂപയില് നിന്ന് 1000 രൂപയാക്കി കുറച്ചിരുന്നു.
ചെക്ക് മടങ്ങിയാലും ഇടപാട് നിഷേധിക്കുമ്പോഴും 25 രൂപവീതമാണ് ഇടപാടുകാരനില്നിന്ന് ബാങ്ക് ഈടാക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കുമാണ് ഇത്തരത്തില് ഉപഭോക്താക്കളില് നിന്ന് പണം ഈടാക്കുന്നത്. ഇത് താരതമ്യേന കുറഞ്ഞ തുകയാണെന്നും ബാങ്കുകള് വാദിക്കുന്നു.
അറവു മാലിന്യം കയറ്റിയ കണ്ടയ്നർ കൊല്ലം തിരുമംഗലം ദേശീയ പാതയിൽ ഉപേഷിക്കപ്പെട്ട നിലയിൽ. തമിഴ്നാട്ടിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ച കണ്ടയ്നറാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആര്യക്കാവ് കോട്ടവാസൽ ഭാഗത്താണ് മൂന്ന് ദിവസമായി കണ്ടയ്നറും ലോറിയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്.കടുത്ത ദുർഗന്ധമാണ് പ്രദേശത്ത് .അറവുമാലിന്യമാണ് കണ്ടയ്നറിനുള്ളിലെന്ന് വ്യത്തമായി . ജനരോക്ഷം ഭയന്ന് ഡ്രൈവറും രക്ഷപെട്ടതയാണ് സൂചന.
മാലിന്യം നിറച്ച വാഹനം ദേശിയ പാതയിൽ കിടക്കുന്നതിനാൽ പരിസരവാസികൾക്കും യാത്ര ക്കാർക്കും ബുധിമുട്ട് ഉണ്ടാക്കുന്നത് പഞ്ചായത്ത് ശ്രദ്ധിക്കുന്നുമില്ല.
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള് എന്തിനാണെന്ന് ദിലീപിനോട് ഹൈക്കോടതി. ദൃശ്യങ്ങള് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്ജിയില് വാദം തുടരുന്നതിനിടെയാണ് കോടതി ദിലീപിനോട് ഇങ്ങനെ ചോദിച്ചത്. ദൃശ്യങ്ങള് മുമ്പ് കണ്ടതല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം ശരിയായ വിചാരണയ്ക്ക് ദൃശ്യങ്ങള് ആവശ്യമാണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന് വാദിച്ചത്.
ദൃശ്യങ്ങളില് എഡിറ്റിംഗ് നടന്നതായി സംശയമുണ്ട്. പോലീസ് ഇക്കാര്യം മറച്ചു പിടിക്കാന് ശ്രമിക്കുകയാണ്. അക്രമിക്കപ്പെട്ട നടിയുടേത് തന്നെയാണോ വീഡിയോയിലെ സ്ത്രീശബ്ദമെന്ന് സ്ഥിരീകരിക്കണം. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായി സംശയമുണ്ടെന്നും അഭിഭാഷകന് കോടതിയില് പറഞ്ഞു.
പുരുഷന്മാരുടെയും സ്ത്രീശബ്ദത്തിന്റെയും തീവ്രതയില് വ്യത്യാസമുണ്ടെന്നും അഭിഭാഷകന് പറഞ്ഞു. നടിയെ ആക്രമിക്കുന്നതിനിടെ ഒന്നാം പ്രതിയായ പള്സര് സുനി പകര്ത്തിയ വീഡിയോയാണ് ഇത്. തെളിവായി ഹാജരാക്കിയ ഈ ദൃശ്യം നല്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്ജി അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.