India

ന്യൂസ് ഡെസ്ക്

സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാരെ പ്രഖ്യാപിച്ചു. മാർ ജോണ്‍ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെയും മാർ ജയിംസ് അത്തിക്കളം മധ്യപ്രദേശിലെ സാഗർ രൂപതയുടെയും മെത്രാന്മാരാകും. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ വിരമിച്ച ഒഴിവിലേക്കാണ് മാർ ജോണ്‍ നെല്ലിക്കുന്നേൽ നിയമിതനായത്. സീറോ മലബാർ സഭയുടെ എറണാകുളത്തെ ആസ്ഥാനത്താണ് പ്രഖ്യാപനം നടന്നത്. സീറോ മലബാർ  സഭാ തലവൻ മാർ ആലഞ്ചേരി നിയുക്ത ബിഷപ്പുമാരെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.

റവ. ഡോ. ജെയിംസ് അത്തിക്കളം മിഷനറി സൊസൈറ്റി ഓഫ് സെന്‍റ് തോമസ് ദി അപ്പസ്റ്റൽ (എംഎസ്ടി) സഭയുടെ സുപ്പീരിയർ ജനറാൾ, ഭോപ്പാൽ റൂഹാലയ മേജർ സെമിനാരി റെക്ടർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭോപ്പാലിൽ സീറോ മലബാർ സഭാംഗങ്ങളുടെ ആധ്യാത്മിക കാര്യങ്ങളുടെ ചുമതല വഹിക്കുമ്പോളാണ് പുതിയ നിയോഗം.

റിട്ട. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ കോട്ടയം ചിങ്ങവനം അത്തികളം സി. പൗലോസിന്‍റെയും അന്നമ്മയുടെയും മൂന്നു മക്കളിൽ മൂത്തയാളാണ് 58 വയസുകാരനായ നിയുക്ത മെത്രാൻ. തൃപ്പൂണിത്തുറ ഗവ. കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ.എ.പി. സൂസമ്മ, എ.പി. തോമസ് എന്നിവർ സഹോദരങ്ങളാണ്.

ഇടുക്കി രൂപതാംഗമായ ഫാ.ജോണ്‍ നെല്ലിക്കുന്നേൽ 1973 മാർച്ച് 22ന് പാലാ കടപ്ലാമറ്റം നെല്ലിക്കുന്നേൽ വർക്കി-മേരി ദമ്പതികളുടെ മകനാണ്. 1988-ൽ വൈദികപഠനം ആരംഭിച്ചു. വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി 1998 ഡിസംബർ 30ന് പുരോഹിതനായി അഭിഷിക്തനായി. പിന്നീട് നിരവധി ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്ത ശേഷം റോമിൽ നിന്നും ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി.

കോയമ്പത്തൂര്‍: മാട്രിമോണിയല്‍ വെബ്സൈറ്റുകൾ ചതിക്കുഴികൾ ആകുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ വാർത്തയിലൂടെ പുറം ലോകം അറിയുക. മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ആള്‍മാറാട്ടം നടത്തി യുവാക്കളുമായി പരിചയപ്പെടുകയും പിന്നീട് അവരെ പ്രണയിച്ച് ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത തമിഴ്‌നടി ഒടുവില്‍ എഞ്ചിനീയറെ വീഴ്ത്താന്‍ ശ്രമിച്ച് കുരുങ്ങിയ കഥ പുറത്തുകൊണ്ടുവന്നിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയാണ്. വിവാഹാലോചന തട്ടിപ്പ് നടത്തി ജര്‍മ്മന്‍ കാര്‍ കമ്പനിയിലെ സോഫ്റ്റ്‌വേര്‍ എഞ്ചിനീയറില്‍ നിന്നും 41 ലക്ഷം തട്ടിയെടുത്ത നടിയും മാതാവും സഹോദരനും പിതാവായി അഭിനയിച്ചയാളും അറസ്റ്റിലായി.

റിലീസാകാത്ത തമിഴ്‌സിനിമ ‘ആടി പോണ ആവണി’ യിലെ നായികയായ 21 കാരി ശ്രുതിയ്‌ക്കെതിരേയാണ് കേസ്. അഞ്ചിലധികം യുവാക്കളെ തട്ടിപ്പിനിരയാക്കി ഇവര്‍ തട്ടിയത് ലക്ഷങ്ങളാണ്. ജര്‍മ്മനിയിലെ പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജി ബാലമുരുഗന്‍ എന്നയാളെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്. സേലത്തെ കാറ്റുവളവ് സ്വദേശിയായ ബാലമുരുകന്‍ പ്രമുഖ മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ 2017 മെയില്‍ പോസ്റ്റ് ചെയ്ത പ്രൊഫൈല്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മൈഥിലി വെങ്കിടേഷ് എന്ന പേരില്‍ ഇയാളുമായി ബന്ധപ്പെട്ടു. പിന്നീട് വിവാഹത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കുകയും അതിലൂടെ പ്രണയം വളര്‍ത്തി എടുക്കുകയും ആയിരുന്നു. മാതാവ് ചിത്ര അമൃതാ വെങ്കിടേഷ് എന്ന പേരിലാണ് ബന്ധപ്പെട്ടത്. അനുജന്‍ പി സുബാഷും കെ പ്രസന്ന വെങ്കിടേഷായും നവ ഇന്ത്യ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഓണ്‍ലൈന്‍ വഴി ഇരുവരും താല്‍പ്പര്യം പ്രകടിപ്പിച്ചതോടെ ഇരുവരും പരസ്പരം മൊബൈല്‍ നമ്പര്‍ കൈമാറി. ശ്രുതി തന്റെ ഫോട്ടോകള്‍ ബാലമുരുകന് അയച്ചുകൊടുക്കുകയും ചെയ്തു.

തുടര്‍ന്ന് ബാലമുരുകന്‍ ശ്രുതിയെ നേരില്‍ കാണാനായി വിമാനടിക്കറ്റ് അയച്ചു കൊടുത്ത് യു കെ യിലേക്ക് വരുത്തുകയും ചെയ്തു. അവിടെ ബാലമുരുകന്‍ ലക്ഷങ്ങളാണ് അവര്‍ക്ക് വേണ്ടി ചെലവഴിച്ചത്. പിന്നീട് ബാലമുരുകന്‍ കോയമ്പത്തൂരില്‍ പോകുകയും ശ്രുതിക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. ഇതിനിടയിലാണ് തനിക്ക് ബ്രെയിന്‍ ട്യൂമറാണെന്നും ഓപ്പറേഷന്‍ വേണമെന്നും മാതാവിന് ഹൃദയ ശസ്ത്രക്രിയ വേണമെന്നുമെല്ലാം പറഞ്ഞ് ശ്രുതി 2017 മെയ്ക്കും 2018 ജനുവരിക്കും ഇടയില്‍ പലപ്പോഴായി 41 ലക്ഷം രൂപ യുവാവില്‍ നിന്നും പിടുങ്ങിയത്. ഒടുവില്‍ ഇരുവരുടെയും വിവാഹ നിശ്ചയചടങ്ങ് നടത്താനായി ബാലമുരുകന്‍ സമീപിച്ചപ്പോള്‍ ചടങ്ങ് നടത്തിയാല്‍ ക്യാമറാ ഫ്‌ളാഷ് താങ്ങാന്‍ കഴിയാത്തതിനാല്‍ ഫോട്ടോയെടുപ്പ് വേണ്ടെന്ന് പറഞ്ഞു. പിന്നീട് താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെന്ന് പറഞ്ഞ് ശ്രുതിയുടെ ചിത്രം ബാലമുരുഗന്‍ തന്റെ കൂട്ടുകാര്‍ക്ക് അയച്ചു കൊടുത്തു. ചിത്രം കണ്ട കൂട്ടുകാര്‍ ശരിക്കും ഞെട്ടി.

പലരെയും വിവാഹ വാഗ്ദാനം നടത്തി പണം തട്ടിയ പെണ്‍കുട്ടിയാണ് ഇതെന്ന് അവര്‍ തിരിച്ചറിഞ്ഞു. ശ്രുതിയും കുടുംബവും ഈ രീതിയില്‍ അനേകരെ കബളിപ്പിച്ചിരിക്കുന്ന വിവരം കൂട്ടുകാര്‍ ബാലമുരുകനെ അറിയിച്ചതോടെ ഇയാള്‍ ക്രൈംബ്രാഞ്ച് പോലീസിനെ സമീപിക്കുകയും കേസു കൊടുക്കുകയും ചെയ്‌തു. വ്യാഴാഴ്ച നാലു പേരെയും അറസ്റ്റ് ചെയ്ത പോലീസ് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. കാറും അനേകം വിലപ്പെട്ട രേഖകളും ബാങ്ക് ഇടപാടുകള്‍ നടത്തിയതിന്റെ രേഖകളും വീട്ടില്‍ നിന്നും കണ്ടെത്തിയാതായി പോലീസ് അറിയിച്ചിട്ടുണ്ട്. ശ്രുതിയും കുടുംബാംഗങ്ങളും ചേര്‍ന്ന് സമ്പന്ന യുവാക്കളെയാണ് ലക്ഷ്യമിടുന്നതെന്നും ഈ രീതിയില്‍ പലരെയും വഞ്ചിച്ചതായും പോലീസ് കണ്ടെത്തി.

നേരത്തേ ശ്രുതിക്കെതിരേ നാമക്കലിലെ പരമാതിവെല്ലൂറില്‍ കെ സന്തോഷ്‌കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. സമാന രീതിയില്‍ തന്നെ 43 ലക്ഷം തട്ടിയെന്നാണ് കേസ്. അതിന് മുമ്പ് നാമക്കലിലെ ശശികുമാര്‍ എന്നയാളില്‍ നിന്നും 22 ലക്ഷം തട്ടിയപ്പോൾ നാഗപട്ടണത്തെ സുന്ദറില്‍ നിന്നും 15 ലക്ഷവും കൂടല്ലൂര്‍ ചിദംബരത്തെ കുമാരാഗുരുവ രാജയില്‍ നിന്നും 20 ലക്ഷവും, ഡിണ്ടിഗൽ നിന്നുള്ള രാജ്‌കുമാറിൽ നിന്ന് 21 ലക്ഷം ആണ് ഈ തമിഴ് നടി തട്ടിയെടുത്തത്. തട്ടിപ്പിൽ കുരുങ്ങിയ നടിയും കുടുംബവും ചെന്നൈ, നാഗപട്ടണം എന്നിവിടങ്ങളിൽ പോലീസ് കേസ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം അനേകം തട്ടിപ്പ് വ്യക്തമായതോടെ വെബ്‌സൈറ്റ് വഴിയുള്ള വിവാഹാലോചനകളില്‍ കരുതല്‍ എടുക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അനേകം പേർ വിശ്വാസത്തോടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന മാട്രിമോണിയൽ വെബ്സൈറ്റുകൾ മേലെ കരിനിഴൽ വീഴ്ത്തുന്നതാണ് ഇത്തരം സംഭവങ്ങൾ….

ആലപ്പുഴ: ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍പി സ്‌കൂളിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സെബാസ്റ്റ്യന്‍ (7) ആണ് മരിച്ചത്.

മുണ്ടുചിറയില്‍ ബെന്‍സന്റെയും ആന്‍സമ്മയുടെയും മകനാണ് മരിച്ച സെബാസ്റ്റ്യന്‍. കാലപ്പഴക്കം ചെന്ന ശുചിമുറിയുടെ ഭിത്തി സെബാസ്റ്റ്യന്റെയും സുഹൃത്തുക്കളുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഇന്റര്‍വെല്‍ സമയത്ത് മൂത്രമൊഴിക്കാന്‍ എത്തിയതായിരുന്നു ഇവര്‍.

മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചി: ചോറ്റാനിക്കരയിൽ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ വിധി പറയാനിരിക്കെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം പ്രതി രഞ്ജിത്താണ് ജയിലിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അമ്മയും കാമുകൻമാരുമാണ് കേസിലെ പ്രതികൾ. കേസിൽ ‍അമ്മ റാണി, കാമുകൻമാരായ രഞ്ജിത്ത്, ബേസിൽ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഇന്ന് കേസിൽ വിധി പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും പിന്നീട് 15-ാം തിയതിയിലേക്ക് വിധിപ്രസ്താവം മാറ്റിയിരുന്നു. 2013 ഒക്ടോബര്‍ 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റാണിയുടെ ഭർത്താവ് കഞ്ചാവ് കേസിൽപ്പെട്ട് ജയിലിലായിരുന്നു. സഹോദരൻ എന്ന വ്യാജേന കാമുകനായ ബേസിൽ റാണിക്കൊപ്പം അമ്പാടിമലയിലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. മറ്റൊരു കാമുകനായ രഞ്ജിത്തുമായി റാണിക്ക് വർഷങ്ങളായി ബന്ധമുണ്ടായിരുന്നു.

സംഭവം നടന്ന ദിവസം കുട്ടി സ്കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന രഞ്ജിത്ത് ഉപ​ദ്രവിക്കാൻ ശ്രമിച്ചു. റാണിയും ബേസിലും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. കുട്ടി ഉറക്കെ കരയുകയും ചെറുക്കുകയും ചെയ്തപ്പോൾ കഴുത്തിൽ മുറുക്കിപ്പിടിച്ച് എടുത്തെറിഞ്ഞു. തലയുടെ പിൻവശം ഇടിച്ചു വീണാണ് കുട്ടി മരിച്ചത്. മൃതദേഹം പിന്നീട് ടെറസിൽ ഒളിപ്പിക്കുകയായിരുന്നു.

ബേസിലും റാണിയും തിരികെയെത്തിയപ്പോൾ കുട്ടിയെ തെരഞ്ഞെങ്കിലും പിന്നീട് രഞ്ജിത്ത് തന്നെ വിവരം അറിയിക്കുകയായിരുന്നു. രഞ്ജിത്തിന്റെ ആക്രമണത്തില്‍ കുട്ടിയുടെ കൈയും വാരിയെല്ലും ഒടിയുകയും ജനനേന്ദ്രയത്തില്‍ ആറു സെന്റിമീറ്ററോളം മുറിവുമുണ്ടായിരുന്നു. റാണി തന്നെയാണ് മൃതദേഹം എവിടെ മറവ് ചെയ്യണമെന്ന് നിർദേശിച്ചത്.

പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് റാണി ചോറ്റാനിക്കര പോലീസിലെത്തിയിരുന്നു. ഇവരുടെ മൊഴികളില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കാര്യം പുറത്തുവന്നത്.

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി. മാധ്യമപ്രവര്‍ത്തകനായ ദീപു അബി വര്‍ഗീസിനൊപ്പമുള്ള സെല്‍ഫിയുള്‍പ്പെടെ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തരൂര്‍ പ്രതികരിച്ചത്.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് തന്നെ ഉപദ്രവിക്കണമെന്ന ശക്തമായ നിര്‍ദ്ദേശമായിരുന്നു ദീപുവിന് ലഭിച്ചത്. ഇതിനു ശേഷമാണ് ഇദ്ദേഹം രാജി വെച്ചത്. തന്റെ പെരുമാറ്റത്തിന് മാപ്പു പറയാനായാണ് ദീപു എത്തിയതെന്നും ഇത് തന്നെ സ്പര്‍ശിച്ചെന്നും തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഈ മാന്യതയെ അഭിനന്ദിക്കുന്നു. മാധ്യമപ്രവര്‍ത്തനം എന്ന പേരില്‍ ചെയ്തു കൂട്ടാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ആദര്‍ശവാന്‍മാരായ നിരവധി യുവ മാധ്യമപ്രവര്‍ത്തകരെ ഇതില്‍ നിന്ന് പിന്നോട്ടടിപ്പിക്കും. മാധ്യമ ഉടമകളായ ചില അവതാരകര്‍ക്ക് മനസാക്ഷിക്കുത്ത് ഇല്ലെന്നും അര്‍ണാബ് ഗോസ്വാമിയുടെ പേര് പറയാതെ ശശി തരൂര്‍ പറഞ്ഞു.

ധാര്‍മ്മികതയും മാന്യതയുമാണ് അടിസ്ഥാനപരമായ മാനുഷിക മൂല്യങ്ങളെന്നും പണത്തിന് വേണ്ടി അവ ഉപേക്ഷിക്കുക എന്നത് ഭൂരിഭാഗം പേര്‍ക്കും പ്രയാസമാണെന്നും തരൂര്‍ പറഞ്ഞു. ‘ജീവിക്കാനായി നിങ്ങള്‍ കള്ളം പറയേണ്ടതില്ല’ (#UDontHave2Lie4ALiving) എന്ന ഹാഷ് ടാഗോടെയാണ് തരൂരിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ചെന്നൈ: നൂറാമത് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് ചരിത്ര നേട്ടവുമായി ഇന്ത്യ. പിഎസ്എല്‍വി സി40യിലാണ് ഐഎസ്ആര്‍ഒ ചരിത്രം സൃഷ്ടിച്ചത്. രാവിലെ 9.29ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങള്‍ ഈ ദൗത്യത്തില്‍ വിക്ഷേപിച്ചു.

ഐഎസ്ആര്‍ഒയുടെ 42-ാമത് ദൗത്യമായിരുന്നു ഇത്. ഇന്ത്യക്ക് പുറമെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റിനൊപ്പം പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിച്ചു.

ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 1323 കിലോയാണ് പിഎസ്എല്‍വി സി40യുടെ ഭാരം. കാര്‍ട്ടോസാറ്റിന് മാത്രം 710 കിലോ ഭാരം വരും. പിഎസ്എല്‍വി സി39 വിക്ഷേപണം കഴിഞ്ഞ ഓഗസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

ഓഖി ദുരിതാശ്വാസത്തിന് വേണ്ടി വിവിധ ജനവിഭാഗങ്ങളില്‍ നിന്നും സമാഹരിച്ച പണം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ആശ്വാസത്തിനു മാത്രമായി ഉപയോഗിക്കുന്നു എന്നുറപ്പുവരുത്താന്‍ അതിന്റെ വരവ് ചിലവ് കണക്കുകള്‍ എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് 8 ലക്ഷം രൂപ ചിലവാക്കി എന്ന് കണ്ടെത്തുകയും അതിന്റെ പേരില്‍ മുഖ്യമന്ത്രിയും ഗവര്‍മെന്റും പാര്‍ട്ടിയും ശക്തമായ വിമര്‍ശനം നേരിടുന്ന ഇക്കാലത്ത് സര്‍ക്കാര്‍ ഇതിന്റെ വരവ് ചെലവ് കണക്കുകള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ ബാധ്യസ്ഥരാണ്.

ഓഖി ദുരിതാശ്വാസ ഫണ്ട് പാര്‍ട്ടിയെ സമ്മേളനത്തിന്റെ് യാത്രയ്ക്ക് ചിലവഴിച്ചു എന്ന ആരോപണം തന്നെ കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് അപമാനകരമാണ്. എന്നാല്‍ ആ ഉത്തരവ് പിന്‍വലിക്കുകയും അതിനു ചെലവഴിച്ച പണം പാര്‍ട്ടി അടയ്ക്കാം എന്ന് പറയുന്നതിലൂടെ പാര്‍ട്ടിയും സര്‍ക്കാരും തെറ്റ് ചെയ്തു എന്ന് സ്വയം സമ്മതിക്കുകയാണ്. സമൂഹത്തില്‍ ഏറ്റവും ദുര്‍ബലരായ എല്ലാ നീതിയും നിഷേധിക്കപ്പെട്ട് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ഇവര്‍ക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ല എന്ന ആരോപണം നിലനില്‍ക്കെ അതേ ഫണ്ടില്‍നിന്ന് ഇത്തരം യാത്രയ്ക്ക് പണം ചെലവാക്കാന്‍ ഉത്തരവിട്ടവര്‍ക്കെതിരെ എന്ത്‌നടപടിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

ഈ ഉത്തരവിട്ട ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസും ഏറെ സംശയങ്ങള്‍ക്കും ഇട നല്‍കുന്നു. റവന്യൂ മന്ത്രി അറിയാതെ റവന്യൂ വകുപ്പിലെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ഒരാള്‍ ആണ് ഇദ്ദേഹം. റവന്യൂമന്ത്രിയെ തരിമ്പുപോലും ബഹുമാനിക്കാതെ മുഖ്യമന്ത്രിയുടെ പാദസേവകനാണ് എന്നു കൂടി കുപ്രസിദ്ധനായ വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ ഇത്തരം കാര്യങ്ങള്‍ നടക്കും എന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ല.

ഓഖി ദുരിതാശ്വാസ ഫണ്ട് ഇത്തരം ഉദ്യോഗസ്ഥരെയാണ് ഏല്‍പിക്കുന്നത് എങ്കില്‍ അത് ചിലവഴിക്കുന്നതിനെ പറ്റി ന്യായമായും ജനങ്ങള്‍ക്ക് സംശയമുണ്ടാകും. അതുകൊണ്ട് ഈ ചുമതലയില്‍നിന്നും പി. എച്ച്. കുര്യനെ അടിയന്തരമായി മാറ്റണം എന്നും വിശ്വസ്തതയുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അതുവഴി ഗവര്‍മെന്റ്, ഗവണ്‍മെന്റേതിര ഏജന്‍സികളും, പൊതുജനങ്ങളും സമാഹരിച്ച ദുരിതാശ്വാസ ഫണ്ടിന്റെ വിശ്വാസത കാത്തുസൂക്ഷിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു

തിരുവനന്തപുരം: ജെഡിയു എല്‍ഡിഎഫിലേക്ക് പോകാൻ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചു. എല്‍ഡിഎഫിലേക്ക് പോകാനുള്ള അനുയോജ്യമായ സമയമാണിതെന്ന് സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു. ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

അന്തിമ തീരുമാനം എടുക്കാനുള്ള നിർണായക യോഗങ്ങൾ തിരുവനന്തപുരത്ത് തുടരുന്നു.  ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശത്തില്‍ കെ.പി. മോഹനനും നിലപാട് മാറ്റി. ഇടതുമുന്നണിയിലേക്ക് പോകാനുള്ള നീക്കത്തിന് അദ്ദേഹവും പിന്തുണ പ്രഖ്യാപിച്ചു. അതേസമയം വീരേന്ദ്രകുമാറിന്റെ നീക്കം വ്യക്തി താല്‍പ്പര്യം സംരക്ഷിക്കാനെന്ന് യുഡിഎഫ് വിമര്‍ശിച്ചു.

ഇതിനിടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി രാജിവച്ച് ഇറങ്ങിപ്പോയി.  മുന്നണി മാറ്റം അടക്കമുള്ള തീരുമാനം എടുക്കാനായി രണ്ട് ദിവസം നീളുന്ന നേതൃയോഗമാണ് തിരുവനന്തപുരത്ത് തുടരുന്നത്. ആദ്യം നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ഇടത് മുന്നണി പ്രവേശനത്തിന്റെ സൂചനകൾ എം.പി. വീരേന്ദ്രകുമാർ നൽകിയത്. ആദ്യഘട്ട ചർച്ചകൾ പൂർത്തിയായെന്നും നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ പാർട്ടിയുടെ വളർച്ചയ്ക്ക് മുന്നണി മാറ്റം അത്യാവശ്യമാണന്നും വീരേന്ദ്രകുമാർ പറഞ്ഞു.

തുടർന്ന് സംസാരിച്ച ഭൂരിഭാഗം സംസ്ഥാന നേതാക്കളും 14 ജില്ലാ പ്രസിഡന്റുമാരും നീക്കത്തെ പിന്താങ്ങുകയായിരുന്നു. നേരത്തേ, യുഡിഎഫിന്റെ വോട്ടിൽ രാജ്യസഭാംഗമായിരുന്ന എം.പി.വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചിരുന്നു. രാജിവച്ച ഒഴിവിലുള്ള രാജ്യസഭാ സീറ്റും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റും വേണമെന്ന് ജെഡിയു എൽഡിഎഫിൽ ആവശ്യപ്പെട്ടേക്കും. ഇതു സംബന്ധിച്ച് സിപിഐഎം നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകൾ തുടങ്ങി.

അതേസയം, വീരേന്ദ്രകുമാറിന്റെ ജനതാദൾ യുഡിഎഫ് വിടുന്നതിനെ കോൺഗ്രസ് വിമർശിച്ചു. വീരേന്ദ്രകുമാറിന്റെ നീക്കം വ്യക്തിതാൽപര്യം സംരക്ഷിക്കാനാണെന്നും അന്തിമ തീരുമാനമാണെന്നു കരുതുന്നില്ലെന്നും യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ പറഞ്ഞു. വീരേന്ദ്രകുമാർ യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും അഭിപ്രായപ്പെട്ടിരുന്നു.

ജമ്മുകശ്മീര്‍: കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരര്‍ നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമാണെന്ന് വിശേഷിപ്പിച്ച കശ്മീര്‍ എംഎല്‍എ അയ്ജാസ് അഹമ്മദ് മിര്‍ വിവാദത്തിലായി. നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമായ’ ഭീകരരുടെ മരണത്തില്‍ സന്തോഷിക്കുകയോ അത് ആഘോഷിക്കുകയോ ചെയ്യരുതെന്നും എംഎല്‍എ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മിരില്‍ ബിജെപിയുടെ സഖ്യകക്ഷി കൂടിയായ പിഡിപി എംഎല്‍എയാണ് ഭീകരരോടുള്ള സ്‌നേഹം പരസ്യമായി പ്രകടിപ്പിക്കുകയും വിവാദത്തിലാകുകയും ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം നിയമസഭയിലാണ് അയ്ജാസ് അഹമ്മദ് നിലപാട് അറിയിച്ചത്. ഇന്നും എംഎല്‍എ ഇക്കാര്യം ആവര്‍ത്തിച്ചു. ഭീകരരും ജമ്മു കശ്മീരില്‍നിന്നുള്ളവരാണെന്നും അവര്‍ നമ്മുടെ മക്കളാണെന്നും അവരുടെ മരണം നാം ആഘോഷിക്കരുതെന്നും എംഎല്‍എ പറഞ്ഞു. കശ്മീരിലെ ഷോപ്പിയാനിലുള്ള വാച്ചി മണ്ഡലത്തിലെ എംഎല്‍എ ആണ് അയ്ജാസ്.

ഭീകരരെ ‘നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമായി നിയമസഭയില്‍ പറഞ്ഞതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഇതേ അഭിപ്രായം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തിയിലെ സൈനികരോടും രാജ്യ സേവനത്തിനിടെ ജീവന്‍ വെടിഞ്ഞ സൈനികരോടും കുടുംബങ്ങളോടും തനിക്കു സഹതാപമുണ്ടെന്നും അയ്ജാസ് പറഞ്ഞു.

മൂന്നു മാസം മുന്‍പ് ഇതേ എംഎല്‍എയുടെ വീടിനുനേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഗ്രനേഡ് എറിഞ്ഞായിരുന്നു ആക്രമണം. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല. ഈ ആക്രമണത്തേക്കുറിച്ചു ചോദിച്ചപ്പോള്‍, കാഴ്ചപ്പാടുകളിലുള്ള വ്യത്യാസം കൊണ്ടാകാം അതെന്നായിരുന്നു എംഎല്‍എയുടെ മറുപടി.

കൊച്ചി: കണ്ണുരിന്റെ രാഷ്ട്രീയം പ്രമേയമാക്കി ബി.അജിത് കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ഈട കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട സിനിമയാണെന്ന് പി.സി.വിഷ്ണുനാഥ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സിപിഎമ്മിനെയും സംഘപരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു ഇതിവൃത്തമാണ് ഈട കൈകാര്യം ചെയ്യുന്നതെന്ന് പി.സി. വിഷ്ണു നാഥ് പറയുന്നു.

ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയില്‍, മേല്‍ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സിനിമ സമീപിക്കുന്നത്. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തിമര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോള്‍ സംഘപരിവാറും സിപിഎമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതില്‍ കടന്നുവരുന്നത് നാം കാണാതെ പോകരുതെന്നും രാഷ്ട്രീയവും ജീവിതവും ഇഴനെയ്തു കിടക്കുന്ന ഒരു ഭൂമികയില്‍ അവര്‍ രണ്ടുകൂട്ടരുമാണ് പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നതായി വിഷ്ണുനാഥ് പറയുന്നു.

പി.സി.വിഷ്ണുനാഥ് ഫേസ്ബുക്കിലെഴുതിയ എഴുതിയ കുറിപ്പ് പൂര്‍ണരൂപം

ചങ്കില്‍ തറയ്ക്കുന്ന ഒരു പ്രണയവും അതിന്റെ പരിണാമഗതിയില്‍ പൊള്ളിക്കുന്ന രാഷ്ട്രീയത്തിന്റെ കനല്‍പ്പാടുകളും. ഈട എന്ന ബി. അജിത്കുമാര്‍ ചിത്രം പങ്കുവയ്ക്കുന്ന രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സിപിഎമ്മിനെയും സംഘപരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയില്‍, മേല്‍ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സമീപിക്കുന്നത്.

കൊലപാതകവും അതിനുവേണ്ടിയുള്ള ആസൂത്രണവും അത് സാധാരണക്കാരന്റെ കാല്‍പനിക സങ്കല്‍പങ്ങള്‍ക്കു മേല്‍ എപ്രകാരം കരിമേഘമായി പടരുന്നുവെന്ന് സിനിമ പറയുന്നു. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തിമര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂ.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോള്‍ സംഘപരിവാറും സിപിഎമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതില്‍ കടന്നുവരുന്നത് നാം കാണാതെ പോകരുത്. രാഷ്ട്രീയവും ജീവിതവും ഇഴനെയ്തു കിടക്കുന്ന ഒരു ഭൂമികയില്‍ അവര്‍ രണ്ടുകൂട്ടരുമാണ് പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നു. അസഹിഷ്ണുതയുടെ പെരുമ്പറകളാണ് ഓരോ നെഞ്ചിലും മുഴങ്ങുന്നത്.

കൂത്തുപറമ്പില്‍ ജീവച്ഛവമായി കിടക്കുന്ന പുഷ്പനെ മുതല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ വരെ ഈടയില്‍ കാണാം. ‘ഇലക്ഷന്‍ കാലത്തു മാത്രം ചില നേതാക്കള്‍ വന്നുപോകാറുണ്ട്’ എന്ന് ജീവിക്കുന്ന രക്തസാക്ഷിയായി വീല്‍ചെറയില്‍ കഴിയുന്ന കഥാപാത്രം പറയുന്ന ഡയലോഗ് സിപിഎമ്മിനുള്ള കുറ്റപത്രമാണ്. പുഷ്പനെ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തിലും നോമിനേഷന്‍ കൊടുക്കുമ്പോഴും മാത്രം ഓര്‍ക്കുകയും അധികാരത്തിന്റെ ശീതളച്ഛായയില്‍ സ്വാശ്രയ കച്ചവടക്കാര്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന നേതൃത്വത്തിനെതിരായ കൂരമ്പ്.
ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്‌കൂളില്‍ വെട്ടേറ്റു വീണ സംഭവത്തെ ദ്യോതിപ്പിച്ച് സ്‌കൂള്‍ കുട്ടിയായ തന്റെ മുമ്പില്‍ അധ്യാപകന്‍ വെട്ടേറ്റുവീണ ഓര്‍മ്മ അയവിറക്കുന്നുണ്ട് നായിക. അവളെ സംബന്ധിച്ച് കണ്ണൂര്‍ എന്നാല്‍ ജീവിക്കാന്‍ പറ്റാത്ത ഊരാണ്! അവളുടെ അച്ഛന്‍ പക്ഷെ, കമ്മ്യൂണിസ്റ്റാണെങ്കിലും വരട്ടുവാദ പ്രത്യയശാസ്ത്രത്തിന്റെ കഠാരി മുനകൊണ്ട് എതിരാളിയെ തീര്‍ക്കണമെന്ന് വിശ്വസിക്കുന്നയാളല്ല. മകള്‍ വിരുദ്ധചേരിയിലെ ഒരാളെ പ്രണയിക്കുമ്പോള്‍ അദ്ദേഹം വായിക്കുന്നത് മേരി ഗബ്രിയേല്‍ എഴുതിയ ‘പ്രണയവും മൂലധനവും’ എന്ന പുസ്തകമാണ്.

കോളിളക്കമുണ്ടാക്കിയ തലശ്ശേരിയിലെ മുഹമ്മദ് ഫസല്‍ വധത്തിനെ അനുസ്മരിപ്പിക്കും വിധത്തില്‍ എതിരാളിയെ വളഞ്ഞിട്ട് പിടിച്ച് ഗ്രൂപ്പ് സെല്‍ഫി എടുത്ത ശേഷം നേതാവിനെ വിളിച്ച് പറഞ്ഞാണ് അക്രമികള്‍ ആനന്ദിനെ കൊല്ലാന്‍ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് ദിനേശനെ സംഘപരിവാറുകാര്‍ വെട്ടിക്കൊല്ലുന്നതാവട്ടെ പ്രാകൃതമായ രീതിയിലും. ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിവെട്ടി തുണ്ടമാക്കാനുള്ള ചോദന സിപിഎമ്മിനു മാത്രമല്ല ആര്‍എസ്എസിനുമുണ്ടെന്ന് ചിത്രം വെളിവാക്കുന്നു.

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് കാരണക്കാരായ നേതാക്കള്‍, തിരിച്ചടിക്കുള്ള അവരുടെ ആഹ്വാനം, രക്തസാക്ഷികളുടെ ചോരയില്‍ കൈമുക്കി വീര്യം പ്രകടിപ്പിക്കുന്ന പാര്‍ട്ടി യോഗങ്ങള്‍, വിവാഹം പോലും പാര്‍ട്ടി തീരുമാനിക്കുമെന്ന തിട്ടൂരമിറക്കുന്ന പാര്‍ട്ടി കുടുംബങ്ങള്‍, പരിഹസിക്കപ്പെടുന്ന ഗോമൂത്രവും വിചാരധാരയും സംഘപരിവാര്‍ ചിഹ്നങ്ങള്‍, പാര്‍ട്ടിക്കുവേണ്ടി ജയിലില്‍ പോകാനുള്ള സംഘപരിവാര്‍ കാര്യദര്‍ശിയുടെ നിര്‍ദ്ദേശം അഭിമാനത്തോടെ അനുസരിക്കുന്ന പ്രവര്‍ത്തകന്‍ അങ്ങനെ എത്രയോ രാഷ്ട്രീയ ബിംബങ്ങള്‍ ചിത്രത്തില്‍ നിന്ന് കണ്ടെടുക്കാം.

കമ്മ്യൂണിസ്റ്റ് കുടുംബമായിട്ടും വിവാഹ തീയതി കുറിക്കാന്‍ പരപ്പനങ്ങാടിയിലെ ജോത്സ്യനെ കാണാന്‍ പോകുന്ന ടീച്ചര്‍, ശത്രുസംഹാര പൂജയും വഴിപാടും നടത്തുന്ന വര്‍ത്തമാനകാല നേതാക്കളെ ദയയില്ലാതെ അഭിസംബോധന ചെയ്യുന്നു. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകം കൈയില്‍വച്ചാണ് സംഘപരിവാര്‍ അക്രമകാരികള്‍ ഒളിസങ്കേതത്തില്‍ വാളുമിനുക്കുന്നത്. ദണ്ഡും വാളും വീശി സംഘപരിവാറിന്റെ വളര്‍ച്ച ഇവിടെയെത്തിയെന്ന് അടയാളപ്പെടുത്തുമ്പോള്‍ ചുമരില്‍ മോദിയുടെ പടം വയ്ക്കാന്‍ മറന്നില്ല. അഥവാ ആസുരതയുടെ മോദി കാലത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നു ചിത്രം.

സൂപ്പര്‍ താരങ്ങളുടെയടക്കം ഫാന്‍സ് അസോസിയേഷനുകള്‍ കൂറ്റന്‍ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തുന്നതിനെയും മറ്റും വിമര്‍ശിക്കുന്ന യുവജന സംഘടനകളും പാര്‍ട്ടികളും നേതാക്കള്‍ വെട്ടാനും കൊല്ലാനും പറയുമ്പോള്‍ ഫാന്‍സ് അസോസിയേഷനെ വെല്ലുന്ന വിധത്തില്‍ ചിന്താശേഷിയില്ലാത്ത അടിമപ്പറ്റമാകുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രത്തില്‍. ഇത്തരം പ്രജ്ഞാശേഷി മരവിച്ച അണികളെ സംഭാവന ചെയ്യുന്ന കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളാണ് കേരളത്തിന്റെ ശാപങ്ങളില്‍ ഒന്ന്.

പരസ്പരം ഇഷ്ടപ്പെടുന്ന അമ്മുവിനും ആനന്ദിനും കണ്ണൂരിനു പുറത്തുമാത്രം ലഭിക്കുന്ന സ്വാതന്ത്ര്യമാണ് സംവിധായകന്‍ കാണിക്കുന്നത്. അത് കണ്ണൂരിന് പൊതുവേ അപമാനകരമായ കാഴ്ചയാണ്. ആ കാഴ്ചയിലേക്ക് എത്തിച്ചതാവട്ടെ സംഘപരിവാറും സിപിഎമ്മുമാണ്.

റോമിയോ ജൂലിയറ്റ് പഠിച്ച സാഹിത്യ വിദ്യാര്‍ഥിയാണ് ഈടയുടെ സംവിധായകന്‍. കാല്‍പനികതയുടെ നിലാവൊളി ചിത്രത്തില്‍ ആദ്യാവസാനം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയം മാത്രം പറഞ്ഞ് വിരസമാക്കാനോ പ്രണയം മാത്രം പറഞ്ഞ് പൈങ്കിളി വത്കരിക്കാനോ തയാറാവാതെ റിയലിസ്റ്റികായ ജീവിതചിത്രത്തെയാണ് ഈട വരച്ചിടുന്നത്. ഷെയിന്‍ നിഗവും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ മനോഹരമാക്കിയ ചിത്രത്തില്‍ കവി അന്‍വര്‍ അലിയുടെ വരികളും ഹൃദയസ്പര്‍ശിയാണ്. തീര്‍ച്ചയായും കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട

Copyright © . All rights reserved