ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെ.എന്‍.യു) യില്‍ നിന്ന് വിദ്യാര്‍ഥിയെ കാണാതായി. ഗവേഷക വിദ്യാര്‍ഥിയായ മുകുള്‍ ജെയിനെ (26) നെയാണ് കാണാതായിരിക്കുന്നത്. ഈ മാസം എട്ടിനുശേഷമാണ് മുകുളിനെ കാണാതായെതെന്നാണ് റിപ്പോര്‍ട്ട്.
കാണാതായ ദിവസം വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ മുകുളിനെ അലട്ടിയിരുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് പോലീസ് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ സംശയാസ്പദമായി ഒന്നും തന്നെയില്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. മുകുളിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവിശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയകളില്‍ കാംമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.
ജെഎന്‍യുവില്‍ നിന്ന് 2016 ഒക്ടോബര്‍ 15 ന് നജീബ് അഹമ്മദെന്ന മറ്റൊരു വിദ്യാര്‍ഥിയെ കാണാതായിട്ട് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സര്‍വ്വകലാശാല ഹോസ്റ്റില്‍ വെച്ച് എബിവിപി പ്രവര്‍ത്തകരുമായി ഉണ്ടായ അടിപിടിക്ക് ശേഷമാണഅ നജീബിനെ കാണാതായത്. തുടര്‍ന്ന് സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വലിയ കാംമ്പയിന്‍ നടത്തിയെങ്കിലും നജീബ് അഹമ്മദിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹിന്ദിയിലും സംസ്‌കൃതത്തിലും വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത പ്രാര്‍ത്ഥന ഏര്‍പ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതി. ഇത്തരം സ്ഥാപനങ്ങളില്‍ കൈകൂപ്പിയും കണ്ണടച്ചുമുള്ള പ്രാര്‍ത്ഥനകള്‍ നിര്‍ബന്ധമാക്കിയതിനെതിരെ സുപ്രീം കോടതി സര്‍ക്കാരിനോടും കേന്ദ്രീയ വിദ്യാലയ അധികൃതരോടും വിശദീകരണം ആവശ്യപ്പെട്ടു. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായുള്ള ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഏതാണ്ട് 1000ത്തിലധികം വരുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിര്‍ബന്ധിതമായി നടത്തിപ്പോരുന്ന ഇത്തരം പ്രാര്‍ത്ഥനകള്‍ ഒരു പ്രത്യേക മതവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വളരെ പ്രധാനപ്പെട്ട ഒരു ഭരണഘടനാ പ്രശ്നമാണെന്ന് ഇതെന്ന് കോടതി നിരീക്ഷിച്ചു. പൊതു അസംബ്ലികളില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികളും പ്രാര്‍ത്ഥനകളില്‍ പങ്കുചേരണമെന്നാണ് ചട്ടം. അതില്‍ മതവിശ്വാസമില്ലാത്തവരും മറ്റേതെങ്കിലും വിശ്വാസം പിന്‍തുടരുന്നവരുമെന്ന വ്യത്യാസമില്ല.
ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളും മതവിശ്വാസമില്ലാത്തവരും മറ്റേതെങ്കിലും വിശ്വാസം പിന്‍തുടരുന്നവരുമായ എല്ലാവരും നിര്‍ബന്ധപൂര്‍വ്വം ഇത്തരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കേണ്ടിവരുന്നത് ഭരണഘടനയുടെ 92-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ വിനായക് ഷാ ചൂണ്ടിക്കാട്ടുന്നു. പ്രാര്‍ത്ഥനകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കുകയും അവരെ നിര്‍ബന്ധിതമായി കൈകൂപ്പിയുള്ള പ്രാര്‍ഥനയ്ക്ക് പങ്കെടുപ്പിക്കാനും ഇത്തരം വിദ്യാലയങ്ങളിലെ അധ്യാപകര്‍ ശ്രദ്ധിക്കാറുണ്ട്. പ്രാര്‍ത്ഥനയില്‍ പങ്കുചേരാത്തവരെ പരസ്യമായി ശിക്ഷിക്കാന്‍ പോലും ചില അധ്യാപകര്‍ മുതിരാറുണ്ടെന്നും വിവരമുണ്ട്.
തിരുവനന്തപുരം:ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയ്ക്ക് വിനിയോഗിച്ച നടപടിയെ പരിഹസിച്ച് ജേക്കബ് തോമസ്. ‘പാഠം 4 ഫണ്ട് കണക്ക്’ എന്ന പേരില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജേക്കബ് തോമസ് വിമര്‍ശനം രേഖപ്പെടുത്തിയത്.
തൃശൂരിലെ സിപിഎം സമ്മേളന വേദിയില്‍നിന്നു ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി നടത്തിയ യാത്രാച്ചെലവ് ഓഖി ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചാണെന്നാണ് ആരോപണം. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സാണ്‍ എന്ന സ്വകാര്യ കമ്പനിയുടെ ഹെലിക്കോപ്റ്ററായിരുന്നു യാത്രക്കായി മുഖ്യമന്ത്രി വാടകയ്ക്ക് എടുത്തത്. ഇതിനായി തിരുവനന്തപുരം കലക്ടറുടെ കീഴിലുള്ള ദുരന്തനിവാരണ ഫണ്ടില്‍നിന്നാണ് പണം അനുവദിച്ചത്.
ഡിജിപി ജേക്കബ് തോമസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ജീവന്റെ വില 25 ലക്ഷം
അല്‍പ്പജീവനുകള്‍ക്ക് 5 ലക്ഷം
അശരണരായ മാതാപിതാക്കള്‍ക്ക് 5 ലക്ഷം
ആശ്രയമറ്റ സഹോദരിമാര്‍ക്ക് 5 ലക്ഷം
ചികില്‍സയ്ക്ക് 3 ലക്ഷം
കാത്തിരിപ്പു തുടരുന്നത് 210 കുടുംബങ്ങള്‍
ഹെലിക്കോപ്റ്റര്‍ കമ്പനി കാത്തിരിക്കുന്നത് 8 ലക്ഷം
പോരട്ടേ പാക്കേജുകള്‍!
ലണ്ടന്‍: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമമത ബാനര്‍ജിക്കൊപ്പം ലണ്ടനിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യന്‍ മാധ്യമലോകത്തിന് നല്‍കിയത് തീരാ നാണക്കേട്. ഔദ്യോഗിക ഡിന്നറിന് വേദിയായ ഹോട്ടലില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ വെള്ളി സ്പൂണുകളും ഫോര്‍ക്കുകളും അടിച്ചുമാറ്റി. ഭക്ഷണം വിളമ്പിയ വലിയ മേശയില്‍ നിന്ന് സ്പൂണുകളും ഫോര്‍ക്കുകളും ബാഗുകളിലേക്കും മറ്റും മാറ്റുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെങ്കിലും ഹോട്ടല്‍ സെക്യൂരിറ്റി ജീവനക്കാര്‍ സംയമനം പാലിക്കുകയും മോഷണം തങ്ങള്‍ കണ്ടുവെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുകയുമായിരുന്നു.
ഇതോടെ മിക്കവരും മോഷ്ടിച്ച സാധനങ്ങള്‍ തിരികെ നല്‍കി. ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പക്ഷേ കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല. വേണമെങ്കില്‍ തന്റെ വസ്ത്രമുള്‍പ്പെടെ പരിശോധിക്കാന്‍ ഇയാള്‍ വെല്ലുവിളിക്കുകയും ചെയ്തു. സ്പൂണ്‍ മോഷ്ടിച്ച് മറ്റൊരാളുടെ ബാഗില്‍ തിരുകുന്ന ദൃശ്യം നേരിട്ട് കാണിച്ചതോടെയാണ് ഇയാള്‍ സെക്യുരിറ്റി ജീവനക്കാരുടെ വാദം അംഗീകരിക്കാന്‍ തയ്യാറായതെന്ന് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളില്‍ നിന്ന് 50 പൗണ്ട് പിഴയീടാക്കിയെന്നാണ് വിവരം.
പശ്ചിമ ബംഗാളിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പ്രധാനപ്പെട്ട വിദേശ പര്യടനങ്ങളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒപ്പം കൂട്ടാറുണ്ട്. ഇവരിലൊരാളാണ് മോഷണത്തിന് തുടക്കമിട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ഇത് കണ്ടെങ്കിലും നിരുത്സാഹപ്പെടുത്തിയില്ലെന്ന് മാത്രമല്ല, തങ്ങളാലാകും വിധം വെള്ളി സ്പൂണുകളും മറ്റും അടിച്ചു മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. യോഗത്തിന്റെ ഗൗരവ സ്വഭാവവും പങ്കെടുക്കുന്ന വ്യക്തികളുടെ പദവിയും പരിഗണിച്ച് അപ്പോള്‍ തന്നെ ഇത് പ്രശ്‌നമാക്കേണ്ടെന്ന് ഹോട്ടല്‍ സെക്യൂരിറ്റി തീരുമാനിക്കുകയുമാരുന്നു.
സഹകരിച്ചില്ലെങ്കില്‍ പോലീസില്‍ അറിയിക്കുമെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞപ്പോളാണ് പലരും തൊണ്ടി മുതലുകള്‍ തിരികെ നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിഴയടച്ച മാധ്യമപ്രവര്‍ത്തകന്റെ പേര് പുറത്ത് വിട്ടിട്ടില്ല. മുതിര്‍ന്ന ബംഗാളി എഴുത്തുകാരന്റെ പുത്രനായ ഇയാള്‍ യോഗ്യതകളൊന്നുമില്ലെങ്കിലും പിതാവിന്റെ പേരില്‍ പത്രത്തില്‍ കയറിപ്പറ്റിയ ആളാണെന്നും ചിലര്‍ പറയുന്നുണ്ട്.
എംസി റോഡിൽ തുരുത്തി കാനയ്ക്കു സമീപം കാർ പോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു വയസ്സുകാരൻ മരിച്ചു. ഗർഭിണിയടക്കം ആറു പേർക്ക് പരുക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
മലപ്പുറം പയ്യനാട് വടക്കേക്കുറ്റ് മനോജിന്റെ മകൻ റിച്ചു(മൂന്ന്) ആണ് മരിച്ചത്. മനോജ് (42), ഭാര്യ റീന(40), മകൾ റിന്റു (12), റീനയുടെ മാതൃസഹോദരിയുടെ പുത്രിയും തലവടി ചൂട്ടുമാലിൽ അട്ടിപ്പറമ്പിൽ ലിജുവിന്റെ ഭാര്യയുമായ ബിജിന(25), നിഖിൽ (24), ശശി (31) എന്നിവർക്കാണു പരുക്കേറ്റത്. ഇതിൽ റിന്റുവിന്റെ നില ഗുരുതരമാണ്. ഇന്നലെ പുലർച്ചെയാണ് അപകടം.
കാർ നിയന്ത്രണംവിട്ട് റോഡരികിലുള്ള സോളർ ലൈറ്റിന്റെ പോസ്റ്റിൽ തട്ടിയ ശേഷം സമീപത്തുള്ള വീടിന്റെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഹൈവേ പൊലീസും ചേർന്ന് കാർയാത്രക്കാരെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ഗർഭിണിയായ ബിജിന മഞ്ചേരിയിൽ ലാബ് ടെക്‌നീഷ്യനായി ജോലിചെയ്തുവരികയാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആറുമാസം ബഡ്റെസ്റ്റ് എടുത്തശേഷം വീട്ടിലേക്കു വരികയായിരുന്നു. ബിജിനയുടെ വയറ്റിലുള്ള കുട്ടിക്ക് ചലനമുള്ളതായി ഡോക്ടർമാർ പറഞ്ഞു.
ബിജിനയെ തലവടിയിലെ വീട്ടിലെത്തിക്കാൻ ഇന്നലെ രാത്രി 10ന് ആണ് ഇവർ പുറപ്പെട്ടത്. ബിജിനയുടെ ഭർത്താവ് ലിജു വിദേശത്താണ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
തൃശ്ശൂര്‍: ചെരിപ്പില്‍ മൊബൈല്‍ ക്യാമറയൊളിപ്പിച്ച് സ്‌കൂള്‍ കലോത്സവ നഗരിയില്‍ കറങ്ങി നടന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ കുരിയച്ചിറ ചിയ്യാരം സ്വദേശിയായ നാല്പതുകാരനാണ് പൊലീസ് പിടിയിലായത്. കലോത്സവ വേദികളിലും പരിസര പ്രദേശങ്ങളിലും റോന്ത് ചുറ്റി ഇയാള്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതായി പൊലീസ് പറഞ്ഞു.
കലോത്സവനഗരിയിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കിടയിലൂടെ ചിത്രങ്ങളെടുക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് അറിയിച്ചു. ചെരുപ്പിന്റെ സോളിന്റെ അടിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്. കാമറയുടെ ഭാഗം മാത്രം പുറത്തുകാണും വിധമാണ് ഫോണ്‍ ക്രമീകരിച്ചിരുന്നത്. കൂടാതെ ഫോണിന് കേടുപറ്റാതിരിക്കാന്‍ ഇരുമ്പ് കവചവും ഫിറ്റ് ചെയ്തിരുന്നു.
ഈ മൊബൈലില്‍ നിന്ന് നൂറിലേറെ ചിത്രങ്ങള്‍ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താലെ കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസ്സിലാവുകയുള്ളു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പാലക്കാട്: തൃത്താലയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനു നേരെ സിപിഎം പ്രവര്‍ത്തകരുടെ കല്ലേറ്. എകെജിക്കെതിരായ ബല്‍റാമിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ചെത്തിയ സിപിഎം പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷം നിയന്ത്രിക്കാനാവാതെ പൊലീസ് ലാത്തിചാര്‍ജ് നടത്തി.
വിടി ബല്‍റാം സഞ്ചരിച്ച വാഹനത്തിനു നേരയും സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസുകാരടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ഇരു വിഭാഗത്തിലെ പ്രവര്‍ത്തകരെയും ലാത്തി വീശിയോടിച്ചു. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.
എകെജി ബാലപീഢകനാണെന്ന ബല്‍റാമിന്റെ ഫെയ്സ്ബുക്ക് കമന്റ് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. എകെജി-സൂശീല പ്രണയത്തെ തെറ്റായി വളച്ചൊടിക്കാന്‍ വിടി ശ്രമിച്ചതായി സിപിഎം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വവും ബല്‍റാമിന്റെ വ്യാഖ്യാനത്തെ തള്ളിയിരുന്നു. അതേസമയം കെ.എം.ഷാജി എംഎല്‍എ, കെ.സുധാകരന്‍, എ.പി.അബ്ദുല്ലക്കുട്ടി, കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ ബല്‍റാമിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ ടി.എന്‍.ശേഷനും ഭാര്യയും വൃദ്ധസദനത്തില്‍ ദുരിതത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ആ വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ഇരുവരും വൃദ്ധസദനത്തിലല്ല. അസുഖബാധിതനായതിനാല്‍ ചെന്നൈ അഭിരാമപുരത്തിലെ വീട്ടില്‍ വിശ്രമിക്കുകയാണ് ടി.എന്‍.ശേഷന്‍. കൂട്ടിന് ഭാര്യയും സഹായത്തിന് നഴ്സും മറ്റ് ജോലിക്കാരും ഉണ്ട്.
കൃത്യമായ പരിചരണം ഇവര്‍ ഉറപ്പുവരുത്തുന്നുണ്ട്. വീട്ടില്‍ തന്നെയിരിക്കുന്നതിന്‍റെ മടുപ്പ് മാറ്റാന്‍ ഇടയ്ക്ക് പെരുങ്കളത്തൂരിലെ റിട്ടയര്‍മെന്‍റെ് ഹോമിലേക്ക് പോകാറുണ്ട്. ഇതിനെയാണ് തെറ്റിദ്ധരിച്ച് വൃദ്ധസദനത്തിലാണെന്ന് പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ കുറച്ചായി കാലിന് നീരുവീക്കം ഉള്ളതിനാല്‍ പുറത്ത് പോകാറില്ല. മക്കളില്ലാത്തതിനാല്‍ തന്നെ ജോലിക്കാരാണ് തണല്‍. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ദുഖമുണ്ടെന്ന് ഭാര്യ ജയലക്ഷ്മി പറഞ്ഞു.
ചെന്നെ അഭിരാമപുരത്ത് ടി. എന്‍. ശേഷനും ഭാര്യയും താമസിക്കുന്ന വീട്
മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ ഇരുവരും വിസമ്മതിച്ചു. പാലക്കാട് ജില്ലയിലെ തിരുനെല്ലായിലാണ് ടി.എന്‍.ശേഷന്‍റെ ജനനം. പാലക്കാട് വിക്ടോറിയ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മെട്രോമാന്‍ ഇ.ശ്രീധരന്‍റെ സഹപാഠിയുമായിരുന്നു അദ്ദേഹം. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി പരിഷ്കാരങ്ങള്‍ നടപ്പാക്കിയ ഉദ്യോഗസ്ഥനുമായിരുന്നു ടി.എന്‍.ശേഷന്‍.
കേന്ദ്ര സർക്കാരിനെയും ഡൽഹി പൊലീസിനെയും വെല്ലുവിളിച്ച് ഗുജറാത്ത് എംഎൽഎയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ യുവ ഹുങ്കാർ റാലി. മനുസ്മൃതിയോടാണോ ഭരണഘടനയോടാണോ കൂറെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു. റാലിക്ക് ഡൽഹി പൊലീസ് അനുമതി നൽകിയിരുന്നില്ല.
കേന്ദ്ര സർക്കാരിന്റെ ദലിത് വിരുദ്ധ നയങ്ങൾക്കെതിരെയും ഉത്തർപ്രദേശിലെ ഭീം ആർമി നേതാവ് ചന്ദ്രശേഖറെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് റാലി സംഘടിപ്പിച്ചത്. ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി ജന്ദർമന്തറിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് റാലിക്ക് അനുമതി നൽകാതിരുന്നത്.
ജലപീരങ്കിയുൾപ്പെടെയുള്ള തയ്യാറെടുപ്പുകളുമായി റാലി നടക്കുന്ന പാർലമെന്റ് സ്ട്രീറ്റിൽ കനത്ത കാവലാണ് പൊലീസ് ഒരുക്കിയിരുന്നത്. വേദി മറ്റൊരിടത്തേയ്ക്ക് മാറ്റണമെന്ന നിർദേശം വകവെയ്ക്കാതെ ജിഗ് നേഷും സംഘവും മുൻ നിശ്ചയിച്ച പ്രകാരം റാലിക്കെത്തി. ജനപ്രതിനിധിയെ നിശബ്ദനാക്കാനാണ് മോദി സർക്കാർ ശ്രമിച്ചതെന്ന് ജിഗ്നേഷ് ആരോപിച്ചു.
സംഘാടകർ പ്രതീക്ഷിച്ച പങ്കാളിത്തം പരിപാടിയ്ക്കുണ്ടായില്ലെന്ന വിവാദവും ഒരുവിഭാഗം ഉയര്‍ത്തി. അസമിലെ സാമൂഹിക പ്രവർത്തകൻ അഖിൽ ഗോഗോയ്, ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷൻ കനയ്യ കുമാർ, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ റാലിയിൽ പങ്കെടുത്തു.
കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ സിനഡ് മെത്രാന്‍ സമിതിയെ നിയോഗിച്ചു. ഉടന്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്താനും നിര്‍ദേശിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണ് സമിതിയുടെ കണ്‍വീനര്‍. മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ആന്റണി കരിയില്‍ എന്നിവരാണ് അംഗങ്ങളാകുക. സിനഡില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ സമിതിയെ നിയോഗിച്ചത്.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു. ഭൂമി ഇടപാടില്‍ സിറോ മലബാര്‍ സഭയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും ആരോപണം അന്വേഷിച്ച അന്വേഷണ കമ്മീഷനും കണ്ടെത്തിയിരുന്നു.
അലക്സൈന്‍ സന്യാസി സഭ സിറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്.