ഡല്‍ഹി: തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന്  പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഡല്‍ഹിയിലെ ഐ.എല്‍.ബിഎല്‍ ആശുപത്രിയിലെ നഴ്‌സാണ് പിരിച്ചു വിട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ആലപ്പുഴ സ്വദേശിനിയായ ഈ യുവതി ഈ ആശുപത്രിയില്‍ അഞ്ച് വര്‍ഷത്തോളമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയാണ്.

നഴ്‌സുമാരെ പീഡിപ്പിക്കുന്ന തരത്തിലുള്ള ആശുപത്രി അധികൃതരുടെ സമീപനത്തിനെതിരെ ഇവരുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പ്രതികാരമെന്നോണം ഇന്ന് ഉച്ചയോടെ ആശുപത്രി അധികൃതര്‍ ഇവരെ പിരിച്ചു വിട്ടതായി അറിയിച്ചു കൊണ്ട് നോട്ടീസ് നല്‍കി.

ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടയില്‍ തന്റെ മകളെ സഹപ്രവര്‍ത്തകയെ ഏല്‍പിച്ച യുവതി ശുചിമുറിയില്‍ പോയി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. യുവതിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.

നിലവില്‍ ഐഎല്‍ബിഎല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയെ അല്‍പസമയത്തിനകം എയിംസിലേക്ക് മാറ്റും.