India

തിരുവനന്തപുരം: കേരള കോണ്‍ഗ്രസും കെ.എം.മാണിയുമായി സഹകരിക്കുന്ന വിഷയത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് നേതാക്കള്‍ തീരുമാനം എടുക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാന്‍ മതേതര പാര്‍ട്ടികളുടെ വോട്ടുകള്‍ ഏകീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

ബിജെപിയെ എതിര്‍ക്കാന്‍ ദേശീയ തലത്തില്‍ മറ്റൊരു മുന്നണിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യം ചര്‍ച്ചയാകും.

മാണിയുമായി സഹകരിക്കുന്നത് കേരളത്തിലെ മാത്രം പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ സിപിഎം, സിപിഐ നേതാക്കളും എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളും ചേര്‍ന്നാണ് അനുയോജ്യമായ തീരുമാനമെടുക്കണമെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോഴിക്കോട്: സാഹിത്യത്തിന് ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടെന്ന് എം.ടി.വാസുദേവന്‍ നായര്‍. സാഹിത്യത്തെ പാഠ്യപദ്ധതിയില്‍ നിന്ന് ആട്ടിപ്പായിക്കുകയാണ്. കുട്ടികള്‍ക്ക് ഭാഷയും സാഹിത്യവും അറിയില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത് ശരിയാണെന്നും എംടി പറഞ്ഞു. ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് എംടി ഇക്കാര്യം പറഞ്ഞത്.

തന്റെ കവിതകള്‍ പാഠപുസ്തകങ്ങളിലും ഗവേഷണങ്ങള്‍ക്കും ഉപയോഗിക്കരുതെന്നായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. ഒരു പൊതുപരിപാടിയില്‍ അക്ഷരത്തെറ്റുകള്‍ നിറഞ്ഞ കുറിപ്പ് ഒരു വിദ്യാര്‍ത്ഥി കൈമാറിയതിനെത്തുടര്‍ന്നാണ് നിലവിലുള്ള പാഠ്യപദ്ധതിക്കെതിരെ പ്രതിഷേധവുമായി ചുള്ളിക്കാട് രംഗത്തെത്തിയത്.

ചുള്ളിക്കാടിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ ചുള്ളിക്കാടിന്റെ വാദത്തെ എതിര്‍ത്തു. എല്ലാവരും ഇത്തരം പ്രസ്താവനകള്‍ ഇറക്കിയാല്‍ ഭാഷ എങ്ങനെ പഠിപ്പിക്കുമെന്ന ചോദ്യമാണ് രാധാകൃഷ്ണന്‍ ഉന്നയിച്ചത്.

കണ്ണൂര്‍: വയല്‍കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴില്‍ വിലക്ക് .ചുമട്ട് തൊഴിലാളിയായ രതീഷ് ചന്ദ്രോത്തിനെയാണ് സിഐടിയു തൊഴില്‍ വിലക്കിയത്. ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനാണ് വിലക്ക്. മാപ്പ് പറഞ്ഞാല്‍ ജോലി നല്‍കാമെന്ന് സിഐടിയു അറിയിച്ചു. അസി. ലേബര്‍ ഓഫീസര്‍ക്ക് രതീഷ് പരാതി നല്കിയെങ്കിലും ഫലമുണ്ടായിട്ടില്ല.

സുരേഷ് കീഴാറ്റൂരിന്‍റെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പുതിയ നടപടി. ബൈക്കിലെത്തിയ അജ്ഞാതരാണ് വീടിന് കല്ലെറിഞ്ഞത്.

സിപിഐഎം പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ കത്തിച്ചതോടെയാണ് സമരക്കാരും പാര്‍ട്ടിയും നേര്‍ക്കുനേര്‍ വന്നത്.  സമരപ്പന്തല്‍ പുനസ്ഥാപിച്ച് പൂര്‍വാധികം ശക്തമായി സമരം തുടരാനാണ് വയല്‍ക്കിളികളുടെ തീരുമാനം. ഇതിനുവേണ്ടി സമരത്തെ പിന്തുണയ്ക്കുന്നവരെ അണിനിരത്തി തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരേക്ക് പ്രകടനം നടത്തും.

എന്നാല്‍ ഇതിനെ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കാനാണ് സിപിഐഎം നീക്കം. പുറത്തുനിന്നെത്തുന്നവരെ തടയാന്‍ കാവല്‍ സമരം എന്ന പേരില്‍ സിപിഐഎം പ്രവര്‍ത്തകരേയും അനുഭാവികളേയും അണിനിരത്തും. ബൈപാസിനുവേണ്ടി സ്ഥലം വിട്ടുകൊടുത്തവരേയും പങ്കെടുപ്പിക്കും. വയല്‍ക്കിളികള്‍ സമരപ്പന്തല്‍ കെട്ടിയാല്‍ കാവല്‍ സമരപ്പന്തലും നിര്‍മിക്കും.

ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ സംഘര്‍ഷസാധ്യതയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കീഴാറ്റൂര്‍ സമരത്തില്‍ എല്‍ഡിഎഫിലും പുറത്തും ഒരുപോലെ സമ്മര്‍ദത്തിലായ സിപിഐഎമ്മിനും സര്‍ക്കാരിനും പുതിയ സംഭവവികാസങ്ങള്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കും.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന് ശുഹൈബിനെ വധിച്ച കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണവുമായി കെ.സുധാകരന്‍. കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ കഴിയുന്ന ആകാശിനെ കാണാന്‍ കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് അധികൃതര്‍ സൗകര്യമൊരുക്കുന്നതായും യുവതി ആകാശിനൊപ്പം പകല്‍ മുഴുവന്‍ ചെലവഴിച്ചതായും സുധാകരന്‍ ആരോപിച്ചു.

ഇക്കാര്യം ചൂണ്ടിക്കാട്ടി സുധാകരന്‍ ജയില്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ആകാശിന് ജയിലില്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്നും ആകാശിന്റെ സെല്‍ പൂട്ടാറില്ലെന്നും സുധാകരന്‍ ആരോപിച്ചു. ജയിലില്‍ എല്ലാ സ്വാതന്ത്ര്യവും ആകാശിനുണ്ട്. മൂന്ന് ദിവസങ്ങളായി പല തവണ ആകാശിന് യുവതിയെ കാണാന്‍ അധികൃതര്‍ അവസരമൊരുക്കി.

ഇത് കൂടാതെ മറ്റു പല സഹായങ്ങളും ആകാശിന് ജയിലധികൃതര്‍ നല്‍കുന്നുണ്ട്. ശുഹൈബ് വധക്കേസ് പ്രതികളെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഭരണത്തിന്റെ തണലില്‍ പ്രതികള്‍ക്ക് സ.ിപി.പി.ഐ.എമ്മിന്റെ എല്ലാ വിധ പിന്തുണയും ലഭിക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ലക്‌നൗ: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ ഒരംഗം കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്തു. ബിഎസ്പിയുടെ അനില്‍ സിങാണ് കൂറുമാറി വോട്ട് ചെയ്തത്. താന്‍ ബിജെപിക്കാണ് വോട്ട് ചെയതതെന്ന് അദ്ദേഹം വോട്ടെടുപ്പിന് ശേഷം പറഞ്ഞു. കഴിഞ്ഞ ദിവസം അനില്‍ സിങ് യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എസ്.പിയില്‍ നിന്ന് നേരത്തെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന നരേഷ് ചന്ദ്ര അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗവര്‍വാളും ബിജെപിക്കാണ് വോട്ട് ചെയ്തത്. സ്വതന്ത്ര എംഎല്‍എ അമന്‍മണി ത്രിപാദിയും ബിജെപിക്കാണ് വോട്ട് ചെയ്തത്.

യുപിയിലെ പത്ത് രാജ്യസഭാ സീറ്റുകളില്‍ എട്ടെണ്ണത്തില്‍ ബിജെപിയും ഒന്നില്‍ സമാജ് വാദി പാര്‍ട്ടിയും വിജയം ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു സീറ്റില്‍ ബിഎസ്പിയും ബിജെപിയും തമ്മില്‍ കനത്ത മത്സരമാണ് നടക്കുന്നത്. സമാജ് വാദി പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കിയ ശേഷം ബാക്കിയുള്ള വോട്ടുകള്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് ചെയ്യുമെന്ന് അറിയിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ ഏഴ് എംല്‍എമാരുടെ പിന്തുണയും ബിഎസ്പിക്കാണ്. കൂടാതെ മറ്റു സ്വതന്ത്ര എംഎല്‍എമാരും നേരത്തെ പിന്തുണ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷങ്ങളില്‍ സ്വന്തം എംഎല്‍എ പോലും കൂറുമാറിയത് ബിഎസ്പിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 37 വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടത്.

എസ്.പിയില്‍ നിന്ന് നേരത്തെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന നരേഷ് ചന്ദ്ര അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗവര്‍വാളും ബിജെപിക്കാണ് വോട്ട് ചെയ്തത്. എസ്പിക്കായി ജയ ബച്ചനും ബിഎസ്പിക്കായി ഭീം റാവു അംബേദ്ക്കറുമാണ് മത്സരിക്കുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടേയും ലോക്‌സഭാ മണ്ഡലങ്ങളിലേറ്റ കനത്ത തോല്‍വിയില്‍ നിരാശരായ ബിജെപി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് പിടിച്ചെടുക്കാന്‍ കച്ചമുറുക്കിയാണ് രംഗത്തിറങ്ങിയത്.

മലപ്പുറം: കേരളത്തിലും ദുരഭിമാനക്കൊല. മലപ്പുറത്ത് ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാനൊരുങ്ങിയ യുവതിയെ വിവാഹത്തലേന്ന് പിതാന് കുത്തിക്കൊലപ്പെടുത്തി. അരീക്കോട് പൂവത്തിക്കണ്ടിയിലാണ് സംഭവം. ആതിര രാജന്‍ (22) ആണ് കൊല്ലപ്പെട്ടത്. ബ്രിജേഷ് എന്ന യുവാവുമായി ആതിരയുടെ വിവാഹം ഇന്ന് നടക്കാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം.

ആതിരയുടെ പിതാവ് രാജന് ഈ വിവാഹത്തില്‍ താല്‍പര്യമില്ലായിരുന്നു. പിന്നീട് ഇയാളുടെ സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചത്. ഇന്നലെ വീണ്ടും വിവാഹത്തിലുള്ള അനിഷ്ടം ഇയാള്‍ പ്രകടിപ്പിക്കുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലയില്‍ അവസാനിക്കുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ അയല്‍വീട്ടിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ആതിരയെ രാജന്‍ വലിച്ചിറക്കി കുത്തിവീഴ്ത്തുകയായിരുന്നു.

അതേസമയം ആതിരയുടെ പിതാവ് ഈ വിവാഹത്തിന് സമ്മതിച്ചത് പോലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണെന്ന് പ്രതിശ്രുത വരനായി ബ്രിജേഷ് പറഞ്ഞു. വിവാഹം തീരുമാനിച്ച ശേഷവും വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തങ്ങളുടെ ബന്ധം സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു രാജന്‍.

ഇതേത്തുടര്‍ന്ന് ആതിര കുറച്ചുകാലം സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചിരുന്നു. പിന്നീട് തങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ പോയി സംസാരിക്കുകയും വിവാഹത്തിയതിയടക്കം തീരുമാനിച്ചത് പോലീസ് മേല്‍നോട്ടത്തിലായിരുന്നെന്നും ബ്രിജേഷ് വെളിപ്പെടുത്തി.

ഇന്ത്യന്‍ സായുധ സേനയ്ക്ക് പ്രതിരോധ ബജറ്റില്‍ അനുവദിച്ച തുക സേന ആവശ്യപ്പെട്ടതിലും 1.21 ലക്ഷം കോടി രൂപ കുറവ്. പ്രതിരോധ സഹമന്ത്രിയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കര, നാവിക, വ്യോമ സേനാംഗങ്ങള്‍ക്കെല്ലാം കൂടി അനുവദിച്ചിരിക്കുന്ന ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ ആയുധങ്ങളും യുദ്ധവിമാനങ്ങളും കപ്പലുകളും ഇതര സൈനിക ഉപകരണങ്ങളും വാങ്ങുന്നതിനായി മൂന്ന് സൈനിക വിഭാഗങ്ങളും ആവശ്യപ്പെട്ടിരുന്ന തുകയേക്കാളും 76,765 കോടി രൂപ കുറവാണ് 2018-19 വാര്‍ഷിക പ്രതിരോധ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മൂന്ന് സേനാ വിഭാഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തന മൂലധനമായി ആവശ്യപ്പെട്ടിരുന്നത് 1.60 ലക്ഷം കോടി രൂപയായിരുന്നു എന്നാല്‍ പ്രതിരോധ വകുപ്പ് ഇത് വെട്ടിക്കുറച്ച് 83,434 കോടി രൂപയാക്കി.

ഉദ്യോഗസ്ഥരുടെ ശമ്പളം, ഉപകരണങ്ങളുടെ പരിപാലനം തുടങ്ങിയവയ്ക്ക് ആവശ്യമായ തുക, ഇതര ചെലവുകള്‍ എന്നിവക്കായി മൂന്ന് സൈനിക വിഭാഗങ്ങളും ആവശ്യപ്പെട്ട തുകയില്‍ നിന്ന് ഏതാണ്ട് 35,371 കോടി രൂപ കുറവാണ് അനുവദിക്കപ്പെട്ടത്. ആകെ ബജറ്റില്‍ വകയിരുത്തിയ തുകയുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ആവശ്യപ്പെട്ടതിലും 1.21 ലക്ഷം കോടി രൂപ കുറവാണ് നല്‍കിയിരിക്കുന്നതെന്ന് കാണാം. ചൈനയും പാകിസ്ഥാനുമായിട്ടുള്ള അതിര്‍ത്തി തര്‍ക്കം മുറുകുന്ന സാഹചര്യത്തില്‍ സൈന്യത്തിന് കൂടുതല്‍ തുക അനുവദിക്കാത്തതില്‍ മൂന്ന് സൈനികവിഭാഗങ്ങളുടെ മേധാവികളും അസംതൃപ്തരാണ്. അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫണ്ടില്‍ വരുത്തിയ ഗണ്യമായ കുറവ് വിവിധ സുരക്ഷാ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ സൈന്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരസേനാ ഉപമേധാവി ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് പാര്‍ലമെന്ററി പാനലിനെ അറിയിച്ചു. ചൈനയും പാകിസ്ഥാനും തങ്ങളുടെ സൈന്യത്തെ ആധുനികവല്‍ക്കരിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ഇന്ത്യന്‍ സൈന്യം അടിയന്തര സാഹചര്യങ്ങളില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ ബുദ്ധിമുട്ടുകയാമെന്നും അദ്ദേഹം പറയുന്നു. സൈന്യം ഉപയോഗിക്കുന്ന 68 ശതമാനം ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പഴഞ്ചനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരസേന പ്രവര്‍ത്തന മൂലധനമായി ആവശ്യപ്പെട്ടതിലും 17,756 കോടി രൂപ കുറവാണ് അനുവദിച്ചത്. മറ്റു വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷിച്ചിരുന്ന തുകയിലും 24,755 കോടി കുറവാണ് അനുവദിച്ചിരിക്കുന്നത്. നാവികസേനയുടെ കാര്യവും സമാനമാണ്. പ്രവര്‍ത്തന മൂലധനത്തില്‍ 37,932 കോടി കുറവാണ് അനുവദിക്കപ്പെട്ടത്. വ്യോമസേനക്ക് ലഭിച്ച തുകയിലും ആവശ്യപ്പെട്ടതിനേക്കാള്‍ 41,924 കോടി രൂപയുടെ കുറവുണ്ട്.

ജയലളിതയുടെ മരണത്തില്‍ അപ്പോളോ ആശുപത്രിയുടെ പുതിയ വെളിപ്പെടുത്തല്‍. ജയലളിതയുടെ ചികിത്സയുടെ സമയത്ത് 24 പേരെ ചികിത്സിക്കാവുന്ന ഐസിയു ഒഴിപ്പിച്ചിരുന്നുവെന്നും ആശുപത്രിയിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നുവെന്നും അപ്പോളോ ആശുപത്രിയുടെ ചെയര്‍മാന്‍ ഡോക്ടര്‍ പ്രതാപ് റെഡ്ഡി വെളിപ്പെടു.

ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 75 ദിവസം നീണ്ടുനിന്ന ചികിത്സക്കു ശേഷമാണ് ജയലളിത മരിച്ചത്. എഐഎഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെ പോലും ജയലളിതയെ കാണാന്‍ ശശികല അനുവദിച്ചില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.

ജയലളിതയെ പ്രവേശിപ്പിച്ചതോടെ ആ ഐസിയുവില്‍ നിന്ന് മറ്റെല്ലാ രോഗികളെയും വേറൊരു ഐസിയുവിലേക്ക് മാറ്റിയിരുന്നു. ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഐസിയുവില്‍ കഴിയുന്ന ജയലളിതയുടെ വീഡിയോ ശശികല വിഭാഗം പുറത്തു വിട്ടിരുന്നു.

കൊച്ചിയിൽ ലസി നിർമാണകേന്ദ്രത്തിൽ അതീവ വൃത്തിഹീനമായി കണ്ടെത്തിയ നിർമാണ ഉത്പന്നങ്ങൾ നശിപ്പിക്കാൻ ബ്രഹ്മപുരം മാലിന്യപ്ലാന്റിലേക്ക് മാറ്റി. കൊച്ചി നഗരത്തിലെ നാൽപതോളം ചില്ലറ വിൽപന സ്റ്റാളുകളിലേക്ക് ലസി എത്തിക്കുന്നത് ഇവിടെ നിന്നാണെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇതരസംസ്ഥാനക്കാരുടെ നേത്യത്വത്തിൽ പുഴുക്കൾ നുരയ്ക്കുന്ന അന്തരീക്ഷത്തിൽ ലസി ഉണ്ടാക്കുന്നത് പുറംലോകം അറിഞ്ഞത്.

ഡ്രൈ ഫ്രൂട്ട് ലസി നിർക്കാനുള്ള ഉത്പന്നങ്ങളാണ് പുഴു അരിയ്ക്കുന്ന ഈ പായ്ക്കറ്റിൽ ഉള്ളത്. ഈന്തപ്പഴത്തിനകത്ത് മുഴുവൻ പുഴുക്കൾ. നായയുടെ വിസർജ്യത്തിനൊപ്പമാണ് ചോക്ലേറ്റ് ലസിക്ക് ഉപയോഗിക്കുന്ന പൊടിയുടെ പായ്ക്കറ്റുകള്‍ കണ്ടെത്തിയത്. പിസ്ത, സ്ട്രോബറി, വാനില തുടങ്ങിയ കൊതിയൂറുന്ന ഫ്ളേവറുകൾ തൈരിൽ കലക്കി നഗരത്തിലെ ചില്ലറ ഒൗട്‌ലറ്റുകളിലേക്ക് വിൽപനയ്ക്കായി എത്തിക്കുന്നത് ഇവിടെ നിന്ന് തന്നെ. വിവിധ പേരുകളിലുള്ള ലസി വിൽപന സ്റ്റാളുകളിലേക്ക് ലസി എത്തിക്കുന്നത് ഇവിടെ നിന്ന് തന്നെയെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥിരീകരിച്ചു. പൊള്ളാച്ചിയില്‍ നിന്നെത്തിക്കുന്ന പാക്കറ്റ് പാലാണ് ലസിക്കായി ഉപയോഗിക്കുന്നത്. പാലിന്റേയും സിന്തറ്റിക് പൗഡറുകളുടേയും കൂടുതൽ സാമ്പിളുകളും പരിശോധനയ്ക്കായ് ശേഖരിച്ചു. യാതൊരു ലൈസൻസുമില്ലാതെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.

കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നഗരത്തിലെ മുഴുവൻ ലസി വിൽപന കേന്ദ്രങ്ങളിലും പരിശോധന നടത്താനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റേയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും തീരുമാനം. ലസി വിൽപനയിൽ നികുതിവെട്ടിപ്പ് നടക്കുന്നതായി ജിഎസ്ടി വിഭാഗത്തിനും വിവരം ലഭിച്ചിട്ടുണ്ട്.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ 131 കലാപക്കേസുകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. 2013ലുണ്ടായ മുസഫര്‍നഗര്‍ കലാപവും ഷംലി കലാപവുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കനൊരുങ്ങുന്നത്. 62 പേര്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ക്ക് വീടുകള്‍ നഷ്ടമാകുകയും ചെയ്ത കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത്.

കലാപങ്ങളോടനുബന്ധിച്ചുള്ള വ്യാജകേസുകളാണ് പിന്‍വലിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. കലാപത്തില്‍ പങ്കെടുത്തവര്‍ക്ക് പൊതുമാപ്പ് നല്‍കുന്നതിന് തുല്യമാണ് സര്‍ക്കാര്‍ നടപടിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

കലാപങ്ങളുമായി ബന്ധപ്പെട്ട് 1455 പേരെ പ്രതികളാകളാക്കി 503 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 131 കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം. ഇവയില്‍ പലകേസുകളിലും ചുരുങ്ങിയത് 7വര്‍ഷമെങ്കിലും തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved