India

കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടാവില്ല, സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്ന് അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല. അഴിമതിയാരോപണവും നേതാക്കളുടെ ഇടയിലെ അസംതൃപ്തിയും പരസ്യമായതോടെ കര്‍ണാടക കോണ്‍ഗ്രസിന്റെ തലപ്പത്ത് അഴിച്ചുപണികള്‍ നടക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ഇതിന്റെ ഭാഗമായാണ് ഹൈക്കമാന്‍ഡ് സുര്‍ജെവാലയെ കര്‍ണാടകയിലേക്ക് അയച്ചത് എന്നും വാര്‍ത്തകളുണ്ടായിരുന്നു. കര്‍ണാടകയിലെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അതിന്റെ ഭാഗമായി നേതൃമാറ്റം വേണ്ട എന്ന തീരുമാനത്തിലാണ് എത്തിയതെന്നും സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തിലും സുര്‍ജേവാല ഇതുതന്നെയായിരുന്നു പറഞ്ഞിരുന്നത്.

അതേസമയം സിദ്ധരാമയ്യക്കും ഡി.കെ. ശിവകുമാറിനുമിടയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത് കര്‍ണാടക കോണ്‍ഗ്രസിനെ വിള്ളലിലേക്ക് നയിക്കുമെന്നും കരുതുന്നതായി സുര്‍ജെവാല വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽതന്നെ പപരിഹരിക്കണമെന്നും അനാവശ്യ പ്രസ്താവനകൾ നടത്തരുതെന്ന് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുള്ളതായും സുർജെവാല പറഞ്ഞു.

ഹരിപ്പാട് പിതൃസഹോദരന്‍ തൂങ്ങി മരിച്ച മനോവിഷമത്തിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി.വീട്ടിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീ ശബരി (10) ആണ് മരിച്ചത്. മണ്ണാറശ്ശാല യുപിഎസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

സ്കൂൾ വിട്ട് വന്നശേഷം ശുചിമുറിയിൽ കയറിയ കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് മുത്തശ്ശൻ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങൾക്കു മുൻപ് കുട്ടിയുടെ അച്ഛന്റെ അനിയൻ ജീവനൊടുക്കിയിരുന്നു. ഇതിനു ശേഷം കുട്ടി വലിയ വിഷമത്തിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

നിരവധി ബോംബ് സ്ഫോടനക്കേസുകളിലെ സൂത്രധാരന്‍ അബൂബക്കര്‍ സിദ്ദിഖ് പോലീസ് പിടിയില്‍. കാസര്‍കോട് സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖിനെ ആന്ധ്രാപ്രദേശില്‍ നിന്ന് തമിഴ്‌നാട് പോലീസാണ് പിടികൂടിയത്. കഴിഞ്ഞ 30 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിരവധി ബോംബ് സ്‌ഫോടനക്കേസുകളുടെ സൂത്രധാരനാണ് കൊടുംഭീകരനായ അബൂബക്കര്‍ സിദ്ദിഖ്.

1995 മുതല്‍ ഒളിവില്‍ കഴിയുന്ന അബൂബക്കര്‍ സിദ്ദിഖ് കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഉണ്ടായ സ്‌ഫോടനക്കേസുകളില്‍ പ്രതിയാണ്. ആന്ധ്രാപ്രദേശിലെ അണ്ണാമയ്യ ജില്ലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു സിദ്ദിഖ്. തമിഴ്‌നാട് പോലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗമാണ് സിദ്ദിഖിനെ പിടികൂടിയത്. എന്‍ഐഎ അടക്കം അന്വേഷിച്ചുവന്നിരുന്ന കൊടുംകുറ്റവാളിയാണ് സിദ്ദിഖ്. നിര്‍ണായകമായ അറസ്റ്റാണ് ഉണ്ടായിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സിദ്ദിഖിനൊപ്പം ഉണ്ടായിരുന്ന തിരുനെല്‍വേലി സ്വദേശിയായ മുഹമ്മദ് അലി എന്ന മറ്റൊരു തീവ്രവാദിയെക്കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ വിശദമായി ചോദ്യംചെയ്ത് വരികയാണ്. 1995 മുതല്‍ തെക്കേഇന്ത്യയെ പിടിച്ചുലച്ച നിരവധി സ്‌ഫോടനക്കേസുകളുടെ സൂത്രധാരനാണ് അബൂബക്കര്‍ സിദ്ദിഖ്. കൃത്യമായ രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് പോലീസ് സംഘം ഇരുവരെയും പിടികൂടിയത്.

1995-ല്‍ ചെന്നൈയില്‍ ഹിന്ദുമുന്നണിയുടെ ഓഫീസില്‍ നടന്ന സ്‌ഫോടനം, അതേവര്‍ഷം നാഗപട്ടണത്ത് നടന്ന പാഴ്‌സല്‍ ബോംബ് സ്‌ഫോടനം. 1999-ല്‍ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ അടക്കം ഏഴ് സ്ഥലങ്ങളില്‍ ഉണ്ടായ സ്‌ഫോടനം. ചെന്നൈ എഗ്മോറില്‍ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഉണ്ടായ സ്‌ഫോടനം. 2011-ല്‍ എല്‍.കെ. അദ്വാനിയുടെ മധുരയിലെ രഥയാത്രക്കിടെ പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവം. 2012-ല്‍ വെല്ലൂരില്‍ ഡോ. അരവിന്ദ് റെഡ്ഡിയെ കൊലപ്പെടുത്തിയ സ്‌ഫോടനം. 2013-ല്‍ ബെംഗളൂരുവിലെ മല്ലേശ്വരത്ത് ബിജെപി ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടനം തുടങ്ങി നിരവധി സ്‌ഫോടനങ്ങളുടെ സൂത്രധാരനായിരുന്നു അബൂബക്കര്‍ സിദ്ദിഖ്.

യൂനുസ്, മന്‍സൂര്‍ എന്നിങ്ങനെ വിവിധപേരുകളില്‍ അറിയപ്പെടുന്ന മുഹമ്മദ് അലി 1999-ല്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഉണ്ടായ സ്‌ഫോടന പരമ്പരകളിലെ പ്രധാനപ്രതികളില്‍ ഒരാളാണ്. 26 വര്‍ഷമായി ഇയാളും ഒളിവിലായിരുന്നു. തെക്കേ ഇന്ത്യയില്‍ വര്‍ഗീയ കലാപമുണ്ടാക്കുക, ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ നിരവധി സ്‌ഫോടന പരമ്പരകളില്‍ പങ്കെടുക്കുക മാത്രമല്ല, അതിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ ചെയ്തിരുന്നു.

തമിഴ്‌നാട് ആസ്ഥാനമായിരുന്ന നിരോധിക്കപ്പെട്ട അല്‍ ഉമ്മ പോലുള്ള സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാര്‍ഡ് ചെയ്തിട്ടുണ്ട്. ഭീകരനെ ഉടന്‍ ചെന്നൈയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഭീകരവാദികളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വളരെ നിര്‍ണായകമായ വ്യക്തികളുടെ അറസ്റ്റാണ് ഉണ്ടായിരിക്കുന്നതെന്ന് ഉന്നതഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പിലൂടെ വടവാതൂര്‍ സ്വദേശിയില്‍നിന്ന്‌ ഒരുകോടി രൂപയിലധികം തട്ടിയ പ്രതി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്നു പിടിയിലായി. വിശാഖപട്ടണത്തെ ഗാന്ധിനഗര്‍ സ്വദേശിയായ നാഗേശ്വര റാവുവിന്റെ മകന്‍ രമേഷ് വെല്ലംകുള (33) ആണ് കോട്ടയം സൈബര്‍ പോലീസിന്റെ പിടിയിലായത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് ബിസിനസിലൂടെ ലാഭമുണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ച് 1.64 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

ഏപ്രില്‍ 28 മുതല്‍ മെയ് 20 വരെയുള്ള കാലവളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചെറിയ തുക നിക്ഷേപിപ്പിച്ച്, ട്രേഡിങ്ങിലൂടെ ലഭിച്ചതാണ് എന്നുപറഞ്ഞ് ചെറിയ ലാഭം കൊടുത്താണ് ഇയാള്‍ വിശ്വാസം ആര്‍ജിച്ചത്. ശേഷം, വലിയ തുകയുടെ ട്രേഡിങ്ങിലൂടെ വലിയ ലാഭം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞ് പല പ്രാവശ്യമായി, പല അക്കൗണ്ടുകളില്‍ നിന്നായി 1,64,00,141 രൂപ കൈക്കലാക്കുകയായിരുന്നു.

NUVAMA WEALTH എന്ന ട്രേഡിങ് കമ്പനിയുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച്, ഇതേ കമ്പനിയിലെ തൊഴിലാളികളുടെ പേരുകള്‍ ഉപയോഗിച്ചാണ് സംശയം തോന്നാത്ത രീതിയില്‍ തട്ടിപ്പുകാര്‍ വിശ്വാസ്യത ഉറപ്പുവരുത്തിയത്.

ഓണ്‍ലൈനില്‍ ഷെയര്‍ ട്രേഡിങ്ങിനെക്കുറിച്ച് സെര്‍ച്ച് ചെയ്ത യുവാവിന്, വാട്‌സാപ്പില്‍ കങ്കണ ശര്‍മ എന്ന പേരില്‍ ‘ഷെയര്‍ ട്രേഡിങ്ങില്‍ താല്പര്യമുണ്ടോ ഞങ്ങള്‍ സഹായിക്കാം’ എന്ന മെസേജ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവ്, NUVAMA WEALTH-നെ കുറിച്ചും അവിടുത്തെ ജീവനക്കാരെക്കുറിച്ചും അന്വേഷിച്ചു. ഇങ്ങനെ ഒരു സ്ഥാപനം നിലവിലുണ്ടെന്നും കങ്കണ ശര്‍മ എന്ന വ്യക്തി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും യുവാവിന് ബോധ്യപ്പെട്ടു.

തട്ടിപ്പുകാര്‍ വാട്‌സ്ആപ്പ് വഴി അയച്ചുകൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്ത് യുവാവ് പ്രവേശിച്ചത് തട്ടിപ്പുകാര്‍ തയ്യാറാക്കിയ വ്യാജകമ്പനിയുടെ സൈറ്റിലാണ്. തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട തുക അയച്ചുകൊടുത്ത് ട്രേഡിങ് നടത്തിയ യുവാവിന്, നിക്ഷേപിച്ച തുകയേക്കാള്‍ വലിയ തുക ലാഭമായി തന്റെ അക്കൗണ്ടില്‍ വന്നതായി ബോധ്യപ്പെട്ടു. ഈ തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ പറ്റിക്കപ്പെടുകയായിരുന്നു എന്നും പണം നഷ്ടപ്പെടുകയായിരുന്നു എന്നും യുവാവിന് ബോധ്യമായത്.

ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ഹമീദിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടയം സൈബര്‍ പോലീസ് സ്റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസര്‍ ജഗദീഷ് വി.ആര്‍., ഗ്രേഡ് എസ്‌ഐ സുരേഷ്‌കുമാര്‍ വി.എന്‍., സീനിയര്‍ സിപിഓ ശ്രീജിത്ത് കെ.വി., സിപിഓ സജിത് കുമാര്‍ ആര്‍., സിപിഓ രാഹുല്‍മോന്‍ കെ.സി. എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ വിശാഖപട്ടണത്തുനിന്നു പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഈ പോക്കു പോയാല്‍ ഓണത്തിന് മുമ്പുതന്നെ തേങ്ങാവില നൂറു കടക്കും. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറു രൂപയും. തേങ്ങാ ചില്ലറ വില 75 രൂപയില്‍നിന്ന് ഒരു മാസത്തിള്ളിലാണ് 80 കടന്ന് ഇന്നലെ 85ലെത്തിയത്.

നാളികേരത്തിന് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ അടുത്തയാഴ്ച 90 രൂപയിലെത്തിയേക്കാമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓണത്തിന് പായസവും ഉപ്പേരിയും ശര്‍ക്കരവരട്ടിയും അവിയലുമൊമൊക്കെ ഇക്കൊല്ലം കൈപൊള്ളിക്കുമെന്ന് വ്യക്തം.

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് തേങ്ങാവരവ് കുറഞ്ഞതാണ് നിലവിലെ പ്രധാന പ്രതിസന്ധി. ലക്ഷദ്വീപില്‍നിന്നും ശ്രീലങ്കയില്‍നിന്നും സര്‍ക്കാര്‍ സഹകരണ ഏജന്‍സികള്‍ നാളികേരം ഇറക്കുമതി ചെയ്യാതെ തേങ്ങാവില പിടിച്ചുനിറുത്താനാകില്ല.

വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ചൈന തേങ്ങ ഇറക്കുമതി ചെയ്യുന്നുണ്ട്.

ആന്ധ്ര, തെലുങ്കാന, ഗോവ സംസ്ഥാനങ്ങളില്‍നിന്ന് തേങ്ങായെത്തിച്ച്‌ സപ്ലൈകോ വഴി വില്‍പന നടത്തുകയാണ് നിലവിലെ പോംവഴി. നാളികേരത്തിന് ഏറ്റവും ഡിമാന്‍ഡ് വര്‍ധിക്കുന്നത് സംസ്ഥാനത്ത് ഓണം സീസണിലാണ്. തേങ്ങാക്ഷാമം ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ ഓണത്തിന് വില 125 രൂപവരെയെത്താമെന്ന് വ്യാപാരികള്‍ പറയുന്നു.

സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ഇന്ന് ചുമതലയേൽക്കും. രാവിലെ ഏഴ് മണിക്ക് പൊലീസ് ആസ്ഥാനത്തെത്തുന്ന റവാഡ ചന്ദ്രശേഖർ ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം സമർപ്പിക്കും. അതിന് ശേഷം ചുമതലയേൽക്കും. പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പൊലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറും.

ഇന്ന് പുലർച്ചെയാണ് അദ്ദേഹം ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു. എഡിജിപി എംആർ അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, എഐജി ജി.പൂങ്കുഴലി എന്നിവർ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിയുക്ത പൊലീസ് മേധാവിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് റവാഡയെ പൊലിസ് മേധാവിയായി തീരുമാനിച്ചത്. ഇന്നലെ കേന്ദ്ര സർവ്വീസിൽ നിന്നും ഒഴിഞ്ഞ റവഡാ പുലർച്ചെയാണ് തലസ്ഥാനത്ത് എത്തിയത്. ചുമതലയേറ്റെടുത്ത ശേഷം ഡിജിപി കണ്ണൂരിലേക്ക് പോകും. മുഖ്യമന്ത്രിയുടെ കണ്ണൂർ മേഖല അവലോകന യോഗത്തിൽ പങ്കെടുക്കും. കൂത്തുപറമ്പ് വെടിവയ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതിൽ വിവാദങ്ങള്‍ നിലനിൽക്കേയാണ് റവാഡയുടെ ഔദ്യോഗിക പരിപാടികൾ കണ്ണൂരിൽ നിന്നും തുടങ്ങുന്നത്.

ജൂലൈ ഒന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. വന്ദേ ഭാരത് ഉള്‍പ്പടെയുള്ള എല്ലാ ട്രെയിനുകൾക്കും വര്‍ധന ബാധകമാണ്. എസി കോച്ചുകളില്‍ കിലോമീറ്റര്‍ നിരക്ക് രണ്ടു പൈസയും സെക്കന്റ് ക്ലാസ് ടിക്കറ്റുകള്‍ക് ഒരു പൈസ വീതവും കൂടും. ഓര്‍ഡിനറി നോണ്‍ എസി ടിക്കറ്റുകള്‍ക്കു 500 കിലോമീറ്റര്‍ വരെ വര്‍ധനയില്ല .

മുമ്പ് കിലോമീറ്ററിന് പരമാവധി ഒരു പൈസയാണ് ഒറ്റത്തവണയില്‍ വര്‍ധിപ്പിച്ചിരുന്നത്. നിരക്ക് സംബന്ധിച്ച പട്ടിക റെയിവേ ബോര്‍ഡ് ഇന്ന് പുറത്തിറക്കി . എല്ലാ ചീഫ് കൊമേര്‍ഷ്യല്‍ മാനേജര്‍മാര്‍ക്കും നിരക്കുവര്‍ധന സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് റെയില്‍വേ അറിയിച്ചു. എന്നാല്‍, സബര്‍ബന്‍ ടിക്കറ്റുകളില്‍ ഇപ്പോള്‍ ടിക്കറ്റ് വര്‍ധനയില്ല. സീസണ്‍ ടിക്കറ്റുകള്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല.

എസി ക്ലാസ് 3 ടയര്‍, ചെയര്‍കാര്‍ , 2 ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവക്കാണ് 2 പൈസ വര്‍ധന. നോണ്‍ എസി, ഓര്‍ഡിനറി ട്രെയിനുകള്‍ക് അര പൈസ വീതമാണ് വര്‍ധന എന്നാല്‍ ഇത് ആദ്യ 500 കിലോമീറ്റര്‍ ടിക്കറ്റുകള്‍ക്ക് ബാധകമല്ല. 1500 മുതല്‍ 2500 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 10 രൂപ വീതവും 2501 മുതല്‍ 3000 വരെയുള്ള ടിക്കറ്റുകള്‍ക്ക് 15 രൂപയും കൂടും.

സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ക്കും ഓര്‍ഡിനറി ടിക്കറ്റുകള്‍ക്കു ഒരു കിലോമീറ്ററിന് അരപൈസ വീതമാണ് വര്‍ധിക്കുക. മെയില്‍, എക്‌സ്പ്രസ്സ് ക്ലാസ്സുകള്‍ക്ക് നോണ്‍ എസി കോച്ചുകളില്‍ ഒരു പൈസ വീതമാണ് വര്‍ധന. എന്നാല്‍, ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ഈ നിരക്ക് കൂടുതല്‍ നല്‍കേണ്ടി വരില്ലെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മര്‍ദവും വൃക്കയുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം വി.എസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എസ്.യു.ടി ആശുപത്രിയിലെത്തി പരിശോധന തുടരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23 നാണ് വി.എസിനെ പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് കഴിയുന്നത്.

പുതുക്കാട്ട് അവിവാഹിതരായ മാതാപിതാക്കള്‍ നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ആമ്പല്ലൂര്‍ ചേനക്കാല ഭവിന്‍ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപ്പറമ്പില്‍ അനീഷ (22) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭവിനും അനീഷയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഭവിന്‍ കുട്ടികളുടെ അസ്ഥികളുമായി തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. കാമുകിയായ അനീഷ പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്നുകുഴിച്ചുമൂടി എന്നാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

2021-ല്‍ ആദ്യത്തെ പ്രസവത്തിലെ കുട്ടിയെ യുവതിയുടെ വീട്ടിലും 2024-ല്‍ രണ്ടാമത്തെ കുട്ടിയെ പുതുക്കാടും കുഴിച്ചുമൂടിയെന്നായിരുന്നു ഭവിന്റെ വെളിപ്പെടുത്തല്‍. കര്‍മങ്ങള്‍ ചെയ്യാനായാണ് കുഞ്ഞുങ്ങളുടെ അസ്ഥികള്‍ സൂക്ഷിച്ചിരുന്നത് എന്നായിരുന്നു ഭവിന്റെ വെളിപ്പെടുത്തല്‍. അനീഷ ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതിനെത്തുടര്‍ന്ന് ഇരുവരും കഴിഞ്ഞദിവസം വലിയ പ്രശ്‌നമുണ്ടായി. പിന്നാലെയാണ് ഭവിന്‍ പോലീസ് സ്‌റ്റേഷനിലെത്തി വെളിപ്പെടുത്തല്‍ നടത്തിയത്.

കാമുകനോടൊപ്പം ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയും ആണ്‍ സുഹൃത്തും അറസ്റ്റില്‍.

പാലോട്ടു പള്ളി സ്വദേശികളായ മുഹമ്മദ് അഫ്‌നാസിനെയും നസ്മിനയേയുമാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്നായിരുന്നു കീച്ചേരിയിലെ പി കെ സുനീര്‍ ആത്മഹത്യ ചെയ്തത്. മാര്‍ച്ച്‌ 16നാണ് സുനീറിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ നസ്മിന കാമുകനോടൊപ്പം ഒളിച്ചോടിയത്. സുനീറിന്റെ പക്കല്‍ ഉണ്ടായിരുന്ന സ്വര്‍ണവും പണവും ഒപ്പം മക്കളേയും നസ്മിന കൊണ്ടുപോയിരുന്നു.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. സ്വർണം തിരിച്ചു നല്‍കാനും കൂടെ കൊണ്ടുപോയ മക്കളെ വിട്ടിനല്‍കാനും ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ നസ്മിന തയ്യാറായില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ നസ്മിനക്കും അഫ്‌നാസിനുമെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved