മാഞ്ചസ്റ്ററിൽ താമസിക്കുന്ന സിബിയുടെ ഭാര്യ സിജയുടെ അമ്മ കേരളത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. സാറാമ്മ എന്ന 72 വയസ്സുകാരിയായ വയോധികയാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കവർച്ചാ ശ്രമത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
കോതമംഗലം നഗരസഭയിലെ 6-ാം വാർഡായ കള്ളാടാണ് ഒരു നാടിനെ ആകെ ഞെട്ടിച്ച സംഭവം നടന്നത്. ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3. 45 ഓടെ ടീച്ചറായ മരുമകൾ ജോലി കഴിഞ്ഞ് എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായ വിവരം അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധ നേടിയ വയനാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എൻഡിഎ സ്ഥാനാർഥിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകില്ലെന്നു നിലപാടെടുത്തിരുന്ന സംസ്ഥാന അധ്യക്ഷനെത്തന്നെ കളത്തിലിറക്കി മത്സരം കടുപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതോടെ വയനാട്ടിലെ പോരാട്ടത്തിന് ചൂടേറും.
എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണൻ, കൊല്ലത്ത് നടൻ ജി.കൃഷ്ണകുമാർ, ആലത്തൂരിൽ ടി.എൻ.സരസു എന്നിവരെയും എൻഡിഎ സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എൻഡിഎക്കു സ്ഥാനാർഥികളായി. മൂന്നു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ പ്രചാരണം പൊടിപാറും.
ബിഡിജെഎസില്‍നിന്ന് ഏറ്റെടുത്ത വയനാട്ടിൽ ബിജെപിയുടെ സ്ഥാനാർഥി ആരാകുമെന്ന ചോദ്യം ശക്തമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെയും പ്രതിപക്ഷ നിരയിലെയും പ്രധാന നേതാക്കളായ രാഹുല്‍ ഗാന്ധിയും ആനി രാജയും മാറ്റുരയ്ക്കുന്നുവെന്ന സവിശേഷതയാണ് വയനാടിനുള്ളത്. ഇതിലേക്ക് ദേശീയനിരയിലെ ആരെങ്കിലും ബിജെപി സ്ഥാനാർഥിയായി എത്തുമോയെന്നായിരുന്നു പ്രധാന ആകാംക്ഷ.
എ.പി.അബ്ദുല്ലക്കുട്ടി, സന്ദീപ് വാരിയര്‍, സി.കെ.ജാനു തുടങ്ങിയ പേരുകളും നേതൃത്വം പരിഗണിച്ചു. ഒടുവിലാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ പേരിലേക്ക് എത്തിച്ചേർന്നത്. വയനാട്ടിൽ സുരേന്ദ്രന്റെ സാന്നിധ്യം, തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണു പാർട്ടി കാണുന്നതെന്ന പ്രതീതി കേരളത്തിലും പുറത്തും സൃഷ്ടിക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. നാലു മണ്ഡലങ്ങളിലും സ്ഥാനാർഥികളെ വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും ബിജെപി നേരത്തേതന്നെ പ്രചാരണം തുടങ്ങിയിരുന്നു.
ലോക്‌സഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു-വലത് മുന്നണികളെ ഞെട്ടിച്ചു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാല്‍പതിനായിരത്തോളം വോട്ട് പിടിച്ച് കരുത്ത് കാട്ടി. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ മത്സരിച്ച സുരേന്ദ്രൻ മഞ്ചേശ്വരത്ത് 67,000 ത്തോളം വോട്ട് പിടിച്ചിരുന്നു.
കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ കെ.എസ്.രാധാകൃഷ്ണൻ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. നടൻ കൂടിയായ കൊല്ലത്തെ സ്ഥാനാർഥി കൃഷ്ണകുമാര്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. ഗവ.വിക്ടോറിയ കോളജിലെ മുൻ പ്രിൻസിപ്പലാണ് ആലത്തൂരിലെ സ്ഥാനാർഥി ടി.എൻ.സരസു.
മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലി പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരുക്ക് പറ്റിയവരിൽ ഒരു മലയാളി കൂടി. തിരുവനന്തപുരം പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനാണ് റഷ്യയിൽ കുടുങ്ങിയത്. സെക്യൂരിറ്റി ജോലിക്ക് വേണ്ടിയാണ് ഡേവിഡ് റഷ്യയിലേക്ക് പോയത്.
യുദ്ധത്തിനിടയിൽ കാലിന് സാരമായി പരിക്കേറ്റ ഡേവിഡ് അവിടെ നിന്നും രക്ഷപ്പെട്ട് ഒരു പള്ളിയിലാണ് നിലവിൽ ഉള്ളതെന്നും കുടുംബം പറയുന്നു. മൂന്ന് ലക്ഷത്തി നാൽപത്തിയാറായിരം രൂപയാണ് ഡേവിഡ് ഏജന്റിന് നൽകിയതെന്നാണ് ഡേവിഡിന്റെ സഹോദരൻ കിരൺ മുത്തപ്പൻ പറഞ്ഞു .
തൃശ്ശൂർ: കേരളത്തിലെ ആദ്യകാല ചെസ്സ് പരിശീലനകേന്ദ്രങ്ങളിലൊന്നായിരുന്ന തൃശ്ശൂരിലെ ശങ്കരയ്യ റോഡിൽ ഏപ്രിൽ 28നു നടക്കുന്ന ഏകദിന സംസ്ഥാനതല സമ്മർ ചെസ്സ് ടൂർണമെന്റിനോടനുബന്ധിച്ചു തയ്യാറാക്കിയ ജേണൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പ്രകാശനം ചെയ്തു. ശങ്കരയ്യ റോഡിലെ ആദ്യകാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റിന്റെ സ്പോർട്സ് വിംഗാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.
ചെറുപ്പത്തിൽ താനുമൊരു ചെസ്സ് കളിക്കാരനായിരുന്നുവെന്നും സംഗീതത്തിന്റെ വഴിയിലേക്കു തിരഞ്ഞപ്പോഴാണു ചെസ്സിനെ കൈവിടേണ്ടി വന്നതെന്നും ഔസേപ്പച്ചൻ പറഞ്ഞു. പ്രാദേശികമായ ഇത്തരം ടൂർണമെന്റുകളാണു ചെസ്സിനെ ജനകീയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ടൂർണമെന്റ് നടത്തിപ്പിനുവേണ്ടി ഇത്തരമൊരു പുസ്തക സംരംഭം ആദ്യത്തെ സംഭവമാണെന്ന്, എസ്.എസ്.സി.ടി. ജേണൽ ഏറ്റുവാങ്ങികൊണ്ട് ചെസ്സ് അസോസിയേഷൻ കേരളയുടെ ജില്ലാ പ്രസിഡന്റ് വി. ശശീധരൻ പറഞ്ഞു.
ഔസേപ്പച്ചന്റെ വസതിയിൽവെച്ചു നടന്ന ചടങ്ങിൽ, ജേണലിന്റെ എഡിറ്ററും ട്രസ്റ്റ് ചെയർമാനുമായ സതീഷ് കളത്തിൽ, കേരളകൗമുദി ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ, ടൂർണമെന്റ് രക്ഷാധികാര സമിതി അംഗം കെ. എം. രവീന്ദ്രൻ, ചീഫ് കോർഡിനേറ്റർ ഗോകുലൻ കളപ്പുരയ്ക്കൽ, കോർഡിനേറ്റർ സാജു പുലിക്കോട്ടിൽ, സംഘാടക സമിതി ചെയർമാൻ വിനോദ് കണ്ടംകുളത്തിൽ, ട്രസ്റ്റ് വൈസ് ചെയർമാൻ കെ. ബി. സുനിൽകുമാർ, ആർബിറ്റർ പ്രസാദ് സുബ്രമണ്യൻ എന്നിവർ പങ്കെടുത്തു.
ഫിഡെ റേറ്റിങ് ബിലോ 1650, അൺറേറ്റഡ്, അണ്ടർ 15 കാറ്റഗറികളിലാണ് ടൂർണമെന്റ്. വുമൺ, വെട്രൻ, ബെസ്റ്റ് ചിൽഡ്രെൻസ് കോച്ച്, ബെസ്റ്റ് തൃശ്ശൂർ എന്നീ വിഭാഗങ്ങളിൽ എക്സലൻസ് അവാർഡുകളുമുണ്ട്. റേറ്റഡ് കാറ്റഗറിയിൽ, ഒന്നര ഗ്രാമിന്റെ ഗോൾഡ് കോയിനും കളപ്പുരയ്ക്കൽ വാസു മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയുമാണ് ചമ്പ്യൻഷിപ്പ് അവാർഡ്. റേറ്റഡിലെ സെക്കന്റ് ചമ്പ്യൻഷിപ്പിനും അൺറേറ്റഡ്, അണ്ടർ 15 കാറ്റഗറികളിലെ ചമ്പ്യൻഷിപ്പുകൾക്കുമായി ഓരോ ഗ്രാമിന്റെ ഗോൾഡ് കോയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 79 അവാർഡുകളിലായി മൊത്തം ഒരു ലക്ഷത്തി പതിനൊന്നായിരത്തിൽപരം രൂപയുടെ അവാർഡുകളാണുള്ളത്. അണ്ടർ 15 കാറ്റഗറിയിൽ അഡ്മിഷൻ ഫീ 600 രൂപയും മറ്റുള്ളവർക്ക് 700 രൂപയുമാണ്.
ഇന്റർനാഷണൽ ആർബിറ്റർ പീറ്റർ ജോസഫ് എം ചീഫ് ആർബിറ്ററായ ടൂർണമെന്റ്, മുൻ ഇന്ത്യൻ ഫുട്ബോൾതാരം ഡോ. ഐ.എം. വിജയൻ ഉദ്‌ഘാടനം ചെയ്യും. അന്താരാഷ്ട്ര കറസ്പോണ്ടൻസ് ചെസ്സ് മാസ്റ്റർ പ്രൊഫ. എൻ.ആർ. അനിൽകുമാർ സമ്മാനദാനം നിർവ്വഹിക്കും. ആദ്യകാല ചെസ്സ് കളിക്കാരായിരുന്ന ശങ്കരയ്യ റോഡിലെ എം.എൻ. ശങ്കരനാരായണൻ, സി.കെ. ശ്രീകുമാർ എന്നിവരെ ആദരിക്കും. അച്യുതമേനോൻ റോഡിൽ, കേരളവർമ്മ കോളേജ് ബസ് സ്റ്റോപ്പിന് എതിർവശത്തുള്ള ജ്യോതി കോംപ്ലക്സിലാണു ടൂർണമെന്റ് നടത്തുന്നത്. മൊബ: 7012490551, 9847946914
വാസുവിനെകുറിച്ച്, പ്രൊഫ. എൻ.ആർ. അനിൽകുമാർ തയ്യാറാക്കിയ ലേഖനം, ഏഷ്യൻ ബോഡി ബിൽഡർ താരം ഏ.പി. ജോഷിയുമായുള്ള അഭിമുഖം, ഭാസി പാങ്ങിൽ, വർഗീസ് തോമസ് ചിറ്റിലപ്പിള്ളി എന്നിവരുടെ ലേഖനങ്ങൾ, സുരേഷ് നാരായണൻ, സതീഷ് കളത്തിൽ എന്നിവരുടെ കവിതകൾ, അഭിതാ സുഭാഷിന്റെ മിനിക്കഥ എന്നിവയും ജേർണലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇങ്ങനൊരു പുസ്തകം ഇറക്കുക വഴി, നടക്കാൻ പോകുന്ന ടൂർണമെന്റിന്റെ വിവരങ്ങൾ വിശദമായി പ്രതിപാദിക്കാനും സ്പോൺസർമാരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാനും അതുവഴി ടൂർണമെന്റിനു സാമ്പത്തിക ഭദ്രതയുണ്ടാക്കാനും സാധിക്കുമെന്ന് ജേർണലിന്റെ എഡിറ്റർ സതീഷ് കളത്തിൽ പറഞ്ഞു.
ബി. അശോക് കുമാർ ഡെപ്യൂട്ടി എഡിറ്ററും അഡ്വ. പി.കെ. സജീവ് മാനേജിങ്ങ് എഡിറ്ററുമായ ജേണലിന്റെ ഡിസൈൻ നവിൻകൃഷ്ണയും ലേ ഔട്ട് അഖിൽകൃഷ്ണയുമാണു ചെയ്തിരിക്കുന്നത്.
കെസിബിസി പ്രോ-ലൈഫ് സമിതിയുടെ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ പേരിലുള്ള പ്രോ-ലൈഫ് മാധ്യമ പുരസ്കാരം ദീപിക കോട്ടയം ന്യൂസ് എഡിറ്റര്‍ ജോണ്സണ് വേങ്ങത്തടത്തിനും സിസ്റ്റര്‍ ഡോ. മേരി മാര്‍സലസിന്റെ പേരിലുള്ള ആതുരസേവന അവാര്‍ഡ് എഫ്സിസി സന്യാസിനീസഭാംഗം സിസ്റ്റര്‍ മേരി ജോര്‍ജിനും ജേക്കബ് മാത്യു പള്ളിവാതുക്കലിന്റെ പേരിലുള്ള ആതുരശുശ്രൂഷാ അവാര്‍ഡ് ബ്രദര്‍ ടോമി ദിവ്യരക്ഷാലയത്തിനും സമ്മാനിച്ചു.
തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ നടന്ന കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി ദിനാഘോഷത്തോടനുബന്ധിച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അറിയിച്ചു.
പ്രോ-ലൈഫ് രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച കേരളത്തിലെ വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും കുടുംബങ്ങളെയും ചടങ്ങില്‍ ആദരിച്ചു. അര്‍ഹരായ വലിയ കുടുംബങ്ങള്‍ക്ക് ഹോളി ഫാമിലി എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. പൊതുസമ്മേളനത്തില്‍ കെസിബിസി ഫാമിലി കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിച്ചു. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്‌ഘാടനം ചെയ്തു.
അതിരമ്പുഴ കോട്ടയ്ക്കുപുറം പരേതരായ തോമസ് ജോസഫിന്റെയും കുട്ടിയമ്മയുടെയും മകനാണ് പ്രോ-ലൈഫ് മാധ്യമ പുരസ്കാരം നേടിയ ജോൺസൺ വേങ്ങത്തടം.
ഭാര്യ: ഷൈബി ഏബ്രാഹം (അധ്യാപിക, സെന്റ് തോമസ് ഹൈസ്കൂള്‍ തുടങ്ങനാട്). മക്കള്‍: ജോര്‍ഡി ജോണ്‍സ് (മൂലമറ്റം സെന്റ് ജോസഫ് കോളജ് വിദ്യാർഥി), ആന്‍ മരിയ ജോണ്‍സ്, ലിസ് മരിയ ജോണ്‍സ് (ഇരുവരും തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍).
സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത് വിവാഹ തട്ടിപ്പുവീരൻ.
വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വയനാട് വൈത്തിരി ചുണ്ടയില്‍ എസ്റ്റേറ്റ് വലിയ പീടിയേക്കല്‍ വി പി ജംഷീറാണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാമിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് പ്രണയം നടിച്ച് സ്വർണം മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവ്. എഞ്ചിനീയറെന്ന് പറഞ്ഞാണ് ഒൻപതാം ക്ലാസ് വിദ്യാഭ്യാസമുള്ള ജംഷീർ ഇൻസ്റ്റഗ്രാമില്‍ പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്.
പ്രണയം നടിച്ച് പെണ്‍കുട്ടികളെ വീട്ടില്‍ നിന്നിറക്കി കൊണ്ടുവന്ന് ഇവരുടെ കൈവശമുള്ള സ്വർണം കൈവശപ്പെടുത്തി ആർഭാട ജീവിതം നടത്തുകയാണ് ജംഷീറിന്റെ രീതി. പണം തീരുന്നതോടെ ഇവരെ ഒഴിവാക്കും.
വൈത്തിരി , പെരിന്തല്‍മണ്ണ, എറണാകുളം നോർത്ത്, വെള്ളയില്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണമടക്കം കേസുള്ളതായി വാഴക്കോട് പൊലീസ് അറിയിച്ചു. ഇയാള്‍ വിവാഹിതനാണ്. ഇൻസ്പെക്ടർ കെ. രാജൻ ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
കത്തുന്ന മീനവെയിലിൽ ചൂട് സഹിക്കാവുന്നതിനും അപ്പുറത്തേക്ക്. അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാൽ സൂര്യാതപം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
നിർജലീകരണ സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ചൂടുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി. സൂര്യാതപത്തിലൂടെ വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും അബോധാവസ്ഥയും ഉണ്ടായാൽ ഉടൻതന്നെ ഡോക്ടറുടെ സേവനം തേടണം.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
പൊള്ളിയഭാഗത്തെ കുമിളകൾ പൊട്ടിക്കരുത്.
ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ്. തുടങ്ങിയവ ധാരാളമായി കുടിക്കണം. വിശ്രമിച്ചശേഷവും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സതേടണം.
കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർത്ത് കുട്ടികളിൽ ചൂടുകുരു (ഹീറ്റ് റാഷ്) കാണാറുണ്ട്. ഈ അവസരത്തിൽ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.
യാത്രാവേളകളിൽ കുട ഉപയോഗിക്കുകയും നിർജലീകരണം തടയാനായി കൈയിൽ എപ്പോഴും വെള്ളം കരുതുകയും വേണം.
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
കട്ടികുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയുള്ള സമയം നേരിട്ടുള്ള വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗം ഉള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടണം. ക്ഷീണമോ സൂര്യാതപം ഏറ്റതായി തോന്നുകയോ ചെയ്താൽ തണലിൽ മാറിയിരുന്ന് വിശ്രമിക്കണം.
കുട്ടികളെ വെയിലത്ത് കളിക്കാൻ വിടുകയോ വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഇരുത്തിയിട്ട് പോകുകയോ ചെയ്യരുത്.
കടകളിൽനിന്നും പാതയോരങ്ങളിൽനിന്നും ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ ഉണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തണം.
വീട്ടിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ ഉണ്ടാക്കിയതാണെന്നും ഉറപ്പാക്കണം.
ഇടയ്ക്കിടെ വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
ശരീരത്തിൽ ജലാംശം നിലനിർത്താനായി ചൂടുകാലത്ത് കൂടുതലായി പഴങ്ങളും സാലഡുകളും കഴിക്കാം.
ശരീരശോഷണം, ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടുംമഞ്ഞനിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ. കൂടുതൽ സമയം വെയിലത്ത് ജോലിചെയ്യുമ്പോൾ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങളിൽ സൂര്യാതപമേറ്റ് ചുവന്നുതടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യും.
ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‍രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി വ്യാഴാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ കെജ്‍രിവാളിന്റെ വീട്ടില്‍ 12 അംഗ ഇ.ഡി സംഘം സെര്‍ച്ച് വാറണ്ടുമായെത്തിയിരുന്നു.
കെജ്‍രിവാളിന് അറസ്റ്റില്‍നിന്നും ഇടക്കാല സംരക്ഷണം നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ വസതിയില്‍ ഇ.ഡി സംഘമെത്തിയത്. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.
ഇ.ഡി തുടര്‍ച്ചയായി അയക്കുന്ന സമന്‍സുകള്‍ക്ക് എതിരെയാണ് കെജ്‍രിവാള്‍ കോടതിയെ സമീപിച്ചിരുന്നത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റും മനോജ് ജെയിനും അടങ്ങുന്ന ബെഞ്ച് അദ്ദേഹത്തിന്റെ ഹര്‍ജി ഏപ്രില്‍ 22 ന് വാദം കേള്‍ക്കുമെന്നും അറിയിച്ചിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒമ്പത് സമന്‍സുകളാണ് ഇ.ഡി. ഇതുവരെ അയച്ചത്. എന്നാല്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.
ഞായറാഴ്ചയാണ് ഇ.ഡി. ഒമ്പതാമത്തെ സമന്‍സ് അയച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത കെജ്‍രിവാളിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി. കോടതിയെ സമീപിച്ചത്. ഡല്‍ഹി മദ്യനയ കേസിന്റെ കുറ്റപത്രത്തില്‍ പലതവണ കെജ്‍രിവാളിന്റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് ഇ.ഡിയുടെ വാദം.
2021-22-ലെ മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികള്‍ കെജ്‍രിവാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും ഇ.ഡി. പറയുന്നു. കേസുമായി ബന്ധപ്പെട്ട് എ.എ.പി. നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍, ചില മദ്യവ്യവസായികള്‍ എന്നിവരെ ഇ.ഡി. നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
തെലങ്കാനയിലെ ബി.ആര്‍.എസ്. നേതാവ് കെ. കവിതയേയും കഴിഞ്ഞയാഴ്ച ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. കെജ്‍രിവാളും സിസോദിയയും ഉള്‍പ്പെടെയുള്ള എ.എ.പി. നേതാക്കളുമായി ചേര്‍ന്ന് കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇ.ഡി. പറയുന്നത്.
യുവതിയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെ തുടർന്നാണു സംഭവം. വടക്കൻ പറവൂർ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ (64) ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു (34) വിനെ കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം.
തന്റെ ഭാര്യയും പിതാവും തമ്മിൽ വഴക്കു പതിവായിരുന്നെന്നു ഷാനുവിന്റെ ഭർത്താവ് സിനോജ് പറഞ്ഞു. ഭക്ഷണകാര്യങ്ങളെച്ചൊല്ലി ആറു മാസം മുൻപു വഴക്ക് രൂക്ഷമായെന്നും ഇതിനുശേഷം പിതാവിനോടു ഷാനു സംസാരിക്കാറില്ലെന്നും സിനോജ് പറഞ്ഞു. ഫാക്ടിലെ കരാർ ജീവനക്കാരനാണു സിനോജ്. രാവിലെ ജോലിക്കുപോയ ശേഷം എട്ടു മണിക്ക് ഷാനുവിനെ വിളിച്ചിരുന്നെന്നും അപ്പോൾ പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും സിനോജ് പറഞ്ഞു.
പിതാവുമായി യോജിച്ചു പോകാൻ കഴിയാത്തതിനെ തുടർന്ന് സിനോജിന്റെ സഹോദരൻ കൊടുങ്ങല്ലൂർ കോട്ടപ്പുറത്താണു താമസം. ഇവരുടെ മാതാവ് രണ്ട് ദിവസം മുൻപ് സഹോദരന്റെ വീട്ടിലായിരുന്നു. സിനോജിന്റെയും ഷാനുവിന്റെയും എൽകെജിയിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്കൂളിൽപോയശേഷം ഷാനു വീട്ടിൽ ഒറ്റക്കുള്ളപ്പോഴായിരുന്നു സെബാസ്റ്റ്യന്റെ ആക്രമണം. തുടർന്ന് ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചശേഷം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തും.
പ്രിയ വർഗീസ് ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിലെ റാങ്കുകാർക്ക് കേസിന് പോകാതിരിക്കാൻ ഉന്നതപദവികൾ നൽകിയെന്ന് ആരോപണം. കേസിലെ ഹർജിക്കാരനായ ജോസഫ് സ്കറിയ ആണ് ആരോപണം ഉന്നയിച്ചുകൊണ്ടുള്ള സത്യവാങ്‌മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
പട്ടികയിൽ മൂന്നാം റാങ്കുകാരനായിരുന്ന സി. ഗണേശനും നാലാം റാങ്കുകാരനായിരുന്ന പി.പി. പ്രകാശനുമാണ് ഉന്നതപദവികൾ നൽകിയത് എന്നാണ് ആരോപണം. ഇരുവരും പ്രിയ വർഗീസിന്റെ നിയമനം നിയമപരമായി ചോദ്യം ചെയ്യാൻ ആലോചിച്ചിരുന്നുവെന്ന് അക്കാദമിക ലോകത്തുള്ള പലർക്കും അറിയാമായിരുന്നുവെന്നും ജോസഫ് സ്കറിയ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.
കേരളത്തിലെ മറ്റൊരു സർവ്വകലാശാലയിലെ പരീക്ഷ കമ്മിഷണർ ആയാണ് സി. ഗണേശന് നിയമനം നൽകിയെന്നാണ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരിക്കുന്നത്. ഈ പദവി സർവ്വകലാശാല പ്രൊഫസർ പദവിക്ക് തുല്യമാണെന്നും ജോസഫ് സ്കറിയ ചൂണ്ടിക്കാട്ടുന്നു. നാലാം റാങ്കുകാരനായ പി.പി. പ്രകാശനെ പി.എസ്.സി. അംഗമാക്കി. ഈ പദവി സംസ്ഥാന ചീഫ് സെക്രട്ടറിയുടെ റാങ്കിന് തുല്യമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മറ്റൊരു സർവ്വകലാശാലയുടെ പ്രൊഫസർ തസ്തികയിലേക്ക് നടന്ന അഭിമുഖത്തിൽ താൻ പങ്കെടുത്തിരുന്നു. 2022 ജനുവരിയിൽ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറായെങ്കിലും ഇതുവരെയും അത് പ്രസിദ്ധീകരിച്ചിട്ടില്ല. പ്രിയ വർഗീസിനെതിരെ കേസ് നടത്തുന്നതിനാലാണ് ഇത്തരം ഒരു നടപടിയെന്നും ജോസഫ് സ്‌കറിയ സത്യവാങ്മൂലത്തിലൂടെ ആരോപിക്കുന്നു.
അഭിഭാഷകൻ അതുൽ ശങ്കർ വിനോദ് ആണ് ജോസഫ് സ്‌കറിയയുടെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.