കൈകൾ കെട്ടിയിട്ട് ഏഴ് കിലോമീറ്ററോളം ആഴമേറിയ വേമ്പനാട്ട്കായൽ നീന്തിക്കടക്കാനൊ രുങ്ങുകയാണ് പന്ത്രണ്ടുകാരനായ വിദ്യാർഥി. അതിസാഹസികമായ ഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കോഡ്സിൽ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് പെരുമ്പാവൂർ ഗ്രീൻവാലി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയായ അഭിനന്ദ് ഉമേഷ്. ഒരു വർഷം മുമ്പാണ് അഭിനന്ദ് നീന്തൽ പരിശീലനം തുടങ്ങിയത്.
ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലിൽ മികച്ച പ്രകടനം കാഴ്ചവച്ചുതുടങ്ങിയ അഭിനന്ദിനെ കൂടുതൽ ഉന്നതിയിലെത്തിക്കണമെന്ന് പരിശീലകനും വേൾഡ് റെക്കോഡ് വിന്നറുമായ ബിജു തങ്കപ്പന് ആശയുദിച്ചത് .
മാതാപിതാക്കളായ പെരുമ്പാവൂർ പട്ടാൽ ഉമേഷ് ഭവനിൽ ഉമേഷ് ഉണ്ണിക്കൃഷ്ണന്റേയും ദിവ്യ ഉമേഷിന്റെയും പിന്തുണയും കൂടിയായപ്പോൾ കാര്യങ്ങൾ എളുപ്പമായി. വളരെ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് അഭിനന്ദ് ഉമേഷ് പരിശീലനം പൂർത്തിയാക്കിയത്.
വേമ്പനാട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് അഭിനന്ദ് കൈകൾ കെട്ടി നീന്തൽ നടത്താനൊരുങ്ങുന്നത്. ഫെബ്രുവരി 10നാണ് ഈ സാഹസിക പ്രകടനം. വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ് അമ്പലക്കടവ്-വൈക്കം പ്രദേശം.
ആദ്യമായിട്ടാണ് ഏഴ് കിലോമീറ്റർ കായൽ ദൂരം ഇരുകൈകളും കെട്ടി നീന്തി റെക്കോർഡ് ഇടാൻ പോകുന്നത്. ഇതുവരെയുള്ള റെക്കോഡ് 4.5 കിലോമീറ്റർ വരെയാണ്. അഭിനന്ദിന് പിന്തുണയുമായി ഗ്രീൻവാലി സ്കൂൾ പിന്നിലുണ്ട്. ഒപ്പം സാംസ്ക്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ അനേകരും. ചലച്ചിത്ര നടന്മാരടക്കം നിരവധിപേർ നവമാധ്യമങ്ങളിലൂടെയും മറ്റും അഭിനന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.”
ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായൽ നീന്തികയറി റെക്കോർഡിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന പതിമൂന്നാമത്തെ താരമാണ് അഭിനന്ദ് ഉമേഷ്.ഇനിയും വരുന്ന രണ്ടുമാസത്തിനുള്ളിൽ പാതിനഞ്ചു റെക്കോർഡുകൾ പൂർത്തികരിച്ച് ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചത്. 2021നവംബർ മാസമാണ് അനന്ദദർശൻ തവണക്കടവ് മാർക്കറ്റിലേക്ക് നീന്തിക്കയറി റെക്കോടുകൾക്ക് തുടക്കം കുറിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ അഭിനന്ദ് ഉമേഷ് രണ്ടുമണിക്കൂർ കൊണ്ട് നീന്തിക്കടക്കുമെന്നും ഷിഹാബ് കെ സൈനു അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേരള ബഡ്ജറ്റ് അവതരിപ്പിച്ചത്. ആവശ്യമായ രീതിയിൽ കേന്ദ്രസഹായം ലഭിക്കുന്നില്ല എന്നുള്ള പരാതിയാണ് ബഡ്ജറ്റിൽ ഉടനീളം ഉള്ളത്. ഈ അവസരത്തിൽ സ്വകാര്യമേഖലയിലേക്ക് ഉറ്റുനോക്കുന്ന ഇടതുപക്ഷ സർക്കാരിൻറെ നയ വ്യതിയാനത്തിന് തുടക്കമാണ് പുതിയ ബഡ്ജറ്റ് എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ബഡ്ജറ്റ് പ്രസംഗത്തിൽ പ്രവാസി മലയാളികളിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും നിക്ഷേപം സ്വീകരിച്ച് മാത്രമേ ഇനിയും കേരളത്തിന് മുന്നോട്ടുപോകാൻ പറ്റുകയുള്ളൂ എന്ന് ധനമന്ത്രി പറയാതെ പറഞ്ഞു.
ക്ഷേമപെന്ഷന് വര്‍ധിപ്പിക്കാതെയും സ്വകാര്യ നിക്ഷേപത്തിനു വഴിതുറക്കുന്നത് ലക്ഷ്യമിട്ടും സംസ്ഥാന ബജറ്റ്. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. 3 ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വർഷത്തിൽ ലക്ഷ്യമിടുന്നു. മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റും. വിഴിഞ്ഞം ഈ വർഷം മേയ് മാസം പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനം. കേന്ദ്ര സമീപനം സമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു. കേരളത്തെ തകർക്കാൻ കഴിയില്ല. കെ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും. കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും.
സ്വകാര്യ മേഖലയെയും സ്വകാര്യ മൂലധന നിക്ഷേപത്തെയും മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതാണ് ധന മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റ്. സ്വകാര്യ മേഖലയോടുള്ള നയപരമായ ‘അയിത്തം’ ഇടതു സര്‍ക്കാരുകള്‍ നേരത്തേ തന്നെ അവസാനിപ്പിച്ചതാണെങ്കിലും, സ്വകാര്യ മേഖലയെ ഭാവികേരളത്തിന്റെ പ്രധാന മൂലധന സ്രോതസ്സായി കാണുന്ന രീതിയിലുള്ള മാറ്റത്തെ സാമ്പത്തിക രംഗത്തെ രാഷ്ട്രീയ നയംമാറ്റമായിത്തന്നെ കാണണം.
സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വൻവർധന. രണ്ടരവർഷത്തിനിടയില്‍ ലിഗംമാറ്റം നടത്തിയത് 365 പേർ. സർക്കാർസഹായവും ശസ്ത്രക്രിയാസൗകര്യങ്ങള്‍ കൂടിയതുമാണ് കാരണം.
എറണാകുളത്തെ മൂന്നു സ്വകാര്യ ആശുപത്രികളിലും കോട്ടയം സർക്കാർ മെഡിക്കല്‍ കോളേജിലുമാണ് കൂടുതല്‍ ശസ്ത്രക്രിയ നടന്നത്. കോട്ടയത്ത് രണ്ടുവർഷത്തിടയില്‍ 26 ശസ്ത്രക്രിയ നടന്നു.കൂടുതല്‍പ്പേരും പെണ്‍ലിംഗത്തിലേക്കാണ് മാറിയത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ അടുത്തിടെ ആണ്‍ലിംഗത്തിലേക്കു മാറുന്നവരുടെ എണ്ണം അല്പം കൂടിയെന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. എം. ലക്ഷ്മി പറഞ്ഞു. ലിംഗമാറ്റം നടത്തിയാലും ഇവർ ട്രാൻസ്ജെൻഡർ അല്ലാതാകുന്നില്ല. ഇവർക്ക് ശാരീരികമായ സൗകര്യമൊരുക്കലാണ് ചെയ്തുകൊടുക്കാനാകുകയെന്നും ഡോക്ടർ പറഞ്ഞു.
സംസ്ഥാനസർക്കാർ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപവരെ സഹായം നല്‍കുന്നുണ്ട്. തുടർചികിത്സയ്ക്കും പോഷകാഹാരത്തിനും സഹായം നല്‍കുന്നുണ്ട്. ട്രാൻസ്വുമണാകാനുള്ള ശസ്ത്രക്രിയക്ക് രണ്ടരലക്ഷവും ട്രാൻസ്മെൻ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷവുമാണ് നല്‍കുക.
ശസ്ത്രക്രിയയും ഹോർമോണ്‍ ചികിത്സയും കഴിഞ്ഞവർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ 25,000 രൂപയും സർക്കാർ നല്‍കുന്നുണ്ട്. സർക്കാർ ആശുപത്രികളില്‍ ഒ.പി., അത്യാഹിത വിഭാഗങ്ങളില്‍ ട്രാൻസ്ജെൻഡർ വിഭാഗങ്ങള്‍ക്ക് മുൻഗണന നല്‍കുന്നുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍ ‘സെലിബ്രറ്റി’ സാധ്യത തള്ളാതെ ഇടതുവൃത്തങ്ങള്‍. എല്‍.ഡി.എഫിനെ ചില ഘട്ടങ്ങളില്‍ മാത്രം പിന്തുണച്ച മണ്ഡലമാണ് ചാലക്കുടി. ഈ നിലക്ക് രാഷ്ട്രീയ പ്രവര്‍ത്തകനെന്നതിനപ്പുറത്ത് വിജയസാധ്യതയുള്ള മത്സരാര്‍ഥിയെ കളത്തിലിറക്കാനാണ് പാര്‍ട്ടി നീക്കമെന്നാണ് വിലയിരുത്തല്‍. ചാലക്കുടിയില്‍ നടി മഞ്ജു വാര്യരെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതായാണ് വിവരം.
2014-ലെ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷമുണ്ടായ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായിരുന്നു ഇന്നസെന്റിന്റേത്. അന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.സി. ചാക്കോയെ 13,879 വോട്ടുകള്‍ക്കാണ് ഇന്നസെന്റ് തോല്‍പ്പിച്ചത്. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ബെന്നി ബെഹനാന് 1,32,274 വോട്ടുകള്‍ക്ക് ഇന്നസെന്റിനെ തോല്‍പ്പിക്കുകയും ചെയ്തു. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയില്ലാത്ത മണ്ഡലമെന്ന നിലയ്ക്ക് ഇന്നസെന്റിനെ പോലെ സെലബ്രറ്റിയെ കളത്തിലിറക്കി ചാലക്കുടി പിടിക്കാനാണ് സാധ്യതയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയസാധ്യതകളെ അട്ടിമറിക്കാന്‍ പ്രാപ്തിയുള്ള സ്ഥാനാര്‍ഥിയെ കളത്തിലിറക്കാനാണ് പാര്‍ട്ടി നീക്കം.
മഞ്ജുവാര്യരെ കൂടാതെ ഡി.വൈ.എഫ്.ഐ. നേതാവ് ജെയ്ക് സി. തോമസ്, മുന്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, സി.ഐ.ടി.യു. നേതാവ് യു.പി. ജോസഫ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്നു യു.പി. ജോസഫ്.
തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ചാലക്കുടി ലോകസഭാ മണ്ഡലം. പുനര്‍നിര്‍ണ്ണയത്തെ തുടര്‍ന്ന് മുകുന്ദപുരം മണ്ഡലം ഇല്ലാതായതോടെ 2008 -ലാണ് ചാലക്കുടി മണ്ഡലം രൂപീകരിക്കപ്പെടുന്നത്. പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളില്‍ രണ്ട് തവണയും യു.ഡി.എഫിനൊപ്പമായിരുന്നു മണ്ഡലം.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡനത്തിരയാക്കിയെന്ന് പരാതി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. 18 പ്രതികളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.
പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ ഇതരസംസ്ഥാനക്കാരനായ ബിരുദവിദ്യാർഥി അറസ്റ്റിൽ. പെരുമ്പാവൂർ ഐരാപുരത്ത് വാടകവീട്ടിൽ താമസിക്കുന്ന മുഹമ്മദ് നബീസ് (20) ആണ് അറസ്റ്റിലായത്.
അടിമാലി മേഖലയിലുള്ള പ്ലസ്ടു സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുമായി മുഹമ്മദ് നബീസ് ഫോണിലൂടെ പരിചയപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ മറ്റാരും ഇല്ലാത്ത ദിവസം കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
പെൺകുട്ടി ഗർഭിണിയായതോടെയാണു വീട്ടുകാർ വിവരം അറിഞ്ഞത്. ബിഹാർ സ്വദേശികളായ മാതാപിതാക്കളുടെ മകനായ ഇയാൾ ഐരാപുരം കോളജിലാണു പഠിക്കുന്നത്. പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ധനമന്ത്രി കെ.എൻ.ബാലഗോപാൽ തിങ്കളാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വരുമാനം കൂട്ടുന്നതിനായിരിക്കും മുഖ്യപരിഗണന. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ സാധ്യമായ മേഖലകളിൽനിന്നെല്ലാം വരുമാനം കണ്ടെത്താനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാവും.
ക്ഷേമപെൻഷൻ അഞ്ചുമാസമായി കുടിശ്ശികയാണെങ്കിലും 100 രൂപയെങ്കിലും കൂട്ടാൻ സാധ്യതയുണ്ട്. 2500 രൂപ പെൻഷൻ നൽകുമെന്നായിരുന്നു എൽ.ഡി.എഫ്. പ്രകടനപത്രികയിൽ വാഗ്ദാനംചെയ്തത്. ഇപ്പോൾ 1600 ആണ്.
ഭൂമിയിടപാടുകൾ കുറഞ്ഞതിനാൽ ഭൂമിയുടെ ന്യായവില വർധിപ്പിക്കുന്നത് ഒഴിവാക്കിയേക്കും. ന്യായവില എല്ലാ വർഷവും അഞ്ചു ശതമാനം കൂട്ടുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യനിക്ഷേപവും ഉത്പാദനവും കാര്യമായി വർധിപ്പിക്കാനുള്ള പരിപാടിയും പ്രഖ്യാപിക്കും.
എല്ലാവരും ചേർന്ന് നാടിന്റെ വരുമാനം വർധിപ്പിച്ചാലേ ക്ഷേമപദ്ധതികളടക്കം മുന്നോട്ടുകൊണ്ടുപോകാനാവൂ എന്ന് കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇതിനുള്ള മാന്ത്രികവടികളുണ്ടാവും. വൻതോതിൽ നികുതി കൂട്ടാൻ സംസ്ഥാനത്തിനു കഴിയില്ല. ജനങ്ങൾക്കിഷ്ടപ്പെട്ട, കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ബജറ്റാവും അവതരിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ശ്വാസകോശവും ഹൃദയവും ഒരുമിച്ചു നിലച്ചതാണ് മയക്കുവെടി വച്ചു പിടികൂടിയ തണ്ണീർക്കൊമ്പന്റെ മരണകാരണം എന്ന് കർണാടക വനംവകുപ്പ്. ആനയുടെ ഇടത് തുടയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്ന് വെറ്റിനറി സർജൻ വ്യക്തമാക്കി. ബന്ധിപ്പൂർ രാമപുരയിലെ ആന ക്യാമ്പിലായിരുന്നു തണ്ണീർക്കൊമ്പന്റെ പോസ്റ്റ്മോർട്ടം നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്ന് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡെ അറിയിച്ചു.
വയനാട് മാനന്തവാടിയെ വിറപ്പിച്ച കാട്ടാന തണ്ണീർക്കൊമ്പൻ ഇന്ന് രാവിലെയാണ് ചരിഞ്ഞത്. ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിൽ വച്ചായിരുന്നു ആന ചരിഞ്ഞതെന്ന് കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഇന്നലെ 5.35 ഓടെയാണ് ആനയെ മയക്കുവെടി വെച്ചത്. 6.20ന് ആദ്യ ബൂസ്റ്റർ നല്കി. പിന്നാലെ ആനയുടെ കാലില്‍ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന് അടുത്തേക്ക് എത്തിച്ചു. രത്രി 10 മണിയോടെയാണ് തണ്ണീർക്കൊമ്പനെ അനിമൽ ആംബുലസിലേക്ക് കയറ്റി ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലേക്ക് കൊണ്ടുപോയത്.
ചെറിയ ഇടവേളയിൽ രണ്ടുതവണ മയക്കുവെടി ദൗത്യത്തിന് ഇരയായ ആനയാണ് തണ്ണീർക്കൊമ്പൻ. ആളും ബഹളവും കൂടിയത് ആനയെ ഭയപ്പെടുത്തിയിരിക്കാമെന്നാണ് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡെ പറയുന്നത്. ആനയുടെ ശരീരത്തിൽ കണ്ടെത്തിയ പഴക്കമുള്ള മുറിവിൽ നിന്ന് പഴുപ്പ് മട്ടിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു.
ആൾക്കൂട്ടത്തിനിടയിൽ ഏറെ നേരം നിന്നതും, ദൗത്യം നീണ്ടതും ആനയ്ക്ക് സമ്മർദം കൂട്ടിയെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ രണ്ട് മണിയോടെ രാമപുരത്തെ ക്യാമ്പിൽ എത്തിച്ചപ്പോൾ, ആന കുഴഞ്ഞ് വീഴുകയായിരുന്നു. രാമാപുരത്ത് കേരള – കർണാടക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ആനയുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കകം പുറത്തുവരും.
യുഎസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. 19കാരനായ ശ്രേയസ് റെഡ്ഡി ബെനിഗര്‍ ആണ് മരിച്ചത്. ഒഹായോയിലെ ലിന്‍ഡര്‍ സ്കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥിയായിരുന്നു.സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഈ വര്‍ഷം ഇത് നാലാമത്തെയും ഒരാഴ്ചക്കിടെ മൂന്നാമത്തെയും സംഭവമാണിത്.
ശ്രേയസിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും ബെനിഗറിന്റെ മരണകാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ മിഷന് അറിയിച്ചു.സംഭവത്തില്‍ എന്തെങ്കിലും ദുരൂഹത ഉള്ളതായി കരുതുന്നില്ലെന്ന് അധികൃതര്‍ പ്രതികരിച്ചു. സംഭവത്തിന് പിന്നില്‍ ഏതെങ്കിലും വിധത്തിലുള്ള വിദ്വേഷ സാധ്യത സംശയിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഒഹായോയിലെ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ശ്രേയസ് റെഡ്ഡി ബെനിഗറിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. ഈ ഘട്ടത്തില്‍, ഏതെങ്കിലും തരത്തിലുള്ള ദുരൂഹത സംശയിക്കുന്നില്ല. കോണ്‍സുലേറ്റ് ശ്രേയസിന്റെ കുടുംബവുമായുള്ള സമ്ബര്‍ക്കം തുടരുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്യുന്നു,’ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം യുഎസിലെ പര്‍ഡ്യൂ സര്‍വകലാശാലയില്‍ നിന്ന് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്ബ്, ജോര്‍ജിയയിലെ ലിത്തോണിയയിലെ ഒരു കടയ്ക്കുള്ളില്‍വെച്ച് അക്രമിയുടെ അടിയേറ്റ് മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ഥിയും കൊല്ലപ്പെട്ടിരുന്നു.
സസ്പെന്‍സുകള്‍ക്ക് ഒടുവില്‍ തമിഴ് സൂപ്പര്‍ താരം വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴക്കം എന്നാണ് പാര്‍ട്ടിയുടെ പേര്. ലോക്സഭാ തെരെഞ്ഞടുപ്പിന് തൊട്ടുമുന്‍പായാണ് വിജയ് യുടെ ആരാധന സംഘടനയായ വിജയ് മക്കള്‍ ഇയക്കം പാര്‍ട്ടി രൂപീകരിച്ചത്.
വിജയ് തന്നെ തന്റെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് വാര്‍ത്താക്കുറിപ്പ് പങ്കുവെച്ചത്. വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയത്. തെരെഞ്ഞടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് പാര്‍ട്ടിയുടെ പേരും മറ്റും വിവരങ്ങളും പുറത്തുവിട്ടത്.
കൂടാതെ ഈ മാസം ആദ്യ ആഴ്ച തന്നെ പാര്‍ട്ടിയുടെ ഔദ്യോഗിക പതാകയും പുറത്തിറക്കും. തമിഴ്നാട്ടില്‍ വന്‍ ആരാധക വൃന്ദമുളള താരമാണ് വിജയ്. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിലും താരത്തിന്റെ ആരാധന സംഘടനയായ വിജയ് മക്കള്‍ ഇയക്കം പങ്കെടുക്കാറുണ്ട്.
”രാഷ്ട്രീയം എനിക്ക് മറ്റൊരു കരിയര്‍ മാത്രമല്ല. അതൊരു പവിത്രമായ ജനങ്ങളുടെ പ്രവൃത്തിയാണ്. വളരെക്കാലമായി ഞാന്‍ അതിനായി സ്വയം തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം എനിക്കൊരു ഹോബിയല്ല. അതാണ് എന്റെ അഗാധമായ ആഗ്രഹം. അതില്‍ പൂര്‍ണ്ണമായി ഇടപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിജയ് പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ മുന്നോടിയായിട്ടുളള പ്രവര്‍ത്തനമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു. തൂത്തുക്കുടി സന്ദര്‍ശനത്തിനുശേഷം തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറിന്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കം വിവിധ രാഷ്ട്രീയ പരിപാടികളില്‍ സജീവമാണ്. കൂടാതെ തമിഴ്നാട് തദ്ദേശ തെരെഞ്ഞടുപ്പിലും ഈ സംഘടന മത്സരിച്ചിരുന്നു.