India

മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ്‌ ചെയർമാനും യോഗത്തിൽ പങ്കെടുക്കും.

കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോ​ഗത്തില്‍ ചർച്ച ചെയ്യും. നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലാകും ചർച്ച.

അതേസമയം പ്രശ്നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്.

ഇക്കാര്യം ഉന്നയിച്ചു വി ഡി സതീശൻ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും. മുനമ്പം പ്രശ്നം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ജനപ്രതിനിധികളെ പിടിച്ചു നിർത്തി ചോദ്യം ചെയ്യണം. ജനങ്ങളുടെ വിഷയത്തിൽ ഇടപെടാത്തവരോട് രാജി വെച്ച് പോകാൻ പറയണമെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു.

സാങ്കേതിക തടസങ്ങള്‍ പരിഹരിച്ചാല്‍ കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ തയ്യാറെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കവേയാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ റെയില്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ ചില തടസങ്ങളുണ്ട്. അവ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനമെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയത്. വൈകാന്‍ കാരണം കേന്ദ്ര അനുമതി ലഭിക്കാത്തതാണെന്നും അദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച് റെയില്‍വേ മന്ത്രിയുടെ പ്രഖ്യാപനം.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായല്ല കേന്ദ്രമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. റെയില്‍വേ പദ്ധതികളുടെ വിലയിരുത്തല്‍ നടത്തിയ ശേഷം നടത്തിയ അഭിസംബോധനയിലാണ് കെ റെയില്‍ അടഞ്ഞ അധ്യായമല്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.

മൂന്ന് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത ഷൊർണൂർ ട്രെയിൻ അപകടത്തിൽ റെയിൽവെയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്ന് പാലക്കാട് റയിൽവേ ഡിവിഷൻ. ശുചീകരണ തൊഴിലാളികൾ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നും റെയിൽവെ കുറ്റപ്പെടുത്തി.

ട്രാക്കിലൂടെ നടക്കുന്നതിന് മുമ്പ് ആർപിഎഫിൻ്റെ അനുമതി വാങ്ങിയില്ലെന്നും തൊഴിലാളികൾ നടന്ന പാളത്തിൽ ട്രയിനുകൾക്ക് വേഗ പരിധിയില്ലെന്നും റെയിൽവെ പറയുന്നു.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ കരാറുകാരന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി ശുചീകരണ കരാർ തന്നെ റെയിൽവെ റദ്ദാക്കി. മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് 1 ലക്ഷം രൂപ വീതം റയിൽവെ നൽകുമെന്നും അറിയിച്ചു.

നല്ലിലയിൽ യുവതിയെ തീകൊളുത്തി ജീവനൊടുക്കാൻ യുവാവിന്റ ശ്രമം. ​ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. കൊല്ലം പുന്നൂർ കളയ്ക്കൽ സ്വദേശി സന്തോഷാണ് സുഹൃത്തായ പഴങ്ങാലം സ്വദേശി രാജിയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.

സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം യുവതിയുടെ ദേഹത്തും പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സ്വകാര്യ ദന്തൽ ക്ലിനിക്കിലെ ജീവനക്കാരിയാണ് രാജി. ഉച്ചയ്ക്ക് രാജിയെ ക്ലിനിക്കിൽ നിന്ന് വിളിച്ചിറക്കിയാണ് സന്തോഷ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. രാജിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കൈയിൽ കരുതിയെ പെട്രോൾ ഇരുവരുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നു.

ആദ്യ ഭർത്താവുമായി പിരിഞ്ഞ യുവതി സന്തോഷിനൊപ്പമാണ് താമസിക്കുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടി യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് നേരത്തെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്‍ക്കുള്ള സാധ്യത മുൻനിർത്തിയാണ് നേരത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്തേക്ക് വീശുന്ന തുലാവർഷക്കാറ്റിന്‍റെയും മാന്നാർ കടലിടുക്കൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെയും സ്വാധീന ഫലമായാണ് വീണ്ടും മഴ കനക്കുന്നത്.

നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

റെയില്‍വേ പാലത്തിന് മുകളിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഷൊര്‍ണൂരില്‍ നാല് പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള കരാര്‍ തൊഴിലാളികളായ വള്ളി, റാണി, ലക്ഷ്മണ്‍ എന്നിവരും ലക്ഷമണന്‍
എന്ന പേരുള്ള മറ്റൊരാളുമാണ് മരിച്ചത്.

ഭാരതപ്പുഴ മുറിച്ചുകടക്കുന്ന പാലത്തിന് മുകളിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് കേരള എക്സ്പ്രസ് കടന്നുവരികയായിരുന്നു. ഇവരില്‍ മൂന്നുപേരെ ട്രെയിന്‍ തട്ടുകയും ഒരാള്‍ പുഴയിലേക്ക് വീഴുകയും ചെയ്തു. തുടര്‍ന്ന് നടന്നതിരച്ചിലിലാണ് പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

തമിഴ്നാട് വിഴിപുരം സ്വദേശികളാണ് മരിച്ചവര്‍. ട്രാക്കില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ പെട്ടെന്ന് ട്രെയിന്‍ എത്തുകയായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. മൂന്ന് പേരുടെ മൃതദേഹം പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.

പത്തനംതിട്ട ഏനാദിമംഗലത്ത് വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ചു. വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചശേഷമാണ് പ്രതി മാല പൊട്ടിച്ചോടിയത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അടൂർ പൊലീസ് അന്വേഷണം തുടങ്ങി.

പട്ടാപ്പകലായിരുന്നു മോഷണം. ഏനാദിമംഗലം തോട്ടപ്പാലം സ്വദേശികളായ ബേബി – മറിയാമ്മ ദമ്പതികളാണ് മോഷണത്തിനിരയായത്. വൈദികൻ എന്ന് പരിചയപ്പെടുത്തി ഒരാൾ വീട്ടിലെത്തി. സഭയുമായി ബന്ധപ്പെട്ട ഒരു ധനസഹായം കുടുംബത്തിന് അനുവദിച്ചിട്ടുണ്ട്. അത് ലഭ്യമാകാൻ ആയിരം രൂപ നൽകാൻ ആവശ്യപ്പെട്ടു.

പണം വാങ്ങിയ ശേഷം വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചു. പിന്നാലെ മറിയാമ്മയുടെ കഴുത്തിൽ കിടന്ന ഒരു പവൻ്റെ മാലയും പൊട്ടിച്ചോടി. വിവരമറിഞ്ഞ് വാർഡ് മെമ്പർ അനൂപ് ഉടൻ സ്ഥലത്തെത്തിയെങ്കിലും മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു.

കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീത ഐഎഎസിന്റെ റിപ്പോര്‍ട്ടാണ് മന്ത്രി കെ. രാജന്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയത്.

എ.ഡി.എം കൈക്കൂലി വാങ്ങി എന്ന ആക്ഷേപത്തിന് ഒരു തെളിവുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ചേംബറിലെത്തി ‘തെറ്റുപറ്റി’യെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞുവെന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. കലക്ടര്‍ ആദ്യംനല്‍കിയ വിശദീകരണ കുറിപ്പില്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നില്ല.

ചോദ്യം ചോദിച്ച് ഉത്തരം പറയുന്ന രീതിയിലല്ല അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കലക്ടര്‍ക്ക് പറയാനുള്ളത് അദ്ദേഹം വിശദീകരണ കുറിപ്പായി എഴുതി നല്‍കുകയായിരുന്നു. ഈ വിശദീകരണ കുറിപ്പിലാണ് മേല്‍പറഞ്ഞ പരാമര്‍ശമുള്ളത്. എ.ഡി.എം കൈക്കൂലി വാങ്ങി, പെട്രോള്‍ പമ്പിന് അനുമതി വൈകിപ്പിച്ചു തുടങ്ങിയവയായിരുന്നു ആരോപണം.

എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്നും അത് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ചശേഷം ചീഫ് സെക്രട്ടറിക്ക് കൊടുത്തിട്ടുണ്ടെന്നും ഉടന്‍ അത് പരിശോധിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി കെ. രാജന്‍ ബുധനാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന വിവാദത്തില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിരുന്നത്.

2021 ലെ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി കേരളത്തിലേക്ക് കടത്തിയത് 41 കോടി രൂപയുടെ ഹവാലപ്പണമെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്.

ധര്‍മ്മരാജന്‍ എന്നയാള്‍ വഴി പണം കൊടുത്തു വിട്ടത് കര്‍ണാടകയിലെ ബിജെപി എംഎല്‍സി അടക്കമുള്ളവരാണെന്നും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് പണമെത്തിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

14.4 കോടി കര്‍ണാടകയില്‍ നിന്നും എത്തിയപ്പോള്‍, മറ്റ് ഹവാല റൂട്ടുകളിലൂടെയാണ് 27 കോടി എത്തിയത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് 7 കോടി 90 ലക്ഷം രൂപയാണ്. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ വിതരണം ചെയ്തത് 33.50 കോടി രൂപയും. പണം എത്തിയ ഹവാല റൂട്ടുകളുടെ പട്ടികയും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വി.കെ രാജു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, എം. ഗണേശന്‍, ഗിരീശന്‍ നായര്‍ എന്നിവരാണ്. എം. ഗണേശന്‍ ബിജെപി സംഘടനാ സെക്രട്ടറിയും ഗിരീശന്‍ നായര്‍ ഓഫീസ് സെക്രട്ടറിയുമാണ്.

പൊലീസിന് മുമ്പാകെ കള്ളപ്പണ ഇടപാടുകാരന്‍ ധര്‍മ്മരാജനാണ് ഈ മൊഴി നല്‍കിയത്. 2021 ല്‍ പൊലീസ് ഇ.ഡിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്.

അതേസമയം കൊടകര കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍ പറഞ്ഞു. തനിക്ക് അറിവുള്ള എല്ലാക്കാര്യങ്ങളും അന്വേഷണ സംഘത്തോട് പറയും.

നേരത്തെ നല്‍കിയ മൊഴി നേതാക്കള്‍ പറഞ്ഞു പഠിപ്പിച്ചതാണ്. ചാക്കില്‍ തിരഞ്ഞെടുപ്പ് സാമഗ്രികളാണെന്ന് മൊഴി നല്‍കാന്‍ നിര്‍ദേശിച്ചത് നേതാക്കളാണ്. ചാക്കില്‍ നിന്നും പണം എടുക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും സതീശന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിക്കാറ്റിനും അറബിക്കടലിലെ കേരള തീരത്തെ ചക്രവാതചുഴിക്ക് ശേഷം ദുര്‍ബലമായ തുലാവര്‍ഷ കാറ്റ് വരും ദിവസങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യയില്‍ സജീവമാകും.

ഇടി മിന്നലോടു കൂടിയ ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമാറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

RECENT POSTS
Copyright © . All rights reserved