India

ഓസ്‌ട്രേലിയയിൽ കാറപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി പ്ലാത്താനത്ത് ജോൺ മാത്യു (ജോജി)വിന്റെ മകൻ ജെഫിൻ (23) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ സിഡ്നിയിലായിരുന്നു അപകടം. പൊലീസ് വിവരമറിയിച്ചത് അനുസരിച്ച് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചു. ഓസ്ട്രേലിയയിൽ മാതാപിതാക്കളോടൊപ്പമാണ് ജെഫിൻ താമസിക്കുന്നത്. ഇവർ താമസിക്കുന്നതിന് 1,500 കിലോമീറ്റർ അകലെയായിരുന്നു അപകടം.

കേരളത്തെ നടുക്കിയ ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി. കുട്ടിയെ കൊന്നു തള്ളിയ ആലുവ മാർക്കറ്റ് മുതൽ തട്ടിയെടുത്ത സ്ഥലംവരെ എല്ലായിടത്തും പ്രതി കൂസലില്ലാതെ പോലീസിനോട് കൃത്യം വിവരിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും നാട്ടുകാരും ആക്രോശിച്ചുകൊണ്ട് അസ്ഫാക്കിനു നേരെ പാഞ്ഞടുത്തെങ്കിലും പോലീസ് ഇവരെ പിന്തിരിപ്പിച്ചു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും ജ്യൂസ് വാങ്ങിക്കൊടുത്ത കടയിലും പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിലേക്കാണ് പ്രതിയെ ആദ്യമെത്തിച്ചത്. മുഖം മറയ്ക്കാതെയാണ് പ്രതിയെ കൊണ്ടുവന്നത്. കഴിഞ്ഞ മാസം 28 നാണ് പ്രതി അസഫാക് ആലം അഞ്ചുവയസ്സുളള പെൺകുഞ്ഞിനെ പീഡിപ്പിച്ച്, കൊലപ്പെടുത്തിയത്. അമ്പതോളം പൊലീസുകാരുടെ കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

രോഷാകുലരായ ജനക്കൂട്ടം അസഫാകിനെ കൊണ്ടുപോകുന്നതിനൊപ്പമുണ്ടായിരുന്നു. പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഇവരെ അനുനയിപ്പിച്ചത്. ആലുവ മാർക്കറ്റിന് പുറത്തുളള കടയിലും ബിവറേജ് ഔ‍ട്ട്ലെറ്റിലും പെൺകുട്ടിയുടെ വീട്ടിലും പരിസരത്തും അസഫാകിനെ എത്തിച്ചിരുന്നു. അസഫാക് ആലം മുമ്പ് താമസിച്ചിരുന്ന ഉളിയന്നൂരിലെ വീട്ടിലുമെത്തിച്ചിരുന്നു. പെൺകുഞ്ഞിനെ അരുംകൊല നടത്തിയതിന് ശേഷം ഇയാൾ കൈകാലുകളും മുഖവും കഴുകിയ സ്ഥലത്തും തെളിവെടുപ്പ് നടത്തിയിരുന്നു.

ഏറ്റവുമധികം സമയം ചെലവഴിച്ചത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലത്തായിരുന്നു. ക്രൂരകൃത്യത്തെക്കുറിച്ച് യാതൊരു കൂസലുമില്ലാതെയാണ് പ്രതി പൊലീസുകാരോട് വിവരിച്ചത്. ഒന്നരമണിക്കൂർ സമയത്തെ തെളിവെടുപ്പിലൂടെ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം പിന്നിട്ടു കഴിഞ്ഞു. ഏറ്റവുമധികം പ്രതിഷേധമുയർന്നത് ആലുവ മാർക്കറ്റിലായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത സ്ഥലത്തും പൊലീസ് വാഹനം നിർത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

തായിക്കാട്ടുകരയിൽ മൂന്ന് സെന്ററുകളിലാണ് പ്രതിയെ എത്തിച്ചത്. പെൺകുട്ടിയുടെ വീടിന്റെ പരിസരത്തും അസഫാക് താമസിച്ച സ്ഥലത്തും കു‍ഞ്ഞിന് ജ്യൂസ് വാങ്ങിക്കൊടുത്ത കടയുമാണ് ഈ കേന്ദ്രങ്ങൾ. കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയ സ്ഥലത്ത് എത്തിയപ്പോൾ അലറിക്കരഞ്ഞ്, പൊട്ടിത്തെറിച്ചായിരുന്നു അമ്മയുടെ പ്രതികരണം. തെളിവെടുപ്പിന് എത്തിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം തന്നെ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കേൾക്കാമായിരുന്നു. രണ്ടരമണിക്കൂർ നേരം സംഭവിച്ച കാര്യങ്ങളെല്ലാം തന്നെ പൊലീസ് വളരെ വ്യക്തമായി തന്നെ പ്രതിയിൽ നിന്നും ചോദിച്ചറിഞ്ഞു. ഈ മാസം 10ന് പ്രതിയുടെ കസ്റ്റഡി അവസാനിക്കും

ജീവിച്ച കാലത്ത് ആള്‍ക്കൂട്ടത്തിനൊപ്പം മാത്രം കണ്ടിട്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും ജനപ്രവാഹം. ഒന്നര കോടിയുടെ കടം അടച്ചു തീര്‍ക്കാന്‍ വഴി കാണിച്ച് തരണമെന്ന് ആവശ്യപ്പെട്ടുള്ള സംഗീതയുടെ നിവേദനം തുടങ്ങി, കുടുംബ പ്രശ്നം തീര്‍ക്കാനും, വിദേശത്ത് ഉപരിപഠനം നടത്തുന്ന മകന് തീസിസ് പ്രോസസ് ചെയ്ത് ഇഷ്ട ജോലി ലഭിക്കാനും, പാരമ്പര്യമായി ലഭിച്ച സ്ഥലത്തെ റബര്‍ വെട്ടാനും മറ്റാവശ്യങ്ങള്‍ക്ക് പോകാനും വഴി തന്ന് സഹായിക്കാനും, ഒഇടി പരീക്ഷ പാസാകാന്‍ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടും നിരവധിയാളുകളാണ് പുതുപ്പള്ളിയിലെ കല്ലറയിലേക്ക് എത്തുന്നത്.

വലിയൊരു വിഭാഗമാളുകൾ ഉമ്മൻചാണ്ടിയെ ദൈവതുല്യനായി കൂടി കണ്ടു തുടങ്ങിയെന്ന് തോന്നിപ്പിക്കുന്നതാണ് പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയുടെ ചുറ്റും കാണുന്ന ചെറിയ പേപ്പറുകളിലെ നിവേദന കാഴ്ചകൾ. ഉമ്മൻചാണ്ടിയെ മരണത്തിനപ്പുറവും അമരനായി കാണുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ. ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ നിന്ന് മടങ്ങി 16 ദിവസങ്ങൾ പിന്നിട്ടെങ്കിലും ഒരു തീർഥയാത്ര പോലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിലേക്ക് ജനപ്രവാഹമാണ് ഇന്നും കാണാനാവുന്നത്.

ഏതാനും ദിവസങ്ങൾ മുമ്പ് വരെ നമ്മൾക്കിടയിൽ ജീവിച്ചിരുന്ന സാധാരണക്കാരനായ ഒരു മനുഷ്യൻറെ കല്ലറയ്ക്കും ചുറ്റും കാണുന്ന ഈ കാഴ്ചകൾക്ക് ഒരു തരം അസാധാരണത്വം തോന്നിയേക്കാം. ജീവിതത്തിലെ പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കുമുള്ള പരിഹാരം തേടി ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കു ചുറ്റും നിവേദനങ്ങൾ നിറയുകയാണ്. ജീവിച്ചിരുന്ന കാലത്ത് അസാധാരണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന മധ്യസ്ഥനായിരുന്നു സാധാരണക്കാർക്ക് ഉമ്മൻചാണ്ടി.

മരണത്തിനിപ്പുറം ദൈവത്തിന്റെ സ്വന്തം മധ്യസ്ഥന്റെ സ്ഥാനമാണ് സ്നേഹിക്കുന്നവരുടെ മനസിൽ ഉമ്മൻചാണ്ടിയ്ക്കെന്ന് ഈ കാഴ്ചകൾ സാക്ഷ്യം പറയാതെ പറയുന്നുണ്ട്. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പോലും ഉമ്മൻചാണ്ടിക്ക് മുന്നിൽ നടത്തിയ പ്രാർഥന കൊണ്ടെന്ന് വിശ്വസിക്കുന്നവരെ ഇന്ന് പുതുപ്പള്ളിയിൽ കാണാന്‍ കഴിയും. കൊല്ലം മാടൻ നടയിലെ വാടക വീട്ടിൽ നിന്ന് ഇത് മൂന്നാം തവണയാണ് അമ്പിളി പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രാർഥനയ്ക്ക് എത്തുന്നത്. ഇത്തവണ എത്തിയത് തനിക്ക് താമസിക്കാൻ സ്വന്തമായൊരു വീടു കിട്ടണമെന്ന അപേക്ഷ അർപ്പിക്കാനാണ്.

മുഖ്യമന്ത്രിയായിരിക്കെ മക്കളിലൊരാളുടെ ചികിൽസയ്ക്ക് ഉമ്മൻചാണ്ടിയുടെ സഹായം കിട്ടിയിട്ടുണ്ടെന്ന് അമ്പിളി പറയുന്നു. നിത്യതയിലേക്ക് മടങ്ങിയെങ്കിലും പ്രിയ നേതാവിന്റെ കല്ലറയിലെ പ്രാർഥനയ്ക്ക് ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അമ്പിളിയുള്ളത്. ഇതിനു മുമ്പ് രണ്ടു തവണയും പുതുപ്പള്ളിയിലെ കല്ലറയില്‍ എത്തി പ്രാർഥിച്ചു മടങ്ങും വഴി എടുത്ത ലോട്ടറി ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനമടിച്ചത് ഉമ്മൻചാണ്ടിയുടെ അനുഗ്രഹം കൊണ്ടാണെന്ന അമ്പിളിയുടെ വിശ്വാസം മിത്തോ സത്യമോ എന്നത് ഈ വാർത്ത കാണുന്നവരുടെ വിവേചനത്തിന് വിടുന്നു.

പ്രസവിച്ച് കിടന്ന യുവതിയെ ‘എയര്‍ എംബോളിസം’ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്ന സംഭവത്തില്‍ പ്രതി അനുഷ ശ്രമിച്ചത് ഇരയെ കൊലപ്പെടുത്തി ഭര്‍ത്താവിനെ സ്വന്തമാക്കാന്‍. എന്നാല്‍ നീക്കം പൊളിച്ചത് വ്യാജനഴ്‌സിനെ തിരിച്ചറിഞ്ഞ ജീവനക്കാരുടെ സമയോചിത ഇടപെടല്‍. പോലീസ് കസ്റ്റഡിയിലുള്ള യുവതിയെ ചോദ്യം ചെയ്യുകയാണ്.

അരുണും അനുഷയും കോളേജ് കാലഘട്ടം മുതല്‍ അടുപ്പത്തിലായിരുന്നു എന്നും മൊഴി നല്‍കിയിട്ടുണ്ട്. പ്രസവത്തിന് ശേഷം വിശ്രമിക്കുന്ന സ്‌നേഹയെ കൊലപ്പെടുത്തി ഭര്‍ത്താവായ അരുണിനെ സ്വന്തമാക്കുക ആയിരുന്നു ലക്ഷ്യം എന്നും അറസ്റ്റിലായ അനുഷ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

മുന്‍ സുഹൃത്തിനെ സ്വന്തമാക്കാന്‍ ഭാര്യയായ യുവതിയെ കൊല്ലാന്‍ ഫാര്‍മസിസ്റ്റായി മുന്‍പരിചയമുള്ള പ്രതി തെരഞ്ഞെടുത്തത് ‘എയര്‍ എംബ്ലോസിസം’ എന്ന ഗൂഡമാര്‍ഗ്ഗമായിരുന്നു. ശൂന്യമായ 120 മില്ലിയുടെ സിറിഞ്ച് ഉപയോഗിച്ച് രക്തധമനികളിലേക്ക് വായുകടത്തി വിടുന്നത് വഴി ഹൃദയാഘാതം പോലെയുള്ള കാര്യം ഉണ്ടാക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ നാലു തവണ കുത്തിയിട്ടും ഗര്‍ഭിണിയുടെ മാസത്തിലേക്ക് കുത്തിയതല്ലാതെ ഞരമ്പ് കണ്ടെത്താനായില്ല. ഇത് തന്നെയാണ് പ്രതി അനുഷ്‌ക്കയെ കുടുക്കിയതും.

റൂമിലുണ്ടായിരുന്ന യുവതിയുടെ മാതാവ് കണ്ടത് കൊണ്ടാണ് നീക്കം പരാജയപ്പെടുത്താനായത്. അനുഷ റൂമില്‍ എത്തിയത് എങ്ങിനെയാണെന്ന് അറിയില്ല. നഴ്‌സിന്റെ വേഷത്തില്‍ എത്തിയ അനുഷ ഒരു ഇഞ്ചക്ഷന്‍ കൂടിയുണ്ടെന്ന് പറഞ്ഞാണ് യുവതിയുടെ അടുത്തെത്തിയത്. ഡിസ്ചാര്‍ജ്ജ് കഴിഞ്ഞും ഇനി എന്ത് ഇഞ്ചക്ഷനാണെന്ന് മാതാവ് ചോദിച്ചെങ്കിലും മൂന്ന് തവണയോളം അനുഷ യുവതിയുടെ കയ്യില്‍ സിറിഞ്ച് കുത്തുകയുണ്ടായി.

എല്ലാം മാംസത്തിലായിരുന്നു. നാലാം തവണ കുത്തിവെയ്പ്പിനായി ഞരമ്പ് രേഖപ്പെടുത്തുമ്പോള്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടു. ഇവര്‍ ചോദ്യം ചെയ്തതോടെ സംഭവം പുറത്തായി. അനുഷയെ തിരുവല്ല പുളിക്കീഴ് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുട്ടനാടിന്റെ സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായിരുന്ന ബിജോ തോമസ് അടുവിച്ചിറ (40) വിടവാങ്ങി. ക്യാൻസർ രോഗം ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്നു. പുളിങ്കുന്നാണ് ബിജോയുടെ ജന്മദേശം. നിലവിൽ ചങ്ങനാശ്ശേരി മാമ്മൂട്ടിലാണ് താമസിക്കുന്നത്. യശ:ശരീരനായ എം.പി തോമസാണ് പിതാവ്. ഭാര്യ: അനുജാ ബിജോ. മകൾ : ബിച്ചു.

സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഇടപെട്ടിരുന്ന ബിജോ ഓൺലൈൻ മാധ്യമ രംഗത്ത് സജീവമായിരുന്നു. ബിജോയുടെ ഒട്ടേറെ പ്രാദേശിക സാമൂഹിക പ്രസക്തിയുള്ള വാർത്തകൾ മലയാളം യുകെ ന്യൂസിലൂടെ പുറത്തുവന്നിരുന്നു.

മലയാളം യുകെ ന്യൂസിന്റെ സഹയാത്രികനായിരുന്ന ബിജോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് കുടുംബത്തിൻറെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

കെ. ആര്‍. മോഹന്‍ദാസ്

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍…..

കുടമാളൂരിലെ അമ്പാടി എന്ന പൗരാണികത തുളുമ്പുന്ന വീട്ടിലെ സ്വീകരണമുറിയിലിരിക്കുമ്പോള്‍ ചെറിയ സ്പീക്കറില്‍ നിന്ന് ഒഴുകിയെത്തിയ ഈ ഗാനത്തില്‍ മനസ്സ് മെല്ലെ ലയിക്കുമ്പോള്‍ ഡോ. സി.ജി മിനിയുടെ സെക്രട്ടറിയുടെ ശബ്ദം.

‘മിനി ഡോക്ടറുടെ ഇഷ്ടഗാനമാണ്. ‘

ഇത് ഡോ. സി. ജി. മിനി. കാഴ്ചയുടെ മറുവാക്കെന്നും, പ്രകാശം പരത്തുന്ന വിരലുകളുള്ള കണ്ണിന്‍റെ കാവലാള്‍ എന്നും അറിയപ്പെടുന്ന കാഴ്ചയുടെ മാലാഖ.

തന്നെ സമീപിക്കുന്ന രോഗികളുടെ കാഴ്ച സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന കാഴ്ചയുടെ മാലാഖയായിട്ടാണ് ഡോ. സി. ജി. മിനിയെ രോഗികള്‍ കാണുന്നതില്‍ തെല്ലും അത്ഭുതമില്ല.

ജില്ലാ ഒഫ്താൽമിക് സർജനും സീനിയർ കൺസൽറ്റൻറുമായ ഡോ.സി.ജി.മിനി കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നു ജൂലൈ 31നു വിരമിച്ചു. 27 വർഷത്തെ സേവനത്തിനിടയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തിമിരശസ്ത്രക്രീയകള്‍ നടത്തിയ ഡോക്ടര്‍ എന്ന റിക്കാര്‍ഡ് സ്വന്തമാക്കിയാണ് മിനി ഡോക്ടര്‍ പടിയിറങ്ങുന്നത്. 32,480 ശസ്ത്രക്രി യകൾ പൂർത്തിയാക്കിയ അപൂര്‍വ്വ നേട്ടത്തിന് ആരോ ഗ്യ വകുപ്പ് പ്രത്യേക പുരസ്കാ രം നൽകി ആദരിച്ചു.

അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 1996ൽ പ്രാക്ടീസ് ആരംഭിച്ചാണ് ഡോ.സി.ജി. മിനിയുടെ തുടക്കം.

തുടർന്ന് ഒന്നര വർഷം വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചു.1998 മുതൽ കോ ട്ടയം ജനറൽ ആശുപത്രിയിലാണ്. പാലാ ആണ്ടൂർ ചെറുവള്ളിൽ കെ.ഗോപാലകൃഷ്ണ ന്റെയും (റിട്ട. ജില്ലാ ഡെയറി ഓഫിസർ). കെ. പത്മാവതിയമ്മയുടെയും മകളാണ്. ഭർത്താവ് : കുടമാളൂർ അമ്പാടി ചന്ദ്രത്തിൽ ഡോ. ആർ.സജിത്കുമാർ ( കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ).
മക്കൾ : ഡോ.എം.മാലതി ( ലണ്ടൻ ), ഡോ.അശ്വതി നായർ. ( മെഡിക്കൽ പിജി വിദ്യാർത്ഥിനി, കോട്ടയം മെഡിക്കൽ കോളജ് ).

പിഎഫ്‌ഐയുടെ കേരളത്തിലെ ഏറ്റവും വലിയ ആയുധ പരിശീലന കേന്ദ്രം; ‘ഗ്രീൻ വാലി അക്കാദമിയ്‌ക്ക്’ പൂട്ടിട്ട് എൻഐഎ.നിരോധിത ഭീകര സംഘടനയായ പിഎഫ്‌ഐയുടെ കേരളത്തിലെ ആയുധ പരിശീലനകേന്ദ്രം കണ്ടുകെട്ടി എൻഐഎ. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ആയുധ പരിശീലന കേന്ദ്രങ്ങളിലൊന്നായ മഞ്ചേരിയിലെ കേന്ദ്രമാണ് കണ്ടുകെട്ടിയതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.മഞ്ചേരിയിൽ പത്ത് ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമായ ഗ്രീൻ വാലി അക്കാദമി എന്നറിയപ്പെടുന്ന കേന്ദ്രമാണ് കണ്ടുകെട്ടിയത്. ഈ കെട്ടിടം ആദ്യം പിഎഫ്‌ഐയിൽ ലയിച്ച നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ടിന്റെ കേഡറുകൾ ഉപയോഗിച്ചിരുന്നതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകൾക്കായി പിഎഫ്‌ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമായി.

കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം നിരവധി ഭീകരരുടെ ‘സർവീസ് വിംഗ്’ ആയും ഒളിത്താവളമായും ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ മറവിലും ഈ കെട്ടിടം പ്രവർത്തിച്ചിരുന്നു. കേരളത്തിൽ ആറാമത്തെ പിഎഫ്‌ഐ ആയുധ പരിശീലന കേന്ദ്രവും സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് യുഎ(പി) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം എൻഐഎ കണ്ടുകെട്ടിയത്.മലബാർ ഹൗസ്, പെരിയാർവാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ് എന്നിങ്ങനെ കേരളത്തിലെ മറ്റ് അഞ്ച് പിഎഫ്‌ഐ പരിശീലന കേന്ദ്രങ്ങൾക്കെതിരെ എൻഐഎ നേരത്തെ നടപടിയെടുത്തിരുന്നു. ആയുധങ്ങളും ശാരീരിക പരിശീലനവും സംഘടിപ്പിക്കുന്നതിനും പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കുന്നതിനും വിവിധ ക്രിമിനൽ, ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഭീകരർ ഉപയോഗിച്ചിരുന്ന 12 ഓഫീസുകളും കണ്ടുകെട്ടിയിരുന്നു. സംഘടനാ നേതാക്കൾ ചാരിറ്റബിൾ, വിദ്യാഭ്യാസ ട്രസ്റ്റുകളുടെ മറവിൽ ഇത്തരം പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നു.

പി എഫ് ഐ എല്ലാം കേന്ദ്രങ്ങളെയും അടിച്ചൊതുക്കാൻ ഉള്ള നീക്കങ്ങൾ NIA തുടങ്ങീട് കാലങ്ങളായി…ഈ പറയുന്ന മഞ്ചേരി ഗ്രീൻവാലി അക്കാദമിയിൽ മുൻപും എൻഐഎ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ വര്ഷം ഒക്റ്റോബറിൽ ആയിരുന്നു  കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം പരിശോധനക്കെത്തിയത്. പോപുലർ ഫ്രണ്ടിനെതിരായ നടപടിയുടെ തുടർച്ചയായാണ് പരിശോധന. ഗ്രീൻവാലിയോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലൈബ്രറിയിലും പരിശോധന നടത്തി. സെപ്റ്റംബർ 22ന് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ നിരവധി പോപുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. എഫ്‌ഐആറിന്റെ കോപ്പിയും അറസ്റ്റ് മെമ്മോയും ഇവർക്ക് നൽകിയതായി എൻഐഎ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഇപ്പോൾ വലിയൊരു കേന്ദ്രത്തിനു തന്നെയാണ് പൂട്ട് വീണിരിക്കുന്നത്. പിഎഫ്‌ഐ അവരുടെ ‘സർവീസ് വിംഗിന്റെ’ ഭാഗമായി തങ്ങളുടെ കേഡർമാർക്ക് ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗത്തെയും പരിശോധനയെയും കുറിച്ചുള്ള പരിശീലനം എന്നിവ നൽകുന്നതിന് ഈ സ്വത്ത് ഉപയോഗിച്ചിരുന്നു.

കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം നിരവധി പിഎഫ്‌ഐ സർവീസ് വിംഗ് അംഗങ്ങൾക്ക് അഭയം നൽകാനും ഈ സൗകര്യം ഉപയോഗിച്ചു,’ എൻഐഎ പത്രക്കുറിപ്പിൽ പറഞ്ഞു.ഇതുവരെ, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) വകുപ്പുകൾ പ്രകാരം പിഎഫ്ഐയുടെ കേരളത്തിലെ 18 സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിട്ടുണ്ട്. മലബാർ ഹൗസ്, പെരിയാർവാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ് (ടെസ്റ്റ്) എന്നിവയാണ് എൻഐഎ മുമ്പ് കേരളത്തിൽ പിടിച്ചെടുത്ത മറ്റ് അഞ്ച് പിഎഫ്ഐ പരിശീലന കേന്ദ്രങ്ങൾ.‘ആയുധങ്ങളിലും ശാരീരിക പ്രവർത്തനങ്ങളിലും പരിശീലനം സംഘടിപ്പിക്കുന്നതിനും പ്രത്യയശാസ്ത്ര പ്രചാരണത്തിനും കൊലപാതകങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള വ്യായാമം സംഘടിപ്പിക്കുന്നതിന് സംഘടനയുടെ നേതൃത്വം ഇടയ്ക്കിടെ ഉപയോഗിക്കുന്ന 12 പിഎഫ്ഐ ഓഫീസുകളും അറ്റാച്ച് ചെയ്തിട്ടുണ്ട്.

സംഘടനയുടെ അംഗങ്ങളോ നേതാക്കളോ രൂപീകരിച്ച ചാരിറ്റബിൾ, എഡ്യൂക്കേഷൻ ട്രസ്റ്റുകളുടെ മറവിൽ പിഎഫ്‌ഐ ഇത്തരം നിരവധി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ടെന്ന് എൻഐഎ വെളിപ്പെടുത്തി. തീവ്രവാദവും അക്രമവുമായി ബന്ധപ്പെട്ട പരിശീലന ക്യാമ്പുകളും പ്രവർത്തനങ്ങളും നടത്തുന്നതിന് പിഎഫ്ഐ നിരവധി കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്,’ ഏജൻസി പറഞ്ഞു.ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നേതാക്കൾക്കായി എൻഐഎ വലവിരിച്ചു കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. 35 നേതാക്കളുടെ പട്ടികയിൽ 21 പേർ മലയാളികളാണ്.കേരളത്തിലെ 4 ജില്ലകളിൽനിന്നുള്ള ഇവരിൽ 2 പേർ വനിതകളാണ്. കണ്ണൂരിൽനിന്നു 16 പേരും പാലക്കാടുനിന്നു 3 പേരും കോഴിക്കോട്, എറണാകുളം ജില്ലകളിൽനിന്ന് ഓരോരുത്തരുമാണ് പട്ടികയിലുള്ളത്. പേരും പാസ്പോർട്ട് വിവരങ്ങളും ഉൾപ്പെടെയാണ് എൻഐഎ റിപ്പോർട്ട്. പിടികിട്ടാത്തവരിൽ പലരും മസ്കത്ത്, സൗദി അറേബ്യ, യുഎഇ, മലേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്കു കടന്നതായി പറയുന്നു. ചിലർ അഫ്ഗാനിസ്ഥാനിലും സിറിയയിലും കൊല്ലപ്പെട്ടവരാണെന്നും വിവരമുണ്ട്.

കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ളവരും പട്ടികയിലുണ്ട്. 2022 സെപ്റ്റംബർ 28നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിഎഫ്ഐയെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത്.പിന്നാലെ എൻഐഎ രാജ്യവ്യാപക റെയ്ഡ് നടത്തുകയും നേതാക്കളെ പിടികൂടുകയും ചെയ്തിരുന്നു.ഒന്നിനെയും വിടാതെ അരിച്ചു പെരുകുകയാണ് കേന്ദ്രം. ഒരേവതിനെയും തല പൊക്കാൻ അനുവദിക്കാതെ , രാജ്യത്തു നിന്നും ഭീകര വാദം തുടച്ചു നീക്കുകയാണ് ലക്ഷ്യവും.ഇനിയും രാജ്യ വ്യാപകമായി തന്നെ പലയിടത്തും അന്വേഷങ്ങൾ നടക്കുകയാണ്. ഇനിയും ഇത് പോലെയുള്ള കണ്ടെത്തലുകൾ NIA യുടെ ഭാഗത്തു നിന്നും ഉടനടി തന്നെ പ്രതീക്ഷിക്കാം.

കോഴിക്കോട്∙ മുന്നറിയിപ്പില്ലാതെ മെഡിക്കൽ ബോർഡ് യോഗം മാറ്റി വച്ച നടപടിയിൽ പ്രതിഷേധവുമായി ഹർഷിന. ‘‘ഇത്രയും വർഷമായി സഹിച്ചുകൊണ്ടിരിക്കുകയാണ്, ഇനിയെനിക്കു വയ്യ. എത്രയും പെട്ടെന്ന് നീതി നടപ്പാക്കണം’’ – വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഇരയായ ഹർഷിന പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളോടു പറഞ്ഞു. ഇന്നു ചേരാനിരുന്ന മെഡിക്കൽ ബോർഡ് യോഗം മുന്നറിയിപ്പില്ലാതെ മാറ്റിവച്ചതിൽ പ്രതിഷേധിച്ച് ഹർഷിന കോഴിക്കോട് ഡിഎംഒ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റേഡിയോളജിസ്റ്റിനെ കിട്ടാത്തതിനാലാണ് യോഗം മാറ്റിവച്ചത്.

‘‘മെഡിക്കൽ ബോർഡ് ഇനി എന്ന് ചേരുമെന്നൊരു തീയതി അവർ പറഞ്ഞില്ല. അഞ്ചാം തീയതിയെന്നു പറഞ്ഞു… എന്നാൽ എന്നു ചേർന്നാലും എട്ടാം തീയതി വൈകുന്നേരം അഞ്ചുമണിക്കുമുൻപ് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കോഴിക്കോട് ഡിഎംഒ ഉറപ്പ് നൽകിയിട്ടുണ്ട്. ഇക്കാരണത്താലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. റിപ്പോർട്ട് പൊലീസിനും ആരോഗ്യവകുപ്പിനും കൊടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പൂർണമായ നീതി ലഭിക്കുന്നതുവരെ സമരം ശക്തമായി തുടരും. സമരം നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹം ഉണ്ടായിട്ടല്ല. പൂർണമായ നീതി എത്രയും പെട്ടെന്ന് ലഭിക്കണം. അത്രയ്ക്ക് അധികം ഞാൻ സഹിക്കുന്നുണ്ട്. ഇതു കാണുന്നവരും അധികാരികളും ഇതൊന്നു മനസ്സിലാക്കണമെന്നാണ് പറയാനുള്ളത്. ഇപ്പോഴും എന്റെ മൂന്നു കുട്ടികളും അതു സഹിക്കുന്നുണ്ട്. നീതി നടപ്പാക്കിയേ പറ്റൂ. അവനവന്റെ വീട്ടിലുള്ളവർക്ക് വരുമ്പോൾ മാത്രമേ ഇതിന്റെ വേദന മനസ്സിലാക്കൂ എന്നുണ്ടെങ്കിൽ … ഏതൊരു മനുഷ്യന്റെയും വേദന ഒരുപോലെയാണെന്ന് മനസ്സിലാക്കണം. മരണം വരെ ഈയൊരൊറ്റ കാരണം കൊണ്ട് വേദന സഹിക്കാനിരിക്കുന്നതാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണം.

റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാലാണ് യോഗം മാറ്റിവച്ചതെന്ന് ഡിഎംഒ പറഞ്ഞു. ഇതൊക്കെ ശ്രമിച്ചാൽ ലഭിക്കാവുന്നതാണെന്നാണ് മനസ്സിലാക്കുന്നത്. അവരെയാരെയും പ്രശ്നം ബാധിക്കുന്നില്ല. അതുകൊണ്ട് നീട്ടിക്കൊണ്ടുപോകുന്നു. പ്രശ്നം ബാധിക്കുന്നത് എന്നെയാണ്. റേഡിയോളജിസ്റ്റിനെ അമേരിക്കയിൽനിന്നു വരുത്തേണ്ട ആവശ്യമില്ലല്ലോ. ഈ ജില്ലയിൽ ഇല്ലെങ്കിൽ അടുത്ത ജില്ലയിൽനിന്നു വരുത്താമല്ലോ. അതിനെന്താണ് ഇത്ര താമസം. എന്റെ ജീവിതം, മൂന്നു കുട്ടികളുടെ ജീവിതം, എന്നെ സഹായിക്കുന്ന ഇത്രയും ആളുകളും ജീവിതം, എല്ലാ തിരക്കുകളും മാറ്റിവച്ചാണ് ഞങ്ങൾ ഇവിടെയെത്തുന്നത്. ഒരു റേഡിയോളജിസ്റ്റിനെ വരുത്താൻ എന്തിനാണ് ഇത്രയധികം സമയമെന്ന് മനസ്സിലാകുന്നില്ല. എത്രയും പെട്ടെന്നു വരുത്തി മെഡിക്കൽ ബോർഡ് ചേർന്ന് എട്ടാം തീയതിക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം’’ – ഹർഷിന കൂട്ടിച്ചേർത്തു.

ഉറപ്പുപാലിച്ചില്ലെങ്കിൽ ഈ മാസം ഒൻപതിന് സെക്രട്ടേറിയറ്റിനു മുൻപിൽ സമരം തുടങ്ങുമെന്നും അവർ വ്യക്തമാക്കി. ഹർഷിനയുടെ ചികിത്സയുടെ ഭാഗമായി എടുത്ത എംആർഐ സ്കാനിങ് റിപ്പോർട്ട് ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ റേഡിയോളജിസ്റ്റിന്റെ സേവനം ആവശ്യമാണ്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനാണ് മെഡിക്കൽ ബോർഡ് യോഗം ചേരാനിരുന്നത്.

അഞ്ചര പതിറ്റാണ്ട് ആര് എന്ന ചോദ്യം അപ്രസക്തമായിരുന്ന പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു കൈനോക്കാന്‍ ബിജെപിയും. ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളനീക്കം സിപിഎം തുടങ്ങുകയും കോണ്‍ഗ്രസ് ആലോചനകള്‍ തുടങ്ങുകയും ചെയ്തിരിക്കെ ബിജെപിയും തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.

പുതിയതായി പാര്‍ട്ടിയിലേക്ക് വന്നയാളും ബിജെപി ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിട്ടുള്ള അനില്‍ ആന്റണിയെ പുതുപ്പള്ളിയില്‍ മത്സരരംഗത്ത് കാണാന്‍ കഴിയുമോ എന്ന സംശയം ഉയരുന്നുണ്ട്. 53 വര്‍ഷമായി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി മാത്രം ഏറ്റുമുട്ടിയിരുന്ന മണ്ഡലത്തില്‍ അനിലിനെ കൂടി നിര്‍ത്തി ശക്തമായ ത്രികോണ മത്സരത്തിന് ബിജെപി കളമൊരുക്കുമോ എന്നാണ് ഇനിയറിയാനുള്ളത്. കഴിഞ്ഞ ഏപ്രിലിലാണ് എ.കെ.ആന്റണിയുടെ മകന്‍ ബിജെപിയില്‍ എത്തിച്ചത്.

കഴിഞ്ഞദിവസമാണ് ബിജെപി അനില്‍ ആന്റണിയെ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായി നിയമിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, കേരളത്തില്‍ ബിജെപിയുടെ വോട്ടുവിഹിതവും സ്വാധീനവും കൂട്ടാന്‍ ശ്രമിക്കുമെന്ന് പിന്നാലെ അനില്‍ ആന്റണി പറഞ്ഞിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ല എന്ന് ആരോപിച്ച് കൊണ്ട് അനില്‍ ആന്റണി പാര്‍ട്ടി വിട്ടത്. പിന്നാലെ ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപനം നടത്തി. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയില്‍ പ്രധാനമന്ത്രി മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാാലെയാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടത്.

സിപിഎം സംസ്ഥാന സമിതി അംഗം എം.അനില്‍കുമാറാണ് ഇത്തരത്തിലൊരു ഊഹാപോഹത്തിന് തുടക്കമിട്ടത്. മക്കള്‍ രാഷ്ട്രീയത്തെ തളളിപ്പറഞ്ഞ ഇരുനേതാക്കളുടെയും മക്കള്‍ പരസ്പരം ഏറ്റുമുട്ടുമോ എന്ന ചോദ്യമുയര്‍ത്തി സിപിഎം സംസ്ഥാന സമിതി അംഗം ചെയ്ത ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കു കിട്ടിയ അപ്രതീക്ഷിത യാത്രയയപ്പിന് പിന്നാലെ പുതുപ്പള്ളി മണ്ഡലം നഷ്ടപ്പെടാതിരിക്കാന്‍ ചാണ്ടിയുമ്മനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്.

അതേസമയം, സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനം എടുക്കേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസിന്. ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട ദു:ഖാചരണങ്ങള്‍ക്ക് ശേഷം പരസ്യമായ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിയാല്‍ മതിയെന്നാണ് നിലപാട്. മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കെ.സി.ജോസഫിനുമാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

അതിനിടയില്‍ കോട്ടയത്തെ വിവിധ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്ക് അനുശോചനയാത്ര പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. ഇതിനെ ഉപതെരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസിന്റെ സംഘടനാപരമായ ഒരുക്കമായി വിലയിരുത്തപ്പെടുന്നുണ്ട്. നാലു പഞ്ചായത്തുകള്‍ വീതമുളള രണ്ട് ബ്ലോക്കുകളായി തിരിച്ച് താഴെ തട്ടില്‍ പ്രവര്‍ത്തനം തുടങ്ങാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശം.

മണിപ്പൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ നീതി തേടി സുപ്രീം കോടതിയില്‍. മണിപ്പൂരിലെ സംഭവങ്ങളില്‍ കോടതി സ്വമേയധാ കേസെടുക്കണമെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കണമെന്നും ഇവര്‍ ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് ഇവരുടെ ഹര്‍ജി.

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ് സംസ്ഥാനത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ ശ്രദ്ധയില്‍പെട്ട കോടതി, അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും ഭരണഘടനയുടെ തകര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകളെ സംരക്ഷിക്കണമെന്നും സ്വീകരിച്ച നടപടികള്‍ കോടതിയില്‍ വ്യക്തമാക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മേയ് നാലിന് കങ്‌പോക്പി ജില്ലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ രണ്ടാഴ്ച മുന്‍പാണ് പുറത്തുവന്നത്.

അതിനിടെ, മൊറയില്‍ കുക്കി യുവാകളെ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മണിപ്പൂരി പോലീസും ഇന്ത്യ റിസര്‍വ് ബെറ്റാലിയന്‍ അംഗങ്ങളും ചേര്‍ന്നാണ് മര്‍ദ്ദിക്കുന്നത്. ഇവര്‍ മെയ്‌തേയി വിഭാഗക്കാരായ ഉദ്യോഗസ്ഥരാണെന്നും കുക്കികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും കുക്കികള്‍ പറയുന്നു. മൊറയില്‍ കുറച്ചുദിവസമായി സംഘര്‍ഷം തുടരുകയാണ്.

Copyright © . All rights reserved