ജോസ്ന സാബു സെബാസ്റ്റ്യൻ
ആരും ഒന്നൂടെ ഓർക്കാൻ പോലുമാഗ്രഹിക്കാത്ത, ഇന്നലെ നടന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ മനസിലാക്കി തരുന്നത് , ആ കുട്ടി തന്നെ തട്ടിക്കൊണ്ടു പോയ ആളുടെ കൂടെ പൊതു വഴിയിലൂടെ നടന്ന് പോകുമ്പോൾ കരച്ചിലോ ബഹളമോ കുതറി ഓടാൻ ശ്രമിക്കുകയോ ഒന്നും ചെയ്യാതെ നല്ല കംഫർട്ടബിൾ ആയിരുന്നുവെന്നാണ് . അതേസമയം കുട്ടിക്ക് ഒട്ടും പരിചയമില്ലാത്ത ഒരാളാണ് തന്നെ പിടിച്ചു കൊണ്ടുപോയതെങ്കിൽ കുഞ്ഞ് അത്ര ശാന്തമായി അവന്റെ കൈ പിടിച്ചു നടന്ന് പോകില്ലായിരുന്നു .
കൂടാതെ ആ കുട്ടിയേയും തട്ടിക്കൊണ്ടു പോയവനെയും കണ്ടു എന്ന് ആ പറയുന്ന മനുഷ്യനുപോലൂം ആ കുഞ്ഞിനെ കണ്ടിട്ട് അവൻ തട്ടിക്കൊണ്ടു പോയതാണെന്ന് മനസിലായില്ല, ഈ കുഞ്ഞ് ആരുടേതാണ് ചോദിച്ചപ്പോൾ എന്റേതാണെന്ന് അവൻ പറയുമ്പോഴും ആ കുഞ്ഞ് ഒന്നു കരഞ്ഞതുപോലുമില്ല എന്നത് ഏറെ അതിശയിപ്പിക്കുന്ന ഒന്ന് തന്നെയാണ് . അതിൽ നിന്നുമൊക്കെ മനസിലാക്കേണ്ടത് തട്ടികൊണ്ട് പോയ ആൾ കുട്ടിക്ക് നേരത്തെ പരിചയം ഉള്ള ഒരാളായിരിക്കണം .
WHO കണക്ക് പ്രകാരം, 10 കുട്ടികളിൽ ഒരാൾ അവരുടെ 18-ാം ജന്മദിനത്തിന് മുൻപ് ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ്. ഇതിന് പുറമെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങൾ വേറെയും .
ദുഃഖകരമെന്നു പറയട്ടെ, ദുരുപയോഗം ചെയ്യുന്നയാൾ സാധാരണയായി കുട്ടികൾക്ക് അറിയാവുന്നതും വിശ്വസനീയനുമായ ആളാകാനാണ് കൂടുതൽ സാധ്യത. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരിൽ 93 ശതമാനം പേർക്കും ദുരുപയോഗം ചെയ്തവനെ നേരത്തെ അറിയാം. അതിൽ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അധ്യാപകർ, റിലീജിയസ് ഗുരുക്കൾ , കെയർടേക്കർമാർ ഇവരൊക്കെ ഉൾപ്പെടാം .
ദുരുപയോഗം ചെയ്യുന്നയാൾ എപ്പോഴും ഒരു പ്രായപൂർത്തിയായ ആളായിരിക്കണമെന്നുമില്ല അത് ചിലപ്പോൾ കുട്ടിയുടെ തന്നെ സഹോദരനോ കളിക്കൂട്ടുകാരനോ ഒക്കെ ആകാം.
ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട ഒരു കുട്ടിക്ക് പിന്നീട് പലവിധ മാനസികാരോഗ്യ പ്രശ്നങ്ങൾ, ആത്മാഭിമാനക്കുറവ്, മറ്റുള്ളവരോട് സംസാരിക്കാനുള്ള ബുദ്ധിമുട്ടുകൾ, തനിക്കൊരു വിലയുമില്ലെന്ന തോന്നൽ, പ്രണയ ബന്ധങ്ങളെക്കുറിച്ചുള്ള വികലമായ വീക്ഷണം ഇവയൊക്കെ ഉണ്ടാകുന്നു.
ഇനി നമ്മുടെ കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം.
കുട്ടിയോടൊപ്പം ചെലവഴിക്കാൻ സമയം പരമാവധി നീക്കിവയ്ക്കുക. എന്ത് പ്രശ്നത്തിനും നമ്മൾ ഉണ്ടെന്നും എന്ത് വന്നു പറഞ്ഞാലും ഒരു കുഴപ്പവുമില്ലെന്നുള്ള ആത്മവിശ്വാസം വളർത്തിയെടുക്കാൻ വളരെ ചെറുപ്പം മുതലേ കുട്ടിയെ സഹായിക്കുക.
കുട്ടിക്കാലത്തുതന്നെ, സ്വകാര്യഭാഗങ്ങൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളുടെ ശരിയായ പേര് പഠിപ്പിക്കുക. അത് നമ്മുടെ മാത്രം പ്രൈവറ്റ് പാർട്ട് ആണെന്നും അവിടെ വേറെ ആരെയും തൊടാൻ അനുവദിക്കരുതെന്നും പറഞ്ഞു മനസിലാക്കിപ്പിക്കുക .
തന്നെപോലെതന്നെ ഓപ്പസിറ്റ് സെക്സിന്റെയും സ്വകാര്യ ഭാഗങ്ങൾ വളരെ സെൻസിറ്റീവും പ്രൈവറ്റുമാണെന്ന് ഊന്നി പറഞ്ഞു മനസിലാക്കുക .
ഒരു മറയുമില്ലാതെ ലൈംഗിക വിഷയങ്ങൾ ചർച്ച ചെയ്യാൻ , ചോദിച്ചറിയാൻ പറ്റുന്നൊരു അന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കുക.(ഒട്ടേറെ ഉദാഹരങ്ങൾ കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്കിലുണ്ട് )
പറ്റുമ്പോഴെല്ലാം കുട്ടിയുടെ നീക്കങ്ങൾ ശ്രദ്ധിക്കുകയും അവരുടെ കൂട്ടുകാരെക്കുറിച്ചും അവരുമായി അടുത്തിടപഴകുന്നവരെകുറിച്ചുമൊക്കെ ചോദിച്ചു മനസിലാക്കിയിരിക്കുക.
നിങ്ങൾക്ക് നന്നായി അറിയാത്ത വീടുകളിൽ കുട്ടിയെ ഉറങ്ങാൻ അനുവദിക്കാതിരിക്കുക.
ബേബി സിറ്ററുകൾ ഉൾപ്പെടെയുള്ള പരിചരണക്കാരെ വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.
കുട്ടിയോട് അസാധാരണമായ താൽപ്പര്യം പ്രകടിപ്പിക്കുന്ന, പ്രത്യേക സമ്മാനങ്ങൾ/കളിപ്പാട്ടങ്ങൾ മേടിച്ചു കൊടുക്കുന്ന , അല്ലെങ്കിൽ പ്രത്യേക വിനോദയാത്രകളോ പാർട്ടികളോ ഒക്കെ വാഗ്ദാനം ചെയ്യുന്ന മുതിർന്നവരോട് ജാഗ്രത പാലിക്കുക.
കുട്ടിയുടെ ചെറിയൊരു മാറ്റങ്ങൾ അത് എത്ര ചെറുതാണെങ്കിൽ പോലും മനസിലാക്കുക…
മാതാപിതാക്കളെന്ന നിലയിൽ, നമ്മുടെ കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. അവർ ഒരു ബാല്യം അർഹിക്കുന്നു , അത് സംരക്ഷിക്കാൻ ഒരു ഭരണകൂടത്തെയും നിയമാവലികളെയും നോക്കിയിരിക്കാതെ നമ്മുടെ കഴിവിന്റെ പരമാവധി നമ്മളും കൂടെ ശ്രമിക്കേണ്ടതുണ്ട് …
പത്തനംതിട്ട കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിനെ (36) തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തി. തൊടുപുഴ പൊലീസ് നൗഷാദിനെ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു. കൂടലിൽ നിന്നുള്ള പൊലീസ് സംഘം തൊടുപുഴയിലേക്കു തിരിച്ചു. ഒന്നര വർഷം മുൻപു കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്സാന ഇന്നലെ പൊലീസിനു മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്കു പൊലീസിനെ നയിച്ചതെന്നാണ് വിവരം.
അറസ്റ്റിലായ ഭാര്യ അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു. അഫ്സാനയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് വൈകാതെ അപേക്ഷ നൽകും. ഇന്നലെ വൈകിട്ട് കൂടൽ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ യുവതി വീണ്ടു മൊഴി മാറ്റി. മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടിഓട്ടോയിൽ കൊണ്ടുപോയെന്നാണ് അഫ്സാനയുടെ പുതിയ മൊഴി. തുടർന്ന് പെട്ടി ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാൽ തനിക്ക് അത്തരത്തിൽ ഓട്ടോയില്ലെന്നും അഫ്സാനയെ ജോലിയ്ക്കൊക്കെ കൊണ്ടുപോയുള്ള പരിചയം മാത്രമാണുള്ളതെന്നും ഡ്രൈവർ പറഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ ഡ്രൈവറെ വിട്ടയച്ചു.
ആദ്യം സമീപത്തെ സെമിത്തേരിയിൽ ഉണ്ടെന്നു പറഞ്ഞ് അവിടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപ്പോഴാണ് വീടിനുള്ളിൽ കുഴിച്ചിട്ടെന്നു പറഞ്ഞ് അവിടെ നോക്കിയത്. എന്നാൽ അവിടെയും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ അഫ്സാനയെ വീണ്ടും വീട്ടിലെത്തിച്ചു ചോദ്യം ചെയ്തു. അപ്പോൾ പറഞ്ഞത് വീടിനു വെളിയിലാണെന്നാണ്. അങ്ങനെയാണ് വീടിനു വെളിയിൽ പല സ്ഥലത്തായി പൊലീസ് പരിശോധന നടത്തിയത്. എന്നാൽ അവിടെനിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. മൃതദേഹം പുഴയിൽ ഒഴുക്കിയെന്നും യുവതി പറഞ്ഞിരുന്നു.
മൊഴി മാറ്റി പറയുന്നതിനാൽ ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയൂവെന്ന നിഗമനത്തിലാണു പൊലീസ്. അഫ്സാനയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. അതേസമയം അഫ്സാനയ്ക്കു മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു സംശയിക്കുന്നതായി നൗഷാദിന്റെ മാതാപിതാക്കൾ പറഞ്ഞു.
അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്. കുട്ടിയുടെ അമ്മ ജൂലി(36)യെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണു പ്രാഥമിക നിഗമനം.
ജൂലൈ പതിനഞ്ചാം തീയതി പുലർച്ചെ 5 മണിക്കാണ് വീടിനു സമീപത്തെ ശുചിമുറിയിൽ ജൂലി പ്രസവിച്ചത്. അതിനുശേഷം കത്രിക കൊണ്ട് പൊക്കിൾകൊടി നീക്കം ചെയ്തു. കുട്ടി കരഞ്ഞപ്പോൾ വായും മൂക്കും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വഷണത്തിൽ വ്യക്തമായത്. വീട്ടിനുള്ളിൽനിന്നു വെട്ടുകത്തി കൊണ്ടു വന്ന് സമീപത്തെ പൈപ്പിന്റെ ചുവട്ടിൽ കുഴി ഉണ്ടാക്കി മറവു ചെയ്തു. പതിനാറാം തീയതിയും പതിനെട്ടാം തീയതിയും അതിരാവിലെ കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട ഭാഗത്ത് ജൂലി പോയി നോക്കി. പതിനെട്ടാം തീയതി ചെന്നപ്പോൾ മൃതദേഹം തെരുവുനായ്ക്കൾ മാന്തിയെടുത്തതായി കണ്ടു. തുടർന്ന് ജൂലി തന്നെ കുഴി പൂർവസ്ഥിതിയിലാക്കി.
അഞ്ചുതെങ്ങ് പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജൂലിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യഘട്ടത്തിൽ വിസമ്മതിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു. വിധവയായ തനിക്ക് കുഞ്ഞ് ജനിച്ചാൽ ഉണ്ടാകുന്ന അപമാന ഭയത്താൽ ആണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കുട്ടിയെ ഉദരത്തിൽ വച്ച് തന്നെ ഇല്ലാതാക്കണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ജനിക്കുന്ന ഉടൻ കൊലപ്പെടുത്തണമെന്നു നേരത്തെ തീരുമാനിച്ചിരുന്നുവെന്നും പ്രതി പൊലീസിനോടു പറഞ്ഞു. ജൂലിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. തെള്ളകം പഴയാറ്റ് ജേക്കബ് ഏബ്രഹാമിന്റെ വീട്ടിലാണ് ശനിയാഴ്ച പകൽ മോഷണം നടന്നത്. മാല, വള, കമ്മൽ തുടങ്ങി 40 പവനിലധികം വരുന്ന സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളുമാണ് കവർന്നത്.
രാവിലെ 10ന് വീടുപൂട്ടി പുറത്തു പോയ കുടുംബാംഗങ്ങൾ രാത്രി എട്ടിന് തിരികെ എത്തുമ്പോഴാണ് വിവരം അറിയുന്നത്. അലമാര പൂട്ടി ബെഡിന് അടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ തപ്പിയെടുത്താണ് ആഭരണങ്ങൾ കവർന്നത്.
മോഷണത്തിനു ശേഷം താക്കോൽ സെറ്റിയിൽ വച്ചിട്ടാണ് പോയത്. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചത്. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാര മാത്രമേ മോഷ്ടാക്കൾ പരിശോധിച്ചിട്ടുള്ളൂ.
സ്വർണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷൻ ആഭരണങ്ങളും ഉണ്ടായിരുന്നെങ്കിലും സ്വർണ, വജ്ര ആഭരണങ്ങൾ മാത്രമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
ജേക്കബിന്റെ കാനഡയിൽ ജോലി ചെയ്യുന്ന മകൻ അഭി ജേക്കബിന്റെ വിവാഹം അഞ്ചുമാസം മുമ്പായിരുന്നു. ജേക്കബിന്റെ ഭാര്യ ലില്ലിക്കുട്ടിയുടെയും മകന്റെ ഭാര്യ അലീനയുടെയും സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ജേക്കബും ഭാര്യയും അടുത്ത മാസം ആദ്യം ഓസ്ട്രേലിയയിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോകുന്നതിനാൽ ഇവരുടെ സ്വർണാഭരണങ്ങൾ മറ്റൊരു ലോക്കറിൽ വയ്ക്കുന്നതിനു വേണ്ടി കഴിഞ്ഞദിവസം ലോക്കറിൽ നിന്നെടുത്ത് വീട്ടിൽ സൂക്ഷിക്കുകയായിരുന്നു.
ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഫോറൻസിക് വിഭാഗം ഇന്ന് പരിശോധന നടത്തും. കാര്യമായി വിരലടയാളങ്ങൾ ലഭിച്ചിട്ടില്ല. അന്വേഷണത്തിന് സഹായകമായ രീതിയിൽ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. സമാന രീതിയിൽ കവർച്ച നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ഡിവൈഎസ്പി കെ.ജി. അനീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സ്വന്തം ലേഖകൻ
യുകെ : എട്ടാമത് സ്റ്റേറ്റ് അവാർഡ് നേടിയ മമ്മുട്ടിയുടെ റോൾസ് റോയ്സ് കാറിലെ യാത്രയുടെയും , യുകെ പര്യടനത്തിന്റെയും വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. യുകെയിലെ പ്രമുഖ വ്യവസായിയും സോളിസിറ്ററുമായ അഡ്വ : സുഭാഷ് മാനുവൽ ജോർജ്ജിന്റെ റോൾസ് റോയ്സ് കാറിലായിരുന്നു മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് നൈറ്റിൽ മമ്മൂട്ടി എത്തിയത്.
യുകെ , ജെർമ്മനി, സ്വറ്റ്സർലൻഡ്, യു ഐസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യവസായ ശൃംഖലകൾ ഉള്ള പ്രമുഖ മലയാളി വ്യവസായിയാണ് സുഭാഷ് മാനുവൽ ജോർജ്ജ്. അതിനൂതന സാങ്കേതിക വിദ്യകളായ ബ്ലോക്ക് ചെയിൻ , ക്രിപ്റ്റോ കറൻസി തുടങ്ങിയ വ്യവസായങ്ങളിലൂടെ നിലവിൽ 3000 കോടി ( 3 ബില്യൺ ) രൂപയുടെ മൂല്യമുള്ള വ്യവസായ ശൃംഖലകളുടെ ഉടമയാണ് സുഭാഷ് മാനുവൽ. യുകെയിൽ ആദ്യമായി ERC 20 ക്രിപ്റ്റോ കറൻസി അവതരിപ്പിച്ചത് ഈ ഗ്രൂപ്പാണ്. ക്രിപ്റ്റോ കറൻസി സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഭാഗമായി അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ 10 ബില്യൺ മൂല്ല്യമുള്ള വ്യവസായ ഗ്രൂപ്പായി വളരും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Single.id സിംഗിൾ ഐ ഡി ബ്രാൻഡിൽ ഒട്ടുമിക്ക ലോകരാജ്യങ്ങളിലും ലഭ്യമാകുന്ന തരത്തിലുള്ള ഫ്രീ ക്യാഷ് ബാക്ക് ആപ്പും സുഭാഷ് മാനുവൽ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ലോക പ്രശസ്ത ക്രിക്കറ്റർ ക്യാപ്റ്റൻ കൂൾ എം ഐസ് ധോണിയും കേരളത്തിന്റെ ക്രിക്കറ്റ് താരം സഞ്ജു സാംസനുമാണ് സിംഗിൾ ഐഡിയുടെ ഇന്ത്യയിലെ അംബാസിഡർമാർ. വിവിധ രാജ്യങ്ങളിലുള്ള പ്രമുഖ ബാങ്കുകളും , മാധ്യമ ഗ്രുപ്പുകളുമാണ് സിംഗിൾ ഐഡി ബ്രാൻഡിന്റെ പ്രധാന പ്രൊമോട്ടേഴ്സ്.
മാഞ്ചസ്റ്ററിലെ അവാർഡ് നൈറ്റിന് ശേഷം ആനന്ദ് ടിവിയുടെ ഉടമ ശ്രീകുമാറിന്റെ ബി എം ഡബ്ളി കാറ് മമ്മൂട്ടി സ്വയം ഡ്രൈവ് ചെയ്തതും അതോടൊപ്പം അയ്യായിരം കോടി ( 5 ബില്ല്യൺ ) ആസ്തിയുള്ള ബിസ്സിനസ്സുകളുടെ ഉടമയായ എം എ യൂസഫ് അലി അദ്ദേഹത്തിന്റെ സ്വന്തം റോൾസ് റോയ്സ് കാറിൽ മമ്മൂട്ടിയെ ഇരുത്തി ഡ്രൈവ് ചെയ്യുന്നതും ഒക്കെ വൈറലായിരുന്നു. മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് നൈറ്റിൽ മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയ്ക്ക് യുകെ മലയാളികളുടെ സ്നേഹോപഹാരമായി ഒരു ഗോൾഡൻ മോണ്ട് ബ്ലാങ്ക് പെൻ സുഭാഷ് മാനുവൽ സമ്മാനമായി നൽകിയിരുന്നു.
വയനാട് വെണ്ണിയോട് ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ പീഡനം സഹിക്കാനാകാതെയെന്ന് വെളിപ്പെടുത്തി ദർശനയുടെ കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നും ഭർത്താവും ഭർത്താവിൻറെ അച്ഛനും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. പാത്തിക്കൽ ഓംപ്രകാശിൻറെ ഭാര്യ ദർശനയാണ് കഴിഞ്ഞ പതിമൂന്നിന് അഞ്ചുവയസുള്ള മകൾ ദർശനയുമായി പുഴയിൽ ചാടിയത്. ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, ഭർത്താവിൻറെ അച്ഛൻ റിഷഭരാജൻ എന്നിവരാണ് മകളുടെ മരണത്തിന് കാരണമെന്ന് വിശാലാക്ഷി വിതുമ്പലോടെ പറയുകയാണ്.
ദർശനയെ രണ്ട് തവണ ഓംപ്രകാശ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി. നാല് മാസം ഗർഭിണിയായിരിക്കെ വീണ്ടും ഗർഭച്ഛിദ്രം നടത്താൻ ആവശ്യപ്പെട്ടതിൻറെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിയും മുമ്പ് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണം ഭർത്താവിൻറെ അച്ഛൻ കാപ്പിക്കച്ചവടത്തിന് ചോദിച്ചപ്പോൾ നൽകാത്തതുമുതൽ പീഡനം തുടങ്ങിയതയാണ് പരാതി.
ദർശനയെ ഇരുവരും മർദിക്കാറുണ്ടെന്നും പരാതിയുണ്ട്. ശാരീരിക മാനസിക പീഡനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മാർച്ചിൽ കമ്പളക്കാട് പൊലീസിൽ പരാതി നൽകിയിട്ടും നീതി ലഭിച്ചില്ല. മകൾ ദക്ഷയെ കരുതിയാണ് പോകരുതെന്നാവശ്യപ്പെട്ടിട്ടും ദർശന ഭർത്താവിൻറെ വീട്ടിൽ പോയത്. ദർശന സ്വന്തം വീട്ടിലേക്ക് വരുന്നതിനുപോലും ഭർത്തൃവീട്ടുകാർ നിയന്ത്രണം ഏർപ്പെടുത്തി.
കഴിഞ്ഞവർഷം ദർശന അമ്മയ്ക്കൊപ്പം വള്ളിയൂർക്കാവിൽ ക്ഷേത്രദർശനം നടത്താനായി വീട്ടിലേക്ക് വന്നിരുന്നു. നേരം ഇരുട്ടിയതിനാൽ അന്ന് തിരികെപ്പോകാനായില്ല. പിറ്റേദിവസംതന്നെ ഭർത്തൃവീട്ടിലേക്ക് പോയെങ്കിലും ഭർത്തൃപിതാവ് മകളെയും കുടുംബത്തെയും അസഭ്യം പറഞ്ഞു. മകളോട് ആത്മഹത്യചെയ്യണമെന്നും നാലുദിവസംമാത്രമേ സങ്കടമുണ്ടാകൂവെന്നുമാണ് പറഞ്ഞത്. ഇതോടെ മകൾ തിരികെവരുകയും കമ്പളക്കാട് പോലീസിൽ ഭർത്തൃപിതാവിന്റെ സംസാരം റെക്കോഡ് ചെയ്തതടക്കം പരാതി നൽകുകയും ചെയ്തു.
എന്നാൽ, പോലീസിൽനിന്ന് ഒരു പിന്തുണയും കിട്ടിയില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. പോലീസും പോലീസ് നിർദേശിച്ച കൗൺസിലറും ചേർന്ന് മകളെ തിരികെ ഭർത്തൃവീട്ടിലേക്ക് അയക്കാൻ നിർബന്ധിക്കുകയായിരുന്നു. പിന്നീട് ഭർത്തൃവീട്ടിലേക്ക് മടങ്ങിയ ദർശന ഫോണിൽപ്പോലും തുറന്നുസംസാരിക്കാൻ തയ്യാറായില്ലെന്ന് സഹോദരി ഹർഷന പറഞ്ഞു. ദർശന കുട്ടിയെയുംകൊണ്ട് ആത്മഹത്യചെയ്ത വിവരം നാട്ടുകാരാണ് അറിയിച്ചതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ദർശനയുടെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ 13-നാണ് ദർശന മകളെയുംകൊണ്ട് പുഴയിൽ ചാടുന്നത്. പുഴയിൽ ചാടുന്നതിനുമുമ്പ് വിഷവും കഴിച്ചിരുന്നു. നാട്ടുകാർ കണ്ടതോടെ ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തന്നെ വീണ്ടും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനാലാണ് ആത്മഹത്യചെയ്യാൻ ശ്രമിച്ചതെന്ന് അത്യാസന്നനിലയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മകൾ വ്യക്തമാക്കി. മുമ്പ് രണ്ടുതവണ മകളെ ഭർത്താവ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി. നാലുമാസം ഗർഭിണിയായിരുന്നു അവൾ.
അമ്മ വിശാലാക്ഷി പറഞ്ഞു. ജൂലായ് 13-ന് ഉച്ചയോടെ മകൾ അവസാനമായി അമ്മയെ വിളിച്ചു. ഔപചാരികമായി രണ്ടുവാക്ക്, ‘ഞാനുംമോളും ഉറങ്ങട്ടെ’ എന്നുപറഞ്ഞ് ഫോൺവെച്ചു. ഉച്ചമയക്കത്തിന്റെ ലാഘവത്വത്തോടെമാത്രം ആ വാക്കുകൾ കേട്ട അമ്മ വിശാലാക്ഷി തിരിച്ചറിഞ്ഞില്ല അതൊരു യാത്രപറച്ചിലാണെന്ന്. വിവാഹം കഴിഞ്ഞതുമുതൽ മകൾ ഭർത്തൃഗൃഹത്തിൽ പീഡനം നേരിടുകയായിരുന്നു. മാതാപിതാക്കളെ അറിയിക്കേണ്ടെന്നുകരുതി പലതും പറഞ്ഞില്ല. സഹികെട്ട് ഒടുക്കം 2022 മാർച്ചിൽ കമ്പളക്കാട് പോലീസ്സ്റ്റേഷനിൽ പരാതിനൽകാൻ ഒരുങ്ങിയപ്പോഴാണ് എല്ലാംപറഞ്ഞത് -കരച്ചിലോടെ സഹോദരി ഹർഷന പറഞ്ഞു.
ഭർത്തൃപിതാവ് മർദിച്ചതും അത് ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം മർദിച്ചതും ദർശന അന്നു പറഞ്ഞു. ‘നിനക്ക് ചത്തൂടെ പോയിട്ട്, മരത്തിൽ കയറി തൂങ്ങിക്കൂടെ, നാലുദിവസം ഒരു സങ്കടമായി നടക്കും, പിന്നെയാ വിഷമം പോകും’ എന്നാണ് അവളോട് പറഞ്ഞത്. അതിന്റെ ശബ്ദറെക്കോഡടക്കമുണ്ട്. -ഹർഷന പറഞ്ഞു. പഠനകാര്യങ്ങളിൽ ഏറെ മുൻപന്തിയിൽനിന്നിരുന്ന ദർശന പല പി.എസ്.സി. ലിസ്റ്റുകളിലും ഉണ്ടായിരുന്നു. നിലവിലുള്ള യു.പി. സ്കൂൾ ടീച്ചേഴ്സ് ലിസ്റ്റിൽ 76-ാം റാങ്കുണ്ടായിരുന്നു. മരണദിവസം ജൂനിയർ സയൻറിഫിക് അസിസ്റ്റൻറായി ജോലി ലഭിക്കാനുള്ള ഉത്തരവും വീട്ടിലെത്തി.
ഭർത്താവിനെ ഒരുപാട് സ്നേഹിച്ചിരുന്നു, ദർശന. അയാളോട് രണ്ടുമൂന്നു ദിവസമായി മരിക്കുമെന്ന് പറഞ്ഞിരുന്നതായി ഭർത്താവ് ഓംപ്രകാശ് തന്നെ ബന്ധുക്കളോട് പറഞ്ഞു, അതൊന്നുകേൾക്കാൻ തയ്യാറായിരുന്നെങ്കിൽ, അല്ലെങ്കിൽ അതു ഞങ്ങളെ അറിയിച്ചിരുന്നെങ്കിൽ ഇതുണ്ടാവില്ലായിരുന്നു. -ഹർഷന പറഞ്ഞു. ഗർഭസ്ഥശിശുവടക്കം മൂന്നുജീവനുകൾ നഷ്ടപ്പെടാൻ കാരണക്കാരായ ഓംപ്രകാശിനും അച്ഛനായ ഋഷഭരാജനും എല്ലാറ്റിനും കൂട്ടുനിന്ന അമ്മ ബ്രാഹ്മിലയ്ക്കും സഹോദരി ആശയ്ക്കും കുടുംബങ്ങങ്ങൾക്കുമെതിരേ ശക്തമായ നിയമനടപടികൾ ഉണ്ടാവണമെന്നുമാത്രമാണ് കുടുംബത്തിന്റെ ആവശ്യം. മറ്റൊരാൾക്കുകൂടി ഇങ്ങനെ സംഭവിക്കരുത് ദർശനയുടെ കുടുംബം പറഞ്ഞു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ആശിഷ് ജെ. ദേശായി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് മുന്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
ഗുജറാത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്നു എ.ജെ. ദേശായി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന എസ്.വി. ഭട്ടിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ച സാഹചര്യത്തിലാണ് എ.ജെ. ദേശായിയെ നിയമിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രിമാര് അടക്കമുള്ളവര് ചടങ്ങില് പങ്കെടുക്കുകയും ചെയ്തു.
ജോസ്ന സാബു സെബാസ്റ്റ്യൻ
ദേവിയെ വാഴ്ത്തി…..ദേവിയെ കൊല്ലുന്നവരോട് …..
ഇന്ന് ഇന്ത്യയിൽ ജീവിക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു …..ഇന്നെന്റെ കുട്ടികൾ ഇന്ത്യയെന്ന നരഭോജികളുടെ ദുർഗന്ധം അടിക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു ….
ബേട്ടി ബചാവോ ….പെൺകുട്ടികളെ സംരക്ഷിക്കൂ ….അതിലൂടെ ഞങ്ങളവരെ ആഹാരമാക്കട്ടെയെന്ന് ആർപ്പുവിക്കുന്ന നരഭോജികളോടും അവരെ സംരക്ഷിക്കാൻ പെടാപാട് പെടുന്നവരോടുമാണ് ….
ഇന്നലെ മണിപ്പൂരിലെ സ്ത്രീകളുടെ നഗ്ന ഫോട്ടോ കണ്ടു കണ്ണുടക്കി അതിന്റെ വീഡിയോ തപ്പിയിറങ്ങി അത് വീണ്ടും വീണ്ടും റീപ്ലേ ചെയ്തു മതിയാകാതെ സൂം ചെയ്ത് തലങ്ങും വിലങ്ങും നോക്കിയമർന്നതും പോരാതെ ഷെയറു ചെയ്തു മറ്റുള്ളവർക്ക് കൂടി ഹരം പകർന്നു മനസു നിറയ്ക്കുന്നവരെ കഴുകൻമാർ നിങ്ങളെക്കാൾ എത്രയോ മെച്ചം ….
നിങ്ങൾ പക്ഷികളെ ശ്രദ്ധിച്ചിട്ടുണ്ടോ?, പാമ്പുകളെ ശ്രദ്ധിച്ചിട്ടുണ്ടോ ?
അവർ രാപകൽ അഹോരാത്രം അലഞ്ഞു നടക്കുന്നത് വയറുനിറയ്ക്കാൻ വേണ്ടി മാത്രമാണ് . വയറു നിറഞ്ഞാൽ പിന്നവർ കമാ എന്നൊരക്ഷരം മിണ്ടാതെ ഉരിയാടാതെ എവിടെയങ്കിലും സ്വസ്ഥമായിരുന്നു കാഴ്ചകൾ കാണും …..എന്നാൽ മനുഷ്യരെന്നു നമ്മൾ
പേരിട്ടു വിളിക്കുന്ന ചില പിശാചുക്കൾ അങ്ങനെയല്ല ….
അതായത് , പണ്ടൊക്കെ ഒരു പറ്റം ജനതയുണ്ടായിരുന്നു …സ്നേഹിക്കാൻ മാത്രമറിയാവുന്ന ജനത … . കാര്യം വീട്ടിൽ പട്ടിണി ആണെങ്കിലും കളിക്കിടയിൽ സ്വന്തം കൂട്ടുകാരെകൂടി കൂട്ടി വന്ന് ഔപചാരികത തെല്ലുമില്ലാതെ ഭക്ഷണം കൊടുക്കുന്നൊരു ജനത ….
അയൽപക്കത്തെ കുട്ടി സ്കൂളിൽ പോകണ കണ്ടാൽ സ്കൂൾവരെ കൊണ്ടാക്കുന്നൊരു ജനത ….
ഇല്ലായ്മയുടെ നെറുകയിലും മണ്ണണ്ണയും, ഉപ്പും അരിയും പകുത്തു കൊടുത്തു അയൽക്കാരുടെ കണ്ണീർ ഒപ്പിയിരുന്ന ….
ത്രിസന്ധ്യയ്ക്ക് വിളക്ക് വെക്കുമ്പോൾ അത്താഴ പട്ടിണിക്കാരുണ്ടൊ എന്ന് എത്തി നോക്കിയിരുന്നൊരു
ജനത ….
പക്ഷെ ഇന്നത്തെ നമ്മൾ അങ്ങനെയല്ല , ഇന്ന് നമുക്ക് വയറു നിറയ്ക്കാൻ മാർഗ്ഗങ്ങളായ് …
സഹപാഠിയെ തോൽപിച്ചു തുന്നം പാടാൻ മാത്രം ബിരുദങ്ങളായി …
അയൽപക്കകാരെ പേടിക്കാതെ കിടന്നുറങ്ങാൻ മാളികകളായി …ചെളിതെറിക്കാതെ യാത്രപോകാൻ തക്ക സൗകര്യങ്ങളായി …
അങ്ങനെയങ്ങനെ ഇന്ന് നമ്മൾ ശാരീരികമായും, സാമ്പത്തികമായും , ടെക്നിക്കൽ പരമായുമൊക്കെ ഒട്ടേറെ വളർന്നിരിക്കുന്നു…. പക്ഷെ നമുക്കേറെ പരിചിതമായിരുന്നു ആ നല്ലമനസ് അതിന്നെവിടോ പോയൊളിച്ചിരിക്കുന്നു ….
നമ്മുടെ സംസ്കാരം , സഹജീവികളോടുള്ള കരുണ അതൊക്കെ എവിടെയാണ് പോയൊളിച്ചത് ?
കാണുന്ന സിനിമകളിൽ ….കളിക്കുന്ന ഗെയിമുകളിൽ ….പരത്തുന്ന വീഡിയോകളിൽ ….വാർത്തകളിൽ …
നമ്മൾ സരളമായി കേട്ടുകൊണ്ടിരുന്ന സംഗീതങ്ങളിൽ ….
മനസ്സുനിറഞ്ഞു കണ്ടുകൊണ്ടിരുന്ന നൃത്തങ്ങളിൽ….
നമ്മൾ ചലിക്കുന്നതും ചെയ്യുന്നതുമായ രീതികളിൽ ….,
എന്തിനേറെ കുട്ടികളുടെ കളിപ്പാട്ടക്കടയിൽ കയറിയാൽ പോലും പകുതിയിലേറെ
കളിപ്പാട്ടങ്ങൾ തോക്കുകളാണ്…..
അങ്ങനെയങ്ങനെ ലോകത്തിലെ മിക്കവാറും എല്ലാം തന്നെ ഒന്നല്ലങ്കിൽ മറ്റൊരു തരത്തിലിന്ന് അക്രമാസക്തമായിക്കൊണ്ടിരിക്കുന്നതിനാൽ നമ്മളിന്ന് ഇവിടെവരെയെത്തിയതിൽ തെല്ലുമേ അത്ഭുതപ്പെടേണ്ടതില്ല…
ഇതെല്ലാം രാഷ്രീയവും മതപരവും മാത്രമാക്കി വളച്ചൊടിച്ചു ആവുന്നത്ര ആളിക്കത്തിച്ചു രണ്ടുദിവസം വായിതോന്നുന്ന ഹെഡിങ്ങുകൾ അച്ചടിച്ചിറക്കി ലൈക്ക് മേടിച്ചു തൃപ്തിയടഞ്ഞു മൂന്നാം ദിവസം വേട്ടക്കാരൻ പുതിയ ഇരയെത്തേടിയിറങ്ങുന്നതിന് മുമ്പ് ….
നമ്മൾ മണിപ്പൂരിയോ, ഡൽഹിയോ , യൂറോപ്പോ കേരളമോ എന്തുമായിക്കൊള്ളട്ടെ ….
ഒരു വ്യക്തിയെന്ന നിലയിൽ നാം സ്വയം നമ്മെ തന്നെ ഒരുനിമിഷം നോക്കിയാൽ …..
നമ്മുടെ ഒരു ദിവസത്തിലെ പല നിമിഷങ്ങളിൽ നമ്മൾ തന്നെ കാണിച്ചു കൂട്ടുന്ന പ്രവർത്തികൾ കണക്കിലെടുത്താൽ ഈ കണ്ട ക്രിമിനലുകളും നമ്മളും തമ്മിൽ. ഇനി വല്യ ദൂര വ്യത്യാസമുണ്ടോ ?
ഇല്ല എന്ന് തന്നെ ഞാൻ പറയും . കാരണം , പാമ്പിനെകൊണ്ട് കടിപ്പിച്ചും , കെട്ടിത്തൂക്കിയും , സോഷ്യൽമീഡിയകളിലൂടെ പലവിധത്തിൽ വലിച്ചിഴച്ചും , വിഷം കൊടുത്തുമൊക്കെ നമ്മളും നമ്മളുടെ മുറ്റത്തു കൊന്നൊടുക്കുന്നുണ്ട് ഒട്ടേറെ ബേട്ടികളെ …
അക്രമിക്കപെടുന്ന പിഞ്ചുകുഞ്ഞുങ്ങൾ ….
കൊലചെയ്യപ്പെടുന്ന മാതാപിതാക്കൾ ….
തുണിപൊക്കി നോക്കുന്ന സോഷ്യൽ മീഡിയ നരികൾ …..
വാക്കാലും ഇമോജിയാലും , ഷെയറിനാലും കിട്ടിയ അവസരം മുതലാക്കി പതിഞ്ഞിരുന്നാക്രമിക്കുന്ന മുഖം മൂടിയിട്ട സ്റ്റാറ്റസുള്ള പിശാചുക്കൾ ….
വിശന്നന്നം തേടിയവനെ കെട്ടിയിട്ട് തല്ലിക്കൊന്ന് സന്തോഷിച്ച ഇവരെല്ലാം സ്വന്തമായുള്ള നമ്മളിന്നെന്തിന് മണിപ്പൂർ വരെപോകണം …..
അപ്പോൾ എല്ലാരും ഒന്നില്ലങ്കിൽ മറ്റൊരു രീതിയിൽ ക്രൈം ചെയ്യുന്നുണ്ട് ….
ലോകത്തിനു മുകളിൽ പറന്നു നടന്നു പ്രൗഢി കാണിക്കുന്ന രക്ഷിതാവേ ….
ആരുമൊന്നുമറിയില്ലന്നുകരുതി പിന്നെയും പിന്നെയും തിരിഞ്ഞിരുന്നു സ്വന്തം തീട്ടം തിന്നുന്നവരെ … ….
നിങ്ങൾ ഒന്ന് മനസിലാക്കുക ….
ടെലിവിഷനില്ലാത്ത കൂരയ്ക്കു മുകളിൽ ആന്റിനവച്ചു പ്രൗഢി കാണിച്ചിരുന്ന യുഗത്തിലല്ല നാമിന്ന് ജീവിക്കുന്നത് …..
ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന സകല വൃത്തികേടുകളും, നമ്മൾ തന്നെ പറപ്പിച്ചു വിട്ട അതെ സാറ്റലൈറ് വെളിച്ചത്തിൽ നല്ല ക്ലാരിറ്റിയിൽത്തന്നെ ലോകം മുഴുവൻ കണ്ടാസ്വദിച്ചു പരിഹസിക്കുകയാണ് …..
അതിനാൽ നമ്മളിലെ തീ ഇന്ന് നമ്മൾ തന്നെ സ്വയം കെടുത്തിയമർത്തിയില്ലങ്കിൽ …അത് നാളെ നമ്മളെയടക്കം മിഴുങ്ങുന്ന ദിവസവും വിദൂരമല്ല ഇന്നോ നാളെയോ അതുണ്ടാകും….
ജോസ്ന സാബു സെബാസ്റ്റ്യൻ
കായംകുളത്ത് ഡിവൈഎഫ്ഐ നേതാവിനെ കുത്തിക്കൊന്നു. ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽതറയിൽ സന്തോഷ്–-ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയെ (21) യാണ് കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗമാണ്. ചൊവ്വ വൈകിട്ട് ആറിന് കൃഷ്ണപുരം കാപ്പിൽ കുറ്റിപ്പുറം കളത്തട്ടിന് സമീപമാണ് സംഭവം. കേസിൽ രണ്ട് പേരെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തു.
ക്രിക്കറ്റ് കളിക്കാൻ സുഹൃത്തിനെയുംകൂട്ടി ബൈക്കിൽപോയ അമ്പാടിയെ ബൈക്കിലെത്തിയ മൂന്നുപേർ തടഞ്ഞുനിർത്തി കുത്തിവീഴ്ത്തുകയായിരുന്നു. സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ രക്ഷപെട്ടു.കഴുത്തിന് മാരകമുറിവേറ്റ അമ്പാടിയെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൈയ്ക്കും മുഖത്തും വെട്ടേറ്റിട്ടുമുണ്ട്.
മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സഹോദരൻ: ജഗൻ. കസ്റ്റഡിയിലെടുത്തവർ ലഹരി മാഫിയാ, ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ഒരാൾ പോക്സോ കേസിലും പ്രതിയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ദേവികുളങ്ങര പഞ്ചായത്തിൽ ബുധൻ പകൽ രണ്ടുമുതൽ ആറുവരെ സിപിഐ എമ്മും ഡിവൈഎഫ്ഐയും ഹർത്താലിന് ആഹ്വാനംചെയ്തു.
ഉമ്മന് ചാണ്ടിയുടെ തലസ്ഥാനത്തെ വസതിയായ പുതുപ്പള്ളി ഹൗസിൽ എന്നും ജനകൂട്ടമുണ്ടായിരുന്നു. പരാതികൾക്ക് പരിഹാരം തേടിയാണ് സാധാരണക്കാർ പുതുപ്പള്ളി ഹൗസിലേക്ക് കൂട്ടമായി എത്തിയിരുന്നെങ്കില് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാനാണ് ഇന്ന് ജനം ഒഴുകിയെത്തിയത്. തിരുവനന്തപുരത്തൊരു പുതുപ്പള്ളി! കോട്ടയത്തെ പുതുപ്പള്ളിയുമായുള്ള ബന്ധം നിലനിർത്താനാണ് തലസ്ഥാനത്തെ വീടിന് ഉമ്മൻ ചാണ്ടി ‘പുതുപ്പള്ളി ഹൗസ്’ എന്ന പേരു നൽകിയത്. ആദ്യം മുഖ്യമന്ത്രിയായപ്പോൾ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഔദ്യോഗിക വസതി. രണ്ടാം തവണ മുഖ്യമന്ത്രിയായപ്പോഴാണ് ക്ലിഫ് ഹൗസിലേക്ക് താമസം മാറിയത്.
ജനകീയ നേതാവിനെ അടുത്തറിഞ്ഞവരും കേട്ടറിഞ്ഞവരും രാവിലെ തന്നെ പുതുപ്പള്ളി ഹൗസിലെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ കുടുംബം രണ്ടര മണിയോടെ ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്ത് എത്തി. മകൾ അച്ചു ഉമ്മനും ബന്ധുക്കളും വിമാനത്താവളത്തിൽനിന്ന് പുതുപ്പള്ളി ഹൗസിലേക്ക് പോയി. ഭാര്യ മറിയാമ്മ ഉമ്മനും മകൻ ചാണ്ടി ഉമ്മനും മകൾ മറിയം ഉമ്മനും മൃതദേഹത്തെ അനുഗമിച്ചു. മൂന്നു മണിയോടെ പുതുപ്പള്ളി ഹൗസിലെത്തിയ അച്ചു ഉമ്മന്, പിതാവിന്റെ ഓർമകളിൽ വിതുമ്പി. സുഹൃത്തുക്കളും നേതാക്കളും കുടുംബത്തെ ആശ്വസിപ്പിച്ചു.
ജനകൂട്ടത്തെ എന്നും ഇഷ്ടപ്പെട്ടിരുന്ന നേതാവിനെ കാണാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ എത്തിയതോടെ പുതുപ്പള്ളി ഹൗസ് സ്ഥിതിചെയ്യുന്ന ജഗതി ജനക്കൂട്ടത്തിന്റെ പിടിയിലമർന്നു. മൂന്നു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ആംബുലൻസ് 8 കിലോമീറ്റർ പിന്നിട്ട് ജഗതിയിലെത്തിയത് 4.45ന്. ‘കേരളത്തിന്റെ നായകനേ, നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞേ’– പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. ജഗതിയിൽനിന്നും വീട്ടിലേക്കുള്ള ചെറിയവഴി ജനസമുദ്രമായതോടെ ആംബുലൻസ് കടന്നുപോകാൻ ഏറെ പ്രയാസപ്പെട്ടു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി ഉച്ചയോടെ കുടുംബസമേതം പുതുപ്പള്ളി ഹൗസിലെത്തിയിരുന്നു. വി.എം.സുധീരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, പാലോട് രവി, ശബരീനാഥൻ, ഹൈബി ഈഡൻ എന്നിവർ ഉൾപ്പെടെയുള്ളവർ പുതുപ്പള്ളി ഹൗസിലെത്തി. തിരക്കുകാരണം പല നേതാക്കൾക്കും വീട്ടിനുള്ളിലേക്ക് കടക്കാനായില്ല. അഞ്ചു മണിക്കുശേഷം മൃതദേഹം ആംബുലൻസിൽനിന്ന് വീട്ടിലേക്ക് കയറ്റി. പൊതുദർശനത്തിനുശേഷം മൃതദേഹം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്ക് കൊണ്ടുപോകും.