India

കത്ത് വന്നതു മുതല്‍ ഭീതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഭീഷണി സന്ദേശം അയച്ച കത്തില്‍ പേരുള്ള ജോസഫ് ജോണ്‍ നടുമുറ്റത്തിന്റെ മകള്‍. കത്തിലെ കയ്യക്ഷരം കുടുംബത്തോട് ശത്രുതയുള്ള വ്യക്തിയുടേതെന്ന് ജോസഫിന്റെ മകള്‍ പറഞ്ഞു.

കത്തിലെ കൈയ്യക്ഷരം ആരുടേതാണെന്ന് തനിക്ക് അറിയാം. അത് തന്റെ അച്ഛന്‍ എഴുതിയ കത്തല്ല, എഴുതിയ ആളുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും പോലീസിനോട് പറയാമെന്നും തനിക്കും കുടുംബത്തിനും അങ്ങനെയൊരു കത്തെഴുതിയിട്ട് എന്തുകിട്ടാനാണെന്നും ജോസഫിന്റെ മകള്‍ പറയുന്നു.

രണ്ട് ദിവസമായി പോലീസ് വന്ന് കാര്യം തിരക്കുകയാണ്. പ്രധാനമന്ത്രിയെ കൊല്ലുമെന്ന് പറഞ്ഞിട്ട് എന്ത് കിട്ടാനാണ്. അദ്ദേഹം ഒരു സീനിയര്‍ സിറ്റിസണ്‍ ആണെന്നും നമുക്ക് മനസാ വാചാ അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആരോ കത്തില്‍ എഴുതുമ്പോള്‍ അത് എല്ലാവരും വിശ്വസിക്കുകയാണെന്നും അവര്‍ പറയുന്നു.

ഒരു നിരപരാധിയെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്തയാളെ എന്തായാലും കണ്ടെത്തണം. കയ്യക്ഷരം വച്ച് ആരാണ് എഴുതിയതെന്ന് തനിക്കറിയമെന്നും ബന്ധുവല്ല, അടുത്ത പ്രദേശത്തുള്ള ആളാണെന്നും ഇയാള്‍ക്ക് ശത്രുതയുള്ളയാളുകള്‍ക്ക് കത്തെഴുതുക തുടങ്ങിയവയാണ് ഇവരുടെ രീതിയെന്നും ഇനി മാനസിക പ്രശ്‌നമാണോ എന്ന് അറിയില്ലെന്നും ജോസഫിന്റെ മകള്‍ പറയുന്നു.

അച്ഛനുമായി കഴിഞ്ഞ ആഴ്ചപ്രശ്‌നമുണ്ടായിരുന്നു. അന്ന് തനിക്ക് കാണിച്ചു തരാമെന്ന് അയാള്‍ പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിട്ടായിരിക്കും ഈ കത്തെഴുതി അങ്ങോട്ട് അയച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരള സന്ദര്‍ശനത്തിനിടെ ചാവേര്‍ ബോംബാക്രമണത്തിലൂടെ വധിക്കുമെന്ന് ഊമക്കത്ത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഊമക്കത്ത് ലഭിച്ചത്.

ഒരാഴ്ച മുമ്പായിരുന്നു സുരേന്ദ്രന് ഊമക്കത്ത് ലഭിച്ചത്. അതേസമയം, കത്തിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണം നടന്നു വരികയാണ്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്ക് കൂടുതല്‍ സുരക്ഷയൊരുക്കും.

പ്രധാനമന്ത്രി കേരളത്തില്‍ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് എഡിജിപി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിശദമായി പരാമര്‍ശിച്ചിട്ടുള്ളത്. ഇതിലാണ് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് പറയുന്നത്.

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നാളെ വൈകുന്നേരമാണ് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നത്. ഏപ്രില്‍ 25ന് തിരുവനന്തപുരത്ത് വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് അടക്കമുള്ള പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

 

മലയാളി യുവാവിന് പെരുന്നാൾ ആഘോഷത്തിനിടെ ഉമ്മുൽഖുവൈനിലെ വാഹനാപകടത്തിൽ ദാരുണമരണം. ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന മലയാളിയുവാവാണ് മരിച്ചത്. മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി ടി ജസീമാണ് (32) മരിച്ചത്.

റിട്ട. ഡിവൈഎസ്പി ടി ടി. അബ്ദുൽ ജബ്ബാറിന്റെയും റംലയുടെയും മകനാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന ജസീം, കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതായിരുന്നു.

ഇതിനിടെ ജസീം റോഡരികിൽ മാതാവുമായി ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ടെത്തിയ ഒരു വാഹനം ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

ജസീം ദുബായ് റാഷിദിയയിലാണ് താമസം. ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ.

ഐസ്ക്രീം കഴിച്ച് ഛർദിയുണ്ടായതിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധു അറസ്റ്റിൽ. കുട്ടിയുടെ പിതൃ സഹോദരി താഹിറയാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സംശയം പറഞ്ഞിരുന്നു. വിഷം കലർത്തിയ ഐസ്ക്രീമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സഹോദരനുമായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് താഹിറ പൊലീസിനോട് സമ്മതിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നീങ്ങിയത്. സൈബർ സെൽ മൊബൈൽ ഫോൺ പരിശോധിച്ചാണ് പിതൃസഹോദരിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12)യാണ് ഐസ് ക്രീം കഴിച്ച് ഛർദിയെ തുടർന്ന് മരിച്ചത്. ഞായറാഴ്ചയാണ് അരിക്കുളത്തെ കടയിൽനിന്ന് ഐസ്ക്രീം കഴിച്ചത്. തുടർന്ന് ഛർദിയുണ്ടായതിനാൽ വീടിന് സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയൂരിലും ചികിത്സ തേടി. ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അന്നു രാവിലെ മരിച്ചു.

ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ്, പൊലീസ്, ഫോറൻസിക് വിഭാഗം എന്നിവ അരിക്കുളത്തെ ഐസ്ക്രീം വിറ്റ കടയിൽനിന്ന് സാമ്പ്ൾ ശേഖരിച്ച ശേഷം കടയടപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, കുട്ടിയുടെ ശരീരത്തിൽ അമോണിയം ഫോസ് ഫറസിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതകമാണെന്ന് സംശയമുണ്ടായത്. തുടർന്ന് കൊയിലാണ്ടി പൊലീസ് വിദഗ്ധ അന്വേഷണം നടത്തുകയായിരുന്നു. നിരവധി പേരിൽനിന്ന് മൊഴിയെടുത്തു.

കൊട്ടിയത്ത് ഏഴ് വയസ്സുകാരി തിരയില്‍പെട്ട് മരിച്ച സംഭവത്തില്‍ ദുരൂഹത. കുട്ടിയെ കടല്‍തീരത്തേക്ക് കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. മരിച്ച ഏഴ് വയസ്സുകാരിയാ ജ്യോഷ്‌നയുടെ അമ്മയെ രണ്ടാം വിവാഹം കഴിക്കുവാന്‍ എത്തിയ യുവാവാണ് കുട്ടിയെ കടല്‍ തീരത്തേക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ഇയാള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് കുട്ടിയുടെ പിതാവിന്റെ സഹോദരനാണെന്നാണ് ഇതും ബന്ധുക്കളുടെ സംശയത്തിന് ബലം നല്‍കുന്നു. എന്തിനാണ് ഉച്ചസമയത്ത് കുട്ടികളെ കൊണ്ട് കടല്‍ തീരത്തേക്ക് പോയതെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. ഉച്ചസമയത്ത് ആളുകള്‍ അധികം കടല്‍ തീരത്ത് ഉണ്ടാകില്ല. അതേസമയം കുട്ടികളെ കടല്‍ തീരത്തേക്ക് കൂട്ടിക്കൊണ്ട് പോയ യുവാവ് സമീപവാസിയാണെന്ന് അവകാശപ്പെട്ടുവെങ്കിലും ഇയാള്‍ കോട്ടയം കാരനാണെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.

കുട്ടികളെ കടല്‍ തീരത്ത് ഇറക്കി വിട്ട ശേഷം ഇയാള്‍ കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ പോയി എന്നും എന്നാല്‍ 20 മിനിറ്റ് കഴിഞ്ഞ ശേഷമാണ് ഇയാള്‍ തിരിച്ചെത്തിതെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ബന്ധിക്കള്‍ കുട്ടിയെ കടല്‍ തീരത്ത് കൊണ്ടു പോയത് താങ്കള്‍ അല്ലെ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്നാണ് അയാള്‍ പറഞ്ഞതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. അയാള്‍ വീടിന്റെ അകത്തുണ്ട് എന്നാല്‍ പുറത്ത് വരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

അമേരിക്കയിലെ ഗ്യാസ് സ്റ്റേഷനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ സായിഷ് വീര എന്ന 24കാരനാണ് കൊല്ലപ്പെട്ടത്. ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലെത്തിയ സായിഷ് വീര പഠനത്തോടൊപ്പം കൊളംബസ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഫ്യൂവല്‍ സ്റ്റേഷനില്‍ പാര്‍ടൈം ജോലിയും ചെയ്തു വരുകയായിരുന്നു.

ഏപ്രില്‍ 20ന് പുലര്‍ച്ചെ 12.50ഓടെ ബ്രോഡ് സെന്‍റ് 1000 ബ്ലോക്കിലേക്ക് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് പോലീസ് സംഘമെത്തി പരിശോധന നടത്തുമ്പോഴാണ് വിദ്യാര്‍ഥിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തുന്നത്. കൊളംബസ് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെത്തി സായിഷ് വീരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിന്നീട് നടന്ന അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിയെ കുറിച്ചുള്ള വിവരവും മരിച്ചയാളുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്നതും.സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൊളംബസ് പോലീസ് പറഞ്ഞിട്ടുണ്ട്. സിസിടിവി ക്യാമറകളിൽ പതിഞ്ഞ പ്രതിയുടെ ഫോട്ടോയും കൊളംബസ് ഡിവിഷൻ പൊലീസ് പങ്കുവെച്ചിരിക്കുകയാണ്.

സായിഷ് വീരയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ രോഹിത് യലമഞ്ചിലി എന്നയാളുടെ നേതൃത്വത്തില്‍ നടക്കുന്നു. ബിരുദാനന്തര ബിരുദം സ്വന്തമാക്കാന്‍ 10 ദിവസം മാത്രം ശേഷിക്കെയാണ് ദാരുണമായ സംഭവം നടക്കുന്നത്. സായിഷ് വീരയെ എച്ച് 1 ബി വിസക്കായി പരിഗണിച്ചിരുന്നവെന്നും രോഹിത് എന്നയാൾ പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ സായിഷ് വീര ഗ്യാസ് സ്റ്റേഷനിലെ ക്ലര്‍ക്ക് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു – സുഹൃത്തുക്കള്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് പിതാവിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാനായാണ് യുവാവ് അമേരിക്കയിലെത്തുന്നത്. കൊളംബസ് മേഖലയിലെ മികച്ച ക്രിക്കറ്റ് പ്ലേയര്‍ കൂടിയായിരുന്നു സായിഷ് എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞിരിക്കുന്നത്.

 

 

രാജസ്ഥാനിലെ അൽവാറിൽ വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്ത് പതിച്ച മരണം. റയിൽവെ ട്രാക്കിന് സമീപം മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമ്മയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കാളി മോറി ഗേറ്റിൽ നിന്ന് വരുകയായിരുന്നു ട്രെയിൻ ട്രാക്കിൽ ഒരു പശുവിനെ ഇടിക്കുകയിരിക്കുന്നു. ഇടി കൊണ്ട് തെറിച്ച പശു ട്രാക്കിൽ മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. സംഭവസഥലത്ത് വെച്ച് തന്നെ ശിവദയാൽ മരിച്ചതായി ബന്ധുക്കൾ പറഞ്ഞു. ശിവദയാലിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

 

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് നീട്ടിവയ്ക്കണമെന്ന് ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയില്‍ അഭ്യര്‍ഥിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് തിരഞ്ഞെടുമെന്ന് അഭ്യര്‍ഥിച്ചത്.

രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത, വര്‍ധിച്ചുവരുന്ന ഭീകരവാദം എന്നിവയോടൊപ്പം ഇന്ത്യയുമായുള്ള യുദ്ധഭീഷണിയും തിരഞ്ഞെടുപ്പിന് തടസ്സമായി മന്ത്രാലയം പറയുന്നു. രാഷ്ട്രീയമായി നിര്‍ണായകമായ പഞ്ചാബ് പ്രവിശ്യയിലെ തിരഞ്ഞെടുപ്പ് രാജ്യത്തെ വംശീയ പ്രശ്നങ്ങള്‍, ജല തര്‍ക്കങ്ങള്‍ തുടങ്ങിയവ മുതലെടുക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഴ് വയസ്സുകാരി പെൺകുട്ടി കൊല്ലം ബീച്ചിൽ തിരയിൽ പെട്ട് മരണമടഞ്ഞു. യുകെ മലയാളിയായ റീനയുടെയും കൊല്ലം നടുവിലക്കര പുല്ലിച്ചിറ ഹെവൻസ് വില്ലയിൽ പരേതനായ ജിസന്റെയും മകൾ ജോഷ്ന ജിസൻ (7) ആണ് മരണമടഞ്ഞത്.

ഇന്നലെ വൈകിട്ടു 3.30നു കൊല്ലം ബീച്ചിനും പോർട്ടിനും ഇടയിലുള്ള സ്ഥലത്ത് ആണ് അപകടം. ജോഷ്നയും സഹോദരൻ ജോയലും പുല്ലിച്ചിറ സ്വദേശിയായ പ്രശാന്തിന്റെയും ഇദ്ദേഹത്തിന്റെ 2 മക്കളുടെയും കൂടെ ബീച്ചിൽ എത്തിയതാണ്. കുട്ടികളെ ബീച്ചിനു സമീപം ഇറക്കിയ ശേഷം പ്രശാന്ത് വാഹനം പാർക്ക് ചെയ്യുന്നതിനായി പോയി. ഇതിനിടെ തീരത്തേക്ക് ഇറങ്ങിയ കുട്ടികൾ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു.

4 പേരും തിരയിൽപെട്ടെങ്കിലും 3 പേരും തിരികെ അടിച്ച തിരയിൽ രക്ഷപ്പെട്ടു. എന്നാൽ, ജോഷ്ന ശക്തമായ ഒഴുക്കിൽപെട്ടു. കുട്ടികളുടെ ബഹളം കേട്ടു സമീപവാസികളും ലൈഫ് ഗാർഡുകളും ചേർന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.

ജോഷ്‌നയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചതോടെ കുടുംബത്തിന്റെ ഭാരം റീനയിൽ വന്നു ചേർന്നു. അങ്ങനെയാണ് മക്കളെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്ത് ഏൽപ്പിച്ചിട്ട് റീന സ്‌കോ’ട്ലാന്റിലേക്ക് പോയത്. ഇസ്രായലിൽ നിന്നും തിരിച്ചെത്തിയ പ്രശാന്ത് ഔട്ടിംഗിനായാണ് സ്വന്തം മക്കൾക്ക് ഒപ്പം റീനയുടെ മക്കളെയും കൂട്ടിയത്.

സ്‌ക്വാട്‌ലാന്റിൽ ജോലി ചെയ്യുന്ന റീനയ്ക്ക് പൊന്നു മോളുടെ വേർപാട് വിശ്വസിക്കാനായില്ല. പ്രശാന്തിന്റെ ഭാര്യയും സ്‌ക്വാട്‌ലാന്റിൽ ഉണ്ട്. അവർ വഴി കാര്യങ്ങൾ അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ തിരിക്കുകയായിരുന്നു. ഇന്നു നാട്ടിലെത്തും. ജോഷ്ന മയ്യനാട് കെപിഎം സ്‌കൂൾ വിദ്യാർത്ഥിയാണ്. പള്ളിത്തോട്ടം പൊലീസ് കേസെടുത്തു.

ജോഷ്ന ജിസന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

വാഴക്കുളത്ത് വാഹനാപകടത്തിൽ മരിച്ച പ്രജേഷിൻ്റേയും മകൾ രണ്ടര വയസ്സുകാരി അലാനയുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു ദർശനത്തിന്ു വച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സെൻ്റ് ജോർജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഇരുവരുടേയും മൃതദേഹങ്ങൾ കൂവേലിപ്പടിയിലുള്ള വീട്ടിലെത്തിച്ചത്. രണ്ട് ആംബുലൻസുകളിലായാണ് മൃതദേഹം കൊണ്ടുവന്നത്. ആദ്യം പ്രജേഷിൻ്റെ മൃതദേഹമാണ് വീട്ടിലെത്തിച്ചത്. തുടർന്ന് അലാന മോളുടെ മൃതദേഹം എത്തിക്കുകയായിരുന്നു.

ദുരന്തത്തിൽ വിറങ്ങലിച്ച അവസ്ഥയിലായിരുന്നു പ്രജേഷിൻ്റെ ഭാര്യ അനു. പൊന്നുമോളുടെയും പ്രിയ ഭർത്താവിൻ്റെയും ചേതനയറ്റ ശരീരം കണ്ട് അനു മുറിയിൽ തളർന്നുവീണ് പൊട്ടിക്കരഞ്ഞു. അനുവിൻ്റെ സങ്കടം അവിടെ കൂടി നിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. കൊല്ലത്ത് ജർമൻ ഭാഷാ പരിശീലനത്തിനായി പോയിരുന്ന അനു തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടിലെത്തിയത്. അപകടത്തെക്കുറിച്ച് വ്യക്തമായി അറിയിച്ചിരുന്നില്ല. എന്നാൽ അധികനേരം ദുരന്തം ഒളിപ്പിച്ചുവയ്ക്കാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. ദുരന്തം തിരിച്ചറിഞ്ഞതോടെ അതിനെ ഉൾക്കൊള്ളാനാവാതെ അലമുറയിട്ട് അനു നിലവിളിച്ചു. അനുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നിസ്സഹായരായി മാറുന്ന കാഴ്ചയ്ക്കാണ് മരണ വീട് സാക്ഷ്യം വഹിച്ചത്.

പ്രജേഷിനേയും അലാനമോളേയും അവസാനമായി ഒരു നോക്കുകാണാൻ ബന്ധുക്കളും നാട്ടുകാരുമായി ഏറെജനങ്ങൾ വീട്ടിലെത്തിയിരുന്നു. ഉറക്കത്തിലെന്ന പോലെയാണ് അലാനമോൾ ചലനമറ്റ് കിടന്നിരുന്നത്. ആ കാഴ്ച ഏവരേയും വേദനിപ്പിച്ചിരുന്നു. മകൻ്റെയും കുഞ്ഞുമോളുടെയും അനക്കമറ്റ ശരീരം കണ്ടതോടെ പ്രജേഷിൻ്റെ മാതാപിതാക്കളായ റോസിലിയ്ക്കും പോളിനും സങ്കടം സഹിക്കാൻ കഴിയാത്ത അവസ്ഥയായി. ഇന്നുരാവിലെ 10.30-ന് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ വച്ച് സംസ്കാരം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വാഴക്കുളത്ത് പാഴ്‌സല്‍ വണ്ടി ഇടിച്ചുകയറി രണ്ടര വയസ്സുകാരി ഉൾപ്പെടെ മൂന്നു കാൽനട യാത്രക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രജേഷിനും അലാനയ്ക്കുമൊപ്പം കൂവേലിപ്പടി സ്വദേശിനിയായ മേരിയും മരണപ്പെട്ടിരുന്നു. റോഡിന് വശത്തുകൂടെ നടന്നുപോയവരാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട പാഴ്സൽ ലോറി ഇവരുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

വാഴക്കുളം മടക്കത്താനത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 8.15 ഓടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അമിത വേഗതയില്‍ എത്തിയ പാഴ്‌സല്‍ വണ്ടി നിയന്ത്രണംവിട്ട് വഴിയാത്രക്കാരെ ഇടിക്കുകയായിരുന്നു എന്നാണ് സംഭവസ്ഥലത്തുള്ളവർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്തുവച്ചുതന്നെ മൂന്നു പേരും മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസസമയം അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

പാഴ്സൽ ലോറി മൂവാറ്റുപുഴയിൽ നിന്നും വരികയായിരുന്നു . കാൽനടയാത്രക്കാരെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് രക്തം തളംകെട്ടി കിടപ്പുണ്ട്. ഇടിയുടെ ആഘാതത്തിൽ വാഹനവും മീറ്ററുകളോളം ദൂരത്തിൽ തെറിച്ചു പോയിരുന്നു. അമിത വേഗതയിലായിരുന്നു വാഹനം വന്നിരുന്നതെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു.

അപകടത്തിൽപ്പെട്ട മൂന്ന് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു എന്നാണ് രക്ഷാപ്രവർത്തകർ വ്യക്തമാക്കുന്നത്. മരണപ്പെട്ട പ്രജേഷ് അപകടം നടന്ന സ്ഥലത്തിന് നൂറു മീറ്റർ അകലെ കട നടത്തുന്ന വ്യക്തിയാണ്. തൻ്റെ രണ്ടര വയസ്സുള്ള മകളെയും എടുത്ത് പ്രജേഷ് കടയിലേക്ക് വരുകയായിരുന്നു. അപകടത്തിൽപ്പെട്ട മരണപ്പെട്ട മേരി കാൽനട യാത്രക്കാരിയാണ്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് മേരി അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം.

ബ്ലൂ ഡാർട്ട് കൊറിയറിൻ്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. വാഹനം സഞ്ചരിച്ചത് അമിത വേഗതയിലായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു. ഡ്രൈവിങ്ങിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട്. അപകടം നടന്ന സ്ഥലം ഇതിനുമുമ്പും നിരവധി അപകടങ്ങൾക്ക് വേദിയായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മൂന്നു മൃതദേഹങ്ങളും തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടമുണ്ടാക്കിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Copyright © . All rights reserved