India

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 51 വയസ്സുകാരനായ പിതാവിനെ ശിക്ഷിച്ച് പത്തനംതിട്ട പോക്‌സോ കോടതി. 78 വർഷം കഠിന തടവും 2,75,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കാതിരുന്നാൽ മൂന്നര വർഷം അധിക കഠിന തടവും അനുഭവിക്കണം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (3) പോക്‌സോ ആക്ട് വകുപ്പുകൾ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിതാവിന്റെ മദ്യപാനവും ഉപദ്രവവും കാരണം ഭാര്യ നേരത്തെ വീട് വിട്ട് പോയിരുന്നു. തുടർന്ന് പെൺകുട്ടി പിതൃമാതാവിനും മൂത്ത സഹോദരിമാരോടും ഒപ്പം വീട്ടിലായിരുന്നു.

മകൾ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പിതാവ് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഒരു അവധി ദിവസം മകളെ ആളില്ലാത്ത ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയും എതിർത്ത മകളുടെ കവിളിൽ കുത്തിപ്പിടിച്ച് മുറിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

അടുത്ത ദിവസം വീട്ടിലെത്തിയ കുട്ടിയുടെ കവിളിലെ മുറിപ്പാടിൽ സംശയം തോന്നിയ പ്രതിയുടെ സഹോദരി സ്‌കൂൾ ടീച്ചർമാരോട് വിവരം തിരക്കി. തുടർന്നാണ് പിതാവിന്റെ ക്രൂരതകൾ പുറത്തു വരുന്നത്.

ചികിത്സയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റിലായി. കോഴിക്കോട്ടെ മുതിര്‍ന്ന ശിശുരോഗവിദഗ്ധന്‍ ചേവരമ്പലം ഗോള്‍ഫ്‌ലിങ്ക് റോഡ് മേഘമല്‍ഹാറില്‍ ഡോ. സിഎം അബൂബക്കര്‍ (78) നെയാണ് കസബ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോഴിക്കോട് അഞ്ചാം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഗരത്തിലെ ചാലപ്പുറത്തുള്ള ഡോക്ട്‌ടേഴ്‌സ് ക്ലിനിക്കില്‍ വച്ച് ഏപ്രില്‍ 11, 17 തീയതികളായിരുന്നു കേസിനാസ്പദമായ സംഭവം. പതിനഞ്ചുകാരിയായ കുട്ടി ചികിത്സയ്ക്കു വന്നപ്പോള്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഡോക്ടറുടെ പെരുമാറ്റത്തില്‍ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി വീട്ടുകാരോട് കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

കൊല്ലം ബീച്ചിനു സമീപം പെൺകുട്ടി തിരയിൽപ്പെട്ടു മരിച്ചു. കൊല്ലം നടുവിലക്കര പുല്ലിച്ചിറ ഹെവൻസ് വില്ലയിൽ പരേതനായ ജിസന്റെയും റീനയുടെയും മകൾ ജോഷ്ന ജിസൻ (7) ആണു മരിച്ചത്. ഇന്നലെ വൈകിട്ടു 3.30നു കൊല്ലം ബീച്ചിനും പോർട്ടിനും ഇടയിലുള്ള സ്ഥലത്ത് ആണ് അപകടം. ജോഷ്നയും സഹോദരൻ ജോയലും പുല്ലിച്ചിറ സ്വദേശിയായ പ്രശാന്തിന്റെയും ഇദ്ദേഹത്തിന്റെ 2 മക്കളുടെയും കൂടെ ബീച്ചിൽ എത്തിയതാണ്. കുട്ടികളെ ബീച്ചിനു സമീപം ഇറക്കിയ ശേഷം പ്രശാന്ത് വാഹനം പാർക്ക് ചെയ്യുന്നതിനായി പോയി. ഇതിനിടെ തീരത്തേക്ക് ഇറങ്ങിയ കുട്ടികൾ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു.

4 പേരും തിരയിൽപെട്ടെങ്കിലും 3 പേരും തിരികെ അടിച്ച തിരയിൽ രക്ഷപ്പെട്ടു. എന്നാൽ, ജോഷ്ന ശക്തമായ ഒഴുക്കിൽപെട്ടു. കുട്ടികളുടെ ബഹളം കേട്ടു സമീപവാസികളും ലൈഫ് ഗാർഡുകളും ചേർന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന റീന ഇന്നു നാട്ടിലെത്തും. ജോഷ്ന മയ്യനാട് കെപിഎം സ്കൂൾ വിദ്യാർഥിയാണ്. പള്ളിത്തോട്ടം പൊലീസ് കേസെടുത്തു.

കുറിച്ചി പഞ്ചായത്തിലെ ഐസ്ക്രീം ഫാക്ടറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അനിശ്ചിതകാല രാപകൽ ഉപരോധം തുടങ്ങി. നാലാം വാർഡിൽ എണ്ണക്കാച്ചിറ പ്രദേശത്തുള്ള ഫാക്ടറി അശാസ്ത്രീയമായി മാലിന്യം തള്ളി ഒട്ടേറെ കിണറുകൾ ഉപയോഗ ശൂന്യമാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിലക്ക് ലംഘിച്ചാണ് 18 ദിവസമായി ഐസ്ക്രീം ഫാക്ടറി പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

പ്രദേശത്തെ ഒട്ടേറെ കിണറുകൾ മലിനമാക്കുന്ന ഫാക്ടറിയുടെ അനുമതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ ജില്ലാ കളക്ടർ ഉൾപ്പെടെ അധികാരികൾക്ക് ഒട്ടേറെ പരാതികൾ നൽകി. പഞ്ചായത്ത് ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടിളും നടത്തിയിരുന്നു. ഒന്നിന്നും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ആണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ അനിശ്ചിതകാല സമരവുമായി കമ്പിനിക്ക് മുൻപിൽ സമരം തുടങ്ങിയത്.

കമ്പനി പരിസരത്തെ ഇരുപതോളം കുടുംബങ്ങൾക്ക് ആണ് പ്രധാനമായും ഈ ബുദ്ധിമുട്ടുകൾ നേരിടുന്നത്. കുട്ടികളും ക്യാൻസർ രോഗികളും പ്രായമായവരും ഉൾപ്പെടെ ഈ കുടുംബങ്ങളിലെ നിരവധി പേരാണ് കമ്പനിയിൽ നിന്നും അശാസ്ത്രീയമായി തള്ളുന്ന മാലിന്യം കിണറുകളിലേക്കു എത്തി അമോണിയം ഉൾപ്പെടെ കലർന്ന ഉപയോഗ്യശൂന്യമായ ജലം വർഷങ്ങളായി കുടിവെള്ളമായി ഉപയോഗിക്കുന്നത്.ഇതിനെതിരെ അധികാരികൾ കണ്ണ് തുറക്കുംവരെ സമരവുമായി മുന്നോട്ടുപോകാനാണ് ജനകീയ സമര സമിതിയുടെ തീരുമാനം.

ബിജോ തോമസ് അടവിച്ചിറ

മുണ്ടക്കയം വണ്ടൻപതാൽ തറയിൽ ബിജു വർഗ്ഗീസിന്റെ മകൾ ജനിൻ മരിയ (18) നിര്യാതയായി. സംസ്കാരം ഇന്ന് 18-04-2023 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:00 PM ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 4:00 PM ന് പൈങ്ങനാപ്പള്ളി സെമിത്തേരിയിൽ. വേദനകൾക്കിടയിലും ഭൂമിയിൽ തനിക്കു ലഭിച്ച കുറച്ചു നാളുകൾ കൊണ്ട് സന്തോഷത്തിന്റെ കുഞ്ഞു സമ്മാനപ്പെട്ടി സ്വന്തമാക്കി അവൾ യാത്രയായി, ജനിൻ മരിയ ജനിൻ മരിയക്ക് ആദ്യം രോഗം വരുമ്പോൾ വയസ്സ് 11, ആറാം ക്ലാസിലെ ഏറ്റവും മിടുക്കി. രക്താർബുദമാണ് എന്നറിഞ്ഞു കൂട്ടുകാരും നാട്ടുകാരും അധ്യാപകരും ഞെട്ടി. പിന്നെ ഒരു വർഷത്തിലേറെ നീണ്ട ചികിത്സ ശേഷം സാധാരണ ജീവിതത്തിലേക്കു തിരികെ വന്നു. പഠനത്തിന്റെ 6 വർഷം കഴിഞ്ഞു…

പക്ഷേ വീണ്ടും ജനിന്റെ വലിയ പ്രതീക്ഷകൾക്കു മുന്നിൽ നിഴലായി രോഗം വീണ്ടുമെത്തി. തലവേദന ജനിനെ വീണ്ടും റീജനൽ കാൻസർ സെന്ററീൽ(ആർസിസി) എത്തിച്ചു. പരിശോധനയിൽ ബ്രെയിൻ ട്യൂമർ,ശസ്ത്രക്രിയയ്ക്ക് ശ്രീചിത്ര മെഡിക്കൽ സെന്ററിലേക്ക് നീണ്ട ശാസ്ത്രക്രിയകൾക്ക് ശേഷം ജനിൻ ജീവിതത്തിലേക്ക് പൊരുതി കയറി വന്നു . എന്നാൽ ആ മാലാഖ കുട്ടിയെ രോഗം പിന്തുടർന്നു, സ്വന്തം അപ്പനും അമ്മയ്ക്കും സഹോദരന്റെ മുൻപിൽ അവളുടെ വേദനകൾ അവൾ ചിരിയാക്കി മാറ്റി, ആ ചിരി മായാതെ ഇന്നും അവരുടെ കണ്ണിൽ ഉണ്ട് അത്രക്ക് മിടുക്കിയും പാവവും ആയിരുന്നു ജനിൻ, കൂട്ടുകാർക്ക് ഇടയിൽ അവൾ തന്റെ വേദനയുടെ കഥ പറയാതെ സ്വപനങ്ങളുടെ കഥ പറഞ്ഞു.

കുഞ്ഞുപൂക്കളുടെ ഇടയിൽ തുടുത്തു നിന്ന അവളുടെ മുഖത്ത് ആ മാലാഖച്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല .ഏപ്രിൽ 17നാണ് ജനിൻന്റെ രോഗം മൂർച്ഛിച്ചത്. മരണ സമയം മുഴുവൻ കുടംബാംഗങ്ങളും അവൾക്കു ചുറ്റും നിന്ന് യാത്രാമൊഴിയേകി. വേദനകൾക്കിടയിലും ഭൂമിയിൽ തനിക്കു ലഭിച്ച കുറച്ചു നാളുകൾ കൊണ്ട് സന്തോഷത്തിന്റെ കുഞ്ഞു സമ്മാനപ്പെട്ടി സ്വന്തമാക്കിയാണ് ജനിൻ മടങ്ങിയത്.

മലയാളി സിഐഎസ്എഫ് ജവാന്‍ വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. ത്സാര്‍ഖണ്ഡ് പത്രാതു സിഐഎഎഫ് യൂണീറ്റിലെ ജവനാണ് അരവിന്ദ്. അരവന്ദും സുഹൃത്തായ ധര്‍മപാല്‍ എന്ന ജവാനും നടക്കുവാന്‍ പോകുന്ന സമയത്താണ് അമിത വേഗതയില്‍ എത്തിയ വാഹനം ഇരുവരെയും ഇടിക്കുകയായിരുന്നു. വാഹനം നിര്‍ത്താതെ പോയി.

അപകടത്തില്‍ പരിക്കേറ്റ് ഇരുവരും ഏറെ നേരം റോഡില്‍കിടന്നുവെന്നാണ് വിവരം. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇരുവരുടെയും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. ഇടിച്ച വാഹനത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു. രാംഗഢിലെ പത്രാതു പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം സംഭവിച്ചത്.

ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ട വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഹമ്മദ് ഹസൻ തിങ്കളാഴ്ചയാണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ടാണ് അഹമ്മദ് ഹസൻ ഐസ്ക്രീം കഴിച്ചത്. ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിൽ എത്തി ചികിത്സ തേടിയെങ്കിലും ബേധമായില്ല തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചങ്ങരോത്ത് എയുപി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അഹമ്മദ് ഹസൻ.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷണാവശിഷ്ടങ്ങളുടെ സാമ്പിൾ പരിശോധിച്ചു. ഐസ്ക്രീം വിൽപ്പന നടത്തിയ കട താൽക്കാലികമായി അടച്ച് സീൽ ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.

ഉത്തർപ്രദേശിൽ ലഖ്‌നൗവിൽ പരീക്ഷ കഴിഞ്ഞ് കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ നടുറോഡിൽ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചു കൊന്നു.

സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാം ലഖൻ പട്ടേൽ മഹാവിദ്യാലയത്തിലെ ബിഎ വിദ്യാർഥിനി 21 കാരിയായ റോഷിണി എന്ന പെൺകുട്ടിയാണ് ആണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്ച പതിനൊന്ന് മണിയോടെ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. നാടൻ തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിർത്തത്.

തലയിൽ വെടിയേറ്റ വിദ്യാർഥിനി സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെയുള്ള തിരക്കേറിയ റോഡിലാണ് ആക്രമണം നടന്നത്.വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അക്രമികളെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും തോക്ക് ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെട്ടു.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ രാജ് അഹിർവാർ എന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം അക്രമം നടത്തിയവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

മുൻ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നാലെ യോഗി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കോളേജ് യൂണിഫോമിൽ രക്തത്തിൽ കുളിച്ച്,കിടക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പെൺകുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രണയ ബന്ധമുണ്ടോ എന്ന കാര്യവും മറ്റും പോലീസ് അന്വേഷിച്ചു വരികയാണ്.

ഇതിനായി പെൺകുട്ടിയുടെ കൂട്ടുകാരിൽ നിന്നും വിവരങ്ങൾ തിരക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പിതാവ് മാൻ സിംഗ് അഹിർവാർ പറയുന്നതനുസരിച്ച്,എന്റെ മൂത്ത മകളും ഈ കോളേജിൽ ബിഎ അവസാന വർഷമാണ് പഠിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ അവൾക്ക് അവധിയായിരുന്നു.അതുകൊണ്ടാണ് അവൾ കോളേജിൽ പോകാതിരുന്നത്.സാധാരണ രണ്ട് പെൺമക്കളും ഒരുമിച്ചാണ് കോളേജിൽ പോയിരുന്നത്. എന്റെ മകളുടെ ഘാതകനെ എത്രയും പെട്ടന്ന് കണ്ടുപിടിക്കണമെന്ന് യോഗി സർക്കാരിനോട് അപേക്ഷിക്കുന്നു എന്നും ഇദ്ദേഹം പറഞ്ഞു.

സിറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വത്തിക്കാന്‍ സഭാ കോടതിയുടെ ക്ലീന്‍ ചിറ്റ്. കര്‍ദിനാള്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സഭാ കോടതി കണ്ടെത്തി. സിറോ മലബാര്‍ സഭയുടെ നഷ്ടം നികത്താന്‍ കോട്ടപ്പടിയിലേയും ദേവികുളത്തേയും ഭൂമി വില്‍ക്കാനും അനുമതി നല്‍കി.

സിറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതിരൂപതയുടെ അപ്പോസ്ത്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ഭൂമിവില്‍പ്പനയ്ക്കുള്ള എല്ലാ സ്വാതന്ത്ര്യവും അദ്ദേഹത്തിനായിരിക്കുമെന്നും വത്തിക്കാന്‍ വ്യക്തമാക്കുന്നു. വില്‍പ്പനയെ എതിര്‍ക്കുന്നവര്‍ക്കെതിരെ കാനോനിക നിയമപ്രകാരം നടപടിയെടുക്കാം. ഇതോടെ രൂപതയിലെ വിമതവിഭാഗം വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരായി അപ്പോസ്ത്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നടപടിയുമായി മുന്നോട്ട് പോകാന്‍ സാധിക്കും.

ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസുകള്‍ റദ്ദാക്കണമെന്ന കര്‍ദിനാളിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. കര്‍ദിനാളിന് അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. ഇതിനിടെയാണ് വത്തിക്കാന്‍ സഭാ കോടതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നത്.

കോട്ടയം: മെഡിക്കല്‍ കോളേജില്‍ പ്രധാന ശസ്ത്രക്രിയ വിഭാഗത്തിന് ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രവും അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷനും യാഥാര്‍ഥ്യമാക്കി തോമസ് ചാഴികാടന്‍ എംപി. ന്യൂറോ വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് എംപിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് ജര്‍മന്‍ നിര്‍മിത അനസ്‌തേഷ്യാ വര്‍ക്ക് സ്റ്റേഷന് എത്തിച്ചത്. നിലവിലുണ്ടായിരുന്ന 13 വര്‍ഷം പഴക്കമുള്ള അനസ്‌തേഷ്യാ മെഷീന്‍ പൂര്‍ണമായും ഉപയോഗശൂന്യമായതിന്റെ പശ്ചാത്തലത്തിലാണ് എംപിയുടെ അടിയന്തര ഇടപെടല്‍.

* കോട്ടയം മെഡിക്കല്‍ കോളജില്‍ ഇനി വെരിക്കോസ് വെയിന് നീഡില്‍ ഹോള്‍ സര്‍ജറി
* ഈ സൗകര്യമുള്ള കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ആശുപത്രി

തോമസ് ചാഴികാടന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ (സി.ഡബ്ല്യു.സി.) സി.എസ്.ആര്‍. ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് വാങ്ങി നല്‍കിയത്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാധുനികമായ ലേസര്‍ ചികിത്സാ സൗകര്യം ഒരുക്കുന്നത്. സ്വകാര്യ മേഖലയില്‍ ഒരു ലക്ഷത്തിൽ കൂടുതൽ ചെലവ് വരുന്ന ഈ ചികിത്സ സൗകര്യം പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ഇവിടെ നടത്തുവാൻ കഴിയും.

അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രമുഖമായ ശസ്ത്രക്രിയ വിഭാഗമാണ് ന്യൂറോ സര്‍ജറി. ദിവസവും അഞ്ചിലധികം ശസ്ത്രക്രിയകളാണ് ഈ വിഭാഗത്തില്‍ നടക്കുന്നത്. നിലവിലെ അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍ പഴക്കം ചെന്നതോടെയാണ് ശസ്ത്രക്രിയയുടെ താളം തെറ്റുന്ന അവസ്ഥയിലായിരുന്നു. അനസ്‌തേഷ്യയ്ക്ക് ഉപയോഗിക്കുന്ന വിവിധ വാതകങ്ങള്‍ ചോര്‍ന്ന് ശസ്ത്രക്രിയയില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാരും ജീവനക്കാര്‍ക്കും വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകത്ത് ലഭ്യമാകുന്നതില്‍ ഏറ്റവും മികച്ച അനസ്‌തേഷ്യ വര്‍ക്ക് സ്‌റ്റേഷന്‍ വാങ്ങുന്നതിന് തീരുമാനമായത്. നിലവില്‍ രണ്ടു കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് എം.പി. ഫണ്ട് ഉപയോഗിച്ചു കോട്ടയം മെഡക്കല്‍ കോളജില്‍ ഇതുവരെ നടപ്പിലാക്കിയത്.

വെരിക്കോസ് വെയിന്‍ ചികിത്സയില്‍ കുതിച്ചുചാട്ടം

ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രം എത്തുന്നതോടെ വെരിക്കോസ് വെയിന്‍ ചികിത്സയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വേറിട്ട് നില്‍ക്കും. ജര്‍മനിയില്‍ നിര്‍മ്മിച്ച ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ ശരീരം തുറന്നുള്ള ചികിത്സയ്ക്ക് അവസാനമാവുകയും നീഡില്‍ ഹോള്‍ (സൂചി ദ്വാര) വഴി ലേസര്‍ രശ്മിയുടെ സഹായത്താല്‍ വെരിക്കോസ് വെയിന്‍ ചികിത്സ സാധ്യമാകും.

നിലവില്‍ വേരിക്കോസ് വെയിന്‍ ശസ്ത്രക്രിയ ശരീരം തുറന്ന് ചെയ്യുമ്പോള്‍ കുറഞ്ഞത് ഒരാഴ്ച ആശുപത്രിയില്‍ കിടക്കുകയും ഒരു മാസത്തിലധികം വീട്ടില്‍ വിശ്രമിക്കുകയും ചെയ്യേണ്ടിവരും. എന്നാല്‍ ആധുനിക ലേസര്‍ ചികിത്സയ്ക്ക് വിധേയരായ രോഗികള്‍ക്ക് അതേ ദിവസമോ പരമാവധി പിറ്റേദിവസമോ ആശുപത്രി വിടാന്‍ സാധിക്കും. ഒരാഴ്ചയ്ക്കകം തന്നെ സാധാരണ ജീവിതം തുടരാനും ഇവര്‍ക്ക് കഴിയും.

കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ (സി. ഡബ്ല്യു. സി. ) സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് യന്ത്രം വാങ്ങിയിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ വാസ്കുലാർ സർജറി മേധവി ആയിരുന്ന ഡോ. ബിന്നി ജോണിന്റെ അഭ്യർത്ഥന പ്രകാരം സി.ഡബ്ല്യു.സി. ഡയറക്ടര്‍ കെ.വി പ്രദീപ് കുമാറിനോട് തോമസ് ചാഴികാടന്‍ എംപി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജ് പി.ടി.എ. ഹാളില്‍ ചേര്‍ന്ന യോഗം തോമസ് ചാഴികാടന്‍ എം.പി. ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ ആര്‍. ശങ്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ ടി. കെ. ജയകുമാര്‍ സി .ഡബ്ല്യു .സി .ഡയറക്ടര്‍ കെ.വി. പ്രദീപ് കുമാര്‍, ഡോ. പി.കെ. ബാലകൃഷ്ണന്‍, ഡോ. ബിന്നി ജോണ്‍, ഡോ. സാം കൃസ്റ്റി മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

RECENT POSTS
Copyright © . All rights reserved