വയനാട് വെണ്ണിയോട് ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ പീഡനം സഹിക്കാനാകാതെയെന്ന് വെളിപ്പെടുത്തി ദർശനയുടെ കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നും ഭർത്താവും ഭർത്താവിൻറെ അച്ഛനും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. പാത്തിക്കൽ ഓംപ്രകാശിൻറെ ഭാര്യ ദർശനയാണ് കഴിഞ്ഞ പതിമൂന്നിന് അഞ്ചുവയസുള്ള മകൾ ദർശനയുമായി പുഴയിൽ ചാടിയത്. ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, ഭർത്താവിൻറെ അച്ഛൻ റിഷഭരാജൻ എന്നിവരാണ് മകളുടെ മരണത്തിന് കാരണമെന്ന് വിശാലാക്ഷി വിതുമ്പലോടെ പറയുകയാണ്.
ദർശനയെ രണ്ട് തവണ ഓംപ്രകാശ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി. നാല് മാസം ഗർഭിണിയായിരിക്കെ വീണ്ടും ഗർഭച്ഛിദ്രം നടത്താൻ ആവശ്യപ്പെട്ടതിൻറെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിയും മുമ്പ് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണം ഭർത്താവിൻറെ അച്ഛൻ കാപ്പിക്കച്ചവടത്തിന് ചോദിച്ചപ്പോൾ നൽകാത്തതുമുതൽ പീഡനം തുടങ്ങിയതയാണ് പരാതി.
ദർശനയെ ഇരുവരും മർദിക്കാറുണ്ടെന്നും പരാതിയുണ്ട്. ശാരീരിക മാനസിക പീഡനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മാർച്ചിൽ കമ്പളക്കാട് പൊലീസിൽ പരാതി നൽകിയിട്ടും നീതി ലഭിച്ചില്ല. മകൾ ദക്ഷയെ കരുതിയാണ് പോകരുതെന്നാവശ്യപ്പെട്ടിട്ടും ദർശന ഭർത്താവിൻറെ വീട്ടിൽ പോയത്. ദർശന സ്വന്തം വീട്ടിലേക്ക് വരുന്നതിനുപോലും ഭർത്തൃവീട്ടുകാർ നിയന്ത്രണം ഏർപ്പെടുത്തി.
കഴിഞ്ഞവർഷം ദർശന അമ്മയ്ക്കൊപ്പം വള്ളിയൂർക്കാവിൽ ക്ഷേത്രദർശനം നടത്താനായി വീട്ടിലേക്ക് വന്നിരുന്നു. നേരം ഇരുട്ടിയതിനാൽ അന്ന് തിരികെപ്പോകാനായില്ല. പിറ്റേദിവസംതന്നെ ഭർത്തൃവീട്ടിലേക്ക് പോയെങ്കിലും ഭർത്തൃപിതാവ് മകളെയും കുടുംബത്തെയും അസഭ്യം പറഞ്ഞു. മകളോട് ആത്മഹത്യചെയ്യണമെന്നും നാലുദിവസംമാത്രമേ സങ്കടമുണ്ടാകൂവെന്നുമാണ് പറഞ്ഞത്. ഇതോടെ മകൾ തിരികെവരുകയും കമ്പളക്കാട് പോലീസിൽ ഭർത്തൃപിതാവിന്റെ സംസാരം റെക്കോഡ് ചെയ്തതടക്കം പരാതി നൽകുകയും ചെയ്തു.
എന്നാൽ, പോലീസിൽനിന്ന് ഒരു പിന്തുണയും കിട്ടിയില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. പോലീസും പോലീസ് നിർദേശിച്ച കൗൺസിലറും ചേർന്ന് മകളെ തിരികെ ഭർത്തൃവീട്ടിലേക്ക് അയക്കാൻ നിർബന്ധിക്കുകയായിരുന്നു. പിന്നീട് ഭർത്തൃവീട്ടിലേക്ക് മടങ്ങിയ ദർശന ഫോണിൽപ്പോലും തുറന്നുസംസാരിക്കാൻ തയ്യാറായില്ലെന്ന് സഹോദരി ഹർഷന പറഞ്ഞു. ദർശന കുട്ടിയെയുംകൊണ്ട് ആത്മഹത്യചെയ്ത വിവരം നാട്ടുകാരാണ് അറിയിച്ചതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ദർശനയുടെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ 13-നാണ് ദർശന മകളെയുംകൊണ്ട് പുഴയിൽ ചാടുന്നത്. പുഴയിൽ ചാടുന്നതിനുമുമ്പ് വിഷവും കഴിച്ചിരുന്നു. നാട്ടുകാർ കണ്ടതോടെ ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തന്നെ വീണ്ടും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനാലാണ് ആത്മഹത്യചെയ്യാൻ ശ്രമിച്ചതെന്ന് അത്യാസന്നനിലയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മകൾ വ്യക്തമാക്കി. മുമ്പ് രണ്ടുതവണ മകളെ ഭർത്താവ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി. നാലുമാസം ഗർഭിണിയായിരുന്നു അവൾ.
അമ്മ വിശാലാക്ഷി പറഞ്ഞു. ജൂലായ് 13-ന് ഉച്ചയോടെ മകൾ അവസാനമായി അമ്മയെ വിളിച്ചു. ഔപചാരികമായി രണ്ടുവാക്ക്, ‘ഞാനുംമോളും ഉറങ്ങട്ടെ’ എന്നുപറഞ്ഞ് ഫോൺവെച്ചു. ഉച്ചമയക്കത്തിന്റെ ലാഘവത്വത്തോടെമാത്രം ആ വാക്കുകൾ കേട്ട അമ്മ വിശാലാക്ഷി തിരിച്ചറിഞ്ഞില്ല അതൊരു യാത്രപറച്ചിലാണെന്ന്. വിവാഹം കഴിഞ്ഞതുമുതൽ മകൾ ഭർത്തൃഗൃഹത്തിൽ പീഡനം നേരിടുകയായിരുന്നു. മാതാപിതാക്കളെ അറിയിക്കേണ്ടെന്നുകരുതി പലതും പറഞ്ഞില്ല. സഹികെട്ട് ഒടുക്കം 2022 മാർച്ചിൽ കമ്പളക്കാട് പോലീസ്‌സ്റ്റേഷനിൽ പരാതിനൽകാൻ ഒരുങ്ങിയപ്പോഴാണ് എല്ലാംപറഞ്ഞത് -കരച്ചിലോടെ സഹോദരി ഹർഷന പറഞ്ഞു.
ഭർത്തൃപിതാവ് മർദിച്ചതും അത് ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം മർദിച്ചതും ദർശന അന്നു പറഞ്ഞു. ‘നിനക്ക് ചത്തൂടെ പോയിട്ട്, മരത്തിൽ കയറി തൂങ്ങിക്കൂടെ, നാലുദിവസം ഒരു സങ്കടമായി നടക്കും, പിന്നെയാ വിഷമം പോകും’ എന്നാണ് അവളോട് പറഞ്ഞത്. അതിന്റെ ശബ്ദറെക്കോഡടക്കമുണ്ട്. -ഹർഷന പറഞ്ഞു. പഠനകാര്യങ്ങളിൽ ഏറെ മുൻപന്തിയിൽനിന്നിരുന്ന ദർശന പല പി.എസ്.സി. ലിസ്റ്റുകളിലും ഉണ്ടായിരുന്നു. നിലവിലുള്ള യു.പി. സ്കൂൾ ടീച്ചേഴ്‌സ് ലിസ്റ്റിൽ 76-ാം റാങ്കുണ്ടായിരുന്നു. മരണദിവസം ജൂനിയർ സയൻറിഫിക് അസിസ്റ്റൻറായി ജോലി ലഭിക്കാനുള്ള ഉത്തരവും വീട്ടിലെത്തി.
ഭർത്താവിനെ ഒരുപാട് സ്നേഹിച്ചിരുന്നു, ദർശന. അയാളോട് രണ്ടുമൂന്നു ദിവസമായി മരിക്കുമെന്ന് പറഞ്ഞിരുന്നതായി ഭർത്താവ് ഓംപ്രകാശ് തന്നെ ബന്ധുക്കളോട് പറഞ്ഞു, അതൊന്നുകേൾക്കാൻ തയ്യാറായിരുന്നെങ്കിൽ, അല്ലെങ്കിൽ അതു ഞങ്ങളെ അറിയിച്ചിരുന്നെങ്കിൽ ഇതുണ്ടാവില്ലായിരുന്നു. -ഹർഷന പറഞ്ഞു. ഗർഭസ്ഥശിശുവടക്കം മൂന്നുജീവനുകൾ നഷ്ടപ്പെടാൻ കാരണക്കാരായ ഓംപ്രകാശിനും അച്ഛനായ ഋഷഭരാജനും എല്ലാറ്റിനും കൂട്ടുനിന്ന അമ്മ ബ്രാഹ്മിലയ്ക്കും സഹോദരി ആശയ്ക്കും കുടുംബങ്ങങ്ങൾക്കുമെതിരേ ശക്തമായ നിയമനടപടികൾ ഉണ്ടാവണമെന്നുമാത്രമാണ് കുടുംബത്തിന്റെ ആവശ്യം. മറ്റൊരാൾക്കുകൂടി ഇങ്ങനെ സംഭവിക്കരുത് ദർശനയുടെ കുടുംബം പറഞ്ഞു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ആശിഷ് ജെ. ദേശായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
ഗുജറാത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്നു എ.ജെ. ദേശായി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന എസ്.വി. ഭട്ടിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ച സാഹചര്യത്തിലാണ് എ.ജെ. ദേശായിയെ നിയമിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാര്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ദേവിയെ വാഴ്ത്തി…..ദേവിയെ കൊല്ലുന്നവരോട് …..
ഇന്ന് ഇന്ത്യയിൽ ജീവിക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു …..ഇന്നെന്റെ കുട്ടികൾ ഇന്ത്യയെന്ന നരഭോജികളുടെ ദുർഗന്ധം അടിക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു ….
ബേട്ടി ബചാവോ ….പെൺകുട്ടികളെ സംരക്ഷിക്കൂ ….അതിലൂടെ ഞങ്ങളവരെ ആഹാരമാക്കട്ടെയെന്ന് ആർപ്പുവിക്കുന്ന നരഭോജികളോടും അവരെ സംരക്ഷിക്കാൻ പെടാപാട് പെടുന്നവരോടുമാണ് ….
ഇന്നലെ മണിപ്പൂരിലെ സ്ത്രീകളുടെ നഗ്ന ഫോട്ടോ കണ്ടു കണ്ണുടക്കി അതിന്റെ വീഡിയോ തപ്പിയിറങ്ങി അത് വീണ്ടും വീണ്ടും റീപ്ലേ ചെയ്തു മതിയാകാതെ സൂം ചെയ്ത് തലങ്ങും വിലങ്ങും നോക്കിയമർന്നതും പോരാതെ ഷെയറു ചെയ്തു മറ്റുള്ളവർക്ക് കൂടി ഹരം പകർന്നു മനസു നിറയ്ക്കുന്നവരെ കഴുകൻമാർ നിങ്ങളെക്കാൾ എത്രയോ മെച്ചം ….
നിങ്ങൾ പക്ഷികളെ ശ്രദ്ധിച്ചിട്ടുണ്ടോ?, പാമ്പുകളെ ശ്രദ്ധിച്ചിട്ടുണ്ടോ ?
അവർ രാപകൽ അഹോരാത്രം അലഞ്ഞു നടക്കുന്നത് വയറുനിറയ്ക്കാൻ വേണ്ടി മാത്രമാണ് . വയറു നിറഞ്ഞാൽ പിന്നവർ കമാ എന്നൊരക്ഷരം മിണ്ടാതെ ഉരിയാടാതെ എവിടെയങ്കിലും സ്വസ്ഥമായിരുന്നു കാഴ്ചകൾ കാണും …..എന്നാൽ മനുഷ്യരെന്നു നമ്മൾ
പേരിട്ടു വിളിക്കുന്ന ചില പിശാചുക്കൾ അങ്ങനെയല്ല ….
അതായത് , പണ്ടൊക്കെ ഒരു പറ്റം ജനതയുണ്ടായിരുന്നു …സ്നേഹിക്കാൻ മാത്രമറിയാവുന്ന ജനത … . കാര്യം വീട്ടിൽ പട്ടിണി ആണെങ്കിലും കളിക്കിടയിൽ സ്വന്തം കൂട്ടുകാരെകൂടി കൂട്ടി വന്ന് ഔപചാരികത തെല്ലുമില്ലാതെ ഭക്ഷണം കൊടുക്കുന്നൊരു ജനത ….
അയൽപക്കത്തെ കുട്ടി സ്കൂളിൽ പോകണ കണ്ടാൽ സ്‌കൂൾവരെ കൊണ്ടാക്കുന്നൊരു ജനത ….
ഇല്ലായ്മയുടെ നെറുകയിലും മണ്ണണ്ണയും, ഉപ്പും അരിയും പകുത്തു കൊടുത്തു അയൽക്കാരുടെ കണ്ണീർ ഒപ്പിയിരുന്ന ….
ത്രിസന്ധ്യയ്ക്ക് വിളക്ക് വെക്കുമ്പോൾ അത്താഴ പട്ടിണിക്കാരുണ്ടൊ എന്ന് എത്തി നോക്കിയിരുന്നൊരു
ജനത ….
പക്ഷെ ഇന്നത്തെ നമ്മൾ അങ്ങനെയല്ല , ഇന്ന് നമുക്ക് വയറു നിറയ്ക്കാൻ മാർഗ്ഗങ്ങളായ് …
സഹപാഠിയെ തോൽപിച്ചു തുന്നം പാടാൻ മാത്രം ബിരുദങ്ങളായി …
അയൽപക്കകാരെ പേടിക്കാതെ കിടന്നുറങ്ങാൻ മാളികകളായി …ചെളിതെറിക്കാതെ യാത്രപോകാൻ തക്ക സൗകര്യങ്ങളായി …
അങ്ങനെയങ്ങനെ ഇന്ന് നമ്മൾ ശാരീരികമായും, സാമ്പത്തികമായും , ടെക്‌നിക്കൽ പരമായുമൊക്കെ ഒട്ടേറെ വളർന്നിരിക്കുന്നു…. പക്ഷെ നമുക്കേറെ പരിചിതമായിരുന്നു ആ നല്ലമനസ് അതിന്നെവിടോ പോയൊളിച്ചിരിക്കുന്നു ….
നമ്മുടെ സംസ്കാരം , സഹജീവികളോടുള്ള കരുണ അതൊക്കെ എവിടെയാണ് പോയൊളിച്ചത് ?
കാണുന്ന സിനിമകളിൽ ….കളിക്കുന്ന ഗെയിമുകളിൽ ….പരത്തുന്ന വീഡിയോകളിൽ ….വാർത്തകളിൽ …
നമ്മൾ സരളമായി കേട്ടുകൊണ്ടിരുന്ന സംഗീതങ്ങളിൽ ….
മനസ്സുനിറഞ്ഞു കണ്ടുകൊണ്ടിരുന്ന നൃത്തങ്ങളിൽ….
നമ്മൾ ചലിക്കുന്നതും ചെയ്യുന്നതുമായ രീതികളിൽ ….,
എന്തിനേറെ കുട്ടികളുടെ കളിപ്പാട്ടക്കടയിൽ കയറിയാൽ പോലും പകുതിയിലേറെ
കളിപ്പാട്ടങ്ങൾ തോക്കുകളാണ്…..
അങ്ങനെയങ്ങനെ ലോകത്തിലെ മിക്കവാറും എല്ലാം തന്നെ ഒന്നല്ലങ്കിൽ മറ്റൊരു തരത്തിലിന്ന് അക്രമാസക്തമായിക്കൊണ്ടിരിക്കുന്നതിനാൽ നമ്മളിന്ന് ഇവിടെവരെയെത്തിയതിൽ തെല്ലുമേ അത്ഭുതപ്പെടേണ്ടതില്ല…
ഇതെല്ലാം രാഷ്രീയവും മതപരവും മാത്രമാക്കി വളച്ചൊടിച്ചു ആവുന്നത്ര ആളിക്കത്തിച്ചു രണ്ടുദിവസം വായിതോന്നുന്ന ഹെഡിങ്ങുകൾ അച്ചടിച്ചിറക്കി ലൈക്ക് മേടിച്ചു തൃപ്തിയടഞ്ഞു മൂന്നാം ദിവസം വേട്ടക്കാരൻ പുതിയ ഇരയെത്തേടിയിറങ്ങുന്നതിന് മുമ്പ് ….
നമ്മൾ മണിപ്പൂരിയോ, ഡൽഹിയോ , യൂറോപ്പോ കേരളമോ എന്തുമായിക്കൊള്ളട്ടെ ….
ഒരു വ്യക്തിയെന്ന നിലയിൽ നാം സ്വയം നമ്മെ തന്നെ ഒരുനിമിഷം നോക്കിയാൽ …..
നമ്മുടെ ഒരു ദിവസത്തിലെ പല നിമിഷങ്ങളിൽ നമ്മൾ തന്നെ കാണിച്ചു കൂട്ടുന്ന പ്രവർത്തികൾ കണക്കിലെടുത്താൽ ഈ കണ്ട ക്രിമിനലുകളും നമ്മളും തമ്മിൽ. ഇനി വല്യ ദൂര വ്യത്യാസമുണ്ടോ ?
ഇല്ല എന്ന് തന്നെ ഞാൻ പറയും . കാരണം , പാമ്പിനെകൊണ്ട് കടിപ്പിച്ചും , കെട്ടിത്തൂക്കിയും , സോഷ്യൽമീഡിയകളിലൂടെ പലവിധത്തിൽ വലിച്ചിഴച്ചും , വിഷം കൊടുത്തുമൊക്കെ നമ്മളും നമ്മളുടെ മുറ്റത്തു കൊന്നൊടുക്കുന്നുണ്ട് ഒട്ടേറെ ബേട്ടികളെ …
അക്രമിക്കപെടുന്ന പിഞ്ചുകുഞ്ഞുങ്ങൾ ….
കൊലചെയ്യപ്പെടുന്ന മാതാപിതാക്കൾ ….
തുണിപൊക്കി നോക്കുന്ന സോഷ്യൽ മീഡിയ നരികൾ …..
വാക്കാലും ഇമോജിയാലും , ഷെയറിനാലും കിട്ടിയ അവസരം മുതലാക്കി പതിഞ്ഞിരുന്നാക്രമിക്കുന്ന മുഖം മൂടിയിട്ട സ്റ്റാറ്റസുള്ള പിശാചുക്കൾ ….
വിശന്നന്നം തേടിയവനെ കെട്ടിയിട്ട് തല്ലിക്കൊന്ന് സന്തോഷിച്ച ഇവരെല്ലാം സ്വന്തമായുള്ള നമ്മളിന്നെന്തിന് മണിപ്പൂർ വരെപോകണം …..
അപ്പോൾ എല്ലാരും ഒന്നില്ലങ്കിൽ മറ്റൊരു രീതിയിൽ ക്രൈം ചെയ്യുന്നുണ്ട് ….
ലോകത്തിനു മുകളിൽ പറന്നു നടന്നു പ്രൗഢി കാണിക്കുന്ന രക്ഷിതാവേ ….
ആരുമൊന്നുമറിയില്ലന്നുകരുതി പിന്നെയും പിന്നെയും തിരിഞ്ഞിരുന്നു സ്വന്തം തീട്ടം തിന്നുന്നവരെ … ….
നിങ്ങൾ ഒന്ന് മനസിലാക്കുക ….
ടെലിവിഷനില്ലാത്ത കൂരയ്ക്കു മുകളിൽ ആന്റിനവച്ചു പ്രൗഢി കാണിച്ചിരുന്ന യുഗത്തിലല്ല നാമിന്ന് ജീവിക്കുന്നത് …..
ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന സകല വൃത്തികേടുകളും, നമ്മൾ തന്നെ പറപ്പിച്ചു വിട്ട അതെ സാറ്റലൈറ് വെളിച്ചത്തിൽ നല്ല ക്ലാരിറ്റിയിൽത്തന്നെ ലോകം മുഴുവൻ കണ്ടാസ്വദിച്ചു പരിഹസിക്കുകയാണ് …..
അതിനാൽ നമ്മളിലെ തീ ഇന്ന് നമ്മൾ തന്നെ സ്വയം കെടുത്തിയമർത്തിയില്ലങ്കിൽ …അത് നാളെ നമ്മളെയടക്കം മിഴുങ്ങുന്ന ദിവസവും വിദൂരമല്ല ഇന്നോ നാളെയോ അതുണ്ടാകും….
ജോസ്‌ന സാബു സെബാസ്റ്റ്യൻ
കായംകുളത്ത് ഡിവൈഎഫ്ഐ നേതാവിനെ കുത്തിക്കൊന്നു. ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽതറയിൽ സന്തോഷ്–-ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയെ (21) യാണ് കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗമാണ്. ചൊവ്വ വൈകിട്ട് ആറിന് കൃഷ്‌ണപുരം കാപ്പിൽ കുറ്റിപ്പുറം കളത്തട്ടിന് സമീപമാണ് സംഭവം. കേസിൽ രണ്ട് പേരെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ കസ്‌റ്റഡിയിലെടുത്തു.
ക്രിക്കറ്റ് കളിക്കാൻ സുഹൃത്തിനെയുംകൂട്ടി ബൈക്കിൽപോയ അമ്പാടിയെ ബൈക്കിലെത്തിയ മൂന്നുപേർ തടഞ്ഞുനിർത്തി കുത്തിവീഴ്‌ത്തുകയായിരുന്നു. സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ രക്ഷപെട്ടു.കഴുത്തിന് മാരകമുറിവേറ്റ അമ്പാടിയെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൈയ്‌ക്കും മുഖത്തും വെട്ടേറ്റിട്ടുമുണ്ട്.
മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സഹോദരൻ: ജഗൻ. കസ്‌റ്റഡിയിലെടുത്തവർ ലഹരി മാഫിയാ, ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ഒരാൾ പോക്‌സോ കേസിലും പ്രതിയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ദേവികുളങ്ങര പഞ്ചായത്തിൽ ബുധൻ പകൽ രണ്ടുമുതൽ ആറുവരെ സിപിഐ എമ്മും ഡിവൈഎഫ്‌ഐയും ഹർത്താലിന് ആഹ്വാനംചെയ്‌തു.
ഉമ്മന്‍ ചാണ്ടിയുടെ തലസ്ഥാനത്തെ വസതിയായ പുതുപ്പള്ളി ഹൗസിൽ എന്നും ജനകൂട്ടമുണ്ടായിരുന്നു. പരാതികൾക്ക് പരിഹാരം തേടിയാണ് സാധാരണക്കാർ പുതുപ്പള്ളി ഹൗസിലേക്ക് കൂട്ടമായി എത്തിയിരുന്നെങ്കില്‍ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാനാണ് ഇന്ന് ജനം ഒഴുകിയെത്തിയത്. തിരുവനന്തപുരത്തൊരു പുതുപ്പള്ളി! കോട്ടയത്തെ പുതുപ്പള്ളിയുമായുള്ള ബന്ധം നിലനിർത്താനാണ് തലസ്ഥാനത്തെ വീടിന് ഉമ്മൻ ചാണ്ടി ‘പുതുപ്പള്ളി ഹൗസ്’ എന്ന പേരു നൽകിയത്. ആദ്യം മുഖ്യമന്ത്രിയായപ്പോൾ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഔദ്യോഗിക വസതി. രണ്ടാം തവണ മുഖ്യമന്ത്രിയായപ്പോഴാണ് ക്ലിഫ് ഹൗസിലേക്ക് താമസം മാറിയത്.
ജനകീയ നേതാവിനെ അടുത്തറിഞ്ഞവരും കേട്ടറിഞ്ഞവരും രാവിലെ തന്നെ പുതുപ്പള്ളി ഹൗസിലെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ കുടുംബം രണ്ടര മണിയോടെ ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്ത് എത്തി. മകൾ അച്ചു ഉമ്മനും ബന്ധുക്കളും വിമാനത്താവളത്തിൽനിന്ന് പുതുപ്പള്ളി ഹൗസിലേക്ക് പോയി. ഭാര്യ മറിയാമ്മ ഉമ്മനും മകൻ ചാണ്ടി ഉമ്മനും മകൾ മറിയം ഉമ്മനും മൃതദേഹത്തെ അനുഗമിച്ചു. മൂന്നു മണിയോടെ പുതുപ്പള്ളി ഹൗസിലെത്തിയ അച്ചു ഉമ്മന്‍, പിതാവിന്റെ ഓർമകളിൽ വിതുമ്പി. സുഹൃത്തുക്കളും നേതാക്കളും കുടുംബത്തെ ആശ്വസിപ്പിച്ചു.
ജനകൂട്ടത്തെ എന്നും ഇഷ്ടപ്പെട്ടിരുന്ന നേതാവിനെ കാണാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ എത്തിയതോടെ പുതുപ്പള്ളി ഹൗസ് സ്ഥിതിചെയ്യുന്ന ജഗതി ജനക്കൂട്ടത്തിന്റെ പിടിയിലമർന്നു. മൂന്നു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ആംബുലൻസ് 8 കിലോമീറ്റർ പിന്നിട്ട് ജഗതിയിലെത്തിയത് 4.45ന്. ‘കേരളത്തിന്റെ നായകനേ, നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞേ’– പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. ജഗതിയിൽനിന്നും വീട്ടിലേക്കുള്ള ചെറിയവഴി ജനസമുദ്രമായതോടെ ആംബുലൻസ് കടന്നുപോകാൻ ഏറെ പ്രയാസപ്പെട്ടു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി ഉച്ചയോടെ കുടുംബസമേതം പുതുപ്പള്ളി ഹൗസിലെത്തിയിരുന്നു. വി.എം.സുധീരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, പാലോട് രവി, ശബരീനാഥൻ, ഹൈബി ഈഡൻ എന്നിവർ ഉൾപ്പെടെയുള്ളവർ പുതുപ്പള്ളി ഹൗസിലെത്തി. തിരക്കുകാരണം പല നേതാക്കൾക്കും വീട്ടിനുള്ളിലേക്ക് കടക്കാനായില്ല. അഞ്ചു മണിക്കുശേഷം മൃതദേഹം ആംബുലൻസിൽനിന്ന് വീട്ടിലേക്ക് കയറ്റി. പൊതുദർശനത്തിനുശേഷം മൃതദേഹം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്ക് കൊണ്ടുപോകും.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ എത്തിച്ചു. പുതുപ്പള്ളി ഹൗസിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും വിലാപയാത്രയായാണ് എത്തിച്ചത്. വഴിയിൽ ഉടനീളം വൻ ജനക്കൂട്ടം തന്നെയാണ് അദ്ദേഹത്തെ ഒരുനോക്കു കാണാൻ കാത്തു നിന്നത്. പുഷ്പം വിതറി ആദരാജ്ഞലികൾ അർപ്പിച്ചും കണ്ണേ.. കരളേ.. മുദ്രാവാക്യം വിളികളുമായും ആൾക്കൂട്ടം സ്‌നേഹം പ്രകടിപ്പിച്ചു.
ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ആയിരങ്ങൾ പുതുപ്പള്ളി ഹൗസിലേക്ക് ഒഴുകിയെത്തുന്ന അവസ്ഥയാണുള്ളത്. ഇതോടെ ക്രമീകരണങ്ങളെല്ലാം താളെ തെറ്റുകയാണ്. മൃതദേഹം വഹിച്ചു കൊണ്ടുള്ള ആംബുലൻസ് വീടിന് മുന്നിൽ എത്തിച്ചെങ്കിലും ജനത്തിരക്ക് കാരണം പുറത്തിറക്കാൻ സാധിക്കാതെ അര മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള നേതാക്കാൾ നന്ദേ പാടുപെട്ടു. പൊലീസിനും നിയന്ത്രിക്കുന്നതിന് അപ്പുറത്തേക്ക് ജനക്കൂട്ടം എത്തിയിരുന്നു.
മുൻ മുഖ്യമന്ത്രിയുടെ ചേതനയറ്റ ശരീരം തലസ്ഥാനത്തെത്തിച്ചത് അറിഞ്ഞതോടെ പുതുപ്പള്ളി ഹൗസിലേക്കുള്ള ജനപ്രവാഹവും വർധിക്കുകയാണ്. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹവും വഹിച്ചുള്ള ആംബുലൻസിന്റെ യാത്രയും ജനസാഗരത്തിൽ മുങ്ങിയായിരുന്നു മുന്നോട്ട് നീങ്ങിയത്. വഴി നീളെ സ്‌നേഹവും കണ്ണീരുമായാണ് തലസ്ഥാന ജനത പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ കാത്തുനിന്നത്.
നേരത്തെ നൂറ് കണക്കിന് പ്രവർത്തകരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം വിലാപയാത്രയായാണ് പുതുപ്പള്ളി ഹൗസിലേക്ക് എത്തിച്ചത്. ഇവിടുത്തെ പ്രാർത്ഥനയ്ക്കും പൊതു ദർശനത്തിനും ശേഷം ഉമ്മൻ ചാണ്ടിയുടെ മൃതദേഹം സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലും പൊതു ദർശനത്തിനായി എത്തിക്കും. ഇപ്പോഴത്തെ നിലയിൽ സമയക്രമങ്ങളെല്ലാം തെറ്റാനാണ് സാധ്യത.
നേരത്തെ ആറ് മണിയോടെ മൃതദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടത്. ഇത് വൈകാനാണ് സാധ്യത. നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും. നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും. രാത്രിയിൽ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ജൂലൈ 20 ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാകും മൃതദേഹം സംസ്‌കരിക്കുക.
കേരള രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായിരുന്ന ഉമ്മൻ ചാണ്ടി ഇന്ന് പുലർച്ചെ ബെംഗളൂരുവിലാണ് അന്ത്യശ്വാസം വലിച്ചത്. അർബുദ രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ന് ആയിരുന്നു മരണം. 79 വയസായിരുന്നു. മുന്മന്ത്രി ടി. ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചിരുന്നു. തുടർന്ന് ഭൗതികശരീരം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജനങ്ങളുടെ പ്രിയപ്പെട്ട നേതാവ് ഇനിയില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് രാവിലെ 4.25നാണ് വിടവാങ്ങിയത്. ഉമ്മൻ ചാണ്ടിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിൻെറ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിൽ അദ്ദേഹം എത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയും ആയിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ച അദ്ദേഹം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ: മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.
1943 ഒക്ടോബർ 31 നായിരുന്നു പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിൻെറ വിദ്യാഭ്യാസം. അദ്ദേഹം സ്കൂൾകാലത്ത് തന്നെ കെഎസ്‌യുവിലൂടെ സംഘടനാ പ്രവർത്തനമാരംഭിച്ചിരുന്നു.
1962 ൽ കെഎസ്‌യു കോട്ടയം ജില്ലാ സെക്രട്ടറിയായി. 1965 ൽ സംസ്ഥാന ജനറൽ സെക്രട്ടറിയും 1967 ൽ സംസ്ഥാന പ്രസിഡന്റുമായി. 1969 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 27 ാം വയസ്സിൽ ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെ പരാജയപ്പെടുത്തിയായിരുന്നു ഈ നേട്ടം. 1977 ൽ ആദ്യ കരുണാകൻ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി. 1982 ൽ ആഭ്യന്തരമന്ത്രിയും 1991 ൽ ധനമന്ത്രിയുമായി. 1982 മുതൽ 86 വരെയും 2001 മുതൽ 2004 വരെയും യുഡിഎഫ് കൺവീനറായിരുന്നു. 2004 ൽ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടർന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവുമായിരുന്നു.
വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയടക്കമുള്ള വികസന പദ്ധതികളിലെല്ലാം ഉമ്മൻ ചാണ്ടിയുടെ കയ്യൊപ്പുണ്ട്. ജനങ്ങൾക്ക് എന്നും പ്രാധാന്യം നൽകിയ ആദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടിക്ക് യുഎന്നിൽ നിന്ന് അംഗീകാര പുരസ്‌കാരം ലഭിച്ചിരുന്നു. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്ന് വിളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു.
ചന്ദ്രയാൻ-3 ആകാശത്തേക്കു വിജയക്കുതിപ്പ് നടത്തിയപ്പോൾ വാനോളം ഉയർന്നത് കുട്ടനാടിന്റെ യശസും. മുട്ടാർ സ്വദേശിയായ ചീരംവേലിൽ വേലിപ്പറമ്പിൽ തോമസ് എഫ്. ചീരംവേലിൽ(കുട്ടപ്പൻ സാർ)- മറിയാമ്മ ദമ്പതികളുടെ മകൻ ബിജു സി. തോമസ് അടക്കം കുട്ടനാട്ടിൽനിന്നു നാലു പേർ ദൗത്യത്തിന്റെ ഭാഗമായി. ചന്ദ്രയാൻ -3നെ ബഹിരാകാശത്തിലെത്തിക്കുന്ന റോക്കറ്റ് എൽവിഎം 3 എം 4ന്‍റെ വെഹിക്കിൾ ഇൻസ്പക്ടറെന്ന നിലയിലാണ് ബിജു ദൗത്യത്തിൽ പങ്കാളിയായത്.
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. 1997 മുതൽ ഐഎസ്ആർഒയുടെ ഭാഗമായി. മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, പാലക്കാട് എൻഎസ്എസ് കോളജ് ഓഫ് എൻജിനിയറിംഗ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഐഎസ്ആർഒയിൽ ചേർന്നു. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നു ബിരുദാനന്തര ബിരുദവുമെടുത്തു.
തിരുവനന്തപുരം വിമൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ റീനി രാജനാണ് ഭാര്യ. ജെഇ അഡ്വാൻസ്ഡ് ഓൾ ഇന്ത്യ പരീക്ഷയിൽ മൂന്നാം റാങ്കുനേടിയ, ബാംഗ്ലൂർ ഐഐടിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ തോമസ് ബിജു ചീരംവേലിൽ മൂത്തമകനാണ്. ഇളയമകൻ പോൾ ബിജു ചീരംവേലിൽ തിരുമല വിശ്വപ്രകാശ് സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയുമാണ്. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയിനിൽ കാവ്യാഞ്ജലിയിലാണ് ബിജു സി. തോമസ് ഇപ്പോൾ താമസിക്കുന്നത്.
ചാന്ദ്രയാൻ-3 യുടെ ചരിത്ര നേട്ടത്തിൽ പുളിങ്കുന്ന് പുത്തൻപറമ്പിൽ കുടുംബവും ആഹ്ലാദത്തിലാണ്. പുത്തൻപറമ്പിൽ ഫ്രാൻസിസിന്റെയും ആനിയമ്മയുടെയും മകൻ ബാലു ഫ്രാൻസിസാണ് ചരിത്രദൗത്യത്തിൽ പങ്കാളിയായ മറ്റൊരാൾ. തിരുവനന്തപുരം വലിയമലയിലുള്ള എൽപിഎസ്സി (ലിക്വിഡ് പ്രൊപ്പൻഷൻ സിസ്റ്റം സെന്റർ)ലെ ശാസ്ത്രജ്ഞനായ ബാലു 2007 മുതൽ ഐഎസ്ആർഒയുടെ ഭാഗമാണ്. നിലവിൽ ക്രയോജനിക് എൻജിൻ ഡപ്യൂട്ടി ഡിവിഷൻ ഹെഡ് ആണ്. ഐഎസ്ആർഒയുടെ ശക്തിയേറിയ റോക്കറ്റുകളായ ജിഎസ്എൽവി എംകെ-2 എൽവിഎം-3 എന്നിവ അവസാനഘട്ടത്തിൽ ജ്വലിക്കുന്നതു ക്രയോജനിക് എൻജിനിലാണ്.
ബാലു പുളിങ്കുന്നു സെന്റ് ജോസഫ് ഹൈസ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കി. കോതമംഗലം എൻജിനിയറിംഗ് കോളജിൽനിന്നു ബിടെക് മെക്കാനിക്കൽ എൻജിനിയറിംഗ് പഠന ശേഷമാണ് ഐഎസ്ആർഒയിൽ ചേർന്നത്. ഭാര്യ ഡോ.മീനു ജോസ് ഇവാനിയോസ് കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ്. മകൾ നദിൻ മുക്കോല സെന്റ് തോമസ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി. മകൻ: ജോസഫ് ചെമ്പക കിന്റർ ഗാർട്ടൻ യുകെജി വിദ്യാർഥി. ചമ്പക്കുളം സ്വദേശികളായ രാജു, ജെറിൻ എന്നിവരും വിവിധ ഘട്ടങ്ങളിലായി ദൗത്യത്തിൽ പങ്കാളികളായിട്ടുണ്ട്.
തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെ ഭർത്താവിന്‌റെ ബന്ധുക്കൾ വെട്ടിക്കൊന്നത് സ്വത്ത് തർക്കത്തെ തുടർന്ന്. 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
അയിരൂർ കളത്തറ എം.എസ്.വില്ലയിൽ പരേതനായ സിയാദിന്റെ ഭാര്യ ലീന മണി(56)യെയാണ് ഭർത്താവിന്റെ ബന്ധുക്കൾ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നു രാവിലെ പത്തുമണിയോടെ ആയിരുന്നു വീട് കയറിയുള്ള ആക്രമണം. ലീനയുടെ ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, മുഹ്സിൻ, ഷാജി എന്നിവരാണ് വീട് കയറി വെട്ടിക്കൊലപെടുത്തിയത്. പ്രതികൾ ഒളിവിലാണ്.
ലീനയുടെ ഭർത്താവ് മരിച്ചിട്ട് ഒന്നരവർഷമായി. സിയാദിന്റെ പേരിലുള്ള സ്വത്തുവകകൾ കൈക്കലാക്കാൻ സഹോദരന്മാർ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കെയാണ് ആക്രമണം. ലീനയെ തുരത്തുന്നതിന്റെ ഭാഗമായി ഒന്നരമാസം മുൻപ് സിയാദിന്റെ സഹോദരൻ അഹദും കുടുംബവും ഇവരുടെ വീട്ടിൽക്കയറി താമസമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോടതി ലീനയ്ക്ക് സംരക്ഷണം നൽകാൻ ഉത്തരവിട്ടതോടെ പൊലീസ് കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു. ഇതിനെ ചൊല്ലിയുള്ള തുടർതർക്കമാണ് ഞായറാഴ്ച രാവിലെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് ഇടയാക്കിയത് എന്നാണ് പ്രാഥമിക വിവരം.
ഒരു വിവാഹത്തിന് പോകാൻ തയ്യാറെടുക്കുകയായിരുന്നു ലീന അതിനിടെയാണ് ഭർത്താവിന്റെ ബന്ധുക്കൾ കമ്പിപ്പാര അടക്കം ആയുധങ്ങളുമായി എത്തി ആക്രമണം അഴിച്ചുവിട്ടത്. ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി, മുഹ്സിൻ എന്നിവർ ചേർന്ന് ലീനയെ കമ്പിപ്പാര കൊണ്ട് അടിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതിനൊപ്പം അഹദിന്റെ ഭാര്യയും ലീനയെ ആക്രമിച്ചെന്നാണ് ഇവർക്കൊപ്പം 20 വർഷമായി താമസിക്കുന്ന സരസുവിന്റെ മൊഴി. ഗുരുതരമായി പരിക്കേറ്റ ലീനയെ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതി സുഹൃത്തിന്റെ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അമ്മയ്ക്ക് കൂട്ടിരിക്കാൻ ആശുപത്രിയിലെത്തിയ അങ്കമാലി തുറവൂർ ഉതുപ്പുകവല തൈവാലത്ത് വീട്ടിൽ ലിജി രാജേഷ് (41) ആണ് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ആലുവ കാസിനോ തിയേറ്ററിന് സമീപം താമസിക്കുന്ന തൊണ്ടിയിൽ മഹേഷിനെ (41) അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് ആശുപത്രിയിലെ നാലാംനിലയിലാണ് സംഭവം. ലിജിയുടെ അമ്മ അല്ലിക്കായി എടുത്തിരുന്ന മുറിയുടെ മുന്നിലെ വരാന്തയിൽ വെച്ചാണ് ലിജിയെ കുത്തിക്കൊന്നത്. ഹയർ സെക്കൻഡറിക്ക് ഒരുമിച്ചു പഠിച്ച ലിജിയും മഹേഷും സുഹൃത്തുക്കളായിരുന്നു. അടുത്തകാലത്ത് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ശനിയാഴ്ച ആശുപത്രി മുറിയിലെത്തിയ മഹേഷും ലിജിയുമായി തർക്കമുണ്ടായി. അക്രമാസക്തനായ മഹേഷിൽ നിന്നും രക്ഷപ്പെടാൻ മുറിക്ക് പുറത്തിറങ്ങിയ ലിജിയെ ആദ്യം കൈയിൽ കുത്തി. തുടർന്ന് വരാന്തയുടെ മൂലയിലേക്കു വലിച്ചുകൊണ്ടുപോയി കഴുത്തിലും വയറിലും നെഞ്ചിലുമൊക്കെ കുത്തുകയായിരുന്നു.
ഉടൻ അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ലിജി മരിച്ചു. ആശുപത്രിയിലെ ജീവനക്കാരാണ് മഹേഷിനെ പിടികൂടിയത്. ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതുമില്ല. തുറവൂർ മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റാണ് ലിജി. ഭർത്താവ് രാജേഷിന് ഖത്തറിലാണ് ജോലി. മഞ്ഞപ്ര അമ്പാട്ട് വിജയനാണ് അച്ഛൻ. മക്കൾ: ആദിത്യരാജ്, അതീന്ദ്ര രാജ്.
ഇതിനിടെ മഹേഷ് ശനിയാഴ്ച ലിജിയെ മൂന്ന് വട്ടം തേടി എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രാവിലെ ലിജിയെ തേടി തുറവൂരിലെ വീട്ടിലെത്തി. തുടർന്ന് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ ചെന്നു. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് മഹേഷ് ആലുവയിൽ വീട്ടിൽ ചെന്ന് കത്തി എടുത്ത് വീണ്ടും ആശുപത്രിയിലെത്തിയെന്നാണ് പോലീസ് പറയുന്നത്.
സംസാരിക്കുന്നതിനിടെ തർക്കമുണ്ടാവുകയും ഇനി ഫോൺ വിളിച്ചാൽ നമ്പർ ബ്ലോക്ക് ചെയ്യുമെന്ന് ലിജി പറയുകയും ചെയ്തു. ഇതിനിടെ ലിജി ഖത്തറിലുള്ള ഭർത്താവിനെ ഫോണിൽ വിളിച്ചു. ഇതിൽ പ്രകോപിതനായ മഹേഷ് കത്തിയെടുത്ത് കുത്തുകയായിരുന്നു. ഫോണിലൂടെ ലിജിയുടെ കരച്ചിൽ കേട്ട ഭർത്താവ് രാജേഷ് ഉടൻ മൂക്കന്നൂരിലുള്ള ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. ബന്ധു വിവരമറിയാൻ ആശുപത്രിയിലെത്തിയപ്പോൾ ലിജി മരിച്ചിരുന്നു.
ലിജി താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതാണ് പ്രകോപന കാരണമെന്നാണ് മഹേഷ് പോലീസിനോട് പറഞ്ഞത്. ലിജിയും മഹേഷുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസിൽ പെരുമ്പാവൂരിൽ ഇരുവരും ഒരുമിച്ചാണ് പഠിച്ചത്.