മൈനാഗപ്പള്ളി ആനൂര്ക്കാവില് കാര് കയറിയിറങ്ങി സ്കൂട്ടര് യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില് അറസ്റ്റിലായ രണ്ടുപേര്ക്കെതിരേയും ചുമത്തിയത് നരഹത്യാക്കുറ്റം. കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല് സ്വദേശി അജ്മല്(29) ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഡോക്ടറുമായ നെയ്യാറ്റിന്കര സ്വദേശി ശ്രീക്കുട്ടി(27) എന്നിവര്ക്കെതിരേയാണ് മനഃപൂര്വമായ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി എട്ടുമണിയോടെ മജിസ്ട്രേറ്റിന്റെ മുന്നില് ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകള് പ്രകാരമാണ് കേസെടുത്തിരിക്കുന്നതിനാല് പ്രതികള്ക്ക് ഉടന് ജാമ്യം കിട്ടാന് സാധ്യതയില്ല.
ശരീരത്തിലൂടെ കാര് കയറിയിറങ്ങി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില് ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണാക്കുറ്റം ചുമത്തുമെന്നായിരുന്നു പോലീസ് നേരത്തെ നല്കിയ സൂചന. എന്നാല്, നിയമവിദഗ്ധരുമായി ആലോചിച്ചശേഷമാണ് വനിതാ ഡോക്ടര്ക്കെതിരേയും നരഹത്യാക്കുറ്റം ചുമത്തിയത്. സ്കൂട്ടര് ഇടിച്ചുതെറിപ്പിച്ച ശേഷം കാര് മുന്നോട്ടെടുക്കാന് അജ്മലിനോട് ആവശ്യപ്പെട്ടത് വനിതാ ഡോക്ടറാണെന്ന് ദൃക്സാക്ഷികളും മൊഴി നല്കിയിരുന്നു.
ക്രിമിനല് പശ്ചാത്തലമുള്ള അജ്മല് നേരത്തെ അഞ്ച് കേസുകളില് പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ചന്ദനക്കടത്ത്, തട്ടിപ്പ് കേസുകളിലാണ് ഇയാള് ഉള്പ്പെട്ടിരുന്നത്. നെയ്യാറ്റിന്കര സ്വദേശിനിയായ ശ്രീക്കുട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. ആറുമാസം മുന്പ് ആശുപത്രിയില്വെച്ചാണ് ശ്രീക്കുട്ടിയും അജ്മലും പരിചയപ്പെടുന്നത്. നൃത്താധ്യാപകനാണെന്ന് പറഞ്ഞാണ് അജ്മല് ബന്ധം സ്ഥാപിച്ചത്. തുടര്ന്ന് സൗഹൃദം വളരുകയും ഇരുവരും ഒരുമിച്ച് നൃത്തപഠനത്തിനായി പോവുകയുംചെയ്തു.
നേരത്തെ വിവാഹിതയായിരുന്ന ശ്രീക്കുട്ടി പിന്നീട് വിവാഹമോചനം നേടിയിരുന്നു. ഇതിനുശേഷമാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില് ജോലിക്കെത്തിയത്. അതേസമയം, കേസില് കസ്റ്റഡിയിലായതിന് പിന്നാലെ തന്നെ ശ്രീക്കുട്ടിയെ ജോലിയില്നിന്ന് പിരിച്ചുവിട്ടെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
മൈനാഗപ്പള്ളി ആനൂര്ക്കാവില് തിരുവോണദിവസം വൈകീട്ട് 5.30-ഓടെയായിരുന്നു അതിദാരുണമായ സംഭവം. അമിതവേഗത്തിലെത്തിയ കാര് സ്കൂട്ടര് യാത്രക്കാരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ റോഡിലേക്ക് വീണ സ്ത്രീകളിലൊരാളുടെ ശരീരത്തിലൂടെ കാര് കയറ്റിയിറക്കി.
ആലപ്പുഴയിൽ ഒമ്പതുകാരിയുടെ ഉയരത്തേക്കാൾ നീളത്തില് തലമുടിയുടെ കെട്ട് വയറ്റിൽ നിന്ന് പുറത്തെടുത്തു. ആലപ്പുഴയിൽ വയറുവേദനയുമായി എത്തിയ ഒമ്പതുകാരിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ 127 സെന്റിമീറ്റർ നീളത്തിലുള്ള മുടിയുടെ കെട്ട് പുറത്തെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ ശസ്ത്രക്രിയാവിഭാഗമാണ് ശസ്ത്രക്രിയയിലൂടെ ഈ മുടിയുടെ കെട്ട് പുറത്തെടുത്തത്. നിരന്തരമായുള്ള വയർ വേദന, ഛർദ്ദി, വയറ്റിൽ തടിപ്പ് എന്നീ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസമാണ് പീഡിയാട്രിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
അൾട്രാസൗണ്ട്, സിടി സ്കാൻ, എൻഡോസ്കോപ്പി തുടങ്ങിയ പരിശോധനയിൽ കുട്ടിക്ക് ട്രൈക്കോബെസോർ എന്ന അപൂർവ രോഗം ആണെന്ന് കണ്ടെത്തി. ആമാശയത്തിൽ രോമങ്ങൾ അടിഞ്ഞുകൂടി ഒരു മുഴ പോലെ ആകുന്ന രോഗത്തെയാണ് ‘ട്രൈക്കോബെസോർ’ എന്ന് പറയുന്നത്. ഹെയർ ബോൾ എന്നും ഈ അവസ്ഥക്ക് പറയും. തലമുടി, നൂൽ, ക്രയോൺ എന്നിവ ഉള്ളിൽ ചെല്ലുന്നത് മൂലമുണ്ടാകുന്ന രോഗമാണിത്. സാധാരണ കണ്ടുവരുന്ന ട്രൈക്കോബെസോവറിൽ ഹെയർബോൾ ആമാശയത്തിൽ ഒതുങ്ങുന്നവയാണ്. എന്നാൽ കുട്ടിക്ക് ബാധിച്ച രോഗം പതിവിൽ നിന്നും വ്യത്യസ്തമായി ഹെയർബോൾ ചെറുകുടലിലേക്ക് വ്യാപിച്ചിരുന്നു.
കുട്ടിയിൽ ഹെയർബോളിന് 127 സെന്റീമീറ്റർ നീളമുണ്ടായിരുന്നു. ട്രൈക്കോബെസോവറിന്റെ വളരെ അപൂർവമായ രൂപമാണിത്. ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടി സുഖം പ്രാപിച്ചുവരുന്നു. പീഡിയാട്രിക് സർജറിവിഭാഗത്തിലെ ഡോ. ഷിനാസ് സാദ്ദിഖ്, ഡോ. ഉജ്ജ്വൽ സിംഗ് ത്രിവേദി, ഡോ. ജ്യൂഡ് ജോസഫ്, ഡോ. ഫാത്തിമ, ഡോ അനന്തു, അനസ്ത്യേഷ്യാ വിഭാഗത്തിലെ ഡോ. വീണ, ഡോ. ബിബി, ഡോ. അഡ്ലേൻ, ഡോ. ഹരികൃഷ്ണ, ഡോ. അംബിക, ഡോ. അപർണ, ഡോ. അനുരാജ്, ഗ്യാസ്ട്രോളജിസ്റ്റ് ഡോ. ഗോപു, നഴ്സിങ് വിഭാഗത്തിലെ ഷീജ, ശ്രീദേവി, ഷെറിൻ, സൂരജ്, ധന്യ, ബേബിപ്രീത, മീര, സനിത, ആശ, അഞ്ജലി, ബിന്ദുമോൾ, രമാദേവി എന്നിവരുൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
മൈനാഗപ്പള്ളി ആനൂര്ക്കാവില് സ്കൂട്ടര് യാത്രികരെ ഇടിച്ചുവീഴ്ത്തി, ശരീരത്തിലൂടെ കാര് കയറ്റിയിറക്കിയതിനെ തുടര്ന്ന് സ്ത്രീ മരിക്കാനിടയായ സംഭവത്തില് പ്രതി പിടിയില്. കാര് ഡ്രൈവര് കരുനാഗപ്പള്ളി സ്വദേശി അജ്മലാണ് പിടിയിലായത്. സുഹൃത്തിന്റെ വീട്ടില്നിന്നാണ് ശാസ്താംകോട്ട പോലീസ് ഇയാളെ പിടികൂടിയത്.
സ്കൂട്ടര് യാത്രികരായ സ്ത്രീകളെ ഇടിച്ചു വീത്തുകയും തുടര്ന്ന് കാര് നിര്ത്താതെ വീണുകിടന്ന സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി രക്ഷപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള് ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.46-നാണ് സംഭവം.
സ്കൂട്ടറിന് പിന്നില് കാര് ഇടിച്ചതിന്റെ ആഘാതത്തില് കുഞ്ഞുമോള് കാറിനടിയിലേക്ക് വീണു. ആളുകള് ഓടിക്കൂടുന്നത് കണ്ട് രക്ഷപ്പെടാന് ഡ്രൈവര് കാര് മുന്നോട്ടെടുത്തു. പിന്നിലെ ടയര് കുഞ്ഞുമോളുടെ കഴുത്തിലൂടെ കയറിയിറങ്ങി. നാട്ടുകാര് ചേര്ന്ന് കുഞ്ഞുമോളെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും 9.45-ഓടെ മരണം സ്ഥിരീകരിച്ചു.
കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറും ഇയാള്ക്കൊപ്പം കാറിലുണ്ടായിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. എന്നാല് അജ്മല് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാള്ക്ക് ക്രിമിനല് പശ്ചാത്തലമുള്ളതായാണ് വിവരം.
വണ്ടൂരിനടുത്ത് നടുവത്ത് തിങ്കളാഴ്ച മരിച്ച യുവാവിന് നിപ ബാധിച്ചതായി പൂനെ വൈറോളജി ലാബിന്റെ സ്ഥിരീകരണം. കോഴിക്കോട് വൈറോളജി ലാബില് കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക പരിശോധനാ ഫലവും പോസിറ്റീവായിരുന്നു.
ബംഗളൂരുവില് രണ്ട് മാസം മുന്പ് മഞ്ഞപ്പിത്തം ബാധിച്ച് നാട്ടിലെത്തിയ ഇരുപത്തിമൂന്നുകാരനായ വിദ്യാര്ഥിയാണ് നിപ ബാധിച്ച് മരിച്ചത്. മഞ്ഞപ്പിത്ത രോഗം ഭേദമായി മടങ്ങിയ യുവാവ് കാലിന് പരിക്കേറ്റതിനെ തുടര്ന്നാണ് കഴിഞ്ഞയാഴ്ച വീണ്ടും നാട്ടിലെത്തിയത്. പിന്നീട് പനിബാധിച്ച് ചികിത്സ തേടുകയായിരുന്നു.
സ്വകാര്യ ആശുപത്രിയില് മരണമടഞ്ഞ യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങള് പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്ന്ന് മെഡിക്കല് ഓഫീസര് നടത്തിയ ഡെത്ത് ഇന്വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്.
ഉടന് തന്നെ ജില്ലാ മെഡിക്കല് ഓഫീസര് വഴി ലഭ്യമായ സാമ്പിളുകള് കോഴിക്കോട് മെഡിക്കല് കോളേജില് അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു.
തുടര്ന്ന് ഇന്നലെ രാത്രിയില് തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില് അടിയന്തര ഉന്നതല യോഗം ചേര്ന്നു. പ്രോട്ടോകോള് പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന് മന്ത്രി നിര്ദേശം നല്കി. പ്രോട്ടോകോള് പ്രകാരമുള്ള 16 കമ്മിറ്റികള് ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു.
ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള് പൂനെ നാഷണല് വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതുവരെ 151 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പര്ക്ക പട്ടികയില് ഉള്ളത്. നാല് സ്വകാര്യ ആശുപത്രികളില് യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്ക്കൊപ്പം ചില സ്ഥലങ്ങളില് യാത്ര ചെയ്തിട്ടുമുണ്ട്.
ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള് ശേഖരിച്ച് നേരിട്ട് സമ്പര്ക്കത്തില് ഏര്പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഐസൊലേഷനിലുള്ള അഞ്ച് പേര്ക്ക് ചില ലഘുവായ ലക്ഷണങ്ങള് കണ്ടതിനെ തുടര്ന്ന് സാമ്പിളുകള് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപൂര്വമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്ടാക്ട് ട്രേസിങ്് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് അന്തിമ ഘട്ടത്തിലാണ്.
ആര്ക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില് തുടക്കത്തില് കണ്ടെത്തി ചികിത്സിച്ച് ജീവന് രക്ഷിക്കുന്നതിനും പുതുതായി ആര്ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള് ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായി മന്ത്രി വീണാ ജോര്ജ് അറിയിച്ചു.
വിവാഹം കഴിഞ്ഞ് പതിനെട്ടാംദിവസം ഭാര്യയെ അതിക്രൂരമായി മർദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ചേർപ്പ് സ്വദേശി മുണ്ടത്തിപറമ്പിൽ റെനീഷി(31)നെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. തൃശ്ശൂർ എ.ആർ. ക്യാമ്പിൽ കൺട്രോൾ റൂമിൽ ക്യാമറാവിഭാഗത്തിലാണ് റെനീഷ് ജോലിചെയ്യുന്നത്.
മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ഇരുപത്തിനാലുകാരിയായ ഭാര്യയെ മർദിച്ചതെന്നാണ് പരാതി. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു.
സാമൂഹികമാധ്യമങ്ങളിൽ പോലീസ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോകളിൽ സ്ഥിരം സാന്നിധ്യമാണ് റെനീഷ്. പെൺകുട്ടിയുടെ വീട്ടുകാർ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി അനുസരിച്ച് ഗാർഹികപീഡനനിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം അനുവദിച്ചു.
കരിപ്പൂർ വിമാനത്താവളത്തില് പ്രവേശനഫീസ് ഈടാക്കുന്നത് അനധികൃമായിട്ടാണെന്ന പരാതി വ്യാപകം. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്ക്ക് 11 മിനിറ്റ് വരെ പ്രവേശന ഫീസ് ഈടാക്കാൻ പാടില്ലെന്നിരിക്കെയാണ് ഈ കൊള്ള. കരിപ്പൂർ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളില് നിന്നും 40 രൂപയാണ് അനധികൃത പ്രവേശനഫീസായി പിരിക്കുന്നത്.
ഇത് വാങ്ങാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇത് കാരണം അകത്തേക്ക് പ്രവേശിക്കാതെ കവാടത്തിന് മുന്നില് ആളെ ഇറക്കുകയാണ് പല വാഹനങ്ങളിലെയും ഡ്രൈവർമാർ ചെയ്യുന്നത്. എല്ലാ സ്വകാര്യ – ടാക്സി വാഹനങ്ങളില് നിന്നും പ്രവേശനഫീസ് എന്ന പേരില് കരാറുകാർ പണം പിരിക്കുകയാണ്. പ്രവേശനഫീസ് കൊടുത്ത് അകത്ത് കയറുന്ന വാഹനങ്ങള്ക്ക് രസീത് കൊടുക്കുന്നില്ല.
രസീത് ചോദിക്കുന്നവർക്ക് സ്വകാര്യമായി പണം തിരികെ നല്കുന്നുമുണ്ട്. യാത്രക്കാരും വിവിധ സംഘടനകളും ഈ അനധികൃത പണപ്പിരിവിനെതിരെ രംഗത്ത് വരുന്നുണ്ടെങ്കിലും എയർപോർട്ട് അതോറിറ്റി ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
നേരത്തെ, കരിപ്പൂർ വിമാനത്താവളത്തില് ഓട്ടോറിക്ഷകള്ക്ക് വിലക്കേർപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. പിഴ ചുമത്തുമെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ അധികൃതർ പിൻവാങ്ങി. കഴിഞ്ഞ ദിവസമാണ് ഇങ്ങനെയൊരു ബോർഡ് കരിപ്പൂർ വിമാനത്താവളത്തില് സ്ഥാപിച്ചത്.
വിലക്ക് ലംഘിച്ച് അകത്ത് പ്രവേശിച്ചാല് 500 രൂപ പിഴ ഇടാക്കുമെന്നും ബോർഡില് മുന്നറിയിപ്പ് നല്കിയിരുന്നു. വാഹനങ്ങള് കടന്ന് പോകുന്ന പ്രധാന കവാടത്തിന് മുന്നിലായിരുന്നു ബോർഡ് സ്ഥാപിച്ചത്. ഓട്ടോറിക്ഷകളോടുള്ള അവഗണനയ്ക്കെതിരെ ഡ്രൈവർമാരും ജനപ്രതിനിധികളും യാത്രക്കാരും ഒരുപോലെ രംഗത്തെത്തിയതോടെയാണ് ബോര്ഡ് മാറ്റി പ്രശ്നം തീര്ത്തത്.
നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎല്എമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോണ്ഗ്രസ് മുൻ എംഎല്എമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.
കേസെടുത്തിനെതിരെ മുൻ എംഎല്എമാരായ എംഎ വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ, കെ ശിവദാസൻ നായർ എന്നിവർ നല്കിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
2015 മാർച്ച് 13ന് സംസ്ഥാന ബഡ്ജറ്റ് അവതരണത്തിനിടെ ആയിരുന്നു സംഭവം. അന്തരിച്ച മുൻ ധനമന്ത്രി കെഎം മാണി ബാർ കോഴക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് ബഡ്ജറ്റ് അവതരണം തടയാൻ പ്രതിപക്ഷം നടത്തിയ ശ്രമം വലിയ കയ്യാങ്കളിയിലെത്തിയിരുന്നു.
തുടർന്ന് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീല് എന്നിവരടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു.
ഇടത് എംഎല്എമാർ മാത്രം പ്രതികളായ കേസില് 2023ലാണ് കോണ്ഗ്രസ് നേതാക്കളെയും പ്രതി ചേർക്കാൻ തീരുമാനിക്കുന്നത്. വനിതാ നേതാക്കളായ കെകെ ലതിക, ജമീല പ്രകാശം തുടങ്ങിയവരെ കയ്യേറ്റംചെയ്തു, തടഞ്ഞുവച്ചു എന്നായിരുന്നു കേസ്. ഇതിനെതിരെയാണ് മുൻ എംഎല്എമാർ ഹൈക്കോടതിയെ സമീപിച്ചത്.
കോഴിക്കോട് എകരൂലില് ഗര്ഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം. എകരൂല് ഉണ്ണികുളം സ്വദേശി ആര്പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35)യും കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച പുലര്ച്ചെയാണ് കുഞ്ഞ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.
സംഭവത്തേക്കുറിച്ച് ബന്ധുക്കള് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചത്. പ്രസവ വേദന ഉണ്ടാകാത്തതിനെത്തുടര്ന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവെച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയന് നടത്താമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണരീതിയില് പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര് അറിയിച്ചത്.
പിന്നീട് വ്യാഴാഴ്ച പുലര്ച്ചെ അശ്വതിയെ സ്ട്രെച്ചറില് ഓപ്പറേഷന് തിയേറ്ററിലേക്ക്കൊണ്ടുപോകുന്നതാണ് ബന്ധുക്കള് കണ്ടത്. പിന്നീട് ഗര്ഭപാത്രം തകര്ന്ന് കുട്ടി മരിച്ചുവെന്നും ഗര്ഭപാത്രം നീക്കിയില്ലെങ്കില് അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതര് അറിയിച്ചു. ബന്ധുക്കളുടെ അനുമതിയോടെ ഗര്ഭപാത്രം നീക്കംചെയ്തു.
ആരോഗ്യസ്ഥിതി കൂടുതല് മോശമായതിനെത്തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അശ്വതിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചത്.
അമ്മയും കുഞ്ഞും മരിക്കാൻ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കാണിച്ച് ബന്ധുക്കള് അത്തോളി പോലീസില് പരാതി നല്കി. അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പോസ്റ്റ്മോര്ട്ടം ചെയ്ത ശേഷം ബന്ധുക്കള് ഏറ്റുവാങ്ങി സംസ്കരിച്ചു.
അതേസമയം, കുഞ്ഞിന് 37 ആഴ്ച എത്തിയിരുന്നുവെന്നും രക്തസമ്മര്ദ്ദം ഉയര്ന്നതിനെ തുടര്ന്നാണ് അശ്വതിയെ ആശുപത്രിയില് പ്രവേശിപ്പിച്ചതെന്നും ആശുപത്രി അധികൃതര് പറയുന്നു. പിന്നീട് രക്തസമ്മര്ദ്ദം നിയന്ത്രണത്തിലായി. നോര്മല് ഡെലിവറിക്കുവേണ്ടി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതായി ശ്രദ്ധയില്പ്പെട്ടതോടെ സിസേറിയനുവേണ്ടി ഓപ്പറേഷന് തിയേറ്ററിലേക്ക് മാറ്റി. വയറ് തുറന്നപ്പോള് കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്നും ഗര്ഭപാത്രം തകര്ന്നിരുന്നെന്നും ആശുപത്രി അധികൃതര് വ്യക്തമാക്കുന്നു. അശ്വതിക്ക് രക്തസ്രാവം നിലയ്ക്കാത്ത അവസ്ഥയും ഉണ്ടായി തുടര്ന്നാണ് ഗര്ഭപാത്രം നീക്കംചെയ്തത്. എഗ്മോ സംവിധാനം ആവശ്യമുള്ളതിനാലാണ് മറ്റൊരു ആശുപത്രിയിലേക്ക് റഫര് ചെയ്തതെന്നും വിശദീകരണത്തിൽ പറയുന്നു.
മരിച്ച അശ്വതിയുടെ പിതാവ്: സുധാകരന്, മാതാവ്: രത്നകുമാരി മകന്,ധ്യാന്, സഹോദരി:അമൃത
അടുത്ത വർഷം ഏപ്രില് രണ്ടു മുതല് ആറു വരെ മധുരയില് നടക്കുന്ന സി.പി.എം പാർട്ടി കോണ്ഗ്രസില് മൂന്നു ടേം പൂർത്തിയാക്കി ജനറല് സെക്രട്ടറി സ്ഥാനം ഒഴിയാനിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ ആകസ്മികമായ നിര്യാണം.
ഇനിയുള്ള ചോദ്യം യെച്ചൂരിയുടെ പകരക്കാരൻ ആരാകുമെന്നതാണ് . ആർക്കെങ്കിലും താത്ക്കാലിക ചുമതല നല്കുമോ?
അതോ പാർട്ടി കോണ്ഗ്രസ് വരെ പി.ബിയിലെ പാർട്ടി സെന്റർ മറ്റു പി.ബി. അംഗങ്ങളുമായി ആശയവിനിമയം നടത്തി കൂട്ടായ തീരുമാനങ്ങളുമായി മുന്നോട്ടു പോകുമോ?.ഉടൻ ചേരുന്ന പി.ബി.യോഗത്തില് തീരുമാനം ഉണ്ടാകാൻ ഇടയുണ്ട്.കേന്ദ്ര കമ്മിറ്റി പിന്നീട് അതംഗീകരിച്ചാല് മതിയാകും.
പതിനേഴംഗ സി.പി.എം പി.ബിയില് പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ എന്നിവർ 75 എന്ന പാർട്ടി പ്രായ പരിധി കടന്നവരാണ്.അതേസമയം പശ്ചിമ ബംഗാളില് നിന്നുള്ള സി.ഐ.ടി.യു നേതാവ് തപൻസെൻ ,ആന്ധ്രയില് നിന്നുള്ള ബി.വി.രാഘവലു, കേരളത്തില് നിന്നുള്ള എം.എ.ബേബിഎന്നിവരാണ് പി.ബിയില് നിലവിലുള്ളവരില് പ്രായപരിധി കടക്കാത്തവരിലെ മുതിർന്ന നേതാക്കള്.ഇവരില് ബേബിക്കാണ് കൂടുതല് സാധ്യത കല്പ്പിക്കപ്പെടുന്നത്.
നാല്പ്പതു വർഷം മുൻപ് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവി എം.എ.ബേബി ഒഴിഞ്ഞപ്പോള് പകരം ആ സ്ഥാനത്തേക്കുവന്നത് സീതാറാം യെച്ചൂരിയായിരുന്നു.ഇപ്പോള് യെച്ചൂരി ചരിത്രത്തിലേക്ക് മായുമ്ബോള് സി.പി.എം ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് ബേബി വന്നുകൂടായ്കയില്ല.കേരള ഘടകത്തിന്റെ പിന്തുണ ഇതില് നിർണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവരാണ് ബേബിയെ കൂടാതെ കേരളത്തില് നിന്നും പി.ബിയിലുള്ളത്.
തപൻ സെൻ ട്രേഡ് യൂണിയൻ രംഗത്തായതിനാല് സാധ്യത കുറവാണ്. പക്ഷേ, മുതിർന്ന നേതാവെന്ന നിലയില് രാഘവലുവിനെ പരിഗണിച്ചേക്കാം.ബംഗാളില് നിന്നുള്ള നീലോല്പ്പല് ബസു, മുഹമ്മദ് സലിം എന്നീ പി.ബി അംഗങ്ങളില് നീലോല്പ്പല് ജൂനിയറാണെങ്കിലും ഉയർന്നു വരുന്ന നേതാവാണ് .എന്നാല് അടുത്ത പാർട്ടി കോണ്ഗ്രസ് വരെ ഒരു വനിതയ്ക്ക് ചുമതല നല്കാൻ ആലോചിച്ചാല് പ്രായ പരിധി പരിഗണിക്കാതെ വൃന്ദയ്ക്ക് നറുക്കു വീഴാം. പിന്നെയുള്ള വനിത സുഭാഷിണി അലിയാണ് .അവർക്ക് സാധ്യത കുറവാണ്. ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരും പ്രായപരിധി നോക്കാതെ പരിഗണിക്കപ്പെട്ടേക്കാം.
ആലപ്പുഴ കലവൂരിൽ 63 കാരി സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പിടിയിലായ പ്രതികളുമായി പോലീസ് കേരളത്തിലേക്ക്. കർണാടക മണിപ്പാലിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം മാത്യുസിനെയും ശർമിളയെയും പിടികൂടിയത്.
പ്രതികളെ ഇന്ന് ആലപ്പുഴയിൽ എത്തിക്കും. കടവന്ത്ര സ്വദേശി 73 കാരിയായ സുഭദ്രയെ കലവൂരിൽ എത്തിച്ച് കൊലപ്പെടുത്തി കുഴിച്ച് മൂടിയ വിവരം പുറത്തിറഞ്ഞ് മൂന്നാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. ഉഡുപ്പിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ മണിപ്പാലിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് രക്ഷപെടാനുള്ള യാത്രാമധ്യേയാണ് പ്രതികൾ പിടിയിലായത്.
കൊലപാതകത്തിന് ശേഷം നാടുവിട്ട ശർമിളയെയും മാത്യൂസിനെയും തേടി പോലീസ് സംഘം കഴിഞ്ഞ ദിവസം തന്നെ ഉഡുപ്പിയിലെത്തിയിരുന്നു. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ശർമിള പോകാൻ ഇടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിനിടെ പണം പിൻവലിച്ച വിവരങ്ങൾ പരിശോധിച്ചാണ് ഇരുവരും ഉഡുപ്പിയിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്. പ്രതികളുമായി പ്രത്യേക അന്വേഷണസംഘം ആലപ്പുഴയിലേക്ക് തിരിച്ചു.
ആലപ്പുഴയിൽ എത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുള്ളതിനാൽ പോസ്റ്റ്മോർട്ടം സങ്കീർണമായിരുന്നു.
ശരീരത്തിൽ ക്രൂരമർദ്ദനം ഏറ്റതായി പോസ്റ്റുമോട്ടത്തിൽ പ്രാഥമിക വിവരമുണ്ടെങ്കിലും മരണകാരണം വ്യക്തമല്ല. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന്റെ ചുരുളഴിയും. സുഭദ്രയുടെ സ്വർണം കവരുക മാത്രമായിരുന്നോ പ്രതികളുടെ ലക്ഷ്യമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.