India

കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്.

ഇവർ ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണെന്നാണ് വിവരം. ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന് ഇറാനിൽനിന്ന് രക്ഷപ്പെട്ടെത്തിയതാണെന്നാണ് ഇവർ പറയുന്നത്. കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് നിലവിൽ കോസ്റ്റ് ഗാർഡിന്റെ കസ്റ്റഡിയിലാണ്.

പയ്യന്നൂരില്‍ യുവതിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. മാതമംഗലം കോയിപ്ര സ്വദേശിനി അനില (33)യെ സുഹൃത്തായ സുദര്‍ശനപ്രസാദ് എന്ന ഷിജു(34) കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ ഇരൂളിലെ സ്വന്തം വീട്ടുവളപ്പില്‍ ജീവനൊടുക്കിയതാണെന്നും കരുതുന്നു.

ഞായറാഴ്ച രാവിലെയാണ് പയ്യന്നൂര്‍ അന്നൂരിലെ വീട്ടില്‍ അനിലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ വീട്ടുകാര്‍ വിനോദ യാത്രയ്ക്ക് പോയതിനെ തുടര്‍ന്നാണ് വീട്ടുടമയുടെ സുഹൃത്തായ ഷിജു ഇവിടെയെത്തിയത്. വീട് നോക്കാനും വീട്ടിലെ രണ്ട് നായ്ക്കളെ പരിപാലിക്കാനും വീട്ടുടമ ഷിജുവിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഷിജു സുഹൃത്തായ അനിലയെ ഇവിടേക്ക് വിളിച്ചുവരുത്തിയെന്നും തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക നിഗമനം.

മാരകമായ പരിക്കേറ്റ് മുഖം വികൃതമായനിലയിലാണ് അനിലയുടെ മൃതദേഹം അന്നൂരിലെ വീടിനുള്ളില്‍ കണ്ടെത്തിയത്. വായില്‍നിന്നടക്കം ചോരയൊലിച്ചനിലയില്‍ വീടിനുള്ളില്‍ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

അനിലയും ഷിജുവും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നാണ് വിവരം. രണ്ടുപേരും വിവാഹിതരാണ്. ഇരുവര്‍ക്കും രണ്ടുമക്കളുമുണ്ട്. അനിലയും ഷിജുവും ഇതിനിടെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതുസംബന്ധിച്ച് പല പ്രശ്‌നങ്ങളുമുണ്ടായി. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ബന്ധുക്കളടക്കം നിര്‍ബന്ധിച്ചു. തുടര്‍ന്ന് അനില ബന്ധത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായെങ്കിലും ഷിജു ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതായും വിവരങ്ങളുണ്ട്.

മരിച്ച അനില മാതമംഗലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. ശനിയാഴ്ച അനിലയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ യുവതിയെ അന്നൂരിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

അന്നൂരില്‍നിന്ന് 22 കിലോമീറ്ററോളം അകലെയുള്ള ഇരൂളിലെ വീട്ടുവളപ്പിലാണ് ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെ ഇയാളുടെ സഹോദരന്‍ ടാപ്പിങ്ങിനായി പോയ സമയത്താണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിയനിലയില്‍ ഷിജുവിന്റെ മൃതദേഹം കണ്ടത്. സംഭവത്തില്‍ പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സ്റ്റേഷനിലും യുവാവിന്റെ മരണത്തില്‍ പരിയാരം സ്റ്റേഷനിലും കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സ്ഥലത്തെത്തിയ തളിപ്പറമ്പ് ഡിവൈ.എസ്.പി. പി. പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം മുഴുവൻ സഞ്ചരിച്ച ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു.

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് നാലരയോടെയാണ് ആരംഭിച്ചത്. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത് കല്ലുകടിയായി.

ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. തുടർന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു.

ഡോർ കേടായപ്പോൾ നന്നാക്കാൻ ശ്രമിക്കുന്ന കണ്ടക്ടർ 4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും നാലരയോടെയാണ് യാത്ര ആരംഭിച്ചത്. താമരശേരിയിൽ ബസിന് സ്വീകരണം ലഭിച്ചു.

ഏപ്രിൽ മുപ്പതിനാണ് സീറ്റ് ബുക്കിങ്ങിന് ഓൺലൈൻ സൗകര്യം ഒരുക്കിയത്. രണ്ട് ദിവസം കൊണ്ട് സീറ്റു മുഴുവൻ ബുക്ക് ചെയ്തു. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതിൽ ഒരു സീറ്റ് കണ്ടക്ടറുടേതാണ്.

റിസർവ് ഡ്രൈവർ കം കണ്ടക്ടർ രീതിയിൽ പി. ജയ്ഫർ, ഷാജി മോൻ എന്നിവരാണ് ബസ് ഓടിക്കുന്നത്. 2013 മുതൽ കോഴിക്കോട്-ബെംഗളൂരു മൾട്ടി ആക്സിൽ ബസ് ഓടിക്കുന്നവരാണിവർ.

എറണാകുളം പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയാണ് മജിസ്‌ട്രേട്ട് റിമാന്‍ഡ് നടപടികള്‍ സ്വീകരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെ ശൗചാലയത്തില്‍ രഹസ്യമായി പ്രസവിച്ച യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ബാല്‍ക്കണിയില്‍നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

റിമാന്‍ഡിലായെങ്കിലും യുവതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങില്ലെന്ന് പോലീസ് അറിയിച്ചു. ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കസ്റ്റഡി ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങൂവെന്നും നിലവില്‍ യുവതിക്കെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും സൗത്ത് എസ്.ഐ. പ്രദീപ് പറഞ്ഞു.

യുവതി അതിജീവിതയാണെന്നാണ് അറസ്റ്റ് ചെയ്ത ഉടനേ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, യുവതിയ്ക്ക് നേരത്തേ പരിചയമുണ്ടായിരുന്നയാളാണ് യുവാവെന്നും ഇയാള്‍ക്കെതിരേ നിലവില്‍ യുവതി മൊഴി നല്‍കിയിട്ടില്ലെന്നുമാണ് സൂചന. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ്.ശ്യാം സുന്ദര്‍ അറിയിച്ചു.

അതിനിടെ, യുവതി പോലീസിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ഉടനേ ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാലിത് ഫലം കണ്ടില്ല. കുഞ്ഞിനെ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞതായാണ് സൂചന. ഇക്കാര്യങ്ങള്‍ യുവതിയുടെ ഫോണ്‍ പരിശോധിച്ച് സ്ഥിരീകരിക്കാനാണ് പോലീസിന്റെ നീക്കം.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തീരദേശത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാനും കടലിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ രാവിലെ 02.30 മുതൽ ഞായറാഴ്ച രാത്രി 11.30 വരെ അതിതീവ്രമായ തിരമാലകളും ശക്തിയേറിയ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാൻ നിർദ്ദേശമുണ്ട്

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം

2. മൽസ്യബന്ധന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

4. ഇന്ന് രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം.

മുൻ കാമുകിയുടെ വീട്ടിലേക്ക് യുവാവയച്ച പാർസലിലെ ബോംബ് പൊട്ടിത്തെറിച്ച് യുവതിയുടെ ഭർത്താവിനും മകൾക്കും ദാരുണാന്ത്യം. ജീതുഭായ് ഹീരാഭായ് വഞ്ജരയും (32), മകൾ ഭൂമികയുമാണ് (12) കൊല്ലപ്പെട്ടത്. ​ഗുജറാത്തിലെ വദാലിയിൽ വ്യാഴാഴ്ചയാണ് സംഭവം.

ജയന്തിഭായ് ബാലുസിംഗ് വഞ്ജര (31) എന്ന വ്യക്തിയാണ് വീട്ടിലേക്ക് പാഴ്‌സലയച്ചതെന്ന് പോലീസ് അറിയിച്ചു. പാഴ്‌സലിലുണ്ടായിരുന്ന ടേപ്പ് റെക്കോർഡററിന് സമാനമായിരുന്നു ഇലക്ട്രോണിക് ഉപകരണം പ്ല​ഗ് ഇൻ ചെയ്യാൻ ശ്രമിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ജീതുഭായ് കൊല്ലപ്പെട്ടു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ഭൂമികയുടെ മരണം.

സ്ഫോടനം നടക്കുമ്പോൾ ജീത്തുവിന്റെ ഭാര്യ സ്ഥലത്തില്ലായിരുന്നു. തന്റെ മുൻ കാമുകിയുമായുള്ള ജീത്തുവിന്റെ വിവാഹത്തിലുണ്ടായ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ബോംബ് നിർമിക്കാനുള്ള സാമ​ഗ്രികൾ തേടി ജയന്തിഭായ് രാജസ്ഥാനിൽ പോയിരുന്നു. പ്ല​ഗ് ഇൻ ചെയ്യാൻ ശ്രമിച്ചപ്പോൾ ബോംബിലെ ജെലാറ്റിൽ സ്റ്റിക്കുകളും ഡിറ്റണേറ്ററും പൊട്ടിത്തെറിക്കുകയായിരുന്നെന്നും അധികൃതർ വ്യക്തമാക്കി.

ഓട്ടോറിക്ഷയിലായിരുന്നു വീട്ടിലേക്ക് പാഴ്‌സലെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഓട്ടോഡ്രൈവറെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളുടെ മൊഴിയിലൂടെയാണ് ജയന്തി ഭായിലേക്കെത്തിയത്. തുടർന്ന്, സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ജീത്തുഭായുടെ ഒൻപതും പത്തും വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കും സ്ഫോടനത്തിൽ ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും വിദ​ഗ്ധ ചികിത്സയ്ക്കായി അഹമദാബാദിലേക്ക് മാറ്റിയിട്ടുണ്ട്.

അടൂര്‍ കടമ്പനാട് എട്ട് വയസുകാരിയുടെ മരണം ഷിഗല്ല ബാധിച്ചെന്ന് സംശയം. കടമ്പനാട് സ്വദേശിനി അവന്തികയാണ് ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വയറിളക്കവും ഛര്‍ദ്ദിയുമായി അടൂര്‍ ജനറര്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റിയിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റില്‍ മരണ കാരണം ഷിഗല്ലയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിന് പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബം പറയുന്നു. കുട്ടിയുടെ സംസ്‌കാരം കഴിഞ്ഞു.

ഷിഗല്ലയെന്ന സംശയത്തില്‍ ആരോഗ്യ വിഭാഗം പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പരിശോധനക്കായി സമീപത്തെ കിണറുകളില്‍ നിന്നും വെള്ളം ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിശോധനകള്‍ക്ക് ശേഷം മരണകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

പിറന്നുവീണ് മൂന്നുമണിക്കൂര്‍ തികഞ്ഞിട്ടുണ്ടായിരുന്നില്ല ആ പിഞ്ചുകുഞ്ഞിന്. പൊക്കിള്‍ക്കൊടി പോലുമുണ്ടായിരുന്നെന്ന് പറയുന്നു, കണ്ടു നിന്നവര്‍. പക്ഷേ കണ്ണ് തുറന്ന് ഈ ലോകത്തെ കാണുന്നതിന് മുന്‍പേ ആ കുഞ്ഞ് റോഡിലേക്ക് വലിച്ചെറിയപ്പെട്ടു. അവന്റെ പിഞ്ചുമേനി റോഡിലേക്ക് വീണ ആഘാതത്തില്‍ ചിതറിത്തെറിച്ചുപോയി.

വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചുമണിയോടെ ശുചിമുറിയില്‍ പിറന്നുവീണപ്പോള്‍ അവന് ഒന്നുകരയാനെങ്കിലും കഴിഞ്ഞിട്ടുണ്ടാവുമോയെന്നാണ് കൊച്ചിയിലെ നടുക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ പോലീസും നാട്ടുകാരും ഒരുപോലെ ചോദിക്കുന്നത്. കേരളം നടുങ്ങിയ, ഇനിയൊരിക്കലും കേള്‍ക്കരുതേ എന്നാഗ്രഹിക്കുന്ന അതിദാരുണ കൊലപാതകമായിരുന്നു കൊച്ചിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്നത്.

രാവിലെ എട്ടരയോടെ ഫ്‌ലാറ്റിന് സമീപത്തെ റോഡിലൂടെ പോയ ഒരു വാഹനത്തിന്റെ ഡ്രൈവറാണ് കുറിയര്‍ കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

കുഞ്ഞിന്റെ കഴുത്തില്‍ ഒരു തുണിചുറ്റിയിരിക്കുന്നു. അനക്കമറ്റ ശരീരം ചിതറിത്തെറിച്ചിരിക്കുന്നു. കണ്ടവരാരും മറക്കില്ല ആ രംഗം. എത്രയോ ഉയരത്തില്‍നിന്നാണ് മാലിന്യക്കെട്ടുപോലെ ഒരു ജീവന്‍ റോഡിലേക്ക് വീണ് ഇല്ലാതായത്. റോഡില്‍ വീണപ്പോഴാണോ അതോ ശുചിമുറിയില്‍ പിറന്നുവീണപ്പോഴാണോ കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടതെന്ന് പറായാനായിട്ടില്ല. എന്നാലും അമ്മയാണ് ആ കുഞ്ഞിന്റെ ജീവനെടുത്തതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അത് അവര്‍ സമ്മതിച്ചെങ്കിലും പീഡനത്തിന് ഇരയായ അതിജീവിതയാണ് യുവതിയെന്നും പോലീസ് പറയുന്നു. നടന്നത് കൊടും ക്രൂരതയെങ്കിലും ചെയ്യിച്ചത് പേടിയോ നിസ്സഹായതയോ എന്നുപറയാനാവാത്ത അവസ്ഥ.

ബെംഗളൂരുവില്‍ എം.ബി.എ. വിദ്യാര്‍ഥിനിയായിരുന്നു അതിജീവിതയെന്നാണ് പോലീസും ജനപ്രതിനിധികളും നല്‍കുന്ന വിവരം. ഇവിടെനിന്ന് രണ്ടോ മൂന്നോ മാസമേ ആയിട്ടുള്ളൂ നാട്ടിലേക്കെത്തിയിട്ടെന്നാണ് സ്ഥലത്തെ കൗണ്‍സിലര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ പറയുന്നത്. ഗര്‍ഭിണിയാണെന്നറിഞ്ഞ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നതാണോ, അതല്ല പഠനം പൂര്‍ത്തിയാക്കി വന്നതാണോയെന്നത് സംബന്ധിച്ചും അന്വേഷണം നടത്തുകയാണ്.

സി.സി.ടി.വി. ദൃശ്യങ്ങളുണ്ടായിരുന്നുവെങ്കിലും ആദ്യ ഘട്ടത്തില്‍ ഏത് ഫ്ളാറ്റില്‍ നിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ടായിരുന്നില്ല. കുഞ്ഞിനെ പുറത്തേക്കെറിയാന്‍ ഉപയോഗിച്ച കുറിയര്‍ കവറാണ് പോലീസിന് സഹായകമായത്. ആമസോണ്‍ കവറില്‍ രേഖപ്പെടുത്തിയ ബാര്‍കോഡ് ട്രാക്ക് ചെയ്ത് പോലീസ് മുന്നോട്ടുപോയതോടെ അതിജീവിതയിലേക്ക് പെട്ടെന്നെത്താന്‍ കഴിഞ്ഞു.

യുവതി അതിജീവിതയാണെന്ന് അറിഞ്ഞതോടെ നവജാതശിശുവിന്റെ കൊലപാതകത്തിനപ്പുറം പീഡനക്കേസ് കൂടി അന്വേഷിക്കേണ്ട വിധത്തില്‍ അന്വേഷണ വഴി സങ്കീര്‍ണമാവുകയും ചെയ്തു. സ്വന്തം മകള്‍ ഗര്‍ഭിണിയാണെന്ന് അറിയാതെ പോയ രക്ഷാകര്‍ത്താക്കളുടെ നിസ്സഹായവസ്ഥയും ഇന്ന് പോലീസ് കമ്മിഷണര്‍ എസ്. ശ്യാംസുന്ദര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. വസ്ത്രധാരണത്തിലൂടേയും മറ്റും ഒരു പരിധിവരെ ഗര്‍ഭാവസ്ഥയെ പ്രത്യക്ഷത്തില്‍ മറച്ചുവെയ്ക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അച്ഛനും അമ്മയും മകളും മാത്രമുള്ള വീട്ടില്‍ അത് എത്രത്തോളം പ്രായോഗികമാകും എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഗര്‍ഭാവസ്ഥയെ എത്രത്തോളം മറച്ചുവെക്കാന്‍ ശ്രമിച്ചാലും ശാരീരികമായ മാറ്റങ്ങള്‍ ഏറ്റവും കുറഞ്ഞത് രക്ഷിതാക്കള്‍ക്കെങ്കിലും മനസ്സിലാവേണ്ടതാണെന്ന് പറയുന്നു ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും. അതുകൊണ്ടു തന്നെ തങ്ങള്‍ക്ക് അറിയാമായിരുന്നില്ലെന്ന രക്ഷിതാക്കളുടെ വാദത്തെ പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടുമില്ല.

കൊച്ചിയില്‍ സ്വന്തമായി മറ്റൊരു വീടുള്ള കുടുംബം വര്‍ഷങ്ങളായി സംഭവം നടന്ന ഫ്ളാറ്റിലും താമസിക്കുന്നുണ്ട്. ബിസിനസ് ആവശ്യത്തിനായി പിതാവ് എറണാകുളത്തേക്ക് പോവുമ്പോള്‍ അമ്മയും മകളും മാത്രമായിരിക്കും വീട്ടിലുണ്ടാവുകയെന്നും നാട്ടുകാര്‍ പറയുന്നു. പീഡനത്തിനപ്പുറം കുട്ടിയുടെ സൗഹൃദങ്ങള്‍, ബെംഗളൂരുവിലെ മറ്റ് ബന്ധങ്ങള്‍, ഏതെങ്കിലും തരത്തില്‍ ലഹരിയുടെയോ മറ്റോ കെണിയില്‍പെട്ടോ ഇങ്ങനെ പലവിധ വിഷയങ്ങളാണ് പോലീസിന് മുന്നിലുള്ളത്.

പശ്ചിമബംഗാള്‍ ഗവര്‍ണറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താത്കാലിക ജീവനക്കാരി പോലീസില്‍ പരാതി നല്‍കി. രാവിലെ ജോലിസംബന്ധമായ ആവശ്യത്തിന് ഗവര്‍ണറുടെ മുറിയിലെത്തുമ്പോള്‍ അദ്ദേഹം കൈയില്‍ കയറിപ്പിടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.

ഒപ്പമുണ്ടായിരുന്ന സൂപ്പര്‍വൈസറെ പറഞ്ഞയച്ച ശേഷമായിരുന്നു സംഭവമെന്നും ജീവനക്കാരി ആരോപിച്ചു. ഏപ്രില്‍ 24-മുതല്‍ രണ്ടുതവണ ഗവര്‍ണര്‍ ലൈംഗികാതിക്രം നടത്തിയെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്. രാജ്ഭവന്‍ വളപ്പിലുള്ള ഹോസ്റ്റലില്‍ താമസക്കാരിയാണിവര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തിനായി സംസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ആരോപണം. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറുടെ വസതിയാണ് പ്രധാനമന്ത്രിക്ക് ആതിഥേയത്വം വഹിക്കുന്നത്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഗവര്‍ണര്‍ക്കെതിരായ ആരോപണമെന്ന് ബിജെപി ആരോപിച്ചു.

കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തന്നെ മോശക്കാരനാക്കി തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാം എന്നാരെങ്കിലും കരുതുന്നുവെങ്കില്‍ അവരെ ദൈവം തുണയ്ക്കട്ടെയെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. പക്ഷേ, ഇതിലൂടെ പശ്ചിമ ബംഗാളിലെ അഴിമതിക്കും അക്രമത്തിനുമെതിരായ തന്റെ പോരാട്ടം തടയായാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാരോപണത്തിന് പിന്നാലെ അനുമതിയില്ലാതെ രാജ്ഭവനിലേക്ക് പോലീസ് പ്രവേശിക്കുന്നത് ഗവര്‍ണര്‍ വിലക്കുകയും ചെയ്തിട്ടുണ്ട്.

നടൻ ജയറാമിന്റെയും നടി പാര്‍വതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയും യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്‍. ഗുരുവായൂർ അമ്പലത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്.

അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇന്ന് തൃശൂരിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര- കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. നടൻ കാളിദാസ് ജയറാമാണ് മാളവികയുടെ സഹോദരൻ. ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കൂര്‍ഗിലെ മൊണ്‍ട്രോസ് റിസോര്‍ട്ടിലായിരുന്നു മാളവികയുടെ വിവാഹനിശ്ചയം.

Copyright © . All rights reserved