ലോക്സഭ തിരഞ്ഞെടുപ്പില്‍ തുടർച്ചയായ രണ്ടാം തവണയും മികച്ച വിജയം നേടിയതോടെ 2026 ലെ നിയമസഭ തിരഞ്ഞടുപ്പ് പ്രതീക്ഷകളും കോണ്‍ഗ്രസില്‍ ശക്തമായിരിക്കുകയാണ്.
പത്ത് വർഷത്തിന് ശേഷം തങ്ങള്‍ക്ക് സംസ്ഥാന ഭരണത്തിലെത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചരട് വലികളും കോണ്‍ഗ്രസിനുള്ളില്‍ ശക്തമായി കഴിഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നവർ. രമേശ് ചെന്നിത്തലയും വിഡി സതീശനും തങ്ങളുടെ സിറ്റിങ്ങ് സീറ്റുകളായ ഹരിപ്പാട് നിന്നും പറവൂരില്‍ നിന്നും വീണ്ടും നിയമസഭയിലേക്ക് മത്സരിക്കും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
നിലവിലെ എംപിമാരായ കെ സുധാകരനും ശശി തരൂരിനും നിയമസഭയിലേക്ക് മത്സരിക്കണമെങ്കില്‍ എംപി സ്ഥാനം രാജിവെക്കേണ്ടി വരും. മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്ന ഇരുവരും തങ്ങള്‍ക്ക് ഉചിതമായ നിയമസഭ മണ്ഡലങ്ങള്‍ കണ്ട് വെച്ചിട്ടുമുണ്ട്. കണ്ണൂർ മണ്ഡലത്തില്‍ മത്സരിക്കാനാണ് കെ സുധാകരന്റെ നീക്കം. കഴിഞ്ഞ രണ്ട് തവണയായി കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിക്കുന്ന മണ്ഡലമാണെങ്കില്‍ ചരിത്രപരമായി കോണ്‍ഗ്രസ് അനുകൂല മണ്ഡലമാണ് കണ്ണൂർ.
തിരുവനന്തപുരത്ത് ശശി തരൂരും നീക്കങ്ങള്‍ ശക്തമാക്കുകയാണ്. തലസ്ഥാന ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലം എന്ന് മാത്രമാണ് തരൂർ ക്യാംപ് ഇപ്പോള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ തരൂർ ഒഴിഞ്ഞാല്‍ തിരുവനന്തപുരം ലോക്സഭ സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയം നിലനിർത്താന്‍ കഴിയുമോയെന്ന ആശങ്ക കോണ്‍ഗ്രസില്‍ സ്വാഭാവികമായും ഉയരും.
തരൂർ ഇല്ലാതെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് സാധ്യതയേറും. ഈ സാഹചര്യത്തില്‍ നിയമസഭയിലേക്ക് മത്സരിക്കാനുള്ള തരൂരിന്റെ ആഗ്രഹത്തിന് ഹൈക്കമാന്‍ഡ് പച്ചക്കൊടി വീശിയേക്കില്ല.
ആറ്റിങ്ങലിലെ സിറ്റിങ് എംപിയായ അടൂർ പ്രകാശിനും നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ട്. പഴയ തട്ടകമായ കോന്നിയാണ് അടൂർ പ്രകാശ് ഉന്നമിടുന്നത്. തൃശൂരില്‍ പരാജയപ്പെട്ട കെ മുരളീധരനും സീറ്റ് ഒഴിഞ്ഞ ടിഎന്‍ പ്രതാപനും നിയമസഭയിലേക്ക് മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. പ്രതാപന് കൊടുങ്ങല്ലൂർ അല്ലെങ്കില്‍ തൃശൂരായിരിക്കും ലഭിക്കുക. കെ മുരളീധരൻ പഴയതട്ടകമായ വട്ടിയൂർക്കാവില്‍ ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുമുണ്ട്.
ഡിവൈഎഫ്‌ഐ നേതാവ് മനു തോമസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് പ്രശ്‌നം വഷളാക്കിയെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനവും സെക്രട്ടേറിയറ്റില്‍ ഉണ്ടായി.
ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് വിശദീകരിച്ച് അവസാനിപ്പിച്ച വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നത് പി. ജയരാജനാണെന്നും അദേഹം ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പ്രശ്‌നം കൂടുതല്‍ വഷളായെന്നും വിമര്‍ശനമുണ്ടായി. ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി അടക്കമുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ വീണ്ടും പാര്‍ട്ടിക്കു വേണ്ടി വാദിക്കാന്‍ ഇതിടയാക്കിയെന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു.
സി.പി.എമ്മില്‍ നിന്ന് പുറത്തു പോയതിനെ തുടര്‍ന്നാണ് ജില്ലയിലെ ഡിവൈഎഫ്‌ഐ നേതാവും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന മനു തോമസ് കണ്ണൂരിലെ ചില സിപിഎം നേതാക്കള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചത്. പി. ജയരാജന്‍ വിഷയത്തില്‍ പ്രതികരിച്ച് ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് വിഷയം വലിയ ചര്‍ച്ചയാകുകയും തുടര്‍ പ്രതികരണങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.
പാര്‍ട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിലാക്കിയ ആളാണ് പി. ജയരാജനെന്ന് മനു തോമസ് പറഞ്ഞിരുന്നു. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയാ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാന്‍ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ ‘കോപ്പി’ കച്ചവടങ്ങളും എല്ലാം നമുക്ക് പറയാമെന്നും മനു തോമസ് ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിച്ചിരുന്നു.
മനു തോമസ് വിഷയത്തില്‍ പി. ജയരാജനെ പിന്തുണച്ച് സംസാരിക്കാന്‍ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും തയ്യാറായിരുന്നില്ല. വിഷയത്തില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രതികരിക്കുമെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
സിം സ്വാപ്പ്, റീപ്ലേസ്മെന്റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനായി മൊബൈല്‍ നമ്ബർ പോർട്ടബിലിറ്റി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു.
2024 മാർച്ച് 14 കൊണ്ടുവന്ന മൊബൈല്‍ നമ്ബർ പോർട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്ബതാം ഭേദഗതിയാണ് ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരിക.
ട്രായ് നിയമം അനുസരിച്ച്, നിലവിലുള്ള ഉപഭോക്താവിന് നഷ്ടപ്പെട്ടതോ പ്രവർത്തന രഹിതമായതോ ആയ സിം കാർഡിന് പകരം പുതിയ സിംകാർഡ് നല്‍കുന്നതിനാണ് സിം സ്വാപ്പ് അല്ലെങ്കില്‍ സിം റീപ്ലേസ്മെന്റ് എന്ന് പറയുന്നത്. മൊബൈല്‍ നമ്ബർ നിലനിർത്തി മറ്റൊരു സേവന ദാതാവിലേക്ക് മാറാനുള്ള മൊബൈല്‍ നമ്ബർ പോർട്ടബിലിറ്റി സൗകര്യവും ലഭ്യമാണ്.
ഈ പ്രക്രിയകള്‍ കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി 2009 ലെ മൊബൈല്‍ നമ്ബർ പോർട്ടബിലിറ്റി ചട്ടങ്ങളില്‍ മുമ്ബ് എട്ട് തവണ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്.
പോർട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ മാറ്റംവരുത്തിയാണ് പുതിയ ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാർഡിലെ നമ്ബർ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷൻ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴുദിവസം കാത്തിരിക്കണം. ജൂലായ് ഒന്നുമുതല്‍ ഇതു പ്രാബല്യത്തിലാകും.
സിം കാർഡ് നഷ്ടമായാല്‍ നമ്ബർ മറ്റൊരു സിം കാർഡിലേക്ക് മാറ്റാൻ ഉപഭോക്താവിനു കഴിയും. അതേസമയം, ഉപഭോക്താവ് അറിയാതെ ഫോണ്‍നമ്ബർ മറ്റൊരു സിമ്മിലേക്കുമാറ്റി, അതിലേക്കു വരുന്ന ഒ.ടി.പി. നമ്ബറുകള്‍ ഉപയോഗിച്ചുള്ള സാമ്ബത്തികത്തട്ടിപ്പുകള്‍ വ്യാപകമാണ്. സിം പ്രവർത്തനരഹിതമായാലും അതിനുള്ള കാരണം ഉപഭോക്താവിന് പെട്ടെന്നു മനസ്സിലാകണമെന്നില്ല. നമ്ബർ പോർട്ട് ചെയ്തകാര്യം അറിഞ്ഞുവരുമ്ബോഴേക്കും അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായിട്ടുണ്ടാകും.
ഫോണ്‍ നമ്ബറുകള്‍ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (യു.പി.സി.) അനുവദിക്കുന്നതിലും പുതിയ മാനദണ്ഡം അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച്, നമ്ബർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴുദിവസം കഴിയാതെ യു.പി.സി. നല്‍കില്ല. അതേസമയം, 3 ജിയില്‍നിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല.
സ്‌കൂട്ടറിൽ വച്ചിരുന്ന മാലിന്യ പായ്ക്കറ്റ് റോഡരികിൽ ഉപേക്ഷിച്ച പഞ്ചായത്ത് അംഗത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയും ഇടപെട്ടു. മാലിന്യം റോഡരികിൽ തട്ടിയ അംഗത്തിനെതിരെ എന്തു നടപടിയെടുത്തെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി.
മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ പഞ്ചായത്ത് 13-ാം വാർഡ് അംഗവും സിപിഎം നേതാവുമാണ് പി.എസ്.സുധാകരൻ. ഇയാൾ വഴിയരികിലേക്കു മാലിന്യം തട്ടുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
സ്കൂട്ടറിലെത്തിയ സുധാകരൻ ആവോലി പഞ്ചായത്ത് പരിധിയിൽ ആളൊഴിഞ്ഞ സ്ഥലമെത്തിയപ്പോൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന മാലിന്യം കാലു കൊണ്ടു തട്ടി റോഡരികിൽ നിക്ഷേപിക്കുകയായിരുന്നു. ഈ രംഗങ്ങൾ സഹിതം പ്രദേശവാസികൾ പഞ്ചായത്ത് അധികൃതർക്കു പരാതി നൽകി. പ്രതിഷേധം ശക്തമായതോടെ 1,000 രൂപ പിഴയടച്ചു തലയൂരി. പഞ്ചായത്തിൽ മാലിന്യം തള്ളുന്നതിനു 10,000 രൂപയാണു പിഴയെങ്കിലും ചെറിയ തുക പിഴയടപ്പിച്ച വിഷയത്തിലും പ്രതിഷേധം ഉയർന്നിരുന്നു. പഞ്ചായത്ത് അംഗം എന്ന നിലയിൽ സമൂഹത്തിനു മാതൃകയാകേണ്ട ആൾ തന്നെയാണു സാമൂഹികവിരുദ്ധരെ പോലെ പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയത് എന്ന് ആക്ഷേപം ഉയർന്നു. ഈ സാഹചര്യത്തിൽ സുധാകരനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് യൂത്ത് കോൺഗ്രസ് പരാതിയും നൽകിയിരുന്നു.
മാലിന്യം തട്ടുന്ന ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞതാണു സുധാകരനു വിനയായത്. ഈ സംഭവത്തിനു ശേഷം അറവുമാലിന്യങ്ങൾ പഞ്ചായത്തിൽ തള്ളിയവർക്കെതിരെ സുധാകരൻ പ്രതികരിച്ചതോടെ ആരോ ഇത് ‘ഫുട്ബോൾ’ വിഡിയോ കമൻ്റിന്റെ രൂപത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ, വണ്ടി ഓടിച്ച് സ്‌പീഡിൽ പോകുമ്പോൾ താഴെപ്പോകാൻ ശ്രമിച്ച പായ്ക്കറ്റ് കാലുകൊണ്ടു പൊക്കി നേരെ വയ്ക്കാൻ ശ്രമിക്കുന്ന രംഗമാണു തൊഴിച്ചു കളയുന്നതായി എഡിറ്റ് ചെയ്തിരിക്കുന്നത് എന്ന് സുധാകരൻ വിശദീകരിച്ചിരുന്നു.
നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി ചാര്‍ത്തി. താലികെട്ടിന്റേയും സിന്ദൂരം ചാര്‍ത്തുന്നതിന്റേയും ചിത്രങ്ങള്‍ മീര ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങള്‍ മീര പങ്കുവെച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 13-നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. ശേഷം ഇരുവരുടേയും മാതാപിതാക്കള്‍ പരസ്പരം സംസാരിച്ച് വിവാഹമുറപ്പിക്കുകയായിരുന്നു.
കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെസംവിധായകന്‍ ലാല്‍ജോസാണ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.
പുതിയ മുഖം, പോത്തന്‍ വാവ, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്.
ഈ വര്‍ഷം പുറത്തെത്തിയ എന്നാലും എന്റെളിയാ ആണ് മീര അഭിനയിച്ച് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച (ജൂൺ 29) അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി ഉത്തരവായി. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. കേസിലെ അഞ്ച് പ്രതികൾക്കും കോടതി സമൻസ് അയച്ചു. ജൂലൈ 26ന് കോടതിയിൽ ഹാജരാകണം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ് പി എസ്.വിജയൻ, ഡിജിപി സിബി മാത്യൂസ്, ഡിജിപി ആർ.ബി.ശ്രീകുമാർ, എസ്പി: കെ.കെ.ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. എഫ്ഐആറിൽ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെ ഒഴിവാക്കി. എഫ്ഐആറിൽ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ് നൽകിയിരുന്നു. സിബിഐ മെയ് മാസത്തിൽ കേസ് റജിസ്റ്റർ ചെയ്‌തു. അന്വേഷണം പൂർത്തിയാക്കിയ സിബിഐ, തെളിവുകളുടെ അഭാവത്തിൽ നമ്പി നാരായണനെ കുറ്റവിമുക്‌തനാക്കി കുറ്റപത്രം കോടതിൽ സമർപ്പിച്ചു.
സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നമ്പി നരായണൻ സുപ്രീം കോടതിയിൽ സ്വകാര്യ ഹർജി നൽകിയത്.
ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരു മരണം. എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് പതിച്ചത്. ഇതേത്തുടര്‍ന്ന് ടെര്‍മിനല്‍ 1-ല്‍ നിന്ന് ടെര്‍മിനല്‍ 2, 3 എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ മാറ്റിയിട്ടുണ്ട്. ടെര്‍മിനല്‍ 1-ല്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്.
സുരക്ഷാ നടപടികളുടെ ഭാഗമായിട്ടാണ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ അടച്ചതെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.
പുലര്‍ച്ചെ അഞ്ചുമണിയോടെ നടന്ന സംഭവത്തില്‍ ക്യാബുകള്‍ (ടാക്‌സി കാറുകള്‍) ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടെര്‍മിനലിന്റെ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. മേൽക്കൂരയിലെ ഷീറ്റും സപ്പോര്‍ട്ട് ബീമുകളും തകര്‍ന്നതായി അധികൃതര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി പെയ്ത കനത്ത മഴയില്‍ ഡല്‍ഹിയുടെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് മുഖ്യമന്ത്രി ഉത്തരവിറക്കി. മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് വണ്‍ ബി.ജി അരുണ്‍, അസി. പ്രിസണ്‍ ഓഫീസര്‍ ഒ.വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
ടി.പി വധക്കേസിലെ മുഹമ്മദ് ഷാഫി, ടി.കെ. രജീഷ്, അണ്ണന്‍ സിജിത്ത് എന്നീ പ്രതികള്‍ക്ക് ഇളവു നല്‍കാനായിരുന്നു ശ്രമം. നാല്, അഞ്ച്, ആറ് പ്രതികളാണ് ഇവര്‍. കോടതി വിധി മറികടന്നായിരുന്നു സര്‍ക്കാരിന്റെ നടപടി. മുഹമ്മദ് ഷാഫി, ടി.കെ. രജീഷ്, അണ്ണന്‍ സിജിത്ത് എന്നിവര്‍ ഉള്‍പ്പടെ വിവിധ കേസുകളിലെ 56 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് തേടിയിരുന്നത്.
കേസിലെ ഇരകളുടെ ബന്ധുക്കള്‍, പ്രതികളുടെ അയല്‍വാസികളും ബന്ധുക്കളും എന്നിവരോട് സംസാരിച്ചശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനായിരുന്നു ആവശ്യം. ശിക്ഷായിളവ് തേടി ടി.പി കേസ് പ്രതികള്‍ ഒരുമാസം മുന്‍പ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള നീക്കത്തിന് പിന്നാലെ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോട് ജയില്‍ ഡി.ജി.പി. വിശദീകരണം തേടിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 75 വര്‍ഷം കഠിന തടവും 10,5000 രൂപ പിഴയും ശിക്ഷ. ചേലക്കര കോളത്തൂര്‍ അവിന വീട്ടുപറമ്പില്‍ മുഹമ്മദ് ഹാഷിമിനെ(40)യാണ് ശിക്ഷിച്ചത്. വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി മിനി ആര്‍ ആണ് ശിക്ഷ വിധിച്ചത്.
12 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ മാതാപിതാക്കളറിയാതെ സ്‌കൂളില്‍നിന്നും പലതവണ കൂട്ടിക്കൊണ്ടു പോവുകയും ഒന്നിലധികം തവണ ബന്ധുവീടുകളില്‍വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്.
പിഴത്തുക അടയ്ക്കാത്ത പക്ഷം 20 മാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അടക്കുന്ന പക്ഷം ഇരയ്ക്ക് നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ശുപാര്‍ശ ചെയ്തു.