India

സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് സുഹൃത്തുക്കൾക്കുവേണ്ടിയുള്ള മദ്യ സല്ക്കാരത്തിനിടെ മൺതിട്ടയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ താഴേക്ക് വീണു മരിച്ചു. പാങ്ങോട് മതിര തൂറ്റിക്കൽ സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇയാൾക്ക് കഴിഞ്ഞ മാസം എൺപത് ലക്ഷം രൂപാ സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലെത്തിയത്.തുടർന്ന് ഇക്കഴിഞ്ഞ ഒന്നിന് രാത്രി 9 മണിക്ക് പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്നയാളുടെ വീട്ടിൽ മദ്യസൽക്കാരം നടത്തുകയായിരുന്നു. മായാവി എന്ന സന്തോഷ് ഇയാളെ പിടിച്ചു തള്ളിയതായി പറയപ്പെടുന്നു. തോട്ടത്തിലേക്ക് വീണ സജീവിന് ദേഹാസ്വാസ്ഥ്യമുണ്ടായി .മെഡിക്കൽ കോളേജിൽവച്ച് ഇന്നലെ വൈകുന്നേരം മരണം സംഭവിച്ചു.അന്വേഷണം ആരംഭിച്ചതായി പാങ്ങോട് സി.ഐ. എൻ.സുനീഷ് അറിയിച്ചു.

അവണൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ മകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അവണൂര്‍ സ്വദേശി ശശീന്ദ്രനായിരുന്നു ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത്. ആയുര്‍വേദ ഡോക്ടറായ 25കാരന്‍ മയൂരനാഥന്‍ ആണ് അറസ്റ്റിലായത്.

മെഡിക്കല്‍ കോളജ് പൊലീസാണ് മയൂരനാഥനെ അറസ്റ്റ് ചെയ്തത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് ചോദ്യം ചെയ്യലിനായി മയൂരനാഥനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണമെന്നാണ് വിവരം.

കടലക്കറിയിലാണ് വിഷം കലര്‍ത്തിയത്. വിഷവസ്തുക്കള്‍ ഓണ്‍ലൈനില്‍ വരുത്തി സ്വയം നിര്‍മ്മിച്ചെടുക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മരിച്ച ശശീന്ദ്രനൊപ്പം ഇഡ്ഡലിയും കറിയും കഴിച്ച ഭാര്യയും അമ്മയും മറ്റ് രണ്ട് പേരും ചികിത്സയിലാണ്.

തിരുവനന്തപുരം ബൈപാസിൽ ലുലുമാളിനു സമീപം നിയന്ത്രണം വിട്ട കാർ വാഹനങ്ങളിലേക്കു ഇടിച്ചു കയറി. നിർത്തിയിട്ടിരുന്ന കാറിലേക്ക് കയറാൻ ശ്രമിച്ച യുവാക്കളായ ഷിബിൻ നിജാസ് എന്നിവർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ അടുത്തുള്ള സ്വകര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിബിന്റെ ജീവൻ രക്ഷിക്കാനായില്ല.

കാർ അമിത വേഗത്തിൽ വന്നു നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളും ഒരു കാറും തകർത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

അപകടത്തെ തുടർന്ന് ബൈപ്പാസിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വിവരം അറിയിച്ചിട്ടും പോലീസ് ഏറെ വൈകിയാണ് എത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതെന്ന് ദൃസാക്ഷികൾ പറഞ്ഞു. മരണപ്പെട്ട ഷിബിൻ മുഹമ്മദ് പുളിങ്കുന്ന് കുസാറ്റ് എൻജിനിയറിങ് കോളേജ് പൂർവകാല വിദ്യാർത്ഥി ആയിരുന്നു. തിരുവനന്തപുരത്തും കഴക്കൂട്ടത്തുമായി ചില ബിസിനസ് സ്ഥാപങ്ങൾ നടത്തിവരികയായിരുന്നു.

പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ….

ബിജോ തോമസ് അടവിച്ചിറ

കിളിമാനൂരിൽ  നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് യുവതി ദാരുണമായി മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കിളിമാനൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച അപകടത്തില്‍ കാര്‍ ഓടിച്ച തിരുവല്ല സ്വദേശി ഗിരീഷ് കുമാര്‍ (54) ആണ് അറസ്റ്റിലായത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

എയര്‍ പോര്‍ട്ടില്‍ പോയി മടങ്ങുന്ന വഴിയാണ് സംഭവം നടന്നത്. അലക്ഷ്യമായും അമിത വേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. നിയന്ത്രണം വിട്ട കാര്‍ രണ്ട് കാറുകളിലിടിച്ചതിന് ശേഷം സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരിയായ കിളിമാനൂര്‍ സ്വദേശി അജിലയാണ് മരിച്ചത്.

മലപ്പുഴം വാഴക്കാട് നരോത്ത് നജ്മുന്നീസ മരിച്ച കേസില്‍ ഭര്‍ത്താവ് മൊയ്തീന്‍ പിടിയില്‍. നജ്മുന്നീസയെ മൊയ്തീന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് മൊഴി. വീടിന്റെ ടെറസില്‍വച്ച് നജ്മുന്നീസയും മൊയ്തീനുമായി തര്‍ക്കമുണ്ടായി. ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഏണിവച്ച് നജ്മുന്നീസ ടെറസില്‍ കയറുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പുലർച്ചെ നാലോടെയാണ് നജ്മുന്നീസയെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് 2 മക്കളുണ്ട്. നജ്‌മുന്നീസ നോമ്പ് തുറക്കാനായി കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെന്ന് ഭർത്താവിന് പൊലീസിന് മൊഴി നൽകി. ഇന്നലെ പുലർച്ചെ മൊബൈൽ ഫോണിൽ നിന്ന് അലാം അടിക്കുന്ന ശബ്ദം കേട്ട് ടെറസിൽ കയറി നോക്കിയെന്നും അവിടെ നജ്മുന്നീസ മരിച്ചു കിടക്കുന്നത് കണ്ടുവെന്നുമാണ് മൊഴി.

സ്വന്തം വീട്ടിലേക്കു പോയ നജ്മുന്നീസ രാത്രി ഏഴരയോടെ താൻ താമസിക്കുന്ന വീട്ടിൽ തിരിച്ചെത്തിയെന്നാണ് ചോദ്യം ചെയ്യലിൽ മുഹിയുദ്ദീൻ അറിയിച്ചത്. തുടർന്ന് വീടിന്റെ പിന്നിൽ കോണി ചാരി ടെറസിൽ കയറി. തന്നെ നിരീക്ഷിക്കുന്നതിനു കൂടിയാണ് നജ്മുന്നീസ എത്തിയതെന്നാണ് മുഹിയുദ്ദീന്റെ മൊഴി. മുകളിൽനിന്ന് കാലൊച്ച കേട്ട് വന്നു നോക്കിയപ്പോഴാണ് നജ്മുന്നീസയെ കണ്ടത്. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മുഹിയുദ്ദീൻ നജ്മുന്നീസയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

എലത്തൂർ ട്രെയിൻ ആക്രമണക്കേസ് പ്രതി പൊലീസ് പിടിയിൽ. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫിയെയാണ്പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ഫോണിന്റെ ഐ.എം.ഇ.എ കോഡിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കി ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇയാളെക്കുറിച്ച് നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞതായും പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി എ ഡി ജി പി ്അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഉന്നതല സംഘത്തിന് ഡി ജി പി രൂപം നല്‍കിയിരുന്നു.

ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ച് അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തീ കണ്ട് രക്ഷപെടാനായി ചാടിയ അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ട്രാക്കില്‍നിന്ന് കണ്ടെടുത്തു.

തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകള്‍ ഉള്‍പ്പെടെ 9 യാത്രക്കാര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.തീവച്ചയാളുടെ രൂപസാദൃശ്യമുള്ള ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികല്‍സ തേടിയതായി സൂചന ലഭിച്ചിരുന്നു. ഇയാളുടെ രേഖാചിത്രം പുറത്ത് വിട്ടപ്പതിന് പിന്നാലെയാണ് രേഖാചിത്രത്തിലെ ആളുമായി രൂപസാദൃശ്യയുളളയാള്‍ ചികല്‍നേടിയതായി പൊലീസിന് വിവരം ലഭിച്ചത്. കാലിന് പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ ചികല്‍സ തേടിയതെന്നറിയുന്നു.

യാത്രക്കാർക്ക് മേൽ പെട്രോൾ ഒഴിച്ച് തീയിട്ട അക്രമിയുടേതെന്ന രീതിയിൽ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിൽ കഴമ്പില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങൾ കോഴിക്കോട് കാപ്പാട് സ്വദേശിയായ ഒരു വിദ്യാർത്ഥിയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.

പശുക്കടത്ത് ആരോപിച്ച് കര്‍ണ്ണാകയില്‍ യുവാവിനെ തല്ലിക്കൊന്നു.ഇദ്രിസ് പാഷയെന്ന യൂവാവിനെയാണ് കൊലപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ രാമനഗര ജില്ലയിലെ സാത്തനൂര്‍ വില്ലേജില്‍ വച്ചായിരുന്നു സംഭവം. സാത്തനൂര്‍ വില്ലേജിലെ റോഡില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തില്‍ പുനീത് കേരേഹള്ളി എന്നയാള്‍ക്കെതിരെയും സംഘത്തിലെ കണ്ടാലറിയാവുന്നവര്‍ക്കെതിരേയും പൊലീസ് കേസെടുത്തു.

. ‘പശു സംരക്ഷക സേന’ എന്ന പേരിലറിയപ്പെടുന്ന സംഘടനയുടെ തലവനാണ് പ്രതിയായ പുനീത് എന്ന് പറയപ്പെടുന്നു. സ്ഥലത്തെ മാര്‍ക്കിറ്റില്‍ നിന്നും പശുക്കളുമായി മടങ്ങി വരുകയായിരുന്ന ഇന്ദ്രിസിനെ റോഡില്‍വെച്ച് തടഞ്ഞു നിര്‍ത്തി പുനീതും സംഘവും മര്‍ദ്ദിക്കുകയായിരുന്നു.

പശുക്കളെ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ കാണിച്ചുവെങ്കിലും ഇദ്രിസിനോട് പുനീത് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ യുവാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് പാഷയെ പുനീത് അധിക്ഷേപിക്കുകയും പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനു ശേഷം പുനീത് ഒളിവിലാണ്. കൊലപാതകം, അന്യായമായി തടഞ്ഞു നിര്‍ത്തല്‍, സമാധാനന്തരീക്ഷം തകര്‍ക്കല്‍, മനഃപൂര്‍വ്വം അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഐഎസ്എല്‍ ഫുട്‌ബോളില്‍ ബെംഗുളൂരു എഫ്‌സിക്കെതിരായ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരളാ ബ്ലാസ്റ്റേഴ്‌സിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നാല് കോടി രുപ പിഴയിട്ടിരുന്നു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് പരസ്യമായി മാപ്പും പറയണം. അല്ലാത്ത പക്ഷം ആറ് കോടി രൂപ പിഴ ഒടുക്കണം. എന്തായാലും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കാതെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഈ പ്രശ്‌നത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുമായാണ്.

ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ട ക്ഷമാപണകുറിപ്പിൽ പറയുന്നത് ഇങ്ങനെ- മാർച്ച് 3 ന് ബാംഗ്ലൂർ എഫ് സിയുമായി നടന്ന മത്സരത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു . ഞങ്ങൾ അപ്പോൾ കാണിച്ച ആവേശത്തിൽ സംഭവിച്ചതാണ് അതൊന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. ഞങ്ങളുടെ പെരുമാറ്റം നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടെന്ന് മനസിലാക്കുന്നു. ഇന്ത്യൻ ഫുട്‍ബോൾ ഫെഡറേഷനോട് ഞങ്ങൾക്ക് ബഹുമാനമുണ്ട്. ആയതിനാൽ തന്നെ ഇത്തരത്തിൽ ഒരു സംഭവം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് പറയുന്നു.

എന്തായലും ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറഞ്ഞതോടെ വിവാദങ്ങൾ അവസാനിക്കാനാണ് സാധ്യത. കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങാൻ ടീമിന് ഉദ്ദേശമില്ലെന്ന് വ്യക്‌തമാണ് .

കളിക്കാരെ തിരിച്ചുവിളിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് 10 മല്‍സരങ്ങളില്‍നിന്ന് വിലക്കിയിരുന്നു . ഒപ്പം അഞ്ചുലക്ഷം രൂപ പിഴയും ചുമത്തി. പരിശീലകനും പരസ്യമായി മാപ്പുപറയണം അല്ലെങ്കില്‍ പിഴത്തുക 10 ലക്ഷമാകും. കൂടാതെ ഡ്രസിങ് റൂമിലോ സൈഡ് ബെഞ്ചിലോ പരിശീലകന്റെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല.

 

കല്ലായിലെ ജയലക്ഷ്മി സിൽക്‌സ് വസ്ത്രശാലയിലുണ്ടായ തീപിടുത്തം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ അണച്ചു. രാവിലെ ആറു മണിയോടെ ഉണ്ടായ തീപിടിത്തം മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അണച്ചതെന്ന് ജില്ലാ ഫയർ ഓഫിസർ അറിയിച്ചു. സ്ഥലത്തെത്തിയത് ഏഴ് യൂണിറ്റ് അഗ്‌നിരക്ഷാസേനയാണ്. സ്ഥാപനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.

രാവിലെ കട തുറക്കുന്നതിനു മുൻപായിട്ടായിരുന്നു തീപിടിത്തം, അതിനാൽ തന്നെ ആളപായമില്ല. അകത്ത് ജീവനക്കാരമില്ലായിരുന്നു. കടയ്ക്കുള്ളിലെ തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കളുമാണ് തീ പടർന്നു പിടിക്കാൻ കാരണം. പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചിട്ടുണ്ട്. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്‌ലക്‌സുകൾ ഉരുകി താഴേയ്ക്ക് ഒലിച്ചിറങ്ങിയതാണ് കാറുകൾ നശിക്കാൻ കാരണമായത്.

അതേസമയം, ഈ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പ്രതികരിച്ചു. എന്നാൽ, സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് ജയലക്ഷ്മി സിൽക്‌സിന്റെ പ്രതികരണം.

ഏറ്റവും മുകളിലെ നിലയിലെ ഗോഡൗണിനാണ് തീ പിടിച്ചത്. വിഷു, പെരുന്നാൾ കാലമായതിനാൽ വൻ സ്റ്റോക്ക് ഉള്ളിലുണ്ടെന്നു സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. തീ കൂടുതൽ ഭാഗങ്ങളിലേക്കു പടരുന്നതു തടയാനുള്ള ശ്രമത്തിലാണ് അഗ്‌നിരക്ഷാസേന.

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ടത് ചുവന്ന ടീ ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചയാളെന്ന് ദൃക്‌സാക്ഷികള്‍. കണ്ണൂര്‍ ഭാഗത്തേക്കാണ് ബൈക്ക് പോയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ ട്രാക്കിലൂടെ ഇറങ്ങി വരുന്നത് കവലയിലുള്ള ചില ആളുകള്‍ കണ്ടിരുന്നു. ഇവരാണ് പോലീസിന് മൊഴി നല്‍കിയത്.

ട്രാക്കില്‍നിന്ന് ഇറങ്ങിവന്ന ഇയാള്‍ ഒരു ബൈക്കില്‍ കയറി പോകുകയായിരുന്നുവെന്നും ബൈക്ക് ഇയാളെ കണ്ടപ്പോഴാണ് നിര്‍ത്തിയതെന്നും നാട്ടുകാരുടെ മൊഴിയില്‍ പറയുന്നു. ഇയാള്‍ ആ പ്രദേശത്തുള്ള ആളെല്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തീവണ്ടിയില്‍ തീയിട്ടത് ചുവന്ന വസ്ത്രം ധരിച്ച ആള്‍ ആണെന്ന് ടെയിനില്‍ ഉണ്ടായിരുന്നവരും മൊഴി നല്‍കിയിരുന്നു. സംഭവത്തിനുശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

എലത്തൂരിനും കാട്ടില്‍ പീടികയ്ക്കും ഇടയില്‍വെച്ചാണ് റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി എത്തിയ ആള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ബൈക്കുമായി ഒരാള്‍ എത്തുകയും ഇറങ്ങി വന്നയാള്‍ അതില്‍ കയറി പോകുകയും ആയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇറങ്ങി വന്നയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത് എന്നതും പോലീസിന്റെ സംശയം കൂട്ടുന്നു. അതിനിടെ, ട്രെയിനില്‍ അക്രമം നടത്തിയത് ടിക്കറ്റ് റിസര്‍വ് ചെയ്ത് വന്നയാളല്ല എന്ന് ടി.ടി.ആര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സ്ഥലത്തുനിന്ന് അക്രമിയുടേത് എന്ന് കരുതുന്ന ബാഗും പോലീസ് കണ്ടെടുത്തു ഈ ബാഗില്‍ ഒരു കുപ്പി പെട്രോള്‍ ഉണ്ടായിരുന്നു. റെയില്‍വേ ട്രാക്കില്‍ നിന്ന് കിട്ടിയ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അക്രമത്തില്‍ ഭീകരവാദ മാവോയിസ്റ്റ് സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും എലത്തൂരില്‍ എത്തി അന്വേഷണം തുടങ്ങി.

സംഭവം ആസൂത്രിതമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സംഭവത്തെത്തുടര്‍ന്ന് രക്ഷപെടാന്‍ തീവണ്ടിയില്‍ നിന്ന് ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെടുത്തിരുന്നു. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകള്‍ രണ്ടരവയസ്സുകാരി ഷഹ്‌റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്‌റിയ മന്‍സിലില്‍ റഹ്മത്ത് (45) എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ട്രാക്കില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ തീവണ്ടി എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ പെട്രോള്‍ ആക്രമണം ഉണ്ടായത്. ‘ഡി-1’ ബോഗിയിലാണ് സംഭവം. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലായാണ് നിര്‍ത്തിയത്. അടുത്ത ബോഗിയില്‍ നിന്നെത്തിയ ആള്‍ യാതൊരു പ്രകോപനവുമില്ലാതെ രണ്ട് പ്ളാസ്റ്റിക്ക് കുപ്പികളില്‍ പെട്രോള്‍ കൊണ്ടുവന്ന് യാത്രക്കാരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് ദൃക്‌സാക്ഷിമൊഴി. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ മറ്റ് കംപാര്‍ട്ട്മെന്റുകളിലേക്ക് ഓടി. പരിക്കേറ്റവരെല്ലാം സീറ്റില്‍ ഇരിക്കുന്നവരായിരുന്നു.

മരിച്ചവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും രാവിലെ എട്ട് മണിക്ക് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങും. പൊള്ളലേറ്റ 9 പേരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇയാള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പടെ 50 ശതമാനത്തില്‍ അധികം പൊള്ളലേറ്റിട്ടുണ്ട്.

Copyright © . All rights reserved