പ്രധാനമന്ത്രിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി.
ഇന്ത്യന്‍ പ്രദേശത്തേക്കുള്ള ചൈനയുടെ നുഴഞ്ഞുകയറ്റ വിഷയം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലണ്ടനിലെ ഹൗണ്‍സ്ലോയില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യവെയാണ് കോണ്‍ഗ്രസ് എംപിയുടെ പരാമര്‍ശം.’രാജ്യത്ത് പ്രതിപക്ഷം എന്ന ആശയത്തെ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പാര്‍ലമെന്റിലും ഇതുതന്നെയാണ് സംഭവിക്കുന്നത്, ചൈനക്കാര്‍ നമ്മുടെ പ്രദേശത്തിനകത്ത് കയറുന്നു അതിനെക്കുറിച്ച് സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. ഇത് ലജ്ജാകരമാണ്’ രാഹുല്‍ ഗാന്ധി പറഞ്ഞു.
നമ്മുടെ രാജ്യം ഒരു തുറന്ന രാജ്യമാണ്, നമ്മുടെ ബുദ്ധിയില്‍ അഭിമാനിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന ഒന്നാണ് എന്നാല്‍ ഇന്ന് ഇത് നശിപ്പിക്കപ്പെട്ടു. അതിനാലാണ് ഞങ്ങള്‍ ഭാരത് ജോഡോ യാത്ര നടത്താന്‍ തീരുമാനിച്ചത്. പ്രതിപക്ഷം ഉന്നയിക്കുന്ന ഒരു ആശയവും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും ഇത് നമുക്കെല്ലാവര്‍ക്കും പരിചിതമായ ഒരു ഇന്ത്യയല്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെ രാവിലെ അദ്ദേഹം ലണ്ടനില്‍ മഹാത്മാഗാന്ധിക്കും ഗുരു ബസവണ്ണയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നങ്ങളെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ തെരുവുകളില്‍ നടക്കാന്‍ പോലും സ്ത്രീകള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാതിവ് കേംബ്രിഡ്ജിലോ ഹാര്‍വാര്‍ഡിലോ പ്രസംഗിക്കാന്‍ കഴിയുന്നു എന്നാല്‍ എന്നാല്‍ ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ സംസാരിക്കാന്‍ കഴിയില്ല എന്നത് വിജിത്രമാണ് ‘ രാഹുല്‍ പറഞ്ഞു.ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞ ബിസിനസ്സ് വ്യവസായി ഗൗതം അദാനിയെയും അദ്ദേഹം പരിഹസിച്ചു.’ഒന്നോ രണ്ടോ ബിസിനസുകാര്‍ മിക്കവാറും എല്ലാ ബിസിനസ്സുകളും നിയന്ത്രിക്കുന്നു. അവര്‍ ഈയടുത്താണ് പ്രശസ്തരായത്. നിങ്ങള്‍ക്ക് അവരുടെ സമ്പത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാണാം. ഒരാള്‍ തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് പണം സമ്പാദിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു, ‘ഇന്ത്യയിലെ ആളുകള്‍ പറയുന്നത് മാധ്യമങ്ങളില്‍ പോലും കാണിക്കുന്നില്ല, മാധ്യമങ്ങള്‍ ദേഷ്യമോ വിദ്വേഷമോ അക്രമമോ ബോളിവുഡോ ക്രിക്കറ്റോ മാത്രമേ കാണിക്കൂ, യഥാര്‍ത്ഥ പ്രശ്നങ്ങളല്ല’.
ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന ഗാന്ധിജിയുടെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പരാമര്‍ശം കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്‌പോരിലേക്ക് മാറിയിരുന്നു. യുകെയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പര്യടനത്തിലാണ് രാഹുല്‍ ഗാന്ധി, ബിഗ് ഡാറ്റ, ജനാധിപത്യം, ഇന്ത്യ-ചൈന ബന്ധങ്ങള്‍ എന്നിവയെ കുറിച്ച് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ അദ്ദേഹം സെഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 7 ന് അദ്ദേഹം തിരിച്ചെത്തും.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഘടനകള്‍ ക്രൂരമായ ആക്രമണത്തിനിരയാണെന്ന് രാഹുല്‍ ഗാന്ധി. മാധ്യമങ്ങളും സ്ഥാപന ചട്ടക്കൂടുകളും ജുഡീഷ്യറിയും പാര്‍ലമെന്റും എല്ലാം ആക്രമിക്കപ്പെടുകയാണ്. ഞങ്ങളുടെ ശബ്ദവും ജനങ്ങളുടെ ശബ്ദവും സാധാരണ രീതിയില്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു ഇത് ആധുനിക ഇന്ത്യയില്‍ മുമ്പ് കണ്ടിട്ടില്ല. ഭാരത് ജോഡോ യാത്ര ആവശ്യമായി വന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഘടനകള്‍ ക്രൂരമായ ആക്രമണത്തിന് വിധേയമായതിനാലാണ്. പ്രതിപക്ഷം രാജ്യത്തിന്റെ സ്ഥാപന ഘടനകളോട് പോരാടുകയാണ്. ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷനുമായി യുകെയില്‍ നടത്തിയ സെഷനിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
‘ബിജെപിക്കെതിരെ കടുത്ത അമര്‍ഷമുണ്ട്. ഭാരത് ജോഡോ യാത്രയില്‍ ആ രോഷത്തിന്റെ അടിയൊഴുക്കുണ്ടായിരുന്നു. മാധ്യമങ്ങളില്‍ നിങ്ങള്‍ അതിനെക്കുറിച്ച് കേള്‍ക്കുന്നില്ല’, 2024ലെ നിര്‍ണായക പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചും അത് വിജയിക്കാന്‍ സഹായിക്കുമെന്ന് താന്‍ കരുതുന്ന കാര്യങ്ങളെക്കുറിച്ചും രാഹുല്‍ വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ വളരെയധികം ഏകോപനം നടക്കുന്നു. പാര്‍ട്ടികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആര്‍എസ്എസിനേയും ബിജെപിയേയും പരാജയപ്പെടുത്തേണ്ടതാണെന്ന അടിസ്ഥാന ആശയം പ്രതിപക്ഷത്തിന്റെ മനസ്സില്‍ ആഴത്തില്‍ വേരൂന്നിയതാണ്. അതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. ചര്‍ച്ച ആവശ്യമുള്ള തന്ത്രപരമായ പ്രശ്‌നങ്ങളുണ്ട്. ചില സംസ്ഥാനങ്ങള്‍ വളരെ ലളിതമാണ്. മറ്റുള്ളവ കുറച്ചുകൂടി സങ്കീര്‍ണ്ണമാണ്. എന്നാല്‍ ഈ ചര്‍ച്ച നടത്താനും അത് പരിഹരിക്കാനും പ്രതിപക്ഷത്തിന് വളരെയധികം കഴിവുണ്ട്, ”അദ്ദേഹം പറഞ്ഞു.
”ഇന്ത്യയിലെ പ്രതിപക്ഷം ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി പോരാടുന്നില്ല. നമ്മള്‍ ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാപന ഘടനയോട് പോരാടുകയാണ്. ഇന്ത്യയിലെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുത്ത ആര്‍എസ്എസിനോടും ബിജെപിയോടും ഞങ്ങള്‍ പോരാടുകയാണ്. ഈ സ്ഥാപനങ്ങള്‍ നിഷ്പക്ഷമല്ല. ഇന്ത്യയില്‍ ഒരു ജനാധിപത്യ പുനരുജ്ജീവനം ഞാന്‍ പ്രതീക്ഷിക്കുന്നു.’, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘ഏതെങ്കിലും തരത്തിലുള്ള ഭീഷണിപ്പെടുത്തലുകളെ അംഗീകരിക്കാനാവില്ല. ഞാന്‍ അഹിംസയില്‍ വിശ്വസിക്കുന്നു, ഭീഷണിപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമല്ല. അത് എന്റെ വ്യക്തിപരമായ വീക്ഷണമാണ്.’,മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കി.
അദാനി വിഷയത്തില്‍ കോടീശ്വരനായ നിക്ഷേപകന്‍ ജോര്‍ജ് സോറോസിന്റെ പരാമര്‍ശത്തെക്കുറിച്ചും കോണ്‍ഗ്രസ് നേതാവ് സംസാരിച്ചു. ജോര്‍ജ് സോറോസിന് അദ്ദേഹത്തിന്റെ അഭിപ്രായം ഉണ്ടായിരിക്കാം. എന്നാല്‍ എനിക്ക് ആ കാഴ്ചപ്പാടില്‍ താല്‍പ്പര്യമില്ല. ഇന്ത്യയില്‍ എന്റെ സ്വന്തം കണ്ണുകൊണ്ട് കാണുന്നത് ഞാന്‍ വിശ്വസിക്കുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ അദാനി 609-ാമത്തെ വലിയ ധനികനില്‍ നിന്ന് രണ്ടാമത്തെ വലിയ ധനികനായി മാറിയതായി എനിക്ക് കാണാന്‍ കഴിയും. അദ്ദേഹത്തിന് പ്രതിഫലം ലഭിക്കുന്നത് എനിക്ക് കാണാന്‍ കഴിയും. വ്യവസായങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചിരിക്കുന്നു. അത് പറയാന്‍ ഞങ്ങള്‍ക്ക് ജോര്‍ജ്ജ് സോറോസിന്റെ ആവശ്യമില്ലെന്നും രാഹുല്‍ തുറന്നടിച്ചു.
Strange that an Indian political leader can give a talk in Cambridge, Harvard but not in an Indian university.
Govt does not allow any idea of opposition to be discussed. It is not an India all of us are used to. @RahulGandhi addresses Indian diaspora at Hounslow in London. pic.twitter.com/bavzHqErsE
— Congress (@INCIndia) March 5, 2023
ബ്രഹ്മപുരം കൊച്ചിയെ വിഷമമയമാക്കുകയാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇടയ്ക്കിടെ തീപിടിത്തമുണ്ടാകാറുണ്ട്. എന്നാല്‍ ഇക്കുറിയിലെ തീപിടിത്തം കൊച്ചിയെ ശ്വാസം മുട്ടിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തീപിടിത്തവും വായു മലിനീകരണവും ഉണ്ടാകുന്നത്.
വ്യാഴാഴ്ച വൈകീട്ടാണ് ബ്രഹ്മപുരത്ത് തീ പടർന്നത്. ബ്രഹ്മപുരത്തുനിന്ന് മാലിന്യം മാറ്റുന്നതിന് ബയോമൈനിങ്ങിന് 54 കോടിയോളം ചെലവിൽ സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയിരുന്നു. ബയോമൈനിങ് പ്രവർത്തനങ്ങൾ അവിടെ നടക്കുമ്പോഴാണ് മാലിന്യത്തിന് തീ പിടിച്ചത്. തീ ആളിപ്പടർന്ന് നാലാം ദിവസമായ ഇന്നും തീ പൂർണമായി നിയന്ത്രണ വിധേയമായിട്ടില്ല. രണ്ട് വലിയ ഹൈപവർ ഡീ വാട്ടറിങ് പമ്പ് സെറ്റുകൾ ഉപയോഗിച്ച് കടമ്പ്രയാറിൽനിന്ന് വെള്ളമെടുത്ത് പമ്പ് ചെയ്യുകയാണ്. ഫ്ളോട്ടിങ് ജെ.സി.ബിയുടെ സഹായത്തോടെ കടമ്പ്രയാർ വൃത്തിയാക്കിയാണ് ജലമെടുക്കുന്നത്. 32 ഫയർ എൻജിനുകളാണ് തീയണയ്ക്കുന്നത്.
ആറ് മേഖലകളായി തിരിച്ചാണ് ബ്രഹ്മപുരത്തെ തീ അണക്കാനുള്ള ശ്രമം നടത്തുന്നത്. നാലുമേഖലകളിലെ തീയണക്കാൻ അഗ്നിരക്ഷാ യൂണിറ്റുകളും ബാക്കി സ്ഥലങ്ങളിൽ നേവി, കൊച്ചിൻ റിഫൈനറി എന്നിവയുടെ യൂണിറ്റുകളും ഉപയോഗിച്ചാണ് പ്രവർത്തനം. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെയും സിയാലിന്റെയും അധിക യൂണിറ്റുകളും രംഗത്തുണ്ട്. ശനിയാഴ്ചയും തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കാതെ വന്നതോടെ നേവിയുടെ ഹെലികോപ്ടർ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമം നടത്തിയിരുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടിക്കിടക്കുന്ന ഭാഗത്താണ് തീ പടർന്നത് എന്നതിനാല്‍ വായു ആദ്യം തന്നെ മലിനമായി. തീ പടര്‍ന്നതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ വിഷപ്പുക പ്രദേശമാകെ നിറഞ്ഞു. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാൻ ശ്രമമാരംഭിച്ചെങ്കിലും നിയന്ത്രിക്കാൻ പറ്റാത്ത വിധം തീ പടർന്നു. ഇരുമ്പനം ഭാഗത്തേക്കും കാറ്റ് വീശിയതോടെ അമ്പലമേട് ഭാഗത്തേക്കും പരന്നു. തുടർന്ന് നിരവധി പേർക്ക് അസ്വസ്ഥത ഉണ്ടായി.
ബ്രഹ്മപുരം, മേച്ചിറപ്പാട്ട്, കരിമുകൾ, ഇരുമ്പനം, ഏരൂർ, വൈറ്റില, ഹിൽപാലസ് തുടങ്ങി ജില്ലയിലെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പുകയും പ്ലാസ്റ്റിക്കിന്റെ കരിഞ്ഞ ഗന്ധവും ഉണ്ട്. ഈ വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ട്, ഛർദി, തലവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട് നിരവധി പേർ ചികിത്സ തേടി. കൂടുതൽ പേർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന വിലയിരുത്തലിൽ സ്മോക്ക് ഐ.സി.യു. സ്ഥാപിക്കുകയും കൺട്രോൾ റൂം തുറക്കുകയും ചെയ്തിട്ടുണ്ട്. വിഷപ്പുകയുടെ ബുദ്ധിമുട്ട് കാരണം പലരും നഗരം വിട്ട് മാറിത്താമസിക്കുകയാണ്. 2019-ലെ തീപിടിത്തത്തിൽ പുക ശ്വസിച്ച് ഇരുമ്പനത്ത് നിരവധിപ്പേർ ചികിത്സ തേടിയിരുന്നു.
ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് മേഖലയിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും. പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചതുമൂലം വൻ പാരിസ്ഥിതിക ആഘാതമാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബ്രഹ്മപുരത്ത് മാലിന്യം ഫലപ്രദമായി സംസ്കരിക്കുന്ന കാര്യത്തിൽ കൊച്ചി കോർപറേഷന്റെ വീഴ്ച ദേശീയ ഹരിത ട്രിബ്യൂണൽ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു.
മാവേലിക്കരയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ വഴിത്തിരിവ്. മാസങ്ങളായി പ്രതി ആരാണെന്ന് ഉറപ്പില്ലാത്ത കാര്യത്തിൽ ഒടുവിൽ യാഥാർത്ഥ്യം പുറത്തു വന്നിരിക്കുകയാണ്. പ്രതിയെ ഡിഎൻഎ ടെസ്റ്റിലൂടെയാണ് കണ്ടെത്തിയത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ചുനക്കര നടുവിലേമുറി രാജീവ് ഭവനത്തിൽ രാജീവിനെ (46) ആണ് അറസ്‌റ്റു ചെയ്തത്.
നൂറനാട് സ്വദേശിയായ ഭിന്നശേഷിക്കാരിയായ യുവതിയെയാണ് രാജീവ് പീഡിപ്പിച്ചത്. 11 മാസം മുൻപാണ് സംഭവം നടന്നത്. അതിക്രമം നടക്കുമ്പോൾ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ വന്ന രാജീവ് പെൺകുട്ടിയെ കടന്നുപിടിച്ച് പീഡനത്തിന് വിധേയയാക്കുകയായിരുന്നു. തനിക്ക് വഴങ്ങണമെന്നും വിസമ്മതിച്ചാൽ കൊന്നുകളയുമെന്നും ഭഃഷണിപ്പെടുത്തിയാണ് പ്രതി അതിക്രമം കാട്ടിയതെന്ന് പൊലീസ് പറഞ്ഞു.
പീഡനവവിവരം പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. ശാരീരിക അവശതകൾ ഉണ്ടായതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർക്ക് സംശയം തോന്നിയത്. പെൺകുട്ടിക്ക് വയറുവേദന അസഹ്യമായതോടെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ വീട്ടുകാർ നൂറനാട് പൊലീസിൽ പരാതിനൽകുകയായിരുന്നു. എന്നാൽ പ്രതി ആരാണെന്ന കാര്യത്തിൽ മാത്രം സംശയം നിലനിന്നു. സംസാരിക്കുവാനുള്ള പരിമിതികൾ കാരണം പ്രതിയെക്കുറിച്ച് സൂചന നൽകാൻ പെൺകുട്ടിക്കായില്ല.
ഭിന്നശേഷി ഭാഷാവിദഗ്ധരുടെ സഹായത്തോടെയാണ് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. സംശയം തോന്നിയ ആളുകളുടെ ചിത്രങ്ങളും രക്തസാമ്പിളുമെടുത്തുള്ള അന്വേഷണവുമായി പൊലീസ് മുന്നോട്ടു പോയി. ഇതിനിടെ യുവതി പ്രസവിച്ചു. യുവതിയേയും കുട്ടിയേയും വനിതാ ശിശുസംരക്ഷണകേന്ദ്രത്തിലേക്ക് പൊലീസ് മാറ്റുകയും ചെയ്തു.
ഇതിനിടെ ശാസ്‌ത്രീയപരിശോധനയിൽ രാജീവാണ് കുഞ്ഞിൻ്റെ അച്ഛനെന്ന് വ്യക്തമാകുകയായിരുന്നു. എന്നാൽ താനാണ് കുഞ്ഞിൻ്റെ അച്ഛനെന്ന് സമ്മതിക്കാൻ രാജീവ് തയ്യാറായില്ല. തുടർന്നാണ് യുവതിയുടേയും കുട്ടിയുടേയും രാജീവിൻ്റെയും രക്തസാമ്പിൾ ശേഖരിച്ച് ഡിഎൻഎ ടെസ്റ്റ് നടത്താൻ ഉത്തരവായത്.
ഡിഎൻഎ ടെസ്റ്റിൽ രാജീവാണ് കുഞ്ഞിൻ്റെ അച്ഛനെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ യുവതിയെ പീഡിപ്പിച്ചത് രാജീവാണെന്ന് തെളിയുകയും രാജീവിനെ അറസ്റ്റ് ചെയ്ത് മാവേലിക്കര കോടതിയിൽ ഹാജരാക്കുകയും ചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ പി ശ്രീജിത്ത്, എസ് ഐ മാരായ നിധീഷ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
കായംകുളം ഉമ്പര്‍നാട്ട് കൊലക്കേസ് പ്രതിയുടെ ഭാര്യ തൂങ്ങി മരിച്ചു. ഉമ്പര്‍നാട്ട് പത്തിരില്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ സോമിനി(37) ആണ് മരിച്ചത്. ശനിയാഴ്ച സ്വന്തംവീടായ കായംകുളം ചിറക്കടവം പുത്തന്‍പുതുവേലില്‍ വീട്ടില്‍ വെച്ചായിരുന്നു സംഭവം. സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ ഇവരുടെ ഭര്‍ത്താവ് വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ സോമിനിക്കെതിരെ കടുത്ത അപവാദ പ്രചരണം നടന്നിരുന്നതായി ആരോപണമുണ്ട്.
ഫെബ്രുവരി 16ന് രാത്രി 11.30-ഓടെ തെക്കേക്കര വില്ലേജ് ഓഫീസിനു വടക്ക് കനാല്‍ പാലത്തിനുസമീപം അശ്വതി ജങ്ഷനിലായിരുന്നു കൊലപാതകം. വാക്കു തര്‍ക്കത്തിനിടെ വിനോദ് സുഹൃത്തായ തെക്കേക്കര ഉമ്പര്‍നാട് സ്വദേശി സജേഷിനെ (36) കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിനോദിന്റെ വീടിനുസമീപം താമസിക്കുന്ന ബന്ധുവിനെ കാണാന്‍ സജേഷ് എത്തിയിരുന്നു. ഇയാള്‍ വിനോദിന്റെ വീടിനടുത്തുള്ള റോഡിലാണ് ബൈക്ക് വെച്ചത്. ഇവിടെ നിന്ന് മടങ്ങിയപ്പോള്‍ രാത്രിയായി. ഈ സമയം ബൈക്കെടുത്ത് വീട്ടിലേക്കു പോകാനായെത്തിയ സജേഷും വിനോദും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വിനോദ് സജേഷിനെ കുത്തിയത്. ഇടതു കൈയുടെ പേശിയിലാണ് കുത്തേറ്റത്.
ഇതിനിടെ ബഹളം കേട്ട് നാട്ടുകാരെത്തി. വേദന കൊണ്ട് പുളഞ്ഞ സജേഷ് അപ്പോഴേക്കും കനാല്‍പ്പാലത്തിനു സമീപത്തേക്ക് ഓടിയിരുന്നു. നാട്ടുകാര്‍ വിനോദില്‍ നിന്ന് കത്തി പിടിച്ച് വാങ്ങി. സജേഷിനെ തേടി കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. റോഡിലെ രക്തത്തുള്ളികള്‍ പിന്തുടര്‍ന്നാണ് ചോരവാര്‍ന്ന് അവശനിലയിലായ സജേഷിനെ കണ്ടെത്തിയത്. ഇയാളെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍ നില അതീവ ഗുരുതരമായിരുന്നു. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപ്രതിയിലേക്ക് മാറ്റാനായി ശ്രമം.
വഴിമധ്യേ സജേഷ് മരിച്ചു. പിന്നാലെ വിനോദ് ഒളിവില്‍ പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ 19-ാം തീയതി വിനോദിനെ അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ കടുത്ത മനോവിഷമത്തിലായിരുന്നു സോമിനി. ഭര്‍തൃവീട്ടില്‍ നിന്ന് കായംകുളത്തെ വീട്ടിലേക്കും ഇവര്‍ താമസം മാറ്റിയിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
കൊല്ലം ഇരവിപുരത്ത് റെയിൽവേ ട്രാക്കിൽ കാൽവഴുതി വീണ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി. ഇരവിപുരം കാവൽപുര റയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം സംഭവം നടന്നത് .
കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുൽ റഹ്മാനാണ് വയോധികനെ രക്ഷിച്ചത്. റെയിൽവേ സ്റ്റേഷന് അരികിലുള്ള ചായക്കടയിൽ നിന്ന അബ്ദുറഹ്മാൻ, വയോധികൻ വീണത് കണ്ട് ഓടിവന്ന് വലിച്ചു മാറ്റുകയായിരുന്നു. ട്രെയിൻ കടന്നു പോകുന്നതിന് ഏതാനും സെക്കന്റുകൾക്ക് മുമ്പാണ് അത്ഭുതകരമായ രക്ഷപ്പെടുത്തലുണ്ടായത്.
ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു, ജോര്‍ദാന്‍ രാജകുമാരിയെ സ്വന്തമാക്കി തൃശ്ശൂര്‍ ചാവക്കാട് സ്വദേശി. തിരുവത്ര തെരുവത്ത് ചാലില്‍ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റഊഫ് ആണ് ജോര്‍ദാന്‍ സ്വദേശി ഹല ഇസാം അല്‍ റൗസനെ ജീവിതസഖിയാക്കി കൂടെകൂട്ടിയത്.
ജോര്‍ദാനിലെ ദര്‍ഗ അല്‍ യൗം എന്ന ടെലിവിഷന്‍ ചാനലിലെ അവതാരകയാണ് ഹല. ജോര്‍ദാനിലെ പ്രമുഖ രാഷ്ട്രീയസംഘടനയുടെ നേതാവാണ് അഭിഭാഷകനായ ഹലയുടെ പിതാവ്. ജോര്‍ദാനികളും ഫലസ്തീനികളും താമസിക്കുന്ന സര്‍ക്കയിലാണ് ഹലയുടെ കുടുംബം.
2022 ഒക്ടോബറിലാണ് റൗഫ് ഹലയെ നേരില്‍ കാണുന്നത്. തുടര്‍ന്ന് വീട്ടുകാരോട് ഇരുവരുടേയും ഇഷ്ട്ം അറിയിച്ചു. ഹലയുടെ കുടുംബം ഈ ബന്ധത്തിന് സമ്മതിച്ചതോടെ വിവാഹം ഉറപ്പിക്കുകയും തുടര്‍ന്ന് ജനുവരി 21ന് വിവാഹം നടത്തുകയും ചെയ്തു. ചാവക്കാട് നിന്ന് റഊഫയുടെ പിതാവുള്‍പ്പെടെ 30ഓളം പേരും ചടങ്ങില്‍ പങ്കെടുത്തു.
വധൂവരന്‍മാര്‍ ചാവക്കാട്ടെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. രണ്ടാഴ്ച കേരളത്തില്‍ കറങ്ങിയ ശേഷം ദുബായിലേക്ക് പോകുമെന്ന് ഇരുവരും അറിയിച്ചു. ദുബായിലെ ബോഡി ഡിസൈന്‍ ശരീരസൗന്ദര്യവര്‍ധക സ്ഥാപനം നടത്തുകയാണ് റഊഫ്. ഹുസൈന്‍ രാജാവിന്റെ കുടുംബത്തിന്റെ അടുത്ത ബന്ധുക്കളാണ് ഹലയുടെ കുടുംബം.
കുളവാഴയും പായലും ആ പൈതലിന് രക്ഷാകവചമായി. കുളത്തിലെറിഞ്ഞ 2 ദിവസം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ബറേലി ജില്ലയിലെ ഖാത്തുവ ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. കൃഷിസ്ഥലത്തേക്കു പോവുകയായിരുന്ന ഗ്രാമത്തലവൻ വകീൽ അഹമ്മദ് വഴിയരികിലെ കുളത്തിൽ കഴുത്തോളം മുങ്ങി ഒരു കുഞ്ഞ് കിടക്കുന്നതായി കണ്ടു. പൊലീസിനെ അറിയിച്ച് കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു. പരിശോധനയിൽ കുഴപ്പമൊന്നുമില്ല.
ആരോ വലിച്ചെറിഞ്ഞ പെൺകുഞ്ഞ് കുളവാഴ, പായൽ മെത്തയിൽ ഉടക്കിയതിനാൽ മുങ്ങിപ്പോയില്ല. കരയിൽ നിന്ന് 5 മീറ്റർ അകലെയാണ് കുഞ്ഞ് കിടന്നിരുന്നത്. ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ച കുഞ്ഞ് ആരോഗ്യവതിയാണ്. ശിശു സംരക്ഷണ സമിതി ഏറ്റെടുത്ത കുഞ്ഞിന് ഗംഗ എന്നു പേരു നൽകി. കുഞ്ഞിനെത്തേടി ആരും ഇതുവരെ എത്തിയിട്ടില്ല.
മലഞ്ചെരുവിൽ പൊതിഞ്ഞ പെൺകുട്ടിയെ പുറത്തെടുക്കുന്നതിന്റെ വീഡിയോ പ്രാദേശിക വൃത്തങ്ങളിൽ വൈറലായി. സബ് ഇൻസ്പെക്ടർ സുമർ സിംഗ്, ലേഡി കോൺസ്റ്റബിൾ മൗസം ദേവി എന്നിവർ ചേർന്ന് കുട്ടിയെ കസ്റ്റഡിയിലെടുത്ത് നവാബ്ഗഞ്ചിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവൾക്ക് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പെൺകുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് കഴുത്തോളം വെള്ളത്തിൽ മുക്കിയ നിലയിലായിരുന്നുവെന്ന് അഹമ്മദ് പറഞ്ഞു. കുളക്കരയിൽ നിന്ന് ഏകദേശം അഞ്ച് മീറ്റർ അകലത്തിലായിരുന്നു അവൾ, മരിക്കണമെന്ന് ആഗ്രഹിച്ച ആരോ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞെങ്കിലും സർവ്വശക്തൻ അവളുടെ ജീവൻ രക്ഷിച്ചു. മണിക്കൂറുകളോളം കുളത്തിൽ കിടന്നിട്ടും വാട്ടർ ഹയാസിന്ത് അവളെ രക്ഷിച്ചു.
അഡീഷണൽ എസ്പി (റൂറൽ) രാജ്കുമാർ അഗർവാൾ പറഞ്ഞു, “ആരാണ് അവളെ എപ്പോൾ ഉപേക്ഷിച്ചതെന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു. ഭാഗ്യത്തിന് വെള്ളത്തൂവലിൽ കുടുങ്ങിയതാണ് അവളെ മുങ്ങിമരിക്കുന്നതിൽ നിന്ന് രക്ഷിച്ചത്. കുറച്ചു നേരം അവൾ വെള്ളത്തിൽ കിടന്നതിനാൽ ഞങ്ങൾ അവളെ ആശുപത്രിയിൽ എത്തിച്ചു, അവിടെ അവൾ സുഖമായിരിക്കുന്നുവെന്ന് കണ്ടെത്തി. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) കൈമാറുകയും ബറേലി നഗരത്തിലെ ഒരു ഫോസ്റ്റർ ഹോമിലേക്ക് മാറ്റുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. 72 മണിക്കൂറിനുള്ളിൽ അവളുടെ മാതാപിതാക്കൾ എത്തുന്നതുവരെ ഞങ്ങൾ കാത്തിരിക്കും, ആരും വന്നില്ലെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഞങ്ങൾ പരാതി രജിസ്റ്റർ ചെയ്യുമെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
കുളത്തിൽ കണ്ടെത്തിയ പെൺകുട്ടിക്ക് ഗംഗ എന്ന് പേരിട്ടതായി സിഡബ്ല്യുസി ചെയർപേഴ്സൺ ദിനേശ് ചന്ദ്ര പറഞ്ഞു. ആവശ്യമായ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം, ഞങ്ങൾ അവളെ ഒരു ഫോസ്റ്റർ കെയർ ഹോമിലേക്ക് മാറ്റി, അവിടെ ജീവനക്കാർ അവളെ പരിപാലിക്കും. സിഡബ്ല്യുസിയെ സമീപിച്ച് ആവശ്യമായ രേഖകൾ കാണിച്ച് മാതാപിതാക്കൾക്ക് കുഞ്ഞിന് അവകാശവാദം ഉന്നയിക്കാം. കുട്ടി വോൺ ബേബിയിൽ തന്നെ തുടരും.
ഫേസ്ബുക്ക് ലൈവിൽ വന്ന് കട കത്തിക്കുമെന്ന് പറഞ്ഞ യുവാവ് ലോട്ടറി ഏജൻസിക്കട പെട്രോളൊഴിച്ച് തീയിട്ടു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് യുവാവിന്റെ ക്രൂരത. സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തുന്ന രാജേഷ് ആണ് ലോട്ടറി കടയിൽ എത്തി തീയിട്ടത്. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡിൽ മീനാക്ഷി ലോട്ടറി ഏജൻസീസിന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് തീയിട്ടത്. സംഭവത്തിൽ ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിൽ അടുത്തടുത്ത് കടകൾ ഉള്ളിടത്താണ് പെട്രോളൊഴിച്ച് ആക്രമണമുണ്ടായത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പരിഭ്രാന്തരായെങ്കിലും കടയിലെ ജീവനക്കാർ ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ വലിയ ദുരന്തമുണ്ടായില്ല.
കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോൾ വീണിരുന്നെങ്കിലും കൂടുതൽ അപായം സംഭവിച്ചില്ല. മീനാക്ഷി ലോട്ടറി ഏജൻസീസ് കത്തിക്കുമെന്ന് രാജേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. പിന്നീട് മുൻപ് പറഞ്ഞ സമയത്ത് എത്തിയാണ് കടയ്ക്ക് തീയിട്ടത്.
ഇങ്ങനെയുള്ള കുത്തക മുതലാളിമാർ ആവശ്യമുണ്ടോ എന്ന് ഇയാൾ വീഡിയോയിൽ ചോദിക്കുകയും ചെയ്യുന്നുണ്ട്. റിയൽ കമ്മ്യൂണിസം, ഇഎംഎസ് ഭരിച്ചിരുന്നപ്പോഴത്തെ കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങൾക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താൻ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെന്നൊക്കെയാണ് രാജേഷ് വീഡിയോയിൽ പറയുന്നത്.
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ശിങ്കാര വള്ളം മറിഞ്ഞു അപകടം. അഷ്ടമുടിക്കായലിലാണ് അപകടം. സഞ്ചാരികള്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കൈക്കുഞ്ഞ് ഉള്‍പ്പടെയുള്ള എട്ട് അംഗ വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് കായലിന് നടുവില്‍ മുങ്ങിയത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.
പിന്നാലെ വന്ന ബോട്ടിലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. സഞ്ചാരികളെല്ലം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. ഇതാണ് വലിയ ദുരന്തം ഒഴിവായത്.
പണിയുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തി മധ്യവയസ്കനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ശാസ്‌താംകുളം സ്വദേശി വിജയൻറെ ഭാര്യ രതിമോൾ എന്ന് വിളിക്കുന്ന ഷീബ (49), ഒണംതുരുത്ത് സ്വദേശി മഹേഷിന്റെ ഭാര്യ രഞ്ജിനി (37), കുമരകം സ്വദേശി ധൻസ് (39) എന്നിവരാണ് അറസ്റ്റിലായത്. രതിമോളുടെ ബന്ധുവായ മധ്യവയസ്കനെയാണ് പ്രതികൾ ഹണിട്രാപ്പിൽ പെടുത്താനുള്ള ശ്രമം നടത്തിയത്.
വീടിന്റെ റൂഫ് വർക്കുകൾ ചെയ്യുന്ന ഇയാളെ വീടിന് സമീപത്തുള്ള വീട്ടിൽ ജോലി ഉണ്ടെന്ന് പറഞ്ഞ് രതിമോൾ വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിലെത്തിയ മധ്യവയസ്കനെ രതിമോൾ ഒരു മുറിയിൽ ഇരുത്തി വീട്ടുകാർ പുറത്ത് പോയിരിക്കുകയാണെന്നും അവർ വരുമ്പോൾ വിളിക്കാമെന്നും പറഞ്ഞ് മുറിയിൽ നിന്നും പുറത്ത് പോയി. കുറച്ച് നേരം കഴിഞ്ഞ് രതിമോൾ പൂർണ നഗ്നയായി മുറിയിലേക്ക് കയറി ചെല്ലുകയും മധ്യവയ്സകനെ പിടിച്ച് കട്ടിൽ കിടത്തി മുകളിൽ കയറി കിടക്കുകയുമായിരുന്നു. ഇതിനിടയിൽ കേസിലെ മറ്റൊരു പ്രതിയായ ധൻസ് മുറിയിലെത്തുകയും മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
രതിമോളെ തട്ടിമാറ്റി ഓടാൻ ശ്രമിച്ച മധ്യവയസ്കനെ തടഞ്ഞ് നിർത്തിയ രതിമോൾ ധൻസ് പോലീസുകാരനാണെന്നും 50 ലക്ഷം രൂപ നൽകിയാൽ ആരും അറിയാതെ ഒത്ത് തീർപ്പാക്കാമെന്നും അറിയിച്ചു. പിന്നീട് രതിമോൾ ധൻസുമായി സംസാരിക്കുന്നത് പോലെ അഭിനയിച്ച് 50 ലക്ഷം എന്നുള്ളത് ആറു ലക്ഷം ആക്കിയിട്ടുണ്ടെന്നും പണം താൻ നൽകാമെന്നും പിന്നീട് തനിക്ക് തിരിച്ച് തരണമെന്നും രതിമോൾ മധ്യവയസ്കനോട് പറഞ്ഞു.
ഈ സംഭവത്തിന് ശേഷം ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ രതിമോളും,ധൻസും ചേർന്ന് പണം തട്ടിയതായി മധ്യവയസ്‌കൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പണം തട്ടൽ തുടർന്നതോടെയാണ് ഇയാൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.