India

വര്‍ഷങ്ങള്‍ക്കുശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്നു. രഞ്ജിത്തിന്റെ രചനയില്‍ സംവിധാനംചെയ്യുന്ന ചിത്രം സിബി മലയില്‍ പ്രഖ്യാപിച്ചു. കോക്കേഴ്‌സ് മീഡിയയുടെ ബാനറില്‍ സിയാദ് കോക്കറാണ് നിര്‍മാണം. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. 27 വര്‍ഷങ്ങള്‍ക്കുശേഷം എന്ന് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററാണ് സിബി മലയില്‍ പങ്കുവെച്ചത്.

‘പൂച്ചയ്ക്ക് മണികെട്ടിയതാര്? എന്തോ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കൂ’, എന്ന കുറിപ്പിനൊപ്പമാണ് സിബി മലയില്‍ പ്രഖ്യാപന പോസ്റ്റര്‍ പങ്കുവെച്ചത്. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ ഒരു ചില്ലുകൂടും അടുത്തൊരു പൂച്ചയേയും പോസ്റ്ററില്‍ കാണാം.

മുമ്പ് ‘മായാമയൂരം’, ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’, ‘ഉസ്താദ്’ എന്നീ ചിത്രങ്ങളിലാണ് രഞ്ജിത്തും സിബി മലയിലും ഒന്നിച്ചത്. ‘സമ്മര്‍ ഇന്‍ ബെത്‌ലഹേമി’ന്റെ രണ്ടാംഭാഗമാണോ ചിത്രം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രഖ്യാപനത്തിലെ സൂചനകള്‍ പൂരിപ്പിക്കുമ്പോള്‍ ആരാധകര്‍ എത്തിച്ചേര്‍ന്നതും ഈ നിഗമനത്തിലേക്കാണ്. ഡെന്നിസും രവിശങ്കറും ആമിയും വീണ്ടും വരികയാണോ എന്നാണ് ആരാധകരുടെ ചോദ്യം.

1998-ല്‍ പുറത്തിറങ്ങിയ ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’ 2025-ല്‍ 27 വര്‍ഷം പിന്നിടും. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനംചെയ്ത ചിത്രം നിര്‍മിച്ചത് സിയാദ് കോക്കര്‍ തന്നെയായിരുന്നു. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, സുകുമാരി, അഗസ്റ്റിന്‍ തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങള്‍ ഒന്നിച്ച ചിത്രമായിരുന്നു ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’. ചിത്രത്തിന്റെ രണ്ടാംഭാഗമാണോ എന്ന് ചോദിക്കുന്ന ആരാധകര്‍, കലാഭവന്‍ മണി ഉള്‍പ്പെടെയുള്ളവരുടെ വിയോഗവും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍. കരകുളം കാച്ചാണി വാർഡില്‍ അരുവിക്കര അയണിക്കാട് അനു ഭവനില്‍ ശ്രീകാന്തിനെയാണ് (31) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ ഭാര്യയുടെ കാമുകനായ അജിത്ത് എന്ന് വിളിക്കുന്ന വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 3.30ഓടെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ക്ഷേത്രത്തിലെ പൂജാരിയാണ് ആക്രമണത്തിനിരയായ വിഷ്ണു. അമ്പലത്തില്‍ സ്ഥിരമായി വന്നിരുന്ന ശ്രീകാന്തിന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പത്തിലായി.

തുടർന്ന് ശ്രീകാന്തിന്റെ ഭാര്യ കുറച്ചുനാള്‍ മുൻപ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ വിഷ്ണുവിനോടൊപ്പം ഇറങ്ങിപ്പോയി. വേട്ടമുക്ക് പാർക്കിനടുത്തുള്ള വി.ആർ.എ 76 ആവന്തിക വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ശ്രീകാന്ത് പലതവണ ഭാര്യയെ തിരികെ വിളിച്ചെങ്കിലും ഇവർ മടങ്ങിച്ചെല്ലാൻ കൂട്ടാക്കിയില്ല. ഇതിന്റെ വിരോധത്തിലാണ് വിഷ്ണുവും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി ശ്രീകാന്ത്, വിഷ്ണുവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്.

മുതുകിലും കഴുത്തിലും കുത്തേറ്റ വിഷ്ണു മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൂജപ്പുര പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

താമരശ്ശേരിയിൽ ഒൻപത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് പരിശോധനാഫലം. കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് വ്യാഴാഴ്ച മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അനയയുടെ മരണത്തെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം രം​ഗത്തെത്തിയിരുന്നു. ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും വ്യാഴാഴ്ച രാവിലെ താമരശ്ശേരി ആശുപത്രിയിൽ കാണിച്ചുവെന്നും കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു.

അതേസമയം, പനി-ഛർദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രക്തത്തിൽ കൗണ്ട് ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്ററില്‍ മഹാത്മ ഗാന്ധിക്കും മുകളില്‍ ആര്‍.എസ്.എസ് ആചാര്യന്‍ സവര്‍ക്കര്‍. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയ പോസ്റ്ററില്‍ മഹാത്മാ ഗാന്ധിക്കും സുഭാഷ് ചന്ദ്ര ബോസിനും ഭഗത് സിങിനും ഒപ്പം സവര്‍ക്കറുടെ ചിത്രമുണ്ടെന്നു മാത്രമല്ല ഗാന്ധിജിക്കും മുകളിലായിട്ടാണ് പോസ്റ്ററില്‍ സവര്‍ക്കറുടെ സ്ഥാനം.

‘സ്വാതന്ത്ര്യം അവരുടെ സമ്മാനമാണ്. ഭാവി രൂപപ്പെടുത്തുന്നതാണ് നമ്മുടെ മിഷന്‍’ എന്നാണ് പോസ്റ്ററില്‍ ഇംഗ്ലീഷില്‍ ചേര്‍ത്തിട്ടുള്ള കുറിപ്പ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തിനെതിരേ വലിയ തോതില്‍ വിമര്‍ശനമാണ് ഉയരുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കാളിത്തവുമില്ലെന്ന് മാത്രമല്ല, ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞ വ്യക്തിയാണ് സര്‍വര്‍ക്കറെന്ന വിമര്‍ശനം ബിജെപിക്കെതിരെ രാജ്യ വ്യാപകമായി ഉയരുമ്പോഴാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇത്തരമൊരു വിവാദ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുള്ളത്.

എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. പോസ്റ്റര്‍ പെട്രോളിയം മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി. സുരേഷ് ഗോപിയാണ് സഹമന്ത്രി.

ചരിത്രമായി താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നടി ശ്വേത മേനോൻ ഇനി സംഘടനയെ നയിക്കും. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. ഉണ്ണി ശിവപാൽ ട്രഷറർ ആകും. ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ.

വാശിയേറിയ പോരാട്ടത്തിനാണ് ഇക്കുറി താര സംഘടനയായ അമ്മ സാക്ഷ്യം വഹിച്ചത്.. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങൾക്കും സംഘടനയിലെ പൊട്ടിത്തെറികൾക്കും അതിനു പിന്നാലെ പ്രസിഡന്റ് മോഹൻലാലിന്റെ രാജിക്കും ശേഷം വന്ന തിരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് രേഖപ്പെടുത്തിയത് 298 പേരാണ്. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആകെ 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ട് അവകാശം ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിംഗ് ശതമാനം കുറവാണെങ്കിലും ഏവരും ഉറ്റുനോക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സംഘടനാ തലപ്പത്തേക്ക് ഒരു വനിത മത്സരിക്കാനെത്തുന്നു എന്നത്.

രാജ്യം 79-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. ഡല്‍ഹി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ പതാക ഉയര്‍ത്തി ജനങ്ങളെ അഭിസംബോധന ചെയ്യും. നവഭാരതം എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരത്തുമായി 11,000 ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പൊലീസിനെയും നിയോഗിച്ചു.

നഗരത്തില്‍ ഉടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന ശക്തമാക്കി. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നടത്തുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍, വോട്ടര്‍ പട്ടിക ക്രമക്കേട്, പകരം തീരുവ എന്നിവ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം ഇന്ന് ഉണ്ടാകുമോ എന്നതും രാജ്യം ഉറ്റുനോക്കുന്നുണ്ട്. പുതിയ കേന്ദ്ര പദ്ധതികള്‍ അദേഹം ഇന്ന് പ്രഖ്യാപിച്ചേക്കും.

സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാക ഉയര്‍ത്തും. മറ്റു ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. നിയമസഭാ സമുച്ചയത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പതാക ഉയര്‍ത്തും.

തിരുവനന്തപുരം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത് സംശയ രോഗത്തെ തുടർന്നെന്ന് പൊലീസ്. വെളളനാട് സ്വദേശി ബിൻസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുനിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സുനിൽ വീട്ടിലേക്ക് എത്തുന്ന സമയത്ത് ഭാര്യ ആരോടോ ഫോണിൽ സംസാരിക്കുന്നുവെന്ന് സംശയം തോന്നി. തുടർന്നാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അയൽവാസിയായ കുട്ടി രാവിലെ ബിൻസിയുടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് തറയിൽ ബിൻസി കിടക്കുന്നത് കണ്ടത്.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കല്ലിയൂർ കുരുവിക്കാട്ടുവിളയിലാണ് സംഭവം. അയൽവാസിയായ കുട്ടി ബിൻസിയെ വിളിച്ചിട്ടും എണീക്കാത്തതിനാൽ തലയിൽ മൂടിയിരുന്ന പുതപ്പ് എടുത്ത് മാറ്റിനോക്കിയപ്പോഴാണ് രക്തം കണ്ടത്. ഇതോടെ ഭയന്ന കുട്ടി തന്‍റെ വീട്ടുകാരെ വിവരം അറിയിച്ചു. അവരെത്തി ബിൻസിയെ നേമം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിച്ചു. ഈസമയം മക്കളായ സനോജിനെയും സിദ്ധാർഥിനെയും സ്‌കൂളിൽ വിട്ടശേഷം അടുത്ത വീടിനു സമീപം പതുങ്ങിയിരുന്ന സുനിലും ഓടിയെത്തി ബിൻസിയെ ആശുപത്രിയിലാക്കാൻ കൂടെപ്പോയിരുന്നു. നാലാം ക്ലാസ് വിദ്യാർഥിയായ സനോജിനെയും രണ്ടാം ക്ലാസ് വിദ്യാർഥിയായ സിദ്ധാർഥിനെയും ഭാര്യയ്ക്കു സുഖമില്ലെന്ന് പറഞ്ഞ് രാവിലെതന്നെ ഭക്ഷണമൊക്കെ വാങ്ങിക്കൊടുത്ത് സുനിൽ സ്‌കൂളിലയക്കുകയായിരുന്നു.

ആശുപത്രിയിൽ വെച്ചാണ് സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി ബിൻസി ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സുനിൽ പൊലീസിനോടു പറഞ്ഞു. അർധരാത്രിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കല്ലിയൂരിൽ ഹരിതകർമ സേനാംഗമായിരുന്നു ബിൻസി. പതിമൂന്ന് വർഷമായി ബിൻസിയും കുടുംബവും ഇവിടെയാണ് താമസം. സംശയത്തിന്റെ പേരിൽ ബിൻസിയുമായി സുനിൽ വഴക്കിടുന്നത് പതിവാണ്. കുട്ടികളെയും ക്രൂരമായി ഇയാൾ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സുനിൽ ലഹരി ഉപയോഗിക്കുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്.

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ബുധനാഴ്ച, ആഗസ്റ്റ് 13-ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 126 പേര്‍ അറസ്റ്റില്‍. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1896 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ആഗസ്റ്റ് 13-ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. അറസ്റ്റിലായവരില്‍ നിന്ന് മാരക മയക്കുമരുന്നുകളായ എംഡിഎംഎ, കഞ്ചാവ്, കഞ്ചാവ് ബീഡി എന്നിവ പോലീസ് പിടിച്ചെടുത്തു.

സംസ്ഥാനത്ത് മയക്കുമരുന്നിന് എതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്‍, എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്‍, റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം നിലവിലുണ്ട്. 9497927797 എന്ന നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ നിർണായക വെളിപ്പെടുത്തൽ. ബിന്ദു പത്മനാഭനെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ദല്ലാളായ സോഡാ പൊന്നപ്പൻ അയൽവാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്.

നാല് വർഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പൻ സംസാരിച്ചത്. ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ഈ സ്ത്രീയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ബിന്ദുവിനെ എങ്ങനെയാണ് ഇല്ലാതാക്കിയതെന്ന് പൊന്നപ്പൻ പറയുന്നത് ശബ്ദരേഖയിലുണ്ട്.

ബിന്ദു പത്മനാഭന്റെ സ്വത്ത് വിൽക്കാൻ വേണ്ടി സെബാസ്റ്റ്യനും സുഹൃത്തിനും താനാണ് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് ഇയാൾ പറയുന്നുണ്ട്. ബിന്ദുവിന്റെ കൈയിൽ പണമുണ്ടെന്ന് മനസിലായതോടുകൂടി സെബാസ്റ്റ്യനും സുഹൃത്തും അവിടത്തെ സ്ഥിരം സന്ദർശകരായി. അവർ ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടായിരുന്നു. ബിന്ദുവിനെ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ലഹരി നൽകി മയക്കിയശേഷം ശുചിമുറിയിൽ വച്ച് കൊലപ്പെടുത്തിയെന്നും ശബ്ദരേഖയിലുണ്ട്. ഒരു ദിവസം വൈകിട്ട് തന്നെ കാണാൻ സെബാസ്റ്റ്യൻ വന്നിരുന്നു. അന്ന് സെബാസ്റ്റ്യന്റെ മുഖത്ത് ബിന്ദു തല്ലിയതിന്റെ പാട് ഉണ്ടായിരുന്നു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചിരുന്നെന്നും പൊന്നപ്പൻ പറയുന്നുണ്ട്.

2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബർ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്. പരാതി ജില്ലാ പൊലീസ് മേധാവി വഴി 2017 ഒക്ടോബർ 9ന് കുത്തിയതോട് സി ഐ ഓഫീസിൽ എത്തി. എന്നാൽ 70 ദിവസത്തിന് ശേഷം ഡിസംബർ 19നാണ് 1400/2017 നമ്പരിൽ പ്രഥമ വിവര റിപ്പോർട്ട് ഇട്ടത്. ഈ സമയത്തെല്ലാം അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥർ മൂക്കുകയർ ഇട്ടിരുന്നതായി ആരോപണം ഉയർന്നിരുന്നു. രണ്ട് ഉന്നതർ കൈക്കൂലി കൈപ്പറ്റിയതായും ആരോപണം വന്നിരുന്നു.

കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ ഒന്നാംപ്രതി റമീസിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. ആലുവയിലെ വീട്ടിൽ പെൺകുട്ടി എത്തിയപ്പോൾ ഉണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്ത ശേഷം റമീസിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കും. ഇവർക്ക് പുറമെ റമീസിന്റെ സുഹൃത്തും കേസിൽ പ്രതിയാകുമെന്നാണ് സൂചന. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു. റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ പൊലീസ് നിയമോപദേശം തേടി വരികയാണ്. കേസ് എൻഐഎ അന്വേഷിക്കണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.

അതേസമയം, കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും, പെൺകുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ഇന്നലെ വീട്ടിൽ എത്തിയിരുന്നു. ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനൽകിയതായി പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.

പെൺകുട്ടിയുടെ കുറിപ്പിൽ റമീസിൻ്റെ മാതാപിതാക്കൾക്കെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നു. മതം മാറാൻ ശാരീരിക മാനസിക പീഡനം ഇവർ നടത്തിയെന്നു പെൺകുട്ടിയുടെ കുറിപ്പിലുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇവർക്കെതിരെയും ചുമത്താൻ ഒരുങ്ങുന്നത്. മാതാപിതാക്കളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്താണ് ചോദ്യം ചെയ്യുക. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. കുടുംബത്തിന്റെ ആവശ്യങ്ങൾ സർക്കാരിനെ ധരിപ്പിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പു നൽകിയതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ ബിജെപി ഉന്നയിച്ച ലവ് ജിഹാദ് ഉൾപ്പെടെ ഉള്ള ആരോപണങ്ങളെ കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചില്ല. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന റമീസിന്റെ സുഹൃത്തിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി. റമീസിനെ കസ്റ്റഡിയിൽ കിട്ടുന്ന പുറകെ വിശദമായ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യാനുമാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ ഫലം ശോധന ഫലം കൂടി കിട്ടിയ ശേഷമാകും കൂടുതൽ വകുപ്പുകൾ അന്വേഷണസംഘം ചുമത്തുക.

RECENT POSTS
Copyright © . All rights reserved