കൊച്ചിയിൽ കനത്ത മൂടൽമഞ്ഞ്. നഗരത്തിന്റ പല ഭാഗങ്ങളും ഇപ്പോഴും മഞ്ഞ് മൂടിയ നിലയിലാണ്. കലൂർ, വൈറ്റില, തൃപ്പുണ്ണിത്തുറ ഭാഗങ്ങളിലൊക്കെ രാവിലെ മുതൽ കനത്ത മൂടൽമഞ്ഞായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊച്ചിയിൽ കനത്ത മൂടൽമഞ്ഞാണ്.
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് ഇറങ്ങേണ്ട നാലു വിമാനങ്ങൾ തിരിച്ചുവിട്ടു. നെടുമ്പാശേരിയിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ഷാര്‍ജയിൽനിന്നുള്ള, എമിറേറ്റ്സിന്റെ ദുബായിൽനിന്നുള്ള, ഗൾഫ് എയർഇന്ത്യയുടെ ബഹ്റൈന്‍, എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയിൽനിന്നുള്ള വിമാനങ്ങളാണ് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്.
ഇന്നലെ രാത്രി എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നു പുലർച്ചെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്.
ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഫാര്‍മസി വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം അയ്യനിവേലികുളങ്ങര മടൂര് കിഴക്കേതില്‍ നൗഷാദിന്റെ മകള്‍ ഷബാനയാണ് മരിച്ചത്.
പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റല്‍ മുറിക്കുള്ളിലാണ് ഷബാനയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30 ഓടെയാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.
പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ഥിനിയാണ് ഷബാന. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
യാത്രക്കാരുമായി പോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും ആത്മധൈര്യം കൈവിടാതെ ബസ് റോഡരിലേക്ക് നിര്‍ത്തി 48 യാത്രക്കാരെയും സുരക്ഷിതമായി രക്ഷിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യാത്രയായി.
താമരശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടകുന്നുമ്മല്‍ സിജീഷാണ് (കംസന് 48) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിജീഷ് ഇന്ന് രാവിലെയാണ് മരിച്ചത്.
നവംബര്‍ 20ന് പുലര്‍ച്ചെ നാല് മണിയോടെ താമരശ്ശേരിയില്‍ നിന്നും സിജീഷ് ഓടിച്ച ബസ് കുന്ദംകുളത്ത് എത്തിയപ്പോഴാണ് സിജീഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കടുത്ത വേദനയ്ക്കിടയിലും മനസാന്നിധ്യം വിടാതെ ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ സിജീഷ് കുഴഞ്ഞു വീഴുകയായിരുന്നു. സിജേഷ് കുഴഞ്ഞ് വീണതിന് ശേഷമാണ് ബസിലുണ്ടായിരുന്ന കണ്ടക്ടറും യാത്രക്കാരും വിവരമറിഞ്ഞത്.
ഉടന്‍ തന്നെ സിജീഷിനെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ബസ് ഓടിക്കവേ സിജേഷിന് പക്ഷാഘാതം സംഭവിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗിയര്‍ മാറ്റാന്‍ പോലും കഴിയാത്ത സാഹചര്യമായിട്ടും കടുത്ത വേദനയ്ക്കിടയിലും ബസ് സുരക്ഷിതമായി നിര്‍ത്താന്‍ സിജീഷ് കാണിച്ച ആത്മധൈര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും അസുഖം ഭേദമായി അദ്ദേഹം വീട്ടിലെത്തിയെങ്കിലും പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നാറില്‍ മുമ്പുണ്ടായ മണ്ണിടിച്ചിലും സിജീഷ് ഓടിച്ച കെഎസ്ആര്‍ടിസി. ബസ് ഉള്‍പ്പെട്ടിരുന്നു. അന്നത്തെ മണ്ണിടിച്ചിലില്‍ ബസ്സിന്റെ ഗ്ലാസ് ഉള്‍പ്പെടെ തകര്‍ന്നിട്ടും സിജീഷ് സുരക്ഷിതമായി യാത്രക്കാരെ താമരശ്ശേരിലെത്തിച്ചിരുന്നു.
സഹായിക്കാനെന്ന വ്യാജേനെയെത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത നാലുപേര്‍ക്കെതിരെ കേസെടുത്ത് തിരുവനന്തപുരം പോത്തന്‍കോട് പോലീസ്. കിടപ്പുരോഗിയുടെ വീഡിയോ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച് ഒരു ലക്ഷം മുപ്പതിനായിരം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മംഗലപുരം സ്വദേശി അനീഷ്, ഭാര്യ രമ്യ, അവതാരകന് ചാത്തന്നൂര്‍ സ്വദേശി രജിത്ത് കാര്യത്തില്‍, ഓണ്‍ലൈന്‍ ചാനല്‍ വിസ്മയ ന്യൂസ് ഉടമ വര്‍ക്കല രഘുനാഥപുരം സ്വദേശി രജനീഷ് എന്നിവര്‍ക്കെതിരെ വേങ്ങോട് വാടകയ്ക്ക് താമസിക്കുന്ന ഷീബയുടെ പരാതിയിലാണ് കേസെടുത്തത്.
2018ലാണ് വേങ്ങോട് സ്വദേശി ഇന്ദിരയുടെ മകന് ഷിജു കെട്ടിടത്തിന്റെ മുകളില്‍ നിന്നുവീണ് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റത്. ഭക്ഷണത്തിനും മരുന്നിനും നിവര്‍ത്തിയില്ലാത്ത കുടുംബത്തെ തേടി, സഹായ വാഗ്ദാനവുമായി വര്‍ക്കല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിസ്മയ ന്യൂസ് എന്ന ഓണ്‍ലൈന്‍ മാദ്ധ്യമം എത്തുകയായിരുന്നു.ഇക്കഴിഞ്ഞ ഒക്ടോബര്‍ 13ന് രാത്രി 11നാണ് മംഗലപുരം സ്വദേശി അനീഷും രജിത്ത് കാര്യത്തിലുമെത്തി വീഡിയോ എടുത്തത്.
വീഡിയോ എടുക്കുന്നതിനായി രണ്ട് തവണയായി 17,?000 രൂപ പ്രതിഫലവും വാങ്ങി. വീഡിയോയിലൂടെ 1.50 ലക്ഷം രൂപ ഷിജുവിന്റെ സഹോദരി ഷീബയുടെ അക്കൗണ്ടിലെത്തി. ഈ തുകയില്‍ നിന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തി പല തവണയായി രജിത്തും സംഘവും 1.30 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. പണം തിരികെ ചോദിച്ച കുടുംബത്തിനു നേരെ ഇവര്‍ തെറിവിളിയും ഭീഷണിപ്പെടുത്തലും നടത്തിയതിനെ തുടര്‍ന്നാണ് ഷിജുവിന്റെ സഹോദരി ഷീബ പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കിയത്.
അന്വേഷണത്തില്‍ തട്ടിപ്പ് നടന്നത് സ്ഥിരീകരിച്ച പൊലീസ് വഞ്ചനാ ക്കുറ്റത്തിന് സംഘത്തിനെതിരെ കേസെടുക്കുകയായിരുന്നു. പരസ്യത്തിനായി സംഘം കടയുടമകളെ ഭീഷണിപ്പെടുത്താറുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഷാരൂഖ് ഖാന് നായകനാകുന്ന പത്താന് സിനിമയ്ക്കെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ‘ബേഷരം റംഗ്’ എന്ന തുടങ്ങുന്ന ഗാനത്തില്‍ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ നായികയായ ദീപിക ബിക്കിനി ധരിച്ചാണ് ഗാനത്തില്‍ അഭിനയിച്ചത്. ദീപിക തുക്ക്ഡെ തുക്ക്ഡെ സംഘത്തിന്റെ അനുകൂലിയാണെന്നും അദ്ദേഹം പറഞ്ഞു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത് നരോത്തം മിശ്ര പറഞ്ഞു.
ഷാരൂഖ് ഖാന്റെ ‘പത്താന്’ സിനിമയിലെ ‘ബേശരം രംഗ്’ പുറത്തെത്തിയതോടെ സിനിമയ്ക്കെതിരെ ബഹിഷ്ക്കരണാഹ്വാനങ്ങള്‍ വരെ എത്തുന്നുണ്ട്. ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി കളറിലുള്ള ബിക്കിനി അണിഞ്ഞതിനെ തുടര്‍ന്നാണ് ബഹിഷ്ക്കരണാഹ്വാനങ്ങള്‍ എത്താന്‍ തുടങ്ങിയത്. ഗാനത്തിന് എതിരെ പുതിയൊരു ആരോപണവും കൂടി പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. ഈ ഗാനം കോപ്പിയടിയാണ് എന്നാണ് പലരും പറയുന്നത്. ജെയിനിന്റെ ഫ്രഞ്ച് ഗായികയും സംഗീതജ്ഞയുമായ ജെയിനിന്റെ ‘മകേബ’ എന്ന ഗാനത്തിന്റെ ബീറ്റ് ആണ് ബേശരം രംഗ് ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
രണ്ട് ഗാനങ്ങളുടെയും വീഡിയോ പങ്കുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ പലരും എത്തുന്നത്. ബേശരം ഗാനത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോര്‍ ഫുള്‍ മകേബ ഗാനത്തിന്റെ കോപ്പിയാണ് എന്നാണ് ഇക്കൂട്ടര്‍ ആരോപിക്കുന്നത്. ഈ ബീറ്റ് എവിടെയോ കേട്ടിട്ടുണ്ടെന്ന് തോന്നിയപ്പോഴാണ് മകേബ ആണെന്ന് മനസിലായത് എന്നും ചിലര്‍ പറയുന്നുണ്ട്.
അതേസമയം ഗാനം ഇതിനകം 2.1 കോടിയിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. വിശാല്‍ ദദ്ലാനി ആണ് സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത്. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്പ റാവു, കരാലിസ മോണ്ടെയ്റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്. ജോണ്‍ എബ്രഹാമാണ് വില്ലനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളില്‍ ക്രമക്കേട് നടത്തി 12 കോടിയലധികം തട്ടിയ ബാങ്കു ഉദ്യോഗസ്ഥന് പിടിയില്‍. പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരന് റിജില്‍ ആണ് പിടിയിലായത്.
കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് റിജിലിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റിജിലിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിക്കുമെന്നറിയുന്നു.
തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക കോഴിക്കോട് നഗരസഭയ്ക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് തിരികെ നല്കി. 10.7 കോടി രൂപയാണ് ബാങ്ക് നഗരസഭയ്ക്ക് തിരികെ നല്‍കിയത്. ഇന്ന് ചേര്‍ന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരമാണ് പണം തിരിച്ചു നല്‍കിയത്. കോര്‍പ്പറേഷന്റെ 8 അക്കൗണ്ടുകളില്‍ നിന്നായി 12.68 കോടി രൂപയായിരുന്നു റിജില്‍ തട്ടിയെടുത്തത്. ഇതില്‍ രണ്ടു കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് നഗരസഭയ്ക്ക് തിരികെ നല്‍കിയിരുന്നു.
ആലപ്പുഴ ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കി. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കെട്ടിയിട്ട് ദുര്‍മന്ത്രവാദികളെ കൊണ്ട് ക്രൂരമായി മര്‍ദിച്ച കേസില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും മൂന്ന് ദുര്‍മന്ത്രവാദികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് 25 കാരിയായ ഫാത്തിമക്ക് നേരെ ഭര്‍ത്താവ് ഭരണിക്കാവ് സ്വദേശി അനീഷ് ദുര്‍മന്ത്രവാദം തുടങ്ങിയത്. ഭാര്യയുടെ ശരീരത്തില്‍ ബാധ കയറിയെന്ന് പറഞ്ഞ് അനീഷ് ബന്ധുക്കളായ ഷിബു, ഷാഹിന എന്നിവരുടെ സഹായം തേടി. ഇവര്‍ വഴിയാണ് കൊല്ലം കുളത്തൂപ്പുഴയിലെ ദുര്‍മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്, ഇമാമുദ്ദീന്‍ എന്നിവര്‍ വീട്ടിലെത്തിയത്.
എതിര്‍ത്ത ഫാത്തിമയെ ദുര്‍മന്ത്രവാദത്തിനിടയില്‍ ക്രൂരമായി മര്‍ദിച്ചു. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മര്‍ദനം ഏല്‍ക്കേണ്ടി വന്നു. ഓഗസ്റ്റ് മുതല്‍ മൂന്നുതവണ ദുര്‍മന്ത്രവാദം നടത്തിയെന്ന് യുവതിയുടെ മൊഴിയിലുണ്ട്. പരാതിയില്‍ അന്വേഷണം നടത്തിയ നൂറനാട് പോലീസ് ആറ് പ്രതികളെയും അറസ്റ്റ് ചെയ്തു. പ്രതികള്‍ ദുര്‍മന്ത്രവാദം നടത്തുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. അതേസമയം, പ്രതികള്‍ക്കെതിരെ മറ്റ് പരാതികള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
ഭാര്യയെയും അഞ്ച് മക്കളെയും വെട്ടിക്കൊന്നതിനു ശേഷം ഗൃഹനാഥന് ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലാണ് നടുക്കുന്ന സംഭവം. കാഞ്ചി മേട്ടൂര്‍ ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളിയായ പഴനിസാമിയാണു ജീവനൊടുക്കിയത്.
ഇയാള്‍ ഭാര്യ വല്ലി, മക്കളായ ധനുശ്രീ, തൃഷ, മോനിഷ, ഭൂമിക, ശിവശക്തി എന്നിവരെ വെട്ടിക്കൊന്നതിനുശേഷം തൂങ്ങിമരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണു ക്രൂരമായ കൊലപാതകത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചത്.
പഴനിസാമി അഞ്ചുലക്ഷം രൂപ പലിശയ്ക്കു കടം വാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവു മുടങ്ങിയതിനെ ചൊല്ലി വീട്ടില്‍ വഴക്കു പതിവായിരുന്നു. മദ്യപിച്ചെത്തിയ പഴനിസാമി കൊലപാതകം നടന്ന ദിവസവും ഭാര്യയുമായി വഴക്കിട്ടു. ഒടുവില്‍ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയയെും മക്കളെയും വെട്ടിവീഴ്ത്തുകയായിരുന്നു.
വീട്ടില്‍ നിന്നും കരച്ചില്‍കേട്ടു നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും 5പേര് മരിച്ചിരുന്നു. ഭൂമികയെന്ന കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംവിധായകന് ജൂഡ് ആന്റണിയുടെ ‘തലയില്‍ മുടി കുറവാണ്, ബുദ്ധിയുണ്ട്’ എന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന് മമ്മൂട്ടി രംഗത്ത്. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിച്ച് പറഞ്ഞ വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്ന് മമ്മൂട്ടി പറഞ്ഞു. അത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു നല്‍കുന്നെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
”പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന് ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്ക്കും നന്ദി.”
കഴിഞ്ഞ ദിവസം 2018 എന്ന സിനിമയുടെ ട്രെയ്ലര് ലോഞ്ച് വേളയിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം നടത്തിയത്. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നാണ് മമ്മൂട്ടി പറഞ്ഞത്. പിന്നാലെ നടന്റെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
മമ്മൂട്ടി നടത്തിയത് ബോഡി ഷെയിമിംഗ് ആണെന്ന വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. മമ്മൂട്ടി തന്റെ മുടിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ബോഡി ഷെയിമിംഗ് ആയി അനുഭവപ്പെട്ടിട്ടില്ലെന്ന് ജൂഡ് ആന്റണി പറഞ്ഞിരുന്നു. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തി ഏറെ സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കരുതെന്നും ജൂഡ് ആവശ്യപ്പെട്ടിരുന്നു.
”മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം ആശങ്ക ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്പറേഷന് വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന് ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്” എന്നാണ് ജൂഡ് പറഞ്ഞത്.
സ്വന്തം ലേഖകൻ
ഡെൽഹി : 2017 ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ പഞ്ചാബിലെ ഇന്റലിജൻസും , സകല മാധ്യമങ്ങളും നടത്തിയ റിപ്പോർട്ടുകളിലും , സർവ്വേ ഫലങ്ങളിലും ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തോടെ പഞ്ചാബിൽ അധികാരത്തിൽ എത്തുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ ഫലം പുറത്ത് വന്നപ്പോൾ 23 % വോട്ട് ഷെയറും 36 ലക്ഷം വോട്ടുകളും നേടി ആം ആദ്മി പാർട്ടി മൂന്നാം സ്ഥാനത്ത് എത്തുകയാണ് ഉണ്ടായത്.
എന്നാൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ചേർന്ന് ഡെൽഹിക്ക് പുറത്ത് പൂർണ്ണ അധികാരമുള്ള ഒരു സംസ്ഥാനം ആം ആദ്മി പാർട്ടിക്ക് ലഭിക്കാതിരിയ്ക്കാൻ വോട്ടിംഗ് മെഷിനിൽ വ്യാപകമായ തിരിമറികൾ നടത്തിയെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.
അന്ന് മുതൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്ന് ജനാധിപത്യം ഇല്ലാതാക്കുന്ന വോട്ടിംഗ് മെഷിൻ തട്ടിപ്പിനെതിരെ പോരാടണമെന്ന് കെജ്രിവാൾ ആവശ്യപ്പെടുകയും കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. അതോടൊപ്പം ഡെൽഹി നിയമസഭയിൽ ആം ആദ്മി എം എൽ എ സൗരവ് ഭരദ്വാജ് വോട്ടിംഗ് മെഷിനുമായി വന്ന് എങ്ങനെ ബിജെപിക്ക് അനുകൂലമായി കള്ള വോട്ടിംഗ് നടത്താമെന്ന് പരസ്യമായി തെളിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ അതിനെ ഒക്കെ പരിഹസിച്ച് തള്ളുകയായിരുന്നു അന്നത്തെ പല കോൺഗ്രസ്സ് നേതാക്കന്മാരും മറ്റ് പല പാർട്ടിയിലെ നേതാക്കളും ചെയ്തത്. ബാലറ്റ് പേപ്പറിലൂടെ വോട്ടിംഗ് നടത്തിയാൽ ശരിയായ വോട്ടുകൾ നേടി ആം ആദ്മി പാർട്ടി പല സംസ്ഥാനങ്ങളിലും അധികാരം പിടിക്കാൻ സാധ്യതയുണ്ട് എന്ന ഭയമാണ് കോൺഗ്രസിനെയും മറ്റ് പാർട്ടികളെയും അറിഞ്ഞുകൊണ്ട് തന്നെ ഈ തെറ്റിന് കൂട്ട് നിൽക്കാൻ പ്രേരിപ്പിച്ചത്.
പഞ്ചാബ് കോൺഗ്രസ് പാർട്ടിയിലെ 30 % വരുന്ന അഴിമതിക്കാരായ നേതാക്കളാണ് ഈ തെറ്റിന് അന്ന് കൂട്ടു നിന്നത് . പഞ്ചാബിൽ ആം ആദ്മിയെ ഒഴിവാക്കി കോൺഗ്രസിന് നൽകികൊണ്ട് മറ്റ് നാല് സംസ്ഥാനങ്ങളും ഇതേ തട്ടിപ്പിലൂടെ ബിജെപി പിടിച്ചെടുത്തിരുന്നു. എന്നാൽ ഇന്ന് 2022 ൽ ഗുജറാത്ത് നിയമസഭയിലെ ഫലം പുറത്ത് വന്നപ്പോൾ 2017 ൽ ആം ആദ്മിയെ ഇല്ലാതാകാൻ ചെയ്ത ആ തെറ്റിന് കനത്ത ശിക്ഷയാണ് ഗുജറാത്തിൽ നിന്ന് കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്.
ഈ കഴിഞ്ഞ ഡിസംബർ 5 ന് ഗുജറാത്തിൽ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ വൈകിട്ട് 5 മുതൽ 6 വരെയുള്ള സമയങ്ങളിൽ 16 ലക്ഷത്തിലധികം വോട്ടുകൾ പോൾ ചെയ്തതായി ഇന്നലെ കോൺഗ്രസ് നേതാവ് പവൻ ഖേര വെളിപ്പെടുത്തി . പല സീറ്റുകളിലും അവസാന മണിക്കൂറിൽ 11.55 ശതമാനം വോട്ട് നേടിയത് സംശയാസ്പദമാണെന്ന് പാർട്ടി പറഞ്ഞു. ഇത് സാധ്യമല്ലെന്നും , ഒരു വോട്ട് രേഖപ്പെടുത്താൻ ഒരു വോട്ടർക്ക് കുറഞ്ഞത് ഒരു മിനിറ്റെങ്കിലും എടുക്കുമെന്നും, കണക്കുകൾ പരിശോധിച്ചാൽ പല സീറ്റുകളിലും വോട്ടർമാർ 25-30 സെക്കൻഡുകൾക്കുള്ളിൽ വോട്ട് രേഖപ്പെടുത്തിയെന്നും , അത് സാങ്കേതികമായും , മാനുഷികമായും അസാധ്യമാണെന്നും കോൺഗ്രസ് പാർട്ടിയുടെ മീഡിയ ആൻഡ് പബ്ലിസിറ്റി ചെയർമാൻ പവൻ ഖേര ആരോപിച്ചു. ഇത് വോട്ടിംഗ് മെഷീൻ ഉപയോഗപ്പെടുത്തി നടന്ന വലിയ തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ഞങ്ങൾ റിപ്പോർട്ടുകൾ ശേഖരിക്കുകയാണെന്നും, ഇതിനെതിരെ പരാതി നൽകുമെന്നും, വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട് പലതവണ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും , ജനാധിപത്യം സംരക്ഷിക്കാൻ ഞങ്ങൾ എല്ലാ നടപടികളും സ്വീകരിക്കുമെന്നും , ഇത് വിശകലനം ചെയ്യുന്നതിനായി എല്ലാ സ്ഥാനാർത്ഥികളിൽ നിന്നും വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖേര കൂട്ടിച്ചേർത്തു.
ഇന്ത്യയെ പിടിച്ചെടുക്കാൻ എത്ര വലിയ ക്രമക്കേടുകൾ നടത്തുവാനും മടിയില്ലാത്ത ഒരു പാർട്ടിയാണ് ബിജെപിയെന്ന് നിരവധി തവണ തെളിയിച്ചിട്ടും, അതിനെതിരെ ഒറ്റകെട്ടായി നീങ്ങാൻ തടസ്സമായി മാറുന്നത് എല്ലാ പാർട്ടിയിലെയും അഴിമതിക്കാരായ ചുരുക്കും ചില നേതാക്കൾ മാത്രമാണ്. ഭൂരിപക്ഷം ഇന്ത്യൻ ജനതയും ആഗ്രഹിക്കുന്ന ബാലറ്റ് പേപ്പർ വോട്ടിംഗ് സംവിധാനത്തിലേയ്ക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പിനെ തിരികെ കൊണ്ടുവന്ന് , ജനാധിപത്യം പുനഃസ്ഥാപിക്കുവാൻ ആം ആദ്മി പാർട്ടിയുമായി സഹകരിക്കേണ്ടത് ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള യഥാർത്ഥ പരിഹാരമാണെന്ന് പ്രതിപക്ഷ പാർട്ടികൾ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അതുകൊണ്ട് തന്നെ 2017 ൽ കോൺഗ്രസിന് പറ്റിയ തെറ്റുകളെ തിരുത്തികൊണ്ട് ശശി തരൂരിനെ പോലെയുള്ള കോൺഗ്രസ് നേതാക്കൾക്ക് മുന്നോട്ട് വരുവാൻ 2022 ലെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലവും , വോട്ടിങ് മെഷീൻ തട്ടിപ്പും കാരണമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.