പീഡനശ്രമപരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഉണ്ണിമുകുന്ദൻ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് തുടർവാദം കേൾക്കും. പരാതിക്കാരി ഇമെയിൽ വഴി ഒത്തുതീർപ്പിന് ശ്രമിച്ചതായും സത്യവാങ്മൂലം കെട്ടിച്ചമച്ചതാണെന്ന ആരോപണം വ്യാജമാണെന്നും ഉണ്ണിമുകുന്ദൻ്റെ അഭിഭാഷകനായ സൈബി വാദിച്ചിരുന്നു. കേസിൽ നീതി ലഭിക്കണമെന്ന് പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് കെ. ബാബുവിൻ്റെ ബെഞ്ചാണ് ഹരജിയിൽ വാദംകേൾക്കുക.
2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് ചുമത്തിയ കേസിൽ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. 2021ൽ കേസിന്റെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. കോഴക്കേസിൽ ആരോപണ വിധേയനായ സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദനായി ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമർപ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു.
എന്നാൽ തന്‍റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമർപ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് റദ്ദാക്കിയത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചത് അതീവ ഗൗരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ഉണ്ണി മുകുന്ദന് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.
പ്രശസ്ത സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിച്ച കാലടി ജയന്‍ പത്തിലധികം സീരിയലുകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം മണക്കാട് കാലടിയാണ് ജയന്റെ സ്വദേശം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. നാടക ട്രൂപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്ത് സജീവമായത്. ടൈറ്റാനിയം ഫാക്ടറിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
മുത്തശ്ശിയും രണ്ടു പേരക്കുട്ടികളും പാറക്കുളത്തിൽ മുങ്ങി മരിച്ചു. അടിമാലി പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ ചിറയപ്പമ്പിൽ വിനോയി- ജാസ്മിൻ ദമ്പതികളുടെ മക്കളായ അന്ന സാറാ (11), അമയ എൽസാ (ഏഴ്), ജാസ്മിന്റെ അമ്മ ഇണ്ടിക്കുഴിയിൽ പരേതനായ ജോസിന്റെ ഭാര്യ എൽസമ്മ (55) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
എൽസമ്മയും പേരക്കുട്ടികളും അയൽവാസിയായ കുമ്പളവയലിൽ അമ്മിണിയും സമീപത്തെ പാറക്കുളത്തിൽ തുണി അലക്കാൻ പോയതായിരുന്നു. തുണി അലക്കുകയായിരുന്ന എൽസമ്മയ്ക്ക് കുളത്തിൽനിന്ന് ബക്കറ്രിൽ വെള്ളം കോരിക്കൊടുക്കുന്നതിനിടെ അന്ന സാറ കാൽവഴുതി വീണു. കുട്ടിയെ രക്ഷിക്കാനായി ഉടൻ എൽസമ്മയും കുളത്തിലേക്ക് ചാടി. ഇവർ രണ്ടു പേരും മുങ്ങിത്താഴുന്നത് കണ്ട് അയൽവാസിയായ അമ്മിണി നാട്ടുകാരെ വിവരമറിയിക്കാൻ ഓടി.
അമയയും പിറകേ വന്നെന്നാണ് അമ്മിണി പറയുന്നത്. എന്നാൽ അമ്മിണിയറിയാതെ അമയ തിരിച്ചു കുളത്തിലേക്കു പോയിരുന്നു. കുളത്തിന്റെ കരയിലെത്തിയ അമയ മുത്തശ്ശിയെയും ചേച്ചിയെയും തിരഞ്ഞ് വെള്ളത്തിലേക്ക് ചാടിയെന്നാണ് നിഗമനം.
അമ്മിണി വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ കുളത്തിൽ നിന്ന് മൂന്നു പേരെയും മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. പണിക്കൻകുടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 5, 2 ക്ലാസുകളിലെ വിദ്യാർത്ഥിനികളാണ് മരിച്ച അന്ന സാറയും അമയ എൽസയും. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ഫെബ്രുവരി 14 ലോകമെമ്പാടുമുള്ള കമിതാക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമായാണ് കരുതപ്പെടുന്നത്. എന്നെന്നും ഓർക്കാനും പരസ്പരം ഓർമിക്കപ്പെടാനും ഒരുപാടു ബാക്കിയുള്ള കമിതാക്കളുടെ പ്രിയപ്പെട്ട ദിവസം. പ്രണയത്തിന് പല മാനങ്ങളും ഉണ്ട്, പല തലങ്ങളും ഉണ്ട്. പ്രണയത്തിൻറെ വ്യത്യസ്തമായ തലത്തെ കുറിച്ച് മരിച്ചു പോയ നടി കെപിഎസി ലളിത തന്നോട് പറഞ്ഞ ഒരു കഥ പങ്കു വച്ചിരിക്കുകയാണ് നടി മഞ്ജുപിള്ള.
പ്രണയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്റെ മനസ്സിൽ ആദ്യം വരുന്നത് കെപിസി ലളിത പറഞ്ഞ ആ യഥാർത്ഥ സംഭവത്തിന്റെ കഥയാണെന്ന് മഞ്ജുപിള്ള പറയുന്നു. അത് ഒരു സ്ത്രീയുടെ കാത്തിരിപ്പാണ്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം അവരുടെ ഭർത്താവ് ജോലിയുടെ ഭാഗമായി കപ്പലിലേക്ക് പോയി. എന്നാൽ ആ യാത്രയിൽ കപ്പൽ മുങ്ങി. ഭർത്താവിനെ കുറിച്ച് ഒരു വിവരവും പിന്നീട് ലഭിച്ചില്ല. മൃതദേഹം പോലും കിട്ടിയില്ല. മരിച്ചുവെന്ന് 100% ഉറപ്പാണ്. പക്ഷേ ആ സ്ത്രീ മാത്രം അത് വിശ്വസിക്കാൻ തയ്യാറായില്ല.
സംഭവം നടന്നു 30 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും താലി അഴിച്ചു മാറ്റാതെ അവർ തൻറെ ഭർത്താവിന് വേണ്ടി കാത്തിരിക്കുകയാണ്. ഭർത്താവിൻറെ മൃതദേഹം കാണാതെ ഒരിക്കലും അദ്ദേഹം മരിച്ചു എന്ന് വിശ്വസിക്കില്ല എന്നാണ് അവർ പറയുന്നത്. ഭർത്താവ് മരിച്ചിട്ടില്ല, അതുകൊണ്ടുതന്നെ അദ്ദേഹം തിരിച്ചു വരും എന്നാണ് ഇപ്പോഴും ആ സ്ത്രീ വിശ്വസിക്കുന്നത്.
ഇത്രയും പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും ഒരു സ്ത്രീ ഒരു പുരുഷന് വേണ്ടി കാത്തിരിക്കുകയാണെങ്കിൽ ആ ചുരുങ്ങിയ കാലത്തിനിടെ എത്രമാത്രം സ്നേഹം ആയിരിയ്ക്കും അയാൾ അവർക്ക് പകർന്നു നൽകിയിട്ടുണ്ടാവുക, അതല്ലേ യഥാർത്ഥ പ്രണയം എന്ന് മഞ്ജു ചോദിക്കുന്നു.
കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹത മരണപ്പെട്ട മോഹനൻ്റെ ബന്ധുക്കൾ രംഗത്തെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരാണ് വീടിനുള്ളിൽ ജീവനൊടുക്കിയത്. രാവിലെ മോഹനൻ്റെ പലചരക്ക് കടയിലെത്തിയവരാണ് മോഹനൻ്റെ മരണവിവരം ആദ്യമറിഞ്ഞത്. ഇവർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി മുറി തുറന്നാണ് മൃതദേഹങ്ങൾ താഴെയിറക്കിയത്.
മോഹനനെയും മകൻ ആദര്‍ശിനെയും വീട്ടിലെ ഹാളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മിനിയുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു തൂങ്ങി നിന്നത്. അതേസമയേ ഇവർ ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം മോഹനനും കുടുംബത്തിനുമുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി മോഹനൻ്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
വീടിനോട് ചേര്‍ന്നുതന്നെ പലചരക്ക് കട നടത്തുകയായിരുന്നു മോഹനന്‍. ഇദ്ദേഹത്തിന് സാമ്പത്തിക ബാധ്യതയുള്ളതായി അറിയില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ തന്നെ അതിൻ്റെ യാതൊരുവിധ സൂചനകളും മോഹനൻ നൽകിയിരുന്നുമില്ല. കഴിഞ്ഞ ദിവസം കടതുറന്നു പ്രവർത്തിച്ചിരുന്നു. ഇന്നു രാവിലെ സാധനങ്ങൾ വാങ്ങാനെത്തിയവരാണ് കൂട്ട ആത്മഹത്യയുടെ വിവരം ആദ്യമറിയുന്നത്. പതിവു സമയം കഴിഞ്ഞിട്ടും കടതുറക്കാത്തതിനെ തുടർന്ന് അവർ അന്വേഷണം നടത്തിയപ്പോഴാണ് മൂന്നു പേരും ആത്മഹത്യ ചെയ്തതായി മനസ്സിലായത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി കതക് ചവിട്ടിത്തുറന്നാണ് വീടിനകത്തു കയറിയത്.
നാട്ടിലെ ജനങ്ങളുമായി സഹകരണം പുലർത്തി വന്നിരുന്ന വ്യക്തിയാണ് മോഹനനെന്ന് നാട്ടുകാരും പറയുന്നു. പെട്ടെന്നുള്ള ആത്മഹത്യയ്ക്ക് എന്താണ് കാരണമെന്ന് മനസ്സിലാകുന്നില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക ബാധ്യതയുടേയോ മറ്റു പ്രശ്നങ്ങളുടേയോ കാര്യങ്ങൾ മോഹനന് ഉണ്ടെന്നു തോന്നുന്നില്ല. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ഇതുവരെ ആരുമായും പങ്കുവച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
മോഹനൻ്റെ മകൻ ആദർശ് കാറളം വിഎച്ച്എസ്ഇ സ്കൂൾ വിദ്യാർത്ഥിയാണ്. മോഹനൻ്റെ മുത്തമകളുടെ വിവാഹം കഴിഞ്ഞു. അവർ ഭർത്താവിനൊപ്പം വിദേശത്താണ് താമസം. മകളെ വിവരം അറിയിച്ചിട്ടുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി. മരണത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണമുണ്ടാകണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു.
ഈ വർഷത്തെ വാലന്റൈന്‍സ് ഡേ മുതല്‍ ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. വാലന്റൈന്‍സ് ഡേയില്‍ ശുഭ്മാന്‍ ഗില്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇത് വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു അഭ്യൂഹത്തെ കൂടുതല്‍ ശക്തമാക്കി മാറ്റിയിരിക്കുകയാണ്.
ലണ്ടനിലെ ഒരു കഫേയുടെ ഫോട്ടോയാണ് ശുഭ്മാന്‍ ഗില്‍ പങ്കുവെച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറും സമാനമായ ഒരു ഫോട്ടോ മുമ്പ് പങ്കുവെച്ചിരുന്നു എന്നതാണ് പ്രത്യേകത. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരും പ്രണയത്തിലാണെന്നാണ് ആരാധകര്‍ പറയുന്നത്.
ഫെബ്രുവരി 14ന് ലണ്ടനിലെ ഒരു കഫേയില്‍ ഇരുന്ന് കോഫി കുടിക്കുന്ന ചിത്രമാണ് ശുഭ്മാന്‍ ഗില്‍ പങ്കുവെച്ചത്. ‘വീണ്ടും ഇത് ഏത് ദിവസമാണ്?’ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നല്‍കിയത്. ശുഭ്മാന്‍ ഗില്ലിന്റെ ഈ ഫോട്ടോ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ വൈറലായി. ഈ സ്ഥലം അറിയാമെന്ന് ആരാധകര്‍ ഗില്ലിനെ ഓര്‍മ്മിപ്പിച്ചു. കാരണം 2021 ജൂലൈ 5ന് സാറ ടെണ്ടുല്‍ക്കറും ഈ കഫേയുടെ സമാനമായ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഗില്ലിന്റെ ഒളിച്ചുകളി പിടിക്കപ്പെട്ടിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍.
23കാരനായ ശുഭ്മാന്‍ ഗില്ലിന്റെ വ്യക്തി ജീവിതം ബന്ധപ്പെട്ട് നിരന്തരമായി വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്.ആദ്യം ഗില്ലിന്റെ പേര് സാറ ടെണ്ടുല്‍ക്കറുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള അഭ്യൂഹങ്ങളാണ് ഉയര്‍ന്നത്. പിന്നീട് ബോളിവുഡ് നടി സാറ അലി ഖാനൊപ്പം ഗില്ലിനെ കണ്ടിരുന്നു. ഇപ്പോഴിതാ വീണ്ടും സാറ ടെണ്ടുല്‍ക്കറുമായി ഗില്‍ പ്രണയത്തിലാണെന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാല്‍, ഇരുവരും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി പരിശോധിച്ച് ഇടവേള നല്‍കണമെന്നും കോടതി ഇഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇഡി തന്നെ 12 മണിക്കൂര്‍ നിരന്തരം ചോദ്യം ചെയ്‌തെന്നും ഇത് ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ്് കോടതിയുടെ നിര്‍ദേശം. ലൈഫ് മിഷന്‍ കരാറില്‍ മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ റിപ്പോര്‍ട്ട്.
ലൈഫ് മിഷന്‍ കരാറിന് മുന്‍കൈയ്യെടുത്ത എം ശിവശങ്കറിന് ഒരു കോടി രൂപയും മൊബൈല്‍ ഫോണും ലഭിച്ചതിന് തെളിവുണ്ടെന്ന് ഇഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ മുന്‍കൂറായി കമ്മീഷന്‍ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൂന്ന് മില്യണ്‍ ദിര്‍ഹത്തിന് ആയിരുന്നു കമ്മീഷന്‍ ഇടപാട് ഉറപ്പിച്ചത്. യൂണിറ്റാക്കിന് തന്നെ കരാര്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിച്ചതിനാണ് ഒരു കോടി രൂപ എം ശിവശങ്കറിന് ലഭിച്ചതെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. കരാര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് എം ശിവശങ്കറും സ്വപ്ന സുരേഷും നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ കോഴ ഇടപാടിനും കള്ളപ്പണക്കേസിനും തെളിവാണെന്ന് ഇഡി വിശദീകരിക്കുന്നു.
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ചൊവ്വാഴ്ചയും രാവിലെ 11 മണിമുതല്‍ കൊച്ചിയിലെ ഓഫീസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി 11.45ഓടെ കുറ്റസമ്മത മൊഴി പോലും ഇല്ലാതെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട കോഴ ഇടപാടില്‍ എം ശിവശങ്കറിന്റെ പങ്ക് തെളിഞ്ഞെന്നും നിര്‍ണായക തെളിവ് ലഭിച്ചെന്നുമാണ് ഇ.ഡി വാദം. കൂടാതെ കേസിലെ മറ്റ് പ്രതികളായ സ്വപ്‌ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായര്‍, സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴികളും ഇ.ഡി വിശദമായി രേഖപ്പെടുത്തിയിരുന്നു. ആറ് കോടിയുടെ കോഴ ഇടപാട് നടന്നെന്നാണ് സ്വപ്‌നയുടെ ആരോപണം. ഇടപാട് ശരിവെക്കുന്ന മൊഴി തന്നെയാണ് ഭവന നിര്‍മാണ കരാറെടുത്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നല്‍കിയത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ ലോക്കര്‍ ഇഡി കണ്ടുകെട്ടിയിരുന്നു. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡി കണ്ടെത്തൽ. ഇതിലുള്ള ഒരു കോടിയോളമുള്ള തുക ശിവശങ്കറിന്റെതാണെന്ന് മുന്‍പ് ഇഡി വ്യക്തമാക്കിയിരുന്നു. ലൈഫ് മിഷന്‍ ഇടപാടിലാണോ അതോ സ്വര്‍ണ്ണക്കടത്ത് കേസിലുള്ള പണമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ലൈഫ് മിഷനില്‍ കമ്മീഷനായി വന്ന തുകയാണ് ഇതെന്നാണ് സ്വപ്ന മൊഴി നല്‍കിയതെങ്കിലും ഇത് സ്വര്‍ണ്ണക്കടത്ത് കേസിലെ പണമാണ് എന്നാണ് മുന്‍പ് ഇഡി വ്യക്തമാക്കിയത്.
ലോക്കറിന്റെ കാര്യത്തില്‍ ശിവശങ്കറിന് എതിരെ ശക്തമായ മൊഴിയുമുണ്ട്. അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലന്‍ അയ്യര്‍ എന്‍ഫോഴ്സ്മെന്റിന് നല്‍കിയ മൊഴിയാണിത്. സ്വപ്നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടെന്നാണ് വേണുഗോപാലന്‍ അയ്യര്‍ മൊഴി നല്‍കിയത്. ഇത് ശിവശങ്കറിന് എതിരെയുള്ള ശക്തമായ മൊഴിയായി മാറിയിരുന്നു.
വൈദ്യ പരിശോധനകള്‍ക്ക് ശേഷം ശിവശങ്കറിനെ രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ഇക്കഴിഞ്ഞ ജനുവരി 31ന് ആണ് ശിവശങ്കര്‍ കായിക, യുവജന, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പോസ്റ്റില്‍ നിന്നും വിരമിച്ചത്. വിരമിക്കുന്ന ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിരമിക്കുന്ന ദിവസം ആണെന്ന് ചൂണ്ടിക്കാട്ടി ശിവശങ്കര്‍ അന്നേ ദിവസം ഹാജരാകാന്‍ കഴിയില്ലെന്ന് ഇഡിയെ അറിയിക്കുകയായിരുന്നു. ലൈഫ് മിഷൻ കോഴ ഇടപാടിൽ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്.
വെള്ളറടയിൽ മന്ത്രവാദത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു. തേക്കുപാറ മൂങ്ങോട് ജുമാ മസ്ജിദിലെ ഇമാമായ വിതുര സ്വദേശി സജീർ മൗലവി (49) ആണ് അറസ്റ്റിലായത്. വീട്ടമ്മയ്ക്ക് സർപ്പ ശാപമുണ്ടെന്ന് വിശ്വസിപ്പിച്ച പ്രതി പൂജ ചെയ്യുന്നതിനായി വീട്ടിലേക്ക് വിളിച്ച് വരുത്തിയതിന് ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഈ മാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് എട്ട് വർഷമായിട്ടും കുട്ടികളില്ലാത്ത വീട്ടമ്മയെ സർപ്പ ശാപം മൂലമാണ് കുട്ടികൾ ഉണ്ടാകാത്തതെന്ന് പ്രതി വിശ്വസിപ്പിച്ചു. തുടർന്ന് സർപ്പ ദോഷം മാറാൻ പൂജ ചെയ്യണമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
മസ്ജിദിൽ അംഗമായ യുവതിയുടെ വീട്ടിൽ എത്താറുള്ള പ്രതി സർപ്പ ശാപം മാറിയാൽ കുട്ടികളുണ്ടാകുമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇത് വിശ്വസിച്ച യുവതി പൂജയ്ക്കായി ബന്ധുക്കളോടൊപ്പം ഇമാമിന്റെ വീട്ടിലെത്തി. തുടർന്ന് യുവതിയെ ഇരുട്ടുള്ള മുറിയിൽ കയറ്റിയ ശേഷം ശരീരത്തിൽ കടന്ന് പിടിക്കുകയായിരുന്നു. ഇയാളിൽ നിന്നും രക്ഷപെട്ട് ഓടിയ യുവതി പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം ഇയാൾക്കെതിരെ നിരവധി പീഡന പരാതികൾ നിലവിലുള്ളതായി പോലീസ് പറയുന്നു.
വീട്ടുകാരറിയാതെ പ്രണയദിനം ആഘോഷിക്കാനായി ഗോവയിലെത്തിയ യുവാവും, യുവതിയും മുങ്ങി മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ വിഭു ശർമ്മ (27), സുഹൃത്ത് സുപ്രിയ ദുബെ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ ഗോവ പാലോലം ബീച്ചിലാണ് അപകടം നടന്നത്.
അതേസമയം സുപ്രിയയുടെ മൃതദേഹം കരയ്ക്കടിഞ്ഞപ്പോഴാണ് കമിതാക്കൾ വെള്ളത്തിൽ മുങ്ങിയതായി ആളുകൾ അറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ലൈഫ് ഗാർഡിന്റെ സഹായത്തോടെ തിരച്ചിൽ നടത്തുന്നതിനിടയിൽ വിഭു ശർമയുടെ മൃതദേഹവും കണ്ടെത്തി. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്ക് മുൻപ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
സുപ്രിയയും വിഭുവും പ്രണയദിനം ആഘോഷിക്കുന്നതിനായാണ് ഗോവയിലെത്തിയതെന്ന് പോലീസ് പറയുന്നു. ഇരുവരും ബന്ധുക്കളാണെങ്കിലും സുപ്രിയ ബെംഗളൂരുവിലും, വിഭു ഡെൽഹിയിലുമാണ് താമസിക്കുന്നത്. ഇരുവരും ഗോവയിൽ പോകുന്ന വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. എങ്ങനെയാണ് അപകടമുണ്ടായതെന്നടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.
മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടയില്‍ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പോലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
കോട്ടയം സ്വദേശി ശരത്തിനാണ് പോലീസില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായത്. ഞായറാഴ്ച വൈകിട്ട് മറ്റൂരിലായിരുന്നു സംഭവം. നെടുമ്പാശ്ശേരി വിമനത്താവളത്തില്‍ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത്തിന്റെ നാല് വയസ്സുള്ള കുഞ്ഞിന് പനി ശക്തമായത്. ഞായറാഴ്ച ആയതിനാല്‍ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരില്‍ കട കണ്ടുപിടിച്ചത്. മരുന്ന് വാങ്ങാന്‍ വാഹനം നിര്‍ത്താന്‍ നോക്കിയപ്പോള്‍ ആദ്യം പോലീസ് സമ്മതിച്ചില്ല. അതുവഴി മുഖ്യമന്ത്രി കടന്നുപോകുന്നു എന്നതായിരുന്നു കാരണം
പോലീസ് നിര്‍ദ്ദേശം പാലിച്ച് ഒരു കിലോമീറ്റര്‍ പോയിട്ടും കടയില്ലാതെ വന്നപ്പോഴാണ് തിരിച്ചെത്തി ഇതേ കടയില്‍ നിന്ന് മരുന്ന് വാങ്ങിയത്. ഇതോടെ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ അടുത്തേക്കെത്തി തട്ടിക്കയറുകയായിരുന്നു. പോലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കല്‍ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ്‌ഐ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും മറുപടി കിട്ടിയില്ലെന്ന് ശരത് പറയുന്നു.