ഇന്നലെ രാത്രിയിൽ ആരംഭിച്ച തോരാത്ത മഴയിലും കാറ്റിലും കോട്ടയം ജില്ലയിൽ 7 വീടുകൾ തകർന്നു. 2 പേർക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി താലുക്കിൽ മൂന്നും ചങ്ങനാശേരി താലൂക്കിൽ 2 വീടുകളും മീനച്ചിൽ
താലൂക്കിൽ 2 വീടുകളും തകർന്നു . കാഞ്ഞിരപ്പള്ളിയിൽ എരുമേലി സൗത്ത് വില്ലേജിൽ മൂലക്കയം ആറാട്ട് കടവ് ഭാഗത്താണ് 3 വീടുകൾക്കു മുകളിൽ മരം വീണ് ഭാഗിക നാശനഷ്ടമുണ്ടായത്.
ചങ്ങനാശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ ഒരു വീടിന് മുകളിൽ മരം വീണ് ഓടു പൊട്ടി ഒരാൾക്ക് പരിക്കേറ്റു. ചങ്ങനാശേരി പുന്നക്കാട് ഭാഗത്ത് വിടിന് മുകളിൽ മരം വീണ് ഷിബിയ എന്ന സ്ത്രീക്ക് പരിക്കേറ്റു. വീടിന് സമീപത്തെ പുളിമരം വീണ് വീട് ഭാഗികമായി തകർന്നു.
വിട് തകർന്നതിന്റെ നഷ്ടം തിട്ടപ്പെടുത്തി വരുന്നതേയുള്ളു. താലൂക്ക് ആസ്ഥാനങ്ങളിലും. ജില്ലാ ആസ്ഥാനത്തും കൺട്രോൾ റൂമുകൾ തുറന്നു .
ളാലം വില്ലേജിൽ അന്തിനാട് കരയിൽ പാറക്കൽ ഹരി എന്നയാളുടെ വീടിനു മേൽക്കൂരയിൽ പന ഒടിഞ്ഞു വീണു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കാണക്കാരി വില്ലേജിൽ വെമ്പള്ളി മോഹനനിവാസിൽ സുരണ്യ എസ് മോഹൻ എന്നയാളുടെ വീടിനു മുകളിൽ മരം വീണ് തകർന്നു.
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ(74കിലോമീറ്റർ) അറബിക്കടലിൽ ചരക്കുകപ്പൽ ചെരിഞ്ഞ് രാസവസ്തുക്കൾ നിറച്ച കണ്ടെയ്‌നറുകൾ കടലിൽവീണു. അപകടകരമായ സൾഫർ ഫ്യുവൽ ഓയിലും മറൈൻ ഗ്യാസ് ഓയിലും നിറച്ച കണ്ടെയ്‌നറുകളാണ് കടലിൽവീണത്.
അപകടത്തിൽപ്പെട്ട ലൈബീരിയൻ പതാകയുള്ള കപ്പലിന് അടുത്തുണ്ടായിരുന്ന മർച്ചന്റ് നേവി കപ്പലിലേക്ക് 9 പേർ രക്ഷപ്പെട്ടു. 12 പേരെ നാവികസേനയുടെയും കോസ്റ്റ്ഗാർഡിന്റെയും കപ്പലുകൾ രക്ഷപ്പെടുത്തി. ചെരിഞ്ഞ കപ്പൽ കൂടുതൽ അപകടങ്ങളിലേക്കു പോകാതെ നിയന്ത്രിക്കാൻ മൂന്ന് ജീവനക്കാർ കപ്പലിൽത്തന്നെ തുടരുകയാണ്. ഇവരെ ഏതു സമയത്തും രക്ഷപ്പെടുത്താൻ സ്ഥിതിഗതികൾ നിരീക്ഷിച്ച് അതി ജാഗ്രതയോടെ ഇന്ത്യൻ കപ്പലുകൾ സമീപത്തുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്കാണ് മെഡിറ്ററേനിയിൽ ഷിപ്പിങ് കമ്പനിയുടെ എംഎസ്‌സി എൽസാ-3 എന്ന ഫീഡർ കണ്ടെയ്‌നർ കപ്പൽ തൂത്തുക്കുടിയിൽനിന്ന് വിഴിഞ്ഞത്തെത്തിയത്. വെള്ളിയാഴ്ച രാത്രി 7.30-ന് കൊച്ചിയിലേക്ക് തിരിച്ചു. ശനിയാഴ്ച ഒന്നരയോടെ കപ്പലിൽനിന്ന് അടിയന്തര സഹായം അഭ്യർഥിച്ച് നാവികസേനയ്ക്കും കോസ്റ്റ്ഗാർഡിനും സന്ദേശമെത്തുകയായിരുന്നു. വലതുഭാഗത്തുനിന്ന് എട്ട് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണെന്നാണ് വിവരം.
റഷ്യക്കാരനായ ക്യാപ്റ്റൻ ഇവാനോവ് അലക്സാണ്ടറും 20 ഫിലിപ്പീൻസുകാരും രണ്ട് യുക്രൈൻ സ്വദേശികളും ഒരു ജോർജിയൻ സ്വദേശിയുമാണ് കപ്പലിലുണ്ടായിരുന്നത്. കൊച്ചിയിൽനിന്ന് ന്യൂ മംഗളൂരുവിലേക്കാണ് പോവേണ്ടിയിരുന്നത്.
ഇന്ത്യൻ നാവികസേനാ കപ്പലായ ഐഎൻഎസ് സുജാതയും കോസ്റ്റ്ഗാർഡ് കപ്പലുകളായ ഐസിജി അരൺവേശും ഐസിജി സക്ഷമുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കപ്പലുകളിലേക്ക് മാറ്റിയവർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും നാവികസേനാ അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ഡോണിയർ വിമാനങ്ങളും നാവികസേന സജ്ജമാക്കിയിരുന്നു.
തൊമ്മന്‍കുത്ത് നാരങ്ങാനത്ത് സ്ഥാപിച്ചിരുന്ന കുരിശ് പിഴുതു മാറ്റാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാണിച്ച അമിതാവേശം അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നു. തൊമ്മന്‍കുത്ത് സെന്റ് തോമസ് ഇടവക നാരങ്ങാനത്തെ കൈവശ ഭൂമിയില്‍ സ്ഥാപിച്ച കുരിശാണ് ഒരു മാസം മുന്‍പ് വനം വകുപ്പധികൃതര്‍ പിഴുതു മാറ്റിയത്.
കൈവശ ഭൂമിയിലുള്ള കുരിശ് തകര്‍ത്ത സംഭവത്തില്‍ ഇടവക വിശ്വാസികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കുരിശ് പിഴുത വനം വകുപ്പിന്റെ നടപടിക്കെതിരേ നാട്ടുകാരും രാഷ്ട്രീയകക്ഷി നേതാക്കളും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ജില്ലാ കളക്ടറോട് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ തഹസില്‍ദാര്‍ ഒ.എസ്.ജയകുമാര്‍ നടത്തിയ അന്വേഷണത്തില്‍ കുരിശ് നിന്ന സ്ഥലം ജണ്ടയ്ക്ക് പുറത്താണെന്നും ഇത് ജനവാസ മേഖലയാണെന്നും കണ്ടെത്തി. വണ്ണപ്പുറം വില്ലേജിലെ 4,005 ഏക്കര്‍ വനഭൂമിയാണെന്ന് വില്ലേജ് ഓഫീസര്‍ നേരത്തേ നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കളയുന്നതാണ് തഹസില്‍ദാറുടെ നിജസ്ഥിതി റിപ്പോര്‍ട്ട്.
പിന്നീട് കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ ചേര്‍ന്ന ഹിയറിങിലും തഹസില്‍ദാര്‍ തര്‍ക്ക സ്ഥലത്തിന്റെ നിജസ്ഥിതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുരിശ് നിന്ന പ്രദേശം വനഭൂമിയാണെന്ന വാദം വനം വകുപ്പധികൃതര്‍ വീണ്ടും ആവര്‍ത്തിച്ചതിനാല്‍ റവന്യു, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ തര്‍ക്ക സ്ഥലത്ത് സംയുക്ത പരിശോധന നടത്താന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.എം ജോസുകുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തുടര്‍ന്ന് കളക്ടര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംസ്ഥാനത്ത് ഇത്തവണ കാലവർഷം സാധാരണയിലും നേരത്തെ എത്തിയിരിക്കുകയാണ്. വിവിധ ജില്ലകളിൽ അതിതീവ്ര മഴയും ആരംഭിച്ച് കഴിഞ്ഞു. ഡ്രൈവിങ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് വലിയ അപകടത്തിന് കാരണമായേക്കും.
അതിതീവ്ര മഴയുടെ സമയത്ത് കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് നല്ലതെങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകും. ഇത്തരം ഘട്ടങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് മാത്രം വാഹനം ഓടിക്കണം. റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിങ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.
മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് വാഹനം ഓടിക്കണം, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകും. ഇത് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിങ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല.
മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 11 പ്രധാന കാര്യങ്ങൾ
1 . വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.
2 . ശക്തമായ മഴയത്ത് മരങ്ങളോ മറ്റ് ഇലക്ട്രിക് ലൈനുകളോ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിങ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക.
3 . മഴക്കാലത്ത് സഡൻ ബ്രേക്കിങ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ഒഴിവാക്കാൻ സഹായിക്കും.
4 . മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക.
5 . തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.
6 . ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.
7 . വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക.
8 . മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടുമെന്നതിനാൽ വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.
9 . പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവീസ് സെൻ്ററിൽ അറിയിക്കുകയാണ് ഇത്തരം ഘട്ടങ്ങളിൽ ചെയ്യേണ്ടത്.
10 . മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.
11 . വാഹനത്തിൻ്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തണം.
മകളെ അതിക്രൂരമായി മര്‍ദ്ദിച്ച പിതാവ് പൊലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലിലാണ് സംഭവം. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ജോസിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
മര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് ജോസിനെതിരെ കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ സംഭവത്തില്‍ കേസെടുക്കാതിരുന്ന പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കുട്ടിയുടെ വീട്ടിലേക്ക് അടിയന്തിരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂരിലെ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയാണ് ജോസ്.
എന്നാല്‍ കുടുംബ കലഹത്തെ തുടര്‍ന്ന് മാറിത്താമസിക്കുന്ന ഭാര്യയെ തിരികെ കൊണ്ടുവാരാനുള്ള പ്രാങ്ക് വീഡിയോയാണിതെന്നാണ് ജോസ് നല്‍കിയ വിശദീകരണം. ഇതേ തുടര്‍ന്നാണ് പൊലീസ് കേസെടുക്കാന്‍ വൈകിയത്.
എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോയായി കരുതാന്‍ സാധിക്കില്ലെന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കി. തല്ലരുതെന്ന് എട്ട് വയസുകാരിയായ കുട്ടി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം.
സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്.
താലികെട്ടിനു തൊട്ടുമുന്‍പ് യുവതിക്ക് ആണ്‍സുഹൃത്തിന്റെ ഫോണ്‍കോള്‍ വന്നതോടെ കല്യാണം മുടങ്ങി. ഇതോടെ വിവാഹമണ്ഡപത്തില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. വെള്ളിയാഴ്ച രാവിലെ ഹാസന്‍ ജില്ലയിലെ ആദിപുഞ്ചനഗരി കല്യാണമണ്ഡപത്തിലാണ് നാടകീയസംഭവം.
ഹാസനിലെ ബുവനഹള്ളിയില്‍നിന്നുള്ള യുവതിയുടെയും ആളൂര്‍ താലൂക്കിലെ ഈശ്വരഹള്ളി ഗ്രാമത്തിലെ യുവാവിന്റെയും വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പ് വിവാഹവേദിയിലിരിക്കുമ്പോള്‍ യുവതിക്ക് ഒരു ഫോണ്‍കോള്‍ ലഭിച്ചു.
വധു പെട്ടെന്ന് എഴുന്നേറ്റ് വിവാഹത്തില്‍ താത്പര്യമില്ലെന്നു പറഞ്ഞ് ഓഡിറ്റോറിയത്തിലെ ഡ്രസിങ് റൂമില്‍ച്ചെന്ന് കതകടച്ചു. മാതാപിതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും യുവതി മുറിയില്‍നിന്ന് പുറത്തിറങ്ങിയില്ല. ആണ്‍സുഹൃത്തില്‍നിന്നാണ് ഫോണ്‍കോള്‍ വന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
തുടര്‍ന്ന് വരന്റെ കുടുംബവും വിവാഹത്തില്‍നിന്ന് പിന്മാറി. ഇതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ലായി. തുടര്‍ന്ന് പോലീസെത്തിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.
മലയാളി വിദ്യാര്‍ത്ഥിയായ ഇരുപത്തിരണ്ടുകാരന്‍ ബംഗളുരുവില്‍ മരിച്ചു. വടകര മേമുണ്ട സ്വദേശിയായ തടത്തില്‍ മീത്തല്‍ കൃഷ്ണകൃപയില്‍ കൃഷ്ണനുണ്ണിയാണ് മരിച്ചത്.
യെലഹങ്ക വൃന്ദാവന്‍ കോളജ് ഓഫ് എന്‍ജിനീയറങ്ങിലെ എംസിഎ വിദ്യാര്‍ത്ഥിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസം രാവിലെ സഹപാഠികളാണ് ഹോസ്റ്റല്‍ റൂമില്‍ കൃഷ്ണനുണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ഹൃദയാഘാതമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചതായാണ് വിവരം.
മൃതദേഹം നാട്ടില്‍ എത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപകനായ പുരുഷോത്തമനാണ് പിതാവ്. അമ്മ – പ്രീത (മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്‌കൂള്‍ റിട്ട. അധ്യാപിക). സഹോദരി – അനഘ.
പ്ലസ് ടു ഫലം അറിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥി മരിച്ചു. ചന്തക്കവലയിൽ കാറിടിച്ച് പെൺകുട്ടി മരിച്ചു. തോട്ടയ്ക്കാട് സ്വദേശിനിയായ അബിത (18) ആണ് മരിച്ചത്. അബിതയുടെ അമ്മയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 7 മണിയോടെ അമ്മയ്‌ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. ഇന്നലെ പുറത്ത് വന്ന പ്ലസ് ടു പരീക്ഷാ ഫലത്തിൽ അബിത മികച്ച വിജയം നേടിയിരുന്നു.
സംസ്ഥാനത്ത് സ്‌കൂള്‍ അധ്യാപകര്‍ക്കെതിരായ പോക്സോ കേസുകളില്‍ അച്ചടക്ക നടപടി കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അച്ചടക്ക നടപടികള്‍ ഇതിനകം സ്വീകരിച്ച കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇതുവരെ അച്ചടക്ക നടപടി എടുക്കാത്ത കേസുകളില്‍ നടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കാത്ത കേസുകളുടെ ഫയല്‍, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടപടി സ്വീകരിച്ചു വരുന്നു. വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 77 ആണ്. ഇതില്‍ 65 പേര്‍ അധ്യാപകരും 12 പേര്‍ അനധ്യാപകരുമാണ്. സര്‍വീസില്‍ നിന്നും ഒന്‍പത് പേരെ പിരിച്ചുവിട്ടു. ഒരാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തതുള്‍പ്പെടെ 45 ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാക്കി കേസുകളിലും ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പോക്‌സോ പ്രകാരം മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അച്ചടക്ക നടപടികള്‍ തുടര്‍ന്ന് വരുന്നു. ഈ മൂന്ന് ജീവനക്കാര്‍ക്കും (രണ്ട് അധ്യാപകരും, 1 ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റും) എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. മൂന്ന് കേസുകളും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.
ഹയര്‍ സെക്കന്‍ന്ററി വിഭാഗത്തില്‍ പോക്‌സോ കേസിലുള്‍പ്പെട്ട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും 14 അധ്യാപകരെയും എയിഡഡ് മേഖലയില്‍ നിന്നും ഏഴ് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്യുകയും നിയമാനുസൃതമായ നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടായിരത്തി ഇരുപത്തി നാല്-ഇരുപത്തിയഞ്ച് അക്കാഡമിക് വര്‍ഷത്തില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് രണ്ട് അധ്യാപകരും എയ്ഡഡ് മേഖലയില്‍ നിന്ന് രണ്ട് അധ്യാപകരുമാണ് ഉള്ളത്. താരതമ്യേന മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തരത്തിലുള്ള കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.